മാപ്പിളപ്പാട്ട് ഇന്നൊരു ജനകീയ ഗാനരൂപമാണ്. അത് ആസ്വദിക്കുകയും ആലപിക്കുകയും ചെയ്യുന്നവര്‍ ഏതെങ്കിലും ഒരു സമുദായത്തില്‍ ഒതുങ്ങുന്നില്ല. എല്ലാ ജാതികളിലും മതങ്ങളിലും പെട്ടവര്‍ മാപ്പിളപ്പാട്ടിന്റെ ആസ്വാദനം പങ്കിടുന്നതില്‍ അഭിമാനിക്കുന്നു. പി. ഭാസ്‌കരനും രാഘവന്‍ മാസ്റ്ററും വടകര കൃഷ്ണദാസുമൊക്കെ ഇശലുകളുടെ തേനാറില്‍ ആറാടിയവരാണ്. കെ.ജെ യേശുദാസ്, കെ.എസ് ചിത്ര, എം.ജി രാധാകൃഷണന്‍, മാര്‍ക്കോസ്, വി.ടി മുരളി, സതീഷ് ബാബു തുടങ്ങിയ പ്രശസ്തരായ ചലച്ചിത്ര ഗായകര്‍ മാപ്പിളപ്പാട്ടിന്റെ തേനിമ്പം നുകരുകയും പകരുകയും ചെയ്തവരാണ്. അമ്പിളി, ജയഭാരതി, സിബല്ല സദാനന്ദന്‍, ഇന്ദിരാ ജോയ്, ശ്രീവല്ലി തുടങ്ങി മാപ്പിളപ്പാട്ടിലൂടെ പ്രശസ്തിയാര്‍ജിച്ചവരും നിരവധിയുണ്ട്. മലയാളത്തിലെ മിക്ക ടി.വി ചാനലുകളിലും മാപ്പിളപ്പാട്ട് ഒഴിച്ചുകൂടാനാവാത്ത ഒരിനമായി മാറിയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോള്‍ മാപ്പിളപ്പാട്ട് ജനകീയമായ പാട്ടായിട്ടുണ്ടെന്ന് തന്നെ പറയാം.

മാപ്പിളപ്പാട്ട് മാപ്പിളസാംസ്‌കാരികതയുടെ ശേഷിപ്പാണ്. അതിന്റെ ചരിത്രവും സംസ്‌കാരവും ഭാഷയും താളവും ഈണവും മാപ്പിളത്തനിമയില്‍ ഊട്ടപ്പെട്ടതാണ്. ആ തനിമ നഷ്ടപ്പെടുന്നതോടെ മാപ്പിളപ്പാട്ടിന്റെ തനിമ നഷ്ടപ്പെടുന്നു.

മലബാറിലെ മുസ്ലിംകളെയാണ് ഇപ്പോള്‍ മാപ്പിളമാര്‍ എന്ന് പറയുന്നത്. തിരുവിതാംകൂര്‍ ഭാഗത്ത് ക്രിസ്ത്യാനികളാണ് മാപ്പിളമാര്‍ എന്ന പേരിലറിയപ്പെടുന്നത്. പേര്‍ഷ്യന്‍, ഉര്‍ദു, സംസ്‌കൃതം, കന്നട, തമിഴ് തുടങ്ങിയ ഭാഷകളിലെ പദങ്ങള്‍ ചേര്‍ന്നുണ്ടായ ഒരു സങ്കരഭാഷയാണ് മലബാറിലെ മുസ്ലിംകള്‍ സംസാരിച്ചിരുന്നത് . ഈ ഭാഷയിലാണ് മാപ്പിളപ്പാട്ടുകള്‍ എന്ന ഗാന/സാഹിത്യ രൂപം ഉരുവം കൊണ്ടത്.

