അവിടുന്ന് മുമ്പിൽ നിൽക്കുമ്പോൾ അനുചരവൃന്ദം വെയിലും മഴയും വിസ്മരിക്കുന്നു. ആ കരുണാപെയ്ത്തിൽ ശത്രുവും വിരോധവും അലിഞ്ഞില്ലാതാവുന്നു. താരസ്വഹാബിന്റെ അടക്കത്തിലനക്കത്തിൽ വെളിച്ചം പകർന്ന ചന്ദ്രികാരാജർ നേതൃത്വങ്ങളുടെ അതിരുകൾ വരച്ചുകാട്ടുന്നു.
ഒരു സമുദ്ധാരകനുണ്ടാവേണ്ട സർവ്വ ഗുണങ്ങളും മേളിച്ചതായിരുന്നു തിരുനബിയുടെ വ്യക്തിത്വം. വീട്ടുകാരോടും നാട്ടുകാരോടും അനുയായികളോടും അന്യരോടും ശത്രുക്കളോടും മിത്രങ്ങളോടും സ്നേഹ, കാരുണ്യ, സഹിഷ്ണുതയോടെയായിരുന്നു തിരുമേനിയുടെ സമീപനം. വിട്ടുവീഴ്ച്ച, അർപ്പണബോധം, കൂടിയാലോചന, പരിഗണന, സൗമ്യമായ ഇടപെടലുകൾ തുടങ്ങിയ നേതൃ ഗുണങ്ങൾക്കുള്ള ഉദാഹരണങ്ങളെമ്പാടും തിരുചരിതത്തിൽ നമുക്ക് വായിക്കാം.
സ്വഭാവശുദ്ധി
വിശുദ്ധ ഖുർആന്റെ സ്വഭാവശാസ്ത്രം ജീവിത രീതിയായി സ്വീകരിച്ചവരായിരുന്നു തിരുനബി(സ). ശത്രു, മിത്ര വ്യത്യാസമില്ലാതെ ഹൃദയസ്പർശിയായ പെരുമാറ്റം. ശ്ലീലേതരമായ സംസാരം തിരുനബിയുടെ ശീലമായിരുന്നില്ല. ദേഷ്യം വന്നാൽ പോലും ആ ശീലം സ്വീകരിക്കാറില്ല. ആരെയും ശപിക്കുകയോ ശകാരിക്കുകയോ ചെയ്തിരുന്നില്ല. തിന്മ ചെയ്തവരോട് തിന്മ കൊണ്ട് പ്രതികരിക്കാറില്ല. ഏറ്റവും ഉത്തമമായ നന്മകൊണ്ടായിരുന്നു തിന്മയെ പ്രതിരോധിച്ചത്. അങ്ങനെയാണല്ലോ അല്ലാഹുവിന്റെ നിർദ്ദേശം. വിശുദ്ധ ഖുർആന്റെ "നന്മയും തിന്മയും തുല്യമാവുകയില്ല. തിന്മയോടുള്ള പ്രതിരോധത്തിന് ഏറ്റവും ഉദാത്തമായ മാർഗം സ്വീകരിക്കുമ്പോൾ എത്രമേൽ ശത്രുതയുള്ളവരും മിത്രമായിത്തീരും" എന്ന നിർദ്ദേശം അക്ഷരാർത്ഥത്തിൽ പ്രയോഗവത്കരിക്കുന്നതായിരുന്നു നബിയുടെ ജീവിതം.
അർപ്പണബോധം
അർപ്പിതമായ കർത്തവ്യത്തെക്കുറിച്ചുള്ള ബോധ്യവും അതിലേക്ക് എത്തിപ്പെടാനുള്ള സമർപ്പണവും ഒരു നേതാവിന്റെ പ്രധാന ഗുണങ്ങളിൽ പെട്ടതാണ്. അപ്പോൾ മാത്രമേ അനുയായികളുമായി മുന്നേറാനാവൂ.
അനുയായിവൃന്ദത്തിന് ആവേശം പകർന്നും മാതൃക കാണിച്ചും പ്രവർത്തിപഥത്തിലിറങ്ങാൻ അല്ലാഹുവിന്റെ റസൂല്‍ അശേഷം വിമുഖത കാണിച്ചില്ല. ഖന്തഖിന്റെ നെടുനീളന്‍ കിടങ്ങില്‍ പൊരിയുന്ന വയറുമായി സ്വഹാബികള്‍ക്കൊപ്പം മണ്ണുവെട്ടിയും കല്ല് ചുമന്നും അവിടുന്ന് ത്യാഗത്തിന്റെ മാതൃകയായി.
