മാപ്പിളവര്‍ഗത്തെ വംശവിച്ഛേദനം നടത്തുക എന്ന സാമ്രാജ്യത്വ പദ്ധതിയെ ശക്തിയുക്തം നേരിടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു പാണ്ടിക്കാട് യുദ്ധം. അഥവാ ഗൂര്‍ഖാ റൈഫിള്‍സ് ക്യാമ്പ് ആക്രമണം. പെരിന്തല്‍മണ്ണ റോഡില്‍ വയലിനോടു ചേര്‍ന്നുണ്ടായിരുന്ന അന്നത്തെ പാണ്ടിക്കാട് ചന്തപ്പുരയിലായിരുന്നു ഗൂര്‍ഖാ ക്യാമ്പ്. വാരിയന്‍ കുന്നനും ചെമ്പ്രശ്ശേരി തങ്ങളും മുക്രി അയമ്മദും ചേര്‍ന്ന് പരിശീലനം നേടിയ 2000ത്തോളം മാപ്പിളപ്പടയെ ആക്രമത്തിനു സജ്ജമാക്കി. ഇവര്‍ മൂവരും ആക്രമണത്തില്‍ പങ്കാളികളായിരുന്നില്ല. കൂട്ടബാങ്കിന്റെ അകമ്പടിയോടെ ചന്തപ്പുരയുടെ മണ്‍ചുമര്‍ ഉന്തി മറിച്ചാണ് മാപ്പിളപ്പട അകത്തുകടന്നത്. ഞൊടിയിടയിലുള്ള ആക്രമണത്തില്‍ അവര്‍ക്ക് വല്ലതും ചെയ്യാന്‍ കഴിയുന്നതിനു മുമ്പുതന്നെ നിരവധിപേര്‍ വധിക്കപ്പെട്ടിരുന്നു. ക്യാപ്റ്റന്‍ അവ്‌റേല്‍ അടക്കം നിരവധി പേര്‍ മൃതിയടഞ്ഞിട്ടുണ്ടെങ്കിലും ബ്രിട്ടീഷ് പക്ഷത്തുനിന്ന് 5 പേര്‍ മരിച്ചുവെന്നാണ് ഹിച്ച്‌കോക്കും കോണ്‍റാഡ് വുഡുമെല്ലാം രേഖപ്പെടുത്തിവെച്ചത്. മാപ്പിള മരണം 170 എന്നും 260 എന്നും രേഖപ്പെടുത്തിക്കാണുന്നുണ്ട്. ഈ ക്യാമ്പില്‍ 80 ഗൂര്‍ഖകളായിരുന്നുവെന്ന് മാധവന്‍ നായര്‍ നിരീക്ഷിക്കുമ്പോള്‍ 150 പേരായിരുന്നുവെന്നാണ് ഹിച്ച്‌കോക്കിന്റെ വാദം. എന്നാല്‍ മുന്നൂറു പേരാണ് ക്യാമ്പിലുണ്ടായിരുന്നതെന്നാണ് മാപ്പിള നിരീക്ഷണം.
ഇതു മാത്രമായിരുന്നില്ല പോരുകള്‍. 1921 ഡിസംബര്‍ 9 ന് തോണിയില്‍ വീട്ടില്‍ വെച്ച് നടന്ന യുദ്ധത്തില്‍ 81 മാപ്പിളമാരും 1921 ക്ലാരിപുത്തൂര്‍ യുദ്ധത്തില്‍ 39 ഖിലാഫത്ത് യോദ്ധാക്കളും ഒതായി ഏറ്റുമുട്ടലില്‍ മുപ്പതിലധികം വിപ്ലവകാരികളും വധിക്കപ്പെട്ടു.

