സ്രഷ്ടാവ് വിശ്വാസികൾക്കൊരുക്കുന്ന അനുഗ്രഹങ്ങളുടെ രാവാണ് ലൈലത്തുൽ ഖദ്ർ. ഇലാഹീസ്മരണകളും ആരാധനകളും കൊണ്ട് ധന്യമാക്കുന്നവർക്ക് പ്രതിഫലപ്പേമാരി വർഷിക്കുന്ന വിശുദ്ധ രാത്രി
വിശ്വാസിയുടെ വിളവെടുപ്പുക്കാലമാണ് പുണ്യമാക്കപ്പെട്ട റമളാൻ. ചെയ്തുകൂട്ടിയ പാപങ്ങൾ പൊറുത്തു കിട്ടാനും, സത്കർമങ്ങളിൽ നിരതനാവാനുമുള്ള വലിയൊരു അവസരം കൂടിയാണിത്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഈ മാസത്തിന്റെ വരവിൽ സന്തോഷിക്കുന്നതിനു പോലും പ്രതിഫലാർഹമാണ്. പന്ത്രണ്ട് മാസങ്ങളുണ്ടെങ്കിലും മറ്റു മാസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഏറെ മഹത്വവും പ്രധാന്യവും കൽപ്പിക്കപ്പെട്ട മാസമാണ് റമളാൻ.
ഈ പരിശുദ്ധമാക്കപ്പെട്ട മാസത്തിൽ മുത്ത് നബി (സ)യുടെ സമുദായത്തിന് അല്ലാഹു നൽകിയ പ്രത്യേക അനുഗ്രഹമാണ് ലൈലത്തുൽ ഖദ്ർ എന്നത്. അതിനാൽ ഈ രാത്രിയിലെ ആരാധനകൾ ആയിരം മാസങ്ങളിലെ ആരാധനകളേക്കാൾ ശ്രേഷ്ഠവുമാണ്. അതേപോലെ തന്നെ വിശുദ്ധ ഖുർആൻ അവതീർണമായതും ഈ രാത്രിയിലാണ്. വിശുദ്ധ ഖുർആനിന് രണ്ട് അവതരണമാണുള്ളത്. അതിൽ ഒന്നാംഘട്ട അവതരണമായ ലൗഹുൽ മഹ്ഫൂളിൽ നിന്ന് ഒന്നാനാകാശത്തിലെ ബൈത്തുൽ ഇസ്സയിലേക്ക് ഒറ്റ ഗഡുവായി ഇറക്കിയത് ലൈലത്തുൽ ഖദ്റി ലായിരുന്നു. ഇബ്നു അബ്ബാസ് (റ) മറ്റുള്ളവരും പറയുന്നു: അല്ലാഹു ഖുർആനിനെ മുഴുവനായും ലൗഹുൽ മഹ്ഫൂളിൽ നിന്നും ഒന്നാം ആകാശത്തിലെ ബൈത്തുൽ ഇസ്സയിലേക്ക് അവതരിപ്പിച്ചു. പിന്നീട് ഓരോ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ 23 വർഷങ്ങളിലായി നബി (സ)ക്ക് അതിനെ അവതരിപ്പിക്കുകയാണുണ്ടായത്. (തഫ്സീർ ഇബ്നുകസീർ)
ഖദ്ർ എന്നാൽ വിധി, തീരുമാനം, മഹത്വം, ബഹുമാനം, മതിപ്പ് എന്നൊക്കെയാണ് അർത്ഥം. ഖുർആനിൽ ലൈലത്തുൽ ഖദ്റിനെ പരാമർശിച്ച് ഒരു അദ്ധ്യായം തന്നെ അല്ലാഹു അവതരിപ്പിക്കുന്നുണ്ട്. സൂറത്തുൽ ഖദ്ർ എന്ന അഞ്ച് സൂക്തങ്ങളുള്ള 97 ആം അധ്യായമാണത്. അല്ലാഹു പറയുന്നു "നിശ്ചയം, നാം ഖുർആനിനെ ലൈലത്തുൽ ഖദ്റിൽ അവതരിപ്പിച്ചു. ലൈലത്തുൽ ഖദ്ർ എന്താണെന്നാണു തങ്ങൾ മനസ്സിലാക്കിയത്. ലൈലത്തുൽ ഖദ്ർ ആയിരം മാസങ്ങളേക്കാൾ പവിത്രമാണ്. മലക്കുകളും ആത്മാവും (ജീബ്രീൽ) അവരുടെ രക്ഷിതാവിന്റെ ആജ്ഞാനുസരണം സകല വിധികളുമായി ആ രാവിൽ ഇറങ്ങും. പ്രഭാതോദയം വരെ ആ രാവ് രക്ഷയാണ്".(സൂറത്തുൽ ഖദ്ർ).