‘സഹോദരപുത്രാ, ഞങ്ങള്‍ക്കിടയില്‍ കുലീന കുടുംബാംഗമാണ് നീ. നിന്റെ പുതിയ പ്രസ്ഥാനം കൊണ്ടുള്ള നിന്റെ ലക്ഷ്യം സമ്പത്താണെങ്കിൽ ഞങ്ങളത് നല്‍കാം. നേതൃപദവിയാണ് ഉദ്ദേശ്യമെങ്കിൽ ഞങ്ങളുടെ നേതാവായി വാഴാം. ആസ്വാദനത്തിന് കുലീനരും സൗന്ദര്യ വതികളുമായ സ്ത്രീകളെ നൽകാം". പ്രബോധന പ്രവർത്തനത്തിൽ നിന്ന് തിരുനബിയെ പിന്തിരിപ്പിക്കാൻ ശത്രുക്കൾ കണ്ടെത്തിയ പ്രലോഭനമായിരുന്നു ഇത്. തിരുനബിയുടെ പിതൃവ്യൻ അബൂത്വാലിബ് ഖുറൈശി പ്രമുഖനാണ്. തിരുനബിക്ക് ഏറെ പ്രിയപ്പെട്ടവരും. അവരുടെ വാക്കുകൾ വെറുതെയാവില്ലെന്ന പ്രതീക്ഷയിൽ ഉപര്യുക്ത പ്രലോഭനം അവതരിപ്പിച്ചു .
പക്ഷെ, നബി (സ്വ) യുടെ പ്രതിവചനം ഇങ്ങനെയായിരുന്നു: "പിതൃവ്യാ, എന്റെ വലതു കൈയില്‍ സൂര്യനും ഇടതു കൈയില്‍ ചന്ദ്രനും വെച്ചുതന്നാല്‍ പോലും ഈ ആശയത്തെ അല്ലാഹു വിജയിപ്പിക്കുകയോ ഈ ഉദ്യമത്തില്‍ ഞാന്‍ നാമാവശേഷമാവുകയോ ചെയ്യുന്നതു വരെ ഇതുപേക്ഷിക്കാന്‍ ഞാന്‍ തയ്യാറല്ല". വിശ്വാസസ്ഥൈര്യവും ദൃഢചിത്തതയും തുളുമ്പുന്ന വാക്കുകൾ കേട്ടവർക്കെല്ലാം മതിപ്പുളവാക്കുന്നതായിരുന്നു.
വിട്ടുവീഴ്ച
പ്രതികരിക്കാനും തിരിച്ചടിക്കാനും സാഹചര്യങ്ങളും സന്നാഹങ്ങളും ഒത്തിണങ്ങി വന്നപ്പോഴും വിട്ടുവീഴ്ച്ചാ മനോഭാവത്തോടെ പെരുമാറി മാതൃക കാണിക്കുകയായിരുന്നു തിരുനബി (സ). പ്രവാചകരുടെ അനുപമമായ വിട്ടുവീഴ്ചയുടെ അന്യൂന്യ നിദർശനമാണ് മക്കാ വിജയവും തുടർന്നുള്ള സംഭവങ്ങളും. മക്കാവിജയ ദിവസം മക്കയിൽ പ്രവേശിച്ച് കഅ്ബ പ്രദക്ഷിണം ചെയ്ത ശേഷം അതിൽ നിസ്കരിച്ചു. തുടർന്ന് ഖുറൈശികളെ അഭിസംബോധന ചെയ്തു. ഖുറൈശികൾ വിശ്വാസികളെയും തിരുനബിയെയും ക്രൂരമായി മർദ്ദിച്ചവരാണ്. മക്കയിൽ നിന്ന് മുസ്ലിംകളെ ആട്ടിയോടിച്ചവരാണ്. മദീനയിൽ അഭയാർത്ഥികളായി കഴിയാൻ പോലും അനുവദിക്കാതെ നിരന്തരം യുദ്ധങ്ങൾ ചെയ്തവരാണ്. എത്രയോ വിശ്വാസികളെ നിഷ്ഠൂരം കൊന്നൊടുക്കിയവരാണ്. മാപ്പർഹിക്കാത്ത നിരവധി കുറ്റങ്ങൾ ചെയ്തവരോട് തിരുനബിയുടെ ആഹ്വാനം ഇങ്ങനെയായിരുന്നു "ഇന്ന് നിങ്ങളോട് ഒരു പ്രതികാരവുമില്ല.നിങ്ങൾ സ്വതന്ത്രരാണ്. നിങ്ങൾക്ക് പോകാം."
