ജീവിതത്തിനാവശ്യമായ ദൈവിക നിര്‍ദേശങ്ങളും വിധിവിലക്കുകളും ദൈവത്തിന്റെ മഹോന്നത സൃഷ്ടിക്ക് എത്തിച്ചുകൊടുക്കുകയാണ് പ്രവാചകന്മാരുടെ ദൗത്യം. അതിന്റ പരിപൂർണരൂപമായിരുന്നു അന്ത്യദൂതരുടെ പ്രബോധനപ്രകാരങ്ങൾ.


 സൃഷ്ടാവിന്റെ കീർത്തനകളെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ദിവ്യ ബോധനവും പ്രമാണങ്ങളും നൽകി ചില ദൂതരെ പ്രത്യേകവൽക്കരിക്കലാണ് നുബുവ്വത്ത്. ഇവരിൽ മത നിയമങ്ങളെ സ്വന്തം ജീവിതത്തിലൂടെ പ്രാവർത്തികമായി കാണിച്ചു കൊടുക്കാൻ സമ്മതമുള്ളവർ നബിയായും, ജനസമക്ഷം പ്രബോധനാധികാരം നൽപ്പെട്ടവർ റസൂലായും, ഖുർആനിൽ പ്രത്യേകം പേര് പറഞ്ഞ് പ്രശംസിക്കപ്പെട്ടവർ ഉലുൽ അസ്മുകൾ ആയും അറിയപ്പെടുന്നു. തീർത്തും ഒരു ഇലാഹീ ദാനമാണ് നുബുവ്വത്ത്. അശ്ലീല വർജനയിലൂടെയോ നിരന്തര ഭജനമിരുത്തത്തിലൂടെയോ സാമ്പത്തിക മികവിലൂടെയോ നുബുവ്വത്ത് നേടിയെടുക്കാനാവില്ല. അല്ലാഹു തആല പ്രത്യേകം യോഗ്യരായ ആളുകളെയാണ് നുബുവ്വത്ത് നൽകി ആദരിച്ചിട്ടുള്ളത്. 

ദൈവിക ശാസനകളെ സമൂഹത്തിൽ എത്തിക്കുന്ന വിഷയത്തിലാണ് പ്രവാചകത്വത്തിന്റെ ആവശ്യകത ബോധ്യമാകുന്നത്. കാരണം അഭൗതികമായ കാര്യങ്ങൾ ഉൾക്കൊള്ളാനോ ദിവ്യ ശാസനകളെ സ്വയം കണ്ടെത്താനോ ഉള്ള ശേഷി ദുർബലനായ മനുഷ്യനില്ല. അപ്പോൾ സൃഷ്ടിയുടെയും സൃഷ്ടാവിന്റെയും ഇടയിൽ ഒരു മധ്യവർത്തി ആവശ്യമായിവരും. അവരാണ് പ്രവാചകർ. പ്രബോധിത ജനതക്ക് തങ്ങളുടെ പ്രവാചകനുമായി ഇടപഴകാനുള്ള സൗകര്യത്തിന് വേണ്ടിയായിരുന്നു അമ്പിയാക്കളെല്ലാം മനുഷ്യരിൽ നിന്ന് തന്നെ തെരഞ്ഞെടുക്കപ്പെട്ടത്. മലക്കുകളിൽ നിന്ന് കേട്ട് മനുഷ്യർക്ക് കൈമാറലാണ് ഇവരുടെ മുഖ്യ ദൗത്യം എന്നതുകൊണ്ടുതന്നെ ആത്മീയമായി മലക്കുകളുടേയും ശാരീരികമായി മനുഷ്യരുടേയും പ്രകൃതി ഒത്തിണങ്ങിയ ശരീര ഘടനയാണ് പ്രവാചകരുടേത്. ഈസാ നബിക്ക് ശേഷമുള്ള 500 വർഷങ്ങൾ ഫത്റത്തിന്റെ അനാഥത്വം കാരണം സമുദായം ദുർ മാർഗ്ഗത്തിലകപ്പട്ടെ അത്യാവശ്യഘട്ടത്തിലായിരുന്നു മുഹമ്മദ് നബിയുടെ നിയോഗം. 

