ഫലസ്തീനിന്റെ മുറവിളികൾക്ക് എഴുപതാണ്ടിന്റെ പഴക്കമുണ്ട്. നക്സയുടേയും, നക്ബയുടേയും, ഇൻതിഫാദകളുടേയും രക്തം കിനിയുന്ന മുറിവുകളെ പല്ലിളിച്ചു പരിഹസിക്കുകയാണ് പടിഞ്ഞാറിന്റെ ഇസ്രായേൽ അനുകൂല നിലപാടുകൾ.


ഒക്ടോബർ 7 ന് ഹമാസ് നടത്തിയ മിന്നലാക്രമണത്തിലൂടെ, ഇസ്രായേലിനും പലസ്തീനിനുമിടയിൽ യുദ്ധമുഖം വീണ്ടും തുറന്നിരിക്കുകയാണ്. എന്നത്തേയും പോലെ സാധാരണക്കാർ തന്നെയാണ് ഈ കൊടുംക്രൂരതയുടെ ഇരകൾ. നിരപരാധികളായ അനേകായിരം പലസ്തീനികൾ ലോകമനസാക്ഷിക്കു മുന്നിൽ നെടുവീർപ്പിടുകാണ്.

ഹമാസിന്റെ നീക്കത്തിനെതിരെ പ്രധാന പാശ്ചാത്യ ശക്തികളെല്ലാം രംഗത്തുവന്നിരുന്നു. ബ്രിട്ടനും അമേരിക്കയും ഫ്രാൻസും ഇസ്രായേലിന് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മണിക്കൂറുകൾക്കകം തന്നെ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേലിന് വേണ്ടി കണ്ണീരൊലിപ്പിക്കാൻ മറന്നില്ല. രാജ്യമൊട്ടുക്കും പ്രതിഷേധാഗ്നി ആളിപ്പടർന്നിട്ടും മണിപ്പൂർ വംശഹത്യയെ പറ്റിയൊന്നും ഉരിയാടാതിരുന്നയാളാണ് കാപാലികരായ ജൂതന്മാർക്ക് വേണ്ടി അതിവേഗം പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഇസ്രായേൽ ഗവൺമെന്റിന്റെ കിരാത നടപടികൾക്കെതിരെ ലോകത്തിന്റെ പലയിടങ്ങളിലും എതിർ ശബ്ദങ്ങൾ ഉയർന്നു. യുദ്ധത്തിലെ ജൂതന്മാരുടെ പങ്കാളിത്തത്തിൽ അതൃപ്തി രേഖപ്പെടുത്തിയായിരുന്നു അവയിൽ മിക്കതും.

ഇസ്രായേലിനോടുള്ള മോദിയുടെ സഹതാപവും അനുകമ്പയും ഇന്ത്യ വർഷങ്ങളായി ഇസ്രായേൽ പലസ്തീൻ സംഘർഷത്തിൽ സ്വീകരിച്ചു പോരുന്ന നയങ്ങൾക്കെതിരാണ്. ഗാന്ധിയുടെ വാക്കുകളായിരുന്നു ഈ വിഷയത്തിൽ രാജ്യത്തിന്റെ നിലപാട്. 1938 ൽ ഗാന്ധി പറയുകയുണ്ടായി" ഫ്രഞ്ചുകാർക്ക് ഫ്രാൻസും ഇംഗ്ലീഷുകാർക്ക് ഇംഗ്ലണ്ടും ഉടമപ്പെട്ടതുപോലെ അറബികൾക്ക് അവകാശപ്പെട്ടതാണ് പലസ്തീൻ". ക്രിസ്ത്യാനികളുടെ നിരന്തര പീഡനങ്ങളിൽ ജൂതർക്ക് ഒരുപാട് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും അതിന് പലസ്തീനികളെ ദ്രോഹിക്കുന്നത് മനുഷ്യത്വത്തിന് നിരക്കുന്നതല്ലെന്നും ഗാന്ധി നിരീക്ഷിച്ചു. യൂറോപ്പിൽ നിലനിന്നിരുന്ന സെമിറ്റിക് മതവിരുദ്ധതയുടെ ബലിയാടുകളായിരുന്നു ജൂതന്മാർ. യേശുക്രിസ്തുവിന്റെ ക്രൂശീകരണത്തിന് ഉത്തരവാദികളായി ചിത്രീകരിച്ചായിരുന്നു ജൂതന്മാരെ പാശ്ചാത്യർ വേട്ടയാടിയത്. പിന്നീട് പല ശത്രുതാപരമായ കാരണങ്ങൾ നിരത്തിയായിരുന്നു അഡോൾഫ് ഹിറ്റ്ലർ ലക്ഷക്കണക്കിന് ജൂതന്മാരെ കൊന്നുതള്ളിയത്.

