ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ സമാനതകളില്ലാത്ത അത്യുജ്ജലമായ സായുധ വിപ്ലവമാണ് 1921ലെ മലബാർ സമരം .ഖിലാഫത്ത്,നിസ്സഹകരണ, കുടിയാൻ പ്രസ്ഥാനങ്ങൾ ഒരേ ആവശ്യത്തിലേക്ക് കൈകോർത്തപ്പോൾ സാമ്രാജ്യത്വ ശക്തികൾക്കെതിരെ മലബാറിലെ ധീരയോദ്ധാക്കൾ നടത്തിയ സമര പോരാട്ടങ്ങൾ വിസ്മരിക്കാൻ പറ്റാത്ത ചരിത്രമാണ്.

ബ്രിട്ടീഷുകാർക്കെതിരെ രാജ്യമെങ്ങും സമരങ്ങളും പോരാട്ടങ്ങളും നടക്കുന്ന കാലം. നിസ്സഹകരണ പ്രസ്ഥാനവും ഖിലാഫത്ത് പ്രസ്ഥാനവുമായി ജാതി-മതഭേദമന്യേ ഇന്ത്യക്കാരെല്ലാം പിറന്ന മണ്ണിൻ്റെ, മാതൃ രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പട പൊരുതുകയാണ്. നമ്മുടെ കൊച്ചു കേരളത്തിലും അതിൻ്റെ അലയൊലികൾ മുഴങ്ങിയിരുന്നു. അത്തരത്തിലുള്ള ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടന്ന അധിനിവേശ വിരുദ്ധ സമര മുന്നേറ്റങ്ങളിൽ കാലദൈർഘ്യം കൊണ്ടും സമരക്കാരുടെ അനിതര സാധാരണമായ പോരാട്ടവീര്യം കൊണ്ടും വിശ്രുതമായ അധ്യായമാണ് 1921ലെ മലബാർ സമരവും. ഇത് ബഹുജന പിന്തുണയുള്ളതും വ്യത്യസ്ത വിഭാഗങ്ങൾ പങ്കെടുത്തതുമായ പോരാട്ടമായിരുന്നു. എന്നാൽ ,ഇന്ന് മലബാർ സമരത്തെ വർഗീയ ലഹളയും മതഭ്രാന്തിൻ്റെ പ്രകാശമായും ജന്മികുടിയാൻ സംഘർഷങ്ങളുടെ ഇരമ്പലായും ദേശീയ സമരങ്ങളുടെ ആത്മബോധമായുമൊക്കെ ചിത്രീകരിക്കുന്നുണ്ട്.

 

ചരിത്ര യാഥാർത്ഥ്യങ്ങളെ വളച്ചൊടിക്കുകയെന്നത് ഒട്ടും അസാധാരണമല്ലെന്ന് മാത്രമല്ല, ഏറെക്കുറെ അനായാസം ചെയ്യാവുന്ന ഒരു ബൗദ്ധിക കുറ്റകൃത്യം കൂടിയാണ്. മരിച്ചു മണ്ണടിഞ്ഞവർ ആരോടും പക തീർക്കാനോ പകരംവീട്ടാനോ തിരിച്ചു വരാൻ പോകുന്നില്ല എന്നതുകൊണ്ട് മലബാർ സമരത്തെ കുറിച്ചും സമരത്തിൽ രക്തസാക്ഷിത്വം വഹിച്ച മാപ്പിള പോരാളികളെ കുറിച്ചും അങ്ങനെ പല കള്ളക്കഥകളും കലാപാനന്തരം പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്.നിർബന്ധ മതപരിവർത്തനം, കൊള്ള, ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യൽ തുടങ്ങിയവയെല്ലാം അന്നും ഇന്നും ധാരാളം പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. മലബാർ സമരത്തെ വർഗീയവത്ക്കരിക്കാൻ താൽപര്യമുള്ളവരാണ് ഇന്ന് അതിൻ്റെ മുൻപന്തിയിൽ.