ഭക്ഷണത്തിൽ വിഷം പുരട്ടി ചതിയിലൂടെ വധിക്കാൻ ശ്രമിച്ച യുവതിയെ തിരുസവിധത്തിൽ കൊണ്ടുവന്നപ്പോൾ മാപ്പുനൽകി തിരിച്ചയച്ചതും പ്രിയപ്പെട്ട പത്നി ആഇശ ബീവിയെക്കുറിച്ച് അപവാദം പരത്തിയ അനുയായികൾക്ക് മാപ്പ് കൊടുത്തതും ഇതിനോട് ചേർത്തു വായിക്കേണ്ടതാണ്.
നീതിനിർവ്വഹണം
നീതി നിർവഹണത്തിന്റെ കാവലാളാവുകയെന്നത് സുപ്രധാന നേത്രുഗുണമാണ്. സ്വജന പക്ഷപാതിത്വവും അനീതിയും ഒരു സമുദ്ധാരകന് ഭൂഷണമല്ല. തിരുനബിയുടെ വിധി തീർപ്പുകൾ തീർത്തും നീതിപൂർവ്വമായിരുന്നു. കുലീനയും സമ്പന്നയുമായ ഒരു സ്ത്രീ കളവ് നടത്തിയപ്പോള്‍ ശിക്ഷയില്‍ നിന്നൊഴിവാക്കാന്‍ ഉസാമത് ബിന്‍ സൈദിനെ ശിപാര്‍ശകനായി തിരുസന്നിധിയിലേക്ക് പറഞ്ഞയച്ചു. തിരുനബിയുടെ പ്രിയപ്പെട്ട ശിഷ്യനാണ് ഉസാമ(റ). തിരുനബി ഉസാമയോട് (റ) ചോദിച്ചു : ‘അല്ലാഹുവിന്റെ നിയമത്തിലാണോ എന്നോട് ശിപാര്‍ശ നടത്തുന്നത്? ഇസ്രാഈലുകാരുടെ ചെയ്തിയായിരുന്നു ഇത്. പണക്കാരെ പാപമുക്തരാക്കുകയും . പാവങ്ങളെ ശിക്ഷിക്കുകയും ചെയ്യൽ അവരുടെ രീതിയായിരുന്നു. അല്ലാഹുവാണേ, എന്റെ മകള്‍ ഫാത്വിമ തന്നെയാണ് മോഷ്ടിച്ചതെങ്കിലും അവളുടെ കരങ്ങള്‍ ഞാന്‍ ഛേദിക്കുക തന്നെ ചെയ്യും.’ നിയമത്തിനു മുന്നിൽ എല്ലാവർക്കും തുല്യ പരിഗണനയായിരുന്നു.
പക്വമായ ഇടപെടലുകൾ
അനുയായികൾ ഭിന്ന സ്വഭാവക്കാരാണ്. അവരിൽ നിന്നുണ്ടാവുന്ന അനിഷ്ടങ്ങളെ അതിവൈകാരികത കൊണ്ടല്ല പ്രതിരോധിക്കേണ്ടത്. സൗമ്യമായ ഇടപെടലാണ് അതിന്റെ മാർഗമെന്ന് പ്രവാചകർ ജീവിതത്തിലൂടെ പഠിപ്പിക്കുന്നുണ്ട്.
