സ്നേഹം വീർപ്പുമുട്ടലുകളുടെ രാജ്യമാണ്. ആ രാജ്യത്തെ പ്രജ ഹൃദയങ്ങൾ പ്രേമഭാജനത്തിനു മുമ്പിൽ അടിയറവു വെക്കുന്നു. സൃഷ്ടിയോടുള്ള പ്രേമം സൃഷ്ടാവിനോടുള്ള ദിവ്യാനുരാഗത്തിന്റെ മധുരം നുകരലാകുന്ന അനുഭുതിയാണ് അശ്റഫുൽ ഖൽഖിലേക്കുള്ള ഉൾക്കടമായ പ്രണയസഞ്ചാരം.
ലോകത്താകെയുള്ള വിശ്വാസി മുസ്‌ലിംകളുടെ ഹൃദയതാളമാണ് മുത്ത്നബിﷺ. ആ വിശുദ്ധ സാന്നിധ്യമില്ലാത്ത വ്യവഹാരങ്ങളേതും വിശ്വാസിയുടെ ജീവിതത്തിലന്യമാണ്. മനസ്സാ, വാചാ, കർമണാ സർവ്വ അനക്കത്തിലുമടക്കത്തിലും പ്രിയപ്പെട്ട നേതാവിനെ അനുധാവനം ചെയ്യുന്നവരാണവർ. ആലോചനയിൽ പോലും നേതാവിന്റെ ഇഷ്ടാനിഷ്ടങ്ങളെപ്രതി ജാഗ്രത്താണവർ. തിരുനബിയുടെ ജീവിത മാതൃകയിൽ നിന്ന് അണുമണി വ്യതിചലിക്കാതെ ജീവിതത്തെ അവർ ക്രമീകരിക്കുന്നു. നബിയോരുടെ ഇഷ്ടങ്ങളോടിഴ ചേർന്ന് പരമാവധി കർമ്മനിരതരാവാനും അനിഷ്ടങ്ങളിൽ നിന്നകന്ന് അനുധാവനത്തിന്റെ സമഗ്രത കൈമുതലാക്കാനും അവർ ശ്രമിക്കുന്നു. ശ്രമങ്ങളൊരിക്കലും സമ്പൂർണതയിലെത്തില്ലെന്നറിയുമ്പോഴും സ്വന്തം കഴിവിന്റെ ഏറ്റവും മികവിൽ ലക്ഷ്യത്തിലേക്കുയരാൻ അവർ ജീവിതം സമർപ്പിക്കുന്നു.
മുഹമ്മദ് നബി ﷺ യുടെ അനുചരരെക്കുറിച്ചാണ്. അനുയായി വൃന്ദത്തെക്കുറിച്ചാണ്. വിശ്വാസി മുസ്‌ലിമിനെക്കുറിച്ചാണ് ഈ വിശേഷങ്ങളൊക്കെയും. ഉള്ളുതൊട്ട അനുരാഗവും പ്രവാചകാധ്യാപനങ്ങളുടെ സാക്ഷാത്കാരവും തിരുജീവിതത്തിന്റെ സമഗ്രമായ അനുധാവനവും വിശ്വാസത്തിന്റെ മൗലിക ഘടകമാണ്. ഇത് ആലങ്കാരിക പ്രയോഗമല്ല. യഥാർഥവും ആത്മാർഥവുമായ പ്രവാചക സ്നേഹവും അനുധാവനവുമില്ലാതെ വിശ്വാസം ശരിയാവുകയില്ല എന്നതു തന്നെയാണ് അടിസ്ഥാന തത്വം.
വിശ്വാസ വാചകമായ ശഹാദത്ത് കലിമയുടെ ഇരുപാർശ്വങ്ങളിൽ ഒന്ന് സ്രഷ്ടാവായ അല്ലാഹുവിന്റെ അസ്ഥിത്വത്തെ സർവ്വ വിശേഷണങ്ങളോടെ അംഗീകരിക്കലാണ്. മറു പാർശ്വം, അല്ലാഹുവിന്റെ റസൂലിനെ അംഗീകരിക്കലാണ്. രണ്ടു തലങ്ങളെയും ഏറ്റവും സമ്പൂർണ്ണമായി വിശ്വസിക്കുകയും വിശ്വാസത്തെ സാക്ഷ്യപ്പെടുത്തുകയും ചെയ്തില്ലെങ്കിൽ വിശ്വാസം ശരിയാവുകയില്ല. തിരുനബിﷺ നമ്മുടെ വിശ്വാസത്തിന്റെ മൗലിക ഘടകമാണെന്ന ബോധ്യം രൂപപ്പെടാൻ വേണ്ടിയാണിത് പറഞ്ഞത്.
