അടിച്ചമർത്തപ്പെട്ട അടിസ്ഥാനവർഗ്ഗത്തിന്റെ വിമോചകരായാണ് മാർക്സിസം രംഗപ്രവേശനം നടത്തിയത്. അധികാരപദത്തിലെത്തുമ്പോൾ ഇതേ പ്രത്യയം അസഹിഷ്ണുതയും സ്വേച്ഛാധിപത്യവുമായത് എന്ത്‌ കൊണ്ടാണ് ?ബൗദ്ധികസിദ്ധാന്തങ്ങളുടെ വാചോടാപങ്ങൾ മാത്രമാണ് മാർക്സിസമെന്ന യഥാർഥ്യത്തെ അനാവരണം ചെയ്യുന്നു.


വിപ്ലവം, സ്വാതന്ത്ര്യം, സമത്വം പോലുള്ള ഭംഗി വാക്കുകളിലൂടെ ഒരു ബൗദ്ധിക പരിവേഷം നേടിയെടുത്ത പ്രസ്ഥാനമാണ് മാർക്സിസം. എന്നാൽ കേവല വാചോടോപങ്ങൾക്കപ്പുറം ഒരു രാഷ്ട്രീയ തത്വചിന്ത എന്ന നിലയിൽ മാർക്സിസം മുന്നോട്ടു വെച്ച സിദ്ധാന്തങ്ങളുടെ പ്രായോഗികത എത്രത്തോളമുണ്ട്? മനുഷ്യരുടെ ആത്യന്തിക പ്രശ്നങ്ങളെ പരിഗണിക്കാൻ ഈ പ്രസ്ഥാനത്തിന് എത്രത്തോളം സാധിച്ചിട്ടുണ്ട്? മാർകിസ്റ്റ് ഭരണ ചരിത്രത്തിന്റെ ബാക്കിപത്രം അസഹിഷ്ണുതയും സ്വേച്ഛാധിപത്യവുമായത് എന്ത്‌ കൊണ്ടാണ് ? ലിബറലിസത്തിന് കുടപിടിക്കുന്ന മാർക്സിന്റെ മതത്തെ കുറിച്ചുള്ള നിരീക്ഷണങ്ങളും ചർച്ചക്കെടുക്കേണ്ടതുണ്ട്.

സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയപരവുമായ വിഷയങ്ങളിൽ കാറൽ മാർക്സ് ചിട്ടപ്പെടുത്തിയ ചിന്താ പദ്ധതികളാണ് മാർക്സിസം. മാർക്സിസത്തെ നിർവചിക്കുന്ന മൂന്ന് അടിസ്ഥാന തത്വങ്ങളാണ് വൈരുദ്ധ്യാത്മക ഭൗതികവാദം ( Dialetical Materialism), ചരിത്രപരമായ ഭൗതികവാദം ( Historical Materialism), മിച്ചമൂല്യ സിദ്ധാന്തം (Theory of surplus value) എന്നിവ. മാർക്സ് അവതരിപ്പിച്ച സിദ്ധാന്തങ്ങളൊന്നും തന്നെ മൗലികമായിരുന്നില്ല. പകരം ജർമൻ തത്വചിന്തകരായ വില്യം ഹെഗലിന്റെ വൈരുദ്ധ്യാത്മകത( Dialectical Method) യെയും ഫോയർബേക്കിന്റെ ഭൗതികവാദവും (Materialism) സംയോജിപ്പിച്ചു കൊണ്ട് തന്റേതായ ഭാഷ്യം നൽകുകയാണ് ചെയ്തത്. മാർക്സ് ഇങ്ങനെ നിർമിച്ചെടുത്ത സങ്കര സിദ്ധാന്തമാണ് വൈരുദ്ധ്യാത്മക ഭൗതികവാദം.

