അമ്പിയാക്കളുടെയും അനുചരന്മാരുടെയും സഞ്ചാര ചരിതം തന്നെയാണ് ഒരർത്ഥത്തിൽ ഇസ്ലാമിക ചരിത്രം. അന്ത്യദൂതരുടെﷺ ജീവിതം അതിനുള്ള മകുടമാതൃകയാണ്. ഇസ്ലാമിന്റെ ഭാസുര കാലത്തെ വാർത്തെടുക്കുന്നതിൽ വഴിത്തിരിവായത് മക്കയില്‍ നിന്ന് മദീനയിലേക്കുള്ള തിരുനബിﷺയുടെ പാലായനമായിരുന്നല്ലോ.


  ലക്ഷ്യങ്ങളുണ്ടാവുമ്പോഴാണ് പ്രയാണങ്ങളുണ്ടാവുന്നത്. ഒരു ലക്ഷ്യത്തിന്റെ പൂർത്തീകരണത്തിന് ആയുസ്സ് മുഴുക്കെ അധ്വാനിക്കേണ്ടി വരുമ്പോൾ ജീവിതമെന്നത് തന്നെ യാത്രകളാൽ നിബിഢമാവും. വിശുദ്ധ ഇസ്ലാമിനെ നിശ്ചിത സമൂഹങ്ങളിലേക്ക് എത്തിക്കുകയെന്ന ശ്രമകരമായ ദൗത്യം ഏൽപിക്കപ്പെട്ടവരെന്ന നിലക്ക് വലിയ സഞ്ചാരപഥങ്ങൾ താണ്ടിയവരാണ് പ്രവാചകന്മാർ. മുത്തു നബി(സ)യുടെ ജീവിതവും ത്യാഗ സുരഭിലമായ യാത്രകളാൽ അലംകൃതമാണ്. തിരു നബി(സ)യുടെ സ്വാഭാവികവും പ്രബോധനപരവുമായ സഞ്ചാരവഴികളിൽ മുഴുവനും നമ്മിലേക്ക് പ്രകാശം ചൊരിക്കുന്ന നിറദീപങ്ങൾ തന്നെയുണ്ട്.

അമ്മിഞ്ഞ തേടി

  പിറക്കുന്ന കുഞ്ഞുങ്ങളെ മുലയൂട്ടാൻ ഗ്രാമീണ സ്ത്രീകളെ ചുമതലപ്പെടുത്തുന്ന സമ്പ്രദായം അറേബ്യയുടെ പ്രത്യേകതയായിരുന്നു. ആരോഗ്യപരമായ വളർച്ചയും ഭാഷാശുദ്ധിയും ഉറപ്പ് വരുത്തലായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം. ഗ്രാമീണ ജീവിതം നയിക്കുന്ന സ്ത്രീകൾക്ക് വരുമാനം കണ്ടെത്താനുള്ള മാർഗം കൂടിയായിരുന്നു നഗരങ്ങളിലെ കുഞ്ഞുങ്ങളെ മുലയൂട്ടാൻ കൊണ്ടുവരികയെന്നത്.

  ബനൂ സഅദ് ഗോത്രക്കാരിൽ നിന്ന് മുലയൂട്ടാനുള്ള കുഞ്ഞുങ്ങളെയും തേടി മക്കയിൽ വന്ന അനവധി സ്ത്രീകളിൽ ഒരാളായിരുന്നു ബീവി ഹലീമ(റ). കൂടെ ഭർത്താവ് ഹാരിസുമുണ്ടായിരുന്നു.കുട്ടികളെ അന്വേഷിച്ചു വന്ന സ്ത്രീകളെല്ലാം മുത്തു നബിയെയും കണ്ടു. കുട്ടി അനാഥനാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അവർ ഓരോരുത്തരും പിന്മാറി. ബാപ്പയില്ലാത്ത കുട്ടിയെ വളർത്തിയാൽ വരുമാനം കുറയുമെന്ന ആശങ്കയായിരുന്നു അവരെ പിടികൂടിയത്. ഹലീമാ ബീവിയും തിരുനബി(സ)യെ കണ്ടു. അനാഥനാണെന്നറിഞ്ഞപ്പോൾ അവരും ഒഴിഞ്ഞ് മാറി.

