സർവ്വലോകത്തിന് അനുഗ്രഹമായിട്ടാണ് തിരുനബിﷺയുടെ നിയോഗം. പ്രകീർത്തനങ്ങൾ പാടിപ്പറഞ്ഞും, സ്വലാത്തുകൾ വർദ്ധിപ്പിച്ചും, തിരുചര്യകൾ പകർത്തിയും, വിശ്വാസിലോകമിന്ന് നബിദിനാരവത്തിലാണ്. അതെങ്ങനെയാണ് മീലാദുന്നബി വരുമ്പോൾ ഹൃദയത്തിലൊരൽപ്പം ഇമാനുളളവന് സന്തോഷിക്കാതിരിക്കാനാവുക?


മാനവകുലം മുഴുവനും, പ്രത്യേകിച്ച് മുസ്‌ലിം സമൂഹം ലോകാനുഗ്രഹിയായ മുഹമ്മദ് നബി ﷺ തങ്ങളുടെ 1498-ാമത് ജന്മദിനം ആഘോഷിക്കുന്ന തിരക്കിലാണ്. പടിഞ്ഞാറൻ ചക്രവാളത്തിൽ റബീഇന്റെ ചന്ദ്രപ്പിറ ദർശിച്ചതു മുതൽ ലോകത്തുള്ള സർവ സത്യവിശ്വാസികളുടെയും ഹൃദയകങ്ങളിൽ സ്നേഹവും സന്തോഷവും തിരയടിച്ചു കൊണ്ടിരിക്കുകയാണ്. കാരണം, തിരുദൂതർ ﷺ നിയോഗിതരായിട്ടുള്ളത് ലോകങ്ങൾക്കാകെയും അനുഗ്രഹമായിട്ടാണ്.     

وَمَاۤ أَرۡسَلۡنَـٰكَ إِلَّا رَحۡمَةࣰ لِّلۡعَـٰلَمِینَ

(الأنبياء ١٠٧)

ഈ സൂക്തത്തിലെ ആലമ് എന്നതിന്റെ വിവക്ഷ പ്രപഞ്ചത്തിലെ മുഴുവൻ സൃഷ്ടിചരാചരങ്ങളുമെന്നാണ്. അല്ലാഹു അല്ലാത്ത സകല വസ്തുക്കളും അതിൽ ഉൾക്കൊള്ളുന്നു. അവകൾക്കാകെയും അനുഗ്രഹമാണ് തിരുനബി.

മുസ്‌ലിംകൾക്കെന്നോ മനുഷ്യർക്കെന്നോ അല്ല, മാനവരാശിക്കും പക്ഷിമൃഗാതികൾക്കും, വൃക്ഷങ്ങൾക്കും സസ്യലതാദികൾക്കും, തുടങ്ങി മുഴുവൻ സൃഷ്ടിജാലങ്ങൾക്കും അനുഗ്രഹമായിട്ടാണ് അങ്ങയെ അയച്ചിട്ടുള്ളതെന്നാണ് ഖുർആനികാധ്യാപനം. 

ജന്മദിനം ആഘോഷിക്കുകയെന്നത് പരിഷ്കൃത ലോകത്തിൻറെ ഏറ്റവും പുതിയ ശൈലികളിലൊന്നാണ്. ഏതെല്ലാം ജന്മദിനങ്ങളാണ് ഇന്ന് നാം ആഘോഷിക്കുന്നത്. ഒക്ടോബർ രണ്ടിന് നാം ഗാന്ധി ജയന്തി ആഘോഷിക്കാറുണ്ട്. മറ്റു നമ്മുടെ രാഷ്ട്ര, സാംസ്‌കാരിക നേതാക്കളുടെയും ജന്മദിനം നാം ആഘോഷിക്കാറുണ്ട്. ഇങ്ങനെ ആഘോഷിക്കുകയെന്നുള്ളത് പരിഷ്കൃത ലോകത്തിൻറെ പ്രത്യേകതയാണ്. ഇത് അനാചാരമാണെന്ന് വല്ലവരും വിശ്വസിക്കുന്നുവെങ്കിൽ അവർ ഈ കാലഘട്ടത്തിൽ ജീവിക്കേണ്ടവരേ അല്ല എന്ന് മാത്രമേ നമുക്ക് പറയാനുള്ളൂ.

