മുത്തുനബി മാഹാത്മ്യങ്ങളും വർണ്ണനപ്പുകഴ്ച്ചകളും കൊണ്ട് സമൃദ്ധമാണ് വിശുദ്ധ ഖുർആൻ. അനുസ്യൂതം പ്രഭ ചൊരിയുന്ന തിരുജീവിതത്തെ എക്കാലവും ഓര്‍മിക്കാനത്രെ ഖുര്‍ആനെന്ന അമാനുഷികത അന്ത്യനാള്‍ വരെ നിലനിര്‍ത്തിയത്.

മുഹമ്മദ് നബിﷺ യെ പരിചയപ്പെടുത്തുന്നതിലും വരച്ചുകാണിക്കുന്നതിലും ഖുര്‍ആന്‍ സമ്പന്നമാണ്. ഓരോ അധ്യായങ്ങളിലും ശ്രേഷ്ഠനബിയുടെ വ്യക്തിത്വത്തെയും ജീവിതത്തെയും പ്രത്യക്ഷമായോ പരോക്ഷമായോ ഖുർആൻ സ്പര്‍ശിക്കുന്നുണ്ട്. ചിലയിടങ്ങളില്‍ നേരിട്ട് വിളിച്ചുകൊണ്ട്, മറ്റ് ചിലപ്പോള്‍ സുന്ദര വിശേഷണങ്ങളിലൂടെ, ചിലയിടങ്ങളില്‍ ഉദാഹരണങ്ങളിലൂടെ, സാന്ത്വനങ്ങളിലൂടെ, മുന്നറിയിപ്പുകളിലൂടെ, അനുചരര്‍ക്ക് അറിയിച്ചുകൊടുക്കണമെന്ന കല്‍പനയോടെ, ചോദ്യശരങ്ങളുമായി വന്നവര്‍ക്ക് മുനയൊടിക്കുന്ന മറുപടികളിലൂടെ… തിരുനബിﷺയെ ആദ്യാന്ത്യം സംരക്ഷിക്കുകയായിരുന്നു സ്രഷ്ടാവിന്റെ കലാം. ഇങ്ങനെ അനുസ്യൂതം പ്രഭ പ്രസരിപ്പിക്കുന്ന തിരുജീവിതത്തെ എക്കാലത്തും ഓര്‍മിക്കപ്പെടാനത്രെ ഖുര്‍ആന്‍ എന്ന അമാനുഷികത (മുഅ്ജിസത്ത്) അന്ത്യനാള്‍ വരെ നിലനിര്‍ത്തിയത്.

കാരുണ്യദീപവും നന്മയുടെ ദൂതുമായി പരലക്ഷം പ്രവാചകന്മാര്‍ ലോകത്ത് കടന്നുപോയിട്ടുണ്ട്. അവരവരുടെ കാലഘട്ടത്തിലേക്ക് മാത്രം യോജിച്ചവരും അതില്‍ പരിമിതപ്പെട്ടവരുമായിരുന്നു അവര്‍. ഇതിന്നപവാദമായിട്ടായിരുന്നു അന്ത്യദൂതരുടെ ആഗമനം. ഖുര്‍ആന്‍ തന്നെ അത് പറയുന്നുണ്ട്.

”നബിയേ…, താങ്കളെ നാം മനുഷ്യരിലേക്കുള്ള ദൂതുമായിട്ടാണ് നിയോഗിച്ചിരിക്കുന്നത് (അതിന്) സാക്ഷിയായി അല്ലാഹു മതി” (സൂറ: നിസാഅ്: 79).

മുഹമ്മദ് നബിﷺ അറബി ആയതിനാല്‍ അവരില്‍ പരിമിതരാണ് എന്ന് ചില യഹൂദികള്‍ പറഞ്ഞിരുന്നു. അതിനു മറുപടിയായിട്ടാണ് ‘സര്‍വ മനുഷ്യര്‍ക്കുമുള്ള ദൂതന്‍’ എന്ന സൃഷ്ടാവിന്റെ സൂക്തത്തിൽ നിന്നുള്ള സാക്ഷ്യം. (തഫ്‌സീറുല്‍ ഖാസിന്‍ 1/401.)