വാഗണ്‍ ട്രാജഡി

1921 ലെ സെപ്റ്റംബറിന് ബ്ലാക്ക് സെപ്റ്റംബര്‍ എന്ന് വിശേഷിപ്പിക്കാന്‍ കാരണമുണ്ട്. രാജ്യത്തെ മാത്രമല്ല, ലോക മനസാക്ഷിയെ ഞെട്ടിച്ച സാമ്രാജ്യത്വ സര്‍ ക്കാരിന്റെ നരവേട്ടയായിരുന്നു വാഗണ്‍ ട്രാജഡി. 1921 സെപ്റ്റംബറിലായിരുന്നു സംഭവം. സമരത്തില്‍ പങ്കാളിയായതിന്റെ പേരില്‍ ഏറനാട്, വള്ളുവനാട് എന്നിവിടങ്ങളില്‍ നിന്ന് അറസ്റ്റു ചെയ്ത് ശിക്ഷിക്കപ്പെട്ട 100 പേരെ ബെല്ലാരി ജയിലിലേക്ക് കൊണ്ടു പോകാനാണ് ചരക്കു നീക്കാനുപയോഗിക്കുന്ന MSLV 1711-ാം നമ്പര്‍ ബോഗി ഉപയോഗിച്ചത്. കാറ്റു കടക്കാത്ത ഈ വാഗണില്‍ 50 പേര്‍ക്ക് നില്‍ക്കാനിടമില്ലായിരുന്നു. അതിലായിരുന്നു നൂറുപേരെ കുത്തി നിറച്ചത്.
ശ്വാസം കിട്ടാതെ തമ്മില്‍ കടിച്ചുകീറിയും മാന്തിപ്പൊളിച്ചും അവര്‍ നരകിച്ചു. പോത്തന്നൂരില്‍ എത്തി വാഗണ്‍ തുറന്നപ്പോള്‍ കണ്ട കാഴ്ച സ്റ്റേഷന്‍മാസ്റ്ററുടെ ബോധം കെടുത്തി. 64 പേര്‍ അന്ത്യശ്വാസം വലിച്ചിരിക്കുന്നു. ബാക്കിയുള്ളവരെ ആശുപത്രിയിലെത്തിച്ചെങ്കിലും 7 പേര്‍ കൂടി മരണപ്പെട്ടു. ആകെ 71 പേര്‍ അതിദാരുണമായി പരലോകം പുൽകിയെന്ന് ചുരുക്കം. ഇതില്‍ മാപ്പിളമാര്‍ മാത്രമായിരുന്നില്ല ഉള്‍പ്പെട്ടിരുന്നത്. 1921-ലെ മലബാര്‍ കലാപത്തിന് ഏറ്റവും ദാരുണമായ ചിത്രമായിരുന്നു ഇതെന്ന് സംശയ ലേശമന്യെ മനസ്സിലാക്കാം.
നാടുകടത്തലുകള്‍
കൂട്ടപ്പിഴ ചുമത്തല്‍, സ്വത്ത് കണ്ടുകെട്ടല്‍, നാടുകടത്തല്‍ എന്നിവ ബ്രിട്ടീഷുകാരുടെ വിനോദമായി മാറി. 1836 മുതല്‍ 1921 വരെയുള്ള കാലയളവില്‍ നിരവധി പേരെ ബ്രിട്ടീഷ് പട്ടാളം കോറമണ്ഡല്‍ തീരത്തേക്ക് നാടുകടത്തിയിരുന്നു.
1921 ആദ്യത്തെ നാടുകടത്തല്‍ ശിക്ഷാവിധി വന്നു. മുസ്‌ലിംകളും അമുസ്‌ലിംകളുമടങ്ങുന്ന 160 പേരുടെ സംഘത്തെ 1922 ഏപ്രില്‍ 22ന് പോര്‍ട്ട്ബ്ലയറില്‍ എത്തിച്ചു. ഇന്ത്യയിലെ ജീവപര്യന്തം തടവു ശിക്ഷ 14 വര്‍ഷമായിരുന്നെങ്കില്‍ അന്തമാനില്‍ 20 വര്‍ഷമായിരുന്നു. പലരും ഇവിടെ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കി. 1925 മാര്‍ച്ചില്‍ 1200 മാപ്പിളമാരാണ് ഇവിടെയുണ്ടായിരുന്നത്. കാലാവധി പൂര്‍ത്തിയാക്കുക അല്ലെങ്കില്‍ സ്ഥിരതാമസമാക്കുക എന്ന ഉത്തരവ് വന്നു. സ്ഥിരതാമസമാക്കുന്നവര്‍ക്ക് നിരവധി വാഗ്ദാനങ്ങള്‍ നല്‍കി ബ്രിട്ടീഷുകാര്‍ പ്രലോഭിപ്പിച്ചു. 1924ല്‍ അന്തമാന്‍ കോളനൈസേഷന്‍ സ്‌കീമും പ്രഖ്യാപിച്ചു.
