ചരിത്രത്തിന്റെ അപനിർമാണം അജണ്ടയാക്കിയ അധികാരങ്ങൾക്ക് മുമ്പിൽ മറവിക്കെതിരെയുള്ള ഓർമ്മയുടെ കലാപമായിരുന്നു മിലൻ കുന്ദേര. മൂർച്ചയുള്ള രചനകൾ കൊണ്ട് അഭിജാത വര്‍ഗ്ഗത്തിന്റെ അഹന്തയെ അദ്ദേഹം ചോദ്യം ചെയ്തു കൊണ്ടേയിരിക്കുന്നു.
'മിലൻ കുന്ദേര: ദ അൺബിയറബിൾ ലൈറ്റനെസ്സ് ഓഫ് ബീയിങ് എന്ന കൃതിയുടെ രചയിതാവ് അന്തരിച്ചു' ലോക പ്രശസ്ത എഴുത്തുകാരൻ മിലൻ കുന്ദേരയുടെ വിയോഗ വാർത്ത ഇവ്വിധമായിരുന്നു നമ്മുടെ രാജ്യത്തെ ഒട്ടുമിക്ക മുഖ്യധാര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നത്. അത്രമേൽ ഇന്ത്യക്കാർക്ക് സുപരിചിതനായിരുന്നൂ മിലൻ കുന്ദേര. പ്രത്യേകിച്ചും മലയാള മണ്ണിൽ അദ്ദേഹത്തിന് അനൽപം ഇഷ്ടക്കാർ ഉണ്ടായിരുന്നു. ബോളഞ്ഞോയും സെബാൾഡും കാഫ്കയും കാമുവും മലയാളികളുടെ മനസ്സുകളിൽ കൂടു കൂട്ടിയിരുന്നെങ്കിലും, കുന്ദേരയെ കേരളീയർ കണ്ടത് മറ്റൊരു കണ്ണുകൊണ്ടായിരുന്നു. മാജികൽ റിയലിസത്തിനും സർറിയലിസത്തിനും ബീജാവാപം നൽകിയ മാർക്വസിനും പാവങ്ങൾ എന്ന മാസ്റ്റർ പീസ് രചനയിലൂടെ പ്രശസ്തിയുടെ നെറുകയിലെത്തിയ വിക്ടർ ഹുഗോക്കും ശേഷം, മലയാളികൾ കേരള പൗരത്വം നൽകി ബഹുമാനിച്ചിരുന്ന വ്യക്തിത്വമാണ് കുന്ദേര.
നാടകങ്ങളും നിരൂപണങ്ങളും കവിതകളും അനവധി എഴുതിയിട്ടുണ്ടെങ്കിലും, നോവലുകളായിരുന്നു അദ്ദേഹത്തിന്റെ തലവര മാറ്റിയത്. ആശയഭംഗിക്കും, വാക്ക് ചാതുര്യത്തിനുമപ്പുറം അദ്ദേഹത്തിന്റെ നോവലുകൾ ചേർത്തു പിടിക്കാൻ പ്രധാനമായി രണ്ടു കാരണങ്ങൾ ഉണ്ടായിരുന്നു. ഒന്നാമത്തേത് ഹാസ്യത്തെ ഉത്പാദിപ്പിക്കുന്ന ചില പരാമർശങ്ങൾ കൃതികളിൽ കടന്നുകൂടിയിരുന്നു. രണ്ടാമത്തേത് രചനകളിൽ എടുത്തു കാണിക്കപ്പെട്ടിരുന്ന സ്റ്റാലിനിസത്തോടുള്ള വിരോധമായിരുന്നു.