വി പി സിംഗിന്റെ മന്ത്രിസഭയിലാണ് ആദ്യമായി നബിദിനം ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചത്. അന്ന് നമ്മുടെ നാട്ടിലുള്ള വഹാബി- മൗദൂദികളടക്കമുള്ള വിഘടനവാദികൾ, കോഴിക്കോട് യോഗം ചേർന്ന് കേന്ദ്ര സർക്കാർ തീരുമാനത്തെ എതിർക്കുകയാണ് ചെയ്തത്. നബിദിന അവധി ഇതുവരെ പതിവില്ലാത്തതും അനാവശ്യവുമാണെന്ന് ആവശ്യപ്പെട്ടാണവർ രംഗത്തു വന്നത്. ചുരുക്കത്തിൽ, സാക്ഷരരും പരികൃതരുമായ മുഴുവൻ ആളുകളും ജന്മദിനമാഘോഷിക്കുന്നതിനെ അംഗീകരിക്കുന്നവരാണ് എന്നതിൽ യാതൊരു സംശയവുമില്ല. വിശുദ്ധഖുർആൻ പറയുന്നു. 

قُلۡ بِفَضۡلِ ٱللَّهِ وَبِرَحۡمَتِهِۦ فَبِذَ ٰ⁠لِكَ فَلۡیَفۡرَحُوا۟ هُوَ خَیۡرࣱ مِّمَّا یَجۡمَعُونَ

(يونس ٥٨)

" നബിയുടെ ജന്മദിനത്തിൽ സന്തോഷിക്കുവിൻ. അവിടുത്തെ ജന്മത്തിൽ സന്തോഷം പ്രകടിപ്പിക്കുക എന്നതാണ് ജനങ്ങൾ സമ്പാദിച്ച് കൂട്ടുന്ന മറ്റേത് ധനത്തേക്കാളും ഏറ്റവും ഉത്തമമായത് " 

തിരുനബിﷺയുടെ ജന്മദിനത്തിലുള്ള സന്തോഷം പ്രകടിപ്പിക്കലിനെയാണ് ഇവിടെ പ്രതിപാദിക്കുന്നതെന്ന് റഈസുൽ മുഫസ്സിരീൻ ഇബ്നു അബ്ബാസ് (റ) വിശദീകരിച്ചിട്ടുണ്ട്.

 മുസ്‌ലിംകൾ മാത്രമല്ല നബിﷺയുടെ ജന്മദിനം ആഘോഷിക്കുന്നത്, രാജ്യത്ത് പൊതു അവധിയായി പ്രഖ്യാപിക്കുന്നതോടെ നൂറ്റിമുപ്പതിലേറെ കോടി വരുന്ന എല്ലാ ജനങ്ങളും ഒരർത്ഥത്തിൽ അതിൽ പങ്കാളികളാവുകയാണ് ചെയ്യുന്നത്. ലോകത്തെവിടെ നാം പരിശോധിച്ചാലും എല്ലാവരും തിരുപ്പിറവിയിൽ സന്തോഷം പ്രകടിപ്പിക്കുന്നുണ്ടെന്ന് കണ്ടെത്താൻ സാധിക്കും. 