മുആവിയതുബ്നുൽ ഹകം(റ)പറയുന്നു: "ഒരിക്കൽ, ഞാൻ അല്ലാഹുവിന്റെ റസൂലിന്റെ കൂടെ നിസ്കരിച്ചു കൊണ്ടിരിക്കെ ഒരാൾ തുമ്മി. ഞാൻ അദ്ദേഹത്തിന് വേണ്ടി يرحمك الله എന്ന് പറഞ്ഞു. ആളുകൾ എന്നെ തുറിച്ചു നോക്കി. ഞാൻ കാരണമന്വേഷിച്ചു. എന്നോട് നിശബ്ദനാകാൻ അവർ സൂചന നൽകി. ഞാൻ നിശബ്ദനായി.
നിസ്കാരം കഴിഞ്ഞപ്പോൾ തിരുനബി എന്നെ ശകാരിച്ചില്ല സവിനയം എന്നോട് പറഞ്ഞു:
إنَّ هذِه الصَّلَاةَ لا يَصْلُحُ فِيهَا شيءٌ مِن كَلَامِ النَّاسِ، إنَّما هو التَّسْبِيحُ والتَّكْبِيرُ وقِرَاءَةُ القُرْآن
" നിസ്കാരം സംസാരിക്കാൻ ഉള്ളതല്ല . അതിൽ തസ്ബീഹും തെക്ബീറും ഖുർആൻ പാരായണവും മാത്രമേ ആകാവൂ". റസൂലിനെ പോലെ നല്ലൊരധ്യാപകനെ പ്രസ്തുത സംഭവത്തിന് മുൻപോ ശേഷമോ ഞാൻ കണ്ടിട്ടില്ല.
അപരിഷ്കൃതനായ ഒരു യുവാവ് മദീന പള്ളിയിൽ മൂത്രമൊഴിച്ചതിന്റെ പേരിൽ ശബ്ദകോലാഹലങ്ങൾ ഉണ്ടായപ്പോൾ "അതിലേക്ക് ഒരു ബക്കറ്റ് വെള്ളമൊഴിക്കൂ. പ്രയാസങ്ങൾ സൃഷ്ടിക്കരുത്" എന്ന മുന്നറിയിപ്പാണ് തിരുനബി അനുയായികളിലേക്ക് കൈമാറിയത്.
പ്രതിസന്ധികളെ സമചിത്തതയോടെ തരണം ചെയ്യാനുള്ള കഴിവ് ഒരു നേതാവിനെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. അഭിമുഖീകരിച്ച സർവ്വ പ്രതികൂലാവസ്ഥകളെയും ക്ഷമയും സഹിഷ്ണുതയും പരിചയാക്കി തരണം ചെയ്ത പാഠങ്ങളാണ് പ്രവാചക ജീവിതത്തിലുള്ളത്.
ഉഹ്‌ദ് യുദ്ധത്തേക്കാൾ പ്രയാസകരമായ ഒരു ദിവസത്തിലൂടെ നിങ്ങൾ കടന്നു പോയിട്ടുണ്ടോ എന്ന് ചോദിച്ച ആഇശ (റ) യോട് തിരുനബി പറഞ്ഞു: "നിങ്ങളുടെ ഗോത്രത്തിൽ നിന്ന് ഒരുപാട് അടിച്ചമർത്തലുകളും പീഡനങ്ങളും ഞാനനുഭവിച്ചിട്ടുണ്ട്. അഖബയുടെ ദിവസം ത്വാഇഫിലേറ്റ ക്രൂരതകളാണ് അതിലേറ്റവും മോശമായത്. പീഡനമേറ്റ് ദുഃഖിതനായി മടങ്ങിയ തിരുനബി മിനയുടെ സമീപത്തെ ഖർനുസ്സആദിലിരിക്കുമ്പോഴാണ് അല്ലാഹു നിയോഗിച്ച മാലാഖ കടന്നുവന്നത്. 'പ്രവാചകരേ, ഈ പർവതം അവര്‍ക്കു മേൽ മറിച്ചിട്ട് നശിപ്പിക്കട്ടെ'യെന്ന് ചോദിച്ച ജിബ്‌രീലിന് നബി ﷺ സമ്മതം നൽകിയില്ല. പിൽക്കാലത്ത് ആരെങ്കിലും വിശ്വാസം സ്വീകരിക്കുമല്ലോ എന്ന പ്രത്യാശയായിരുന്നു തിരുനബിയുടേത്.
