സഹനവും ക്ഷമയുമാണ് വ്രതം മനുഷ്യനു നൽകുന്നത്. തിന്മകളുടെ കാരാഗൃഹത്തില്‍ നിന്നുള്ള മോചനവും നന്മകള്‍ പൂക്കുന്ന പുല്‍മേടിലേക്കുള്ള സഞ്ചാരവുമാണ് റമളാൻ.


       വിശുദ്ധിയുടെ വിളവെടുപ്പ് കാലം പരിശുദ്ധ റമളാൻ ഒരിക്കൽ കൂടി വിരുന്നെത്തിയിരിക്കുന്നു. റജബിലും ശഅബാനിലും വിതക്കുകയും നനച്ചു പാകപ്പെടുത്തുകയും ചെയ്ത സുകൃതങ്ങളുടെ വിളവെടുപ്പു കാലം. സ്രഷ്ടാവായ അല്ലാഹു വിശ്വാസി സമൂഹത്തിന് പ്രത്യേകം ഓഫറുകൾ പ്രഖ്യാപിച്ച മാസം. സാധാരണയിൽ കവിഞ്ഞ ലാഭം ലഭ്യമാകുന്നത് കൊണ്ടുതന്നെ ഓഫറുകൾക്കുള്ള അവസരങ്ങൾ മനുഷ്യൻ പരമാവധി ഉപയോഗപ്പെടുത്തുന്നത് സ്വാഭാവികമാണ്. അത് അനിർവചനീയ ലാഭമാണെങ്കിലോ?.

          മനുഷ്യ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായ പരലോക വിജയത്തിലേക്കുള്ള വഴി എളുപ്പമാക്കുന്നു എന്ന ഓഫറാണ് റമളാനിന്റെ സവിശേഷത. സത്കർമങ്ങൾക്ക് ഇതര മാസങ്ങളേക്കാൾ പതിന്മടങ്ങ് പ്രതിഫലമാണ് റമളാനിൽ വാഗ്ദാനം ചെയ്തിരിക്കുന്നത്. ആ വിശുദ്ധ മാസം ആഗതമായിരിക്കുന്നു. കഴിവിന്റെ പരമാവധി സുകൃതങ്ങൾ ചെയ്ത്‌ റബ്ബിലേക്കടുക്കാനും പ്രതിഫലത്തിന്റെ രൂപത്തിൽ അല്ലാഹു വാഗ്ദാനം ചെയ്ത ഓഫറുകൾ വാരിക്കൂട്ടുവാനുമുള്ള മനഃപൂർവമായ ശ്രമം ഓരോ വിശ്വാസി മുസ്‌ലിമിന്റെയും ഭാഗത്തുനിന്നുണ്ടാകേണ്ടതുണ്ട്.  "റജബ് അല്ലാഹുവിന്റെ മാസമാണ്. ശഅബാൻ എന്റെ മാസമാണ്. റമളാൻ എന്റെ സമുദായത്തിന്റെ മാസമാണ്" എന്നതാണ് തിരുനബി(സ)യുടെ അധ്യാപനം. മേല്പറഞ്ഞത് പ്രകാരം വിശ്വാസികൾക്കായി അല്ലാഹു കൂടുതൽ റമളാനിൽ ഒരുക്കിയിട്ടുണ്ടെന്നർത്ഥം. ഈ മാസത്തെ ഉപയോഗപ്പെടുത്തുന്നതിൽ വിശ്വാസിയിൽ നിന്ന് ഒരു വീഴ്ചയും സംഭവിക്കാൻ പാടില്ല. വാക്കിലും പ്രവൃത്തിയിലും ആലോചനയിലുമെല്ലാം അല്ലാഹുവിന്റെ തൃപ്തിയുണ്ടാകാനുള്ള ജാഗ്രത എപ്പോഴുമുണ്ടാകണം.