അറബിമലയാളം ഒരു ഭാഷയാണോ അതല്ല ഒരു ലിപി മാത്രമാണോ എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അതൊരു ഭാഷയാണെന്നാണ് പണ്ഡിതനും ഗവേഷകനുമായിരുന്ന ഒ. അബു സാഹിബ് തറപ്പിച്ചുപറഞ്ഞത്. ഒരു ഭാഷക്കാവശ്യമായ എല്ലാ ഗുണങ്ങളും ഉപാധികളും അറബി മലയാളത്തിനുണ്ടെന്ന് അദ്ദേഹം സമര്‍ഥിക്കുന്നുണ്ട്. എന്നാല്‍ ഡോ: എം.എന്‍ കാരശ്ശേരിയെപ്പോലുള്ള മറ്റു ചിലര്‍ ഈ വാദം അംഗീകരിക്കുന്നില്ല.

മാപ്പിളപ്പാട്ടുകള്‍ പതിനാറാം നൂറ്റാണ്ടിനു ശേഷമാണ് രൂപപ്പെട്ടത്. അഥവാ അതിനു മുമ്പുള്ള മാപ്പിളപ്പാട്ടുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. കണ്ടുകിട്ടിയ മാപ്പിളപ്പാട്ടുകളില്‍ പലതിന്റെയും രചയിതാക്കളോ രചനാകാലമോ അറിയപ്പെട്ടിട്ടില്ല. അജ്ഞാതകര്‍തൃകങ്ങളായ ആ പാട്ടുകളില്‍ ചിലതെങ്കിലും പതിനാറാം നൂറ്റാണ്ടിന് മുമ്പു രചിക്കപ്പെട്ടതാണെന്ന് ചില മാപ്പിളപ്പാട്ട് ഗവേഷകര്‍ പറയുന്നു. എന്നാല്‍, ഈ ധാരണയെ തിരുത്തിക്കൊണ്ട്, അറബി മലയാളത്തില്‍ മാത്രമല്ല, മലയാളത്തില്‍ തന്നെ ഗാന/കവിതാ സാഹിത്യങ്ങള്‍ രൂപപ്പെടുന്നത് പതിനാറാം നൂറ്റാണ്ടിന് ശേഷമാണെന്ന് ബാലകൃഷ്ണന്‍ വള്ളിക്കുന്ന് വ്യക്തമാക്കുന്നു.

മാപ്പിളപ്പാട്ടുകള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും മാപ്പിളപ്പാട്ട് എന്ന പേര് ഇരുപതാം നൂറ്റാണ്ടിലാണ് പ്രയോഗത്തില്‍ വന്നത്. 1932-ല്‍ വക്കം അബ്ദുല്‍ ഖാദര്‍ മൗലവി ‘അല്‍അമീന്‍’ പത്രത്തിലെഴുതിയ ഒരു ലേഖനത്തിലാണ് ആദ്യമായി മാപ്പിളപ്പാട്ട് എന്ന പദം പ്രയോഗിക്കപ്പെട്ടതെന്നാണ് ചരിത്രകാരനും ഗവേഷകനുമായ കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം സാഹിബ് രേഖപ്പെടുത്തിയിട്ടുള്ളത്.

അതുവരെയും ‘സബീനപ്പാട്ടുകള്‍’ എന്ന പേരിലാണ് മാപ്പിളപ്പാട്ടുകള്‍ അറിയപ്പെട്ടിരുന്നത്. കുഞ്ഞായിന്‍ മുസല്യാരുടെ ‘കപ്പ(ല്‍)പാട്ടില്‍’ നിന്നാണ് ഈ പേരുണ്ടായതെന്നാണ് ഒരുപക്ഷം പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്. മനുഷ്യശരീരത്തെ കപ്പലിനോടുപമിച്ച് ആധ്യാത്മിക വിചാരം നടത്തുന്ന ഒരു ദാര്‍ശനിക കാവ്യമാണ് കപ്പപ്പാട്ട്. കപ്പലിന് അറബിയില്‍ സഫീനഃ എന്നാണ് പറയുക. അതിനാല്‍ കപ്പപ്പാട്ട് ‘സഫീനപ്പാട്ട്’ എന്ന പേരിലും അറിയപ്പെട്ടു. പിന്നീട് ആ മാതൃകയില്‍ രചിക്കപ്പെട്ട പാട്ടുകളെല്ലാം സഫീനപ്പാട്ട് എന്ന പേരില്‍ അറിയപ്പെട്ടു പോന്നു. സഫീനയാണ് സബീനയായത്.