 സങ്കല്പം (Thesis) പ്രതിസങ്കല്പം ( Anti thesis) സമന്വയം ( synthesis) എന്നിവയെ ആശ്രയിച്ചു കൊണ്ടാണ് ചരിത്രത്തിന്റെ വളർച്ച സംഭവിക്കുന്നതെന്ന് വില്യം ഹെഗൽ തന്റെ വൈരുദ്ധ്യാത്മകതയിലൂടെ പറഞ്ഞു വെക്കുന്നു. സങ്കല്പം ഒരു ആശയമോ പ്രസ്ഥാനമോ ആകാം . ഒരു ആശയത്തിനെതിരെയുള്ള പോരായ്മകൾ അതിനെതിരെ പുതിയൊരു ആശയം രൂപപ്പെടാൻ ഇടവരുത്തുന്നു. ഈ രണ്ട് ആശയങ്ങൾക്കിടയിലെ സംവാദം രണ്ടിലെയും സത്യാംശം ഉൾക്കൊള്ളുന്ന സമന്വയമെന്ന പുതിയ ആശയത്തിന് രൂപം നൽകുന്നു. മാർക്സ് ഈ വൈരുദ്ധ്യാത്മകതയെ മാത്രം സ്വീകരിക്കുകയും വർഗ്ഗസമരം എന്ന തന്റെ ആശയവുമായി സംയോജിപ്പിച്ച് അവതരിപ്പിക്കുകയും ചെയ്തു. സങ്കല്പം എന്നത് മുതലാളിത്ത വർഗ്ഗവും പ്രതിസങ്കല്പം എന്നത് തൊഴിലാളി വർഗ്ഗ (proletariat) വുമായി വ്യാഖ്യാനിക്കുകയും ചെയ്തു. എന്നാൽ ഇരു സങ്കല്പങ്ങളിൽ നിന്നുമുള്ള സത്യാംശത്തെ പരിഗണിക്കുന്നതിന് പകരം മാർക്സ് സമന്വയമായി അവതരിപ്പിച്ചത് ക്യാപിറ്റലിസത്തെ വിപ്ലവത്തിലൂടെ ഇല്ലാതാക്കുകയും അതിജയിക്കുകയും വേണമെന്നുള്ളതാണ്. കാരണം ക്യാപിറ്റലിസത്തെ നവീകരിക്കുക സാധ്യമല്ലെന്നും തൊഴിലധിഷ്ഠിത വർഗ വിഭാഗങ്ങൾ എന്നുള്ളത് കാപിറ്റലിസത്തിന്റെ സഹജമായ സ്വഭാവമാണെന്നുമാണ് മാർക്സിന്റെ അഭിപ്രായം. ക്യാപ്പിറ്റലിസ്റ്റ് വ്യവസ്ഥയിൽ തൊഴിലാളിവർഗ്ഗം ഒരു മെഷീനെന്ന പോലെ പണിയെടുക്കേണ്ടി വരികയാണെന്നും തദ്വാര തൊഴിലാളി വർഗ്ഗം ഉൽപാദന പ്രക്രിയയിൽ നിന്നും ശേഷം പതിയെ സമൂഹത്തിൽ നിന്നു പോലും ഒറ്റപ്പെട്ടു പോകുമെന്നും (Alienation) മാർക്സ് നിരീക്ഷിക്കുന്നു. ഒറ്റപ്പെട്ടു പോവുക എന്നുള്ള പ്രക്രിയ വഴി തൊഴിലാളിവർഗ്ഗത്തിന് മാനുഷിക പരിഗണന പോലും ഇല്ലാതെയാകുന്ന (Dehumanisation) രീതിയിലേക്ക് കാര്യങ്ങളെത്തുമെന്നും മാർക്സ് വിധിയെഴുതുന്നു. അതിനാൽ മുതലാളിത്ത വ്യവസ്ഥയെ തന്നെ മുച്ചൂടും ഇല്ലായ്മ ചെയ്യുക എന്നുള്ളതാണ് പ്രായോഗിക പരിഹാരമെന്ന് മാർക്സിന് ബോധ്യപ്പെട്ടു.