നോമ്പ്

    ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ് റമളാൻ വ്രതം. റമളാനിന്റെ ശ്രേഷ്ഠതയുടെ കാരണം തന്നെ നോമ്പിന്റെ സാന്നിധ്യമാണ്. പ്രായപൂർത്തിയും വകതിരിവും നോമ്പനുഷ്ഠിക്കൽ അത്രമേൽ പ്രയാസമാകുന്ന ശാരീരിക രോഗങ്ങളില്ലാത്തവരുമായ ഒരു മുസ്‌ലിമിനും റമളാനിലെ നോമ്പനുഷ്ഠാനത്തിൽ നിന്ന് ഒഴിവാകാൻ പഴുതില്ല. അതിൽ അതീവ ശ്രദ്ധ പുലർത്താൻ വിശ്വാസിക്ക് കഴിയണം. അബൂഹുറൈറ (റ) ഉദ്ധരിക്കുന്നു. നബി (സ്വ)പറഞ്ഞു: "വിശ്വസിച്ചും കൂലി ആഗ്രഹിച്ചും ആരെങ്കിലും റമദാനിൽ നോമ്പ് അനുഷ്ടിച്ചാൽ അവന്റെ മുൻകഴിഞ്ഞ പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നതാണ് "(ബുഖാരി).

      എല്ലാ ആരാധനകളുടേതുമെന്ന പോലെ ആത്മീയതയാണ് നോമ്പിന്റെയും അടിസ്ഥാന കാതൽ. ഖുർആൻ പറയുന്നു: "നിങ്ങൾക്ക് നാം നോമ്പ് നിർബന്ധമാക്കിയത് നിങ്ങൾക്ക് തഖ്‌വയുള്ളവരാകാൻ വേണ്ടിയാണ്" (ബഖറ -183). സുബ്ഹി മുതൽ മഗ്‌രിബ് വരെ പട്ടിണി കിടന്നാൽ നോമ്പ് പൂർത്തിയായി എന്ന് വിശ്വസിക്കുന്ന ഒട്ടനേകമാളുകളുണ്ട്. അത് ശരിയല്ല. നോമ്പെന്നാൽ പട്ടിണി കിടക്കൽ മാത്രമല്ല. . ഭയഭക്തിയാണ് പ്രധാനം. പകൽ സമയം അന്നപാനീയങ്ങളുപേക്ഷിക്കുന്നതോടൊപ്പം അല്ലാഹുവിനോടുള്ള ഭക്തിയിൽ നിന്ന് നമ്മെ മാറ്റി നിർത്തുന്ന യാതൊരു വ്യവഹാരങ്ങളിലുമേർപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 

       റമളാൻ വിശ്വാസിയുടെ പരിശീലന കളരി കൂടിയാണ്. ഏറ്റവും മനോഹരമായ ആധ്യാത്മിക ജീവിതം ശീലമാക്കാനുള്ള പരിശീലന കളരി. ഉപയോഗപ്പെടുത്തണം. ശരീരത്തിലെ സർവ്വ അവയവങ്ങളെയും പാപസുരക്ഷിതമാക്കണം.      അനുവദനീയമല്ലാത്ത ഒന്നിലേക്കും ദൃഷ്ടി പതിയരുത്. സ്രഷ്ടാവ് ഇഷ്ടപ്പെടാത്ത ഒരു ശബ്ദവും കേൾക്കരുത്. പുതിയ കാലം ഉദാരവത്കരണത്തിന്റെ കാലമാണ്. മൊബൈൽ ഫോണും ടെക്നിക്കൽ ഡിവൈസുകളും ജീവിതത്തിന്റെ കൂടപ്പിറപ്പായ നമുക്ക് മുന്നിൽ എപ്പോഴും നിഷിദ്ധകാര്യങ്ങൾ കേൾക്കാനും കാണാനുമുള്ള സാഹചര്യങ്ങൾ കടന്നുവരും. അവിടെ സ്വയം നിയന്ത്രിക്കാൻ കഴിയണം. 