തിരുനബിﷺയുടെ പ്രവാചക നിയോഗത്തെ നേരിട്ട് സൂചിപ്പിക്കുന്ന أرسلناك (താങ്കളെ നാം നിയോഗിച്ചിരിക്കുന്നു) എന്ന പ്രയോഗം മാത്രം വിശുദ്ധ ഖുര്‍ആനില്‍ 13 സ്ഥലങ്ങളില്‍ ആവര്‍ത്തിച്ചുവന്നിട്ടുണ്ട്. (സൂറ അല്‍ബഖറ 119, സൂ. നിസാഅ് 79, സൂ. നിസാഅ് 80, സൂ: റഅ്ദ് 30, സൂ: ഇസ്‌റാഅ് 54, സൂ: ഇസ്‌റാഅ് 105, സൂ. അമ്പിയാഅ് 107, സൂ: ഫുര്‍ഖാന്‍: 56, സൂ: അഹ്‌സാബ് 45, സൂ: സബഅ് 28, സൂ: ഫാത്വിര്‍ 24, സൂ: ശൂറാ 48, സൂ: ഫത്ഹ് 8).

പ്രവാചക പ്രഖ്യാപനം നടത്തിക്കൊണ്ടുള്ള വ്യംഗ്യഭാഷ്യങ്ങളും പരോക്ഷസൂചനകളും ഇതിന്റെ മൂന്നിരട്ടിയാണ്.

”ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യവുമായി നിങ്ങളുടെ അടുക്കലിതാ റസൂല്‍ വന്നിരിക്കുന്നു. അതിനാല്‍ നിങ്ങളുടെ നന്മക്കായി നിങ്ങള്‍ വിശ്വസിക്കുക, നിങ്ങള്‍ നിഷേധിക്കുകയാണെങ്കിലോ, ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്റേതാകുന്നു (ഓര്‍ക്കുക) അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു (സൂ: നിസാഅ് 70).

ശ്രേഷ്ഠ റസൂലിന്റെ ആഗമനവും ലക്ഷ്യവും പല സൂക്തങ്ങളിലും വശ്യമാര്‍ന്ന ശൈലിയില്‍ അവതരിപ്പിച്ചിരിക്കുന്നത് കാണാം. മുന്നറിയിക്കുന്നവന്‍, സുവിശേഷകന്‍, സന്തോഷവാഹകന്‍, സംരക്ഷകന്‍, ന്യായാധിപന്‍, സാക്ഷി, റസൂല്‍, നബിയ്യ്, കാരുണ്യം, അനുഗ്രഹം, സത്യദൂതന്‍, പ്രകാശ കേദാരം, സച്ചരിതന്‍ തുടങ്ങി വ്യത്യസ്ത വിശേഷണങ്ങളില്‍ വിശ്വപ്രവാചകര്‍ പ്രസ്തുത സൂക്തങ്ങളില്‍ പ്രകടമാണ് (അല്‍ബിദായത്തുവന്നിഹായ: 1/229).

‘മുഹമ്മദ്’ എന്ന പദം

വിശുദ്ധ ഖുര്‍ആനില്‍ തിരുനബിﷺയെ വ്യത്യസ്ത രീതിയില്‍ പരിചയപ്പെടുത്തുന്നുണ്ട്. അഹ്മദ്, മുഹമ്മദ്, ത്വാഹ, യാസീന്‍, അബ്ദുല്ല, ഹാമീം, മുസമ്മില്‍, മുദ്ദസിര്‍ തുടങ്ങിയവ അതില്‍ ചിലത് മാത്രമാണ്. മുന്‍കാലവേദഗ്രന്ഥങ്ങളില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചത് അഹ്മദ് (സ്തുതിക്കപ്പെട്ടവര്‍) എന്ന പേരാണ്. ഖുര്‍ആന്‍ തന്നെ ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്.