നിഷ്കാസിതരായ ജൂതർക്ക് ഒട്ടേറെ വിവേചനങ്ങൾ നേരിടേണ്ടി വന്നു. ഇത്തരം ദുരനുഭവങ്ങളാണ് സയണിസത്തിന് വഴിമരുന്നിട്ടത്. തിയോർഡർ ഹെയ്സെലിന്റെ ' ദി ജൂയിഷ് സ്റ്റേറ്റ് 'എന്ന ലഘുലേഖയിൽ പരാമർശിക്കുന്ന പ്രകാരം, 1897 ൽ കുറച്ചു ജൂതർ ചേർന്നു സംഘടിപ്പിച്ച സ്വിറ്റ്സർലൻഡ് സമ്മേളനമാണ് സയണിസത്തിന് വിത്തുപാകിയത്. ബൈബിളിലെ പഴയ നിയമം ഉയർത്തിക്കാണിച്ച് പലസ്തീൻ തങ്ങളുടേതാണെന്ന് ജൂതർ അവകാശപ്പെട്ടു. അതിനായി പ്രത്യേക മുദ്രവാക്യമവർ മുന്നോട്ടുവെച്ചു. "ജനങ്ങളില്ലാത്ത നാട്, നാടില്ലാത്ത ജനതക്ക് വേണ്ടി". സഹസ്രാബ്ദങ്ങളായൊരു സമൂഹം അവിടെ ജീവിക്കുന്നുണ്ടെന്ന പരമ യാഥാർത്ഥ്യത്തെ പൂർണ്ണമായും നിഷേധിക്കുന്നതായിരുന്നു ഈ മുദ്രാവാക്യം. പലസ്തീനിൽ മുഴുവനും മുസ്ലിമീങ്ങളായിരുന്നില്ല. 10% ക്രിസ്ത്യാനികളും 4% ജൂതന്മാരും അവിടെ ജീവിച്ചിരുന്നു. സ്വിറ്റ്സർലൻഡ് സമ്മേളനത്തിന് ശേഷം കഷ്ടത അനുഭവിക്കുന്ന ജൂതരെ ഉയർത്തിക്കൊണ്ടു വരാനായി ആഗോളതലത്തിൽ ഫണ്ട് സമാഹരണം നടന്നു. 1949 ൽ ഇസ്രായേൽ രാഷ്ട്രം രൂപീകൃതമാകുന്നതിനുമുമ്പ് , ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ജൂതന്മാർ ഫലസ്തീനിലേക്ക് ചേക്കേറി.

ഫലസ്തീൻ മണ്ണിലേക്ക് നുഴഞ്ഞുകയറാൻ നിരന്തരം നിർബന്ധിക്കപ്പെട്ടപ്പോൾ, ഒരുപറ്റം ജൂതർ സയണിസത്തെ തന്നെയും വെറുത്തു. അധിനിവിഷ്ട ഭൂമിയിൽ പരമാവധി അനുകൂലികളെ വളർത്തുകയെന്നതായിരുന്നു സയണിസ്റ്റുകളുട പദ്ധതി. കുടിയേറ്റക്കാരുടെ എണ്ണം വർധിച്ചപ്പോൾ നാടിന്റെ നിയന്ത്രണം ബ്രിട്ടീഷുകാർ ഏറ്റെടുത്തു. അവരുടെ ദുസ്സഹമായ ഭരണത്തിൽ ഫലസ്തീനികൾ പൊറുതി മുട്ടി. ഈയൊരു ഘട്ടത്തിൽ ജൂതന്മാർക്ക് വസിക്കാൻ ഒരിടം വേണമെന്നു നിർദ്ദേശിക്കുന്ന ബാൽഫർ ഉടമ്പടി അവർ നടപ്പാക്കി. ഈയൊരു കരാറാണ് ഇന്ന് സംജാതമായ യുദ്ധത്തിന്റെ മുഖ്യഹേതുവായി കണക്കാക്കപ്പെടുന്നത്.