       മുത്ത് നബി ഒരിക്കൽ പറഞ്ഞു: "മനുഷ്യശരീരത്തിൽ എല്ലില്ലാത്ത ഒരവയവമുണ്ട്. നരകത്തിൽ കടക്കുന്ന ഭൂരിഭാഗമാളുകൾക്കും വിനയാകുന്നത് ആ അവയവമാണ്". നാവിനെക്കുറിച്ചാണ് തിരുനബി(സ) പറഞ്ഞത്. ജീവിതത്തിൽ ഏറെ സൂക്ഷ്മത പുലർത്തേണ്ട ഒരവയവമാണ് നാവ്. റമളാൻ മാസത്തിൽ പ്രത്യേകിച്ചും. ശ്രദ്ധിച്ചു മാത്രമേ സംസാരിക്കാവൂ. ചെയ്യരുതെന്ന് പറഞ്ഞ ഒരു വിധ സംസാരവും നമ്മിൽ നിന്നുണ്ടാകരുത്. കളവ് പറയരുത്. ഏഷണിയും പരദൂഷണവും പറയരുത്. തർക്കിക്കരുത്. റമളാനാണ്. സുകൃതങ്ങൾ ചെയ്യാനുള്ള മാസമാണ്. നോമ്പിന്റെ ക്ഷീണം മാറ്റാൻ വെറുതെ കൂടിയിരുന്ന് അനാവശ്യങ്ങൾ പറയുന്ന ശീലമുണ്ടാകരുത്. നബി തങ്ങൾ പറഞ്ഞത് പോലെ 'നല്ലത് സംസാരിക്കുക. അല്ലെങ്കിൽ മൗനം പാലിക്കുക' എന്നത് ജീവിതത്തിന്റെ ശീലമാക്കണം. ഇല്ലെങ്കിൽ നമ്മുടെ നോമ്പ് നഷ്ടപ്പെട്ടു പോകും.

       മറ്റൊരവസരത്തിൽ മുത്ത് നബി പറഞ്ഞു: "മനുഷ്യശരീരത്തിൽ ഒരവയവമുണ്ട്. അത് നന്നായാൽ ശരീരം മുഴുവൻ നന്നായി. അത് ചീത്തയായാൽ ശരീരം മുഴുവൻ ചീത്തയായി. അറിയണേ..അത് ഹൃദയമാണ്". ആലോചനയിൽ പോലും വിശ്വാസികൾ പുലർത്തേണ്ട ജാഗ്രതയെപ്പറ്റിയാണ് പ്രവാചകരുടെ സൂചന. ആന്തരികവും ബാഹ്യവുമായ ശുദ്ധിയുണ്ടാകണമെന്നതാണ് ഇത്രയും പറഞ്ഞതിന്റെ ചുരുക്കം. ബാഹ്യാവയവങ്ങൾ തെറ്റുകളിൽ നിന്ന് മുക്തമാകുന്നത് പോലെ ആന്തരികാവയവങ്ങളും ശ്രദ്ധിക്കണം. ചിന്തയിൽ പോലും നന്മയുണ്ടാകണം. നന്മകൾ ആലോചിക്കാനും അവയെ പ്രാവർത്തികമാക്കാനും ശ്രമിക്കണം. ഹറാമുകളുപേക്ഷിക്കുന്നതോടൊപ്പം കറാഹത്തായ കാര്യങ്ങൾ പോലും നമ്മിൽ നിന്നും വരാതിരിക്കാനുള്ള ജാഗ്രതയുണ്ടാകണം. 

