തിങ്കൾ റസൂലിന്റെ താമരമേനി പുണർന്ന ഒരുപാട് പള്ളികളുണ്ട് മദീനയിൽ. ഓരോ കല്ലിലും കഴുക്കോലിലും തിരുനോട്ടം പതിഞ്ഞവ, വെള്ളിയുച്ചകളിൽ ആ കുലീന ഖുതുബകൾക്ക് കാതു കൊടുത്തവ. മഴവിളികളുമായി മുത്ത് ഖിബ്‌ലയിലേക്ക് മുന്നിട്ടയിടങ്ങൾ, അംഗസ്നാനിതനായ സ്മരണകളുടെ കിണറിനോരങ്ങൾ. അങ്ങനെയെത്ര അവിസ്മരണീയ കൊത്തുപണികളാണ് അമ്പിയരാജരുടെ മസ്ജിദുകൾ.


നബി ജീവിതത്തിലെ സുപ്രധാന സംഭവങ്ങൾക്ക് സാക്ഷിയാണ് മദീന. ഇസ്ലാമിന്റെ വളർച്ചയുടെ ഉത്ഭവം മദീനയിൽ നിന്നാണ്. അവിടുത്തെ ചരാചരങ്ങൾക്കെല്ലാം പൊന്നു മുസ്തഫാ തങ്ങളുടെ സാമിപ്യം പുണർന്നതിന്റെ അനവധി കഥകൾ പറയാനുണ്ടാകും. അതിൽ പ്രധാനമാണ് മദീനയിലെ മസ്ജിദുകൾ. നബി തങ്ങളുടെ പ്രത്യേക പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് ഓരോ പള്ളികളുടേയും നിർമ്മാണം. അവയിൽ ചിലവ ഉത്ഭവ പശ്ചാത്തലങ്ങൾ കൊണ്ടും ചരിത്രപ്രാമുഖ്യം കൊണ്ടും എടുത്തു പറയേണ്ടവയാണ്.

ഖുബാ പള്ളി

മദീനയിലെ പ്രഥമ പള്ളിയാണ് ഖുബാ . ഹിജ്റയുടെ വേളയിലാണ് പള്ളിയുടെ നിർമ്മാണം. നബി തങ്ങൾക്ക് ഏറെ പ്രിയപ്പെട്ട മസ്ജിദും ഖുബാ ആണ്. നബി തങ്ങളാണ് തറക്കല്ലിട്ടത്. മസ്ജിദിന്റെ നിർമ്മാണ വേളയിലും, ഖിബ്‌ല മാറ്റിപ്പണിയുന്ന സമയത്തും നബി തങ്ങളുടെ നേരിട്ടുള്ള ഇടപെടലുകളുണ്ടായിരുന്നു. പ്രയാസപ്പെട്ട് കല്ലുകൾ ചുമന്ന് പൊടി പുരണ്ട ശരീരവുമായി വരുന്ന നബിയെ കണ്ട് സ്വഹാബത് " തങ്ങളെ ഞങ്ങളത് ചെയ്തു കൊള്ളാമെന്ന് പറഞ്ഞപ്പോൾ , പ്രതിഫലേച്ഛയിൽ ഞാനും സമമാണെന്ന് [താബ്റാനി] പറഞ്ഞു അതിയായ ആവേശത്തോടെ നിർമാണപ്രവൃത്തികളിൽ അവിടുന്ന് പങ്കുകൊള്ളുകയാണുണ്ടായത്. എല്ലാ ശനിയാഴ്ചയും പതിവായി നബി തങ്ങൾ മസ്ജിദു ഖുബാ സന്ദർശിക്കാറുണ്ടായിരുന്നു. [ബുഖാരി] . മസ്ജിദു ഖുബായെയും അതിലെ ആരാധകരെയും അല്ലാഹു പ്രശംസിച്ചിരിക്കുന്നു".

"ആദ്യ ദിനം മുതൽ ഭക്തിയിൽ സ്ഥാപിച്ച പള്ളിയാണ് നിസ്കരിക്കാൻ ഏറെ അർഹതയുള്ളത്. വൃത്തി ഇഷ്ടപ്പെടുന്നവർ ആ പള്ളിയിലുണ്ട്. വൃത്തിയുള്ളവരെ അല്ലാഹു ഇഷ്ടപ്പെടുന്നു (തൗബ: 108). അവിടെ വെച്ചുള്ള നിസ്കാരം ഉംറക്ക് തുല്യമാണ് (ഇബ്നുമാജ, തിർമിദി) എന്നു തുടങ്ങിയ തിരുമൊഴികൾ ആ പരിശുദ്ധഗേഹത്തിന്റെ സ്ഥാനം വിളിച്ചോതുന്നതാണ്.

