ഖുർആൻ മനുഷ്യജീവിതത്തിന് സമഗ്ര മാർഗ്ഗദർശനമാണ്. അതിന്റെ പ്രായോഗിക മാതൃകയാണ് തിരുനബിയുടെ ജീവിതം. ഹദീസുകൾ പ്രകാരം നീതി, സഹായം, നല്ല വാക്ക്, വഴിയിലെ തടസ്സം നീക്കൽ തുടങ്ങിയ സാമൂഹിക ധർമ്മങ്ങൾ ആരാധനയായി കണക്കാക്കപ്പെടുന്നു; ഇവ മനുഷ്യരെ പരസ്പരം ഇണക്കിച്ചേർത്ത് സമൂഹിക ബോധം നിലനിർത്താൻ സഹായിക്കുന്നു.
വായിക്കാം:
പ്രസ്തുത വിഷയത്തിൽ വിഖ്യാത സ്വഹാബി വര്യനായ അബൂഹുറൈറ (റ) യെ തൊട്ട് ഇമാം ബുഖാരി, ഇമാം മുസ്‌ലിം എന്നിവർ നിവേദനം ചെയ്ത പ്രശസ്തമായ ഒരു ഹദീസിന്റെ അപഗ്രഥനമാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. ഹദീസിന്റെ സാരം, അബൂഹുറൈറ (റ) യെ തൊട്ട് നിവേദനം. തിരുദൂതർ പറഞ്ഞു: ജനങ്ങളിൽ ഓരോരുത്തരുടെയും ഓരോ സന്ധികൾക്കുമേലിലും ധർമ്മങ്ങളുണ്ട്. സൂര്യനുദിക്കുന്ന എല്ലാദിവസവും, ഇരുവർക്കിടയിൽ നീതിവിധിക്കൽ ധർമ്മമാണ്. ഒരാളെ വാഹനത്തിൽ കയറാൻ സഹായിക്കൽ, അല്ലെങ്കിൽ അവൻറെ ചരക്ക് അതിനുമേൽ കയറ്റി വെക്കൽ ധർമ്മമാണ്. നടക്കുന്ന ഓരോ ചവിട്ടടിയും ധർമ്മമാണ്. വഴിയിലെ തടസ്സമെടുത്ത് മാറ്റലും ധർമ്മമാണ് (സ്വഹീഹുൽ ബുഖാരി, സ്വഹീഹ് മുസ്‌ലിം).
പരസ്പര സഹായം, സഹകരണം എന്നീ ആശയങ്ങൾ ഈ ഹദീസിൽ മുഴങ്ങി കേൾക്കുന്നു. മാനവകുലത്തിനുള്ള സമഗ്ര ജീവിത പദ്ധതിയാണല്ലോ പരിശുദ്ധ ഇസ്‌ലാം. ആ ഇസ്‌ലാമിൻറെ അതിപ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് ജനങ്ങളുടെ ഹൃദയങ്ങൾ തമ്മിലിണക്കുക എന്നത്. ഈ ലക്ഷ്യം പരസ്പര സഹകരണ-സഹായത്തോടുകൂടിയല്ലാതെ സാധ്യമല്ല താനും. പരിശുദ്ധ ഖുർആനും നിർദേശിക്കുന്നു, "നിങ്ങൾ നന്മയിലും തഖ്‌വയിലും പരസ്പരം സഹായിക്കുക. തെറ്റിലും ശത്രുതയിലും പരസ്പര സഹായം അരുത് താനും" ( സൂറത്തുൽ മാഇദ : 2 ). മറ്റൊരു ഹദീസിൽ കാണാം "പരസ്പര സ്നേഹം, കരുണ, കൃപ എന്നിവയിൽ വിശ്വാസികൾ ഒരു ശരീരം പോലെയാണ്. ആ ശരീരത്തിൽ ഏതെങ്കിലും ഒരവയവത്തിന് മുറിവ് ബാധിച്ചാൽ ശരീരം മുഴുവനും ഉറക്കമൊഴിച്ചും പനിച്ചും ആ അവയവത്തിന്റെ കൂടെ നിൽക്കും" (സ്വഹീഹുൽ ബുഖാരി, സ്വഹീഹ് മുസ്‌ലിം).