ജ്യൂയിഷ് എഴുത്തുകാരൻ ആർതർ കോസ്റ്റ്ലർ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒന്നായിട്ടായിരുന്നു ബാൽഫർ കരാറിനെ അടയാളപ്പെടുത്തിയത്. അതേസമയം, സയണിസമെന്ന ഇടുങ്ങിയ ആശയത്തിന് ചിറക് നൽകിയ പ്രഥമ ഉദ്യമമായിട്ടാണ് ഇസ്രായേലി ചരിത്രകാരൻ മാർട്ടിൻ ക്രാമർ അതിനെ വിശേഷിപ്പിച്ചത്.

1936ൽ കുടിയേറ്റത്തെ അറബികൾ പ്രതിരോധിക്കാൻ തുടങ്ങി. അന്നേരം ഫലസ്തീനിൽ ജൂതന്മാർക്ക് ഇടം കണ്ടെത്താനുള്ള തത്രപ്പാടിലായിരുന്നു ബ്രിട്ടീഷുകാർ.

ഹിറ്റ്ലറിൽ നിന്നേറ്റ അസഹനീയമായ വേട്ടയാടലായിരിക്കാം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഫലസ്തീനിലേക്ക് നുഴഞ്ഞു കയറാൻ ജൂതന്മാരെ പ്രേരിപ്പിച്ചത്. യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും മർദ്ദിത വിഭാഗത്തെ ഏറ്റെടുക്കാൻ ഒരിക്കലും തയ്യാറായിരുന്നില്ല. നിർണായകമായ ആ ഘട്ടത്തിലായിരുന്നു ചരിത്ര ഫലസ്തീനെ ജെറുസലേം, ബെത്ലഹേം എന്നിങ്ങനെ രണ്ടായി വർഗീകരിക്കുന്നത്. 7% ഭൂമി കൈവശപ്പെടുത്തിയ 30% ജൂതന്മാർക്ക് 55% ഭൂമി നൽകി. ഇത് പ്രദേശവാസികളായ അറബികളെ വല്ലാതെ ചൊടിപ്പിച്ചു. പലസ്തീനികൾ ഇതിനെ അൽ നക്ബ എന്ന് നാമകരണം ചെയ്യുകയും ശേഷിക്കുന്ന 45% ഭൂമി പിടിച്ചെടുക്കാൻ തീരുമാനിക്കുകയും ചെയ്തു.

സന്നിഗ്ദ്ധ ഘട്ടങ്ങളിലെല്ലാം പാശ്ചാത്യ രാജ്യങ്ങൾ ഇസ്രായേലിനെ പിന്തുണച്ചുകൊണ്ടേയിരുന്നു. കഴിഞ്ഞ ഏഴു ദശകത്തിനിടെ ഇസ്രായേൽ പലസ്തീനിന്റെ 80 % കയ്യടക്കി. പിറന്നു വീണ മണ്ണിൽ അഭയാർത്ഥികളായി ജീവിക്കേണ്ട സാഹചര്യമാണ് ഇപ്പോൾ പലസ്തീനികൾക്ക്.

ഇന്ന്, വിരളമായ സജ്ജീകരണങ്ങളുള്ള ക്യാമ്പുകളിൽ 15 ലക്ഷത്തിലധികം ആളുകൾ അന്തിയുറങ്ങുന്നു. 1948 ൽ ഇസ്രായേൽ രൂപീകൃതമായതിന് പിന്നാലെ, 14 ലക്ഷം പലസ്തീനികൾക്ക് കിടപ്പാടം നഷ്ടപ്പെട്ടു. നിരന്തരമായ കൈവിട്ടു പോകലിന്റെ നൊമ്പരങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞതായിരുന്നു യാസർ അറഫാത്തിന്റെ നേതൃത്വത്തിലുള്ള പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ. ലൈല ഖാലിദ് അതിലെ പ്രധാനിയായിരുന്നു. പലസ്തീൻ പ്രശ്നം ആഗോളതലത്തിൽ ഉയർത്തി കാണിക്കുന്നതിൽ യാസർ അറഫാത്ത് വിജയിച്ചു. ഒസ്‌ലോ ഒത്തുതീർപ്പ് അത്തരത്തിലുള്ള ഒരു വിമോചന ശ്രമമായിരുന്നു. ആഗോള സമുദായം പരിഹാരമായി നിർദ്ദേശിച്ച ദിരാഷ്ട്രമെന്ന ആശയത്തെ ഇസ്രായേലിന് അംഗീകരിക്കാൻ കഴിഞ്ഞില്ല. അവർ പലസ്തീനികളെ മനുഷ്യരായി പരിഗണിച്ചതേയില്ല. അന്നത്തെ ഇസ്രായേൽ പ്രസിഡണ്ട് ഒസ്ല മേർ ഒരിക്കൽ പ്രസ്താവിക്കുകയുണ്ടായി " പലസ്തീൻ എന്നൊരു വിഭാഗമേ ഇല്ല". ഇതായിരുന്നു എക്കാലത്തെയും ഇസ്രായേലിന്റെ നയം.