സത്യ വിശ്വാസത്തോടെയും, പ്രതിഫലേച്ഛയോടെയും ആരെങ്കിലും ലൈലത്തുൽ ഖദ്റിൽ നമസ്ക്കരിച്ചാൽ അവന്റെ പക്കൽ നിന്ന് സംഭവിച്ച മുൻ കാല പാപങ്ങൾ പൊറുക്കപ്പെടുമെന്ന് നബി (സ) തങ്ങൾ പറഞ്ഞിട്ടുണ്ട്. (ബുഖാരി). മറ്റൊരു റിപ്പോർട്ടിൽ പിൻകാല പാപങ്ങളും പൊറുക്കുമെന്ന് കാണാം.
പവിത്രമായ ഈ രാത്രി മുത്ത് നബിയുടെ സമുദായത്തിന് ഒരനുഗ്രഹമായി നൽകാൻ പല കാരണങ്ങളുണ്ട്. മറ്റു സമുദായങ്ങളുടെ ആയുസ്സ് വെച്ച് നോക്കുമ്പോൾ ചുരുങ്ങിയ കാലം മാത്രമാണ് നമ്മുടെ ആയുർദൈർഘ്യം. അതായത് തന്റെ സമുദായത്തിന്റെ ആയുർ ദൈർഘ്യം ശരാശരി 60- 70 ആയിരിക്കുമെന്ന് നബി (സ) തങ്ങൾ തന്നെ പ്രവചിച്ചിട്ടുമുണ്ട്. നബി (സ) തങ്ങൾ ജീവിച്ചത് വെറും 63 വർഷങ്ങളാണ്. എന്നാൽ പ്രവാചകൻ നൂഹ് നബി (അ) 950 വർഷം മാത്രം പ്രബോധനം നടത്തിയിട്ടുണ്ട്. അതായത് അതിലും കൂടുതൽ ജീവിച്ചിട്ടുണ്ടെന്നർത്ഥം. ഇത്രയും ദീർഘ കാലം ഇബാദത്ത് ചെയ്ത ഇവരുമായി നാം എങ്ങനെ സമസ്യപ്പെടും. ഇവരും നമ്മളും തുല്യമാവുമോ? അനസ് (റ) പറയുന്നത് കാണാം: നമ്മുടെ സമുദായത്തെക്കാൾ മുൻകഴിഞ്ഞുപോയ പൂർവ്വക്കാല സമുദായത്തിന്റെ ആയുർ ദൈർഘ്യത്തെ പറ്റി ചിന്തിച്ചപ്പോൾ അവരുടെ അടുത്തെത്താൻ പറ്റാത്ത അവസ്ഥയിലാണല്ലോ തന്റെ സമുദായത്തിന്റെ ആയുസ്സെന്ന് മുത്ത് നബി (സ) വേവലാതിപ്പെട്ടു. ഇതിനു പരിഹാരമെന്നോണമാണ് ലൈലത്തുൽ ഖദ്ർ വിളംബരം ചെയ്യുന്ന അദ്ധ്യായം ഇറങ്ങിയത് ( മുവത്വ, ബൈഹഖി).
അതായത് തിരുനബിയുടെ അഭിലാഷ പ്രകാരം അല്ലാഹു കനിഞ്ഞു നൽകിയ സമ്മാനമാണ് ലൈലത്തുൽ ഖദ്റെന്ന്. ആ സമ്മാനത്തെ വേണ്ട വിധത്തിൽ സ്വീകരിക്കാൻ തിരുനബി (സ)ക്ക് സാധിച്ചിട്ടുണ്ട്. അവിടുന്ന് കാണിച്ച ജാഗ്രത
ആഈശ ബീവി നിവേദനം ചെയ്ത ഹദീസിൽ കാണാം. ആഇശ (റ) നിന്ന് നിവേദനം. അവർ പറയുന്നു: നബി (സ) അവസാനത്തെ പത്ത് ആയിക്കഴിഞ്ഞാൽ ഉടുമുണ്ട് മുറുക്കിയുയുടുക്കും. രാത്രിയെ (ആരാധന കൊണ്ട് ) സജീവമാക്കുകയും വീട്ടുകാരെ വിളിച്ചുണർത്തുകയും ചെയ്യുക പതിവായിരുന്നു (ബുഖാരി).