 ആദം നബിക്ക് മുമ്പ് തന്നെ തിരുനബിയുടെ റൂഹ് പ്രവാചകനായി പടക്കപ്പെടുകയും പൂർവ്വകാല അമ്പിയാക്കളുടെ ശരീരത്തിലേക്ക് സന്നിവേശിപ്പിക്കപ്പെടുകയും ചെയ്തു. കാലക്രമേണ ആ പരിശുദ്ധാത്മാവിന്റെ പ്രതിനിധികളായിട്ടായിരുന്നു ഓരോ പ്രവാചകരും കടന്നുവന്നത്. അതുകൊണ്ടു തന്നെ മുൻകാല സമൂഹങ്ങളിലേക്ക് കൂടി നിയോഗിതനായ പ്രവാചകനായിരുന്നു മുഹമ്മദ് നബിﷺ.

അവിടുത്തെ നുബുവ്വതിനെ സ്ഥിരീകരിക്കുന്ന ഒരുപാട് മുന്നറിയിപ്പുകൾ പൂർവ വേദങ്ങളിൽ വന്നിട്ടുണ്ട്. അവയിൽ പറയപ്പെട്ട വിശേഷണങ്ങളെല്ലാം സമ്മേളിച്ചത് മുഹമ്മദ് നബിﷺയിൽ മാത്രമായിരുന്നു.കച്ചവട സംഘത്തിൽ പുറപ്പെട്ട കുട്ടിയായിരുന്ന നബിയെ നോക്കി “ ഈ കുട്ടിയെ നിങ്ങൾ സംരക്ഷിക്കണം,ഇത് വാഗ്ദത്ത പ്രവാചകനാണ് ” എന്ന വേദ പുരോഹിതനായിരുന്ന ബഹീറയുടെ പ്രഖ്യാപനവും,അവിടുത്തെ ജീവിതത്തിലുടനീളം പ്രകടമായ അസംഖ്യം അമാനുഷിക സിദ്ധികളും , ഇക്കാലമത്രയും ഒരു മാറ്റത്തിരുത്തലുകളും കൂടാതെ നിലനിൽക്കുന്ന ഇസ്‌ലാമിക ശരീഅത്തും, പ്രവാചകത്വത്തിന്റെ പ്രമാണങ്ങളാണ്. “നാൽപ്പത് വർഷം മക്കയിൽ ജീവിച്ചിട്ടും ഒരു തിന്മ പോലും ചെയ്യാത്ത ഇദ്ദേഹത്തെ നിങ്ങൾക്ക് എന്തുകൊണ്ട് വിശ്വസിച്ചുകൂടാ” എന്നാണ് ഖുർആൻ ചോദിക്കുന്നത്. 

ഭാരമേറിയ ഉത്തരവാദിത്വമാണ് നുബുവ്വത്ത്. ആദ്യമായി ദൈവീക കൽപ്പന ലഭിച്ച സമയം തിരുനബി പനിബാധിച്ച്, മരിക്കുമോ എന്ന് പോലും ഭയന്നു പോയത് ഇക്കാരണത്താലായിരുന്നു. 'പ്രവാചകത്വം ദരിദ്രർക്ക് യോജിച്ചതല്ല' എന്ന രീതിയിൽ മക്കാ മുശ്രിക്കുകൾ ആക്ഷേപമുന്നയിച്ചപ്പോൾ “അതിന് യോഗ്യരായ ആളെ നാം തെരഞ്ഞെടുത്തതാണ്” എന്നായിരുന്നു അല്ലാഹു നൽകിയ മറുപടി. വളരെ തണുപ്പേറിയ രാത്രിയിൽ പോലും വഹ്യ് വരുമ്പോൾ തിരുനബിയുടെ നെറ്റിത്തടം വിയർത്തിരുന്നു എന്ന് ആഇശാ ബീവി വ്യക്തമാക്കുന്നുണ്ട്. മാത്രവുമല്ല, പോരാട്ടങ്ങളും പരീക്ഷണങ്ങളും ആക്ഷേപങ്ങളും സഹിക്കേണ്ടി വരുന്ന ത്യാഗ പൂർണ്ണമായ ദൗത്യമായതുകൊണ്ടു തന്നെ ഇത്രയും ഭാരം വഹിക്കാനുള്ള ശാരീരിക മാനസിക ശേഷി ഇല്ലാത്തതിനാലാണ് സ്ത്രീകൾക്ക് പ്രവാചകത്വം ലഭിക്കാതിരുന്നത്.

