ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ ഇസ്‌ലാം സ്വീകരിച്ച പ്രമുഖ ജര്‍മന്‍ നയതന്ത്രജ്ഞനും ഗ്രന്ഥകാരനും പ്രഭാഷകനുമാണ് മുറാദ് വില്‍ഫ്രഡ് ഹോഫ്മാന്‍. അള്‍ജീരിയ, മൊറോക്കോ തുടങ്ങിയ രാഷ്ട്രങ്ങളിലെ അംബാസിഡറായും ജര്‍മന്‍ നയതന്ത്ര വക്താവായും പ്രവര്‍ത്തിച്ച അദ്ദേഹം ഇസ്‌ലാം ആശ്ലേഷിച്ച ശേഷം വിശുദ്ധ മതത്തിന്റെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഇസ്‌ലാമിന്റെ പാടിഞ്ഞാറന്‍ അംബാസിഡര്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. അള്‍ജീരിയക്കാരുടെ യുദ്ധാനന്തര വിമോചന സമരങ്ങളും ഇസ്‌ലാമിക കലയുമാണ് അദ്ദേഹത്തെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചത്. 1960കളില്‍ അള്‍ജീരിയയില്‍ നയതന്ത്ര പ്രതിനിധി ആയിരിക്കേ ഫ്രഞ്ച് അധിനിവേശ സേനയും അള്‍ജീരിയന്‍ നാഷനല്‍ പ്രവര്‍ത്തകരും തമ്മിലുള്ള രൂക്ഷമായ പോരാട്ടത്തിന് ഹോഫ്മാന്‍ സാക്ഷിയായി. ഫ്രഞ്ച് അധിനിവേശ സേനയുടെ കിരാത ആക്രമണങ്ങള്‍ക്ക് മുന്നില്‍ ദിവസേന അള്‍ജീരിയന്‍ ജനങ്ങള്‍ മരിച്ചുകൊണ്ടിരുന്നു. മുസ്‌ലിമാണ് എന്നതും സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്നു എന്നതും മാത്രമായിരുന്നു ജനങ്ങള്‍ കൊല്ലപ്പെടാനുള്ള കാരണം. എന്നിട്ടും മരണ ഭയമില്ലാതെ മുസ്‌ലിംകള്‍ സമരം തുടരുകയും മനോവീര്യം നഷ്ടപ്പെടാതെ സാധാരണ പോലെ അവര്‍ തങ്ങളുടെ ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോവുകയും ചെയ്തു. പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലും മുസ്‌ലിംകളെ ശാന്തമായ ജീവിതം നയിക്കാന്‍ പ്രേരിപ്പിക്കുന്ന ശക്തിവിശേഷം എന്താണ് എന്ന അന്വേഷണത്തിലാണ് അദ്ദേഹം ഇസ്‌ലാമിനെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തയാറാവുന്നത്. അതിനുപുറമേ അള്‍ജീരിയക്കാര്‍ക്ക് യൂറോപ്പിനോടും യൂറോപ്പുകാരോടും ശക്തമായ വിരോധമുണ്ടായിരുന്ന അക്കാലത്ത് യൂറോപ്പുകാരനായ തന്നോട് സ്‌നേഹത്തോടെയും