”മര്‍യമിന്റെ പുത്രന്‍ ഈസ പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക) ഇസ്‌റാഈല്‍ സന്തതികളേ, എനിക്ക് മുമ്പുള്ള തൗറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും, എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നു പേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍” (സൂ: സ്വഫ്ഫ് 6)

‘അഹ്മദ്’ എന്നത് നബിﷺയുടെ മറ്റൊരു നാമമാണ്. പുകഴ്ത്തപ്പെട്ടവന്‍ എന്ന് സാരം. യേശുക്രിസ്തുവിന് ശേഷമുള്ള പ്രവാചകനെക്കുറിച്ച് യോഹന്നന്‍ സുവിശേഷത്തില്‍ പ്രയോഗിച്ചിട്ടുള്ള ‘പെരിക്ലീറ്റസ്’ എന്ന ഗ്രീക്ക് പദത്തിന്റെ അര്‍ത്ഥവും ഇത് തന്നെയാണ്.

”തന്റെ ദൗത്യം പൂര്‍ത്തിയാക്കി നീതിയും ന്യായവും നടത്താന്‍ യേശുവിന് സമയം കിട്ടിയില്ലെന്ന്” ബൈബിള്‍ (16-12). ദൗത്യനിര്‍വഹണത്തിന് അഹ്മദ് നബി കടന്നുവരുമെന്ന് വ്യംഗ്യഭാഷ്യം. ”അദ്ദേഹത്തിന്റെ നാമം എന്നെന്നും നിലനില്‍ക്കട്ടെ. സൂര്യനുള്ള കാലത്തോളം അദ്ദേഹത്തിന്റെ കീര്‍ത്തിയുണ്ടാവട്ടെ. സര്‍വ്വ ജനതകളും അദ്ദേഹം വഴി അനുഗ്രഹീതരാകും. അവര്‍ അദ്ദേഹത്തെ അനുഗ്രഹീതന്‍ എന്ന്‌വിളിക്കും (സങ്കീര്‍ത്തനം: 72-17).

ഇമാം റാസി(റ) പറയുന്നു: ”അഹ്മദ് എന്ന വാക്ക് രണ്ട് അര്‍ത്ഥതലങ്ങളിലുപയോഗിക്കാം. ഒന്ന് മറ്റുള്ളവരേക്കാള്‍ കൂടുതല്‍ അല്ലാഹുവിനെ സ്തുതിക്കുന്നവന്‍, രണ്ട്: ആത്മാര്‍ത്ഥത, സല്‍സ്വഭാവം തുടങ്ങി ഉന്നത സ്വഭാവ കാരണങ്ങള്‍ കൊണ്ട് മറ്റുള്ളവരാല്‍ കൂടുതല്‍ സ്തുതിക്കപ്പെടാന്‍ അര്‍ഹതയുള്ളവര്‍ എന്ന അര്‍ത്ഥത്തിലും.” (തഫ്‌സീര്‍ റാസി 29/272)

ഖുര്‍ആനില്‍ നാല് സ്ഥലങ്ങളിലാണ് തിരുനബിﷺയെ മുഹമ്മദ് എന്ന പേരില്‍ അഭിസംബോധന ചെയ്യുന്നത്. സൂ.മുഹമ്മദിലെ സൂക്തമുള്‍പ്പെടെയാണിത്.

وما محمد الا رسول قد خان من قبله الرسل (آل عمران)

1. ”മുഹമ്മദ്ﷺ അല്ലാഹുവിന്റെ ദൂതനാകുന്നു. അവര്‍ക്ക് മുമ്പും ദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്” محمد

എന്ന പദം മുഴുവന്‍ സ്തുതികളെയും ഒരുമിച്ചുകൂട്ടിയവന്‍ എന്ന അര്‍ത്ഥത്തിലാണ് പെരുമാറുന്നത്. (അല്‍ മുസ്തഅ്‌രിക്കു ലി ജമീഇല്‍ മഹാമിദി) കാരണം, സ്തുതി പൂര്‍ണരിലേക്കാണ് ചേര്‍ക്കപ്പെടുക. സ്തുതിക്കപ്പെടല്‍ സ്തുതിയുടെയും മുകളിലേക്കാണ് വരിക (അത്തഹ്‌വീദു ഫൗഖല്‍ ഹംദി, തഫ്‌സീറുല്‍ ബഅവി 1/281).