മദീനയുടെ തെക്കുപടിഞ്ഞാറുള്ള പ്രാദേശിക നാമത്തിലാണ് ഈ പള്ളി അറിയപ്പെടുന്നത്. 56 ചെറിയ ഖുബ്ബകൾ, 6 വലിയ ഖുബ്ബകൾ, പ്രവേശന കവാടത്തിൽ എട്ട് ഖുബ്ബകളെല്ലാം മസ്ജിദിന്റെ പ്രത്യേകതയാണ്. ഫഹദ് രാജാവിന്റെ ഭരണ കാലത്ത് വിശുദ്ധ ഗേഹം പരിഷ്കരിക്കുകയുണ്ടായി .

മസ്ജിദു ഗമാമ

നബി തങ്ങൾ നിസ്കരിച്ച സ്ഥലത്താണ് ഈ പള്ളി നിർമ്മിച്ചിട്ടുള്ളത്. മഴയ്ക്ക് വേണ്ടി ഈ സ്ഥലത്ത് നിസ്കരിക്കുന്ന സമയത്ത് മേഘം നബി തങ്ങൾക്ക് തണലിട്ട് കൊടുത്തിരുന്നു. അതു കൊണ്ടാണ് മസ്ജിദു ഗമാമ (മേഘപ്പള്ളി ) എന്നറിയപ്പെടുന്നത്. മസ്ജിദുന്നബവിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ബാബു സലാമിൽ നിന്നും ഏകദേശം 350 മീറ്റർ ദൂരത്താണ് പള്ളിയുള്ളത്. യാത്രയിൽ ഇതു വഴി സഞ്ചരിക്കുമ്പോൾ ഈ സ്ഥലമെത്തിയാൽ നബി തങ്ങൾ ഖിബ്‌ലക്ക് നേരെ നിന്ന് പ്രാർത്ഥിക്കാറുണ്ടായിരുന്നു. 

നജ്ജാശി രാജാവിന്റെ ജനാസ നിസ്കാരം നടന്നതും ഇവിടെയായിരുന്നു (മുസ്ലിം). നബിയുടെ അവസാന വർഷം തങ്ങൾ നിസ്കരിക്കാനായി നിർമ്മിച്ച പള്ളിയായതിനാൽ മസ്ജിദുൽ മുസ്വല്ല എന്നും ഈ മൈതാനിയിൽ നബി തങ്ങൾ പെരുന്നാൾ നിസ്കാരം സംഘടിപ്പിക്കാറുണ്ടായതിനാൽ മൈതാനുൽ മുസ്വല്ല എന്നും അറിയപ്പെടുന്നു. ഇരു ഭാഗമായിട്ടുള്ള ഈ നിർമ്മിതിയുടെ ഒരു ഭാഗത്ത് വലിയ ഒറ്റ ഖുബ്ബയും മറു ഭാഗത്ത് ചെറിയ അഞ്ച് ഖുബ്ബകളുമാണുള്ളത്.

ജുമുഅ മസ്ജിദ്

നബി തങ്ങളുടെ നേതൃത്വത്തിലെ ആദ്യ ജുമുഅ: ഇവിടെ വെച്ചായിരുന്നു. ഹിജ്റക്ക് ശേഷം ഖുബാഇലെ ആദ്യ നാളുകൾ പിന്നിട്ട് അഞ്ചാം ദിവസം വെള്ളിയാഴ്ച നബി തങ്ങൾ യാത്ര പുറപ്പെട്ടു. ജുമുഅയുടെ സമയമായപ്പോൾ അൻസാറുകളായ ബനൂ സാലിം ഗോത്രക്കാരുടെ പ്രദേശമായ റാനുനാഇലെത്തിയിരുന്നു. നൂറു പേരടങ്ങുന്ന നബിയും സംഘവും അവിടെ വെച്ച് ജുമുഅ നിസ്കരിച്ചു. 