പ്രധാനമായും ഒൻപത് വിശേഷണങ്ങളാണ് പ്രവാചകന്മാർക്കുള്ളത്. പൂർണ്ണമായും നിരോധിത കാര്യങ്ങളിൽ നിന്നുള്ള സംരക്ഷണം, സത്യസന്ധമായ സംസാരം, ബുദ്ധികൂർമ്മത, മതബോധനം എന്നീ നിർബന്ധമായ വിശേഷണങ്ങളും വഞ്ചന,കളവ്, ബുദ്ധിശൂന്യത, ദൈവിക കല്പനയിലെ പൂഴ്ത്തിവെപ്പ് എന്നീ നിഷിദ്ധമായ വിശേഷണങ്ങളും അവരുടെ വ്യക്തിത്വത്തിന് വിഘാതമാകാത്ത എന്തുമാകാം എന്ന അനുവദനീയമായ വിശേഷണവുമാണ് അവ.

അമ്പിയാക്കളെല്ലാം വ്യത്യസ്ത സ്ഥാനീയരാണ്. പവിത്രതയിൽ യഥാക്രമം മുഹമ്മദ് നബി,ഇബ്രാഹീം നബി,മൂസാ നബി,ഈസാ നബി,നൂഹ് നബി,ശേഷം മറ്റു മുർസലുകൾ അതിനു ശേഷം മറ്റു അമ്പിയാക്കൾ എന്നിങ്ങനെയാണ് ക്രമം. ഇതിൽ മനുഷ്യർക്ക് പുറമേ ജിന്ന് സമൂഹത്തിലേക്ക് കൂടി നിയോഗിതനായത് മുഹമ്മദ് നബി മാത്രമായിരുന്നു. അമ്പിയാക്കളേക്കാൾ ആദരവും ബഹുമതിയുമർഹിക്കുന്നവരാണ് മുർസലുകൾ. മനുഷ്യ കുലത്തിന്റെ നേതൃത്വം,“നിർഭയം ദൈവീക കൽപ്പനകളെ ജനസമക്ഷം പ്രബോധന വിധേയമാക്കുന്നവർ” എന്നീ വിശേഷണങ്ങൾ കൊണ്ടാണ് അല്ലാഹു അവരെ പരിചയപ്പെടുത്തുന്നത്. സ്വന്തം ജീവിതത്തിലൂടെയുള്ള ആശയ കൈമാറ്റത്തിലുപരിയായി ജനമധ്യത്തിൽ ഇറങ്ങിയുള്ള പ്രബോധന ദൗത്യവും നിർവ്വഹിച്ചു എന്നതാണ് ഇവരുടെ സ്ഥാനാധിക്യത്തിന്റെ കാരണം.“അദ്ധേഹം അന്ത്യ പ്രവാചകനും റസൂലുമാണ്” എന്ന സൂറത്തുൽ അഹ്സാബിലെ നാൽപ്പതാം സൂക്തം തിരുനബിയുടെ രിസാലത്തിനുള്ള വ്യക്തമായ തെളിവാണ്. “എന്റെ ശേഷം വേറെ റസൂലില്ല” എന്ന ഹദീസ് ഈ ആയത്തിന് പിൻബലമേകുന്നുണ്ട്. ദൈവീക സന്ദേശത്തിലധിഷ്ടിതം, സാർവ്വത്രികത, സ്ഥലകാലങ്ങൾക്കതീതം, സാമൂഹിക നിർമ്മാണത്തിലെ സാധുത, ഗ്രഹിക്കാനുള്ള സുതാര്യത, രിസാലത്തിന്റെ പരിസമാപ്തി എന്നിവയാണ് പൂർവ്വ കാല രിസാലത്തിൽ നിന്നും മുഹമ്മദ് നബിയുടെ രിസാലത്തിനെ വ്യതിരിക്തമാക്കുന്നത്.