  കൂടെ വന്ന സ്ത്രീകളെല്ലാം കുട്ടികളെയും ഏറ്റെടുത് മടങ്ങാനൊരുങ്ങുമ്പോഴും ഹലീമാ ബീവിക്ക് ഒരാളെയും കിട്ടിയില്ല. അവസാനം ഗത്യന്തരമില്ലാതെ ആ അനാഥക്കുട്ടിയെത്തന്നെ അവർ ഏറ്റെടുത്തു. നബി തങ്ങൾക്ക് അന്ന് നാല് മാസമാണ് പ്രായം. കുഞ്ഞിനെ ഏറ്റുവാങ്ങിയതു മുതൽ ഹലീമ ബീവിയുടെ ജീവിതത്തിൽ സംഭവിച്ചത് അത്യത്ഭുതങ്ങളായിരുന്നു. ക്ഷീണിച്ചവശയായിരുന്ന മഹതിക്ക് അനിതരസാധാരണമായ നവോന്മേഷമാണ് കൈവന്നത്. അവരുടെ വയസ്സൻ ഒട്ടകം പാൽ ചുരത്താൻ തുടങ്ങുകയും ആരോഗ്യം മോശമായിരുന്ന യാത്രാ വാഹനമായ കഴുത തിരിച്ച് പോകുമ്പോൾ മറ്റുള്ളവരുടെ വാഹനങ്ങളേക്കാൾ വേഗത കൈവരിക്കും വിധം ശക്തിയുള്ളതാവുകയും ചെയ്തു. ഹലീമ ബീവിയുടെ തോട്ടങ്ങൾ പച്ച പിടിക്കുകയും ആട് മാടുകൾ തടിച്ചുകൊഴുക്കുകയും ചെയ്തു.

  രണ്ട് വയസ്സ് വരെയാണ് ഹലീമ ബീവി മുലയൂട്ടിയത്. തിരിച്ച് കൊടുക്കാൻ മനസ്സ് വന്നില്ലെങ്കിലും അനിവാര്യമായതിനാൽ കുഞ്ഞിനെയും കൂട്ടി മക്കയിൽ വന്നു. മക്കയിൽ പടർന്ന് പിടിച്ച പ്ലേഗ് രോഗം പിടിപെടുമോ എന്ന ആശങ്ക കാരണം കുട്ടിയെ വീണ്ടും ഹലീമ ബീവിക്ക് തന്നെ ആമിന(റ) കൈമാറി. അങ്ങനെ അഞ്ചു വയസ്സ് വരെ നബി (സ) ഹലീമ ബീവിയുടെ വീട്ടിൽ വളർന്നു. ഇക്കാലയളവിൽ മുത്തുനബി(സ) ആടിനെ മേയ്ക്കാൻ പോവുക പതിവായിരുന്നു. ഒരു ദിവസം ആട് മേയ്ക്കുന്നതിനിടയിലാണ് മാലാഖമാർ വന്ന് അവിടുത്തെ നെഞ്ച് കീറി ഹൃദയത്തിൽ നിന്ന് ഒരു കറുത്ത കഷ്ണം എടുത്തു മാറ്റിയ സംഭവമുണ്ടായത്.

ഉമ്മയില്ലാത്ത മടക്കം

  നബി(സ) തങ്ങൾക്ക് ആറ് വയസ്സ് പ്രായമുള്ള സമയത്താണ് ആമിന ബീവി(റ) അവിടുത്തെയും ഭൃത്യയായ ഉമ്മു ഐമനെയും കൂട്ടി യസ് രിബിലേക്ക് യാത്ര തിരിക്കുന്നത്. പ്രിയതമൻ അബ്ദുല്ല(റ)യുടെ ഖബ്ർ സിയാറത്തും അവരുടെ തന്നെ അമ്മാവന്മാരെ സന്ദർശിക്കലുമായിരുന്നു ലക്ഷ്യം.ഒരു മാസം യസ് രിബിൽ താമസിച്ചാണ് അവർ മടങ്ങിയത്. അബ്ദുല്ല(റ)യെക്കുറിച്ചുള്ള മരിക്കാത്ത ഓർമകളായിരുന്നു യാത്രയിലുടനീളം ആമിന ബീവിയിൽ നിറഞ്ഞു നിന്നത്. ജീവിതത്തിൽ ഒരിക്കലും പിതാവിനെ അനുഭവിക്കാൻ ഭാഗ്യമില്ലാതിരുന്ന തന്റെ പൊന്നോമനക്കും അവർ ആ ഓർമകൾ പകർന്ന് നൽകി.