'അശ്ഹദു അൻലാഇലാഹ ഇല്ലല്ലാഹ്
വ അശ്ഹദു അന്ന മുഹമ്മദറസൂലുല്ലാഹ്'
എന്ന വിശ്വാസ വാചകങ്ങൾ ആശയ വൈപുല്യത്തിന്റെ അനന്തമായ സാഗരത്തെ ഉൾവഹിക്കുന്നുണ്ട്. ആ ഉൾസാരങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ പ്രവാചകരോടുള്ള അധമ്യമായ സ്നേഹത്തിന്റെ അനിവാര്യതയും സ്നേഹാനുബന്ധമായി തുടർന്നു വരുന്ന അനുധാവനവും ബോധ്യപ്പെടും. വിശുദ്ധ ഖുർആനും തിരുമൊഴികളും മേൽപ്പറഞ്ഞ ബോധ്യങ്ങളിലേക്കു വെളിച്ചം വീശുന്നുണ്ട്.
അനസുബ്നു മാലിക് (റ) വിൽ നിന്ന് ഇമാം ബുഖാരി(റ) ഉദ്ദരിക്കുന്ന ഹദീസ് (നബിവചനം) വിശ്വാസം പൂർത്തിയാകാൻ തിരുദൂതർ ﷺ യെ നമ്മളെവിടെ പ്രതിഷ്ഠിക്കണമെന്ന് വ്യക്തമാക്കുന്നുണ്ട്.
നമുക്കേറ്റവും പ്രിയപ്പെട്ട മാതാപിതാക്കൾ, മക്കൾ, സർവ്വജനങ്ങളടക്കം സർവ്വരേക്കാളും സ്നേഹ ലോകത്ത് എന്നെ പ്രതിഷ്ഠിക്കുമ്പോൾ മാത്രമേ നിങ്ങളുടെ വിശ്വാസം പൂർണ്ണമാവുകയുള്ളൂവെന്നാണ് തിരുനബി ﷺ പഠിപ്പിച്ചത്. മനുഷ്യ ജീവിതത്തിന്റെ അർത്ഥപൂർത്തീകരണത്തിലേക്കുള്ള വഴിയിലെ പ്രഥമവും അനിവാര്യവുമായ ഘടകമായ വിശ്വാസത്തിന്റെ സാധൂകരണം സാധ്യമാകുന്നത് തിരുനബി സ്നേഹത്തിലൂടെയെന്നാണ് പറഞ്ഞത്.
ആവശ്യ സ്നേഹത്തിനും നിബന്ധനകളുണ്ട്. തിരുദൂതരേക്കാൾ വിലപ്പെട്ടതായി വിശ്വാസിക്ക് ഒന്നുമില്ലെന്നതാണത്. പ്രാധാന്യമുള്ളതെന്ന് നാം കണക്കാക്കുന്ന ഒന്നും പ്രവാചകരോടുള്ള ഇഷ്ടത്തിന് മുകളിലാക്കാൻ പാടില്ല. "തിരുനബി ﷺ വിശ്വാസികൾക്ക് സ്വന്തം ശരീരത്തേക്കാൾ ബന്ധപ്പെട്ടതാണെന്ന" സൂറതുൽ അഹ്സാബിലെ ആറാം സൂക്തം വിശ്വാസത്തെ സംബന്ധിച്ച നിലപാടാണ് പ്രഖ്യാപിക്കുന്നത്.
നിങ്ങളുടെ മാതാപിതാക്കളേക്കാളും സന്താനങ്ങളേക്കാളും സർവ്വജനങ്ങളേക്കാളും ഞാൻ നിങ്ങളുടെ ഇഷ്ടപാത്രമായില്ലെങ്കിൽ നിങ്ങളുടെ വിശ്വാസം പൂർണ്ണമായിട്ടില്ലെന്ന നിലപാടോർമ്മപ്പെടുത്തിയ തിരുനബിയോട് ഉമറു ബ്നുൽ ഖത്വാബ് (റ) നടത്തുന്ന സംഭാഷണം സ്നേഹത്തിന്റെ നിബന്ധനയെ സംബന്ധിച്ച് കൂടുതൽ വ്യക്തത നൽകുന്നുണ്ട്. അബ്ദുല്ലാഹിബ്നു ഹിശാം(റ) ആണ് സംഭവം അവതരിപ്പിക്കുന്നത്. അനുചരർ തിരുനബി ﷺ യോടൊരുമിച്ചിരിക്കുന്ന ഘട്ടമാണ്. തിരുനബി ﷺ യുടെ കരങ്ങൾ ഉമറുബ്നുൽ ഖത്വാബ് (റ) വിന്റെ കരങ്ങളിൽ കോർത്ത് പിടിച്ചിട്ടുണ്ട്. സ്നേഹത്തിന്റെ രീതിശാസ്ത്രത്തെ തിരുനബിയിൽ നിന്ന് മനസ്സിലാക്കിയ ഉമർ (റ) പറഞ്ഞു: "നബിയേ, എന്റെ ശരീരം കഴിഞ്ഞാൽ എനിക്കേറ്റം പ്രിയപ്പെട്ടത് അങ്ങാണ് ".