നന്മകൾ വർധിപ്പിക്കുക

       നോമ്പിന്റെ വിശുദ്ധിക്കും തഖ്‌വക്കും വിഘ്നമാവുന്ന വ്യവഹാരങ്ങളിൽ നിന്നകന്ന് നിൽക്കുന്നതോടു കൂടെത്തന്നെ സുകൃതങ്ങൾ കൊണ്ട് ജീവിതത്തെ ധന്യമാക്കാനും വിശ്വാസികൾ റമളാൻ ഉപയോഗപ്പെടുത്തണം. സുകൃതങ്ങൾക്ക് പതിന്മടങ്ങു പ്രതിഫലമാണ് റമളാനിൽ ലഭിക്കുന്നതെന്ന് മുത്ത് നബി പഠിപ്പിക്കുന്നുണ്ട്. ഫർളായ (നിർബന്ധം) ഒരു കാര്യം ചെയ്‌താൽ 70 ഫർളുകൾ ചെയ്ത പ്രതിഫലമാണ്. ഒരു സുന്നത്തിന് ഒരു ഫർളിന്റെ പ്രതിഫലവുമാണ്. അതായത് 70 സുന്നത്തുകളുടെ പ്രതിഫലം. റമളാനാല്ലാത്ത സമയങ്ങളിൽ 70 രൂപ ദാനം ചെയ്ത പ്രതിഫലം റമളാനിൽ ഒരു രൂപ ദാനം ചെയ്യുന്നത് കൊണ്ട് ലഭിക്കുന്നു. റമളാനിൽ രണ്ട് റകഅത് സുന്നത്ത് നിസ്കരിക്കുന്നതിന്റെ പ്രതിഫലം റമളാൻ അല്ലാത്ത സമയങ്ങളിൽ 140 റകഅത് നിസ്കരിക്കുന്ന അത്രയുമാണ്. റമളാനല്ലാത്ത സമയങ്ങളിൽ 70 ളുഹ്ർ നിസ്കരിക്കുന്നതിന്റെ കൂലി റമളാനിലെ ഒരു ളുഹ്ർ നിസ്കാരം കൊണ്ട് ലഭിക്കുന്നു. എത്ര വലിയ ഓഫറാണിതെന്ന് ആലോചിച്ചു നോക്കൂ. റമളാൻ എന്റെ സമുദായത്തിന് വേണ്ടി അല്ലാഹു പ്രത്യേകം നല്കിയതാണെന്ന് തിരുനബി പറഞ്ഞതിന്റെ പൊരുൾ ബോധ്യപ്പെടാൻ ഇനിയൊരു വിവരണം ആവശ്യമാവില്ലല്ലോ.

         വിവരിക്കുന്നതിനപ്പുറം വിശാലമായ സാധ്യതയാണ് ഓരോ വിശ്വാസിക്കും റമളാൻ. ഈ സാധ്യതയെ ഉപയോഗപ്പെടുത്താൻ കഴിയണം. ജീവിതത്തിൻറെ എല്ലാ കാര്യങ്ങളിലും തിരുനബി പഠിപ്പിച്ച കാര്യങ്ങളെ അനുധാവനം ചെയ്യുമ്പോൾ അത് സുന്നത്തായി. പ്രതിഫലം 70 മടങ്ങായി. കൂടുതൽ അധ്വാനങ്ങളില്ലാത്ത എല്ലാ സുന്നത്തുകളെയും റമളാനിൽ ശീലമാക്കണം. ജോലിയും പഠനവും എല്ലാം ഉണ്ടാകുമ്പോഴും അവകൾക്ക് തടസ്സമാകാത്ത കർമ്മങ്ങൾ ചെയ്യാൻ ശ്രദ്ധിക്കണം. ചെരിപ്പ് ധരിക്കുമ്പോൾ വലത് കാൽ ആദ്യം ധരിക്കുകയും അഴിക്കുമ്പോൾ ആദ്യം ഇടതുകാലിന്റെതാവുകയും ചെയ്യൽ തിരുചര്യയാണ്. അത്രയും സൂക്ഷ്മമായി നോക്കിയാൽ ജീവിതം മുഴുവൻ ആരാധനയാക്കാൻ കഴിയും. അത് പ്രത്യേകം ശ്രദ്ധിക്കണം. കർമ്മങ്ങൾ ഹൃദയസാന്നിധ്യത്തോടെയാകുമ്പോഴാണ് അവക്ക് അല്ലാഹുവിൻ്റെയടുക്കൽ സ്വീകാര്യതയുണ്ടാകുന്നത്. മറ്റുള്ളവർ കാണാൻ വേണ്ടിയുള്ള പ്രവർത്തനങ്ങളായി നമ്മുടെ പ്രവർത്തനം മാറരുത്. മാത്രമല്ല എല്ലാ സുകൃതങ്ങളും അതിൻ്റേതായ ശരിയായ രൂപത്തിൽ തന്നെ നിർവഹിക്കപ്പെടണം. പ്രവർത്തനങ്ങൾ പരമാവധി അന്യൂനമാക്കാൻ ശ്രദ്ധിക്കണം.