സൗഹാര്‍ദത്തോടെയും ജനങ്ങള്‍ പെരുമാറിയത് അദ്ദേഹത്തെ അദ്ഭുതപ്പെടുത്തി. ഒരു ദിവസം അര്‍ധരാത്രിയില്‍ തന്റെ ഭാര്യക്ക് അസുഖംവന്ന് പ്രയാസത്തിലായപ്പോള്‍ തദ്ദേശീയനായ ചെറുപ്പക്കാരന്‍ ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കുകയും രക്തം നല്‍കാന്‍ തയാറാവുകയും ചെയ്തതിലൂടെ ഇസ്‌ലാമിനോടുള്ള അദ്ദേഹത്തിന്റെ മതിപ്പും അന്വേഷണത്വരയും വര്‍ധിച്ചു. ഇസ്‌ലാമികാശ്ലേഷനത്തിനുശേഷം മൊറോക്കോയില്‍ അംബാസിഡറായി സേവനമനുഷ്ഠിക്കവേ (1990-1994) മൊറോക്കോയിലെ മുസ്‌ലിംകളുടെ കൂടെ ജീവിച്ചത് മതസമൂഹത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സഹായകമായി. നിരന്തരമായ ഗവേഷണങ്ങള്‍ക്കുശേഷം ഇസ്‌ലാം സ്വീകരിച്ചതോടെ ജീവിതത്തില്‍ ദൈവം സൂക്ഷിച്ച് വെച്ച അമൂല്യമായ നിധി കണ്ടെത്താന്‍ അദ്ദേഹത്തിന് സാധിക്കുകയുണ്ടായി. വില്‍ഫ്രഡ് ഹോഫ്മാനെ ഇസ്‌ലാമിലേക്ക് നയിച്ച രണ്ടാമത്തെ ഘടകം, ഇസ്‌ലാമികകലയുടെ ആത്മീയ സൗന്ദര്യമാണ്. നേരത്തേതന്നെ കലാ തല്‍പരനായിരുന്നു ഹോഫ്മാന്‍. ഇസ്‌ലാമികകല താന്‍ പരിചയിച്ചതില്‍നിന്നു വ്യത്യസ്തമായ ഒരനുഭൂതിമണ്ഡലം അദ്ദേഹത്തിന്റെ മുന്‍പില്‍ തുറന്നിട്ടു. കലിഗ്രഫി, അറബസ്‌ക്, പരവതാനി, വാസ്തുവിദ്യ, നഗരരൂപകല്പന തുടങ്ങി ഇസ്‌ലാമികകലയുടെ മൂര്‍ത്താവിഷ്‌കാരങ്ങളത്രയും അമൂര്‍ത്തമായ ദൈവിക സൗന്ദര്യത്തിന്റെ പ്രപഞ്ചങ്ങളാണെന്ന് അദ്ദേഹം മനസിലാക്കി. എല്ലാ ആഭിജാത കീഴാള വേര്‍തിരിവുകളെയും അപ്രത്യക്ഷമാകുന്ന മസ്ജിദുകളുടെ തുറസും വിശാലതയും പ്രകാശപൂര്‍ണതയും ഹോഫ്മാന്റെ ചിന്തയെ സ്വാധീനിച്ചു. മുസ്‌ലിം ഹര്‍മ്യങ്ങളും ഉദ്യാനങ്ങളും വിദ്യാലയങ്ങളും നഗരങ്ങളും എല്ലാം അദ്ദേഹത്തിന്റെ ചിന്തക്ക് വിഷയമായി. സ്വര്‍ഗത്തെ ഓര്‍മപ്പെടുത്തുന്ന ഉദ്യാനങ്ങള്‍, കള്ളവും ചതിയും ഇല്ലാത്ത വിപണി, പാവങ്ങളോടുള്ള അനുകമ്പ, കുറ്റമറ്റ ജീവിതരീതി ഇവയെല്ലാം ഹോഫ്മാനെ ഇസ്‌ലാമിലേക്ക് അടുപ്പിക്കുകയായിരുന്നു. തനിക്ക് പാരമ്പര്യമായി ലഭിച്ച