ദിവസങ്ങളുടെ നേതാവാണ് വെള്ളിയാഴ്ച. പ്രാർത്ഥനക്ക് അത്യുത്തമായ നേരങ്ങളാണ് വെള്ളിയുടെ രാവും പകലും. സ്രഷ്ടാവൊരുക്കുന്ന സുകൃതങ്ങളെ നേടിയെടുക്കാനാണ് സൃഷ്ടികളായ നാം ശ്രമിക്കേണ്ടത്.


        പ്രാർത്ഥന സത്യവിശ്വാസിയുടെ ആയുധമാണ്. വിധിയെ പോലും തടയാനാവും വിധം പ്രാർത്ഥനക്ക് ശക്തിയുണ്ട്. എന്നാൽ നാം അധികപേരും അതിൽ ശ്രദ്ധാലുക്കളാകുന്നില്ല എന്നതാണ് വാസ്തവം. സൽമാനുൽ ഫാരിസി (റ) പറയുന്നു: അല്ലാഹുവിന്റെ തിരുദൂതർ പറഞ്ഞു "വിധിയെ പ്രാർത്ഥന അല്ലാതെ തടയില്ല, ആയുസിനെ നന്മ മാത്രമേ വർദ്ധിപ്പിക്കൂ"(തുർമുദി). ഈ ഹദീസിൽ നിന്ന് തന്നെ പ്രാർത്ഥനയുടെ പ്രാധാന്യം ഒരു സത്യവിശ്വാസിക്ക് ഗ്രഹിക്കാനാവും. പ്രാർത്ഥന കേവലം നമ്മുടെ ആവശ്യങ്ങൾ ചോദിക്കൽ മാത്രമാണെന്നാണ് പലരുടെയും ധാരണ. എന്നാൽ, നിസ്കാരം, നോമ്പ്, സകാത്ത് പോലെത്തന്നെ ഒരു ആരാധന കൂടിയാണത്. നുഅ്മാൻ ബിൻ ബഷീർ(റ) വിൽ നിന്നും നിവേദനം, അല്ലാഹുവിൻറെ തിരുദൂതർ പറഞ്ഞു: "പ്രാർത്ഥന അത് ആരാധനയാണ്"(തുർമുദി). നോക്കൂ..നമ്മെ പടച്ച സൃഷ്ടാവിനോട് നമ്മുടെ ആവശ്യങ്ങൾ ചോദിക്കുന്നത് പോലും ആരാധനയാണ്. അത്രമേൽ ലളിതവും മനോഹരവുമാണ് ഇസ്‌ലാം.

         പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കൽ പ്രധാനപ്പെട്ട കാര്യമാണ്. അതിനു ചില നിബന്ധനകളുമുണ്ട്. അതൊക്കെ പൂർത്തീകരിച്ചാൽ തന്നെ ഉത്തരം കിട്ടുന്നതിന് തന്നെ പല രൂപങ്ങളുണ്ട്. എന്നാൽ ഒരുപാട് പരിശുദ്ധമായ സമയങ്ങളിൽ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുമെന്ന് വിശദീകരിക്കുന്ന നിരവധി ഹദീസുകൾ ഉണ്ട്. അതിൽ പലതും വിശ്വാസികൾക്ക് സുപരിചിതമായ സമയങ്ങളുമാണ്. അങ്ങനെയുള്ള സമയങ്ങളിൽ പെട്ടതാണ് വെള്ളിയാഴ്ച ദിവസത്തിലെ പ്രാർത്ഥനാസമയങ്ങൾ.

വെള്ളിയാഴ്ചയിലെ ആ സമയം

         വെള്ളിയാഴ്ച ദിവസം ഒരു പ്രത്യേക സമയമുണ്ടെന്നും ആ സമയത്ത് പ്രാർത്ഥനയ്ക്ക് ഉറപ്പായും ഉത്തരം ലഭിക്കുമെന്നും ഹദീസിൽ വന്നിട്ടുണ്ട്. അബൂഹുറൈറ(റ) വിൽ നിന്നും നിവേദനം, അല്ലാഹുവിൻറെ തിരുദൂതർ പറഞ്ഞു: "നിശ്ചയമായും വെള്ളിയാഴ്ച ദിവസം ഒരു സമയമുണ്ട് ആ സമയത്തോട് ഒരു മുസ്‌ലിമായ അടിമയും നന്മയെ ചോദിക്കുന്നവനായി യോജിച്ച് വരികയില്ല, അല്ലാഹു അവന് അത് നൽകിയിട്ടില്ലാതെ"(ബുഖാരി, മുസ്‌ലിം). ആ സമയത്തിന് വളരെ കുറച്ച് ദൈർഘ്യം മാത്രമേ ഉള്ളൂ എന്നുകൂടി ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം. ഇത് മാത്രമല്ല, വെള്ളിയാഴ്ചയിലെ ആ വിശുദ്ധ സമയത്തെക്കുറിച്ചുള്ള ഹദീസുകൾ ഇനിയുമുണ്ട്. എന്തായാലും വെള്ളിയാഴ്ചയിൽ ഇങ്ങനെ ഒരു സമയമുണ്ട് എന്നത് മേലുദ്ധരിച്ച ഹദീസുകളിൽ നിന്ന് സുവ്യക്തമാണ്.