കരുണാരസം
പ്രതികാരം ചെയ്യുന്നതിന് പകരം സത്പ്രവർത്തികളിലൂടെ തന്റെ എതിരാളികളെ തന്നിലേക്ക് അടുപ്പിക്കുന്ന പ്രകൃതമായിരുന്നു തിരു നബിയുടേത്. ഇസ്ലാമിന്റെ പ്രബോധനത്തെ സമസ്ത മേഖലയിലേക്കും എത്തിക്കണമെന്ന ലക്ഷ്യത്തോടെ അറബികളും അനറബികളുമായ എട്ടോളം രാജാക്കന്മാർക്ക് പ്രവചകർ കത്തുകൾ എഴുതി. അതിലൊരാളായിരുന്നു സുമാമതുബ്നു ഉസാൽ അൽഹനഫി(റ). ആരും എതിർപ്പ് പ്രകടിപ്പിക്കാൻ വിസമ്മതിക്കുന്ന യമാമയുടെ അധിപനായിരുന്നു. ഒരിക്കൽ കൂടി ഇസ്‌ലാമികാധ്യാപനം നടത്തിയാൽ കൊല്ലുമെന്നായിരുന്നു സുമാമയുടെ പ്രതികരണം. പ്രവാചക തിരുമേനിയെ വധിക്കാനും സന്ദേശം കുഴിച്ചു മൂടാനും കല്പിച്ചു. പല സ്വഹാബിമാരെയും നിഷ്കരുണം അയാൾ കൊന്നു. മുസ്‌ലിംകൾ സുമാമയെക്കൊണ്ട് പ്രയാസഭരിതരായപ്പോൾ സുമാമയെ വധിക്കാൻ നബി തങ്ങൾ പരസ്യമായ ഉത്തരവിറക്കി.
നബി തങ്ങൾ അയച്ച രഹസ്യാനേഷണ സംഘം മദീനയിൽ നിന്ന് സുമാമയെ പിടകൂടി ബന്ദിയാക്കി. മദീന പള്ളിയിലെ ഒരു തൂണിൽ അദ്ദേഹം ബന്ധിക്കപ്പെട്ടു. നബി തങ്ങൾ തീരുമാനമെടുക്കുന്നത് വരെ അദ്ദേഹത്തിന് മോചനമില്ലായിരുന്നു. തങ്ങൾ പള്ളിയിലേക്ക് വരുന്ന സമയം തൂണിൽ ബന്ധിക്കപ്പെട്ട സുമാമ തിരുനബിയുടെ ദൃഷ്ടിയിൽ പതിഞ്ഞു. അദ്ദേഹത്തോട് നല്ല സമീപനം പുലർത്താൻ സ്വഹാബത്തിനോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന് വേണ്ട ഭക്ഷണം എത്തിച്ചു കൊടുക്കാൻ നിർദ്ദേശിച്ചു. പ്രവാചകർ സുമാമയുടെ അടുത്ത് വരികയും അദ്ദേഹത്തിന്റെ മനസ്സിൽ ഇസ്ലാമിനോട് അനുഭാവമുളവാക്കുന്ന രീതിയിൽ സംസാരിക്കികയും ചെയ്തു.
നബി തങ്ങൾ ചോദിച്ചു: എന്തുണ്ട് സുമാമ വിശേഷം?. സുമാമയുടെ മറുപടി : "എന്നെ വധിക്കുന്നുവെങ്കിൽ ഒരു കൊലപാതകിയെയാണ് നിങ്ങൾ വധിച്ചതെന്ന് നിങ്ങൾക്ക് സമാധാനിക്കാം. എന്നോട് കരുണ കാണിക്കുകയാണെങ്കിൽ ഞാൻ എന്നും നിങ്ങളോട് നന്ദിയുള്ളവനായിരിക്കും. സമ്പത്താണ് നിങ്ങൾക്ക് ആവശ്യമെങ്കിൽ എത്ര വേണമെങ്കിലും നൽകാൻ ഞാൻ സന്നദ്ധനാണ്". നബി തങ്ങൾ ഒന്നും മിണ്ടാതെ തിരിച്ചു നടന്നു. രണ്ടാം ദിവസവും ഇപ്രകാരം കാര്യം മുന്നോട്ട് പോയി.