ജന്മം കൊണ്ട് ചെക്കോസ്ലോവാക്യക്കാരനാണെങ്കിലും, ജീവിതത്തിന്റെ സിംഹഭാഗവും കഴിച്ചുകൂട്ടിയത് ഫ്രാൻസിലായിരുന്നു. 1929 ൽ സംഗീതജ്ഞനായ ലുദ്വിക്കിന്റെ മകനായി ചെക്ക് നഗരമായ ബ്രൂണോയിലാണ് മിലൻന്റെ ജനനം. പാരമ്പര്യം എന്നോണം കുട്ടിക്കാലത്ത് മ്യൂസിഷനാവാൻ താല്പര്യപ്പെട്ടിരുന്നുവെങ്കിലും, സാഹചര്യവശാൽ എഴുത്തിന്റെ മേഖലയിലേക്ക് എത്തിപ്പെടുകയായിരുന്നുവദ്ദേഹം. 1948 ൽ അധികാരത്തിൽ എത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി മിലൻ കൈകോർത്തിരുന്നു. അൽപ്പായുസ്സേ ഉണ്ടായിരുന്നുള്ളൂ ഈ ഒരുമക്ക്. സർക്കാരിനെ വിമർശിച്ചതിന് 1950 ൽ അദ്ദേഹത്തിന് പാർട്ടിയിൽ നിന്ന് പുറത്തു പോകേണ്ടിവന്നു. 1958ൽ വീണ്ടും തിരിച്ചെടുത്തു. പിന്നീട് 1970 വരെ സജീവ പ്രവർത്തകനായി പാർട്ടിയിൽ തുടർന്നു. സോവിയറ്റ് അധിനിവേശത്തെ ചോദ്യം ചെയ്തതിന്റെ പേരിൽ പടിക്കു പുറത്തായതിനുശേഷം, 75 ൽ അദ്ദേഹം ഫ്രാൻസിലേക്ക് താമസം മാറ്റി. തുടർന്ന് അങ്ങോട്ട് ഫ്രഞ്ച് ഭാഷയിലായിരുന്നു പുസ്തകങ്ങൾ എഴുതിയിരുന്നത്. അക്കാലത്ത് ചെക്ക് ഭാഷയിൽ എഴുതിയ പുസ്തകങ്ങൾ ഫ്രഞ്ചിലേക്ക് ട്രാൻസിലേറ്റ് ചെയ്തും ജന്മനാടിനോട് അദ്ദേഹം പകവീട്ടി. ഫ്രാൻസിൽ 1979 ൽ The Book of Laughter and Forgetting പ്രസിദ്ധീകരിച്ചതിനു പിന്നാലെയായിരുന്നു ചെക്ക് അധികാരികൾ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ നിരോധിച്ചത്.. സർക്കാർ പൗരത്വം റദ്ദാക്കി. പ്രസ്തുത പുസ്തകത്തിൽ അന്നത്തെ ചെക്കോസ്ലോവാക്ക് പ്രസിഡണ്ട് ഗുസ്താവ് ഹുസാക്കിനെ മറവിയുടെ പ്രസിഡന്റ് എന്നായിരുന്നു അദ്ദേഹം ചിത്രീകരിച്ചത്. ഇതായിരുന്നു പൗരത്വം നിഷേധത്തിലേക്ക് നയിച്ചത്. 1984 ലാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നോവൽThe Unbearable Lightness of Beingപ്രസിദ്ധീകരിച്ചത്. ഏറ്റവും കൂടുതൽ വായനക്കാർ ഉണ്ടായ മിലൻ നോവൽ ഇതായിരുന്നു.
എക്കാലത്തും ഫാസിസത്തോടും ഏകാധിപത്യത്തോടും സന്ധിയില്ലാ സമരത്തിലായിരുന്നു അതതുകാലത്തെ കലാകാരന്മാർ. ഇസ്രായേൽ ആഗോള സുരക്ഷിക്ക് ഭീഷണിയാണെന്നും ഇറാനെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചുകൊണ്ട് വിഖ്യാത ജർമ്മൻ എഴുത്തുകാരൻ ഗുണ്ടർ ഗ്രാസ് വർഷങ്ങൾക്കു മുമ്പ് എഴുതിയ കവിത സമീപ വർഷങ്ങളിൽ ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ടു. "What must be said "എന്ന പേരിലുള്ള കവിത നോബൽ പുരസ്കാര ജേതാവായ ഗുണ്ടർ ഗ്രാസ് 84ആം വയസിലാണ് രചിച്ചത്. ആണവശക്തിയായ ഇസ്രായേൽ ആഗോള സുരക്ഷയ്ക്ക് ശക്തമായ ഭീഷണിയാണെന്ന് ഇതിലൂടെ അദ്ദേഹം മുന്നോട്ടുവെക്കുന്നു . നമ്മുടെ കാലത്ത് നടന്ന ഏറ്റവും നിന്ദകരവും പൈശാചികവുമായ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തെ ശക്തമായ ഭാഷയിൽ വിമർശിക്കുന്ന ഡോക്യുമെന്ററി അമേരിക്കയിൽ നിന്ന് തന്നെ ഉയർന്നുവന്നു. മിസ്റ്റർ ബുഷ്, ഇത് ലജ്ജാകരമാണ്, യുദ്ധത്തിന് ഞങ്ങളുടെ പിന്തുണയില്ലെന്ന്, അമേരിക്കൻ തോക്ക് സംസ്കാരത്തെ വിമർശനാത്മകമായി വിലയിരുത്തുന്ന ' ബൗളിംഗ് ഫോർ കൊളംബൻ ' എന്ന ചിത്രത്തിന് മികച്ച ഡോക്യുമെന്ററിക്കുള്ള അവാർഡ് വാങ്ങുന്ന വേളയിൽ, പൊട്ടിത്തെറിച്ചു മൈക്കൽ മൂർ. അധികാരത്തിന്റെ മുഖത്തിന് നേരെ നടന്ന ശക്തമായ ആഞ്ഞടിയായിരുന്നു ഇത്.