          എന്നാൽ ആ സമയം ഏതാണ്, എപ്പോഴാണ് എന്നതിൽ പല അഭിപ്രായങ്ങൾ കാണാം. ജുമുഅക്ക് ഇമാം മിമ്പറിന്മേൽ ഇരുന്നത് മുതൽ നിസ്കാരം കഴിയുന്നതുവരെയുള്ള സമയമാണ് എന്ന ഒരു അഭിപ്രായമുണ്ട്. അതിനെ സാധൂകരിക്കുന്ന ഹദീസുകളും ഉണ്ട്. അബൂ ബുർദ(റ) അവിടുത്തെ പിതാവായ അബു മൂസൽ അശ്അരി(റ) വിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു, അല്ലാഹുവിന്റെ തിരുദൂതർ വെള്ളിയാഴ്ചയിലെ ആ സമയത്തിന്റെ വിഷയത്തിൽ പറയുന്നതായി ഞാൻ കേട്ടു "അത് ഇമാം ഇരുന്നതിന്റെയും നിസ്കാരം സലാം വീട്ടുന്നതിന്റെയും ഇടയിലാണ്" (മുസ്‌ലിം).

വെള്ളിയാഴ്ചയിലെ അവസാന സമയം

         വെള്ളിയാഴ്ചയിലെ ആ സമയം പകലിലെ അവസാന സമയമാണെന്നും നിരവധി ഹദീസുകളിൽ കാണാൻ സാധിക്കും. അനസ്(റ) വിൽ നിന്ന് നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ കാണാം, അല്ലാഹുവിന്റെ തിരുദൂതർ പറഞ്ഞു: "വെള്ളിയാഴ്ചയിലെ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുന്ന സമയത്തെ നിങ്ങൾ അസറിന്റെയും സൂര്യാസ്തമയത്തിന്റെയും ഇടയിൽ അന്വേഷിച്ചോളൂ"(തുർമുദി). അബൂ ഹുറൈറ(റ) വിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു വലിയ ഹദീസിന്റെ അല്പഭാഗം ഇങ്ങനെയാണ്: പിന്നെ അബ്ദുല്ലാഹിബ്നു സലാം(റ) പറഞ്ഞു: "ആ സമയം ഏതാണ് എന്ന് എനിക്കറിയാം". അബൂഹുറൈറ പറഞ്ഞു: ഞാൻ പറഞ്ഞു: "ആ സമയത്തെ എനിക്ക് അറിയിച്ചു തരൂ, നിങ്ങൾ അതിൽ പിശുക്ക് കാണിക്കരുത്" അപ്പോൾ അബ്ദുള്ളാഹിബ്നു സലാം പറഞ്ഞു: "അത് വെള്ളിയാഴ്ചയിലെ അവസാന സമയമാണ് " അബൂഹുറൈറ പറഞ്ഞു: ഞാൻ ചോദിച്ചു: അത് എങ്ങനെ വെള്ളിയാഴ്ചയിലെ അവസാന സമയമാകും ? അല്ലാഹുവിൻറെ തിരുദൂതർ പറഞ്ഞിട്ടുണ്ട്, "ആ സമയത്ത് ഒരു മുസ്‌ലിമായ അടിമ നിസ്കരിക്കുന്നവൻ ആയി യോജിച്ചു വരികയില്ല" (അവൻ ചോദിച്ചതെല്ലാം നൽകിയിട്ടില്ലാതെ) അപ്പോൾ അബ്ദുല്ലാഹിബ്നു സലാം (റ) പറഞ്ഞു: "അല്ലാഹുവിൻറെ തിരുദൂതർ ഇങ്ങനെ പറഞ്ഞിട്ടില്ലേ, ആരെങ്കിലും നിസ്കാരം പ്രതീക്ഷിച്ചു ഒരു സദസ്സിൽ ഇരുന്നാൽ അവൻ നിസ്കരിക്കുന്നത് വരെ നിസ്കാരത്തിലായ പോലെയാണ് " അബൂഹുറൈറ പറഞ്ഞു: ഞാൻ പറഞ്ഞു: "അതെ" അപ്പോൾ അബ്ദുല്ലാഹിബ്നു സലാം (റ) പറഞ്ഞു: "ആ നിസ്കാരം അതാണ് "(അബൂ ദാവൂദ്, തുർമുദി).