സ്രഷ്ടാവും
സൃഷ്ടിപ്പും നന്ദി ചെയ്യലും
പ്രതിപാദ്യ ഹദീസ് തുടങ്ങുന്നത് തന്നെ ഓരോ സന്ധികൾക്കും ധർമ്മം ചെയ്യൽ നിർബന്ധമാണ് എന്നുണർത്തിക്കൊണ്ടാണ്. സ്രഷ്ടാവായ അല്ലാഹു മനുഷ്യനെ ഏറ്റവും നല്ല രൂപത്തിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. അതിനാൽ തന്നെ ഈ സൃഷ്ടികർമ്മത്തിന് നന്ദി ചെയ്യൽ മനുഷ്യന് നിർബന്ധമാണ്. ആ നന്ദിയുടെ ഭാഗമായാണ് തിരുദൂതർ ഹദീസിൽ ധർമ്മം ചെയ്യൽ നിർബന്ധമാണെന്നും ധർമ്മത്തിന്റെ വിഭിന്ന രൂപങ്ങൾ പരിചയപ്പെടുത്തുകയും ചെയ്യുന്നത്. ഇതിലൂടെ സാമൂഹിക സഹകരണത്തിന് ഇലാഹിയ്യായ മാനം കൂടി നൽകുകയാണ് തിരുദൂതർ.
എന്തുകൊണ്ട് സന്ധികൾ ? സന്ധികളെ തിരുദൂതർ പ്രത്യേകം എടുത്തുപറഞ്ഞു. കാരണം, മനുഷ്യ സൃഷ്ടിപ്പിന്റെ ഭംഗി ഏറ്റവും നല്ല രൂപത്തിൽ മനസ്സിലാക്കിത്തരുന്നത് അവയാണ്. പുറംമോടിയെ ഭംഗിയാക്കുന്നത് അകത്ത് ചിട്ടയിൽ ക്രമീകരിച്ച അസ്ഥികളും അസ്ഥിസന്ധികളുമാണ്. അതിനാൽ തന്നെ വളരെ വലിയ അനുഗ്രഹമായിട്ടാണ് അവയെ കണക്കാക്കപ്പെടുന്നത്. അതിനാൽ തന്നെ അവയിൽ നാം കൂടുതൽ നന്ദിയുള്ളവരാകേണ്ടിയിരിക്കുന്നു.
തർക്കമുണ്ടോ?
നീതി വിധിക്കൂ...
തിരൂദൂതർ സ്രഷ്ടാവിനോട് ചെയ്യേണ്ട ശുക്റിൻ്റെ ഭാഗമായി പരിചയപ്പെടുത്തിയ ധർമ്മങ്ങളിൽ ആദ്യം പരാമർശിച്ചത് നീതിവിധിക്കലിനെയാണ്. രണ്ടുപേർ തർക്കിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ, അവിടെ നാം ഇടപെടുന്ന സാഹചര്യത്തിൽ നീതി പ്രവർത്തിക്കുകയും അവരെ പരസ്പര രമ്യതയിലാക്കാൻ ശ്രമിക്കുകയും ചെയ്യൽ ധർമ്മമാണ്. നിർബന്ധവുമാണ്. ശ്രേഷ്ഠമായ ഒരു ആരാധന കൂടിയുമാണ്.
അല്ലാഹു വിശുദ്ധ ഖുർആനിലൂടെ പറയുന്നു: "നിശ്ചയം വിശ്വാസികൾ സഹോദരരാണ്. അതിനാൽ നിങ്ങൾ നിങ്ങളുടെ സഹോദരങ്ങൾക്കിടയിൽ നന്മ പ്രവർത്തിക്കുക" (സൂറത്തുൽ ഹുജറാത്ത് : 10). മറ്റൊരു ആയത്തിൽ "അവരുടെ സംസാരങ്ങളിലെ സിംഹഭാഗത്തിലും നന്മയില്ല, ധർമ്മം കൊണ്ടോ നേര് കൊണ്ടോ പരസ്പര രമ്യത കൊണ്ടോ കൽപ്പിച്ചവരുടേത് ഒഴികെ" ( സൂറത്തുന്നിസാഅ്: 114) എന്നും കാണാം. ഇതും നന്മയായി എണ്ണാൻ കാരണം, ആ തർക്കം പരിഹരിക്കാതിരുന്നാൽ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളായ മോശം ചെയ്തികളെയും വാക്കുകളെയും ഇത് തടയും എന്നതിനാലാണ്. കർമ്മശാസ്ത്ര പരമായി ഇത് ഫർള് കിഫയുമാണ്.