മസ്ജിദ് ഖുബാഇന്റെ വടക്കുഭാഗത്ത് നിന്ന് 900 മീറ്ററും മസ്ജിദുന്നബവിയിൽ നിന്ന് 2300 മീറ്ററും അകലത്തിലാണ് ഈ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. പ്രഥമ നിർമ്മാണം ഉമറു ബ്നു അബ്ദുൽ അസീസിന്റെ ഭരണകാലത്താണെങ്കിലും വിവിധ കാലഘട്ടങ്ങളിലെ ഭരണാധികാരികൾ ഇതിന്റെ പുന:നിർമ്മാണത്തിൽ പങ്കാളികളായിട്ടുണ്ട്. 70 പേർക്ക് മാത്രം സൗകര്യമുണ്ടായിരുന്ന ഈ പള്ളി 650 പേരെ ഉൾക്കൊള്ളും വിധം അതിവിശാലമായ ഒറ്റ ഖുബ്ബയും നാലു ചെറിയ ഖുബ്ബയും പടുകൂറ്റൻ മീനാരവുള്ള പള്ളിയായി പുനർനിർമിച്ചത് ഖാദിമുൽ ഹറമൈൻ മലിക് ഫഹദു ബിൽ അബ്ദുൾ അസീസാണ്. മസ്ജിദ് വാദി, മസ്ജിദ് ആത്വിഖ, മസ്ജിദ് ഖുബൈബ് എന്നീ പേരുകളിലും ഈ മസ്ജിദ് അറിയപ്പെടുന്നുണ്ട്.

മസ്ജിദു സുഖ്യ്യ

ചരിത്ര പ്രസിദ്ധ കിണർ ബിഅർ സുഖിയ്യയുടെ സമീപത്താണ് ഈ പള്ളി നില കൊള്ളുന്നത്. ബദ് റിലേക്കുള്ള യാത്രാരംഭത്തിൽ സൈന്യത്തെ ശരിയായി ക്രമീകരിച്ചത് ഇവിടെ വെച്ചായിരുന്നു. ഈ കിണറിൽ നിന്ന് നബി തങ്ങൾ വെള്ളം കുടിക്കുകയും വുളൂ ചെയ്ത് അടുത്തുള്ള കൂടാരത്തിൽ വെച്ച് നിസ്കരിക്കുകയും ചെയ്തു. അവിടെയാണ് ഈ പള്ളി നിർമ്മിച്ചിട്ടുള്ളത്. മദീനയെ ഹറമാക്കുന്നുവെന്ന നബിയുടെ പ്രഖ്യാപനത്തിനും, മദീനയിലും അവിടുത്തെ വിഭവങ്ങളിലും അനുഗ്രഹം വേണമെന്നും, മദീന വാസികൾക്ക് രോഗ ശമനം നൽകണമെന്ന പ്രാർത്ഥനക്കും സാക്ഷിയായ സ്ഥലത്താണ് മസ്ജിദു സുഖ്‌യ.

ഉമറു ബിൻ അബ്ദുൽ അസീസിന്റെ ഭരണ കാലത്താണ് മസ്ജിദിന്റെ നിർമ്മാണം. ഫഹദ് ബിൻ അബ്ദുൽ അസീസ് രാജാവിന്റെ കാലത്താണ് മൂന്നു ഖുബ്ബയോടു കൂടി ഇന്ന് ദൃശ്യമാകുന്ന രൂപത്തിലേക്കുള്ള വികസനം നടന്നത്. ബാബുൽ അംബരിയ്യയിൽ റെയിൽവേ കോമ്പൗണ്ടിനകത്ത് സ്ഥിതി ചെയ്യുന്ന മസ്ജിദ് സുഖ്മ മസ്ജിദു ഖുബ്ബതുർറുഊസ് എന്ന പേരിലും അറിയപ്പെടുന്നുണ്ട്.