സ്വന്തത്തോടുള്ള ഇഷ്ടം കഴിഞ്ഞ് സർവ്വ ഇഷ്ടങ്ങളുടെയും മീതെയാണ് ഉമർ (റ) തിരുനബിക്കിടം നൽകിയത്. പക്ഷെ പ്രവാചകർ പഠിപ്പിച്ചു : "ഓ, പ്രിയപെട്ട ഉമർ...സ്വന്തം ശരീരത്തേക്കാൾ ഞാനൊരാൾക്ക് പ്രിയപ്പെട്ടതാകുമ്പോഴേ അവന്റെ വിശ്വാസം പൂർണമാവുകയുള്ളൂ".
വിശ്വാസത്തിന്റെ പൂർത്തീകരണം ജീവനേക്കാൾ തിരുനബിയെ പ്രിയം വെക്കുന്നതിലൂടെയാണെന്ന സ്നേഹത്തിന്റെ രീതിശാസ്ത്രത്തെപ്പ്രതി കൂടുതൽ വ്യക്തമായ നിർവചനം നൽകുകയായിരുന്നു തിരുനബിﷺ. പലരോടുമുള്ള ഇഷ്ടത്തെക്കുറിച്ച് ജീവന് തുല്യമെന്ന് നാം പറയാറുണ്ട്. പക്ഷെ, പ്രയോഗതലത്തിൽ നാമത് കണ്ടിട്ടുണ്ടാവില്ല. എന്നാൽ ഏത് നിമിഷവും സ്വന്തം ജീവനേക്കാൾ വിശ്വാസി പരിഗണിക്കേണ്ടത് തിരുനബി ﷺ യെയാണ്.
ഓരോ വ്യക്തിയും റസൂലിന് നൽകുന്ന പരിഗണനയുടെ തോത് കർമ്മങ്ങളിൽ നിന്ന് ബോധ്യപ്പെടും. എന്ത് പ്രവർത്തിക്കുമ്പോഴും പ്രസ്തുത കർമ്മത്തിൽ തിരുനബിയുടെ നിലപാട് പരിശോധിക്കുകയും അനുവദനീയമെങ്കിൽ മാത്രം പ്രവർത്തിക്കുകയും ഇല്ലെങ്കിൽ പിന്മാറുകയും ചെയ്യുമ്പോൾ ജീവിതത്തിൽ തിരുനബിയുടെ ഇഷ്ടങ്ങൾക്കിടം നൽകുന്നവരായി മാറുന്നു. അതുകൊണ്ടാണ് നിശിദ്ധമായ ആസ്വാദനങ്ങളിലേക്കും ആഢംബരങ്ങളിലേക്കും ശരീരമാഗ്രഹിക്കുമ്പോൾ തിരുനബിക്കതിഷ്ടമല്ലെന്ന ബോധ്യത്തിൽ വിശ്വാസികൾ അകലം പാലിക്കുന്നത്. ഒരു പക്ഷേ, ഈ തത്വം പൂർണമായി പ്രാവർത്തികമാക്കാൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല. പക്ഷെ, ജീവനേക്കാൾ തിരുനബിയെ സ്നേഹിക്കുമ്പോൾ മാത്രമേ വിശ്വാസത്തിന് പൂർത്തീകരണമുള്ളൂവെന്ന തത്വത്തെ പ്രാവർത്തിക തലത്തിൽ കൊണ്ടുവരാനുള്ള ശ്രമം എല്ലാ മുസ്ലിമിന്റെയും ഭാഗത്തു നിന്നുണ്ടാകണം.
തന്റെ നാവ് കൊണ്ട് തിരുനബിയുടെ പേര് പറയൽ വിശുദ്ധിക്ക് കളങ്കമേൽപ്പിക്കലാകുമോ എന്ന ഭയമായിരുന്നു അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) വിന്. ആമിറുബ്നു അബ്ദുല്ല (റ) വിന്റെയടുക്കൽ വെച്ച് തിരുദൂതരുടെ പേര് പരാമർശിക്കപ്പെട്ടാൽ കരഞ്ഞു കരഞ്ഞ് കണ്ണുനീർ വറ്റിപ്പോവാറുണ്ടായിരുന്നു. ഉഹ്ദ് യുദ്ധത്തിൽ റസൂലിന്റെ നേർക്ക് ചീറിപ്പാഞ്ഞു വരുന്ന ശരവർഷങ്ങളെ സ്വന്തം നെഞ്ചിലേറ്റുവാങ്ങി ശരീരം പരിചയാക്കുകയായിരുന്നു അബൂത്വൽഹ(റ).