കേരളത്തിലേക്ക് വരുമ്പോൾ വ്യത്യസ്തമായ രൂപത്തിൽ, മദ്രസകൾ, സ്ഥാപനങ്ങൾ ഇവ കേന്ദ്രീകരിച്ചു കൊണ്ട് നബിദിന ഘോഷയാത്രകൾ സംഘടിപ്പിച്ചും, നബി പ്രകീർത്തനങ്ങൾ പാടിയും, എന്നുവേണ്ട രാഷ്ട്രത്തിനും ജനങ്ങൾക്കും ഗുണകരമായ കാര്യങ്ങൾ എന്തെല്ലാമുണ്ടോ അതെല്ലാം ചെയ്യുന്നൊരു സമ്പ്രദായമാണ് നിലവിലുള്ളത്. ഇത് തന്നെയാണ് വിശുദ്ധ ഖുർആൻ നമ്മോട് ആവശ്യപ്പെടുന്നതും. സ്വയം നന്നാവുകയും ആ നബിയുടെ ചര്യകൾ ജീവിതത്തിൽ പകർത്തുകയും ചെയ്യാൻ വിശ്വാസികൾ തയ്യാറാവണം. 

 ومن تمسك بسنتي عند فساد أمتي فله أجر مئة شهيد 

എന്റെ സമുദായം വഴികേടിലാവുമ്പോൾ എന്റെ സുന്നത്തുകൾ മുറുകെപ്പിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവർക്ക് നൂറ് രക്തസാക്ഷികളുടെ പ്രതിഫലമുണ്ട് എന്ന് മുത്ത് നബി ﷺ പറഞ്ഞതാണ്. ഇപ്പോൾ മുൻവർഷങ്ങളേക്കാൾ കൂടുതൽ ഇസ്‌ലാമിന്റെ അകത്തുനിന്നും പുറത്തുനിന്നുള്ള ശത്രുക്കൾ കൂടിക്കൂടിവരുന്ന സ്ഥിതിവിശേഷമാണുള്ളത്. ഈ പ്രത്യേക കാലസന്ധിയിൽ തിരുചര്യകളുടെ ശാസ്ത്രീതയും തത്വശാസ്ത്രവും ആധുനിക കാലഘട്ടത്തോട് സംവദിക്കും വിധം വിവരിച്ചു കൊടുക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. ഇതിനു വേണ്ടിയാവണം നമ്മുടെ നബിദിനാഘോഷവും പ്രവർത്തനങ്ങളും. എല്ലാ വീടുകളിലും നബിയുടെ മദ്ഹുകളും, മൗലിദ് പാരായണവും നടക്കണം. അത് ഇരുലോകത്തും വിജയ നൽകുന്നതും വീട്ടിൽ ഐശ്വര്യവും സമാധാനവും പ്രദാനം ചെയ്യുന്നതുമാണ് . നബിയുടെ പേരിൽ മദ്ഹ് പാടുകയും സ്വലാത്ത് ചൊല്ലുകയും മൗലിദ് പാരായണം നടത്തുകയും വേണം. പദ്യത്തിലും ഗദ്യത്തിലും ഉള്ള മൗലിദുകൾ ഹദീസുകളിൽ വന്ന കാര്യങ്ങളാണ് വിവരിക്കുന്നത്. 

നബിയുടെ മേൽ സ്വലാത്തുകൾ വർധിപ്പിക്കാൻ ശ്രമിക്കണം.

إنَّ ٱللَّهَ وَمَلَـٰۤىِٕكَتَهُۥ یُصَلُّونَ عَلَى ٱلنَّبِیِّۚ یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ صَلُّوا۟ عَلَیۡهِ وَسَلِّمُوا۟ تَسۡلِیمًا

(الاحزاب ٥٦)

അല്ലാഹുവും അവൻറെ മലക്കുകളും നബിയുടെ പേരിൽ സ്വലാത്തുകൾ അർപ്പിക്കുന്നുണ്ട്. സത്യവിശ്വാസികളേ നിങ്ങളും അവിടുത്തെ പേരിൽ സ്വലാത്തും സലാമും ചൊല്ലുക.

 (അഹ്സാബ് 54 )

ഇത്രമാത്രം ഗൗരവതരമായി പറയുന്ന വേറെയാെരു സൂക്തവും നമുക്ക് കാണാൻ കഴിയില്ല. അല്ലാഹുവും അവൻറെ മലക്കുകളും നിസ്കരിക്കുന്നുണ്ട് അല്ലെങ്കിൽ നോമ്പനുഷ്ഠിക്കുന്നുണ്ട് അതുകൊണ്ട് നിങ്ങളും നിസ്കരിക്കുക അല്ലെങ്കിൽ നോമ്പ് അനുഷ്ടിക്കുക എന്ന രീതിയിൽ മറ്റൊരു പരാമർശവും ഖുർആനിൽ കാണാൻ കഴിയില്ല. 