ക്രിസ്തുമതവുമായി താരതമ്യം ചെയ്തപ്പോള്‍ ഇസ്‌ലാം അന്യൂനമാണെന്ന് അദ്ദേഹത്തിനു ബോധ്യമായി. ഏത് മനുഷ്യനും ദൈവത്തോട് പ്രാര്‍ഥിക്കാം എന്ന ഖുര്‍ആന്‍ വെളിപ്പെടുത്തല്‍ ഹോഫ്മാനെ ഹഠാദാകര്‍ഷിച്ചു. അങ്ങനെ 1980ല്‍ ഇസ്‌ലാം സ്വീകരിച്ച ഹോഫ്മാന്‍, മുറാദ് എന്ന പേര് സ്വീകരിച്ചു. ജര്‍മന്‍ ഉന്നത ഉദ്യോഗസ്ഥ പദവിയിലിരിക്കേ ഇസ്‌ലാമാശ്ലേഷണം പ്രഖ്യാപിച്ച അദ്ദേഹത്തിന് നേരെ ക്രൂരമായ ആക്രമാണ് ജര്‍മന്‍ മീഡിയകള്‍ അഴിച്ചുവിട്ടത്. തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകളും നല്‍കിയിരുന്നു. തന്റെ പ്രിയപ്പെട്ട മാതാവിന് അദ്ദേഹം കത്തയച്ചപ്പോള്‍ ലഭിച്ച പ്രതികരണം ‘നീ അവിടെ അറബികളുടെകൂടെ തന്നെ ജീവിച്ചോ’ എന്നായിരുന്നു. എന്നാല്‍, വലതുപക്ഷപാശ്ചാത്യന്‍ മാധ്യമങ്ങളുടെ ആക്രമണങ്ങളില്‍ പതറുവാനോ പിന്മാറുവാനോ അദ്ദേഹം തയാറായില്ല. 1995ല്‍ ജോലി രാജിവച്ച് ഹോഫ്മാന്‍ മുഴുസമയ ഇസ്‌ലാമിക പ്രബോധകനായി മാറി. പാശ്ചാത്യര്‍ക്കിടയില്‍ ഇസ്‌ലാമിനെക്കുറിച്ചുണ്ടായിരുന്ന തെറ്റിദ്ധാരണകള്‍ നീക്കുന്നതിലായിരുന്നു ഹോഫ്മാന്റെ ശ്രദ്ധ. പടിഞ്ഞാറിനും ഇസ്‌ലാമിനും ഇടയിലെ അംബാസഡറായി അദ്ദേഹം സ്വയം കരുതിയിരുന്നു. പടിഞ്ഞാറിന് ഇസ്‌ലാമിനെയും മുസ്‌ലിംകള്‍ക്ക് പടിഞ്ഞാറിനെയും പരിചയപ്പെടുത്തുക തന്റെ ചുമതലയാണെന്ന് അദ്ദേഹം കരുതി. മുറാദ് ഹോഫ്മാന്‍ പടിഞ്ഞാറിനെ എത്രമാത്രം വിമര്‍ശിച്ചിരുന്നുവോ അത്ര തന്നെ പടിഞ്ഞാറിനെ വിലമതിക്കുകയും ചെയ്തിട്ടുണ്ട്. പാശ്ചാത്യന്‍ നാടുകളിലെ ഇസ്‌ലാമിക ജീവിതം എങ്ങനെയായിരിക്കണമെന്ന് മുസ്‌ലിംകളോട് ഉപദേശിക്കുകയും പാശ്ചാത്യരുടെ ഭാവിയിലേക്ക് സംഭാവന ചെയ്യാന്‍ മുസ്‌ലിംകള്‍ക്ക് സാധിക്കണമെന്ന് ഓര്‍മപ്പെടുത്തുകയും ചെയ്തു. ഭയങ്കര തെറ്റും അതിശയകരമാംവിധം ശരിയും ചേര്‍ന്ന ഒരു മിശ്രിത ബാഗാണ് പടിഞ്ഞാറ് എന്നാണ് ഹോഫ്മാന്‍ പറഞ്ഞത്. അതിനാല്‍, മുസ്‌ലിംകള്‍ പടിഞ്ഞാറിനെ ഒരു ബദലായി