പേര്‍ഷ്യന്‍ ഭാഷയിലെ ശബീനയില്‍ നിന്നാണ് സബീനപ്പാട്ട് ഉണ്ടായത് എന്നാണ് ഒ. അബു സാഹിബിന്റെ അഭിപ്രായം. ശബീന എന്ന വാക്കിന് രാത്രിയുമായി ബന്ധപ്പെട്ട് എന്നാണര്‍ഥം. മാപ്പിളപ്പാട്ടിലെ ആദ്യകാല രചനകളില്‍ പലതും ഭക്തിഗാനങ്ങളോ ധാര്‍മിക ഉപദേശങ്ങളോ ആയിരുന്നു. അവ രാത്രികാലങ്ങളില്‍ വീടുകളില്‍ പാരായണം ചെയ്യുന്ന പതിവുണ്ടായിരുന്നു. അതിനാല്‍ രാത്രി പാരായണം ചെയ്യുന്നത് എന്ന അര്‍ഥത്തില്‍ അവ ശബീനപ്പാട്ട് എന്ന് വിളിക്കപ്പെട്ടു. രാത്രിയില്‍ വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണമായി ഓതിത്തീര്‍ക്കുന്ന സമ്പ്രദായത്തിന് പേര്‍ഷ്യയില്‍ ശബീന എന്ന് പറയാറുണ്ടെന്നതും ഈ വീക്ഷണത്തിന് ബലമേകുന്നു.

കണ്ടെടുക്കപ്പെട്ട ആദ്യത്തെ മാപ്പിളപ്പാട്ടു കൃതി ‘മുഹ്യിദ്ദീന്‍ മാല’യാണ്. കോഴിക്കോട് ഖാളിയായിരുന്ന ഖാളി മുഹമ്മദ്ബ്നുല്‍ അബ്ദില്‍ അസീസാണ് ഇതിന്റെ കര്‍ത്താവ്. പ്രശസ്ത സൂഫിവര്യന്‍ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ അപദാനങ്ങള്‍ പ്രകീര്‍ത്തിക്കുന്ന ഗാനമാണ് മുഹ്യുദ്ദീന്‍ മാല. ശൈഖിന്റെ അധ്യാപനങ്ങള്‍, ഉപദേശങ്ങള്‍, സേവനങ്ങള്‍ എന്നിവക്ക് പകരം അദ്ദേഹത്തിന്റെ അമാനുഷികതയും അത്ഭുതകൃത്യങ്ങളുമാണ് മാലയില്‍ പ്രകീര്‍ത്തിക്കപ്പെടുന്നത്.

ഒരു കാവ്യമെന്ന നിലക്ക് മനോഹരമായ കല്‍പനകളും വാഗ്മയങ്ങളും ഉള്‍ക്കൊള്ളുന്ന മനോഹരമായ ഒരു സൃഷ്ടികൂടിയാണത്.’മുഹ്യിദ്ദീന്‍ മാല’ക്ക് ശേഷം ഒരു നൂറ്റാണ്ട് കഴിഞ്ഞാണ് കുഞ്ഞായിന്‍ മുസ്ല്യാരുടെ കപ്പപ്പാട്ട് രചിക്കപ്പെടുന്നത്. കുഞ്ഞായിന്‍ മുസ്ല്യാരുടെ മറ്റൊരു രചനയാണ് നൂല്‍ മദ്ഹ്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ അപദാനങ്ങളാണ് ഇതില്‍ പ്രകീര്‍ത്തിക്കപ്പെടുന്നത്. പതിനേഴാം നൂറ്റാണ്ടിലെ മറ്റൊരു പ്രധാന രചനയാണ് മാനക്കാന്റകത്ത് കുഞ്ഞിക്കോയ തങ്ങള്‍ രചിച്ച വലിയ നസീഹത്തു മാല. അന്ത്യദിനം, മഹ്ശറ, സിറാത്ത് പാലം, സ്വര്‍ഗം, നരകം തുടങ്ങിയ കാര്യങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ടുള്ള ധര്‍മോപദേശങ്ങളാണ് നസീഹത്ത് മാലയുടെ പ്രമേയം. രാത്രികാലങ്ങളില്‍ പെണ്‍കുട്ടികള്‍ ഇവ പാരായണം ചെയ്യുന്നത് ഒരു നിര്‍ബന്ധമായി കരുതപ്പെട്ടിരുന്നു.