 തിരിച്ചു വരുന്ന വഴിയിൽ മദീനക്കും ജുഹ്ഫക്കുമിടയിലുള്ള അബവാഅ എന്ന സ്ഥലത്ത് വെച്ച് ആമിന(റ)ക്ക് രോഗം കലശലാവുകയും അവിടുന്ന് ഈ ലോകത്തോട് വിട പറയുകയും ചെയ്തു.കേവലം മുപ്പത് വയസ്സ് മാത്രമായിരുന്നു അവരുടെ പ്രായം. ബാല്യത്തിൽ തന്നെ മാതാവിനെയും പിരിയേണ്ടി വന്ന തീർത്തും അനാഥനായ മുത്തു നബിയെ ഉമ്മു ഐമനാണ് മക്കയിലെത്തിച്ചതും അബ്ദുൽ മുത്വലിബിന്റെ കരങ്ങളിലേൽപ്പിച്ചതും.

വാണിജ്യ യാത്രകൾ

  അറബികളുടെ കുലത്തൊഴിലായിരുന്ന കച്ചവടത്തിൽ അനുഭവജ്ഞാനം നേടിയ തിരുനബി(സ) ആ മേഖലയിൽ പ്രാവീണ്യം അടയാളപ്പെടുത്തുകയും ചെയ്തു. തന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ പിതൃവ്യൻ അബൂത്വാലിബിനോട് കൂടെ ശാമിലേക്കുള്ള വാണിജ്യ സംഘത്തിൽ മുത്തു നബി(സ)യും പുറപ്പെട്ടു.

  യാത്രയിൽ മേഘങ്ങളും മരങ്ങളും തിരുദൂതർ(സ)ക്ക് തണലിടുന്നത് കണ്ട ബുസ്വ് റ നാട്ടുകാരനായ ബഹീറ എന്ന ജൂത പുരോഹിതൻ ഖുറൈശി സംഘത്തെ മുഴുവനും തന്റെ വീട്ടിലേക്ക് ഭക്ഷണത്തിന് വേണ്ടി ക്ഷണിച്ചു. നിരവധി തവണ ഈ വഴി ഖുറൈശി സംഘം കടന്നു പോയിട്ടുണ്ടെങ്കിലും ആദ്യമായിട്ടായിരുന്നു ഇത്തരമൊരു സൽക്കാരം. ആ പന്ത്രണ്ട് വയസ്സുകാരനിൽ അവസാന പ്രവാചകന്റെ ലക്ഷണങ്ങൾ കണ്ടത് കൊണ്ട് തന്നെയായിരുന്നു ബഹീറ അവരെ മുഴുവനും വിരുന്നൂട്ടിയത്. പ്രസ്തുത ലക്ഷണങ്ങളെ ഒന്ന് കൂടി സ്ഥിരീകരിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം.

  മുത്തു നബിയോടും അബൂത്വാലിബിനോടും കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ തന്റെ ധാരണ ശരിയാണെന്ന് ബഹീറക്ക് ബോധ്യപ്പെട്ടു. മുതുകിലെ പ്രവാചക മുദ്ര കൂടി കണ്ടപ്പോൾ ആ കാര്യം കൂടുതൽ ദൃഢപ്പെടുകയായിരുന്നു. ഈ കുട്ടി വരാൻ പോകുന്ന പ്രവാചകനാണെന്നും ജൂതന്മാർ ഇവരെ കാണുന്നതിനെ തൊട്ട് ജാഗ്രത പാലിക്കണമെന്നും അബൂത്വാലിബിന് ബഹീറ മുന്നറിയിപ്പ് നൽകിയപ്പോൾ തിരുനബി(സ)യെയും കൂട്ടി അദ്ദേഹം വേഗത്തിൽ മക്കയിലേക്ക് മടങ്ങുകയാണുണ്ടായത്.

