കാറ്റും കോളുമാടിയ ജീവിതക്കടലിൽ ഉലയുന്ന വിശ്വാസിയുടെ കപ്പലിന്, പ്രാർത്ഥനയെന്ന നങ്കൂരം നൽകുന്ന ആശ്വാസം ചെറുതല്ല. തന്റെ നിസ്സാരതയെയും കഴിവുകേടിനെയും അംഗീകരിച്ചുകൊണ്ട് സർവശക്തനായ രക്ഷിതാവിനോട് നടത്തുന്ന ഈ വിനീതമായ അപേക്ഷയെ കേവലം ഒരു പ്രവൃത്തി എന്നതിലുപരി, ഇസ്‌ലാം ദർശിക്കുന്നത് ജീവിതത്തിന്റെ തന്നെ സത്തയായാണ്.

വായിക്കാം:

സ്രഷ്ടാവായ അല്ലാഹുവും അവന്റെ അടിമയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ ഏറ്റവും സുന്ദരമായ പ്രകാശനമാണ് പ്രാർത്ഥന. കാറ്റും കോളുമാടിയ ജീവിതക്കടലിൽ ഉലയുന്ന വിശ്വാസിയുടെ കപ്പലിന്, പ്രാർത്ഥനയെന്ന നങ്കൂരം നൽകുന്ന ആശ്വാസം ചെറുതല്ല. തന്റെ നിസ്സാരതയെയും കഴിവുകേടിനെയും അംഗീകരിച്ചുകൊണ്ട് സർവശക്തനായ രക്ഷിതാവിനോട് നടത്തുന്ന ഈ വിനീതമായ അപേക്ഷയെ കേവലം ഒരു പ്രവൃത്തി എന്നതിലുപരി, ഇസ്‌ലാം ദർശിക്കുന്നത് ജീവിതത്തിന്റെ തന്നെ സത്തയായാണ്.

പ്രാർത്ഥന കൊണ്ട് മാത്രമാണ് ഒരാളുടെ വിധി മാറ്റപ്പെടുക എന്ന് തിരുനബി(സ) പഠിപ്പിച്ചിട്ടുണ്ട്: "പ്രാർത്ഥന കൊണ്ടല്ലാതെ വിധി (ഖളാഅ്, ഖദ്ർ) മാറ്റപ്പെടില്ല, സൽകർമങ്ങൾ കൊണ്ടല്ലാതെ ആയുസ്സ് വർദ്ധിപ്പിക്കപ്പെടുകയുമില്ല" (ഇബ്നുമാജ: 90). ഖളാഇൽ നിശ്ചയിക്കപ്പെട്ട കാര്യങ്ങളിലും ഇനി വരാനിരിക്കുന്ന വിപത്തുകളിലും പ്രാർത്ഥന വിശ്വാസിക്ക് കരുത്തുറ്റ കാവലാകുന്നു എന്ന് ഇബ്നു ഉമർ(റ) നിവേദനം ചെയ്ത ഹദീസിലും (തിർമിദി: 3548) കാണാം.

ആരാധനയുടെ ആത്മാവ്

സ്വന്തം അഹങ്കാരത്തിന്റെ പടച്ചട്ടകൾ അഴിച്ചുവെച്ച് അല്ലാഹുവിന്റെ അനാദിയായ സർവശക്തിയിൽ അഭയം തേടുന്ന വിനയത്തിന്റെ കലയാണ് പ്രാർത്ഥന. ആദരവായ നബി(സ) പഠിപ്പിച്ചത് പോലെ, "പ്രാർത്ഥന, അത് തന്നെയാണ് ആരാധന" (അബൂദാവൂദ്). 
അല്ലാഹുവിന്റെ ഔദാര്യത്തിന്റെ കവാടത്തിൽ വിനീതനായി നിൽക്കുന്ന അടിമ 'യാ റബ്ബ്, യാ റബ്ബ്' (എന്റെ രക്ഷിതാവേ...) എന്ന് ആവർത്തിച്ചു വിളിക്കുന്നത് ഉത്തരം ലഭിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്.
അല്ലാഹുവിനെ ഏറ്റവും നല്ല രീതിയിൽ സ്തുതിച്ചുകൊണ്ടും അവന്റെ ഉന്നതമായ സംരക്ഷണത്തെയും ഔദാര്യത്തെയും സ്മരിച്ചുകൊണ്ടും അവനോട് കെഞ്ചുക എന്നതാണ് ഇതിന്റെ പൊരുൾ. ഒരടിമ നാല് തവണ 'യാ റബ്ബ്' എന്ന് വിളിച്ചു പറഞ്ഞാൽ അല്ലാഹു അതിന് മറുപടിയായി ഇപ്രകാരം അരുളുന്നു: "എന്റെ ദാസനേ, ഇതാ ഞാൻ നിനക്ക് ഉത്തരം നൽകുന്നു; നീ ചോദിച്ചുകൊള്ളുക, നിനക്കത് നൽകപ്പെടും" (ഫത്ഹുൽ മുബീൻ-ഇബ്നു ഹജർ(റ). 