          സത്യവിശ്വാസികൾക്ക് സൃഷ്ടാവായ അല്ലാഹു നൽകിയ വലിയ ഒരു അവസരമാണ് വെള്ളിയാഴ്ചയും വെള്ളിയാഴ്ചയിലെ ഈ പറയപ്പെട്ട സമയങ്ങളും. അതിനാൽ ഇത് കൃത്യമായി തന്നെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഉപയോഗപ്പെടുത്തുന്നവർക്ക് അതിൻ്റെ ഗുണം ലഭിക്കുകയും ചെയ്യും. ഇത്രയും വലിയ സുവർണ്ണാവസരം ലഭിച്ചിട്ടും പ്രയോജനപ്പെടുത്താൻ കഴിയാതെ പോകുന്നത് വലിയ പരാജയം തന്നെയാണ്.

ഇത്രയും സമയങ്ങൾ....!

           ഈ രണ്ട് സമയങ്ങൾ മാത്രമല്ല വെള്ളിയാഴ്ച ദിവസം വേറെയും സമയങ്ങളിൽ പ്രാർത്ഥനയ്ക്ക് ഉത്തരം കിട്ടുമെന്ന് നിരവധി പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നുണ്ട്. ആ സമയം ഫജ്ർ വെളിവായത് മുതൽ സൂര്യൻ ഉദിക്കുന്നത് വരെയാണ് എന്ന അഭിപ്രായവുമുണ്ട്. സൂര്യൻ ഉദിച്ച ശേഷം എന്നാണ് മറ്റൊരഭിപ്രായം. മഹാനായ ഹുജ്ജത്തുൽ ഇസ്‌ലാം ഇമാം ഗസ്സാലി(റ) അവിടുത്തെ വിഖ്യാത ഗ്രന്ഥമായ ഇഹിയ ഉലൂമിദ്ധീനിൽ റിപ്പോർട്ട് ചെയ്ത സമയം സൂര്യോദയ സമയമാണ്. മറ്റൊരു അഭിപ്രായത്തിൽ സൂര്യൻ മഞ്ഞനിറം ആയതു മുതൽ മറയുന്നത് വരെയുള്ള സമയമാണ്. 

         പ്രസിദ്ധ ഹദീസ് ഗ്രന്ഥമായ മിശ്കാത്തുൽ മസ്വാബീഹിന്റെ വ്യാഖ്യാന ഗ്രന്ഥമായ മിർഖാത്തുൽ മഫാതീഹിൽ പറയുന്നു "വെള്ളിയാഴ്ച ദിവസം പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന ഒന്നിലേറെ സമയം ഉണ്ടാകാം. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും ശ്രേഷ്ഠമായതുമായ സമയം, ലൈലത്തുൽ ഖദ്റിന്റെ വിഷയത്തിൽ പറയപ്പെട്ട പോലെ അവ്യക്തമോ അല്ലെങ്കിൽ ഓരോ ദിനങ്ങളിലും മാറുന്നതോ ആയിരിക്കാം.

എന്തുകൊണ്ട് മറച്ചുവച്ചു ?

           ഇത്രയും ശ്രേഷ്ഠതയും പ്രാധാന്യവുമുള്ളതായിട്ടും വെള്ളിയാഴ്ചയിലെ ആ സമയം കൃത്യമായി ഏതാണെന്ന് അവ്യക്തമാണ്. ആ സമയത്തോട് യോജിച്ചു വരുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് വെള്ളിയാഴ്ച മുഴുവനും ആരാധനയിൽ മുഴുകലാണ് അത് മറച്ചു വെച്ചതിന്റെ പിന്നിലെ യുക്തി. അതിനാലാണ് പരിശുദ്ധ ലൈലത്തുൽ ഖദ്റിന്റെ രാത്രി ഏതാണെന്ന് വ്യക്തമാക്കാത്തത് പോലെ ഈ സമയവും ഏതാണെന്ന് വ്യക്തമാക്കാതെ പോയത്. അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ ജനങ്ങളെല്ലാം ആ സമയത്ത് മാത്രം ആരാധനയിൽ മുഴുകി ബാക്കി സമയങ്ങളിൽ അശ്രദ്ധരായി നടക്കുമായിരുന്നു.