2. മുഹമ്മദ്ﷺ നിങ്ങളുടെ പുരുഷന്മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷേ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്മാരില്‍ അവസാനത്തെ ആളുമാകുന്നു. (സൂറതുല്‍ അഹ്‌സാബ്: 40)

സൈദുബ്‌നുഹാരിസ(റ) എന്ന വളര്‍ത്തു മകനെ നബിﷺയിലേക്ക് ചേര്‍ത്ത് പറഞ്ഞതിന് മറുപടിയാണ് അവതരണ പശ്ചാത്തലം. അവസാന പ്രവാചകന്‍ എന്നതിനു ‘ഖാത്തമുന്നബിയ്യീന്‍’ എന്നാണ് പ്രയോഗിച്ചത്. ‘ഖാതം’ എന്നാല്‍ മുദ്ര എന്നര്‍ത്ഥം. ഒരു ലിഖിതം അവസാനിപ്പിക്കുമ്പോഴാണല്ലോ മുദ്ര ചാര്‍ത്തുന്നത്. അതുകൊണ്ടു തന്നെയാണ് ‘ഖാതം’ എന്ന അറബി ശബ്ദ ധാതുവിന് മുദ്രവെക്കല്‍, സമാപനം എന്നിങ്ങനെ അര്‍ത്ഥങ്ങള്‍ നല്‍കുന്നത്.

”നിശ്ചയം നബിﷺ നിയോഗിക്കപ്പെട്ടത് തൗഹീദുദ്ദാത്തിയും മറ്റുള്ള നബിമാര്‍ തൗഹീദുല്‍ വസ്വ്ഫി വല്‍ ഫിഅ്‌ലിയും ആയിട്ടാണ്. തൗഹീദുദ്ദാത്തിയ്യ് പൂര്‍ണമാകയാല്‍ രിസാലത്ത് പൂര്‍ണമായിരിക്കുന്നു. ശേഷം ഒരു പ്രവാചകനിലേക്ക് യാതൊരുവിധ ആവശ്യവുമില്ലാത്ത വിധം ദീന്‍ സമ്പൂര്‍ണമായിരിക്കുന്നു” (അല്‍ഫുതൂഹാത്തുല്‍ ഇലാഹിയ്യ: 4/379).

3. ”വിശ്വസിക്കുകയും സത്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും മുഹമ്മദ് നബിﷺയുടെ മേല്‍ അവതരിക്കപ്പെട്ടതില്‍ അതത്രെ അവരുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം – വിശ്വസിക്കുകയും ചെയ്തവരാരോ, അവരില്‍ നിന്ന് അവരുടെ തിന്മകളെ അവന്‍ മായ്ച്ചുകളയുകയും അവരുടെ അവസ്ഥ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാണ്”. (സൂറത്തു മുഹമ്മദ് 2)

4. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു. (സൂറതുല്‍ ഫത്ഹ്: 29)

മബ്ഊസുന്‍ ലി കാഫത്തില്‍ ബറായാ (മുഴുവനിലേക്കുമുള്ള ദൂതന്‍) (അല്‍ ഫുതൂഹാതുല്‍ ഇലാഹിയ്യ: 5/374).