മുർസലുകളേക്കാൾ ഒരു പടി മുന്നിലാണ് ഉലുൽ അസ്മുകൾ. പ്രബോധന രംഗത്ത് അവർ സഹിച്ച ത്യാഗവും പരീക്ഷണങ്ങളിലെ അസാമാന്യ മനക്കരുത്തുമാണ് അവർക്ക് ഈ സ്ഥാനം നേടിക്കൊടുത്തത്. മുഹമ്മദ് നബി, ഇബ്രാഹീം നബി,മൂസാ നബി, ഈസാ നബി, നൂഹ് നബി എന്നിവരാണ് അവരെന്ന് സൂറത്തു ശ്ശൂറാ പതിമൂന്നാം ആയത്ത് വ്യക്തമാക്കുന്നുണ്ട്. “അവർ സഹിച്ചത്‌പോലെ നിങ്ങളും സഹിക്കണം” എന്നാണ് ഖുർആൻ നിഷ്കർശിക്കുന്നത്.ജന്മസിദ്ധമായി പാപമുക്തമായ ജീവിതമാണ് അമ്പിയാക്കളുടേത്. കാരണം ഒരാൾ പ്രവാചകൻ ആകണമെങ്കിൽ അഗാധ ജ്ഞാനിയും പാപ മുക്തനും ആയിരിക്കണം. മാത്രവുമല്ല, അവരെ പൂർണ്ണമായും പിൻപറ്റാനാണ് മനുഷ്യർ കൽപ്പിക്കപ്പെട്ടിട്ടുള്ളത് എന്നിരിക്കെ അവർ ദോഷികൾ ആയിരുന്നുവെങ്കിൽ അവരെ പിൻപറ്റാനുള്ള കൽപ്പന തിന്മയിലേക്കുള്ള പ്രേരണയാണ് എന്ന് പറയേണ്ടിവരും എന്ന ധൈഷണികമായ ഒരു തെളിവ് കൂടി ഇതിന് പറയാനാകും. തിരുനബിയുടെ പാപ സുരക്ഷിതത്വത്തിന്റെ ഭാഗമായിരുന്നു കുട്ടിക്കാലത്തും പ്രവാചക ലബ്ദിയുടെ സമയത്തും ആകാശാരോഹണ വേളയിലുമായി മൂന്ന് തവണ അവിടുത്തെ നെഞ്ചു പിളർത്തിയുള്ള ഹൃദയ ശുദ്ധീകരണം. കുട്ടിക്കാലത്തുതന്നെ ദോഷങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയും സൽസ്വഭാവങ്ങളെല്ലാം ഉൾക്കൊള്ളുകയും ചെയ്തു എന്ന കാരണത്താലായിരുന്നു അൽ-അമീൻ എന്ന സ്ഥാനനാമം തിരുനബിക്ക് ലഭിച്ചത്.

 ഓരോ പ്രവാചകരെ നിയോഗിക്കുമ്പോഴും ലക്ഷ്യ പ്രാപ്തിക്ക് സഹായകമാകുന്ന ചില അമാനുഷിക സിദ്ധികൾ കൂടി നൽകാറുണ്ട്. എതിരാളിയുടെ വെല്ലുവിളിക്കു മുമ്പിൽ അടി പതറാതിരിക്കാൻ ശത്രുക്കൾ അശക്തരാകും വിധമുള്ള ആ അമാനുഷിക സിദ്ധികൾക്കാണ് മുഅ്ജിസത്ത് എന്ന് പറയുന്നത്. തത്തുല്യമായത് കൊണ്ടുവരാൻ എതിരാളിയെ അശക്തമാക്കുന്നു എന്ന കാരണത്താലാണ് ഇവക്ക് ഈ പേര് വന്നത്. അത് ഖുർആനിനെ പോലെ വാചികമോ കൈവിരലുകൾക്കിടയിൽ നിന്ന് ശുദ്ധജലമൊഴുക്കിയത് പോലോത്ത പ്രാവർത്തികമോ ഇബ്രാഹിം നബിയെ തീ ഭസ്മമാക്കാത്തത് പോലെയുള്ള ഉപേക്ഷയോ ആയിരിക്കുക, പതിവിനു വിപരീതമായിരിക്കുക, ഒരു പ്രവാചകൻ മുഖേനയായിരിക്കുക, പ്രവാചകത്വ വാദത്തിന് തൊട്ടുടനെയായിരിക്കുക ,വാദത്തിന് അനുകൂലമായിരിക്കുക, പ്രവാചകത്വത്തിനെ നിരാകരിക്കുന്നതാകാതിരിക്കുക, എതിരാളിക്ക് സമാനമായത് കൊണ്ടുവരാൻ പ്രാപ്തിയില്ലാതിരിക്കുക, പടിഞ്ഞാറു നിന്നും സൂര്യനുദിക്കുന്നത് പോലെ സംഭവ്യം അസംഭവ്യമായ കാലത്ത് ആകാതിരിക്കുക എന്നിങ്ങനെ എട്ട് നിബന്ധനകളാണ് 

പണ്ഡിതർ മുഅ്ജിസത്തിന്ന് നിർണ്ണയിച്ചിട്ടുള്ളത്. എതിരാളിയെ വെല്ലുവിളിക്കൽ, പ്രവാചകരിൽ നിന്നായിരിക്കൽ എന്നിവ നിർബന്ധമാണ് എന്ന കാരണത്താലാണ്  കറാമത്തിൽ നിന്നും മുഅ്ജിസത്ത് വ്യതിരിക്തമാകുന്നത്. എന്നാലും ഒരു വലിയ്യിന്റെ കറാമത്ത് പ്രവാചകന്റെ സത്യസന്ധതയെ സ്ഥിരപ്പെടുത്തുന്നതിനാൽ ആ കറാമത്തും ആ പ്രവാചകൻറെ മുഅ്ജിസത്തായി ഗണിക്കപ്പെടും. 