കണക്കാക്കരുത്, സ്വീകരിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യരുത്. നിരസിക്കുകയോ പകര്‍ത്തുകയോ ചെയ്യുന്നത് എളുപ്പമാണ്, പക്ഷേ തിരഞ്ഞെടുക്കല്‍ പ്രയാസമാണ്. മുസ്‌ലിംകള്‍ക്ക് ആ സങ്കീര്‍ണ പ്രക്രിയയാണ് ചെയ്യാനുള്ളത്. കാറോ മൊബൈല്‍ഫോണോ പോലുള്ള നിരുപദ്രവകരമായ ഉപകരണങ്ങള്‍ അപ്രതീക്ഷിതമായ പ്രത്യയശാസ്ത്രപരമോ സാമൂഹ്യശാസ്ത്രപരമോ ആയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നതാണ് ശരിയായ തിരഞ്ഞെടുപ്പ് നടത്താനുള്ള ഒരു ബുദ്ധിമുട്ടായി ഹോഫ്മാന്‍ ചൂണ്ടിക്കാണിക്കുന്നത്. അതിനാല്‍, പാശ്ചാത്യ സാങ്കേതികവിദ്യയുമായുള്ള മുസ്‌ലിംകളുടെ സമീപനം വളരെ സൂക്ഷ്മതയോടെയും പ്രത്യയശാസ്ത്രപരമോ സാമൂഹ്യശാസ്ത്രപരമോ ആയ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ബോധ്യത്തോടെയായിരിക്കണമെന്നും ഹോഫ്മാന്‍ പറയുന്നുണ്ട്. പാശ്ചാത്യ സാങ്കേതികവിദ്യ ഒരു പ്രത്യേക നാഗരികതയില്‍നിന്ന് അതിന്റെ നിരുപാധികവും ധാര്‍മികവുമായ അനുമാനങ്ങളുമായി വളര്‍ന്നതായത് കൊണ്ടാണ് ഹോഫ്മാന്‍ ഇങ്ങനെ നിരീക്ഷിക്കുന്നത്. പടിഞ്ഞാറന്‍ മുസ്‌ലിംകളെന്ന നിലയില്‍, അവരുടെ അടിസ്ഥാന കടമകള്‍ നിറവേറ്റാന്‍ അനുവദിക്കുന്നിടത്തോളം കാലം പ്രാദേശിക നിയമം അനുസരിക്കാന്‍ മുസ്‌ലിംകള്‍ക്ക് അനുവാദമുണ്ട് എന്ന് ഹോഫ്മാന്‍ പറയുന്നു. ദാറുല്‍ ഇസ്‌ലാമിന് പുറത്ത് ജീവിക്കേണ്ടിവന്നപ്പോള്‍ മുസ്‌ലിംകള്‍ എല്ലായ്‌പ്പോഴും അങ്ങനെ പ്രവര്‍ത്തിച്ചിരുന്നതായും അദ്ദേഹം പറയുന്നുണ്ട്. ഇത് ഇസ്‌ലാമിന്റെ വിദേശനയത്തിന്റെ ഭാഗമായാണ് അദ്ദേഹം കാണുന്നത്. ഇന്ന്, പടിഞ്ഞാറന്‍ മുസ്‌ലിംകള്‍ ഇസ്‌ലാമിന്റെ ജനാധിപത്യ പൈതൃകം വീണ്ടും കണ്ടെത്താനും പുനരുജ്ജീവിപ്പിക്കാനും തയാറായാല്‍ അതിലൂടെ ഒരു വലിയ സേവനം ചെയ്യാന്‍ മുസ്‌ലിംകള്‍ക്ക് കഴിയും. ഇസ്‌ലാമിലെ ജനാധിപത്യ സംവിധാനത്തെ പരിചയപ്പെടുത്താന്‍ ഖലീഫമാരെ തിരഞ്ഞെടുക്കപ്പെട്ട രീതിയെ പരാമര്‍ശിക്കുന്നുണ്ട് ഹോഫ്മാന്‍. അബൂബക്കറിന്റെ (റ) കാര്യത്തില്‍, ആദ്യത്തെ ഖലീഫ അന്‍സാറില്‍ നിന്നാണോ അതോ മുഹാജിറില്‍ നിന്നായിരിക്കണമോ, അത് അബൂബക്കറോ, ഉമറോ ആയിരിക്കണമോ എന്നതിനെക്കുറിച്ച് ഒരു തുറന്ന ചര്‍ച്ച നടന്നിരുന്നു. ലോകത്തെവിടെയും ഭരണാധികാരികള്‍ ഇത്രയും നേരത്തേ ജനാധിപത്യപരമായി നിര്‍ണയിക്കപ്പെട്ടിരുന്നില്ല. അതിനാല്‍ മുസ്‌ലിംകള്‍ പാശ്ചാത്യ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുക മാത്രമല്ല, ഇസ്‌ലാമിക പൈതൃകത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ സ്വീകരിക്കുകകൂടി വേണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാമടക്കമുള്ള പ്രത്യയശാസ്ത്രങ്ങള്‍ അപ്രത്യക്ഷമാവുകയും പകരം ഉപഭോഗ സംസ്‌കാരവും ലിബറലിസവും ആധിപത്യം നേടുകയും ചെയ്യുമെന്ന ചില ചിന്തകരുടെ വിലയിരുത്തലിനെ ഹോഫ്മാന്‍ നിഷേധിക്കുന്നുണ്ട്. വരും നൂറ്റാണ്ടില്‍ ഭൗതികവാദം കൂടുതല്‍ കരുത്താര്‍ജിക്കുകയില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറയുന്നു. ഭൗതികവാദത്തിന്റെ കാലം അവസാനിച്ചിരിക്കുകയാണ്. ഇരുപതാം നൂറ്റാണ്ടായിരുന്നു ഭൗതികവാദത്തിന്റേതായി മുദ്രകുത്തപ്പെട്ടിരുന്നത്. കഴിഞ്ഞ ഒരു നൂറുവര്‍ഷം മുമ്പുള്ളതിനേക്കാള്‍ കൂടുതലായി ജനങ്ങളിന്ന് ആത്മീയതയുടെ ശക്തി തിരിച്ചറിഞ്ഞിരിക്കുകയാണ്. അഥവാ, കേവല ഭൗതിക ജീവിതരീതി അവര്‍ക്കു മടുത്തിരിക്കുന്നു. ആധുനിക മനുഷ്യന്‍, ദൈവവും ആത്മാവുമില്ലാതെ ലോകത്തിന് നിലനില്‍പില്ലെന്നും ജീവിതത്തിന് അര്‍ഥമില്ലെന്നും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഭൗതിക ശാസ്ത്രങ്ങളിലും ആധുനിക ഫിലോസഫിയിലും പ്രസിദ്ധരായ വ്യക്തിത്വങ്ങളെക്കുറിച്ച് തന്നെ ചിന്തിച്ചു നോക്കൂ. അവരൊക്കെ മത വിശ്വാസികളായിരുന്നുവെന്ന് നമുക്ക് കാണാന്‍ കഴിയും. മുമ്പ് ഒരു സന്ദേഹവാദിയോ നിരീശ്വരവാദിയോ മറ്റോ ആവുക ഒരു ഫാഷനായിരുന്നു. എന്നാലിന്ന് സ്ഥിതിമാറി. ആധുനിക ശാസ്ത്രജ്ഞര്‍ അതു ഫാഷനായി കാണുന്നില്ല. ഭൗതികതയെയും ആത്മീയതയെയും തീര്‍ത്തും സന്തുലിതമായി