മനുഷ്യ ജീവിതത്തിന്റെ അഭിവാജ്യ ഘടകമാണ് ആഹാരം. ആരോഗ്യപൂർണ്ണ ജീവിതത്തിന്റെ അനിവാര്യതയായ ഭക്ഷണം, ഏറ്റവും മാതൃകായോഗ്യമായ ശൈലിയിലാകണം. മാനവിക മാതൃകകളുടെ സമ്പൂർണ്ണ ഗ്രന്ഥമായ തിരുദൂതരുടെ വിശിഷ്ടഭോജ്യങ്ങൾ വിശ്വാസികൾക്കു ലഭിച്ച അനർഘമുത്തുകളാണ്.


ലോകത്തിലെ വൈവിധ്യം നിറഞ്ഞതും മൂല്യമേറിയതും സ്വാദിഷ്ടമായതുമായ ഭക്ഷണ മെനു ആദ്യമായി അവതരിച്ചത് മുത്ത് നബിﷺ തങ്ങളുടെ തീൻമേശയിലാണ്. നബിﷺയുടെ ജീവിതശൈലിയും ഭക്ഷണരീതിയും ആരെങ്കിലും അനുകരിക്കുകയാണെങ്കിൽ ആരോഗ്യം നില നിർത്താനും തടിയും മേനിയും സംരക്ഷിക്കാനും സാധിക്കും. പ്രിയപ്പെട്ട റസൂൽﷺ തന്റെ അനുഗ്രഹീത ജീവിതത്തിൽ കഴിച്ച ഭക്ഷണങ്ങളുടെ ശ്രേഷ്ഠതയും ഉപയോഗവും നിഷേധിക്കാൻ ഒരു മുസ്ലിമിനും കഴിയില്ല. നമ്മുടെ പ്രിയപ്പെട്ട റസൂൽﷺ ഉപയോഗിക്കുന്ന ഭക്ഷണങ്ങൾ വളരെ രുചികരം മാത്രമല്ല, അവയ്ക്ക് എണ്ണമറ്റ ഔഷധ ഗുണങ്ങളുമുണ്ട്. നല്ല ചൂടുള്ള ഭക്ഷണത്തോട് നബിﷺ (സ)തങ്ങൾക്ക് താല്പര്യമില്ലായിരുന്നു, അത് തണുപ്പിക്കാൻ പറയാറുണ്ടായിരുന്നു.

പ്രിയപ്പെട്ട റസൂൽﷺ യുടെ വിശുദ്ധ ജീവിതം ലാളിത്യത്തിന്റെയും ക്ഷമയുടെയും സംതൃപ്തിയുടെയും സമ്പൂർണ മാതൃകയായിരുന്നു. സയ്യിദുനാ ഇബ്നു അബ്ബാസ് തങ്ങൾപറഞ്ഞു: പ്രിയപ്പെട്ട റസൂൽﷺ തുടർച്ചയായി ഒന്നും കഴിക്കാത്ത പല രാത്രികളിലും ഉണ്ടായിട്ടുണ്ട്.

ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം ആഇശാ ബീവി(റ) പറയുന്നു "പ്രിയപ്പെട്ട റസൂലിന്റെ അനുഗ്രഹീത ഭവനത്തിൽ അടുപ്പ് കത്തിക്കാത്ത അവസ്ഥയിൽ നാൽപ്പത് ദിവസം വരെ കടന്നുപോയിട്ടുണ്ട്. അപ്പോൾ കേൾവിക്കാരിൽ നിന്ന് ചോദ്യമുയർന്നു: ആ സമയങ്ങളിൽ നിങ്ങൾ എങ്ങനെയാണ് ജീവിച്ചത്?.

അവർ മറുപടി പറഞ്ഞു: രണ്ട് കറുത്ത കാര്യങ്ങളിൽ, അതായത്, വെള്ളത്തിലും ഈന്തപ്പഴത്തിലും".(ബുഖാരി )

തിരു നബിﷺ രുചികരവും വിശാലവുമായ വിഭവങ്ങൾ ആഗ്രഹിച്ചിരുന്നില്ല . എന്നിരുന്നാലും തിരു നബിﷺ ചില വിഭവങ്ങൾ വളരെയധികം ഇഷ്ടപ്പെട്ടു, അവ കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്തിരുന്നു . മുത്താറ്റൽ നബിﷺയുടെയേറ്റം പ്രിയങ്കരവും മനോഹരമായ ഭക്ഷണങ്ങളെയും കുറിച്ച് നമുക്ക് ഹ്രസ്വമായി വായിക്കാം.

ചിരങ്ങ

പ്രിയപ്പെട്ട റസൂൽﷺ വളരെയേറെ ഇഷ്ടപെട്ട ഒന്നായിരുന്നു ചിരങ്ങ. തങ്ങൾ കറിയിൽ നിന്ന് ചിരങ്ങ കഷ്ണങ്ങൾ എടുത്തു കഴിക്കാറുണ്ടായിരുന്നു. എന്റെ പ്രിയപ്പെട്ട സഹോദരൻ യൂനുസിന്റെ ഇഷ്ടഭക്ഷണം ആയിരുന്നു ചിരങ്ങയെന്ന് നബിﷺ പറയാറുണ്ട് . പ്രിയപ്പെട്ട ശിഷ്യൻ അനസ് (റ )പറഞ്ഞു: ഒരിക്കൽ ഞാൻ പരിശുദ്ധ റസൂലിനൊപ്പം ഒരു വിരുന്നു സൽക്കാരത്തിന് ക്ഷണം സ്വീകരിച്ച് ചെന്നു. ആതിഥേയൻ ബാർലിയും ബ്രെഡും ചിരങ്ങ കറിയും മാംസവും വെച്ചു വിളമ്പി സൽകരിച്ചു. ആരംമ്പ റസൂൽﷺ(സ)

കറിയിലെ ചിരങ്ങ പ്രത്യേകമായി തിരഞ്ഞെടുക്കുന്നതു ഞാൻ കണ്ടു. അതുകൊണ്ട് അന്നു മുതൽ ഞാൻ ചുരക്ക കഴിക്കുന്നത് ഇഷ്ടപ്പെടാൻ തുടങ്ങി.

കക്കരി

ശാസ്ത്രം പഠനം നടത്തുകയും അത്ഭുതപ്പെടുകയും ചെയ്ത നബിﷺയുടെ ഒരു ഭക്ഷണ വിഭവമായിരുന്നു കക്കരി. ആരോഗ്യപരമായി ഒരുപാട് ഗുണഫലങ്ങളുള്ള ഇനമാണ് കക്കരി. ചുട്ടു പൊള്ളുന്ന വേനൽക്കാലത്തു കക്കരിക്കയുടെ കച്ചവടം വ്യാപകമാവാറുണ്ടെന്നത് അനുഭവയാഥാർത്ഥ്യമാണ്. ഇത് ശരീരത്തിലെ ജലാംശം വർദ്ധിപ്പിക്കുന്നു. വരണ്ടുണങ്ങിയ ചർമ്മത്തെ ആരോഗ്യപരമായി സംരക്ഷിക്കുന്നു. ഈ സവിശേഷതകൾ ഇപ്പോഴാണ് ആരോഗ്യ വിദഗ്ധർ കണ്ടുപിടിക്കുന്നത് പക്ഷേ 1400 വർഷങ്ങൾക്കു മുമ്പ് തന്നെ മുഹമ്മദ് നബിﷺ തന്റെ അനുചരന്മാർക്ക് അതിന്റെ പ്രത്യേകതയും ഫലങ്ങളുംപഠിപ്പിച്ചു കൊടുത്തിരുന്നു. നബിﷺ കക്കരിക്ക ഉപ്പു ചേർത്തും ഉപ്പിലിടാതെയും കഴിക്കുമായിരുന്നു.

നബിﷺ തങ്ങൾ കക്കരിയും ഈന്തപ്പഴവും കൂട്ടി കഴിക്കാറുണ്ടായിരുന്നു. കക്കരിക്കയുടെ സ്വഭാവം തണുപ്പും ഈർപ്പവും പകരലാണ് ഈത്തപ്പഴം ചൂടും ഇത് രണ്ടും കൂട്ടിക്കഴിക്കുമ്പോൾ ശരീരത്തിന് ഊഷ്മളമായ അനുഭൂതി ലഭ്യമാകും. കക്കരിക്കയും ഈത്തപ്പഴവും കൂട്ടിക്കഴിച്ചാൽ ശരീരം പുഷ്ടിപ്പെടുമെന്നും പറയുന്നുണ്ട്. ആയിശാ ബീവി പറയുന്നതായി കാണാം എന്റെ ഉമ്മ എന്റെ ശരീരം പുഷ്ടിപ്പെടുത്താൻ വേണ്ടി എന്നെ കക്കരിക്കയും ഈത്തപ്പഴവും കൂട്ടിക്കഴിപ്പിക്കാറുണ്ടായിരുന്നു. മുള്ളങ്കിയും ഉപ്പുചീരയും നബിﷺക്ക് ഇഷ്ടപ്പെട്ട പച്ചക്കറികളിലെ പ്രധാന ഇനങ്ങളായിരുന്നു. ഇഷ്ടക്കുറവുള്ള ഒന്നായിരുന്നു ഉള്ളി. അതിന്റെ വാസന വെറുപ്പ് ഉളവാക്കുന്നതായിരുന്നു. അബൂ അയ്യൂബുൽ അൻസാരി റ ഒരിക്കൽ ഉള്ളികൊടുത്തപ്പോൾ നബിﷺ തങ്ങൾ നിരസിക്കുകയാണുണ്ടത്. പച്ച ഉള്ളി കഴിച്ചു പള്ളിയിലേക്ക് വരുന്നത് അല്ലാഹുവിന്റെ റസൂൽﷺ വിലക്കിയിരുന്നു. വേവിച്ച ഉള്ളി നബിﷺ കഴിക്കാറുണ്ടായിരുന്നു.