മസ്ജിദുൽ മുസ്തറാഹ്

ഉഹ്ദ് പോർക്കളത്തിൽ നിന്ന് മടങ്ങുമ്പോൾ നബി തങ്ങൾ ഈ പള്ളിയിൽ കയറി വിശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടാണ് മസ്ജിദുൽ മുസ്തറാഹ് (വിശ്രമസ്ഥലം) എന്ന് ഇതിനെ വിശേഷിപ്പിക്കുന്നത്. നബി തങ്ങളുടെ കാലത്തു തന്നെ ഈ മസ്ജിദിന്റെ നിർമ്മാണങ്ങൾ നടന്നിട്ടുണ്ട്. ഉഹ്ദിലെ രക്തസാക്ഷികളെ സിയാറത്ത് ചെയ്യുന്ന വേളയിൽ നബി തങ്ങൾ പള്ളിയിൽ കയറി നിസ്കരിക്കാറുണ്ട്. മദീനയിൽ അൻസ്വാരികളായ ബനൂ ഹാരിസയുടെ വാസസ്ഥലത്ത് ഈ പള്ളി സ്ഥിതി ചെയ്യുന്നതിനാൽ മസ്ജിദ് ബനീ ഹാരിസ എന്നും പേരുണ്ട്. 

 ഹറം മദീനയുടെ പരിധി നിശ്ചയിച്ചപ്പോൾ ഹറമിന്റെ പുറത്തായ ഈ പ്രദേശത്തെ നബി തങ്ങൾ ഹറമിന്റെ ഭാഗമായി പ്രഖ്യാപിക്കുകയുണ്ടായി. മസ്ജിദുന്നബവിയിൽ നിന്ന് 2500 മീറ്റർ അകലത്തിലാണ് മസ്ജിദ് മുസ്തറാഹുള്ളത്. അത്യാധുനിക സജ്ജീകരണങ്ങളോടെ 2491 വ്യാസത്തിൽ ചെറിയ ഒരു മിനാരവും ഖുബ്ബയും, മൂന്ന് ഭാഗങ്ങളിൽ നിന്നുള്ള പ്രവേശന കവാടങ്ങളോടെ മസ്ജിദുൽ മുസ്തറാഫ് മദീനയുടെ മണ്ണിൽ യശസ്സ് ഉയർത്തി നിൽക്കുന്നുണ്ട്.

മസ്ജിദ് മുഅറസ്

നബി തങ്ങളുടെ സത്രമാണ് മസ്ജിദ് മുഅറസ്. വിശ്രമ കേന്ദ്രങ്ങളേയാണ് ഇത് സൂചിപ്പിക്കുന്നത്. ദീർഘ യാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ രാത്രി വിശ്രമ കേന്ദ്രങ്ങളിൽ തങ്ങി, പിറ്റേന്ന് രാവിലെ കുളിച്ച് വൃത്തിയായി വീട്ടിലേക്ക് പോകാനുള്ള താൽക്കാലിക സംവിധാനങ്ങൾക്കാണ് മുഅറസ് എന്ന് പറയുന്നത്. ഹജ്ജ്, ഉംറ, യുദ്ധം എന്നിവ കഴിഞ്ഞ് മടങ്ങുന്ന വേളയിൽ ദുൽഹുലൈഫയിലെ സത്രങ്ങളിൽ നബി തങ്ങൾ രാത്രി കഴിച്ചു കൂട്ടുമായിരുന്നു. ദുൽഹുലൈഫയിലെ മസ്ജിദ് മീഖാതിനു പിറകു വശത്ത് തെക്കു ഭാഗത്താണ് മസ്ജിദ് മുആറസ് സ്ഥിതി ചെയ്യുന്നത്. 

മദീനയിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെ ദുൽഹുലൈഫയിലെ അഖീഖ് താഴ്‌വാരയിലാണ് ഈ മസ്ജിദ് . ഇവിടെ നിസ്കരിക്കണമെന്ന നിർദ്ദേശം നബി തങ്ങൾക്ക് ജിബ്രീൽ (അ) നിന്ന് ലഭിച്ചിട്ടുണ്ട് (സ്വഹീഹ് ബുഖാരി). യാത്ര കഴിഞ്ഞ് മടങ്ങുന്നവർ മുഅറസിൽ നിസ്കരിക്കാതെ പോകരുതെന്ന് ഇമാം മാലിക് (റ) പറയുന്നു (മുവത്വ ) അബ്ദുല്ലാഹിബ്നു ഉമർ (റ) ഇവിടെ താമസിക്കാനും നിസ്കരിക്കാനും പ്രത്യേകം താൽപ്പര്യം കാണിച്ചിരുന്നു.