നക്ഷത്ര ശാസ്ത്രം, മാരണം, പ്രശ്നം വെപ്പ് എന്നിവ മുഅ്ജിസത്തിൻറെ നിർവ്വചന കവചത്തിൽ നിന്നും പുറത്താണ്. കാരണം ഒരു അസത്യ വാദിയിൽ നിന്നും ഇത്തരത്തിലുള്ളവ   പ്രകടമാകൽ സംഭവ്യമാണ്,

മാത്രവുമല്ല എതിരാളിയെ തന്റെ കൈ വലയത്തിലൊതുക്കാൻ ഇവ പര്യാപ്തമല്ല. കാരണം ഇവയെ ചെറുത്തു തോൽപ്പിക്കാനുള്ള പ്രതിവിധികൾ അനവധിയുണ്ട്. മാത്രവുമല്ല, തുലോം തുച്ഛം കാര്യങ്ങളിൽ മാത്രമേ ഇവർക്ക് ശരിയെ പ്രാപിക്കാനായിട്ടുള്ളൂ. എന്നാൽ പ്രവാചകരുടെ മുഅ്ജിസത്തുകളെല്ലാം സത്യസന്ധമായിരുന്നു. സൃഷ്ടാവിന്റെ പ്രത്യേക സമ്മതം മൂലം സ്വയേഷ്ടപ്രകാരം ഏതു സമയത്തും ഇവ പ്രകടമാക്കാനുള്ള കൈകാര്യാവകാശവും  അമ്പിയാക്കൾക്കുണ്ട്.   

ഓരോ കാലഘട്ടത്തിലേയും ചിന്താഗതിക്കും നാഗരികതയ്ക്കും അനുയോജ്യമായ മുഅ്ജിസത്തുകളയിരുന്നു അക്കാലഘട്ടത്തിൽ പ്രകടമാക്കപ്പെട്ടത്. മാരണത്തിലും മാന്ത്രിക വിദ്യയിലും നിപുണരായ ഈജിപ്ഷ്യൻ ജനതയിലേക്ക് അവതരിപ്പിക്കപ്പെട്ട മൂസാ നബിയുടെ വടിയും, വൈദ്യശാസ്ത്രത്തിൽ അഗ്രഗണ്യരായിരുന്ന ജനതയിൽ ഈസാ നബി വെള്ളപ്പാണ്ടും കുശ്ട രോഗവും മാറ്റിയതും മരിച്ചവരെ ജീവിപ്പിച്ചതും,

സാഹിത്യ വൈഭവത്തിലും ഭാഷാ നൈപുണ്യത്തിലും അഗ്രേസരരായ അറേബ്യൻ ജനതയിലേക്ക് ഇറക്കപ്പെട്ട വിശുദ്ധ ഖുർആനും ഇതിനുള്ള ചില ഉദാഹരണങ്ങൾ മാത്രമാണ്. ഖുർആനല്ലാത്ത ഒരു മുഅ്ജിസത്തും മുഹമ്മദ് നബിയുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്ന ഓറിയന്റലിസ്റ്റുകളുടെ വാദം ബാലിശമാണ്. കാരണം ബദർ, ഉഹദ്, ഖന്തഖ് രണ ഭൂമികളിൽ മാലാഖമാരുടെ ആഗമനം, ചന്ദ്രപ്പിളർപ്പ്, ഇസ്രാഅ് മിഅ്റാജ്, ജിബ്രീലിന്റെ തനത് രൂപദർശനം തുടങ്ങിയ ഒട്ടനവധി അമാനുഷിക സംഭവങ്ങൾക്ക് തിരു ജീവിതം സാക്ഷിയായിട്ടുണ്ട്. 

എന്നാൽ ഖുർആനിനെ കവച്ചുവെക്കുന്ന മറ്റൊരു മുഅ്ജിസത്തും ഇന്നോളം ഉണ്ടായിട്ടില്ല. ഏറ്റവും പ്രഥമവും പ്രബലവുമായ മുഅ്ജിസത്ത് ഖുർആൻ തന്നെയാണ്. വൈജാത്യങ്ങൾ ഒന്നുംതന്നെ കടന്നുവരാതെ നിരന്തരമായ കൈമാറ്റ പ്രക്രിയയിലൂടെ ലോകാവസാനം വരെ നില നിൽക്കും എന്നതാണ് ഖുർആനിലെ ഏറ്റവും വലിയ അമാനുഷികത. 