മാർക്സ് പ്രശ്നവത്കരിക്കുന്ന മുതലാളി വർഗ്ഗത്തിന്റെ ചൂഷണാത്മകതയും തൊഴിലാളി വർഗ്ഗത്തിന്റെ മർദ്ദിതാവസ്ഥയും നിലനിൽക്കുന്ന ഒരു യാഥാർത്ഥ്യം തന്നെയായിരുന്നു. പ്രസ്തുത പ്രശ്നത്തിന് സൈദ്ധാന്തിക പിന്തുണയോടു കൂടി പ്രായോഗികമായ ഒരു പരിഹാരം അന്വേഷിക്കുന്നതിലായിരുന്നു മാർക്സിന്റെ പൂർണശ്രദ്ധ. ജർമൻ തത്വചിന്തയെ ഗ്രന്ഥശാലകളിൽ നിന്നും മോചിപ്പിച്ച് സമൂഹത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളിൽ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളെ കുറിച്ചായിരുന്നു മാർക്സിന്റെ ആലോചനകൾ. തത്വചിന്തകർ കേവലം ലോകത്തെ വ്യാഖ്യാനിക്കുക മാത്രമാണ് ചെയ്തതെന്നും അടിസ്ഥാന വിഷയം എങ്ങനെ തത്വങ്ങളിലൂടെ ലോകത്ത് മാറ്റങ്ങൾ കൊണ്ടുവരാമെന്നുള്ളതാണെന്നും മാർക്സ് അഭിപ്രായപ്പെടുന്നു. തന്റെ നിരീക്ഷണങ്ങളെ കേവലം ഒരു തത്വചിന്തയായി പരിമിതപ്പെടുത്താതെ നിലനിൽക്കുന്ന സാമൂഹിക പ്രശ്നത്തെ വിമർശനാത്മകമായി സമീപിക്കുകയും തദ്വാര പ്രായോഗിക പരിഹാരങ്ങൾ നടപ്പിലാക്കുകയും ചെയ്യുകയെന്നുള്ള പ്രാക്സിസ് ( Praxis) രീതികളോടായിരുന്നു മാർക്സിന് താല്പര്യം. അതു കൊണ്ടാണ് ഹെഗലിന്റെ വൈരുദ്ധ്യാത്മകതയെ സമൂഹത്തിനകത്ത് നടപ്പിലാക്കാൻ മാർക്സ് തുനിഞ്ഞത്.

എന്നാൽ നിലനിൽക്കുന്ന യാഥാർഥ്യമായ മുതലാളി വർഗ്ഗത്തിന്റെ ചൂഷണാത്മകതയുടെ മൗലിക കാരണം യൂറോപ്യൻ സമൂഹത്തിലുണ്ടായിരുന്ന ധാർമികതയുടെ അപചയവും ഭൗതിക പ്രമത്തതയുമാണെന്ന് കാണാൻ മാർക്സിന് സാധിച്ചില്ല. ക്യാപിറ്റലിസം എന്ന തിന്മയെ വിലക്കുകയും വിപ്ലവത്തിലൂടെ തുടച്ചുനീക്കുകയും ചെയ്ത ശേഷം കമ്മ്യൂണിസം സ്ഥാപിച്ചു ജനങ്ങൾക്കിടയിൽ സമ്പൂർണ്ണ സമത്വം കൊണ്ടുവരുമ്പോൾ ലോകം സ്വർഗ്ഗസമാനമാകുമെന്നായിരുന്നു മാർക്സിന്റെ സ്വപ്നം. മാർക്സിസത്തിന്റെ അടിസ്ഥാന ലക്ഷ്യം മുതലാളിത്തത്തിനെ പോലെ തന്നെ ഭൗതികാവൃദ്ധിയും സാമ്പത്തിക പുഷ്കലതയും തന്നെയായിരുന്നു. മുതലാളിത്തം ഒരു വർഗ്ഗത്തെ മാത്രം ബൂർഷ്വവത്കരിക്കുമ്പോൾ മാർക്സിസം ഒരു സമൂഹത്തെ ഒന്നടങ്കം ബൂർഷ വത്ക്കരിക്കുന്നു. അങ്ങനെ വരുമ്പോൾ യഥാർത്ഥത്തിൽ സംഭവിക്കുന്നത് സോഷ്യലിസത്തിന്റെയും തൊഴിലാളി വർഗ്ഗത്തിന്റെ സർവാധിപത്യത്തിന്റെയും പേരിൽ സ്ഥാപിച്ചെടുക്കുന്ന സ്റ്റേറ്റ് കാപ്പിറ്റലിസവും ഭരണകൂട സർവ്വാധിപത്യവുമാണ്.

