മുസ്‌ലിംവിരുദ്ധ വാർത്തകൾക്ക് നല്ല വിറ്റുവരവുള്ള ഇടമാണിന്ന് കേരളത്തിലെ മാധ്യമ സ്ഥാപനങ്ങൾ. ഇല്ലാക്കഥകൾ പ്രചരിപ്പിച്ചും അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ചും സംഘപരിവാറിന് തറവേല ചെയ്യുന്നത് സ്ഥിരം കാഴ്ചയായി മാറിയിരിക്കുന്നു. കാസർകോട് തലക്ലായിൽ അഞ്ജുശ്രീ പാർവതി എന്ന വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ നടത്തിയ ചൂതുകളി ഇതിൽ അവസാനത്തേതാണ്. വാർത്തകളുടെ നിജസ്ഥിതി അറിയും മുമ്പ് ഊഹാപോഹങ്ങളുടെയും മുൻവിധികളുടെയും പുറത്താണ് പലപ്പോഴും വാർത്താ തലക്കെട്ടുകൾ തയ്യാറാക്കുന്നത്. യാഥാർത്ഥ്യം പുറത്ത് വരുമ്പോഴേക്കും ആർ എസ് എസ് വിഭാവന ചെയ്യുന്ന ആൻറിമുസ്ലിം നരേഷനുകൾ ഉത്തരേന്ത്യയിലും രാജ്യതലസ്ഥാനത്തും കൊടുങ്കാറ്റായി അടിച്ചുവീശിക്കാണും. 

    ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും അവസാനം കലോത്സവ വേദിയിലെ ഇസ്ലാമോഫോബിക് ദൃശ്യാവിഷ്കാരങ്ങളും നോൺവെജ് ഭക്ഷണരീതിയെ ചൊല്ലിയുള്ള വിവാദങ്ങളും കേരളത്തിൻറെ പൊതുമണ്ഡലത്തിൽ ചർച്ചയാക്കിയത് മാധ്യമങ്ങളാണ്. ജനങ്ങൾക്കിടയിൽ വർഗീയ വേർതിരിവ് ഉണ്ടാക്കുന്ന സംഭവങ്ങൾ കവർചെയ്യൽ മാധ്യമസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. സത്യസന്ധമായി അത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യൽ ധാർമികപരമായ അവരുടെ ദൗത്യമാണെന്നതിലും പക്ഷാന്തരമില്ല. പക്ഷേ അവയുടെ പേരിൽ കോടതി വ്യവഹാരങ്ങളെപ്പോലും മറികടക്കുന്ന വിധത്തിലുള്ള അഭിപ്രായ പ്രകടനങ്ങളും വാദപ്രതിവാദങ്ങളും നടത്തി വർഗീയശക്തികൾക്ക് മുതലെടുപ്പ് നടത്താൻ അവസരം ഒരുക്കി കൊടുക്കുന്നതിന് സ്വാതന്ത്ര്യമെന്നല്ല പാരതന്ത്ര്യമെന്നാണ് പറയേണ്ടത്. ഒന്നുകിൽ സംഘപരിവാറടക്കമുള്ള ക്ഷുദ്രശക്തികളെ പ്രീണിപ്പിക്കൽ അതല്ലെങ്കിൽ അവർ രൂപപ്പെടുത്തിയെടുത്ത പൊതുബോധത്തെ ചൂഷണം ചെയ്ത് തങ്ങളുടെ ബിസിനസ് ലോകം വിശാലമാക്കുക എന്നത് തന്നെയാണ് ഇത്തരം പ്രവണതകളുടെ മോട്ടീവായി വർത്തിക്കുന്നത്. ഇനി കാസർകോട് സ്വദേശിനിയായ വിദ്യാർഥിനിയുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാം. ഓൺലൈനായി കുഴിമന്തി വാങ്ങിക്കഴിച്ച വിദ്യാർത്ഥിനിയെയും കുടുംബാംഗങ്ങളെയും ശാരീരിക അസ്വസ്ഥതയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. രണ്ടുദിവസത്തിനകം വിദ്യാർത്ഥിനി മരണപ്പെടുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാത്രം കുഴിമന്തി കഴിച്ചിരുന്നതായും ഭക്ഷ്യ വിഷബാധയാണ് മരണകാരണമെന്നും വാർത്ത കൊടുക്കുന്നു. ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം, കുടുംബത്തിൻറെ പരാതി മാത്രമാണ് ഭക്ഷ്യ വിഷബാധതയുണ്ടെന്നതിന് തെളിവെങ്കിൽ അത് ആ രൂപത്തിൽ തന്നെ വാർത്തകളിൽ കൊടുക്കാമായിരുന്നു. മറിച്ച് മാധ്യമങ്ങൾ ചെയ്തതെന്താണ്? കേരളത്തിൽ വീണ്ടും ഭക്ഷ്യവിഷബാധ: കുഴിമന്തി കഴിച്ച വിദ്യാർത്ഥിനി മരണപ്പെട്ടു. എന്നാണ് ബ്രേക്കിംഗ് ന്യൂസ് കൊടുത്തത്! മാസങ്ങൾക്കു മുമ്പ് ഷവർമ കഴിച്ചതിന്റെ പേരിൽ ദേഹാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർത്ഥിനി മരണപ്പെട്ടപ്പോഴും ഭക്ഷ്യവിഷബാധയെ തുടർന്ന് മരണപ്പെട്ടു എന്ന് യാതൊരു സ്ഥിരീകരണവും ഇല്ലാതെത്തന്നെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഔദ്യോഗിക സ്ഥിരീകരണം വരുന്നതിനുമുമ്പ് പ്രസിദ്ധപ്പെടുത്തുന്നതും തലവാചകം കൊടുക്കുന്നതുമാണ് ഏറ്റവും അപകടകരമായ കാര്യം. സർക്കാർ സംവിധാനങ്ങളുടെ ഔദ്യോഗിക വിശദീകരണം വരുന്നതുവരെ കാത്തിരുന്നാൽ സർക്കാർ ഗസറ്റുകളായി മാത്രം നാം ചുരുങ്ങി പോകുമോ എന്ന ആശങ്ക ഇത്തരം എടുത്തു ചാട്ടങ്ങൾക്ക് കാരണമാകുന്നു എന്നതാണ് വസ്തുത. കേരളത്തിലെ പേരുകേട്ട ഒരു മുഖ്യധാരാമാധ്യമത്തിന്റെ അന്തിച്ചർച്ചകളൊന്നിൽ സംഭവത്തിൽ ന്യായീകരണമായി ഇക്കാരണം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. മാത്രവുമല്ല ഒരു മാധ്യമം കൃത്യമായ വിശദീകരണം കിട്ടുന്നതിന് മുമ്പ് തന്നെ വാർത്ത പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ മറ്റു മാധ്യമങ്ങളും കൂടുതൽ വിശദീകരണത്തിന് കാത്തുനിൽക്കാതെ അപ്പടി പകർത്തുന്ന പ്രവണതയും ഇന്ന് വ്യാപകമാണ്. മറ്റു മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ച സ്ഥിതിക്ക് താങ്കൾ എന്തുകൊണ്ട് വാർത്ത കൊടുക്കുന്നില്ല എന്ന വിധത്തിലുള്ള സമ്മർദങ്ങളും സ്ഥിരീകരണം വരാത്ത വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് ന്യായമായി ഉന്നയിക്കപ്പെടാറുണ്ട്. വാസ്തവത്തിൽ വർഗീയശക്തികൾക്ക് അഴിഞ്ഞാടാൻ അവസരം കൊടുക്കുന്ന പാരവെപ്പിന് മതിയായ ന്യായങ്ങളല്ല ഇവയൊന്നും.      