എഴുപതിനായിരം മുഅ്ജിസത്തുകൾ അടങ്ങിയ ഒരു വലിയ മുഅ്ജിസത്താണ് ഖുർആൻ, അല്ല ഖുർആനിലെ ഓരോ വചനങ്ങളും അമാനുഷികമാണ് എന്നതാണ് പണ്ഡിത ദർശനം. നാലു രൂപങ്ങളിലായിട്ടാണ് ഖുർആൻ ഈ അമാനുഷികതകളെയെല്ലാം ഉൾവഹിച്ചിട്ടുള്ളത്. ഹൃദയസ്പർശിയായ പദപ്രയോഗങ്ങളും പദാവലിയിലെ യോജിപ്പുമാണ് ഒന്നാം രൂപം. ഏതൊരു നിഷ്പക്ഷ വായനക്കാരനേയും നേർമാർഗത്തിലെത്തിക്കാനുള്ള  മാസ്മരിക ശക്തി ഖുർആനിനുണ്ട്. 

     അത്ഭുതകരമായ ഘടനയും കോർവ്വയിലെ മികവുമാണ് രണ്ടാം രൂപം. ചുരുങ്ങിയ പദങ്ങളിലൂടെ സമുദ്ര സമാനമായ ആശയങ്ങളെ ഉൾക്കൊള്ളിക്കുന്നു എന്ന കാരണത്താലാണ് അക്കാലത്തെ സാഹിത്യ സാമ്രാട്ടുകളെല്ലാം ഖുർആനിനു മുന്നിൽ മുട്ടു മടക്കിയത്. ഖുർആനിലെ പ്രവചനങ്ങളെല്ലാം അക്ഷരംപ്രതി പുലരുന്നു എന്നതാണ് മൂന്നാം രൂപം. പരജ്ഞാനിയായ സ്രഷ്ടാവ് അല്ലാത്ത ആരും അറിയാൻ വകയില്ലാത്ത പലരുടെയും മാനസിക സംസാരങ്ങളേയും പുറത്തുകൊണ്ടുവരുന്നു എന്നതും ഇതിൽ പെടുന്നതാണ്. കാല വൈദൂര്യം കാരണം  

ജനങ്ങൾ അറിയാനിടയില്ലാത്ത പൂർവ്വകാല ഫറോവമാരുടേയും ജന സമൂഹങ്ങളുടെയും ചരിത്രം പ്രതിപാദിക്കുന്നു എന്നതാണ് നാലാം രൂപം.അക്കാലത്തെ തിരുനബിയുടെ സമകാലികർ മുഅ്ജിസത്തുകളെ ആവശ്യപ്പെട്ടിരുന്നത് സംശയ ദൂരീകരണത്തിനുവേണ്ടിയായിരുന്നില്ല. മറിച്ച് എങ്ങനെയെങ്കിലും പ്രവാചകൻ തകർന്നു കാണണം എന്ന ലക്ഷ്യത്താലായിരുന്നു. 

പ്രധാനമായും ഇതിന് നാല് തെളിവുകളാണുള്ളത്. 

1)“ഇദ്ധേഹം ഒരു സത്യദൂതനാണെങ്കിൽ നീ ഞങ്ങളിൽ കൽ മഴ വർഷിപ്പിക്കുകയോ വേദനാജനകമായ അദാബിറക്കുകയോ ചെയ്യണേ...”എന്നായിരുന്നു അവരുടെ പ്രാർത്ഥന 

2) ജ്വലിച്ചു നിൽക്കുന്ന ചന്ദ്രനെ പിളർത്തി കാണിച്ചു കൊടുത്തപ്പോഴും ഇത് വ്യക്തമായ മാരണമാണ് എന്നായിരുന്നു അവർ പ്രതികരിച്ചത്. 

3)“നീ ആകാശത്തേക്കൊരു കോണി പണിത് ഞാൻ നോക്കി നിൽക്കേ അതിലേക്ക് കയറി നിന്നെ സത്യവൽക്കരിക്കുന്ന നാലു മാലാഖമാരുമായി വന്നിട്ടല്ലാതെ ഞാൻ നിന്നെ വിശ്വസിക്കില്ല” എന്നായിരുന്നു  അബ്ദുല്ലാഹി ബ്നു അബീ ഉമയ്യത്തിൽ മഖ്സൂമി വാചാലനായത്. 