  രണ്ടാമതൊരു കച്ചവട യാത്ര തിരുനബി(സ) പോയത് തന്റെ ഇരുപത്തിയഞ്ചാം വയസ്സിലായിരുന്നു. ശാമിലേക്ക് തന്നെയായിരുന്നു ഇത്തവണയും യാത്ര. അബൂത്വാലിബ് അനുഭവിക്കുന്ന സാമ്പത്തിക പരാധീനതകൾക്ക് തന്നാലാവുന്ന പരിഹാരം നൽകുകയെന്നത് മാത്രമായിരുന്നു പ്രവാചകരുടെ സഞ്ചാര താൽപര്യം. ബീവി ഖദീജ(റ)യുടെ കച്ചവട സംഘത്തിന്റെ നായകനായി അവരുടെ അടിമ മൈസറയോട് കൂടെയാണ് അവിടുന്ന് പുറപ്പെട്ടത്. ഈ യാത്രക്കിടയിൽ രണ്ടു മാലാഖമാർ തിരുനബിക്ക് തണലിടുന്ന കാഴ്ച മൈസറ കാണുകയുണ്ടായി. വഴിയരികിൽ വെച്ച് ഒരു പുരോഹിതൻ ഇദ്ദേഹം അന്ത്യപ്രവാചകനാനെന്നും നിങ്ങളൊരിക്കലും ഇദ്ദേഹത്തെ വഴിപിരിയരുതെന്നും മൈസറയോട് നിർദേശിക്കുകയും ചെയ്തു. വാണിജ്യ സാധനങ്ങൾ മുഴുവനും വിറ്റുതീർന്ന് വർധിത ലാഭത്തോടെയാണ് ആ കച്ചവട സംഘം മക്കയിൽ മടങ്ങിയെത്തിയത്.

ഏകാന്തതയിൽ വിലയം പ്രാപിച്ച്

  മക്കയിലെ അത്യന്തം മലീമസമായ സാമുഹികാന്തരീക്ഷത്തിൽ തികച്ചും അസ്വസ്ഥനായിരുന്നു മുത്തു നബി(സ). അത് കൊണ്ട് തന്നെ ഏകാന്ത വാസമെന്നത് തിരുനബിക്ക് ഏറ്റവും പ്രിയപ്പെട്ടതായി മാറി. മസ്ജിദുൽ ഹറാമിൽ നിന്ന് 4 കി.മീറ്റർ അകലെയുള്ള ഹിറാ പർവതത്തിന് മുകളിലെ ഗുഹയിലായിരുന്നു തിരുനബി(സ) ധ്യാനനിമഗ്നനായിരുന്നത്. 634 മീറ്റർ ഉയരമുള്ള ആ പർവ്വത്തിന്റെ ചെങ്കുത്തായ പാതകൾ താണ്ടി തുരുദൂതർ കൃത്യമായ ഇടവേളകളിൽ ഹിറാ ഗുഹയിലെത്തിച്ചേർന്നു. 

 പ്രായാധിക്യത്തിന്റെ അവശതകളെ അവഗണിച്ച് പ്രിയ പത്നി ഖദീജ(റ) അവിടുത്തേക്കുള്ള ഭക്ഷണ സാധനങ്ങളുമായി നിരന്തരം മല ചവിട്ടിക്കയറി. അങ്ങനെ നാൽപതാം വയസ്സിൽ വിശുദ്ധ മാലാഖ ജിബ് രീൽ(അ) പ്രവാചകത്വത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവുമായി ഹിറാ ഗുഹയിലവതരിച്ച് നബി തങ്ങൾക്ക് ഖുർആനിന്റെ വിശുദ്ധ വചനങ്ങൾ ഓതികേൾപിക്കുകയായിരുന്നു.