ഈത്തപ്പഴം

ആറ്റൽ റസൂൽﷺ ഈത്തപ്പഴം കഴിക്കാൻ ഇഷ്ടപ്പെട്ടിരുന്നു . ഈത്തപ്പഴം കൊണ്ട് കുട്ടികൾക്ക് മധുരം നൽകൽ സുന്നത്തായ കാര്യമാണ്. പ്രസവം മൂലം കുട്ടിയുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോൾ കാരക്ക നൽകൽ കൊണ്ട് പഞ്ചസാരയുടെ അളവ് അധികരിക്കുകയും രക്തസമ്മർദ്ദം കുറയാനും കാരണമാകുന്നു എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ഈന്തപ്പഴത്തിൽ അജ്വ ആയിരുന്നു തങ്ങൾക്ക് കൂടുതൽ ഇഷ്ടം. സ്വർഗീയ ഫലമായ അജ്വ വിഷം, മാരണം എന്നി മാരകരോഗങ്ങൾക്ക് മരുന്നായിരുന്നു .നബിﷺ തങ്ങൾ പറയുന്നതായി കാണാം ഒരാൾ രാവിലെ അജ്വ കാരക്ക കഴിച്ചാൽ വിഷം, മാരണം മുതലായവ ബാധിക്കില്ല.

മുന്തിരി

അല്ലാഹുവിന്റെ ദൂതരായ നബിﷺ തിരുമേനിക്ക് (സ) മുന്തിരി പ്രിയങ്കരമായിരുന്നു വെന്നു പരാമർശമുണ്ട്. ഖുർആനിൽ മുന്തിരിയെക്കുറിച്ച് മാത്രം ആറ് തവണ പരാമർശിക്കുന്നുണ്ട്. വാസ്തവത്തിൽ, ക്യാൻസറിനുള്ള സാധ്യത കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ധമനികളുടെ കാഠിന്യം തടയാനും ഹൃദ്രോഗത്തിനെതിരെ പോരാടാനും കഴിയുന്ന ഫ്ലേവനോയിഡുകളുടെ ഒരു പ്രധാന ഉറവിടമാണ് മുന്തിരി ജ്യൂസ് എന്ന് അടുത്തിടെ കണ്ടെത്തിയിട്ടുണ്ട്.

നബീസ്

ഈന്തപ്പഴം, ഉണക്കമുന്തിരി, ബാർലി, ഉണങ്ങിയ ഈത്തപ്പഴം, ഗോതമ്പ് അല്ലെങ്കിൽ അരി മുതലായവ ഉപയോഗിച്ച് തയ്യാറാക്കുന്ന പാനീയത്തെ നബീസ് എന്ന് വിളിക്കുന്നു. റസൂൽﷺ ഈത്തപ്പഴവും ഉണക്കമുന്തിരിയും കൊണ്ട് ഉണ്ടാക്കുന്ന നബീസ് കുടിക്കാൻ ഇഷ്ടപ്പെട്ടിരുന്നു . ആയിഷ ബീവി റ പറഞ്ഞു: ഒരു പിടി ഈത്തപ്പഴവും ഉണക്കമുന്തിരിയും ഒരു മഷ്കീസയിൽ [വെള്ളം കൊണ്ടുപോകുന്നതിനുള്ള ചെറിയ തുകൽ സഞ്ചി] ഇട്ട് ഞങ്ങൾ നബീസ് തയ്യാറാക്കും. ഞങ്ങൾ നബീസിനെ രാത്രിയിൽ ഒരുക്കിക്കൊടുക്കുകയാണെങ്കിൽ, മുത്തു റസൂൽﷺ അത് പകൽ സമയത്ത് കുടിക്കും, പകൽ ഒരുക്കിവെച്ചാൽ അത് രാത്രിയിൽ കുടിക്കുമായിരുന്നു