 

ഹിന്ദു വിരുദ്ധവും ഹിന്ദുക്കളെ മതപരിവർത്തനം നടത്തിയ ലഹളകളുമായിരുന്നു മലബാർ സമരങ്ങൾ എന്ന പരമ്പരാഗത വിശദീകരണങ്ങളിൽ നിന്ന് വ്യത്യസ്തമായി കുറച്ചുകൂടി തീവ്രമായി മലബാർ സമരത്തെ അവതരിപ്പിക്കാനാണ് പരിവാർ ആഖ്യാനങ്ങൾ ഇപ്പോൾ ശ്രമിക്കുന്നത്. ഹിന്ദുക്കളെ വംശഹത്യ നടത്തിയും മതപരിവർത്തനം നടത്താൻ ലക്ഷ്യമിട്ടതുമായ ലഹളകളായിരുന്നു മലബാർ സമരങ്ങൾ എന്നതാണ് ഈ ആഖ്യാനങ്ങളുടെ സ്വഭാവം.ഖിലാഫത്ത് രാജ്യം സ്ഥാപിക്കാൻ ഹിന്ദുക്കളെ മതം മാറ്റിയതും നടത്തിയതുമായി ലഹളകളായിട്ടാണ് മലബാർ സമരത്തെ ഇവർ പ്രചരിപ്പിക്കുന്നത്. കൊളോണിയൽ വിരുദ്ധ സ്വാതന്ത്രസമരം ആയിരുന്നു മലബാർ സമരങ്ങൾ എന്ന ദേശീയ സമര വിഷയം വിശകലനങ്ങളെയും ചരിത്ര വിശകലനങ്ങളെയും ഇത്തരം ഹിന്ദുത്വവാദ വ്യാഖ്യാനങ്ങൾ അംഗീകരിക്കുന്നില്ല.

 

ജന്മിത്തത്തിനും ബ്രിട്ടീഷ് കൊളോണിയലിസത്തിനുമെതിരായ കർഷകസമരമായിട്ടായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടി മലബാർ സമരത്തെ കണ്ടിരുന്നത്. കമ്മ്യൂണിസ്റ്റ് ആഖ്യാനങ്ങളിൽ ജന്മിത്ത ബ്രിട്ടീഷ് വിരുദ്ധ കർഷക കലാപം എന്നത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു വ്യാഖ്യാനമാണ് .മലബാർ സമരം കൊളോണിയൽ വിരുദ്ധവും ജന്മിത്വത്തിനെതിരായതുമായ കാർഷിക സായുധ കലാപമായിരുന്നു എന്നത് അക്കാദമിക രംഗത്തും സ്വീകാര്യത നേടിയ ഒരു വിശകലനമാണ്. കൊളോണിയൽ കാലഘട്ടത്തെ പറ്റിയുള്ള ഇടതുപക്ഷ സമീപനത്തിൽ ഇന്ത്യ സ്വാതന്ത്ര്യപൂർവ്വ കാലഘട്ടത്തിലെ കർഷകസമരങ്ങൾ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളായി സ്ഥാന പെടുത്തുന്നത് അസ്വാഭാവികതയില്ല .ഇടതുപക്ഷ രാഷ്ട്രീയത്തിൻ്റെ പ്രത്യയശാസ്ത്ര വിശദീകരണത്തിന് ആവശ്യമായിരുന്നു ഇത്തരം വിശകലനങ്ങൾ. ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളെ കർഷകസമരങ്ങളുടെ പ്രധാന മുൻ പാഠമായി സ്ഥാനപ്പെടുത്തുന്ന രീതി കർഷകസമരങ്ങളെ ആധാരമാക്കുന്ന വ്യാഖ്യാനങ്ങളിൽ പ്രാധാന്യത്തോടെ വരുന്നത് സ്വാഭാവികമാണ്.

 

പാശ്ചാത്യാധിനിവേശ വിരുദ്ധ മലബാർ സമരങ്ങളും മാപ്പിള പോരാളികളുടെ പ്രതിരോധവും രക്തസാക്ഷിത്വവും കേരളത്തിലെ ദേശീയ സ്വാതന്ത്ര്യ സമരത്തിലെ വഴിതെറ്റിയ ഒരു അപഭ്രംശ ദുരന്തമായിട്ടാണ് വാരേണ്യ കോൺഗ്രസ് ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഒന്നിൽ തന്നെ മലബാർ സമരങ്ങൾ വ്യാഖ്യാനിച്ചത്.