 മാധ്യമങ്ങൾ ഇങ്ങനെ വാർത്ത പ്രസിദ്ധീകരിച്ചത് കൊണ്ടുവന്ന ഭവിഷത്തുകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. കുഴിമന്തി അറേബ്യൻ ഭക്ഷണമാണ്, അറേബ്യ എന്നുപറയുമ്പോൾ അത് മുസ്‌ലിംകളുടെതാണ്. അറേബ്യൻ ഭക്ഷണങ്ങൾ വിഷലിപ്തമാണ്. മുസ്‌ലിംകൾ മറ്റുള്ളവരെ ഇല്ലായ്മ ചെയ്യാൻ വേണ്ടി ഭക്ഷണശാലകളെ ചൂഷണം ചെയ്യുന്നു. തുടങ്ങിയ നരേഷനുകൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ് ഉണ്ടായത്. മാധ്യമങ്ങൾ ഇത്തരത്തിൽ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്ന പ്രൊഫൈലുകൾക്ക് വേണ്ടി നല്ലൊരു വിഭവം പാകം ചെയ്തു കൊടുത്തുവെന്ന് ചുരുക്കം. അങ്ങനെയാണ് അറേബ്യൻ ഭക്ഷണരീതി മലയാളികളെ കൊല്ലുന്നുവെന്ന പ്രചാരണം അർ എസ് എസ് ഏറ്റെടുക്കുന്നത്. സംഭവത്തെ തുടർന്നുണ്ടായ മാധ്യമ ചർച്ചകളിൽ എല്ലാം കാസർകോട് വിദ്യാർഥിനിയുടെ മരണം വലിയ പ്രമേയമായി. വാസ്തവത്തിൽ കേവലം ആത്മഹത്യയാണെന്ന് പോലീസ് ഡിപ്പാർട്ട്മെൻറ് ഔദ്യോഗികമായി അറിയിച്ച ഒരു ആത്മഹത്യാകേസിൽ ഇത്ര മാത്രം ചർച്ചചെയ്യാൻ എന്താണുള്ളത്? പോലീസ് വിശദീകരണം വരുന്നത് വൈകിയാണ് എന്നത് ശരിയാണ്. എങ്കിലും കൃത്യമായ വിശദീകരണം വരുന്നതിനുമുമ്പ് അവ്വിഷയത്തിൽ അതിവൈകാരികമായി ഇടപെടാൻ മാധ്യമങ്ങൾക്ക് ആരാണ് സ്വാതന്ത്ര്യം കൊടുത്തത്? ആർക്കാണ് ഇത്തരം ചർച്ചകൾ കൊണ്ട് നേട്ടമുണ്ടാണ്ടായത്? സംഘപരിവാർ നടത്തുന്ന മുസ്ലിംവിരുദ്ധ പ്രചാരണങ്ങൾക്ക് ശക്തിപകരാനായി എന്നതല്ലാതെ മറ്റെന്ത് മാധ്യമധർമമാണ് ഇതിലൂടെ നിറവേറ്റാനായത്? ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ട്വിറ്റർ ട്വീറ്റ് രണ്ടുദിവസം മുമ്പുതന്നെ സോഷ്യൽ മീഡിയയിൽ കറങ്ങിക്കളിച്ചു. കേരളത്തിനപ്പുറത്തുള്ള വിശിഷ്യാ യുപി, ഗുജറാത്ത് തുടങ്ങിയ ഇടങ്ങളിളിലെല്ലാം സംഘപരിവാരത്തിന് നല്ലൊരു വിരുന്നാണ് കെ സുരേന്ദ്രന്റെ അക്കൗണ്ടിലൂടെ ലഭിച്ചത്. കേരളത്തെയും മുസ്ലീങ്ങളെയും താറടിക്കുന്നതിന് ഇതിൽപരം മറ്റെന്ത് വിവാദമാണ് സംഘപരിവാരത്തിനു വേണ്ടിയിരുന്നത്? മൂന്നു വർഷങ്ങൾക്കുമുമ്പ് കേരളത്തിലെ ആദ്യപ്രളയകാലത്ത് അറബ് രാഷ്ട്രങ്ങളിൽ നിന്ന് കേരളത്തിന് സാമ്പത്തിക സഹായം ലഭിക്കാനിരുന്നപ്പോൾ അത് സ്വീകരിക്കാൻ തയ്യാറായ കേരള സർക്കാറിനെയും ജനങ്ങളെയും പരിഹസിച്ചു കൊണ്ട് ഷേംലെസ്സ് പീപ്പിൾ എന്ന് പച്ചക്കു പറഞ്ഞത് അർണബ് ഗോസ്വാമിയായിരുന്നു. കേന്ദ്രത്തിനുവേണ്ടി വാർത്തകളെ വളച്ചൊടിക്കുകയും കാര്യമാത്ര പ്രസക്തമല്ലാത്ത വിഷയങ്ങൾ ഊതിവീർപ്പിക്കുകയും ചെയ്യൽ തൊഴിലാക്കിയ രാജ്യത്തെ കുപ്രസിദ്ധവും വിവാദകേന്ദ്രവുമായ റിപ്പബ്ലിക്കൻ ടിവി ചാനലിന്റെ എഡിറ്റർ ഇൻ ചീഫാണ് അർണബ് ഗോസ്വാമി. രോഗാതുരമായ ഇന്ത്യയിൽ ഒരു മാധ്യമ സ്ഥാപനം എങ്ങനെ പ്രവർത്തിക്കരുത് എന്നതിന് റിപ്പബ്ലിക്കൻ ടിവി ചാനലിനേക്കാൾ വലിയ മാതൃക കാണാൻ കഴിയില്ല. ഈ മാധ്യമസ്ഥാപനത്തിൻറെ ലക്ഷണമൊത്ത പിന്തുടർച്ച അവകാശപ്പെടുകയാണ് കേരളത്തിലെ മുഖ്യധാര മാധ്യമങ്ങൾ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