അദ്ദേഹത്തിനുള്ള ഭക്ഷണം കൃത്യമായി എത്തിച്ചു. മൂന്നാം ദിനവും നബി തങ്ങൾ സുമാമയെ സമീപിച്ച് പഴയ ചോദ്യം ആവർത്തിച്ചു. സുമാമയുടെ മറുപടിയിൽ മാറ്റമില്ലായിരുന്നു.
മൂന്ന് ദിവസത്തിന് ശേഷവും ഒരേ ഉത്തരം ലഭിച്ചപ്പോൾ സുമാമതുബ്നു ഉസാലിനെ മോചനദ്രവ്യം കൂടാതെ മോചിപ്പിക്കണമെന്ന് പ്രവചകൻ അഭ്യർത്ഥിച്ചു.
പ്രവാചകന്റെ പെരുമാറ്റത്തിൽ ആകൃഷ്ടനായ സുമാമ മോചിതനായ ശേഷം പള്ളിയിൽ നിന്ന് പുറത്തിറങ്ങുകയും വിദൂരതയിലേക്ക് നടന്നു നീങ്ങുകയും ചെയ്തു. ഒരു കൊച്ചരുവിയിൽ നിന്ന് വൃത്തിയായി തിരു സമക്ഷത്തിലേക്ക് തിരിച്ചു വന്നു. തിരുനബിയുടെ അടുത്തെത്തിയപ്പോൾ ശഹാദത്ത് കലിമ ഉച്ചരിച്ച് ഞാൻ മുസ്ലിമായെന്ന് ഉറക്കെ പ്രഖ്യാപിച്ചു.ശേഷം പറഞ്ഞു: "ഞാൻ ലോകത്ത് ഏറ്റവും വെറുത്തിരുന്ന മനുഷ്യൻ നിങ്ങളായിരുന്നു. ഇപ്പോൾ മറ്റാരേക്കാളും ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങളുടെ മതത്തെ വെറുത്തത്ര ഒരു മതത്തെയും ഞാൻ വെറുത്തിരുന്നില്ല. എന്നാൽ ഈ സമയം എനിക്കേറ്റവും പ്രിയപ്പെട്ട മതം നിങ്ങളുടേതാണ്".
തിരുനബിയുടെ ജീവിതം സമ്പൂർണമായും ഇത്തരം മാതൃകകളുടെ കൈമാറ്റമാണ്. ഭൃത്യനായിരുന്ന ജൂതബാലൻ രോഗം ബാധിതനതായ നേരം അവനെ സന്ദർശിക്കാനെത്തി ആശ്വസിപ്പിക്കുന്ന ചരിത്രം നമ്മൾ വായിക്കുന്നുണ്ട്. കുട്ടിയുടെ തലയ്ക്കരികിലിരുന്ന് പ്രവാചകൻ പറഞ്ഞു: "നീ മുസ്ലീമാകാൻ ഞാനാഗ്രഹിക്കുന്നു".
കുട്ടി തന്റെ പിതാവിനെ നോക്കി. മുഹമ്മദ് നബിയെ അനുഗമിക്കണമെന്ന് പിതാവ് സൂചിപ്പിച്ചു. കുട്ടി സത്യ സാക്ഷ്യം ചൊല്ലി മുസ്ലിമായി. ചുറ്റുമുള്ളവരെ കൃത്യമായി മനസ്സിലാക്കുകയും ചേർത്തുനിർത്തുകയും ചെയ്യുന്ന തിരുനബിയെ വിശുദ്ധ ഖുർആനിൽ പരിചയപ്പെടുത്തുന്നുണ്ട്.
"നിങ്ങളിൽ നിന്നുതന്നെയുള്ള ഒരു ദൂതൻ നിങ്ങളുടെ അടുത്ത് വന്നിട്ടുണ്ട്. ആ പ്രവാചകർ നിങ്ങളുടെ കഷ്ടപ്പാടുകളിൽ ഉത്കണ്ഠാകുലനാണ്. നിങ്ങളുടെ ക്ഷേമജീവിതത്തിൽ താല്പര്യമുള്ളവരാണ്. വിശ്വാസികളോട് കരുണയുള്ളവരാണ്" എന്നതാണ് ഖുർആൻ വാക്യം. പ്രവാചകന്റെ സഹാനുഭൂതി മനോഭാവത്തെയാണ് ഈ സൂക്തം തുറന്നു കാണിക്കുന്നത്.