"അടിമയായാണോ അധിപനായാണോ ജീവിതം വേണ്ടത് ?" ഉടയോൻ വെച്ചു നീട്ടിയ വാത്സല്യ താലത്തിൽ നിന്നും അടിമയായിട്ടു മതിയെന്നു തിരഞ്ഞെടുത്ത വിനയമാണ് ആറ്റപ്പൂനബി. അവിടുന്ന് പ്രാർത്ഥിക്കുന്നത് നോക്കൂ: അല്ലാഹുവേ, എന്നെ ദരിദ്രനായി ജീവിപ്പിക്കുകയും മരിപ്പിക്കുകയും ദരിദ്രരോടൊപ്പം പരലോകത്ത് ഒരുമിച്ചുകൂട്ടുകയും ചെയ്യേണമേ"
ലാളിത്യത്തിന്റെ മതമാണ് ഇസ്‌ലാം. മുത്ത് നബി ലാളിത്യത്തിന്റെ വിശ്വരൂപവും. തങ്ങളുടെ അടക്കവും അനക്കവും അതിസൂക്ഷ്മവും മാതൃകാപരവുമാണ്. ഒരു വിശ്വാസി ഏർപ്പെടുന്ന സമസ്ത മേഖലകളിലും മുത്ത്നബിയിൽ ഉത്തമ മാതൃകകളുണ്ട്. അവിടുത്തെ വാക്ക്, പ്രവൃത്തി, ചര്യ എല്ലാം സരള സുന്ദരമായിരുന്നു. താഴ്മ സത്യവിശ്വാസത്തിന്റെ മുഖമുദ്രയാണ്. മുത്ത് നബി(സ)പറയുന്നു: "നിങ്ങൾക്കറിയില്ലെയോ, ലാളിത്യം വിശ്വാസത്തിന്റെ ഭാഗമാണ്".(അബൂദാവൂദ്).
മുത്ത് നബിയുടെ ജീവിതത്തിലെ നിഖില മേഖലകളിലും ആഢംബര രാഹിത്യം നിഴലിച്ചു കാണാം. ചക്രവർത്തി പദവി അലങ്കരിക്കാമായിരുന്നിട്ടുപോലും അവിടുന്ന് സാധാരണക്കാരിലൊരാളായി ജീവിക്കാനായിരുന്നു ആഗ്രഹിച്ചത്. ഭൗതികന്മാരിലോ ഭൗതികാഡംബരങ്ങളിലോ മതിമറക്കരുതെന്ന് അല്ലാഹു മുത്ത് നബിക്ക് നല്‍കിയ നിര്‍ദ്ദേശം അവിടുത്തെ ലാളിത്യത്തിനു മാറ്റുകൂട്ടി. “അവരില്‍ പല വിഭാഗങ്ങള്‍ക്കും പരീക്ഷണത്തിനായി ഐഹിക ജീവിതാലങ്കാരമായി ആസ്വദിപ്പിച്ചിട്ടുള്ള വസ്തുക്കളിൽ താങ്കള്‍ അകപ്പെട്ടു പോകരുത്. താങ്കളുടെ രക്ഷിതാവിൽ നിന്നുള്ള പ്രതിഫലമാണ് ഏറ്റവും ഉത്തമവും അനശ്വരവും”(20: 131).
പ്രവാചകനായ ഒരടിമയായിട്ടോ പ്രവാചകനായ രാജാവായിട്ടോ ജീവിക്കാനാഗ്രഹിക്കുന്നതെന്ന് അല്ലാഹു ഇഷ്ടമാരാഞ്ഞപ്പോള്‍ ‘പ്രവാചകനായ അടിമയായിട്ട്’ എന്നായിരുന്നു തിരുനബി(സ്വ)യുടെ മറുപടി(ബൈഹഖി). പരിശുദ്ധ ഖുർആനിന്റെ നേർപകർപ്പായിരുന്നു മുത്ത് നബിയുടെ ജീവിതം. അത്കൊണ്ടാണ് മുത്ത് നബിയുടെ സ്വഭാവവൈഭവത്തെ കുറിച്ച് ആയിശ ബീവിയോട് ചോദിച്ചപ്പോൾ "അവിടുത്തെ സ്വഭാവം ഖുർആനായിരുന്നെന്ന് പ്രസ്താവിച്ചത്.