കഴുമരത്തിലേറ്റാൻ നേരം സൈദ്(റ) വിന് മുൻപിൽ ശത്രുക്കൾ ഒരു ഓഫർ വെക്കുന്നുണ്ട്. "താനനുഭവിക്കുന്ന ദുർഗതിയുടെ സ്ഥാനത്ത് തിരുനബിയെ ഒന്ന് സങ്കൽപ്പിക്കുക" യെന്നതായിരുന്നു സൈദ് (റ) വിന് നൽകിയ ടാസ്ക്. ഖുബൈബ് (റ) വിന്റെ ചരിത്രത്തിലും സമാന സംഭവമാണ് നാം കാണുന്നത്. ജീവൻ രക്ഷപ്പെടുത്താൻ വേണ്ടി അവർക്ക് സമ്മതം മൂളാമായിരുന്നു. മനസ്സിലുള്ളത് ചികഞ്ഞ് പുറത്തെടുക്കാനാർക്കും കഴിയില്ലല്ലോ. പക്ഷെ, ജീവന്റെ തുടിപ്പായ തിരുനബിയെ കഴുമരച്ചോട്ടിൽ സങ്കൽപ്പിക്കുന്നതു പോയിട്ട് മദീനയിൽ സുരക്ഷിതനായിരിക്കുന്ന പ്രവാചക പാദങ്ങളിൽ ഒരു മുള്ള് തറക്കുന്നത് സങ്കൽപ്പിക്കാൻ പോലുമാകില്ലെന്നായിരുന്നു മരണത്തെ മുഖാമുഖം കാണുന്ന നേരം പോലും അനുചരർ നൽകിയ മറുപടി.
പിതാവും ഭർത്താവും സഹോദരനും മകനും ഉഹ്ദ് യുദ്ധത്തിൽ മരണപ്പെട്ടിട്ടു പോലും അൻസാരി സ്ത്രീയുടെ ആകുലത മുത്ത് റസൂലിനെക്കുറിച്ചായിരുന്നു. നിങ്ങളുടെ ഭർത്താവ് കൊല്ലപ്പെട്ടു, നിങ്ങളുടെ പിതാവ് ശഹീദായി, നിങ്ങളുടെ മകനും സഹോദരനും മരണപ്പെട്ടു എന്നെല്ലാം പലരും അവരോട് പറയുന്നുണ്ടായിരുന്നു. അവയൊന്നും അവരെ ആകുലാചിത്തരാക്കിയില്ല. അല്ലാഹുവിന്റെ റസൂലിന് വല്ലതും പറ്റിയോ എന്ന് മാത്രമായിരുന്നു അവർക്ക് ചോദിക്കാനുണ്ടായിരുന്നത്.
ജീവൻ കൊടുത്തും തിരുനബിയെ സ്നേഹിക്കാനും പരിചരിക്കാനുമുള്ള അനുയായി വൃന്ദത്തിന്റെ വ്യഗ്രതപ്പെടലാണ് ചരിത്രങ്ങളിൽ നമ്മളനുഭവിച്ചത്. ആ സ്നേഹ സമ്പാദനത്തിന് മുൻപിൽ കുടുംബമോ സമ്പത്തോ ശരീരമോ അവർക്ക് മൂല്യമുള്ളതായനുഭവപ്പെട്ടില്ല. അവരുടെ ജീവിതങ്ങളെ വായിക്കുമ്പോഴാണ് സ്നേഹ പ്രകടനത്തിന്റെ ആഴവും പരപ്പും ബോധ്യപ്പെടുകയുള്ളൂ.
സ്വാഭാവികമായും ഉയർന്നു വരാവുന്ന വിമർശനത്തെ നമ്മളഭിമുഖീകരിക്കുകയാണ്. തന്റെ രാജ്യത്തെ പൗരന്മാരുടെ മനസ്സിൽ സ്നേഹത്തിലും ആദരവിലും തനിക്ക് സ്ഥാനം വേണമെന്നാഗ്രഹിക്കുകയും പ്രഖ്യാപിക്കുകയും പിൻതുടരാത്തവരെ ക്രൂരമായി പീഢിപ്പിക്കാനും ഇല്ലായ്മ ചെയ്യാനും ആഹ്വാനം ചെയ്യുകയും ചെയ്യുന്ന രാജാക്കന്മാരുടെ കഥകൾ, ചരിത്രങ്ങളിൽ നാം വായിച്ചിട്ടുണ്ട്. അവിടെയെല്ലാം പൗര സ്നേഹം പിടിച്ചു വാങ്ങുന്ന കാഴ്ചയാണ് നാം കാണുന്നത്. ഭരണാധികാരിയുടെ സ്നേഹത്തോട് സാമ്യമായ സ്വാർത്ഥ താൽപര്യമല്ലാതെ മറ്റൊന്നുമില്ല തിരുനബി സ്നേഹത്തിന്റെ രീതിശാസ്ത്രത്തിലെന്ന വിമർശകർ പലപ്പോഴും ഉന്നയിക്കുന്നത്.