മാലപ്പാട്ടുകള്‍ അനേകമുണ്ട്. മാലയെന്ന പ്രയോഗത്തിന് മലയാളത്തിലെ ‘മാല’യുമായി ബന്ധമൊന്നുമില്ലെന്നാണ് ഡോ: ഉമര്‍ തറമേല്‍ അഭിപ്രായപ്പെടുന്നത്. പാരായണം ചെയ്യാനുള്ളത് എന്ന അര്‍ഥത്തില്‍ അറബിയിലെ മൗലിദ് എന്ന വാക്കില്‍ നിന്നാണത്രെ ആ പ്രയോഗം വന്നത്. ഇത് ശരിയല്ല. ഒന്നാമതായി മൗലിദ് എന്ന വാക്കിന് പാരായണം ചെയ്യാനുള്ളത് എന്ന അര്‍ഥമില്ല. ജന്മദിനം, ജന്മസ്ഥലം എന്നൊക്കെയാണ് പ്രസ്തുത പദത്തിന്റെ അര്‍ഥം. രണ്ടാമതായി ഹാരം എന്ന അര്‍ഥത്തില്‍ തന്നെയാണ് മാല പ്രയോഗിച്ചത് എന്നതിന് മുഹ്യിദ്ദീന്‍ മാല തന്നെ തെളിവ് നല്‍കുന്നുണ്ട്.

‘മുത്തും പവിഴവും ഒന്നായി കോത്ത പോല്‍

മുഹ്യുദ്ധീന്‍ മാലനെ കോത്തന്‍ ഞാന്‍ ലോകരെ ‘

മുത്തും പവിഴവും കോര്‍ത്ത പോലെയാണ് ഈ മാലയെ താന്‍ കോര്‍ത്തിണക്കിയത് എന്നാണ് കവിയുടെ പരാമര്‍ശം. മറ്റു മാലപ്പാട്ടുകളിലും സമാനമായ ഉപമകള്‍ കാണാന്‍ കഴിയും. പാട്ടിനെ ഒരു മാലയോടാണ് മാപ്പിളക്കവികള്‍ ഉപമിച്ചിരുന്നതെന്ന് അത് വ്യക്തമാക്കുന്നുണ്ട്. മാപ്പിളപ്പാട്ടിന്റെ രചനാ ശില്‍പത്തെ ‘കോര്‍വ’ എന്നാണല്ലോ പറയാറുള്ളതും. ‘

സൂഫിസത്തിന്റെ സ്വാധീനം കേരളീയ മുസ്ലിംകളില്‍ ശക്തിപ്രാപിച്ചിരുന്ന കാലത്താണ് മാലപ്പാട്ടുകള്‍ വിരചിതമാകുന്നത്. പുണ്യവാളന്മാരുടെ അപദാനങ്ങളാണ് മാലപ്പാട്ടുകളില്‍ പ്രകീര്‍ത്തിക്കപ്പെടുന്നത്. വിദ്യാവിഹീനരായിരുന്ന മുസ്ലിം സാധാരണക്കാരില്‍ ഭക്തി നിലനിര്‍ത്തിപ്പോരുന്നതിനും അവ ഉപകരിച്ചിട്ടുണ്ട്. ഖാദിരി, രിഫായി, സുഹ്റവര്‍ദി തുടങ്ങിയ പലതരം സൂഫി ത്വരീഖത്തുകള്‍ക്ക് കേരളത്തില്‍ വേരോട്ടമുണ്ടായിരുന്നു. ഈ ത്വരീഖത്തുകളുടെയെല്ലാം ശൈഖുമാരെ പ്രകീര്‍ത്തിക്കുന്ന മാലപ്പാട്ടുകളുമുണ്ട്. മാലപ്പാട്ടുകള്‍ ഭക്തിപുരസ്സരം വീടുകളില്‍ പാരായണം ചെയ്തുപോന്നിരുന്നു. ഒരു കാലത്ത് വിവാഹമാലോചിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ട പ്രധാന യോഗ്യതകളിലൊന്ന് മുഹ്യിദ്ദീന്‍ മാല പാരായണം ചെയ്യാന്‍ അറിയുന്നതായിരുന്നുവത്രെ. സ്ത്രീ പ്രസവിക്കാന്‍ കിടക്കുമ്പോള്‍ മുറിക്ക് പുറത്തിരുന്ന് മറ്റുള്ളവര്‍ നഫീസത്തുമാല പാരായണം ചെയ്യുന്നത് സുഖപ്രസവത്തിന് കാരണമാകുമെന്നും വിശ്വസിച്ചിരുന്നു.അങ്ങനെ ചെയ്തു പരിഹാരം കണ്ടെത്തിയിരുന്നു.