ആഡംബരരഹിത ജീവിതം കൊതിച്ച വ്യക്തിയായിരുന്നു മുത്ത് നബി. അങ്ങനെ ജീവിച്ച് ഈ ലോകത്തോട് വിടപറയാനായിരുന്നു നബിയാഗ്രഹിച്ചത്. തന്റെ രക്ഷിതാവ് അത് നിറവേറ്റുകയും ചെയ്തു. ആഇശുമ്മ (റ) പറയുന്നു: മുത്ത് നബി വഫാതാകുമ്പോൾ ദീനാറോ ദിര്‍ഹമോ ഉപേക്ഷിച്ചിട്ടില്ല; പേരിനുപോലും ഒരാടോ ഒട്ടകമോ ഇല്ല. ഒരു സമ്പത്തു കൊണ്ടും വസ്വിയ്യത്തു ചെയ്തിട്ടുമില്ല(മുസ്ലിം). സ്വന്തം പടയങ്കി പണയം വെച്ചിരിക്കെയാണ് തിരുമേനി(സ്വ) വിടവാങ്ങുന്നത്(ബുഖാരി).
മുത്ത് നബി വീട്ടുജോലികളിൽ ശ്രദ്ധിക്കാറുണ്ടായിരുന്നു. വസ്ത്രം വൃത്തിയാക്കുക, ആടിനെ കറക്കുക, പാദരക്ഷകൾ തുന്നുക, ആവശ്യങ്ങള്‍ സ്വയം നിര്‍വഹിക്കുക , കഴുതപ്പുറത്തു യാത്ര ചെയ്യുക, കമ്പിളി വസ്ത്രം ധരിക്കുക, അതിഥിയെ പരിചരിക്കുക, കുട്ടികളോട് സലാം പറയുക, അടിമയുടെ ക്ഷണം സ്വീകരിക്കുക, അടിമയുടെയോ വിധവയുടെയോ ആവശ്യ നിര്‍വഹണത്തിന് അവരെ സഹായിക്കുക തുടങ്ങി നിസാരമെന്ന് കരുതുന്ന പലതും വളരെ സന്തോഷത്തോടെ ചെയ്യുമായിരുന്നു.
പുഞ്ചിരി സദാ ദൃശ്യമാണ് അവിടുത്തെ മുഖത്ത്. അധികസമയത്തും മൗനമായിരുന്നു. മൗനസമയത്തു ചിന്താനിമഗ്നനും. അനാവശ്യമായി സംസാരിക്കില്ല. സംസാരിച്ചാല്‍ അര്‍ഥഗര്‍ഭങ്ങളായ സംക്ഷേപവാക്കുകള്‍ മാത്രം(ദലാഇലുല്‍ ബൈഹഖി 1;194-333).
മുത്ത് നബി വയറുനിറച്ച് ആഹാരം കഴിക്കാറുണ്ടായിരുന്നില്ല. ഒരു ഭക്ഷണം മാത്രം പതിവാക്കാറുമില്ല. നാട്ടില്‍ പതിവുള്ളതും മനസ്സിനിണങ്ങുന്നതുമായ മാംസം, പഴങ്ങള്‍, റൊട്ടി, കാരക്ക മുതലായവ കഴിക്കും.
മുത്ത് നബിയുടെ കാലത്ത് മുഖ്യാഹാരമായി ഉണ്ടായിരുന്നത് ഗോതമ്പ് റൊട്ടിയായിരുന്നു. മിക്ക ദിവസങ്ങളിലും പട്ടിണിയായിരിക്കും. ഒരു ദിവസം കഴിച്ചാൽ അടുത്ത ദിവസം ഉണ്ടാവണമെന്നില്ല. മുത്ത് നബിയുടെ പ്രിയ പത്നി ആയിശുമ്മ പറയുന്നു: "മുത്ത് നബി മദീനയിൽ വന്നതുമുതൽ വഫാതാകുന്നത് വരെ തുടർച്ചയായി മൂന്ന് ദിവസം ഗോതമ്പ് റൊട്ടി കഴിച്ച് നബി കുടുംബം വിശപ്പടക്കിയതായി ഞാൻ ഓർക്കുന്നില്ല"(ബുഖാരി).