മുഹമ്മദ് നബിﷺക്ക് അവതരിച്ച ഖുര്‍ആനില്‍ ‘മുഹമ്മദ്’ എന്ന പദം നാലില്‍ ചുരുങ്ങിയതിനെ അപഹസിക്കുന്നവര്‍ ഓര്‍ക്കേണ്ടതും വായിക്കേണ്ടതും – വിശുദ്ധ ഖുര്‍ആനിലെ രണ്ടാം അധ്യായം സൂറതുല്‍ ബഖറയിലെ എണ്‍പതാമത്തെ സൂക്തത്തില്‍ തുടങ്ങി അവസാന അധ്യായം സൂറത്തുന്നാസിലെ ആദ്യസൂക്തം വരെയാണ്. ഇവകള്‍ക്കിടയില്‍ മുന്നൂറ്റി മുപ്പത്തി രണ്ട് സൂക്തങ്ങള്‍ ആരംഭിക്കുന്നത് ഖുല്‍ (നബിയേ! താങ്കള്‍ പറയുക) എന്ന കല്‍പനക്രിയയിലൂടെയാണ്. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ (മുഫസിറുകള്‍) അതാതു സ്ഥലങ്ങള്‍ അവശ്യ വിശദീകരണങ്ങളും നല്‍കിയിട്ടുണ്ട്. അഭിമുഖ സംബോധനകള്‍ മറഞ്ഞതിനെക്കാള്‍ പ്രസക്തിയും ശേഷി കൂടിയതുമെന്നാണ് വ്യാകരണ നിയമം.

സൂറത്തുളുഹായിലെ മൂന്ന് മുതല്‍ പതിനൊന്ന് വരെയുള്ള ആയത്തുകള്‍ നോക്കൂ...

ഒരു അധ്യായത്തില്‍ മാത്രം ഒമ്പത് പ്രാവശ്യം സാന്ത്വന സ്പര്‍ശവുമായി തിരുനബിﷺയെ നേരിട്ട് അഭിസംബോധന ചെയ്യുന്ന സാഹിതീയ ഭംഗി കാണാവുന്നതാണ്.

يسألونك

എന്ന പ്രയോഗവും തിരുനബിﷺ യെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന മറ്റൊരു തലമാണ്.

പ്രവാചക ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളില്‍ സ്രഷ്ടാവിന്റെ ഇടപെടലുകളും വിശുദ്ധ ഖുര്‍ആനില്‍ പലവുരു ചര്‍ച്ച ചെയ്യുന്നുണ്ട്. തിരുനബിﷺയോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് അക്കമിട്ട് അല്ലാഹു മറുപടി പറയുന്നുണ്ട്.

നബിയേ, അവര്‍ തങ്ങളോട് ചോദിക്കും എന്ന ആമുഖത്തോടെ പതിനഞ്ചു സൂക്തങ്ങളില്‍ അല്ലാഹു തിരുനബിﷺക്ക് നേരിട്ട് ഉത്തരങ്ങള്‍ നല്‍കുന്നത് കാണാം. فقل (അപ്പോള്‍ നബിയെ തങ്ങള്‍ പറയുക...) ഐഛികനൈഛികാനുഷ്ഠാനങ്ങളില്‍ തുടങ്ങി ആത്മാവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ വരെ അവിടെ പ്രതിപാദ്യ വിഷയങ്ങളാണ്.

തിരുനബി സ്വഭാവം

തിരുജീവിതം സംശുദ്ധമായിരുന്നു. ഉദാത്ത മാതൃകയായിരുന്നു അവിടുന്ന് നമുക്ക് കാണിച്ചുതന്നത്. ശ്രേഷ്ഠ വ്യക്തി പ്രഭാവമായിരുന്നു റസൂൽﷺ. കാരുണ്യം, സ്‌നേഹം, ക്ഷേമം, ആര്‍ദ്രത, അനുകമ്പ തുടങ്ങിയ നന്മകള്‍ പൂത്തുലഞ്ഞ ഗുരുവര്യര്‍. വിശുദ്ധ ഖുര്‍ആനില്‍ ഇത് ധാരാളം പരാമര്‍ശിച്ചിരിക്കുന്നതായി കാണാം.