സാന്ത്വനം തേടി ത്വാഇഫിലേക്ക്

  അബ്ദുൽ മുത്വലിബ് മരിച്ചപ്പോൾ അബൂത്വാലിബാണ് ബനൂ ഹാശിം കുടുംബത്തിന്റെ തലവനായി തിരഞ്ഞെടുക്കപ്പെട്ടത്. അബൂത്വാലിബ് വിട പറഞ്ഞപ്പോൾ ആ പദവി അബൂലഹബിൽ എത്തിച്ചേർന്നു. നബി(സ) തങ്ങൾക്ക് കുടുംബത്തലവന്റെ പിന്തുണ കൂടി നഷ്ടപ്പെടുന്ന അവസ്ഥ വരികയും ഉപദ്രവങ്ങൾ വർധിക്കുകയും ചെയ്തു. തിരു നബി(സ)യെ കുടുംബത്തിൽ നിന്ന് പുറത്താക്കിയ അബൂലഹബ് നിയമവിരുദ്ധനായി പ്രഖ്യാപിക്കുക കൂടി ചെയ്തു.

  ത്വാഇഫിന്റെ പച്ചപ്പിലേക്ക് അഭയം തേടി പ്രവാചകർ(സ) ഇറങ്ങുന്നത് അങ്ങനെയാണ്. മക്കയിൽ നിന്ന് 65 മൈൽ അകലെയുള്ള ത്വാഇഫിലേക്ക് തിരുനബിയെ കൊണ്ടെത്തിച്ച ഘടകം തന്റെ മാതൃസഹോദരന്മാർ അഭയം നൽകുമെന്ന പ്രത്യാശയായിരുന്നു. സൈദ് ബിൻ ഹാരിസ(റ) ആയിരുന്നു അവരെ അനുഗമിച്ചിരുന്നത്. ഗോത്ര മുഖ്യരെ കണ്ട് അഭയവും അനുവാദവും ചോദിച്ചെങ്കിലും അനുകൂലമായി പ്രതികരിച്ചില്ലെന്ന് മാത്രമല്ല തെരുവ് പിള്ളേരെയും അടിമകളല്ലം നബി(സ) തങ്ങൾക്കെതിരെ ഇളക്കിവിടുകയായിരുന്നു. ബഹളം വെച്ച് അവഹേളിക്കുകയും കല്ലെറിഞ്ഞ് മുറിപ്പെടുത്തുകയും ചെയ്തു. കദന ഭാരത്തോടെ മുത്തുനബി(സ) മക്കയിലേക്ക് തന്നെ മടങ്ങി. നുബുവ്വത്തിന്റെ പത്താം വർഷമായിരുന്നു ഈ സംഭവം.

നിമിഷങ്ങൾക്കുള്ളിൽ പ്രകാശവർഷങ്ങൾക്കുമപ്പുറം

  ഹൃദയവേദനയെ തണുപ്പിക്കാൻ യാത്രക്ക് സവിശേഷമായ കരുത്ത് തന്നെയുണ്ട്. തണൽമരങ്ങളായിരുന്ന അബൂത്വാലിബിന്റെയും പത്നി ഖദീജ(റ)യുടെയും വിയോഗം കുറച്ചൊന്നുമല്ല നബിയെ തളർത്തിക്കളഞ്ഞത്. ത്വാഇഫിലെ ദുരനുഭവം കൂടി വന്നപ്പോൾ മുറിവിൽ എരിവ് പകരും വിധം പ്രവാചകരുടെ മാനസിക വ്യഥ ശക്തിപ്പെടുകയായിരുന്നു. അത്തരമൊരു സഹചര്യത്തിലാണ് ഇസ്റാഅ്, മിഅറാജ് എന്ന അത്യന്തം വിസ്മയകരമായ യാത്ര സംഭവിക്കുന്നത്. നബി(സ) തങ്ങൾക്ക് അന്ന് അമ്പത്തിരണ്ട് വയസ്സാണ് പ്രായം.

  മസ്ജിദുൽ ഹറാമിൽ നിന്നും ഫലസ്തീനിലെ ബൈതുൽ മുഖദ്ദസിലേക്കുള്ള പ്രയാണമായിരുന്നു ഇസ്റാഅ്. പോക്കുവരവിന് രണ്ടു മാസം സമയമെടുക്കുന്ന ഈ വഴി ദൂരം രാത്രിയുടെ അൽപ യാമങ്ങൾ കൊണ്ടാണ് തിരുനബി കടന്ന് പോയത്. അത്ഭുത വാഹനമായ ബുറാഖിന്റെ പുറത്തായിരുന്നു ഇസ്റാഅ്. ബൈതുൽ മുഖദ്ദസിൽ നിന്ന് ഉപരി ലോകത്തേക്ക് നടത്തിയ സഞ്ചാരമാണ് മിഅറാജ് എന്ന പേരിൽ അറിയപ്പെടുന്നത്. വാനലോകത്ത് വെച്ച് മുൻ കാല പ്രവാചകന്മാരെയും