അബ്ദുറഹിമാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ പ്രതിഷേധമുയര്‍ന്നു. അന്തമാനിലെ കുടിയേറ്റക്കാരുടെ നീറുന്ന അനുഭവങ്ങള്‍ പത്രമാധ്യമങ്ങള്‍ വഴി ഉത്തരേന്ത്യയിലും പ്രചരിപ്പിക്കാന്‍ അബ്ദുറഹ്മാന്‍ സാഹിബ് കഠിനപരിശ്രമം നടത്തി. അന്തമാനിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നാലു പേരടങ്ങുന്ന ഒരു സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു. ഇവരില്‍ കെ.സി മുഗാസേട്ടൊഴികെ മറ്റെല്ലാവരും ബ്രിട്ടീഷ് നയത്തെ എതിര്‍ത്തപ്പോള്‍ മുഗാസേട്ടിന്റേത് ബ്രിട്ടീഷിനനുകൂലമായിരുന്നു. 1925 ഡിസംബര്‍ 9ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതില്‍ നിന്ന് മുഗാസേട്ടിന്റെ റിപ്പോര്‍ട്ടാണ് ഗവണ്‍മെന്റ് സ്വീകരിച്ചത്.
1926 നവംബര്‍ 13ന് 31 പുരുഷന്‍മാര്‍ 7 സ്ത്രീകള്‍ 2 കുട്ടികള്‍ എന്നിവരടങ്ങുന്ന ഒരു സംഘത്തെ ബ്രിട്ടീഷുകാര്‍ മലബാറിലേക്കയച്ചു. മലബാറിലെ മറ്റുള്ളവരെക്കൂടി അന്തമാനിലെത്തിക്കുക എന്നതായിരുന്നു ഈ നീക്കത്തിന്റെ ലക്ഷ്യം. മലബാറിലെ ദയനീയാവസ്ഥ മാപ്പിളമാരെ അന്തമാനില്‍ തന്നെ തുടരാന്‍ പ്രേരിപ്പിക്കുകയായിരുന്നു. 1932 ല്‍ 1885 മാപ്പിളമാരുണ്ടായിരുന്നത് 1996 ല്‍ പതിനയ്യായിരം മാപ്പിളമാരായി ഉയര്‍ന്നു. സ്വന്തം നാടിന്റെ ഓര്‍മക്കായി ഇവിടുത്തെ പ്രധാന പട്ടണങ്ങള്‍ക്ക് കോഴിക്കോട്, മഞ്ചേരി, വണ്ടൂര്‍ എന്നിങ്ങനെ തന്നെ പേരു നല്‍കി.