കൈപിടിക്കലും ധർമ്മമത്രെ
അപരനെ അവൻ്റെ ഒട്ടകത്തിൽ കയറാൻ നാം സഹായിക്കുന്നത് ഒന്നാലോചിച്ച് നോക്കൂ... എത്ര സുന്ദരമായ അനുഭൂതിയാണത്. കാഴ്ച്ചയാണത്. യന്ത്രവൽകൃത കാലത്ത് വാഹനത്തിൽ കയറുക എന്നത് അത്ര പ്രയാസമല്ലെങ്കിൽ പോലും സമാന സന്ദർഭങ്ങൾ നമ്മുടെ നിത്യജീവിതത്തിലും വരാറുണ്ട്. ബസ് കയറാൻ നിൽകുന്ന വയോധികരെയും ചെറിയ കുട്ടികളെയും സഹായിക്കലും, അപരൻ്റെ ചരക്കും ഭാണ്ഡക്കെട്ടുകളുമൊക്കെ ചുമന്ന് കൊടുക്കലും ഈ സ്വദഖയുടെ പരിധിയിൽ വരുന്നത് തന്നെ. ഈ മാനുഷിക പ്രവൃത്തിയും ഇസ്‌ലാമിൽ ധർമ്മവും സ്രഷ്ടാവിനോടുള്ള നന്ദി പ്രകടിപ്പിക്കലുമാണ്. കാരണം, ഇതിൽ അപര സഹായവും മാന്യത പ്രകടിപ്പിക്കലുമുണ്ട്.
നല്ലത് മാത്രം ഉച്ചരിക്കുക,
അതും ധർമ്മമാണ്
വാക്കിന് വാളിനേക്കാൾ മൂർഛയുണ്ട്. സംസാരങ്ങൾക്ക് യാതൊരു വിധ അതിരുകളും കൽപ്പിക്കാത്ത കാലത്താണ് നാം. പലരുടെയും നാവിന് ഒരു ലിമിറ്റുമില്ല. വായാടികളായി തരം താഴുകയാണ് പലരും. സമൂഹത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിൽ അതിന് വലിയ പങ്കുണ്ട്. അവിടെയാണ് തിരുദൂതരുടെ നല്ല വാക്ക് കൊണ്ടുള്ള കൽപനക്ക് പ്രസക്തിയേറുന്നത്. മറ്റൊരു ഹദീസിൽ കാണാം തിരുദൂതർ മൊഴിയുന്നു : "ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവോ, എങ്കിൽ നല്ലത് പറയുക, അല്ലെങ്കിൽ മൗനം പാലിക്കുക"(സ്വഹീഹുൽ ബുഖാരി, സ്വഹീഹ് മുസ്‌ലിം). അതെ, സംസാരത്തിന് അത്രയും പ്രാധാന്യമുണ്ട്.
അടിസ്ഥാനപരമായി കലിമത്തുൻ ത്വയ്യിബ (സത് വചനം) എന്നതിന്റെ കീഴിൽ ദിക്റുകൾ, സ്വലാത്തുകൾ, പ്രാർത്ഥനകൾ എന്നിവയാണ് വരുന്നത്. എന്നാൽ സാമൂഹിക വീക്ഷണത്തിലൂടെ നോക്കുമ്പോൾ സലാം പറയൽ, സലാം മടക്കൽ, യാചകനോട് നല്ല രീതിയിൽ മറുപടി പറയൽ, ജനങ്ങൾക്കിടയിൽ നല്ല രീതിയിൽ സംസാരിക്കൽ, വിശ്വാസിയെ നന്മ കാരണമായി പുകഴ്ത്തൽ, വിശ്വാസിക്ക് വേണ്ടി ഭരണാധികാരി സമീപം ശിപാർശ ചെയ്യൽ, സത്പാന്ഥാവിലേക്ക് വഴിനടക്കാൻ നിർദ്ദേശിക്കൽ തുടങ്ങി ഒരുപാട് രൂപങ്ങൾ കലിമത്തുൻ ത്വയ്യിബയുടെ പരിധിയിൽ വരുന്നതായി കാണാം. ഇവയെല്ലാം ധർമ്മമായാണ് പരിശുദ്ധ ഇസ്‌ലാം പരിഗണിക്കുന്നത്. കാരണം, ഇവയെല്ലാം അപരൻ്റെ സന്തോഷത്തിന് കാരണമാകുന്നു.
നാം നിസ്കാരത്തിലേക്ക് നടക്കുന്നു; അതെങ്ങനെ സാമൂഹിക ധർമ്മം ആകും?