 

അക്രമം നടത്തുമ്പോൾ ‘നോർമൽ’ ആവുകയും അക്രമം നടത്താതിരിക്കുമ്പോൾ ‘അബ്നോർമൽ’ ആവുകയും ചെയ്യുന്ന രോഗാതുര മനസ്സാണ് മാപ്പിളമാർക്കെന്നും സമരം കത്തിപ്പടർന്ന ഏറനാട് , വള്ളുവനാട് താലൂക്കുകൾ ‘മതഭ്രാന്ത് പ്രദേശ’മാണെന്നും കോൺറാഡ് വുഡ് പറഞ്ഞ് വെക്കുന്നുണ്ട് .സ്റ്റീഫൻ ഡെയ്ലിൻ്റെ സിദ്ധാന്തപ്രകാരം മാപ്പിള പോരാളികളെ ആദ്യാന്തം സ്വാധീനിച്ചത് ‘ മതപരമായ ആത്മഹത്യാ പ്രവണതയാണ്.’ മതഭ്രാന്തും മതവിശ്വാസവും അഭിന്നമാണ് എന്നാണ് ഡെയ്ൽ സ്ഥാപിക്കാൻ ശ്രമിക്കുന്നത്.

 

‘ മാപ്പിളമാരുടെ മതാവേശത്തെ പലപ്പോഴും വർഗീയതയുമായി സമീകരിക്കുന്ന ചിന്തയാണ് മലബാർ കലാപത്തെക്കുറിച്ചുള്ള മിക്ക ആധുനിക ചർച്ചകളെയും ദുഷിപ്പിക്കുന്നത്. എന്ന എം ഗംഗാധരൻ്റെ നിരീക്ഷണവും കലാപകാരികളുടെ വിശ്വാസത്തെയും കാഴ്ചപ്പാടുകളെയും രൂപപ്പെടുത്തുന്നതിൽ മതസ്വാധീനവും പങ്കുവഹിച്ചു എന്ന കെ എൻ പണിക്കരുടെ നിഗമനവും ഇതിൽ നിന്ന് വേറിട്ട് നിൽക്കുന്നവയാണ്.

മലബാർ സമരത്തെ വർഗീയലഹളയായി ചിത്രീകരിക്കാൻ ശ്രമിക്കുമ്പോഴും സാമുദായിക സൗഹൃദത്തിന് ശ്രദ്ധേയമായ മാതൃകകൾ നമുക്ക് മുമ്പിലുണ്ട്. മലബാർ സമരകാലത്ത് മലപ്പുറം പാറനമ്പിയുടെ വീട് കൊള്ള ചെയ്യാൻ വരുന്നുണ്ടെന്ന് ശ്രുതി പരന്നു. ഉടനെ മുട്ടേങ്ങാടൻ അയമു, തച്ചടി പുളിക്കണ്ണി പോക്കർ ,കുഞ്ഞമ്മ ,നരിപറ്റ കുഞ്ഞലവി എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം മാപ്പിളമാർ നമ്പിയുടെ മഠത്തിന് രാവും പകലും പാറാവു നിന്നു. ആൾക്കൂട്ടത്തെ കണ്ട പട്ടാളം മാപ്പിളമാരെ ആക്രമിക്കാനൊരുങ്ങി.മാപ്പിളമാർ ആക്രമിക്കാൻ വന്നതല്ല, ഞങ്ങൾക്ക് കാവൽ നിൽക്കുകയാണെന്ന് വാസു നമ്പീശൻ പറഞ്ഞത് മൂലം പട്ടാളം തിരിഞ്ഞു പോയ സംഭവം അത്തരത്തിലൊന്നാണ്.

 

മലബാറിലെ സ്വാതന്ത്ര്യ സമരങ്ങളെ ഹിന്ദു-മുസ്ലിം കലാപങ്ങളായി ചിത്രീകരിക്കപ്പെടുന്ന, മതഭ്രാന്ത്രായും ജന്മികുടിയാൻ സംഘർഷങ്ങളായും മറ്റും ചിത്രീകരിക്കപ്പെടുന്ന ഇക്കാലത്ത്, ആ ധീര പോരാട്ടത്തെയും പോരാളികളെയും ഓർക്കേണ്ടതും ഓർമ്മിപ്പിക്കേണ്ടതും നമ്മുടെ ബാധ്യതയാണ് .ചരിത്രം വികലമാക്കപ്പെടുകയും അസഹിഷ്ണുത വളരുകയും ചെയ്യുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത് .ചരിത്രത്തിലെ തിളക്കമാർന്ന ഏടുകൾ കണ്ടെടുത്ത് വർത്തമാനകാലത്തോട് ക്രിയാത്മകമായ സംവാദത്തിന് സമൂഹത്തെ പ്രാപ്തരാക്കേണ്ടതുണ്ട്.

Questions / Comments:



No comments yet.