മാർക്സ് നേരിട്ട വലിയ പരിമിതി മുതലാളിത്ത വ്യവസ്ഥ എന്ന വിപത്തിനെ നേരിടുന്നതിൽ ഭൗതികവാദത്തെ കൂട്ടുപിടിച്ചു എന്നുള്ളതാണ്. തനിക്ക് മുമ്പ് ഭൗതികവാദികളായ ചിന്തകർ മാനവികത വാദമുയർത്തുമ്പോൾ പ്രതിഫലിച്ചു കണ്ടിരുന്ന വൈരുദ്ധ്യങ്ങൾ മാർക്സിന്റെ സിദ്ധാന്തങ്ങളിലും മുഴച്ചു നിൽക്കുന്നുണ്ട്. മനുഷ്യനെ കേവലം തന്മാത്രകളും കോശങ്ങളും ഒരു കെട്ട് ന്യൂറോണുകളുമായി മാത്രമേ ഭൗതികവാദത്തിന് അപഗ്രഥിക്കാൻ കഴിയൂ. ജറമി ബെന്തമിന്റെ ഹോമോ ഹൊമിലുപ്സ് ( മനുഷ്യൻ മറ്റൊരു മനുഷ്യനോട് ചെന്നായയാണ്) അടിസ്ഥാന പ്രമേയമായി സ്വീകരിക്കുന്നവരാണ് ഭൗതികവാദികൾ. അതുകൊണ്ടാണ് ഫ്രെഡറിക് എംഗൽസിനെഴുതിയ കത്തിൽ അൾജീരിയയിലെ അറബ് വംശജർ കുരങ്ങുകളെ പോലെയാണെന്ന് മാർക്സിന് എഴുതേണ്ടി വരുന്നത്.

തൊഴിലാളി വർഗ്ഗത്തിന്റെ പൊതു ഉടമസ്ഥതയിലുള്ള ഭരണം സ്ഥാപിച്ചു കഴിഞ്ഞാൽ രാഷ്ട്രം എന്ന സ്ഥാപനത്തിന് പ്രസക്തിയില്ലെന്നും അത് ക്രമേണ അപ്രത്യക്ഷമാകുമെന്നും ( Whither away ) മാർക്സ് വിലയിരുത്തുന്നു. എന്നാൽ ഭരണത്തിന്റെ അസാന്നിധ്യമുള്ള ജനതക്കിടയിൽ അരാചകത്വ ചിന്തകൾ പൊട്ടിമുളക്കാൻ അധികനേരം വേണ്ടി വരില്ല. കാരണം മനുഷ്യൻ ജീവിക്കേണ്ടത് എങ്ങനെയാണ് എന്ന ചോദ്യത്തിന് ഉത്തരമായി മാർക്സിസ്റ്റ് സഹയാത്രികനായ ഴീൻ പോൾ സാർത്രിന് പറയാനുള്ളത് അവൻ ഇച്ഛിക്കുന്നത് പോലെയെന്നാണ്. ഏകമായ ഒരു സത്യം ( objective truth) ഒരു മിഥ്യയാണെന്ന് അഭിപ്രായപ്പെടുന്ന ഭൗതികവാദികളാൽ തറയൊരുക്കിയ കമ്മ്യൂണിസ്റ്റ് വ്യവസ്ഥയിലെ ജനങ്ങൾ സ്വാഭാവികമായും തന്റെ സ്വാതന്ത്ര്യം ഉപയോഗിച്ച് ചെയ്യുന്ന കാര്യങ്ങൾക്കെല്ലാം നീ‌തീകരണം കണ്ടെത്തും.