പ്രത്യക്ഷത്തിൽ സാമ്യമായി തോന്നിയേക്കാം. എന്നാൽ ശരിയായി വിശകലനം നടത്തിയാൽ ഇരു സ്നേഹങ്ങൾക്കുമിടയിൽ വിശാലമായ വ്യത്യാസമുണ്ടെന്ന് ബോധ്യപ്പെടുന്നതാണ്. പ്രജകൾക്ക് സർവ്വത്തേക്കാളുമുപരി തന്നോട് സ്നേഹമുണ്ടാവണമെന്നാഗ്രഹിക്കുന്ന ഭരണാധികാരിക്ക് പ്രജകളുടെ മനസ്സിൽ തന്റെ സ്ഥാനം വർധിക്കണമെന്നതല്ലാതെ മറ്റെന്ത് ലക്ഷ്യമാണുള്ളത് ? ഒന്നുമില്ല. പക്ഷെ, തിരുനബി സ്നേഹത്തിൽ സംഭവിക്കുന്നതതല്ല. ഓരോ മനുഷ്യന്റെയും അടിസ്ഥാനപരവും ശാശ്വതവുമായ വിജയത്തിനുള്ള വഴിയാണ് തിരുനബിയോടുള്ള അധമ്യമായ അനുരാഗം. സർവ്വലോകരും തന്നെ സ്നേഹിക്കുന്നുവെന്ന കാരണം കൊണ്ട് തിരുദൂതരുടെ ശ്രേഷ്ടതയിൽ ഒരൽപം വർധനവോ ലോകത്തൊരു മനുഷ്യനും സ്നേഹിക്കാത്തതിന്റെ പേരിൽ ശ്രേഷ്ടതക്ക് ഒരംശം കുറവോ സംഭവിക്കുന്നില്ല. നേട്ടമുള്ളത് സ്നേഹിക്കുന്നവനാണ്. ലളിതമായ നേട്ടമല്ല. അനന്തവും ശാശ്വതവുമായ സന്തോഷവും വിജയവുമാണ് നേട്ടം. ഇനിയാലോചിക്കുക. തിരുനബിയോടുള്ള സ്നേഹ നിർദ്ദേശത്തിലെവിടെയാണ് സ്വാർത്ഥതയുള്ളത്. ഒരിക്കലുമില്ല.
പ്രമാണങ്ങളുടെ പിൻബലമില്ലെങ്കിൽ പോലും ലോകത്തിന്റെ പരമമായ സ്നേഹം സമർപ്പിക്കപ്പെടാൻ നൂറ് ശതമാനം അർഹതയുള്ള വ്യക്തിത്വമാണ് തിരുനബി ﷺ. ഒരു വ്യക്തിയോടുള്ള സ്നേഹത്തിനാധാരമായി വർത്തിക്കുന്ന ഘടകങ്ങൾ പഞ്ചേന്ദ്രിയങ്ങൾക്ക് ഗോചരീഭവിക്കുന്ന സൗന്ദര്യമടക്കമുള്ള ബാഹ്യഗുണങ്ങൾ, വിജ്ഞാനം, സ്നേഹം, കരുണ പോലെ ആന്തരിക ഗുണങ്ങൾ, ലഭ്യമാകുന്ന നന്മകൾ, ഉപകാരങ്ങൾ എന്നിവയാണവ. ആരോട് തോന്നുന്ന ഇഷ്ടത്തിന്റെയും ഹേതുകം ഈ മൂന്നിലൊന്നായിരിക്കും. കാഴ്ചയിൽ ഭംഗിയുള്ളവരോടും ഇമ്പമുള്ള പാട്ട് പാടുന്നവരോടും രുചികരമായ ഭക്ഷണത്തോടും നമുക്കനുഭവപ്പെടുന്ന ഇഷ്ടം ആദ്യം പറഞ്ഞ ബാഹ്യഗുണങ്ങൾ മുഖേനയാണ്. സൽസ്വഭാവികളോടും ധിഷണാശാലികളോടുമെല്ലാം തോന്നുന്ന സ്നേഹം അവരിലുൾചേർന്ന ആന്തരിക ഗുണങ്ങളോടുള്ള ആകർഷണം കൊണ്ടാണ്. നമ്മെ സഹായിച്ചവരോടും ഉപകാരങ്ങൾ ചെയ്തവരോടുമുണ്ടാകുന്ന താൽപര്യമാണ് മൂന്നാമത്തേത്. ഈ ഗുണങ്ങൾ കൂടുതലുള്ളവരോട് കൂടുതലിഷ്ടം തോന്നുന്നു. ഗുണങ്ങളുടെ ഏറ്റക്കുറച്ചിലുകളുടെ അനുപാതത്തിൽ സ്നേഹത്തിന്റെ അളവിലും മാറ്റങ്ങളുണ്ടാകും.