നിസ്കാരത്തിലേക്കുള്ള പാതയിൽ വെക്കുന്ന ഓരോ കാൽവെപ്പുകളും ഓരോരോ ധർമ്മമാണെന്ന് തിരുദൂതർ പഠിപ്പിക്കുന്നു. ഈ വചനങ്ങളിലൂടെ ജമാഅത്ത് നിസ്കാരത്തിൽ പങ്കെടുക്കുന്നതിനെ തിരുദൂതർ പ്രോത്സാഹിപ്പിക്കുന്നത് കാണാം. കാരണം നിസ്കാരത്തിലേക്കുള്ള നടത്തം സാധ്യമാവണമെങ്കിൽ ജമാഅത്തിന് വേണ്ടി പള്ളിയിലേക്ക് നടക്കണം. ഇവിടെയാണ് ജമാഅത്ത് നിസ്കാരത്തിന്റെ സാമൂഹികമായ സ്വാധീനം മനസ്സിലാക്കിയെടുക്കേണ്ടത്. ദിനേന അഞ്ചുനേരം ഒരു ദേശക്കാർ ഒരു പള്ളിയിൽ ഒരുമിക്കുന്നു. തങ്ങളുടെ സ്രഷ്ടാവിനെ ആരാധിക്കുന്നു. പരസ്പരം സംസാരിക്കുന്നു. സ്നേഹം പങ്കിടുന്നു. ഇതിലൂടെ എത്ര വലിയ സാമൂഹിക വികസനമാണ് സാധ്യമാകുന്നത്!. ദേശക്കാരുടെ ഹൃദയങ്ങൾ തമ്മിലുള്ള ബന്ധത്തെ ഈയൊരു സംവിധാനം ഊട്ടിയുറപ്പിക്കുന്നു. ഇതിന് കാരണമാകുന്ന നടത്തം പോലും ധർമ്മമാണെന്ന് തിരുദൂതർ പഠിപ്പിക്കുന്നു.
വഴിയിലെ തടസ്സം നീക്കൂ..., പരലോകത്തിലെയും!
ഈ ഹദീസിൽ തിരുദൂതർ അവസാനം പരിചയപ്പെടുത്തിയ സാമൂഹിക ധർമ്മമാണ് വഴിയിലെ തടസ്സം നീക്കൽ. അത് കല്ല്, മുള്ള്, മ്ലേച്ഛമായ വസ്തുക്കൾ ഏതുമാകട്ടെ ധർമ്മമാണ്. മറ്റൊരു "ഹദീസിൽ കാണാം വിശ്വാസത്തിന് എഴുപതിലധികം ശാഖകളുണ്ട്. അതിൽ ഉന്നതിയിൽ ഉള്ളത് അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ല എന്ന് സാക്ഷ്യം വഹിക്കലും ഏറ്റവും താഴെത്തട്ടിൽ ഉള്ളത് വഴിയിലെ തടസ്സം നീക്കലുമാണ്." ഈ ഹദീസിൽ വിശ്വാസത്തിന്റെ ഭാഗമായാണ് ഇതിനെ എണ്ണിയിട്ടുള്ളത്. ഈ തിരുവചനം എല്ലാവരും പാലിക്കുകയെങ്കിൽ ഭൂമിയിലെ വഴികൾ മുഴുക്കെ വൃത്തിയുള്ളതായിരിക്കും.അത് വഴി മനുഷ്യർക്ക് മാത്രമല്ല മറ്റു ജീവജാലങ്ങൾക്കും ഇത് ഉപകാരപ്രദമാണ്.
മേൽ പരാമർശിച്ചവ മാത്രമല്ല സാമൂഹിക ധർമ്മങ്ങൾ. ഇനിയുമുണ്ട് ഒട്ടേറെ. ഹദീസുകളും ആസാറുകളും പരതി നോക്കൂ. ചുരുക്കത്തിൽ, ഇത്തരം സാമൂഹിക ധർമ്മങ്ങളെ ആത്മീയമായ, വലിയ പ്രതിഫലം ലഭിക്കുന്ന ആരാധനകളായിട്ടാണ് തിരുദൂതർ നമ്മെ പഠിപ്പിച്ചത്. ഇത്തരം സാമൂഹികധർമ്മങ്ങളും സ്രഷ്ടാവിനോടുള്ള നന്ദി കാണിക്കലാണെന്നും അവിടുന്ന് പഠിപ്പിക്കുന്നു. നോക്കൂ, തിരുനബി എത്ര നല്ല അധ്യാപകൻ !.