ഭൗതികവാദം ഉറപ്പു നൽകുന്ന സ്വാതന്ത്ര്യം ഉപയോഗിച്ച് മുതലാളി വർഗ്ഗം സർവത്ര ചൂഷണങ്ങൾ നടത്തുമ്പോൾ അതിനെതിരെ നൈതികതയുടെ പ്രശ്നം പറഞ്ഞ് തൊഴിലാളികൾ വിപ്ലവം നടത്തണമെന്നാണ് അതേ ഭൗതികവാദത്തിൽ വിശ്വസിക്കുന്ന മാർക്സിന്റെ നിലപാട്. നൈതികതയെയും നന്മതിന്മകളെയും നിശ്ചയിക്കുന്ന ദൈവമോ മറ്റു മാനദണ്ഡങ്ങളോ ഇല്ലാത്ത മാർക്സിന് ചൂഷണത്തിനെതിരെ സംസാരിക്കാൻ പ്രത്യേകമായി എന്ത് പരിഗണനയും അവകാശവുമാണുള്ളത്. കാരണം കേവലഭൗതിക പ്രദാർത്ഥമായ മനുഷ്യന് പ്രത്യേക പരിഗണന നൽകണമെന്ന് മറ്റൊരു കേവലപദാർത്ഥമായ മാർക്സ് പറയുന്നത് സ്വീകരിക്കപ്പെടണമെന്ന് ശാഠ്യം പിടിക്കുന്നതിൽ അർത്ഥമില്ല.

മതം അടിസ്ഥാന പ്രശ്നങ്ങളിൽ നിന്നും കുതറി മാറി മനുഷ്യനെ നിത്യ മയക്കത്തിലേക്ക് വലിച്ചുകൊണ്ടു പോകുന്ന കറുപ്പാണെന്നാണ് (ലഹരി) മാർക്സിന്റെ പക്ഷം . മനുഷ്യൻ അവന്റെ ആവശ്യങ്ങളുടെ പൂർത്തീകരണത്തിനു വേണ്ടി അവനാൽ തന്നെ നിർമ്മിച്ചതാണ് മതങ്ങളെന്നും, മതങ്ങൾക്ക് പ്രായോഗിക ജീവിതത്തിൽ പ്രത്യേകിച്ച് പ്രസക്തിയില്ലെന്നും, മതം അഭൗതിക ലോകവുമായിട്ടാണ് നേരിട്ട് സംവദിക്കുന്നതെന്നുമാണ് മാർക്സിന്റെ നിരീക്ഷണം. മതം മനുഷ്യരുടെ ചിന്താ ബോധത്തെ തളർത്തുകയും കമ്പോള ഉല്പാദനപ്രക്രിയയിലെ മനുഷ്യന്റെ കഴിവുകളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ലെനിൻ പ്രസ്താവിച്ചിട്ടുണ്ട്. മതമെപ്പോഴും മനുഷ്യനെ വിധേയപ്പെടലുകളിലേക്കും നിഷ്ക്രിയത്വത്തിലേക്കുമാണ് പ്രോത്സാഹിപ്പിക്കുന്നതെന്നാണ് ലെനിന്റെ പക്ഷം. ലിബറലിസം മനുഷ്യൻ എന്ന വ്യക്തിയെ ദൈവത്തിന്റെ സ്ഥാനത്ത് പ്രതിഷ്ഠിക്കുമ്പോൾ മാർക്സിസം തൊഴിലാളി വർഗ്ഗത്തെയാണ് പ്രതിഷ്ഠിക്കുന്നത്.