4) മുശ്രികീങ്ങളുടെ നേതാവ് അബൂജഹലിന്റെ ഭാഷ്യം ഇപ്രകാരമായിരുന്നു : “ഞങ്ങളും ബനൂ അബ്ദിമനാഫും കുലമഹിമയിലും സേവന നിരതയിലും അന്യോന്യം മത്സരിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ അവരുടെ കുടുംബത്തിൽ നിന്ന് മാത്രം ഒരു പ്രവാചകൻ നിയോഗിതനായെങ്കിൽ അത് നാം അംഗീകരിക്കില്ല.” തീർത്തും അഹങ്കാരത്തിന്റെ മൂർധന്യതയിലായിരുന്നു ഈ സംസാരം.

പ്രവാചക ശൃംഖലയുടെ അവസാന കണ്ണിയും തിരുനബിയായിരുന്നു. അന്ത്യ പ്രവാചകരുടെ സത്യ പ്രവാചകത്വം സ്ഥിരപ്പെടുത്തുന്നതാണ് “അവിടുത്തെ മക്കളാരും നബിയായില്ല” എന്ന ആരോപണങ്ങൾക്ക് പോലും വകയില്ലാത്ത വിധം മക്കളെയെല്ലാം അല്ലാഹു നേരത്തെ മരിപ്പിച്ചത്. ഇനിയൊരു പ്രവാചകനോ പുതിയ ശരീഅത്തോ ആവശ്യമില്ലാത്ത വിധം സർവ്വ ജനങ്ങളിലേക്കും കൂടിയാണ് തിരുനബിയുടെ നിയോഗം. കാരണം പൂർവ്വകാല മതങ്ങളും നിയമങ്ങളുമെല്ലാം കാലഹരണപ്പെട്ടു പോയെങ്കിലും മുഹമ്മദ് നബിയുടെ ശരീഅത്ത് ഒരു മാറ്റത്തിരുത്തലുകൾക്കും വിധേയമാകാത്ത വിധം ഇന്നും നിലനിൽക്കുന്നു. മാത്രവുമല്ല ശാരീരികമായി തിരുനബി വഫാത്തായിട്ടുണ്ടെങ്കിലും ആത്മീയ നേതൃത്വമായി ഇന്നും  ജീവിക്കുന്നു. 

എന്നാൽ മറ്റു പ്രവാചകരെല്ലാം വഫാത്തായതോടെ അവരുടെ നുബുവ്വത്ത് നിലച്ചു പോയി എന്നതാണ് സത്യം. “നിങ്ങൾ മുഹമ്മദ് നബിയുടെ കാലത്ത് ജീവിക്കാനിടയായാൽ അദ്ദേഹത്തിൻറെ ശരീഅത്ത് അനുധാവനം ചെയ്തും അദ്ദേഹത്തെ സഹായിച്ചുമാണ് കഴിയേണ്ടത്”എന്നാണ് പ്രവാചകരോടെല്ലാം അല്ലാഹുവിന്റെ കൽപ്പന. ലോകാവസാന വേളയിൽ ഭൂമിയിലേക്ക് ഇറങ്ങിവരുന്ന ഈസാ നബി അലൈഹിസ്സലാം വിധി പറയുന്നതും മുഹമ്മദ് നബിയുടെ മതമനുസരിച്ചായിരിക്കും.“മൂസാ നബി ഇക്കാലത്ത് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ധേഹം എന്റെ അനുയായിയായിട്ടായിരിക്കും കഴിയുക”എന്ന പ്രവാചകവചനം ഏറെ പ്രസിദ്ധമാണ്. അതുകൊണ്ടുതന്നെ പ്രവാചകരുടെ നേതാവായിട്ടുമാണ് തിരുനബിയെ അള്ളാഹു തിരഞ്ഞെടുത്തത് എന്ന് മനസ്സിലാക്കാം.

Questions / Comments:



No comments yet.


PORTRAIT

പടച്ചവനോടുള്ള സ്നേഹം സഹജീവികളിലേക്കങ്ങനെ ഒഴുകുമ്പോൾ, അത്രമേൽ സൂക്ഷ്മതയോടെ ആരാധനകളിലും ഓരോ ചലന നിശ്ചലനതയിലും മുഴുകുമ്പോൾ, ജീവിതം വിനയമാകുമ്പോൾ, അവർ ഇലാഹീ പ്രണയത്തിലലിഞ്ഞിരിക്കുകയാണ്....