പില്‍ക്കാലത്ത് മറ്റു വിഷയങ്ങളിലും മാലപ്പാട്ടുകള്‍ വിരചിതമാവുകയുണ്ടായി. മോയിന്‍കുട്ടി വൈദ്യരുടെ കിളത്തി മാല, പുലിക്കോട്ടില്‍ ഹൈദറിന്റെ വെള്ളപ്പൊക്ക മാല, എടവലന്‍ മൊയ്തീന്റെ മതമോഹിനി മാല, എം.എന്‍ കാരശ്ശേരിയുടെ ബഷീര്‍ മാല തുടങ്ങിയവ ഉദാഹരണങ്ങളാണ്.

മാലപ്പാട്ടുകളെ തുടര്‍ന്ന് രൂപപ്പെട്ട ശാഖയാണ് ഖിസ്സപ്പാട്ടുകള്‍. പ്രവാചകന്മാരുടെയും സ്വഹാബികളുടെയും പൂര്‍വ സൂരികളില്‍പെട്ട മഹാന്മാരുടെയും ചരിതങ്ങളാണ് ഖിസ്സപ്പാട്ടുകളിലെ പ്രധാന വിഷയങ്ങള്‍. മാലപ്പാട്ടുകള്‍ ഭക്ത്യാധിഷ്ഠിതവും ഖിസ്സപ്പാട്ടുകള്‍ ചരിത്രാധിഷ്ഠിതവുമാണ്. പുലിക്കോട്ടില്‍ ഹൈദറിന്റെ ‘കേരള ചരിത്രം’ എന്ന ഖിസ്സപ്പാട്ടില്‍ കേരളത്തില്‍ ഇസ്ലാം വന്നത് മുതല്‍ക്കുള്ള സംഭവങ്ങളാണ് വിവരിക്കപ്പെടുന്നത്. കഥാഖ്യാന ശൈലിയിലുള്ള അവതരണമാണ് ഖിസ്സപ്പാട്ടുകളുടെ സവിശേഷത. ഇബ്രാഹീമിബ്നു അദ്ഹം ഖിസ്സ, മറിയം ബീവി ഖിസ്സ, ഉമര്‍ വലിയ്യ് ഖിസ്സ, മഹ്റങ്കി ഖിസ്സ, ബല്‍ഖീസ് ഖിസ്സ, മലിക്കുബ്നു ദീനാര്‍ ഖിസ്സ തുടങ്ങിയ അനേകം ഖിസ്സപ്പാട്ടുകളുണ്ട്.