നിഷ്ഫലമാക്കുന്ന കാരണങ്ങൾ

നമ്മുടെ പ്രാർത്ഥനകൾക്ക് എന്തുകൊണ്ടാണ് ഉത്തരം ലഭിക്കാത്തതെന്ന ഗൗരവകരമായ ചോദ്യത്തിന് മഹാനായ ഇബ്രാഹിം ഇബ്നു അദ്ഹം(റ) സുപ്രധാനമായ മറുപടി നൽകിയിട്ടുണ്ട്. പത്തു കാര്യങ്ങൾ കൊണ്ട് നിങ്ങളുടെ ഹൃദയങ്ങൾ മരിച്ചുപോയതാണ് ഇതിന് കാരണമെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു:
1. അല്ലാഹുവിനെ അറിഞ്ഞിട്ടും അവനോടുള്ള കടമകൾ നിർവഹിക്കാതിരിക്കുക.
 2. തിരുനബിയെ സ്നേഹിക്കുന്നു എന്ന് പറയുകയും അവിടുത്തെ ചര്യകൾ (സുന്നത്ത്) ഉപേക്ഷിക്കുകയും ചെയ്യുക.
 3. ഖുർആൻ പാരായണം ചെയ്തിട്ടും അതനുസരിച്ച് പ്രവർത്തിക്കാതിരിക്കുക.
 4. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ആസ്വദിച്ചിട്ടും നന്ദി കാണിക്കാതിരിക്കുക.
 5. പിശാച് ശത്രുവാണെന്ന് പറയുകയും എന്നാൽ അവനെ അനുസരിക്കുകയും ചെയ്യുക.
 6. സ്വർഗം സത്യമാണെന്ന് വിശ്വസിക്കുകയും എന്നാൽ അതിനായി അധ്വാനിക്കാതിരിക്കുകയും ചെയ്യുക.
 7. നരകം സത്യമാണെന്ന് ഉൾക്കൊള്ളുകയും എന്നാൽ അതിൽ നിന്ന് ഓടിരക്ഷപ്പെടാതിരിക്കുകയും ചെയ്യുക.
 8. മരണം സത്യമാണെന്ന് ബോധ്യമുണ്ടായിട്ടും അതിനായി ഒരുങ്ങാതിരിക്കുക.
 9. സ്വന്തം കുറവുകൾ മറന്ന് മറ്റുള്ളവരുടെ കുറവുകൾ തിരഞ്ഞു നടക്കുക.
 10. മരിച്ചവരെ മറവു ചെയ്തിട്ടും അതിൽ നിന്ന് പാഠം ഉൾക്കൊള്ളുന്നില്ല.
ഇത്തരം കാര്യങ്ങൾ ഹൃദയത്തെ മരവിപ്പിക്കുകയും പ്രാർത്ഥനയുടെ ഫലം തടയുകയും ചെയ്യുന്നു (അൽ ഇസ്തിഅ്ദാദുലിയൗമിൽ മആദ് - ഇമാം അസ്ഖലാനി(റ).