രക്തരൂക്ഷിതമായ അനവധി ചരിത്രങ്ങള്‍ക്ക് സാക്ഷിയായ മണ്ണാണ് ബെല്ലാരിയുടേത്. 1914-ലെ ഒന്നാം ലോക മഹായുദ്ധത്തില്‍ പിടിക്കപ്പെടുന്ന തുര്‍ക്കു തടവുകാര്‍ക്ക് വേണ്ടി സംവിധാനിച്ച ശിക്ഷാ ജയില്‍ പിന്നീട് മലബാര്‍ കലാപത്തില്‍ പിടിക്കപ്പെട്ടവര്‍ക്കായി മാറി. ഇവിടെ ബ്രിട്ടീഷുകാര്‍ക്ക് ക്രൂരവിനോദം നടത്താന്‍ പതിനേഴായിരം മാപ്പിളമാരാണ് ഉണ്ടായിരുന്നത്. മനുഷ്യത്വരഹിതമായ നരമേധത്തിനാണ് ബെല്ലാരി സാക്ഷിയായത്. പുഴുത്ത് കട്ടപിടിച്ച താഴ്ന്നഅരി ഭക്ഷണം കഴിച്ച് നിരവധി പേര്‍ രോഗാതുരരായി മരണപ്പെട്ടു. നിസ്‌കരിക്കാന്‍ മുട്ടു മറക്കുന്ന ട്രൗസര്‍ വേണമെന്നും നല്ല ഭക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ ഫലപ്രദമായ സമരങ്ങള്‍ നടന്നു. പ്രാഥമിക സൗകര്യങ്ങള്‍ പോലും ബെല്ലാരിയില്‍ അന്യമായിരുന്നു. പത്തും ഇരുപതും പേര്‍ ദിനേന മരണത്തിനു കീഴടങ്ങിക്കൊണ്ടിരുന്നു. പ്രതികരിക്കാന്‍ പോലുമാകാതെ കഠിനമായ പീഡനമായിരുന്നു തടവുപുള്ളികള്‍ക്ക് കൂട്ട്.
കലാപത്തിന്റെ ഭൗതിക സ്വാധീനങ്ങള്‍ വ്യാപകമായിരുന്നു. പതിനായിരം പേര്‍ കൊല്ലപ്പെട്ടുവെന്ന് മാപ്പിളമാര്‍ തന്നെ പറയുന്നുവെങ്കിലും ആകെ എത്ര പേര്‍ക്ക് ജീവഹാനി സംഭവിച്ചു എന്നത് അജ്ഞാതമാണ്. കലാപത്തില്‍ പങ്കെടുത്ത പതിനായിരം പേരില്‍ ആയിരം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ബ്രിട്ടീഷ് ഔദ്യോഗിക കണക്ക്. 1922 ജനുവരിയോടെ 2266 മാപ്പിളമാര്‍ കൊല്ലപ്പെട്ടുവെന്നാണ് മറ്റൊരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. പട്ടാള കോടതി 252 പേരെ വധശിക്ഷക്കും പ്രത്യേക കോടതികള്‍ 502 പേരെ ജീവപര്യന്തം തടവിനും ആയിരക്കണക്കിനാളുകളെ 7 മുതല്‍ 14 വര്‍ഷം വരെ തടവിനും വിധിച്ചു. അയ്യായിരം മാപ്പിളമാരില്‍ നിന്നും മൊത്തം 363458 രൂപ പിഴയീടാക്കി ശിക്ഷയിളവുചെയ്തു. നാട്ടിന്‍പുറത്തെ പൊതുവായ വൈഷമ്യങ്ങള്‍ രൂക്ഷമായിരുന്നു. കൃഷിയും വിദ്യാഭ്യാസവും താറുമാറായി. ജനസാമാന്യത്തിന് ബുദ്ധിമുട്ടുണ്ടാക്കും വിധം ഭക്ഷ്യക്ഷാമമുണ്ടായി. ആയിരക്കണക്കിന് മാപ്പിള സ്ത്രീകളും കുട്ടികളും അങ്ങേയറ്റത്തെ ദുരിതം അനുഭവിച്ചു. സ്ത്രീകള്‍ പുരുഷന്മാരെ വിശ്വസ്തതയോടെ പിന്തുണച്ചിരുന്നു. പക്ഷേ, പോരാട്ടങ്ങളില്‍ നേരിട്ട് പങ്കു ചേര്‍ന്നിട്ടുണ്ടായിരുന്നില്ല. ഇതിന് അവര്‍ നല്ല വില നല്‍കുകയും ചെയ്തു. മാപ്പിളമാരില്‍ നിന്ന് ഹിന്ദുക്കള്‍ അനുഭവിക്കേണ്ടിവന്നതിലേറെ പട്ടാളക്കാരില്‍ നിന്ന് മാപ്പിള സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വന്നുവെന്നു ഒരു ഹിന്ദു ചരിത്രക്കാരന്‍ സൂചിപ്പിക്കുന്നുണ്ട്. പുനരധിവാസത്തിനും പൊതുമുതലുകളുടെ വീണ്ടെടുപ്പിനുമായി ലക്ഷങ്ങള്‍ ചിലവഴിച്ചു.