  ബൈതുൽ മഅമൂറും സിദ്റതുൽ മുൻതഹയും സ്വർഗവും നരകവുമെല്ലാം പ്രവാചകൻ ദർശിച്ചു. അവസാനം അല്ലാഹുവിനെ തന്നെ ദർശിക്കാൻ അവസരം ലഭിക്കുകയും അഞ്ച് വഖ്ത് നിസ്കാരം ഉപഹാരമായി ലഭിക്കുകയും ചെയ്തു. മക്കയിൽ നിന്ന് ഫലസ്തീൻ വരെയും അവിടുന്നങ്ങോട്ട് ഉപരി ലോകത്തേക്കും പ്രയാണം നടത്തിയ തിരു നബി(സ) അതേ രാത്രി തന്നെ മക്കയിൽ തിരിച്ചെത്തുകയും ചെയ്തു.

സർവ്വവും ത്യജിച്ച് മദീനയിലേക്ക്

  മക്കയിലെ ജീവിതം ദുസ്സഹമായപ്പോൾ വിശ്വാസികൾക്ക് പലായനത്തെക്കുറിച്ച് ചിന്തിക്കേണ്ടി വന്നു. ആദ്യഘട്ടം ഒരു പറ്റം വിശ്വാസികൾ ഏത്യോപ്യയിലേക്ക് അഭയം തേടിപ്പോയി. മദീനാ നിവാസികളുമായി നബി(സ) ഉണ്ടാക്കിയ ഉടമ്പടി പ്രകാരം വിശ്വാസികൾ ഘട്ടം ഘട്ടമായി മദീനയിലേക്ക് പലായനം ചെയ്തു. നബി(സ) തങ്ങൾക്ക് ഹിജ്റക്കുള്ള അനുമതി കിട്ടുന്നത് പിന്നെയും കാലങ്ങൾ കഴിഞ്ഞാണ്. അമ്പത്തിമൂന്നാമത്തെ വയസ്സിൽ പ്രവാചകരും ദേശ ത്യാഗം ചെയ്ത് മദീനയിലേക്ക് നീങ്ങി.

  ബുറാഖിന്റെ പുറത്തിരുത്തി നിമിഷങ്ങൾക്കകം മദീനയിൽ തിരുനബി(സ)യെ ഇറക്കാൻ സ്രഷ്ടാവിന് സാധിക്കുമായിരുന്നിട്ടും ഹിജ്റയുടെ വഴികൾ അത്യന്തം ദുർഘടവും സങ്കീർണവുമായതിന്റെ പിന്നിൽ ചില വലിയ പാoങ്ങളുണ്ട്. ഏതൊരു പദ്ധതി നിർവഹണത്തിന്റെയും വിജയകരമായ പൂർത്തീകരണത്തിന് തികഞ്ഞ ചിന്തയും കൃത്യമായ ആസൂത്രണവും തന്ത്രവും അനിവാര്യമാണെന്നാണ് ഹിജ്റ നൽകുന്ന അതിപ്രധാനമായൊരു സന്ദേശം.

  ശത്രു വ്യൂഹത്തിന്റെ വലയം ഭേദിച്ച് തന്റെ അമാനുഷിക സിദ്ധിയാൽ വീടിന് പുറത്ത് കടന്ന തിരുനബി(സ) തന്റെ വിരിപ്പിൽ അലി(റ)യെ കിടത്തിയിരുന്നു. പ്രവാചകനൊരിക്കലും രക്ഷപ്പെട്ടിട്ടില്ലെന്ന ധാരണ ശാത്രവ ചേരിയിൽ പരത്താനായിരുന്നു ഈ തന്ത്രം. റസൂൽ(സ) നേരെ പോയത് ആത്മസുഹൃത്ത് അബൂബക്ർ(റ) എന്നവരുടെ വീട്ടിലേക്കാണ്. സഹയാത്രികനായി അദ്ദേഹത്തെയും കൂടെക്കൂട്ടി നബി(സ) ഹിറാ ഗുഹയിൽ പോയി താമസിക്കുകയായിരുന്നു.