മുത്ത് നബിയുടെ ഒരു പ്രാർത്ഥന നോക്കൂ: അല്ലാഹുവേ, എന്നെ ദരിദ്രനായി ജീവിപ്പിക്കുകയും ദരിദ്രനായി മരിപ്പിക്കുകയും ദരിദ്രരുടെ സമൂഹത്തിലായി പരലോകത്ത് ഒരുമിച്ചുകൂട്ടിത്തരികയും ചെയ്യേണമേ(തുര്‍മുദി, ഇബ്നുമാജ). തിരുമേനിയുടെ മറ്റൊരു ദുആ ഇങ്ങനെയായിരുന്നു: അല്ലാഹുവേ, മുഹമ്മദിന്റെ കുടുംബത്തിന്റെ ആഹാരം ഉപജീവനത്തിന്റെ അളവിൽ മാത്രമാക്കേണമേ (ബുഖാരി).
നബി(സ്വ)യുടെ കിടത്തം, ഉറക്കം വൃത്തിയിലും ശുദ്ധിയിലും ഭക്തിയിലുമായിരുന്നുവെന്നതു പോലെത്തന്നെ വളരെ ലാളിത്യപൂർണ്ണവുമായിരുന്നു. മുത്ത് നബി ആവശ്യത്തിലധികം ഉറങ്ങുകയോ, ആവശ്യത്തിന് ഉറങ്ങാതിരിക്കുകയോ ചെയ്തിരുന്നില്ല. അംഗസ്നാനം വരുത്തി വലതു വശത്ത് ഖിബ്‌ലയിലേക്ക് അഭിമുഖമായി വലതുകൈ വലതു കവിളിന് താഴെ വെച്ചായിരുന്നു അവിടുന്ന് കിടന്നിരുന്നത്. മുത്ത് നബിയുടെ ശയനരീതിക്ക് ഒട്ടേറെ ആരോഗ്യകരമായ വശങ്ങളുണ്ട്. രാത്രിയുടെ ആദ്യഭാഗം ഉറങ്ങുകയും രണ്ടാം പാതിയുടെ ആരംഭത്തിൽ എഴുന്നേറ്റ് ദന്തശുദ്ധി വരുത്തി അംഗസ്നാനം ചെയ്ത് നിസ്കാരത്തിൽ സജീവമാകുമായിരുന്നു. ഈ രീതി കൂടുതൽ ഉന്മേഷവും, മാനസിക സ്വാസ്ഥ്യം നേടിത്തരുന്നതുമാണ്.
ഒരിക്കൽ മുത്ത് നബിയുടെ ദേഹമാസകലം പരുക്കൻ പായകൾ തീർത്ത പാടുകൾ കണ്ട അനുചരർ തങ്ങൾക്കൊരു മെത്തയുണ്ടാക്കിക്കൊടുക്കന്നതിനെക്കുറിച്ച് ചോദിച്ചു. തിരുമേനി അരുളി : എനിക്ക് ഇഹലോകവുമായി യാതൊരു സ്നേഹബന്ധവുമില്ല. തല്‍ക്കാലം ഒരു മരത്തണലില്‍ വിശ്രമിച്ചു സ്ഥലംവിട്ട യാത്രക്കാരനെപ്പോലെ മാത്രമാണ് ഈ ദുന്‍യാവില്‍ എന്റെ സ്ഥാനം(തുര്‍മുദി, ഇബ്നുമാജ). മറ്റൊരിക്കൽ രോമം നിറച്ച മെത്ത ഒരു അന്‍സ്വാരി സ്ത്രീ തിരുമേനി(സ്വ)ക്കു കാണിക്കയായി ആഇശാ ബീവി(റ)യെ ഏല്‍പിച്ചു. മുത്ത് നബി അത് സന്തോഷപൂർവ്വം നിരസിച്ചു. തിരിച്ചു കൊടുക്കാനായിയിരുന്നു അവിടുത്തെ ഉത്തരവ്. വിസമ്മതം കാണിച്ചപ്പോള്‍ ആഇശ(റ)യോടു തിരിച്ചു കൊടുക്കാന്‍ ആണയിട്ടു പറഞ്ഞു. ശേഷം ഇങ്ങനെ പ്രസ്താവിച്ചു: ആഇശാ, അല്ലാഹു സത്യം ഞാനാഗ്രഹിച്ചിരുന്നുവെങ്കില്‍ സ്വർണ്ണ വെള്ളികളുടെ പർവതങ്ങൾ എന്റെ കാൽക്കീഴിൽ എന്റെ രക്ഷിതാവ് നൽകുമായിരുന്നു(ബൈഹഖി).