ഖിസ്സപ്പാട്ടുകളിലെ തന്നെ മറ്റൊരിനമാണ് പടപ്പാട്ടുകളെങ്കിലും ഖിസ്സപ്പാട്ടുകളില്‍ നിന്നും സ്വതന്ത്രമായ ഒരസ്തിത്വം നേടി കൂടുതല്‍ ജനപ്രീതിയും പണ്ഡിതശ്രദ്ധയും പിടിച്ചുപറ്റാന്‍ പടപ്പാട്ടുകള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇസ്ലാമിക ചരിത്രത്തിലെ യുദ്ധചരിതങ്ങളാണ് പടപ്പാട്ടുകളുടെ വിഷയം. സഖൂം പടപ്പാട്ട് (1836) ആണ് ഈ ഇനത്തിലെ ആദ്യ രചന. മധുര സ്വദേശി വരിശൈ മുകിയുദ്ദീന്‍ പുലവര്‍ തമിഴില്‍ രചിച്ച ‘സഖൂന്‍ പടൈപ്പോര്‍’ എന്ന കാവ്യത്തിന്റെ അറബി മലയാള പരിഭാഷയാണിത്. കായല്‍പട്ടണം സ്വദേശി ഉമര്‍ ലബ്ബയാണ് പരിഭാഷകന്‍. ബദര്‍പട, ഉഹ്ദ് പട, യസീദ് പട, യമാമത്ത് പട, തബൂക് പട, ഹുനൈന്‍ പട, ബദര്‍ പട, ഖൈബര്‍ പട, തുടങ്ങി ഒട്ടനവധി പടപ്പാട്ടുകള്‍ വിരചിതമായിട്ടുണ്ട്. സഖൂം പട, സലീഖത്ത് പട, ജിന്‍ പട, എലിപ്പട തുടങ്ങിയവ കാല്‍പനിക കഥകളാണ്. മോയിന്‍കുട്ടി വൈദ്യരുടെ ‘എലിപ്പട’ എലികളും പൂച്ചകളും തമ്മില്‍ മൂന്ന് ദിവസം നീണ്ടു നിന്ന യുദ്ധത്തിന്റെ കഥയാണ് വിവരിക്കുന്നത്. പ്രാദേശികമായ ഏറ്റുമുട്ടലുകളെക്കുറിച്ചും പടപ്പാട്ടുകള്‍ ഉണ്ടായിട്ടുണ്ട്. മലപ്പുറം പട, ഗ്രീക്ക് യുദ്ധപ്പാട്ട്, ചേറൂര്‍ പട, ചേറൂര്‍ ചിന്ത്, ബാഷ്പ വലയം തുടങ്ങിയവ ഉദാഹരണങ്ങളാണ്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ കാല്‍പനിക രചനകളുടെ പുതിയൊരു തരംഗം പ്രത്യക്ഷപ്പെട്ടു. പുതിയ പ്രമേയങ്ങളും ആവിഷ്‌കാര രീതികളും നവീന ഭാഷയും ഭാവതലങ്ങളും കൈക്കൊണ്ട രചനകളാണിവ. ഭക്തിയുടെയും ധാര്‍മിക ഉപദേശങ്ങളുടെയും ആവിഷ്‌കാരങ്ങളാണ് അതുവരെയും മാപ്പിളപ്പാട്ടില്‍ ഉണ്ടായിരുന്നത്. കാല്‍പനിക രചനകളുടെ വരവോടെ വൈകാരികതയുടെ വിഭിന്നമായ മേഖലകളിലേക്ക് മാപ്പിളപ്പാട്ടുകള്‍ ഇറങ്ങ

Questions / Comments:



No comments yet.


PORTRAIT

പടച്ചവനോടുള്ള സ്നേഹം സഹജീവികളിലേക്കങ്ങനെ ഒഴുകുമ്പോൾ, അത്രമേൽ സൂക്ഷ്മതയോടെ ആരാധനകളിലും ഓരോ ചലന നിശ്ചലനതയിലും മുഴുകുമ്പോൾ, ജീവിതം വിനയമാകുമ്പോൾ, അവർ ഇലാഹീ പ്രണയത്തിലലിഞ്ഞിരിക്കുകയാണ്....

SOCIAL

ശാസ്ത്രത്തെ മൂല്യാനുസൃതമായി സമീപിക്കാതിരുന്നതോടുകൂടെ സാങ്കേതിക വിദ്യ പ്രകൃതിവിരുദ്ധമായി തുടങ്ങി. ശാസ്ത്ര-സാങ്കേതിക രംഗങ്ങൾ പ്രഫുല്ലമായിരുന്ന മുസ്‌ലിം...