”തീര്‍ച്ചയായും താങ്കള്‍ ഉത്തമ സ്വഭാവത്തിനുടമയാകുന്നു” (സൂ: ഖലം: 4)

”തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതരില്‍ ഉത്തമ മാതൃകയുണ്ട്” (സൂ: അഹ്‌സാബ്: 21)

”നിശ്ചയം, നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്ന് ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവരും നിങ്ങളുടെ കാര്യത്തില്‍ അതീവ താത്പര്യമുള്ളവരും സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അവര്‍” (സൂ: തൗബ: 128).

തിരുനബിﷺ കാരുണ്യവും, അനുഗ്രഹവും, ശാന്തിയുമാണെന്നിരിക്കെ അവരെ അംഗീകരിക്കലും പിന്തുടരലും നിര്‍ബന്ധമാക്കി ഖുര്‍ആന്‍ തന്നെ ഉണര്‍ത്തുന്നു.

”നിങ്ങള്‍ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുക നിങ്ങള്‍ അനുഗ്രഹീതരായേക്കാം” (സൂ: ആലുഇംറാന്‍: 132).

”അല്ലാഹുവിന്റെ ദൂതരെ ആര് അംഗീകരിച്ചുവോ/ അനുസരിച്ചുവോ അവര്‍ തീര്‍ച്ചയായും അല്ലാഹുവിനെ അനുസരിച്ചു.” (സൂ: നിസാഅ്: 80)

‘വല്ലവനും അല്ലാഹുവിനെയും അവന്റെ ദൂതനെയും എതിര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്” (സൂ. അന്‍ഫാല്‍: 13).

തഫ്‌സീറുകളുടെ നബിസ്‌നേഹം

വിശുദ്ധ ഖുര്‍ആന്റെ വ്യാഖ്യാനങ്ങളായ തഫ്‌സീറുകളിലും തിരുനബി മാഹാത്മ്യങ്ങളും വര്‍ണ്ണനകളും കാണാം. ഖുര്‍ആനിലെ ഓരോ അധ്യായത്തിനും ശ്രേഷ്ഠ റസൂലുമായുള്ള ബന്ധം വിശദീകരിക്കുന്ന രീതിയില്‍ വ്യാഖ്യാനമെഴുതിയവരും ഉണ്ടെന്നിരിക്കെ – തിരുനബി മഹത്വങ്ങളും പരിചയപ്പെടുത്തലുകളും അവസാനിക്കുന്നില്ലെന്ന് സാരം. തഫ്‌സീറുസ്സആലബീ, തഫ്‌സീറുമള്ഹരി, തഫ്‌സീറുല്‍ ജീലാനി, മആലിമുത്തന്‍സീല്‍ തുടങ്ങി നൂറുകണക്കിനുദാഹരണങ്ങള്‍ പറയാനുണ്ട്.

ഖുര്‍ആനില്‍ മുന്നൂറോളം തവണ ആവര്‍ത്തിച്ചുവന്ന ഖുല്‍ എന്ന പദത്തിനെ പല മുഫസ്സിറുകലും ‘അല്ലയോ നബിയെ പറഞ്ഞാലും” എന്ന് അര്‍ത്ഥം രേഖപ്പെടുത്തിയപ്പോള്‍ ”യാ അക്‌റമ റുസുല്‍ (പൂര്‍ണ പ്രവാചകരെ പറഞ്ഞാലും)” എന്നാണ് അല്‍ഫുതൂഹാതുല്‍ ഇലാഹിയ്യ/ തഫ്‌സീറുല്‍ ജീലാനിയില്‍ ശൈഖ് ജീലാനി രേഖപ്പെടുത്തിയത്.

അബൂഹുറൈറ(റ)വില്‍ നിന്ന് ബനുമര്‍ദവൈഹിയുടെ നിവേദനം: നബിﷺ പറഞ്ഞു: ”അല്ലാഹു തആല ഒരാളുടെ ജീവിതം കൊണ്ടും സത്യം ചെയ്ത് പറഞ്ഞില്ല. മുഹമ്മദ് നബിയുടെ ജീവിതമൊഴികെ” സൂറതുല്‍ ഹിജ്‌റിലെ എഴുപത്തി രണ്ടാമത്തെ ആയത്തിന്റെ സാരം ഇങ്ങനെയാണ്:

”നബിയെ താങ്കളുടെ ജീവിതം തന്നെ സത്യം, തീര്‍ച്ചയായും അവര്‍ അവരുടെ ലഹരിയില്‍ വിഹരിക്കുകയായിരുന്നു” (ഖസാഇസുല്‍ കുബ്‌റാ 2/332).