SOCIAL

ശാസ്ത്രത്തെ മൂല്യാനുസൃതമായി സമീപിക്കാതിരുന്നതോടുകൂടെ സാങ്കേതിക വിദ്യ പ്രകൃതിവിരുദ്ധമായി തുടങ്ങി. ശാസ്ത്ര-സാങ്കേതിക രംഗങ്ങൾ പ്രഫുല്ലമായിരുന്ന മുസ്‌ലിം...

RELIGION

പവിത്രമായ ആമോദപ്പുടവയണിഞ്ഞ് പെരുന്നാൾ സുദിനം അണവായിരിക്കുന്നു. പാരിതോഷികങ്ങളുടെ വിരുന്നുസൽക്കാരമായ ഈദുൽ ഫിത്വർ. റമളാനിൽ നുകർന്ന നന്മകളുടെ നനവുകൊണ്ട് നമുക്കീ...

RELIGION

പരിശുദ്ധ ഖുർആൻ മനുഷ്യസൃഷ്ടിക്കതീതമാണെന്ന് അതിൻ്റെ സംവേദനരീതിയും സാഹിതീയചാരുതിയും ആശയസമൃദ്ധിയും വ്യക്തമാക്കുന്നുണ്ട്. പാവനമായ ദൈവികമാർഗത്തിലൂടെ,...

RELIGION

അമിതാഹാരമുണ്ടാക്കുന്ന ആലസ്യം മനുഷ്യന്റെ കര്‍മകുശലതയെ ഭഞ്ജിക്കുകയും അതിവേഗ വാർദ്ധക്യം സമ്മാനിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ, മുസ്‌ലിമിൻ്റെ നോമ്പനുഷ്ഠാനം...

BOOKHIVE

സർവചലനനിശ്ചലതയിലും അതിശയരായ അമ്പിയരാജരെ പകർത്തെഴുതുന്നതിലൂടെ സുഗന്ധകുസുമങ്ങളായി പുതുങ്ങുകയാണ് നാമോരോരുത്തരും. തിരുനബിയനുചരരുടെ മേൽവിലാസം തന്നെ അവിടുത്തെ...

RELIGION

സമസ്ത സൗന്ദര്യസങ്കൽപ്പങ്ങളുടെയും സമഗ്രസമ്മേളനമായിരുന്നു ആറ്റലോരുടെ തിരുശരീരാവയവങ്ങൾ. അവിടുത്തെ ആകാര സൗഷ്ടവം ഉപമാലങ്കാരങ്ങൾ അസാധ്യമാം വിധം...

RELIGION

വിശാലമായ തിളക്കമുള്ള നെറ്റിത്തടം, വടിവൊത്ത് ദ്വയങ്ങൾ പരസ്പരം ചേരാത്ത രോമനിബിഢമായ പുരികങ്ങൾ, മൃദുലമായ പരന്ന കവിളുകൾ, ചുവപ്പു കലർന്ന തൂവെള്ള കണ്ണുകൾ, കറുത്ത കൃഷ്ണമണികൾ. ഇങ്ങനെ നീളുന്നു...

RELIGION

ഉപമിക്കാനാവാത്ത വിധം സൗന്ദര്യനിദർശനമായ പ്രവാചകരുടെ അവയവാകാര സൗഷ്ഠവത്തിൽ വിശുദ്ധ വക്ത്രം, ദശനങ്ങൾ, നാസിക, ശ്രവണേന്ദ്രിയം, അധരങ്ങൾ, ഉമിനീർ എന്നിവയുമായി ബന്ധപ്പെട്ട ചർച്ച...

RELIGION

തിരുനബിയെ വർണിക്കാൻ ഏറ്റവും അഭികാമ്യമായ ഭാഷയോ വാക്കുകളോ അവർക്കില്ലായിരുന്നു. റസൂലിന്റെ സൗന്ദര്യത്തിന്റെ പരിപൂർണത ഭാഷക്കില്ലായിരുന്നു. ആ സൗന്ദര്യത്തെ പൂർണമായി മനസ്സിലാക്കാനും...

RELIGION

തിരുനബിയുടെ സൗന്ദര്യത്തെയും ശരീരപ്രകൃതത്തെയും സസൂക്ഷമം വിശകലനം ചെയ്യുന്ന പഠനശാഖയാണ് ശമാഇലുന്നബി. ഗഹനവും വശ്യവുമായ തിരുസൃഷ്ടിപ്പിന്റെ അഗാധതയാണതിന്റെ ആധാരം....