ഹൽവ

മധുരമുള്ള വിഭവങ്ങൾ റസൂലിന് താൽപര്യമേറയുള്ളവയായിരുന്നു. ഒരു വിശ്വാസി മധുരമുള്ളവനാണ്, അവൻ മധുരം ഇഷ്ടപ്പെടുന്നു. ഹൽവ പ്രിയമേറിയ ഒന്നായിരുന്നു. സയ്യിദുനാ ഉസ്മാൻ-ഇ-ഘാനി ആണ് ആദ്യമായി മറവ്വാജ [സാധാരണ] ഹൽവ ഉണ്ടാക്കി പ്രിയപ്പെട്ട റസൂലിന് സമർപ്പിച്ചത്. ഹൽവയിൽ എല്ലാ മധുരവും ഉൾപ്പെടുന്നു. മധുര പാനീയങ്ങൾ മധുരമുള്ള പഴങ്ങൾ സാധാരണ മധുരപലഹാരങ്ങൾ ഉർഫി ഹൽവ വരെ അതിൽ ഉൾപ്പെടുന്നു. മൈദ, നെയ്യ്, തേൻ എന്നിവ കൊണ്ടായിരുന്നു അത് തയ്യാറാക്കിയിരുന്നത്.

മാംസം

നബിﷺ തങ്ങൾ മാംസം കഴിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നു. ഇറച്ചിയാണ് ഭക്ഷണത്തിലെ നേതാവ് എന്ന് നബിﷺ പറയാറുണ്ടായിരുന്നു. ആട്ടിറച്ചിയാണ് കൂടുതൽ ഇഷ്ടം. അതിൽ കയ്യിന്റെയും ചുമലിന്റെയും മുതുകിന്റെയും ഭാഗങ്ങളിലെ മാംസമായിരുന്നു പ്രിയം.

ഒട്ടകം, ആട്, ചെമ്മരിയാട്, കോഴി, മുയൽ, കാട, മത്സ്യം എന്നിവയുടെ മാംസം ഭക്ഷിച്ചതായി കാണാം.

തൽബീന

ബാർലി, പാൽ, ഈന്തപ്പഴം എന്നിവയിൽ നിന്ന് ഉണ്ടാക്കുന്ന ഖീർ പോലെയുള്ള ഭക്ഷണമാണ് തലബീന. മുത്തു നബിﷺ അതിനെ ഇഷ്ടപ്പെടുകയും രോഗികൾക്കുള്ള ഒരു വൈദ്യ ചികിത്സയായി കഴിക്കാനും പ്രത്യേകം ഉപദേശിച്ച വിഭവംകൂടിയായിരുന്നു.

പത്തിരി

നബിﷺ തങ്ങളുടെ പ്രധാന വിഭവമായിരുന്നു തവിടെല്ലാം ഊതി കളഞ്ഞ മാർദ്ധവമില്ലാത്ത ബാർളി കൊണ്ടുണ്ടാക്കിയ പത്തിരി. അനസ് (റ) പറയുന്നതായി കാണാം ഇതുവരെ നബിﷺ തങ്ങൾ മാർദ്ദവമുള്ള പത്തിരി കഴിച്ചിട്ടില്ല.

തിരുനബിﷺ സ്നേഹം  ഒരിക്കലും ആരാധനകളിലും വിശ്വാസകാര്യങ്ങളിലും മാത്രം ഒതുങ്ങി കൂടുന്നതല്ല. ഭക്ഷണരീതി ഒരു ഉദാഹരണം മാത്രം.

തിരു ജീവിതത്തിലെ തിരുസുന്നത്തുകൾ എല്ലാം പിൻപറ്റാൻ നമുക്ക് നിർദേശമുണ്ട്. നബിﷺ തങ്ങളുടെ ഭക്ഷണരീതി നാമിവിടെ പ്രതിപാദിച്ചു കഴിഞ്ഞു. ഇതു മൂലം ആരോഗ്യ സുരക്ഷയും രോഗപ്രതിരോധ മാർഗ്ഗങ്ങളും മാത്രമല്ല ആ മാർഗം പിന്തുടരുന്നതു വഴി അല്ലാഹുവിന്റെ അടുക്കൽ നിന്ന് പ്രതിഫലം ലഭിക്കാനും നിമിത്തമാവും.

Questions / Comments:2 October, 2023   10:25 am

Thasni

Simple presentation and helpful to improve the knowledge of MUTHRASOOL(sw)