ആത്മനിയന്ത്രണത്തിന്റെ തീവ്രമായ പരിശീലനമാണ് റമളാൻ. ശരീരേച്ഛകളോട് വിസമ്മതം പ്രഖ്യാപിച്ച് സ്രഷ്ടാവിന്റെ  കല്പനകളനുസരിക്കുന്ന വിശ്വാസിക്ക് നോമ്പുകാലം അനുഗ്രഹമാണ്.

 


സ്രഷ്ടാവിന്റെ ഔദാര്യങ്ങള്‍ സ്വരൂപിച്ച് ആത്മവിശുദ്ധി നുകരാന്‍ ഒരു റമളാന്‍ കൂടി. അന്നപാനീയങ്ങള്‍ വെടിഞ്ഞ് കുറേ പകലുകള്‍ ഖുര്‍ആനിന്റെ മാസ്മരിക പ്രഭാവലയത്തില്‍ നാക്കും ഹൃദയവും ചാലിച്ചെടുക്കാന്‍ അനവധി രാപകലുകള്‍. പാപമോചനത്തിനും ഔന്നിത്യലബ്ധിക്കും നാഥന്‍ കനിഞ്ഞൊരുക്കിയ മാസം. ആയിരം മാസത്തെ ആരാധനയുടെ സൗഭാഗ്യം ഒരു രാത്രയില്‍ മേളിച്ച് പ്രവാചകാനുയായികള്‍ക്ക് അല്ലാഹു നല്‍കുന്ന സൗഭാഗ്യ ഹര്‍ഷം. നന്മയാഗ്രഹിക്കുന്നവര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍ കവിഞ്ഞ് മറ്റെന്തുണ്ട്. ഇനിയും നീണ്ട് പോവുന്നു ഈ പട്ടിക… അനുഗ്രഹ പേമാരി വര്‍ഷവുമായി.

    മുത്തുനബിയുടെ മുത്തുവാക്കുകള്‍ ഉണര്‍ത്തുന്ന റമളാന്‍ ചിന്തകള്‍ വര്‍ണനാതീതമാണ്. മുത്ത് നബി പറഞ്ഞു: റമളാനില്‍ വ്രതമനുഷ്ടിക്കുകയും അതിന്റെ നിയമങ്ങള്‍ അറിഞ്ഞ് ഉള്‍ക്കൊള്ളുകയും അതിന്റെ വിഷയത്തില്‍ വേണ്ടതുപോലെ ശ്രദ്ധചെലുത്തുകയും ചെയ്ത വ്യക്തിക്ക് മുന്‍കാല ദോഷങ്ങളത്രയും പൊറുത്തുകൊടുക്കുന്നതാണ്.

    പാപപങ്കിലമായ മനുഷ്യാവയവങ്ങള്‍ നന്മയുടെ വെണ്‍മയില്‍ മുക്കിയെടുക്കാന്‍ റമളാന്‍ ഒരു സുവര്‍ണാവസരമാണ്. അനുയോജ്യമല്ലാത്തവ വര്‍ജിക്കണമെന്നു കൂടിയാണ് പ്രവാചക വചനം ദ്യോതിപ്പിക്കുന്നത്. അശ്രദ്ധയുടെയും ആക്രമ മനോഭാവത്തിന്റെയും പരിസരത്ത് നിന്ന് വിദൂരമാവലോടൊപ്പം പരദൂഷണവും പാപ്പരത്തവും വെടിയുക കൂടിയാണ് വ്രതം കൊണ്ടര്‍ത്ഥമാക്കുന്നത്. ഇത്തരമൊരവസരം ദുര്‍വിനിയോഗം നടത്തുന്നവര്‍ പരാജിതരും വങ്കന്മാരുമാണെന്ന് മുത്തു നബി പറഞ്ഞിട്ടുണ്ട്.

    ഭക്ഷണം, പാനീയം, വികാരം എന്നിവ വര്‍ജിക്കുന്നവര്‍ വിചാരണ നാളില്‍ ഉല്ലാസവാന്മാരായിരിക്കുമെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. ദാഹശമനത്തിന് കൊതിക്കുന്ന വറുതിയുടെ ലോകത്ത് പാനം ചെയ്യുന്നവനത്രെ ലോകനാഥന്‍. മുന്‍ഗാമികളില്‍ നിന്നും ഉദ്ദരിക്കപ്പെടുന്നു: വിചാര നാളില്‍ ജനങ്ങള്‍ മുഴുകെയും പ്രയാസപ്പെടുമ്പോള്‍ നോമ്പുകാര്‍ക്ക് മാത്രമായി ഒരു പ്രത്യേക തളികയില്‍ രുചിയൂറുന്ന ഭക്ഷണം നല്‍കപ്പെടുന്നു. അപ്പോള്‍ ജനത ചോദിക്കും: നാഥാ അവര്‍ ഭുജിക്കുകയും ഞങ്ങള്‍ ചോദ്യം ചെയ്യപ്പെടുകയുമാണോ? അല്ലാഹു പ്രതിവചിക്കുന്നു: നിങ്ങള്‍ ഭക്ഷണം കഴിച്ചിരുന്ന നാളില്‍ അവര്‍ നോമ്പെടുത്തവരും നിങ്ങള്‍ നിദ്രയിലാണ്ടപ്പോഴും എനിക്കുമുന്നില്‍ തലകുനിച്ചവരുമാണവര്‍.

    അടിമക്കും ഉടമക്കുമിടയിലുള്ള ഒരു രഹസ്യ ആരാധനാ കര്‍മ മാണ് വ്രതം. ആയതിനാല്‍ തമസ്സിന്റെ വാഹകര്‍ക്ക് ഇതുള്‍കൊണ്ട് ജിവിക്കാനാവില്ല. ഖുദ്‌സിയ്യായ ഒരു ഹദീസില്‍ അല്ലാഹു പറയുന്നു: ആദം സന്തതികളെ മുഴുവന്‍ കര്‍മവും അവരുടേതും നോമ്പ് എന്റേതുമാണ്. മനുഷ്യന്റെ പാപങ്ങള്‍ക്ക് അവന്റെ സല്‍കര്‍മങ്ങള്‍ മുഴുവനായും പകരം വെച്ചാലും നോമ്പ് ശേഷിക്കുകയും സ്വര്‍ഗപ്രവേശനത്തിന് അത്‌ ഹേതുവാകുകയും ചെയ്യുമെന്നത് ഇതിനു പിന്നിലെ വ്യാപകാര്‍ത്ഥങ്ങളാണ്.

Questions / Comments:



14 March, 2024   03:37 am

Aslam

S