മാർക്സിന്റെ അടിസ്ഥാനങ്ങളിലൊന്നാണ് മിച്ചമൂല്യ സിദ്ധാന്തം. ഒരു വസ്തുവിന്റെ ഉൽപാദന പ്രക്രിയയിൽ വരുന്ന ചെലവുകളെക്കാൾ ഉൽപന്നത്തിന്റെ മൂല്യം കൂടിയിരിക്കുന്നുവെങ്കിൽ ആ കൂടിയ വിലയാണ് മിച്ചമൂല്യം. ഇത് തൊഴിലാളിയുടെ അധ്വാനം കൊണ്ട് മാത്രമാണെന്നാണ് മാർക്സിന്റെ കണ്ടെത്തൽ. ഇവിടെ മുതലാളിയുടെ പരിശ്രമങ്ങൾക്കോ അധ്വാനങ്ങൾക്കോ മാർക്സ് വിലയിടുന്നില്ല. പകരം മാർക്സിന്റെ വിമർശനം തൊഴിലാളിയുടെ അധ്വാനത്തെ ലാഭം എന്ന പേരിൽ മുതലാളി കവരുന്നു എന്നതാണ്. ഇനി രണ്ടുപേരുടെ അധ്വാനത്തെയും പരിഗണിച്ചാൽ തന്നെ ഇവരുടെ അധ്വാനത്തിന്റെ പങ്ക് എത്രയാണെന്ന് അറിയിക്കുന്ന മാപിനികളുണ്ടോ? യഥാർത്ഥത്തിൽ അധ്വാനം കൊണ്ട് മാത്രമായില്ല എന്നും ഒരു കൃഷി ഉണ്ടാകണമെങ്കിൽ ദൈവത്തിന്റെ വിധി അനിവാര്യമാണെന്നും മനുഷ്യന്റെ യുക്തി പറയുന്നു. ഇവിടെയാണ് ദൈവത്തെയും ആത്യന്തിക പരിഹാരത്തെയും കണ്ടെത്താനുള്ള ആറാം ഇന്ദ്രിയം പ്രവർത്തിക്കുന്നത്.

മാർക്സിന്റെ സിദ്ധാന്തങ്ങളൊന്നും സർവ്വകാലികമോ സാർവജനീനമോ അല്ല. മാർക്സിന്റെ തത്വം പൂർണമായി നടപ്പിലാക്കിയ ഒരു നാട് പോലും ലോകത്തില്ല. പ്രായോഗിക ജീവിതവുമായി മാത്രം ബന്ധപ്പെട്ടു നിൽക്കുന്നു എന്ന് പ്രസ്താവിക്കുമ്പോഴും അപ്രായോഗികമായ നിയമങ്ങളുടെ കൂനയാണ് മാർക്സിസം. സ്വകാര്യ സ്വത്ത് ആർജിക്കാനുള്ള മനുഷ്യന്റെ അവകാശത്തെ മാർക്സിസം നിഷേധിക്കുന്നു. കെട്ടുറപ്പുള്ള ഒരു സമൂഹത്തിന്റെ അടിക്കല്ലായ കുടുംബവ്യവസ്ഥയെ ശിഥിലമാക്കണമെന്ന് പറയുന്നതിന് പിന്നിൽ മാർക്സിസം മുന്നോട്ടുവെക്കുന്ന കാരണം കുടുംബം സ്വകാര്യ സ്വത്ത് ആർജ്ജിക്കുന്നതിന്റെ പ്രഥമ ഇടമായത് കൊണ്ടാണ്.