 മൂന്ന് ദിവസമാണ് അവിടെ തങ്ങിയത്. ശത്രുക്കൾ അതിശക്തമായ അന്വേഷണം പ്രഖ്യാപിച്ച സമയത്ത് മദീനയിലേക്ക് പോകുന്നത് പന്തിയല്ലെന്നും അവർ അന്വേഷിച്ച് പ്രതീക്ഷ കൈവിടുമ്പോൾ പുറത്തിറങ്ങിയാൽ കൂടുതൽ സുരക്ഷിതമായി സഞ്ചരിക്കാമെന്നുമുള്ള കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമായിരുന്നു ആ ഗുഹാ വാസം. പന്ത്രണ്ട് ദിവസങ്ങൾ യാത്ര ചെയ്ത് അവർ സുരക്ഷിതരായി മദീനയിലെത്തി. കാലങ്ങളായി പ്രവാചക ആഗമനം പ്രതീക്ഷിച്ചിരിക്കുകയായിരുന്ന മദീനക്കാർ ഹർഷാരവങ്ങളോടെയാണ് അവരെ വരവേറ്റത്.

പോരാട്ട പഥങ്ങൾ

  ദേശ ത്യാഗം ചെയ്ത് മദീനയിലെത്തിയിട്ടും സ്വസ്ഥമായി ജീവിക്കാൻ മുസ് ലിംകൾക്ക് സാധിക്കാതെ വന്നു. നിരന്തരം ശല്യം ചെയ്ത് കൊണ്ടിരുന്ന ശത്രുക്കളോട് പ്രതിരോധത്തിന്റെ ഭാഗമായി പ്രവാചകർക്ക് പലപ്പോഴും പോരാട്ടത്തിലേർപ്പെടേണ്ടി വന്നിട്ടുണ്ട്. ഇരുപത്തിയെട്ടോളം വരുന്ന പോരാട്ട നീക്കങ്ങൾക്ക് തിരുനബി(സ)നേരിട്ട് തന്നെ നേതൃത്വം നൽകിയിട്ടുണ്ട്. ചില യുദ്ധങ്ങൾക്ക് വേണ്ടി ദീർഘദൂരം സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്. മറ്റു ചിലത് തൊട്ടടുത്ത ദേശങ്ങളിലായിരുന്നു. എന്നാൽ ഖൻദഖ് പടയൊരുക്കവും ബനുന്വളിർ, ബനു ഖുറയ്ള എന്നിവരോട് നടത്തിയ പോരാട്ടവും മദീനയുടെ അതിർത്തിക്കകത്ത് വെച്ച് തന്നെയായിരുന്നു.

  വളരെ ദുഷ്കരമായ പാതകളിലൂടെയും സങ്കീർണമായ സഹചര്യങ്ങളിലൂടെയും തന്നെയായിരുന്നു മിക്ക യുദ്ധ യാത്രകളും. അധിക യുദ്ധ യാത്രകളും റമളാനിലായിരുന്നുവെന്ന യാഥാർത്ഥ്യം അതിന്റെ ക്ലിഷ്ടത നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

  ഹിജ്റ എട്ടാം വർഷം റമളാനിൽ തിരുനബിയും സ്വഹാബതും തങ്ങളെ ഒരിക്കൽ ആട്ടിപ്പുറത്താക്കിയ മക്കയിലേക്ക് കടന്ന് വന്ന് വിജയക്കൊടിനാട്ടി. പതിനായിരത്തോളം വരുന്ന സ്വഹാബതിനെയും കൂട്ടി വന്ന പ്രവാചകർക്ക് കാര്യമായ രക്തച്ചൊരിച്ചിലെന്നും നടത്താതെ തന്നെ കാര്യം സാധിക്കുകയായിരുന്നു. മക്കയുടെ മേൽ മുസ് ലിംകൾ സർവ്വാധിപത്യം നേടി.