ഞാനൊരു അടിമയാണ്, അടിമയുടെ വസ്ത്രം തന്നെയാണ് എന്റെയും വസ്ത്രമെന്ന് അവിടുന്ന് പറയാറുണ്ടായിരുന്നു. അവിടുത്തെ വസ്ത്ര ധാരണത്തിൽ അമിതാലങ്കാരങ്ങളോ, ആഡംബരങ്ങളോ ഇല്ല തന്നെ. ശുദ്ധിയും, മിതത്വവുമായിരുന്നു മുത്ത് നബിയിലെ വസ്ത്രാലങ്കാരം. വളരെ മുന്തിയതോ തീരേ തരം താഴ്ന്നതുമായ വസ്ത്രങ്ങൾ തിരുദൂതർ ധരിക്കാറില്ല. വൃത്തിഹീനമായ വസ്ത്രം ധരിച്ചയൊരാളെ മുത്ത് നബി കണ്ടപ്പോൾ "ഇയാൾക്ക് നല്ല വസ്ത്രം ധരിച്ചൂടെ "എന്ന് കൂടെയുള്ളവരോട് ചോദിച്ചു. മുന്തിയ ഇനം വസ്ത്രധാരണം ലോകമാന്യത്തെ അങ്കുരിപ്പിക്കുമെന്ന് ഇമാം നവവി(റ) ഉണർത്തുന്നുണ്ട്.
ഏറെ സമയങ്ങളിലും ഉടുമുണ്ടും മേൽമുണ്ടുമായിരുന്നു മുത്ത് നബിയുടെ വസ്ത്രം. ഖമീസാണ് ഇഷ്ട വസ്ത്രമെങ്കിൽ വെളുപ്പായിരുന്നു ഇഷ്ട വർണ്ണം. വസ്ത്രങ്ങൾക്ക് അനാവശ്യ നീളമോ വിസ്തൃതിയോ ഉണ്ടായിരുന്നില്ല. കുപ്പായക്കൈകള്‍ മണിബന്ധം വരെ; ഖമീസ്വും ഉടുമുണ്ടും ഞരിയാണിക്കു മുകളില്‍ കണങ്കാല്‍ മധ്യം വരെയായിരുന്നു.
അമിത സംസാരം മുത്ത് നബിയുടെ ശീലമായിരുന്നില്ല. സംസാരിക്കുന്നത് കൃത്യവും,വ്യക്തവുമായിരുന്നു. ഏറ്റവും വലിയ ഭാഷാ പരിജ്ഞാനിയായിരുന്നിട്ടും താഴെക്കിടയിലുള്ള ആളുകൾക്ക് വരെ ഉൾക്കൊള്ളാനാകും വിധമായിരുന്നു അവിടുത്തെ സംസാരം. അവിടുന്ന് പറയുന്നതെല്ലാം ദിവ്യബോധനാടിസ്ഥാനത്തിലായിരുന്നു.
തോന്നുന്നതെല്ലാം പറയുന്ന വ്യക്തിയല്ല മുത്ത് നബിഎന്ന ഖുർആൻ സക്ഷ്യപ്പെടുത്തുന്നുണ്ട്. ബിസ്മി കൊണ്ട് തുടങ്ങി അല്ലാഹുവിന്റെ നാമം കൊണ്ടവസനിക്കുന്നതായിരിക്കും സംസാരങ്ങളെല്ലാം. സംസാരത്തിനിടക്കും അല്ലാഹുവിന്റെ പരിശുദ്ധ നാമങ്ങളുണ്ടാകും. സംസാരിക്കുമ്പോൾ മുൻപല്ലുകൾക്കിടയിൽ പ്രകാശം രൂപപ്പെടും. ആഇശ ബീവി പറയുന്നു: സദസ്സിലുള്ളവർക്ക് ഗ്രഹിക്കാൻ പാകത്തിൽ ധൃതിപ്പെടാതെയുള്ള നിർത്തി നിർത്തിയുള്ള സംസാരമായിരുന്നു അവിടുത്തേത്".