ഉപയോഗപ്പെടുത്താം വെള്ളിയാഴ്ചയെ

           ഇതുവരെ പറഞ്ഞത് വെള്ളിയാഴ്ചയും പ്രാർത്ഥനയുമായി ബന്ധപ്പെട്ട ശ്രേഷ്ഠതകളാണ്. ഇതൊന്നുമല്ലാത്ത ഒരുപാട് ശ്രേഷ്ഠതകൾ വെള്ളിയാഴ്ചക്കുണ്ട്. അത് വ്യക്തമാക്കുന്ന ഒരുപാട് ഹദീസുകളും കാണാം. അനസ്(റ) വിൽ നിന്നും നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസിന്റെ ഭാഗം ഇങ്ങനെയാണ്, അല്ലാഹുവിൻ്റെ തിരുദൂതർ ഇങ്ങനെ പറയുന്നവരായിരുന്നു: "വെള്ളിയാഴ്ച രാവ് പ്രകാശപൂരിതമായ രാവും വെള്ളിയാഴ്ച പകൽ വെളുത്ത പകലുമാണ്"(ദഅ് വാത്തുൽ കബീർ, ഇമാം ബൈഹഖി). ഇത് മാത്രമല്ല വെള്ളിയാഴ്ചക്ക് ഇത്രയേറെ ശ്രേഷ്ഠതകൾ വരാനുള്ള കാരണങ്ങളും സംഭവവികാസങ്ങളും ഹദീസുകളിൽ എണ്ണിയെണ്ണി പറയുന്നുണ്ട്. അവകളിലും വിശാലമായ വിശദീകരണങ്ങൾ ആവശ്യമാണ്.

          അന്ത്യനാൾ ഒരു വെള്ളിയാഴ്ച ആയിരിക്കും സംഭവിക്കുക എന്ന് പ്രവാചകൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. അതിനാൽ തന്നെ പ്രപഞ്ചത്തിലെ മനുഷ്യരും ജിന്നുകളും ഒഴികെ മറ്റെല്ലാ ജീവജാലങ്ങളും വസ്തുക്കളുമെല്ലാം ഓരോ വെള്ളിയാഴ്ച ആവുമ്പോഴും അന്ത്യനാൾ പ്രതീക്ഷിച്ചു ഭയചകിതരായിരിക്കും. പക്ഷേ, മനുഷ്യരും ജിന്നുകളും അശ്രദ്ധരായിരിക്കും. അവർ ഭൗതിക സുഖങ്ങളിൽ മതി മറന്നു കൊണ്ടിരിക്കുകയായിരിക്കും. മറ്റു ജീവജാലങ്ങൾ ഭയപ്പെടുന്നത് തങ്ങൾ അന്ത്യനാളോടെ എല്ലാം നശിച്ചു മണ്ണായി തീരുമല്ലോ എന്ന് ആലോചിച്ചാണ്. എന്നാൽ തങ്ങൾ ചെയ്തുകൂട്ടിയതിന്റെ പ്രതിഫലം അനുഭവിക്കാനുള്ള മനുഷ്യരായ നമ്മൾക്ക് യാതൊരു ശ്രദ്ധയുമില്ല. സൃഷ്ടാവ് നല്ല അവസരം തന്നിട്ടും നാം പലരും ഉപയോഗപ്പെടുത്തുന്നില്ല എന്നതാണ് വാസ്തവം. ഖൈറായ എന്ത് ചോദിച്ചാലും കാരുണ്യവാനായ സൃഷ്ടാവ് തരുമെന്ന് അവൻ അയച്ച അവന്റെ തിരുദൂതർ നമുക്ക് ഉറപ്പു തന്നിട്ടുണ്ടെങ്കിൽ പിന്നെ നാം എന്തിന് ചോദിക്കാൻ മടിക്കണം? അല്ലാഹു തന്നെ അവൻ്റെ കലാമായ പരിശുദ്ധ ഖുർആനിൽ പറഞ്ഞില്ലേ "നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു, നിങ്ങൾ എന്നോട് ചോദിക്കുക ഞാൻ ഉത്തരം നൽകുന്നതാണ്"(ഖുർആൻ 40 : 60)

Questions / Comments:



26 June, 2023   06:02 pm

Shameem

Great work may alllah bless him

26 June, 2023   06:46 pm

Shameem

Great work may alllah bless him

23 June, 2023   06:15 am

MUHAMMED AJMAL OLAMATHIL

Excellent ????