സമീപിക്കാന്‍ ഇസ്‌ലാമിന് സാധിച്ചുവെന്ന് ഡോ. ഹോഫ്മാന്‍ ചൂണ്ടിക്കാണിക്കുന്നു. ഇഹലോകത്തെ പ്രവര്‍ത്തനങ്ങളുടെ ഫലം മാത്രമാണ് പരലോകമെന്നതിനാല്‍ തന്നെ ഐഹികലോകത്തെ ഗൗരവത്തോടെ സമീപിക്കേണ്ടിയിരിക്കുന്നുവെന്ന് ഹോഫ്മാന്‍ പറയുന്നു. പരലോകനേട്ടത്തിന് വേണ്ടി മാത്രമല്ല, ഇഹലോക നേട്ടങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ഥിക്കണമെന്ന് വിശുദ്ധ ഖുര്‍ആന്‍ വിശ്വാസിയെ പഠിപ്പിക്കുന്നത് ഈയര്‍ഥത്തിലാണ്. ‘നാഥാ, ഞങ്ങള്‍ക്ക് ഈ ലോകത്ത് ഉത്തമമായത് നല്‍കുകയും, പരലോകത്തും ഉത്തമമായത് തന്നെ നല്‍കുകയും ചെയ്യേണമേ’ എന്നാണ് ആ പ്രാര്‍ഥന. വളരെ ശോഭനമായൊരു വൈജ്ഞാനിക പാരമ്പര്യമുള്ളവരായിരുന്നു മുസ്‌ലിംകള്‍. എന്നാല്‍ പുതിയ ലോകത്ത് ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യാരംഗത്തു മുസ്‌ലിംകള്‍ പൂര്‍ണമായും പിന്തള്ളപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇതിനൊരു പരിഹാരമായി ‘വിജ്ഞാനീയങ്ങളുടെ ഇസ്‌ലാമികവത്കരണം’ എന്നാശയം മുന്നോട്ട് വെക്കുന്നുണ്ട് മുറാദ് ഹോഫ്മാന്‍. അതിനദ്ദേഹം നാസിസ്റ്റ് കാലത്തെ വിദ്യാഭ്യാസ മേഖല പൂര്‍ണമായും ജര്‍മന്‍വത്കരിക്കാന്‍ ശ്രമിച്ച രീതിയെ ഉദാഹരിക്കുന്നുണ്ട്. ശാസ്ത്രത്തിലും മറ്റു വിജ്ഞാന ശാഖകളിലുമുള്ള ജൂത സ്വാധീനം എടുത്തുമാറ്റിയായിരുന്നു ജര്‍മന്‍വല്‍ത്കരണം സാധ്യമാക്കിയത്. ഞങ്ങള്‍ക്കന്ന് ലാറ്റിന്‍ ലിപിയില്‍ എഴുതാന്‍ പോലും പാടില്ലായിരുന്നു. എന്റെ പിതാവ് ഒരു ഗണിതശാസ്ത്ര പണ്ഡിതനും ഫിസിക്‌സ് പ്രൊഫസറുമായിരുന്നു. ഇതേകുറിച്ച് അദ്ദേഹം പറഞ്ഞിരുന്നത് ജൂത ശാസ്ത്രമെന്നൊരു ശാസ്ത്രമോ ജൂതഗണിതമെന്നൊരു ഗണിതമോ ഇല്ലെന്നായിരുന്നു. അധ്യാപകന്‍ ഒരു ജൂതനാകുമ്പോള്‍ അധ്യാപനം ഒരു പക്ഷേ ജൂതരീതിയിലായേക്കാം. എന്നാല്‍, ആ വിഷയം അല്ലെങ്കില്‍ ആ ശാസ്ത്രം ജൂതമാവുന്നില്ല. ഈ അര്‍ഥത്തില്‍, അധ്യാപകന്‍ ഒരു മുസ്‌ലിമാവുമ്പോള്‍ ശാസ്ത്രം ഇസ്‌ലാമികമാവുന്നു. അപ്പോള്&a