ഏറ്റവും വലിയ ധർമ്മിഷ്ടനായിരുന്നു മുത്ത് നബി. തനിക്കുള്ളത് മറ്റുള്ളവർക്ക് നൽകാനായിരുന്നു നബിക്കിഷ്ടം. ഖൈബർ യുദ്ധാനന്തരം ഇസ്‌ലാമിന് ക്ഷേമ കാലഘട്ടം കൈവന്നു. തനിക്ക് ലഭിക്കുന്ന ധാന്യങ്ങളിൽ വർദ്ധനവ് അനിവാര്യമാണെന്ന് നബി പത്നിമാർക്കിടയിൽ ചർച്ച നടക്കുകയും മുത്ത്നബിയോട് ഇതേ സംബന്ധിയായി ആവശ്യം ഉന്നയിക്കുകയും ചെയ്തപ്പോൾ മുത്ത് നബി പ്രതികരിച്ചതിങ്ങനെയായിരുന്നു "ഞാനും എന്റെ പത്നിമാരായ നിങ്ങളും പാവപ്പെട്ടവരെ പോലെ ദരിദ്രജീവിതം നയിക്കേണ്ടവരാണ്. സുഖാസ്വാദനവും ആഢംബരവും പ്രവാചകനും സഹധര്‍മിണികള്‍ക്കും ഭൂഷണമല്ല. ഐഹികം സുഖിക്കാനുള്ളതല്ല. പാരത്രിക ലോകത്തേക്കുള്ള ഒരു കൃഷിയിടം മാത്രം. ക്ഷണികമായ സുഖങ്ങള്‍ ആസ്വദിച്ച് ആര്‍ഭാടപൂര്‍വം ശിഷ്ടകാലം ജീവിക്കണമെന്നാണ് നിങ്ങളുടെ മോഹമെങ്കില്‍ പറയൂ, അവരെ ഞാന്‍ ഒഴിവാക്കിത്തരാം. പ്രവാചകനായ എന്റെ പത്നിപദത്തിലിരുന്നുകൊണ്ട് ജീവിതം ആഢംബര പൂര്‍ണമാക്കുന്നത് തീർച്ചയായും ഞാൻ ഇഷ്ടപ്പെടുന്നില്ല.
തന്‍റെ ജീവതത്തില്‍ അനിവാര്യമായ കാര്യങ്ങള്‍ക്കല്ലാതെ പണം ചിലവഴിക്കുന്നത് ധൂര്‍ത്ത് (ഇസ്റാഫ്) ആണെന്നും അത് കടുത്ത ഹറാമാണെന്നും കര്‍മ്മ ശാസ്ത്ര പണ്ഡിതരുടെ ഏകോപനമുണ്ട്.
അല്ലാഹു പറുന്നു:”ധൂര്‍ത്ത് അരുത്. തീര്‍ച്ചയായും അമിതവ്യയം പിശാചിന്‍റെ കൂട്ടാളികളായിരിക്കും'(ഇസ്്റാഅ് 26, 27) മറ്റൊരു ആയത്തിൽ അല്ലാഹു പറയുന്നത് കാണാം. “നിങ്ങള്‍ ഭക്ഷിച്ചോളൂ, കുടിച്ചോളൂ, അമിതമാക്കരുത്” ധൂര്‍ത്തന്മാരെ പിശാചിന്‍റെ കൂട്ടാളികളായിട്ടാണ് ഇസ്ലാം കാണുന്നത്.
സന്നിഗ്ദ്ധ ഘട്ടങ്ങളിൽ വരെ അമിതമായി പണം ചെലവഴിക്കരുതെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. മദീനയില്‍ ഒരു വ്യക്തി തന്‍റെ മുഴുവന്‍ സമ്പത്തും മറ്റുള്ളവർക്ക് ദാനം ചെയ്തപ്പോൾ അല്ലാഹുവിന്റെ ദിവ്യബോധനമെത്തി” നിങ്ങള്‍ പണം മുഴുവന്‍ ദാനം നല്‍കരുത്. അതുകാരണമായി നിങ്ങള്‍ നിന്ദ്യരായി മാറേണ്ടി വരും’ഇത്രയധികം സൂക്ഷ്മമായി ജീവിത പരിസരങ്ങളെ വരച്ചു കാണിച്ച മുത്ത് നബിയുടെ ജീവിതം വിശ്വാസിയെ സംബന്ധിച്ച് അഭിമാനവും പാഠവുമാണ്.
5 November, 2023 11:17 pm
Muhammed Swafooh OK
Mabroook