തീർത്ഥാടന വഴികൾ

  ഹിജ്റ ആറാം വർഷം ദുൽഖഅദ് മാസത്തിൽ നബി(സ)യും ആയിരത്തി അറുനൂറോളം അനുചരന്മാരും ഉംറ ഉദ്ദേശിച്ച് കൊണ്ട് മക്കയിലേക്ക് പുറപ്പെട്ടു. അവർ ഒരിക്കലും മക്കക്കാരുമായി ഒരു ഏറ്റുമുട്ടലോ മറ്റോ ആസൂത്രണം ചെയ്യുകയോ ആഗ്രഹിക്കുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. അതിനു വേണ്ട ആയുധങ്ങളുമുണ്ടായിരുന്നില്ല. എന്നാൽ അവിശ്വാസികൾ തിരുനബി(സ)യുടെ വരവിനെ സംശയത്തോടെ വീക്ഷിക്കുകയും മുസ് ലിംകളെ മക്കയിൽ പ്രവേശിക്കുന്നതിനെ തൊട്ട് തടയുകയും ചെയ്തു. അനുരജ്ഞന ശ്രമങ്ങൾക്ക് മക്കയിലേക്ക് പോയ മുസ് ലിം പ്രതിനിധി ഉസ്മാൻ(റ)നെ ശത്രുക്കൾ ബന്ധിയാക്കുന്ന അവസ്ഥ വരെയുണ്ടായപ്പോൾ ഒരു യുദ്ധത്തിന്റെ കാർമേഘം തന്നെ ഉരുണ്ടുകൂടി. ഖുറൈശി പ്രമുഖരിൽ ചിലരുടെ തന്നെ ആവശ്യപ്രകാരം മുസ് ലിംകളുമായി സന്ധി ചെയ്യാൻ തീരുമാനമാവുകയും ഹുദൈബിയ്യയിൽ വെച്ച് ഖുറൈശികളുമായി നബി(സ) തങ്ങൾ യുദ്ധവിരാമകരാറിൽ ഒപ്പുവെക്കുകയും ചെയ്തു.

 ഈ യാത്രയിൽ വെള്ളമില്ലാതെ പ്രയാസപ്പെട്ടപ്പോഴാണ് തിരുനബി(സ)യുടെ പുണ്യവിരലുകൾക്കിടയിൽ നിന്ന് ജലം നിർഗളിക്കുന്ന അത്ഭുത സംഭവമുണ്ടായത്. യാത്രാ സംഘത്തിന്റെ മുഴുവൻ ആവശ്യങ്ങളും നിറവേറ്റാൻ ഇത് പര്യാപ്തമായിരുന്നു. ഉടമ്പടി പ്രകാരം പിറ്റേവർഷം(ഹിജ്റ 8) മുസ് ലിംകൾ ഉംറ നിർവഹിക്കാൻ മക്കയിൽ വരികയും മൂന്ന് ദിവസം അവിടെ തങ്ങുകയും ചെയ്തു.

  ഹിജ്റക്ക് ശേഷം നബി(സ) ഒരൊറ്റ ഹജ്ജ് മാത്രമാണ് ചെയ്തത്. ഹിജ്റ പത്താം വർഷമായിരുന്നു അത്. തിരുനബി(സ)യുടെ യാത്രാവിവരം അറിഞ്ഞപ്പോൾ ഒരു ലക്ഷത്തിൽപരം അനുചരന്മാരും അവരെ അനുഗമിച്ചു. ഒപ്പം അവിടുത്തെ ഭാര്യമാരുമുണ്ടായിരുന്നു. ചരിത്ര പ്രസിദ്ധമായ വിടവാങ്ങൽ പ്രസംഗത്തിൽ ആസന്നമായ തന്റെ വിയോഗത്തെക്കുറിച്ചുള്ള സൂചനകളും മുത്ത് നബി(സ) നൽകി. ആ സമയം ഹബീബിന്റെ വഫാതിനെക്കുറിച്ച് ആലോചിച്ച് അബൂബക്ർ(റ) അടക്കമുള്ള പ്രമുഖ സ്വഹാബികൾ സദസ്സിലിരുന്ന് വിങ്ങിപ്പൊട്ടുകയായിരുന്നു.

Questions / Comments:



No comments yet.