എന്നാൽ സ്നേഹത്തിനാധാരമായ സർവ്വ ഘടകങ്ങളുടെയും സമഗ്രമായ മേളനം തിരുനബിയിൽ കാണാൻ കഴിയും. തിരുനബിയുടെ സൗന്ദര്യത്തെ വർണ്ണിക്കാൻ സ്വഹാബിമാർ പരമാവധി ശ്രമിച്ചിട്ടുണ്ട്. അനുപമവും അത്യപൂർവ്വവുമായ സൗന്ദര്യപ്പൂനിലാവായാണ് തിരുനബിയെ അവർക്ക് അനുഭവിക്കാൻ കഴിഞ്ഞത്. ആന്തരികവും ബാഹ്യവുമായ സൗന്ദര്യം ഇത്രമേൽ സമഗ്രമായൊരുമിച്ച മറ്റൊന്നും ഞങ്ങളനുഭവിച്ചിട്ടില്ലെന്ന് പറയാനാണ് അവർക്ക് സാധിച്ചത്. കാഴ്ചയിലനുഭവേദ്യമാകുന്ന സൗന്ദര്യത്തിൽ ആകൃഷ്ടരായി നാമിഷ്ടപ്പെടുന്ന ഏതു വ്യക്തിയിലും സൂക്ഷ്മ പരിശോധനക്ക് മുമ്പ് തന്നെ ന്യൂനതകൾ കാണാൻ കഴിയും. എന്നാൽ തിരുനബിയുടെ അടക്കത്തിലും അനക്കത്തിലും സാമീപ്യം പുലർത്തുകയും സർവ്വവഹാരങ്ങളും ഒപ്പിയെടുക്കുകയും അനുധാവനം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സന്തതസഹചാരികളായ അനുചരർക്ക് ന്യൂനതയുടെ ഒരു അടയാളവും തിരുനബിയിൽ ദർശിക്കാനായിട്ടില്ല.
മനുഷ്യ യുക്തിക്ക് ഒരിക്കലും തിരുദൂതരുടെ പൂർണ്ണ സൗന്ദര്യത്തെ മനസ്സിലാക്കാൻ കഴിയില്ല. സൗന്ദര്യം എന്ന സംജ്ഞയുടെ നേർപകുതി പൂർണമായും മേളിച്ചവരാണ് തിരുനബിﷺ. ബാക്കി പകുതിയാണ് ലോകത്തെ മറ്റു സൃഷ്ടികൾക്കൊന്നടങ്കം അല്ലാഹു നൽകിയതെന്ന് മഹാന്മാർ പഠിപ്പിക്കുന്നുണ്ട്. സ്വാഭാവികമായും ആ സൗന്ദര്യ പൂർണ്ണിമയെ സങ്കൽപ്പിക്കാൻ പോലും നമ്മളശക്തരാണ്.
ആന്തരികമായ ഗുണങ്ങളുടെ വിശകലനത്തിലും നൈതികമായ സർവ്വ മൂല്യങ്ങളുടേയും സമഗ്രത തിരുനബിയുടെ സ്വത്വത്തിൽ നാമനുഭവിക്കുന്നു. ഒരാളുടെ ആത്മാവിനോടും സ്വത്വത്തോടും ചേർന്നു നിൽക്കുന്ന മൂല്യങ്ങളെയാണല്ലോ സ്വഭാവം എന്ന് വിളിക്കുന്നത്. തിരുനബിയുടെ ആത്മാവിനോടും സ്വത്വത്തോടും ചേർന്ന മൂല്യങ്ങൾ ഏറ്റവും ഉദാത്തമായതാണ്. അതുകൊണ്ടുതന്നെയാണ് സ്വഭാവമെന്ന തലവാചകത്തിന് താഴെ വരുന്ന മുഴുവൻ കാര്യങ്ങളിലും പൂർണ്ണതയുടെ ഏറ്റവുമുച്ചിയിൽ മുത്ത് നബിയെ വായിക്കാൻ കഴിയുന്നത്.
സ്നേഹം, കാരുണ്യം, സഹനം, വിനയം, വാത്സല്യം, ക്ഷമ, വിട്ടുവീഴ്ച, മാപ്പ്, ത്യാഗം, ലജ്ജ, ഹൃദയ നൈർമല്യം, നീതി, സത്യസന്ധത, വിശ്വസ്തത, സൗമ്യത, മാന്യത, പക്വത തുടങ്ങി ആന്തരികമായ ഏത് സ്വഭാവ ഗുണങ്ങൾ പരിശോധിച്ചാലും അതിന്റെ പൂർണ്ണതയും പൂർണമായ മാതൃകയും മുത്ത് നബിയിലുണ്ട്. നിങ്ങൾക്ക് അല്ലാഹുവിന്റെ റസൂലിൽ ഉത്തമ മാതൃകയുണ്ടെന്ന് ഖുർആൻ തന്നെ പഠിപ്പിക്കുന്നുണ്ട്. ആ മൂല്യങ്ങളുടെ മനോഹാരിത തന്നെയായിരുന്നു തിരുനബി ﷺ സമൂഹത്തിന് പകർന്നു നൽകിയ ഏറ്റവും വലിയ സന്ദേശം. അതുതന്നെയായിരുന്നു മുത്ത് നബിയുടെ പ്രബോധന മാർഗം. ഇസ്‌ലാമിന്റെ സൗന്ദര്യം ലോകം വീക്ഷിച്ചത് ഈ ജീവിതത്തിൽ നിന്നാണ്. തിരു നബിയെയും ആശയങ്ങളെയും സ്വീകരിക്കാൻ തയ്യാറാകാതിരുന്ന അക്കാലത്തെ പ്രതിയോഗികൾ പോലും തിരുദൂതരുടെ സ്വഭാവമാഹാത്മ്യത്തെ സമ്മതിക്കുന്നവരാണ്. പുതിയ കാലത്തും തിരുറസൂലിന് നേർക്ക് എത്ര വിമർശനങ്ങൾ ഉന്നയിക്കുമ്പോൾ പോലും അതിവിശിഷ്ടമായ സ്വഭാവ മൂല്യങ്ങളെ അവർക്കൊരിക്കലും തമസ്കരിക്കാൻ സാധിക്കുകയില്ല. ഏറ്റവും മഹത്തായ സ്വഭാവത്തിനുടമയെന്ന് തിരുനബി ﷺ ക്ക് സർട്ടിഫിക്കറ്റ് നൽകിയത് വിശുദ്ധ ഖുർആൻ തന്നെയാണ്.