ഇങ്ങനൊക്കെയാണേലും എന്നാണ് ലൈലത്തുൽ ഖദ്ർ എന്നത് കൃത്യമായി നിശ്ചയിക്കപ്പെട്ടിട്ടില്ല. എന്നാൽ തിരുനബി (സ)ക്ക് അതെന്നാണെന്ന് അല്ലാഹു തആല അറിയിച്ചുകൊടുത്തിരുന്നു. ഉബാദത്തുബ്നു സ്വാമിഅ് (റ) നിവേദനം: ലൈലത്തുൽ ഖദ്റിനെ കുറിച്ച് ഞങ്ങളെ അറിയിക്കുവാൻ നബി (സ) ഒരിക്കൽ പുറപ്പെട്ടു. അപ്പോൾ മുസ്‌ലിംകളിൽപ്പെട്ട രണ്ടു പേർ തമ്മിൽ വഴക്ക് കൂടുകയുണ്ടായി. നബി (സ) പറഞ്ഞു: "ലൈലത്തുൽ ഖദ്റിനെ കുറിച്ച് നിങ്ങളെ അറിയിക്കുവാൻ വേണ്ടി ഞാൻ വരികയായിരുന്നു. അപ്പോൾ നിങ്ങളിൽ പെട്ട രണ്ടുപേർ തമ്മിൽ വഴക്കു കൂടുകയുണ്ടായി. അങ്ങനെ ആ അറിവ് ഉയർത്തപ്പെട്ടു. ഒരുപക്ഷേ അത് നിങ്ങൾക്ക് ഗുണകരമായിരിക്കാം അതുകൊണ്ട് നിങ്ങൾ അതിനെ ഒമ്പതിലും, ഏഴിലും, അഞ്ചിലും അന്വേഷിക്കുക" (ബുഖാരി). ഈ സംഭവം വലിയൊരു പാഠം കൂടിയാണ്. എങ്കിലും ചില സൂചനകൾ തിരുനബിയുടെ ഹദീസുകളിൽ കാണാം. അഇശ ബീവി നിവേദനം ചെയ്യുന്നു. നബി (സ) പറഞ്ഞു: "റമളാനിലെ അവസാന പത്തിലെ ഒറ്റയായ രാവുകളിൽ ലൈലത്തുൽ ഖദർ പ്രതീക്ഷിക്കുക" ( ബുഖാരി). മറ്റൊരു ഹദീസിൽ കാണാം. നബി (സ) പറഞ്ഞു: "റമളാനിലെ അവസാനത്തെ പത്തിൽ ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുക അതിൽ തന്നെ ഇരുപത്തൊന്ന്, ഇരുപത്തിമൂന്ന്, ഇരുപത്തിയഞ്ച് രാവുകളിൽ". മറ്റൊരു ഹദീസിൽ അവസാന ഏഴു ദിവസങ്ങളിൽ ആണെന്ന് കാണാം.
എങ്കിലും, ഖുർആനിൽ നിന്നുള്ള സാഹചര്യ നിഗമനങ്ങളുടെയും ഹദീസ് പാഠങ്ങളുടെയും അടിസ്ഥാനത്തിൽ പണ്ഡിതന്മാർ ഇരുപത്തിയേഴാം രാവിനാണ് ഏറെ സാധ്യത നൽകിയിട്ടുണ്ട്.
ലോക മുസ്‌ലിംകൾ പണ്ടു മുതൽക്കേ ഈ ദിനത്തെ ലൈലത്തുൽ ഖദ്ർ പ്രതീക്ഷിച്ചുകൊണ്ട് പ്രത്യേക സൽകർമ്മങ്ങളാൽ സമൃദ്ധമാക്കാറുണ്ടായിരുന്നു. ഇരുപത്തിയേഴാം രാവാണ് മുസ്‌ലിം ലോകം ലൈലത്തുൽ ഖദ്റായി പൂർവ്വകാലം മുതൽ അനുഷ്ഠിച്ചു വരുന്നത് ഇതുതന്നെയാണ് ഭൂരിഭാഗം ജ്ഞാനികളുടെ വീക്ഷണവും (തർശീഹ്, 1/168, റാസി 32/30).