തറാവീഹ്

       റമദാനിലെ രാത്രിയിൽ ഇഷാ നിസ്കാരത്തിനു ശേഷം സുബഹിക്ക് മുമ്പായി പ്രത്യേകം സുന്നത്തുള്ള നിസ്കാരമാണ് തറാവീഹ്. സൽമാൻ (റ) ഉദ്ധരിക്കുന്നു: "ശഅബാൻ യാത്ര പറയുന്ന ദിവസം നബി (സ്വ) ഒരു പ്രഭാഷണം നടത്തി. തിരുനബി പറഞ്ഞു. മനുഷ്യ സമൂഹമേ, ഏറെ ശ്രേഷ്ഠമായ ഒരു മാസം നിങ്ങൾക്കിതാ ആഗതമായിരിക്കുന്നു. ആയിരം മാസങ്ങളേക്കാൾ പവിത്രമായ ഒരു രാത്രി ആ മാസത്തിലുണ്ട്. ആ മാസത്തിന്റെ പകലിൽ നിങ്ങൾ നോമ്പ് അനുഷ്ഠിക്കണം. രാത്രിയിൽ നിങ്ങൾ തറാവീഹ് നിസ്കരിക്കണം".

       സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവർക്കും സുന്നത്തുള്ള ഈ നിസ്കാരം ജമാഅത്തായി നിസ്കരിക്കലാണ് ഉത്തമം. ഇരുപത് റക്അത്താണ് തറാവീഹ് നിസ്കാരം. നബിയും അനുചരനും ശേഷം വന്ന താബിഉകളുമെല്ലാം 20 റക്അത്താണ് നിസ്കരിച്ചിരുന്നത്. ഇബ്നു അബ്ബാസ് (റ) വിൽ നിവേദനം ചെയ്യുന്നു : "റമളാനിൽ നബി (സ്വ) തറാവീഹ് 20 റക്അത്തും ശേഷം വിത്റും നിസ്കരിക്കാറുണ്ടായിരുന്നു"(ത്വബ്റാനി).  വിശ്വാസിയുടെ കർമ്മങ്ങൾക്ക് പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്ന റമളാൻ മാസത്തിൽ തറാവീഹ് നിസ്സാരമായ ഒന്നായി കാണരുത്. പകലിൽ വ്രതമനുഷ്ഠിച്ച വിശ്വാസിക്ക് രാത്രിയിൽ അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാനും ആരാധനാനിരതരാകാനും തറാവീഹ് നിർവഹണത്തിലൂടെ സാധിക്കണം.

ഖുർആൻ

     റമളാൻ ഖുർആനിന്റെ മാസമാണ്. അല്ലാഹു പറയുന്നു: "ഖുർആൻ ഇറങ്ങിയ മാസമാണ് റമളാൻ"(ബഖറ-185). ഇസ്ലാമിന്റെ മാനിഫെസ്റ്റോ ആണ് ഖുർആൻ. തിരു നബി (സ്വ) യുടെ ഏറ്റവും വലിയ മുഅജിസത്താണത്. ഖുർആനുമായി വിശ്വാസിക്ക് എപ്പോഴും അടുപ്പമുണ്ടാകണം. മുൻഗാമികളായ ശ്രേഷ്ഠരുടെ ജീവിതത്തിൽ ഖുർആൻ പാരായണത്തിന്റെ നിരന്തര സാന്നിധ്യം നമുക്ക് കാണാൻ കഴിയും. മനുഷ്യൻ നന്നാകാനുള്ള ഏറ്റവും മികച്ച വഴിയാണ് ഖുർആൻ പാരായണം. ഖുർആൻ പാരായണം ചെയ്യുന്നതിലൂടെ ഹൃദയശുദ്ധി കൈവരിക്കാനാകുമെന്ന് പണ്ഡിതന്മാർ പഠിപ്പിക്കുന്നുണ്ട്.