തിരുദൂതരെ അവമതിക്കാന്‍ വികല ചിന്തകര്‍ ഇറങ്ങിയത് അവിടുത്തെ ശ്രേഷ്ഠ കുടുംബത്തെയും പിതൃ പാരമ്പര്യത്തെയും ചോദ്യം ചെയ്തുകൊണ്ടായിരുന്നു. എന്നാല്‍ ആരോപണങ്ങളുടെ അടിവാരം തന്നെ പിഴുതെറിയുന്ന രീതിയില്‍ അല്ലാഹു പുണ്യറസൂലിൻ്റെ പിതൃപരമ്പരയെ വര്‍ണ്ണിച്ചിട്ടുണ്ട്. പ്രമുഖ വ്യാഖ്യാതാക്കളെല്ലാം അതിനു മേമ്പൊടി ചേര്‍ത്തിട്ടുണ്ട്. സുജൂദ് ചെയ്യുന്നവരിലൂടെ താങ്കളെ പുറപ്പെടുവിച്ചവന്‍(ശുഅറാഅ് – 219). റഈസുല്‍ മുഫസിരീന്‍ – ഇബ്‌നുഅബ്ബാസ്(റ)വിന്റെ വ്യാഖ്യാനം ഇപ്രകാരമാണ്.

‘മിന്‍ നബിയ്യിന്‍ ഇലാ നബിയ്യിന്‍- ഹത്താ ഉഖ്‌രിജ്ത്ത നബിയ്യന്‍ (ഒരു നബിയില്‍ നിന്ന് മറ്റൊരു നബിയിലേക്ക് അപ്രകാരം തങ്ങള്‍ പുറപ്പെടുവിക്കപ്പെട്ടു)

(അല്‍ബിദായത്തുവന്നിഹായ: 1/233, തഫ്‌സീറുല്‍ ഖാസിന്‍ 3/334).

ചുരുക്കത്തില്‍ പുന്നാരനബിﷺ യെ അന്ത്യദിനം വരെ പരിചയപ്പെടുത്താനും ന്യൂനതകളില്‍ നിന്നും കാത്തുസംരക്ഷിക്കുവാനും വേണ്ട സംഗതികള്‍ ഒക്കെയും സമ്മേളിച്ച അത്ഭുത ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആനും അതിന്റെ വിശദീകരണങ്ങളായ ഹദീസും തഫ്‌സീറുകളും.

തിരുജീവിതത്തെ പഠിക്കാനും പകർത്താനും വിശുദ്ധ ഖുർആന്റെ സൂക്തങ്ങളെയും അവയുടെ ആത്മസാരങ്ങളും അകക്കാമ്പും മനസ്സിലാക്കിയാൽ തന്നെ മതിയാവുന്നതാണ് എന്ന് സാരം.

അവലംബങ്ങള്‍

1. വിശുദ്ധ ഖുര്‍ആന്‍

2. തഫ്‌സീര്‍ റാസി

3. തഫ്‌സീര്‍ മള്ഹരി

4. തഫ്‌സീറുല്‍ ഖാസിന്‍

5. തഫ്‌സീറുല്‍ ജീലാനി

6. തഫ്‌സീറുല്‍ ബഅവി

7. ഖസാഇസുല്‍ ഖുബ്‌റാ

8. അല്‍ബിദായ വന്നിഹായ

9. ഖുര്‍ആനും ബൈബിളും (മലയാളം)

10. സീറത്തു സയ്യിദില്‍ അനാം

Questions / Comments:



18 September, 2023   09:10 pm

ഹസൻ

Ok