         ഇനി സംഭവത്തെക്കുറിച്ച് നടന്ന ആരോഗ്യവകുപ്പിന്റെ അന്വേഷണങ്ങളും അവർ നൽകിയ വിശദീകരണവും പരിശോധിക്കുമ്പോൾ ഭക്ഷ്യവിഷബാധ എന്ന ഒന്ന് ഉയർത്തിക്കൊണ്ടു വരാൻ ഒരു ന്യായവുമില്ലായിരുന്നു എന്ന് കൂടുതൽ വ്യക്തമാകും. ഡി എം ഒ (Designated Medical Officer -DMO) യുടെ വിശദീകരണത്തിൽ പറയുന്നത്, വിദ്യാർത്ഥിനിയുടെ മരണം അണുബാധയെ തുടർന്നാണ് എന്നാണ്. അണുബാധ ഉണ്ടായാൽ അത് ഭക്ഷ്യവിഷബാധ ആവാൻ സാധ്യത ഉണ്ട് എന്ന് മാത്രമേ മെഡിക്കൽ റിപ്പോർട്ടുകളിൽ നിന്ന് ലഭിക്കുകയുള്ളൂ. ഭക്ഷ്യവിഷബാധ ഉണ്ടെന്ന് ഡി എം ഒയുടെ റിപ്പോർട്ടിൽ എവിടെയും പരാമർശമില്ല. പിന്നെ മാധ്യമങ്ങൾ എന്തടിസ്ഥാനത്തിലാണ് മരണകാരണം ഭക്ഷ്യവിഷബാധ എന്ന് എഴുതിവിട്ടത്? ഇനി ഭക്ഷ്യവിഷബാധ ഉണ്ടെങ്കിൽ തന്നെ അതിന് മുസ്ലീങ്ങളുമായി എന്താണ് ബന്ധം? പഴകിയ ഭക്ഷണം കഴിച്ചാൽ പ്രത്യേകിച്ചും പ്രോട്ടീൻ അടങ്ങിയ പദാർത്ഥങ്ങൾ അകത്തു ചെന്നാൽ മരണമടക്കമുള്ള അപകടങ്ങൾ സംഭവിക്കുക സ്വാഭാവികമാണ്. ഇതിന് ഒരു മതത്തെ പഴിചാരുന്നത് എന്തിനെന്നത് വ്യക്തമാണ്. കഴിഞ്ഞവർഷം പാലാ ബിഷപ്പ് ഉയർത്തിയ 'നാർക്കോട്ടിക് ജിഹാദ്' മാധ്യമങ്ങൾ ആവേശപൂർവം ഏറ്റെടുത്തിരുന്നു. ഏത് ക്രിമിനലിസത്തെയും സാമൂഹികതിന്മയെയും മുസ്ലിം വിരുദ്ധപ്രചാരണങ്ങൾക്ക് വേണ്ടി ചൂഷണം ചെയ്യാൻ തയ്യാറായി നിൽക്കുന്ന ഒരു വിഭാഗം നമ്മുടെ ഇടയിൽ ജീവിക്കുന്നുണ്ട് എന്ന തിരിച്ചറിവല്ലാതെ മറ്റെന്തു വരുമാനമാണ് മലയാളിയുടെ പൊതു മനസ്സിന് ലഭിച്ചത്? ഇത്തരം പൊതുമണ്ഡലത്തിൽ കൂടുതൽ ചർച്ചയാവാൻ സാധ്യതയുള്ള വർഗീയവിഷം കലർത്തിയ വാർത്തകൾ തങ്ങളുടെ വ്യവസായത്തെ കൂടുതൽ പുഷ്ടിപ്പെടുത്തുമെന്ന് ധാരണ മാധ്യമങ്ങളെ അടക്കിഭരിക്കുന്നുണ്ട്. മുസ്ലീങ്ങളെ പ്രതിസ്ഥാനത്ത് നിർത്തുന്ന വാർത്താവിശേഷങ്ങൾ ന്യൂസ് ഡെസ്കുകളിലെ രുചിയേറും വിഭവങ്ങളാണ്. കുഴിമന്തിക്കകത്തെ മതമന്വേഷിക്കുന്ന ചാനൽ ചർച്ചകൾ സജീവമാകുന്നത് ഈ ഒരു ബിസിനസ് സ്ട്രാറ്റജിയെ അടിസ്ഥാനപ്പെടുത്തിയാണ്. സംഘപരിവാറിനെയും മറ്റ് മുസ്ലീം വിരുദ്ധ ബുദ്ധികേന്ദ്രങ്ങളെയും ആകർഷിക്കുന്ന വിഭവങ്ങളല്ലാതെ സത്യസന്ധമായ വാർത്തകൾ കൊണ്ട് പ്രേക്ഷകരെ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ മാധ്യമങ്ങളേ നിങ്ങളെയും സംഘപരിവാർ അകത്താക്കിയിട്ടുണ്ട്. ആർ എസ് എസ് എന്ന വടവൃക്ഷത്തിന്റെ തണലിലാണ് നിങ്ങളും വിശ്രമിക്കുന്നത്. നിങ്ങൾ ഒരുക്കുന്ന രുചിക്കൂട്ടുകൾ വാർത്തകളല്ല നാഗ്പൂരിലെ ചിന്താപദ്ധതികളാണ്.

Author

Questions / Comments:



13 January, 2023   01:27 pm

Fasil