ഇബ്നു ഉമർ (റ) വിൽ നിന്ന് നിവേദനം: നബി തിരുമേനി (സ) പറഞ്ഞു."നിങ്ങൾ ഇരുപത്തിയേഴാം രാവിൽ ലൈലത്തുൽ ഖദ്റിനെ കാത്തിരിക്കുക". എന്നാൽ ഇബ്നു അബ്ബാസ് (റ) 27ാം രാവിലാണ് ലൈലത്തുൽ ഖദ്റെന്നതിന് വിശുദ്ധ ഖുർആനിൽ നിന്ന് കണ്ടെത്തുന്നുണ്. അതായത് ലൈലത്തുൽ ഖദ്ർ പ്രതിപാദിച്ച സൂറത്തിൽ മുപ്പത് വാക്കുകളാണുള്ളത് റമളാന്റെ ആകെ ദിനങ്ങളുടെ എണ്ണവും മുപ്പത് തന്നെയാണ് അതിൽ ലൈലത്തുൽ ഖദ്റിനെ പ്രത്യേകമായി സൂചിപ്പിക്കുന്നത് ഇരുപത്തി ഏഴാമത്തെ പദമാണ്. അങ്ങനെ നോക്കുമ്പോൾ പവിത്രമായ ആ രാവ് ഇരുപത്തിയേഴിനാണെന്നതിന് ഇതിൽ സൂചനയുണ്ട്. അബൂ ഹുറൈറ (റ) പറയുന്നു. ഞങ്ങളൊരിക്കൽ ലൈലത്തുൽ ഖദ്ർ സംബന്ധമായ ചർച്ചയിലായിരുന്നു അപ്പോൾ നബി (സ) ചോദിച്ചു. ചന്ദ്രൻ ഒരു തളികയുടെ അർദ്ധ ഭാഗം കണക്കെ പ്രഭ മങ്ങി പ്രത്യക്ഷപ്പെടുന്ന രാവിനെ ഓർമിക്കുന്നവർ നിങ്ങളിൽ ആരാണ്?. അബുൽഹസൻ പറയുന്നു. ഇരുപത്തേഴാം രാവാണ് ഇവിടെ ഉദ്ദേശിച്ചത്. ഉപര്യുക്ത രൂപത്തിൽ ചന്ദ്രൻ പ്രത്യക്ഷപ്പെടുക അന്നാണല്ലോ. (മുസ്‌ലിം). ഇത്തരത്തിൽ ഇരുപത്തിയേഴാം രാവിലാണ് ലൈലത്തുൽ ഖദ്ർ എന്നതിന് പണ്ഡിതന്മാർ ഒരുപാട് തെളിവുകൾ കൊണ്ടുവന്നിട്ടുണ്ട്. അതിനാൽ തന്നെ ലൈലത്തുൽ ഖദ്റിനെ അവസാന പത്തിൽ പ്രതീക്ഷിച്ചു കൊണ്ട് സുകൃതങ്ങളാൽ സമൃദ്ധമാക്കുന്നവർക്ക് വിജയമുറപ്പാണ്. എങ്കിലും നാല് വിഭാഗക്കാർക്ക് ഈ വിധ സൗഭാഗ്യങ്ങളെ തടയപ്പെട്ടിട്ടുണ്ട്. സ്ഥിരമായി മദ്യപിക്കുന്നവർ, മാതാപിതാക്കളെ ദ്രോഹിക്കുന്നവർ, കുടുംബ ബന്ധം മുറിച്ചവർ, കാപട്യവും, കുശുമ്പും ഹൃദയത്തിൽ കൊണ്ടുനടക്കുന്നവർ. ഇവർക്ക് ലൈലത്തുൽ ഖദ്ർ ലഭിക്കുകയില്ലായെന്ന് മുത്ത് നബി (സ) തന്നെ പ്രതിവചിച്ചിട്ടുണ്ട്. അതിനാൽ ചെറിയൊരു സമയം കൊണ്ട് വലിയ പ്രതിഫലം ലഭിക്കുന്ന ഇത്തരം പുണ്യദിനങ്ങളെ മനസ്സിലാക്കി അല്ലാഹുവിലേക്ക് അടുക്കാനുള്ള ശ്രമങ്ങൾ ഉണ്ടാക്കുന്നിടത്താണ് സത്യവിശ്വാസി വിജയിക്കുന്നത്.