കലാപത്തില്‍ ഗാന്ധിജി അങ്ങേയറ്റം നിരാശനായിരുന്നു. മാപ്പിളമാര്‍ക്ക് ഖിലാഫത്തിനെക്കുറിച്ച് അല്‍പം മാത്രം അറിയാമെന്നും അഹിംസയെ കുറിച്ച് ഒന്നുമറിയില്ലെന്നും ഗാന്ധിജി അഭിപ്രായപ്പെട്ടു. പലയിടത്തും കലാപത്തിന് മാപ്പിള-ഹിന്ദു മുഖം കൈവന്നതു കൊണ്ടു തന്നെ പരസ്പരം ഐക്യത്തിന് (ചെറുതെങ്കിലും) വിള്ളല്‍ വന്നിട്ടുണ്ടായിരുന്നു. ഹ്രസ്വ കാലം മാത്രം നില നിന്ന ഹിന്ദു-മുസ്‌ലിം ഐക്യത്തെ തകര്‍ത്തത് ഈ രക്തരൂക്ഷിത കലാപമായിരുന്നുവെന്ന് a short history of india and pakisthan എന്ന കൃതിയില്‍ t w wall bank എഴുതുന്നുണ്ട്. ചുരുക്കത്തില്‍ ഒരിക്കലും മറക്കാനാവാത്ത ക്രൂരമായ ഭൗതിക ഫലങ്ങളാണ് മാപ്പിളമാരില്‍ കലാപം അടയാളപ്പെടുത്തിയത്.

    മലബാര്‍ സമരം ബ്രിട്ടീഷുകാര്‍ക്ക് മാപ്പിളമക്കളുടെ പോരാട്ട വീര്യവും നെഞ്ചുറപ്പും ബോധ്യപ്പെടുത്തി. മാത്രമല്ല അവര്‍ക്ക് ഉത്തേജനം നല്‍കുന്ന മാല മൗലിദുകളും പാരമ്പര്യമായി ലഭിച്ചുവരുന്ന വിശ്വാസ ദൃഢതയുമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. സമരം അടിച്ചമര്‍ത്തിയത് കൊണ്ട് മാത്രം മാപ്പിളമക്കളുടെ ചെറുത്തുനില്‍പ്പ് അവസാനിക്കില്ലെന്നും പൂര്‍വോപരി ശക്തിയോടെ തിരിച്ചടിക്കുമെന്നും ബ്രിട്ടീഷുകാര്‍ക്ക് ബോധ്യമായി. ഈ മാപ്പിള ഐക്യം എന്തു വിലകൊടുത്തും തകര്‍ക്കണമെന്ന ബ്രിട്ടീഷ് വിചാരത്തില്‍ നിന്നാണ് പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ തുടക്കമെന്നോണം 1922 ല്‍ ഐക്യസംഘം പിറവിയെടുക്കുന്നത്. തികഞ്ഞ ഐക്യത്തോടെ ജീവിച്ചിരുന്ന മാപ്പിള ജനതക്ക് ഒരു ഐക്യസംഘം തീര്‍ത്തും അനാവശ്യമായിരുന്നു. പാരമ്പര്യ മതവിശ്വാസങ്ങളെ പാടേ നിരാകരിക്കുന്ന ഒരു കൂട്ടമായിരുന്നു ഇബ്‌നു അബ്ദുല്‍ വഹാബിന്റെയും ഇബ്‌നു തൈമിയ്യയുടെയും വികലമായ ആശയങ്ങള്‍ പിന്തുടര്‍ന്ന വഹാബിസത്തിന്റെ വാക്താക്കള്‍. സമസ്തയല്ല, വഹാബിസമാണ് ബ്രിട്ടീഷുകാരുടെ സൃഷ്ടി എന്നര്‍ത്ഥം.