സ്നേഹത്തിനാധാരമായ അവസാന ഘടകം ഗുണം ചെയ്യലാണ്. ഒരു വ്യക്തിയിൽ നിന്ന് ലഭ്യമാകുന്ന ഗുണത്തെ അടിസ്ഥാനപ്പെടുത്തി സ്നേഹത്തിന് ഏറ്റക്കുറച്ചിലുകളുണ്ടാകും. എന്നാൽ തിരുനബിയോളം നമുക്ക് ഗുണവും ഉപകാരവും ചെയ്തവരാരാണ് ?. ലോകത്തെ ചേതനവും അചേതനവും ഗോചരവും ഗോചരേതരവുമായ സർവ്വ വസ്തുക്കളുടെയും നാമനുഭവിക്കുന്ന അനുഭൂതികളുടെയും ആസ്വാദനങ്ങളുടെയും സൃഷ്ടിപ്പിന്റെ ആദിഹേതുകം തിരുദൂതരാണ്. പ്രഥമമായി സൃഷ്ടിക്കപ്പെട്ട ഹഖീഖതുമുഹമ്മദിയയുടെ സൃഷ്ടിപ്പില്ലായിരുന്നുവെങ്കിൽ ലോകത്ത് മറ്റൊന്നുമുണ്ടാകുമായിരുന്നില്ലെന്ന് മഹാന്മാർ പഠിപ്പിക്കുന്നുണ്ട്. ഇതിനെ മികക്കുന്ന ഒരു ഗുണം ആർക്കും ചെയ്യാനാകില്ല. അതുകൊണ്ടുതന്നെയാണ് "വിശ്വാസിക്ക് ജീവിതത്തേക്കാൾ പ്രധാനമാണ് " എന്ന് ഖുർആൻ ബോധ്യപ്പെടുത്തിയത്. (സൂറ: അൽഅഹ്സാബ്: 06).
സർവ്വ വസ്തുക്കളെക്കാളും മുത്തുനബി ഇഷ്ടഭാജനമാവുകയെന്നത് ഏറ്റവും യുക്തിഭദ്രമാണെന്ന് ബോധ്യപ്പെടുത്താനാണ് ഇത്രയും പറഞ്ഞത്. ഇതിനെല്ലാമപ്പുറത്ത് ഒരു മുസ്‌ലിമിന് തിരുനബിയോട് ഇഷ്ടമുണ്ടാകാനുള്ള കാരണം മറ്റൊന്നാണ്. മുത്ത് നബിയോടുള്ള സ്നേഹം സ്രഷ്ടാവായ അല്ലാഹുവിനോടുള്ള സ്നേഹത്തിന്റെ തുടർച്ചയാണെന്നതാണ് അത്. അല്ലാഹുവിനെ ഇഷ്ടപ്പെടുന്നവർക്ക് മുത്ത് നബിയോട് സ്വാഭാവികമായും സ്നേഹം രൂപപ്പെടും. സ്നേഹമെന്നത് അതിവിശിഷ്ടമായ വികാരമാണ്. ഒരു വ്യക്തിയോട് അനുരാഗ ബദ്ധനായ ഒരാൾക്ക് ആ വ്യക്തിയെ മാറ്റി നിർത്തിയുള്ള സമയങ്ങളുണ്ടാവില്ല. അനുരാഗിയെക്കുറിച്ചുള്ള ആലോചനകൾ പോലും സാന്ത്വനമാണ്. അനുരാഗിയെ സദാ വീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുകയെന്നത് സ്വാഭാവികമാണ്. നമ്മുടെ ജീവിതത്തിൽ തന്നെ ഏറെ ഉദാഹരണങ്ങളുണ്ട്.
മുത്തുനബിയോടുള്ള ഇഷ്ടമെന്നത് വെറുമൊരു തത്വം മാത്രമല്ല. മുത്തുനബിയോടുള്ള ഇഷ്ടം തിരുനബിയെ പഠിക്കാനും അനുധാവനം ചെയ്യാനുമുള്ള പ്രായോഗിക തലമാണ്. വിശുദ്ധ ഖുർആനിൽ സൂറത്തു ആലഇംറാനിൽ "അല്ലാഹുവിനോടുള്ള ഇഷ്ടം മുത്തുനബിയെ അനുധാവനം ചെയ്യലാണെന്നും അല്ലാഹുവിൻറെ സ്നേഹ സമ്പാദ്യനത്തിനുള്ള വഴിയാണെന്നും "പഠിപ്പിക്കുന്നുണ്ട്. ഇതുതന്നെയാണ് ജീവനേക്കാൾ മുത്ത് നബിയെ സ്നേഹിക്കണമെന്ന് പറയുന്നതിന്റെ യുക്തി.