മസ്ജിദുൽ ഖിബ്‌ലതൈൻ

ഇരു ഖിബ്‌ലയുള്ള പള്ളി എന്ന പേരിലാണ് ഈ മസ്‌ജിദ് അറിയപ്പെടുന്നത്. 17 മാസം ബൈതുൽ മുഖദ്ദസിലേക്ക് തിരിഞ്ഞ നബി (സ) തങ്ങൾക്ക് മസ്ജിദുൽ ഹറാം ഖിബ്‌ലയാക്കിക്കൊടുത്തത് ഇവിടെ വെച്ചാണ്. ഉമ്മുൽ ബിശ്റിൽ ബറാഇൽ മഅ്റൂർ (റ) എന്ന സ്വഹാബി വനിതയുടെ ഭവന സ്ഥലത്താണ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്. നബി തങ്ങളുടെയും സ്വഹാബത്തിന്റെയും അസ്വർ നമസ്കാരത്തിലെ രണ്ടാമത്തെ റക്അതിന് ശേഷമാണ് ഖിബ്‌ല മാറുന്നതിനുള്ള നിർദ്ദേശം ഇറങ്ങുന്നത്. പിന്നീട് കഅ്ബക്ക് നേരെ തിരിഞ്ഞാണ് അസ്വർ പൂർത്തിയാക്കിയത്. 

നബി തങ്ങൾ നിസ്കരിക്കുകയും അത്യപൂർവ്വ സംഭവങ്ങൾക്ക് സാക്ഷിയാവുകയും ചെയ്ത ഈ വീടും പരിസരവും വില കൊടുത്ത് വാങ്ങാൻ പല സ്വഹാബാക്കളും താൽപ്പര്യപ്പെട്ടുവെങ്കിലും ഈ സ്ഥലത്തെ മുസ്ലിംകൾക്ക് മസ്ജിദ് നിർമ്മാണത്തിന് ദാനമായി നൽകുകയായിരുന്നു ഉമ്മുൽ ബിശ്ർ (റ) (അദ്ദർറുൽ ബഹിയ്യ).

മദീനയുടെ വടക്കു പടിഞ്ഞാറ് ഭാഗത്ത് ത്വരീഖ് ഖാലിദ് ബ്നു വലീദിലാണ് മസ്ജിദുൽ ഖിബ്‌ലത്തൈനിയുള്ളത്. മസ്ജിദ് ബനീ സലമ എന്നും ഇതിന് പേരുണ്ട്. 17 മീറ്റർ ഉയരത്തിൽ രണ്ട് ഖുബ്ബകളുള്ള ഈ പള്ളിക്ക് 3920 മീറ്റർ വിസ്തീർണ്ണമുണ്ട്.

മസ്ജിദുന്നബവി അശ്ശരീഫ്

ഇസ്ലാമിക നാഗരികതയുടെ സിരാകേന്ദ്രമാണ് മദീനയിലെ മസ്ജിദുന്നബവി. അനാഥ ബാലന്മാരായ സഹൽ, സുഹൈൽ എന്നിവരുടെ സ്ഥലത്താണ് മസ്ജിദുന്നബവി നിലകൊള്ളുന്നത്. മുസ്‌ലിംകൾക്ക് പള്ളി നിർമ്മിക്കാൻ ഈ സ്ഥലം സൗജന്യമായി നൽകാൻ തയ്യാറായിരുന്ന ഈ സഹോദരങ്ങൾ അനാഥരായതിനാൽ സദ്ധീഖ് (റ) വിന്റെ സഹായത്തോടെ വില കൊടുത്ത് വാങ്ങുകയാണ് ചെയ്തത്. 3 മുഴം ആഴത്തിൽ അടിത്തറ, മൺകട്ട കൊണ്ടുള്ള ഭിത്തി, ഈന്തപ്പനത്തടികൾ കൊണ്ട് തൂണുകൾ, പനയോല കൊണ്ട് മേൽക്കൂര ഇതായിരുന്നു ആദ്യ ഘട്ടത്തിലെ മസ്ജിദുന്നബവി. പള്ളി നിർമ്മാണത്തിൽ നബി തങ്ങൾ പങ്കു ചേർന്നിരുന്നു. ഖൈബർ യുദ്ധ ശേഷം നബി തങ്ങൾ പള്ളി വീണ്ടും പുതുക്കിപ്പണിതു. പിന്നീട് ഉമർ (റ), ഉസ്മാൻ (റ), ഉമവിയ്യ ഭരണാധികാരികൾ തുടങ്ങി വിവിധ കാലഘട്ടങ്ങളിലെ വ്യത്യസ്ഥ ഭരണാധികാരികൾ മസ്ജിദുന്നബവിയുടെ വികസന പ്രവർത്തനങ്ങളിൽ പങ്കുചേർന്നിട്ടുണ്ട്.