സമസ്തയുടെ പണ്ഡിതന്മാര്‍ ബ്രിട്ടീഷുകാര്‍ക്കെതിരില്‍ മൗനം ദീക്ഷിച്ചു എന്നത് ശരിയല്ല. സമാധാനപരമായ സമരത്തിന് ആഹ്വാനം ചെയ്ത് മലപ്പുറത്ത് കുന്നുമ്മല്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ പാങ്ങില്‍ അഹ്മദു കുട്ടി മുസ്ലിയാര്‍ ഇങ്ങനെ പറഞ്ഞു:
പ്രിയപ്പെട്ട സഹോദരന്മാരേ, നാം ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ആളുകളാണ്, വെള്ളക്കാര്‍ നമ്മുടെ ശത്രുക്കളാണ്. അവര്‍ ഇന്ത്യ വിട്ടു പോകണം. അതുവരെ നാം സമരം ചെയ്യും. പക്ഷേ, ഒരിക്കലും നാം അക്രമം കാണിക്കരുത്. അക്രമരാഹിത്യത്തോടെയുള്ള ഒരു സമരമാണ് നാം ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതും. ഗവണ്‍മെന്റുമായി ഒരിക്കലും യുദ്ധത്തിനൊരുങ്ങരുത്. അങ്ങനെ ചെയ്താല്‍ നാം കുറ്റക്കാരായിത്തീരും. സമാധാന പരമായി സമരം ചെയ്യുക. അതാണ് നമ്മുടെ ലക്ഷ്യം.
എന്തു കൊണ്ട് പിന്നീട് സമസ്ത മൗനം പാലിച്ചു എന്ന ചോദ്യത്തിന് പ്രധാനമായും രണ്ടു മറുപടി കണ്ടെത്താന്‍ സാധിക്കും. ഒന്ന്, ആധുനിക ആയുധ സമ്പന്നരായ ബ്രിട്ടീഷ് സൈന്യത്തിനെതിരെ നാടന്‍ ആയുധങ്ങളുപയോഗിച്ച് പ്രത്യക്ഷ സമരം ചെയ്യുന്നത് സമുദായത്തിന് നഷ്ടമേ വരുത്തിവെക്കൂ എന്നത് മലബാര്‍ സമരം ബോധ്യപ്പെടുത്തി. രണ്ട്, സമസ്തയുടെ അഞ്ച് സുപ്രധാന സ്ഥാപിത ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പ്രത്യക്ഷമായ ഇടപെടല്‍ ഭൂഷണമല്ല എന്ന തിരിച്ചറിവ് (പ്രത്യേകിച്ചും ഉല്‍പതിഷ്ണ വിഭാഗങ്ങള്‍ക്ക് ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ പിന്തുണ ലഭിക്കുമ്പോള്‍). കൂടാതെ മുന്‍കാല പണ്ഡിതന്മാരുടെ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള അമൂല്യമായ രചനകള്‍ പില്‍ക്കാലത്ത് നശിപ്പിക്കപ്പെടുകയുണ്ടായി. ഇതില്‍ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാരടക്കമുള്ള പണ്ഡിതന്മാരുടെ ബ്രിട്ടീഷ് വിരുദ്ധ രചനകള്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാം എന്ന നിരീക്ഷണത്തിന് തീര്‍ച്ചയായും ന്യായമുണ്ട്.
(1) 1921 മലബാര്‍ ലഹള – കെ കോയാട്ടി മൗലവി
(2) മാപ്പിളമാര്‍ – കെ.ബി.കെ മുഹമ്മദ് മൗലവി
(3) മലബാര്‍ ഗസ്റ്റ്‌

Questions / Comments:No comments yet.