       അല്ലാഹു പറയുന്നു: "തീർച്ചയായും ഖുർആൻ ഏറ്റവും ശരിയായ പാതയിലേക്ക് വഴി നടത്തുന്നതാണ്"(ഇസ്റാഅ:9). ഖുർആൻ പാരായണം ചെയ്യുന്നവരുടെ ഹൃദയം പ്രകാശിക്കുമെന്നും ഖബറിൽ അത് വെളിച്ചമാകുമെന്നുമെല്ലാമുള്ള അധ്യാപനങ്ങൾ നമുക്കറിയാം. മുൻഗാമികളെല്ലാം ഖുർആൻ പാരായണത്തെ അധികരിപ്പിച്ചവരും അത് ഉണർത്തിയവരുമാണ്. റമളാൻ ഖുർആനിന്റെയും മാസമായതു കൊണ്ട് തന്നെ മറ്റു മാസങ്ങളെക്കാളുപരി ഖുർആൻ പാരായണം അധികരിപ്പിക്കുക എന്നതാണ് തിരുനബിയിൽ നിന്ന് നമുക്ക് അനുധാവനം ചെയ്യാനുള്ളത്. റമളാനിൽ ധാരാളം ഖത്മുകൾ ചെയ്യുന്ന ശീലം നമുക്കുണ്ടാകണം. ഖുർആൻ കൊണ്ട് വിജയിക്കുന്നവരാകാൻ കഴിയണം.

        ഖുർആൻ അതിന്റെ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം പാരായണം ചെയ്യേണ്ടത്. തജ് വീദ് നിയമങ്ങളും അറബി അക്ഷരങ്ങളുടെ നിയമങ്ങളും പിഴവില്ലാത്ത വിധം ശ്രദ്ധിച്ചുകൊണ്ട് പാരായണം ചെയ്യുമ്പോഴാണ് ഖുർആനിനോടുള്ള ബാധ്യത വീട്ടിയവരിൽ നാം ഉൾപ്പെടുകയുള്ളൂ. അല്ലെങ്കിൽ 'ചിലർ ധാരാളം ഖുർആൻ പാരായണം ചെയ്യുന്നു. പക്ഷേ ഖുർആൻ അവരെ ശപിച്ചുകൊണ്ടിരിക്കുന്നു' എന്ന് തിരു നബി പറഞ്ഞ ഹതഭാഗ്യരിൽ നാം പെട്ടുപോകും. ഖത്മുകളുടെ എണ്ണമധികരിപ്പിക്കാനോ ഓതിയെന്ന് പറയാൻ വേണ്ടിയോ അലസമായി ഖുർആൻ പാരായണം ചെയ്യുന്നവരായി നാം മാറരുത്. അതീവ ശ്രദ്ധയോടെയും കഴിവിന്റെ പരമാവധി അർത്ഥമറിഞ്ഞും ഖുർആൻ പാരായണം ചെയ്യണം.

ലൈലത്തുൽ ഖദ്ർ

           റമളാൻ മാസത്തിന്റെ മറ്റൊരു പ്രത്യേകത റമളാനിലെ പവിത്രമായ ഒരു രാത്രിയാണ്. ഒരിക്കൽ നബി (സ്വ) തങ്ങൾ ജനങ്ങളോട് പറഞ്ഞു: "റമളാനിൽ ഒരു രാത്രിയുണ്ട്. ആ രാത്രിക്ക് ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ഠതയുണ്ട്. ആ രാത്രി ചെയ്യുന്ന സുകൃതങ്ങൾക്ക് ആയിരം മാസങ്ങൾ സുകൃതം ചെയ്യുന്നതിനേക്കാൾ പ്രതിഫലം ലഭിക്കുന്നു. സ്വഹാബത് ചോദിച്ചു: നബിയെ ഏതാണ് ആ ദിവസം? നബി (സ്വ) തങ്ങൾ പറഞ്ഞു: ലൈലത്തുൽ ഖദർ".