RELIGION

പവിത്രമായ ആമോദപ്പുടവയണിഞ്ഞ് പെരുന്നാൾ സുദിനം അണവായിരിക്കുന്നു. പാരിതോഷികങ്ങളുടെ വിരുന്നുസൽക്കാരമായ ഈദുൽ ഫിത്വർ. റമളാനിൽ നുകർന്ന നന്മകളുടെ നനവുകൊണ്ട് നമുക്കീ...

RELIGION

പരിശുദ്ധ ഖുർആൻ മനുഷ്യസൃഷ്ടിക്കതീതമാണെന്ന് അതിൻ്റെ സംവേദനരീതിയും സാഹിതീയചാരുതിയും ആശയസമൃദ്ധിയും വ്യക്തമാക്കുന്നുണ്ട്. പാവനമായ ദൈവികമാർഗത്തിലൂടെ,...

RELIGION

അമിതാഹാരമുണ്ടാക്കുന്ന ആലസ്യം മനുഷ്യന്റെ കര്‍മകുശലതയെ ഭഞ്ജിക്കുകയും അതിവേഗ വാർദ്ധക്യം സമ്മാനിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ, മുസ്‌ലിമിൻ്റെ നോമ്പനുഷ്ഠാനം...

BOOKHIVE

സർവചലനനിശ്ചലതയിലും അതിശയരായ അമ്പിയരാജരെ പകർത്തെഴുതുന്നതിലൂടെ സുഗന്ധകുസുമങ്ങളായി പുതുങ്ങുകയാണ് നാമോരോരുത്തരും. തിരുനബിയനുചരരുടെ മേൽവിലാസം തന്നെ അവിടുത്തെ...

RELIGION

സമസ്ത സൗന്ദര്യസങ്കൽപ്പങ്ങളുടെയും സമഗ്രസമ്മേളനമായിരുന്നു ആറ്റലോരുടെ തിരുശരീരാവയവങ്ങൾ. അവിടുത്തെ ആകാര സൗഷ്ടവം ഉപമാലങ്കാരങ്ങൾ അസാധ്യമാം വിധം...

RELIGION

വിശാലമായ തിളക്കമുള്ള നെറ്റിത്തടം, വടിവൊത്ത് ദ്വയങ്ങൾ പരസ്പരം ചേരാത്ത രോമനിബിഢമായ പുരികങ്ങൾ, മൃദുലമായ പരന്ന കവിളുകൾ, ചുവപ്പു കലർന്ന തൂവെള്ള കണ്ണുകൾ, കറുത്ത കൃഷ്ണമണികൾ. ഇങ്ങനെ നീളുന്നു...

RELIGION

ഉപമിക്കാനാവാത്ത വിധം സൗന്ദര്യനിദർശനമായ പ്രവാചകരുടെ അവയവാകാര സൗഷ്ഠവത്തിൽ വിശുദ്ധ വക്ത്രം, ദശനങ്ങൾ, നാസിക, ശ്രവണേന്ദ്രിയം, അധരങ്ങൾ, ഉമിനീർ എന്നിവയുമായി ബന്ധപ്പെട്ട ചർച്ച...

RELIGION

തിരുനബിയെ വർണിക്കാൻ ഏറ്റവും അഭികാമ്യമായ ഭാഷയോ വാക്കുകളോ അവർക്കില്ലായിരുന്നു. റസൂലിന്റെ സൗന്ദര്യത്തിന്റെ പരിപൂർണത ഭാഷക്കില്ലായിരുന്നു. ആ സൗന്ദര്യത്തെ പൂർണമായി മനസ്സിലാക്കാനും...

RELIGION

തിരുനബിയുടെ സൗന്ദര്യത്തെയും ശരീരപ്രകൃതത്തെയും സസൂക്ഷമം വിശകലനം ചെയ്യുന്ന പഠനശാഖയാണ് ശമാഇലുന്നബി. ഗഹനവും വശ്യവുമായ തിരുസൃഷ്ടിപ്പിന്റെ അഗാധതയാണതിന്റെ ആധാരം....