മാർക്സ് താൻ ജീവിച്ച കലുഷമായ യൂറോപ്യൻ സാഹചര്യത്തെക്കുറിച്ച് മാത്രമാണ് നിരീക്ഷിച്ചത്. മനുഷ്യചരിത്രത്തെ സമ്പത്തിന് ചുറ്റുമായി കുരുക്കിയിടുകയും മുതലാളിയും തൊഴിലാളിയും തമ്മിലുള്ള ഏക ബന്ധം സംഘർഷത്തിന്റേത് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു. ഇസ്ലാമിക ചരിത്രത്തിൽ മക്കയിൽ നിന്നും മദീനയിലേക്ക് പലായനം ചെയ്തെത്തിയ ദരിദ്രരായ മുഹാജിറുകളെ സമ്പന്നരായ അൻസാറുകൾ കൈനീട്ടി സഹോദര തുല്യരായി സ്വീകരിച്ചിരുത്തിയ മനോഹര നിമിഷങ്ങളുണ്ട്. മാർക്സിന്റെ സാഹചര്യങ്ങൾ ഈ വൈവിധ്യങ്ങളെ ഉൾക്കൊള്ളാൻ പോന്നതായിരുന്നില്ല. മുതലാളി വർഗത്തിന്റെ ചൂഷണവും തൊഴിലാളികളുടെ മർദ്ദിതാവസ്ഥയും വേദനകളും ദൈവത്തിന്റെ പരീക്ഷണമാണെന്നും ഭൂമിയിൽ ഒരു സ്വർഗ ലോകം അസാധ്യമാണെന്നുമുള്ള സത്യം പ്രാഗ്മസ്റ്റുകളായ വിശ്വാസികൾക്ക് ആശ്വാസം പകരുമ്പോൾ ഐഡിയലിസ്റ്റായ മാർക്സ് ഈ സാഹചര്യങ്ങൾക്ക് മുമ്പിൽ ഇരുട്ടിൽ തപ്പുന്നു. സ്വന്തം ആശയത്തെ പോലും നിരാകരിച്ച വ്യക്തിയാണ് മാർക്സ്. തൊഴിലാളികൾക്ക് വേണ്ടി സിദ്ധാന്തങ്ങൾ ചമയുമ്പോഴും താൻ തൊഴിലാളി വർഗത്തിനേക്കാൾ സമുന്നതനാണെന്നും തൊഴിലാളി വർഗത്തെ പോലെ ജീവിക്കാൻ തന്റെ സാഹചര്യങ്ങൾ അനുവദിക്കുന്നില്ലെന്നും വിശ്വസിച്ചു.

സ്വകാര്യ സമ്പത്തിന്റെ ഉൽമൂലനത്തിന് വേണ്ടി പ്രബന്ധം രചിക്കുമ്പോഴും അയാൾക്കെല്ലാം പണമായിരുന്നു . ഒരിക്കൽ ആയിരത്തോളം പൗണ്ട് ആവശ്യപ്പെട്ട് എംഗൽസിന് കത്തെഴുതി. യു കെ യിലെ ഏറ്റവും വലിയ കോട്ടൺ മില്ലിന്റെ ഉടമസ്ഥനായിരുന്നു തന്റെ സഹപ്രവർത്തക്കാനായ ഫ്രഡറിക് എംഗൽസിന്റെ പിതാവ്. ദൈവത്തെ വെറുത്ത മാർക്സ് തൊഴിലാളികൾക്ക് ഭൂമിയിൽ സമത്വ സുന്ദര സ്വർഗം വാഗ്ദാനം ചെയ്തു വഞ്ചിച്ചു.

എന്നാൽ ഇസ്‌ലാം അബലരെയും അടിമകളെയും അനാഥകളെയും തോൾ ചേർത്തു നിർത്തി. സിദ്ധീഖ്‌ (റ) ഇസ്ലാം സ്വീകരിച്ചു വീട്ടിൽ പോയ ശേഷം ഈ സൗഭാഗ്യം പകരാൻ മക്കയുടെ മണ്ണിൽ നേരെ അന്വേഷിച്ചു പോയത് അന്നാട്ടിൽ അടിമജീവിതത്തിലൂടെ ഏറ്റവും കൊടിയ ദുരിതം അനുഭവിച്ചിരുന്ന ബിലാൽ (റ) നടുത്തായിരുന്നു. ആ ബിലാൽ (റ) വാണ് ശേഷ കാലം ഉന്നതിയുടെ പടവുകൾ കയറി ലോകത്തോട് ആദ്യമായി ബാങ്ക് വിളിച്ചു പറയുന്നത്. മരുഭൂമണ്ണിന്റെ പൊള്ളലേറ്റ ആ കാൽപാദത്തിന്റെ സ്പർശനമാണ് മുത്ത് നബി (സ) സ്വർഗത്തിൽ കേട്ടെന്ന് അരുളിയത്.

Questions / Comments:



15 July, 2023   07:40 am

NIZAMUDHEEN. KK

വളരെ നല്ല എഴുത്ത് ????