ഈ സൂക്തം അവതരിച്ച സമയത്ത് മഹാന്മാരായ സ്വഹാബികൾ തിരുനബിയുടെ സന്നിധിയിൽ വന്നുകൊണ്ട് പറഞ്ഞു. നബിയേ അല്ലാഹുവും അവന്റെ മലക്കുകളും ചെയ്യുന്ന സ്വലാത്ത് എങ്ങനെയാണ് ചെയ്യുക എന്ന് ഞങ്ങൾക്ക് പഠിപ്പിച്ചു തരണം. അല്ലാഹുവും മലക്കുകളും ചെയ്യുന്ന കാര്യങ്ങൾ തങ്ങൾക്ക് ചെയ്യാൻ കഴിയുമോ എന്ന് ആശങ്കപ്പെടുകയാണ് അവർ ചെയ്യുന്നത്. അപ്പോൾ അവിടുന്ന് പ്രതിവചിച്ചു.

 قولوا "اللهم صل على سيدنا محمد وعلى ال سيدنا محمد "

 "അല്ലാഹുവേ നബിയുടെയും അവിടുത്തെ കുടുംബത്തെയും മേലിൽ നീ അനുഗ്രഹം ചെയ്യണേ" എന്ന് നിങ്ങൾ ചൊല്ലിക്കൊൾക.

നബിയുടെ മേലിൽ സ്വലാത്ത് ചെല്ലുന്നതിന്റെ ഭാഗമാണ് അവിടുത്തെ കുടുംബത്തിൻറെ പേരിലുള്ള സ്വലാത്തെന്ന് ഇമാം ബുഖാരി (റ) നിവേദനം ചെയ്ത ഈ ഹദീസിൽ നമുക്ക് കാണാം. 

അല്ലാഹു നമ്മോട് പറഞ്ഞ കാര്യത്തെ നമ്മുടെ അശക്തത ഉൾക്കൊണ്ടുകൊണ്ട് അല്ലാഹുവിനെ തന്നെ ഏൽപ്പിക്കുകയാണ് സ്വലാത്ത് ചൊല്ലുന്നതിലൂടെ നാം ചെയ്യുന്നത്. നിസ്കാരത്തിലെ സ്വലാത്തും സലാമും ഈ ആയത്തിന്റെ അടിസ്ഥാനത്തിൽ നമുക്ക് നിർബന്ധമാണെന്ന് പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. ബാക്കിയുള്ള സമയങ്ങളിൽ എല്ലാം സ്വലാത്ത് ചൊല്ലൽ പ്രത്യേകം സുന്നത്തുള്ളതാണ്.

من صلى على صلاة واحدة صلى الله عليه بها عشرة 

ആരെങ്കിലും എൻറെ പേരിൽ ഒരു സ്വലാത്ത് ചൊല്ലിയാൽ പത്ത് ഗുണങ്ങൾ അല്ലാഹു അവന് ആഖിറത്തിലും ദുനിയാവിലുമായി ചെയ്തു കൊടുക്കുമെന്ന് മുത്തുനബിﷺ പഠിപ്പിച്ചിട്ടുണ്ട്. 

സ്വലാത്തുകൾ വർധിപ്പിച്ച്, അവിടുത്തെ ചര്യകൾ പിൻപറ്റി ഇരുലോകത്തും വിജയം കൈവരിക്കാൻ നാഥൻ തുണക്കട്ടെ. 

എല്ലാവർക്കും, ബുഖാരി സ്ഥാപനങ്ങളുടെയും പ്രസ്ഥാനത്തിന്റെയും ഹൃദയം നിറഞ്ഞ നബിദിനസന്തോഷങ്ങൾ നേരുന്നു.

Questions / Comments:



No comments yet.