പ്രാർത്ഥിക്കുന്നവരോടുള്ള അല്ലാഹുവിന്റെ സമീപനം അത്യന്തം കാരുണ്യപൂർവമാണ്. ഒരിക്കൽ മൂസാ നബി(അ) അല്ലാഹുവിനോട് ഒരു പാപിയായ അടിമയുടെ പ്രാർത്ഥനയെ കുറിച്ച് ചോദിച്ചപ്പോൾ, അവന് ഞാൻ മൂന്ന് തവണ 'ലബ്ബൈക്' (ഇതാ ഞാൻ നിനക്ക് ഉത്തരം നൽകുന്നു) എന്ന് മറുപടി നൽകുമെന്ന് അല്ലാഹു അരുളി. സൽകർമികൾ തങ്ങളുടെ കർമങ്ങളിൽ ഭരമേൽപ്പിക്കുമ്പോൾ, പാപിയായ അടിമ അല്ലാഹുവിന്റെ കാരുണ്യത്തിലാണ് ഭരമേൽപ്പിക്കുന്നത് എന്നതാണതിന്റെ രഹസ്യം (അൽ ജവാഹിർ - ഇമാം ജുർദാനി(റ)).
ചിലപ്പോൾ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കാൻ വൈകുന്നത് അല്ലാഹുവിന് തന്റെ അടിമയുടെ ശബ്ദം കേൾക്കാൻ ഇഷ്ടമുള്ളത് കൊണ്ടാകാം. വിശ്വാസിയുടെ പ്രാർത്ഥന കേൾക്കുമ്പോൾ അല്ലാഹു ജിബ്‌രീൽ(അ)നോട് ആ ആവശ്യം നിറവേറ്റുന്നത് വൈകിപ്പിക്കാൻ പറയുമെന്നും എന്നാൽ പാപിയോടുള്ള വെറുപ്പ് കാരണം അവന്റെ പ്രാർത്ഥനയ്ക്ക് വേഗത്തിൽ മറുപടി നൽകുമെന്നും ജാബിർ ബിൻ അബ്ദുള്ള(റ) റിപ്പോർട്ട് ചെയ്ത ഹദീസുകളിൽ കാണാം (ശുഅബുൽ ഈമാൻ: 10035).

പാലിക്കേണ്ട ആദാബുകൾ

പ്രാർത്ഥനയുടെ സ്വീകരണത്തിന് നിർമലമായ മനസ്സാന്നിധ്യം അനിവാര്യമാണ്. അല്ലാഹുവിനെ സ്തുതിച്ചും നബി(സ)യുടെ മേൽ സ്വലാത്ത് ചൊല്ലിയും പ്രാർത്ഥന ആരംഭിക്കണമെന്ന് മുത്തുനബി(സ) പഠിപ്പിക്കുന്നു (തിർമിദി: 3477). ഉത്തരം ലഭിക്കുമെന്ന ദൃഢബോധ്യത്തോടെ വേണം ചോദിക്കാൻ. "നീ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ എനിക്ക് നൽകൂ" എന്ന രീതിയിലുള്ള സംശയകരമായ വാക്കുകൾ ഒഴിവാക്കി ഉറപ്പിച്ചു ചോദിക്കണമെന്ന് മുത്ത് നബി(സ)കൽപ്പിച്ചിട്ടുണ്ട് (ബുഖാരി: 6338). അലസമായ ഹൃദയത്തിൽ നിന്നുള്ള പ്രാർത്ഥന അല്ലാഹു സ്വീകരിക്കുകയില്ല.
പ്രാർത്ഥനയിൽ ധൃതി കാണിക്കരുത്. "ഞാൻ എത്ര പ്രാർത്ഥിച്ചിട്ടും ഉത്തരം ലഭിച്ചില്ല" എന്ന് പറഞ്ഞ് നിരാശനായി പ്രാർത്ഥന ഉപേക്ഷിക്കുന്നതിനെ റസൂൽ(സ) ശക്തമായി വിലക്കിയിട്ടുണ്ട് (മുസ്‌ലിം: 2735). ശബ്ദം താഴ്ത്തിയും രഹസ്യമായും പ്രാർത്ഥിക്കുന്നതാണ് അല്ലാഹുവിന് പ്രിയങ്കരം. ഖിബ്‌ലയ്ക്ക് അഭിമുഖമായി ഇരുന്ന് കൈകൾ ഉയർത്തി പ്രാർത്ഥിക്കുന്നത് സ്വീകാര്യത വർദ്ധിപ്പിക്കുന്നു. തന്റെ അടിമ കൈകൾ ഉയർത്തിയാൽ അത് വെറുംകൈയോടെ മടക്കാൻ അല്ലാഹു ലജ്ജിക്കുന്നുവെന്ന് സൽമാനുൽ ഫാരിസി(റ) റിപ്പോർട്ട് ചെയ്യുന്നുണ്ട്. (അബൂദാവൂദ്: 1490). അല്ലാഹുവിന്റെ മഹത്തായ നാമങ്ങൾ (അസ്മാഉൽ ഹുസ്ന) വിളിച്ച് ചോദിക്കുന്നതും നാം ചെയ്ത സൽകർമങ്ങൾ മുൻനിർത്തി പ്രാർത്ഥിക്കുന്നതും വേഗത്തിൽ ഉത്തരം ലഭിക്കാൻ കാരണമാണ്.