തിരുനബി ﷺ യെ ജീവിതത്തിൽ സമ്പൂർണ്ണമായി അനുധാവനം ചെയ്യലാണ് വിശ്വാസിക്ക് നിർവ്വഹിക്കാനുള്ളത്. വിജയത്തിനുള്ള ഏറ്റവും വലിയ മാർഗമാണത്. നൈതിക മൂല്യങ്ങൾ ഏറ്റവും സമഗ്രമായും മനോഹരമായും ജീവിതത്തിലാവാഹിച്ച വ്യക്തിയെന്ന നിലയിൽ മുത്ത് നബിയുടെ ജീവിതത്തെ അനുധാവനം ചെയ്യൽ നമ്മുടെ വ്യക്തിത്വം പരിശുദ്ധമാക്കാനുള്ള മാർഗമാണ്. അല്ലാഹുവിൻറെ ഇഷ്ടങ്ങൾ മാത്രം പ്രവർത്തിക്കുകയും അതുമാത്രം സംസാരിക്കുകയും ചെയ്തവരാണ് തിരുനബിﷺ. ആ ജീവിതത്തെ അനുധാവനം ചെയ്യുകയെന്നാൽ അല്ലാഹുവിൻറെ ഇഷ്ടാനിഷ്ടങ്ങളെ അനുസരിക്കുക എന്നതാണ്.
സ്രഷ്ടാവായ അല്ലാഹുവിന് നിരന്തരം വഴിപ്പെട്ട് ആരാധനകളർപ്പിക്കലാണ് മനുഷ്യന്റെ അടിസ്ഥാനപരമായ ഉദ്ദേശ്യം. അല്ലാഹുവിന്റെ പ്രതിനിധികൾ എന്ന അർത്ഥത്തിൽ അവൻറെ നിർദ്ദേശങ്ങൾ അക്ഷരാനുസരണം പ്രാവർത്തികമാക്കുകയെന്നതല്ലാതെ ഈ ജീവിതം കൊണ്ട് നമുക്കൊന്നും ചെയ്യാനില്ല. ആ അർത്ഥത്തിൽ ജീവിതത്തെ ക്രമപ്പെടുത്തുകയും അല്ലാഹുവിന്റെ ഇഷ്ടപ്പെട്ട അടിമകളിൽ അനന്തവും ശാശ്വതവുമായ വിജയത്തിലേക്കുള്ള വഴിയിൽ ഇടമുറപ്പിക്കുകയും ചെയ്യലാണ് വിശ്വാസിയുടെ ബോധ്യത്തിൽ സദാസമയമുണ്ടാകേണ്ട കാര്യം. പ്രസ്തുത ഇഷ്ടം നേടാനുള്ള വഴി മുത്ത് നബിയെ സ്നേഹിക്കലും അനുധാവനം ചെയ്യലുമാണ്. ആ സ്നേഹമില്ലാതെ വിശ്വാസം പൂർണ്ണമാവില്ല. ആ സ്നേഹം സ്വന്തം ശരീരത്തോടുള്ള സ്നേഹത്തേക്കാൾ പ്രധാനമാണ്. തിരുദൂതരേക്കാൾ മുസ്ലിമിന് പ്രിയപ്പെട്ടതല്ല സ്വന്തം ശരീരം എന്നർത്ഥം.
26 August, 2024 08:02 pm
Muhammad kunhi
السلام عليكم ورحمة الله പ്രമാണങ്ങളുടെ പിൻബലമില്ലെങ്കിൽ പോലും ലോകത്തിന്റെ പരമമായ സ്നേഹം സമർപ്പിക്കപ്പെടാൻ നൂറ് ശതമാനം അർഹതയുള്ള വ്യക്തിത്വമാണ് തിരുനബി ﷺ. ഇത് താങ്കൾ മുകൾ എഴുതിയ ഉമറേ താങ്കൾ വിശ്വാസി ആയിട്ടില്ല എന്ന സംഭാഷണം പ്രമാണമായി പരിഗണിക്കപ്പെടില്ലേ? അത് പോലെ മാതാവിനെക്കാളും........സർവ്വ ജനങ്ങളെക്കാളും പ്രിയപ്പെട്ടവനാകുന്നത് വരെ ഇതൊക്കെ പ്രമാണമല്ലാതെ മറ്റെന്താണ്? താങ്കളുദ്ദേശിച്ച പ്രമാണം എന്താണ്? വ്യക്തമാക്കി തന്നാലും5 November, 2023 11:10 pm
Muhammed Swafooh OK
നബിസ്‌നേഹത്തിന്റെ പ്രധാന്യം മലയാളത്തിൽ പ്രകടിപ്പിക്കാൻ ശ്രമിച്ച മുബാരിഷ്ന്ന് ????????????