അധിനിവേശം അമേരിക്കയ്ക്ക് ശമനം കണ്ടെത്താൻ കഴിയാത്ത രോഗമാണെന്ന് പരിഹസിച്ചത് ഏറ്റവും വലിയ അമേരിക്കൻ നോവലിസ്റ്റായ നോർമൽ മെയിലർ ആയിരുന്നു. നോബൽ സമ്മാനം സ്വീകരിക്കുന്ന വേളയിൽ സാമ്രാജ്യത്വത്തിനെതിരെ ധീരം സ്വരം ഉയർത്തിയ ഹാരോൾഡ് പിന്ററിന്റെ പോരാട്ടവും ഈ അവസരത്തിൽ സ്മരണീയമാണ്. ചരിത്രം കുന്ദേരയെ അടയാളപ്പെടുത്തിയതും അധികാരികളുടെ പേടിസ്വപ്നമായിട്ടാണ്. മേൽ സൂചിപ്പിച്ചവരുടെ അതേ ട്രാക്കിൽ ആയിരുന്നു കുന്ദേരയും ഗമിച്ചത്. സാമ്രാജ്യത്വ വിരുദ്ധത അദ്ദേഹത്തിന്റെ കൃതികളിൽ മുഴച്ചു നിന്നിരുന്നു. അങ്ങനെയാണ് "അധികാരത്തോടുള്ള മനുഷ്യരുടെ പോരാട്ടം എന്നത് മറവിക്കെതിരെ ഓർമ്മപ്പെടുത്തുന്ന പോരാട്ടമാണെന്ന" ലോകപ്രശസ്ത വാക്കുകൾ ഉടലെടുക്കുന്നത്. നിരവധി അവാർഡുകൾ തേടിയെത്തിയെങ്കിലും, നോബൽ സമ്മാനങ്ങളിൽ നിന്നും അദ്ദേഹത്തെ അകത്തിയത് ഭരണവർഗ വിരുദ്ധതയായിരിക്കും. സോവിയറ്റ് ആധിപത്യത്തിനെതിരെ സംഘടിപ്പിക്കപ്പെട്ട പ്രാഗ് വസന്തത്തിന് ആക്കം കൂട്ടിയത്തിനും ചുക്കാൻ പിടിച്ചതിനുമായിരുന്നല്ലോ അദ്ദേഹം രാജഭൃഷ്ടനാക്കപ്പെട്ടത്.
തമാശരൂപേണയുള്ള ആക്ഷേപ ഹസ്യമായിരുന്നു മിക്ക കൃതികളിലും മിലൻ അവലംബിച്ചിരുന്നത്. പ്രഥമനോവലായ "ജോക്കിൽ " ഭരണകൂട മർദ്ദനത്തിന് ഇരയാക്കപ്പെടുന്ന യുവാവിന്റെ കഥയാണ് വരച്ചു കാണിക്കപ്പെടുന്നത്. അതിലെ പ്രധാന വാക്കുകൾ ഇപ്രകാരമായിരുന്നു, ശുഭാപ്തി വിശ്വാസം മനുഷ്യന്റെ കറുപ്പാണ്, ആരോഗ്യകരമായ അന്തരീക്ഷം എന്നത് ഒരു വിവേക ശൂന്യതയാണ്, ട്രോട്സി നീണാൾ വാഴട്ടെ. അധികാരത്തിന്റെ ഹുങ്കിൽ നെറികെട്ട പ്രവർത്തനങ്ങൾക്ക് തലവന്മാരുടെ അണ്ണാക്കിലേക്കുള്ള തൊഴിയാണ് ഈയൊരു പ്രസ്താവന. ആഗോളതലത്തിൽ കുന്ദേരക്ക് വർദ്ധിത പെരുമ സമ്മാനിച്ച അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട നോവലായ The Unbearable Lightness of Being പ്രമേയമാക്കിയത്, പ്രാഗിലെ വസന്തത്തിലേക്ക് സോവിയറ്റ് ടാങ്കുകൾ ഇരമ്പിക്കയറുമ്പോൾ ജീവിതം തകിടം മറിയുന്ന നാലുപേരുടെ നൊമ്പരങ്ങളാണ്. സാധാരണ ജീവിതങ്ങളിലൂടെ സമഗ്രാധിപത്യ പ്രത്യയശാസ്ത്രത്തിന് ആണിക്കല്ല് തറക്കാനാണ് കൃതികളിലൂടെ അദ്ദേഹം ശ്രമിച്ചത്. തൂലിക ചലിപ്പിച്ച് ഇത്രമേൽ അനശ്വര വിപ്ലവം കാഴ്ചവച്ച ആ മഹാ മനീഷിയുടെ വിടവാങ്ങൽ ലോക സാഹിത്യത്തിന് നൽകുന്ന ആഘാതം ചെറുതല്ല.