       ഖുർആൻ ലൗഹുൽ മഹ്‌ഫൂളിലേക്കിറക്കിയ രാത്രിയാണ് ലൈലത്തുൽ ഖദർ. എന്നാൽ റമളാനിലെ ഏത് രാത്രിയാണ് ഖദറിന്റെ രാത്രി എന്ന് കൃത്യമായി അറിയിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ റമളാൻ മുഴുവനും അതിൻ്റെ സാധ്യതകളെ നാം ഉപയോഗപ്പെടുത്തണം. റമളാനിലെ അവസാന പത്തിലാവാനാണ് കൂടുതൽ സാധ്യതയെന്ന് മഹാന്മാർ പഠിപ്പിക്കുന്നുണ്ട്. റമളാൻ അവസാന പത്ത് ആയാൽ മുത്ത് നബി കൂടുതൽ ഒരുങ്ങുകയും കുടുംബത്തെ സുകൃതങ്ങൾക്ക് കൂടുതൽ പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നുവെന്ന് ആഇശ ബീവി (റ) പറയുന്നുണ്ട്. അന്നത്തെ രാത്രി വിശ്വാസത്തോടെയും കൂലിയാഗ്രഹിച്ചും ആരാധനയിൽ ഏർപ്പെടുന്നവർക്ക് പാപമോചനമുണ്ടെന്ന് മുത്ത് നബി പഠിപ്പിക്കുന്നുണ്ട്.

        അവസാന പത്തിലെ ഒറ്റയായ രാവുകളിൽ ലൈലത്തുൽ ഖദറിനെ കൂടുതൽ പ്രതീക്ഷിക്കാമെന്നും ഇരുപത്തിയേഴാം രാവിൽ പ്രത്യേകം സാധ്യതയുണ്ടെന്നും മഹാൻമാർ പഠിപ്പിക്കുന്നു. അന്നത്തെ രാത്രി അല്ലാഹുവിൻറെ നിർദ്ദേശപ്രകാരം ഭൂമിയിലേക്ക് മലക്കുകൾ ഇറങ്ങുമെന്ന് ഖുർആൻ പറയുന്നുണ്ട്(സൂറ: ഖദ്ർ/4). വിശ്വാസികളുടെ കർമ്മങ്ങൾക്ക് ഈ മലക്കുകൾ സാക്ഷിയാകും. റമളാൻ അങ്ങനെയും സാധ്യതയാണ്. നഷ്ടപ്പെടുത്തരുത്.

         വിശുദ്ധിയുടെ രക്ഷാകവചങ്ങളുമായി റമളാൻ വിരുന്നെത്തിയിരിക്കുന്നു. ഇനിയുള്ള ഓരോ നിമിഷവും വിശ്വാസിക്ക് ഏറെ വിലപ്പെട്ടതാണ്. ഒരു സെക്കന്റ്‌ സമയം പോലും നഷ്ടമാവരുത്. ആരാധനകൾ അധികരിപ്പിക്കണം. ദാനധർമ്മങ്ങൾ കൊണ്ടു ധന്യമാകണം. ഖുർആൻ പാരായണവും റമദാനിൽ പ്രത്യേകം നിർദ്ദേശിക്കപ്പെട്ട ദിക്റുകളും നിത്യമാക്കണം. സുകൃതങ്ങൾ ചെയ്ത് റബ്ബിലേക്ക് അടുക്കാനും അല്ലാഹുവിനോട് കൂടുതൽ ദുആ ചെയ്ത് പാപമോചനം നേടി മനസ്സ് ശുദ്ധമാക്കാനും നരക മോചനം നേടാനും നമുക്ക് സാധിക്കണം.

 

Questions / Comments:23 March, 2023   03:23 am

Test

Testmsg