ഹിജ്റ 678 ൽ സുൽത്താൻ മുഹമ്മദ് ബ്ൻ ഖലൂനാണ് ആദ്യമായി ഹുജ്റത്തുശ്ശരീഫക്ക് മുകളിൽ ഖുബ്ബ നിർമ്മിക്കുന്നത്. അന്ന് അതിന് നീല നിറമായിരുന്നു. ഹിജ്റ 1233 ൽ സുൽത്താൻ മഹ്മൂദ് അബ്ദുൽ ഹമീദ് ഖുബ്ബയുടെ മുകൾ ഭാഗം പൊളിച്ച് മാറ്റുകയും പുതിയ ഖുബ്ബ നിർമ്മിക്കുകയും ചെയ്തു. ഈ ഖുബ്ബയാണ് ഇപ്പോഴും നിലനിൽക്കുന്നത്. അതിനിടയിലും നിരവധി പുന:നിർമ്മാണങ്ങൾ നടന്നിട്ടുണ്ട്. 1253 ൽ സുൽത്താൻ അബ്ദുൽ ഹമീദ് ഉസ്മാനിയുടെ നിർദ്ദേശപ്രകാരമാണ് ഖുബ്ബക്ക് പച്ചനിറം നൽകിയത്. അന്ന് മുതലാണ് ഖുബ്ബതുൽ ഖള്റാഅ് എന്നറിയപ്പെടാൻ തുടങ്ങിയത്.

ബാബു ജിബ്രീൽ, ബാബു റഹ്മ, ബാബുസ്സലാം, ബാബുന്നിസാഅ്, ബാബുൽ മജീദ് തുടങ്ങി 85 കവാടങ്ങളും ഉസ്തുവാനതു മുഖല്ലഖ, ഉസ്തുവാനതു സയ്യിദതു ആഇശ തുടങ്ങി 4658 തൂണുകളും, മിഹ്റാബുന്നബി, മിഹ്റാബു ഫാത്തിമ തുടങ്ങിയ സുപ്രധാന വിഹ്റാബുകളും മസ്ജിദിനകത്തുണ്ട്. ബുയൂതുന്നബി എന്ന് ഖുർആൻ വിശേഷിപ്പിച്ച പത്നിമാരുടെ ഭവനങ്ങളും കൂടിച്ചേർന്നതാണ് വിശുദ്ധ പള്ളി. അതിലെ ഏറ്റവും പ്രധാന സ്ഥലമാണ് ആഇശ ബീവിയുടെ വീട് നിലനിന്നിരുന്ന അൽ ഹുജുറത്തുശ്ശരീഫ. നബി(സ) തങ്ങൾ, അബൂബക്കർ (റ), ഉമർ (റ) എന്നിവർ അന്ത്യവിശ്രമം കൊള്ളുന്നത് ഇവിടെയാണ്. ആധുനിക സാങ്കേതിക വിദ്യയുടെ നൂതന രീതികളോടെയാണ് മസ്ജിദുന്നബവി നിലനിൽക്കുന്നത്.

തഖ് വയിൽ ശിലയിട്ടതെന്ന് ഖുർആൻ വിശേഷിപ്പിച്ച പള്ളികളിലൊന്ന് എന്റെ ഈ പള്ളിയാണെന്ന് റസൂൽ (സ്വ) പറഞ്ഞിട്ടുണ്ട്. (മുസ്ലിം).മസ്ജിദുന്നബവിയിൽ വെച്ചുള്ള നിസ്കാരം മസ്ജിദുൽ ഹറമല്ലാത്ത ഇതര പള്ളികളിലുള്ള ആയിരം തവണ നിസ്കാരത്തേക്കാൾ ശ്രേഷ്ഠമാണ് (ബുഖാരി).

Questions / Comments:28 September, 2023   09:42 am

Mohammed Ali C

Very good.