പ്രത്യേക സമയങ്ങൾ

അത്താഴ സമയം: രാത്രിയുടെ അവസാന മൂന്നിലൊന്ന് ഭാഗം ഏറ്റവും പ്രധാനമാണ്. യഅകൂബ് നബി(അ)നോട് യൂസഫ് നബിയുടെ വിഷയത്തിൽ മറ്റു മക്കൾ മാപ്പപേക്ഷിച്ചപ്പോൾ, "ഞാൻ നിങ്ങൾക്ക് വേണ്ടി പിന്നീട് പാപമോചനം തേടും" (സൗഫ അസ്തഗ്ഫിറുലക്കും റബ്ബീ) എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ 'പിന്നീട്' എന്നത് അത്താഴ സമയമാണെന്ന് എണ്ണമറ്റ ഖുർആൻ വ്യാഖ്യാതാക്കൾ വിശദീകരിക്കുന്നുണ്ട്. വിശിഷ്യാ റമളാനിൽ അത്താഴത്തിന് ഉണരുന്ന സമയം അല്പനേരം തഹജ്ജുദ് നിസ്കരിച്ച് പ്രാർത്ഥിക്കാൻ നാം ശ്രദ്ധിക്കണം.
സുജൂദ്: ഒരടിമ ഉടമയോട് ഏറ്റവും അടുത്തുനിൽക്കുന്ന സന്ദർഭമാണത്. സുജൂദിലെ പ്രാർത്ഥനക്ക് വലിയ ഇജാബത്ത് ലഭിക്കുന്നു.
ഇപ്രകാരം ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള സമയം, ഫർള് നിസ്കാരങ്ങൾക്ക് ശേഷം, വെള്ളിയാഴ്ച രാവ് പകൽ, യാത്രക്കാരനായ വേളയിൽ, നോമ്പുകാരനായിരിക്കുമ്പോൾ, നോമ്പ് തുറക്കുന്ന സമയം തുടങ്ങിയ സമയങ്ങളിലൊക്കെ ഇജാബത്തിന് വലിയ സാധ്യതയുണ്ട്.

സമ്പാദ്യം ഹലാലായിരിക്കുക എന്നത് പ്രാർത്ഥനയുടെ സ്വീകാര്യതയ്ക്ക് അനിവാര്യമാണ്. നിഷിദ്ധമായ വഴിയിലൂടെ ജീവിക്കുന്നവന്റെ പ്രാർത്ഥന തടയപ്പെടുമെന്ന് തിരുനബി(സ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട് (മുസ്‌ലിം: 1015). ഒരു മുസ്‌ലിം പ്രാർത്ഥിച്ചാൽ മൂന്ന് രീതിയിലായിരിക്കും അല്ലാഹു ഉത്തരം നൽകുക: ഒന്നുകിൽ ചോദിച്ച കാര്യം ഉടൻ നൽകുന്നു, അല്ലെങ്കിൽ അതിന് പകരമായി ഒരു തിന്മയെ നീക്കുന്നു, അതുമല്ലെങ്കിൽ പരലോകത്തേക്ക് മഹത്തായ പ്രതിഫലമായി മാറ്റി വെക്കുന്നു (മുസ്നദ് അഹ്മദ്).
മറ്റൊരാൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നതും സങ്കടങ്ങളിൽ അല്ലാഹുവിൽ അഭയം തേടുന്നതും വിശ്വാസിയുടെ ഉന്നതമായ ഗുണമാണ്. നമ്മുടെ നാവുകൾ പാപമുകിലമാണല്ലോ എന്നോർത്ത് പ്രാർത്ഥനയിൽ നിരാശരാകേണ്ടതില്ല. "പാപം ചെയ്യാത്ത നാവുകൾ കൊണ്ട് അല്ലാഹുവിനോട് ചോദിക്കുക" എന്ന് ആദരവായ(സ) നിർദ്ദേശിച്ചപ്പോൾ, അങ്ങനെയുള്ള നാവുകൾ ആർക്കുണ്ടെന്ന സ്വഹാബത്തിന്റെ ചോദ്യത്തിന് "നിങ്ങൾ പരസ്പരം പ്രാർത്ഥിക്കുക" എന്നായിരുന്നു മറുപടി. നീ നിന്റെ സഹോദരന് വേണ്ടി പ്രാർത്ഥിക്കുമ്പോൾ, അവന്റെ പാപങ്ങൾ നിന്റെ നാവിനെ ബാധിച്ചിട്ടില്ലല്ലോ. ആയതിനാൽ ആയതിനാൽ നിരന്തരം പ്രാർത്ഥനയിലാവുക. നാഥന്റെ വാതിലുകൾ നിനക്ക് വേണ്ടി തുറക്കപ്പെടും തീർച്ച. 

Questions / Comments:



No comments yet.