ഐക്യരാഷ്ട്രസഭയുടെ നിയമങ്ങളെല്ലാം കാറ്റിൽ പറത്തി, ഫലസ്തീൻ ഭൂമിയിലേക്കുള്ള ഇസ്രായേലിന്റെ കടന്നു കയറ്റം 1948 മുതലുള്ള ചരിത്രയാഥാർത്ഥ്യമാണ്. അമേരിക്കയുടെ അന്ധമായ പിന്തുണയാണ്

ഇസ്രായേലിന്റെ വർദ്ധിത ധൈര്യത്തിന് പിന്നിൽ. പ്രത്യുപകാരമെന്നോണം, ഓയിൽ റിസോഴ്സിന്റെ സംരക്ഷണത്തിന് അമേരിക്കയെ അകമഴിഞ്ഞ് സഹായിക്കുന്നുണ്ട് ഇസ്രായേൽ. 1975ലെ 3379 ആം പ്രമേയത്തിൽ യുഎൻ സയണിസത്തെ ഒരുതരം വർണ്ണവിവേചനത്തോടാണ് ചേർത്തു പറയുന്നത്.

ലോക ചരിത്രത്തിൽ തന്നെ ഇത്രത്തോളം കഷ്ടതകൾ അനുഭവിക്കേണ്ടിവന്ന, ഭവനരഹിതരായ ഒരു സമൂഹത്തെ നമുക്ക് കാണാൻ കഴിയില്ല. തീർച്ചയായും കൊളോണിയലിസവും യു എന്നിന്റെ സാമ്രാജ്യത്വ താല്പര്യവുമാണ് പലസ്തീനികളെ തീരാദുരിതക്കയങ്ങളിലേക്ക് തള്ളിയിട്ടത്. സമീപ ദശകങ്ങളിൽ കാഴ്ചക്കാരന്റെ റോളിലേക്ക് ഐക്യരാഷ്ട്രസഭ ക്ഷയിക്കുമ്പോൾ, പലസ്തീനിൽ ആരാണ് നീതി നടപ്പാക്കുക?.

ഈയടുത്ത നാളുകളിൽ ഹമാസ് നടത്തിയ നീക്കങ്ങളെ അതി തീവ്രമായ രീതിയിലാണ് ഇസ്രായേൽ എതിരേൽക്കുന്നത്. പാശ്ചാത്യരുടെ പിന്തുണ നിർബാധം തുടർന്നു കൊണ്ടേയിരിക്കുകയാണ്. പ്രശ്നത്തിന്റെ അടിസ്ഥാന കാരണത്തെ മുഖവിലക്കെടുക്കാത്ത പക്ഷം പലസ്തീനിൽ സമാധാനം വിദൂര സ്വപ്നമായി തുടരും. സയണിസത്തിന്റെ ഉന്മൂലന രാഷ്ട്രീയമാണ് സ്ഥിതിഗതികൾ ഇത്രത്തോളം വഷളാക്കിയത്. പശ്ചിമേഷ്യയിൽ ശാന്തി പുലരണമെങ്കിൽ കത്തിപ്പടരുന്ന സംഘട്ടനത്തിന്റെ അടിസ്ഥാന ഹേതു ചർച്ചക്കെടുക്കേണ്ടതുണ്ട്. ഇസ്രായേലിന്റെ കടന്ന കൈക്കെതിരെ ആഗോളതലത്തിൽ അലയടിക്കുന്ന പ്രതിഷേധത്തിൽ ലോകത്തിന്റെ ചില ഭാഗങ്ങളിൽ നിന്നുള്ള ജൂതരെങ്കിലും ചേർന്നുനിൽക്കുന്നുണ്ടല്ലോയെന്നത് ആശാവഹമാണ്.

വിവർത്തനം: സുഹൈൽ കോടിയമ്മൽ
Courtesy: thewire

Questions / Comments:No comments yet.