പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി ഉച്ചകോടികളും പാരിസ്ഥിതിക അവകാശ സംരക്ഷണ പ്രസ്ഥാനങ്ങളും സജീവമായിട്ടും ആഗോളതലത്തിൽ പ്രതിസന്ധികൾ പരിഹരിക്കാനാവാത്തതെന്തുകൊണ്ടാണ്? ആധുനിക പരിസ്ഥിതി സമീപനങ്ങളിലെ അപാകതകളും പ്രവാചകപാഠങ്ങളുടെ സമഗ്രതയും വിശകലനം ചെയ്യുന്നു.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം അഭേദ്യമാണ്. മനുഷ്യൻറെ നിലനിൽപ്പ് തന്നെ പ്രകൃതിയെ ആശ്രയിച്ചുകൊണ്ടാണ്. പ്രകൃതിയോടുള്ള മനുഷ്യൻറെ കടപ്പാടുകൾ ഏറെ വലുതും വിലമതിക്കാനാവാത്തതുമാണ്. പരമ്പരാഗതമായി തുടർന്ന് പോരുന്ന പ്രകൃതിക്കു മേലുള്ള കൈകടത്തലുകൾക്കു പുറമെ ആധുനിക പാരിസ്ഥിതിക സങ്കല്പങ്ങളിൽ പലതും പ്രകൃതിവിരുദ്ധമാണ്. അതിനെ മറികടക്കാനാവശ്യമായ പ്രായോഗിക മാർഗങ്ങൾ തിരുനബിയുടെ പരിസ്ഥിതി പാഠങ്ങളിൽ നിന്നും വായിച്ചെടുക്കാനാവും. അതിനെ അടുത്തറിയും തോറും മനുഷ്യ-പ്രകൃതി ബന്ധങ്ങളിലെ സൗന്ദര്യവും അതിന്റെ പ്രായോഗിക സാധ്യതകളും കൂടുതൽ വ്യക്തമാവും.
പ്രധാനമായി, ആധുനികതയുടെ മനുഷ്യകേന്ദ്രീകൃത പാരിസ്ഥിതിക സങ്കല്പവും നിർമാണ മേഖലയും പ്രകൃതിയിലെ ആവാസവ്യവസ്ഥയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. പ്രകൃതിയിൽ മനുഷ്യേതര സസ്യ-ജന്തു ജീവജാലങ്ങൾക്ക് അത്ര പ്രാധാന്യം കൽപ്പിക്കുന്നില്ല എന്നതാണ് അതിലെ സുപ്രധാന പരിമിതി. ധാർമിക മൂല്യങ്ങൾ അവഗണിച്ചുകൊണ്ടുള്ള വികസനങ്ങളാണ് നവലോക ക്രമത്തിന്റെ പ്രവണത. അതിൻറെ പരിണിതഫലം അത്യന്തം ഭീകരവും അസഹ്യവുമായിരിക്കും. വികസിത രാജ്യങ്ങളിലധികവും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം കണക്കിലെടുക്കാതെയാണ് വികസനം സാധ്യമാക്കുന്നത്. പ്രകൃതി വിഭവങ്ങളുടെ ദൗർബല്യം പൂർണമായി അന്യനാടുകളെ ആശ്രയിക്കാനും ദാരിദ്ര്യത്തിന്റെ തോത് വർദ്ധിക്കാനും കാരണമാവും.
പ്രകൃതിയുടെ മേൽ എന്തും ചെയ്യാമെന്ന മനോഭാവം സൃഷ്ടിക്കുന്നത് പ്രധാനമായും രണ്ട് മിഥ്യാ സങ്കൽപ്പങ്ങളിൽ നിന്നാണ്. ഒന്ന്: പ്രകൃതിയിലെ വിഭവങ്ങൾ അനന്തമാണെന്ന വിശ്വാസം. രണ്ട്: പ്രകൃതിയിലെ ഏതെങ്കിലും വിഭവങ്ങൾ തീർന്നു പോയാലും അതിന് പകരമായി മറ്റൊന്ന് കണ്ടെത്താൻ ശാസ്ത്രത്തിന് ശേഷിയുണ്ടെന്ന മനസ്ഥിതി. ഈ രണ്ട് ധാരണകളും ഉൽപ്പാദിപ്പിക്കുന്നത് ആധുനിക പരിസ്ഥിതി സങ്കല്പത്തിന്റെ വിനാശകരമായ പാഠങ്ങളിൽ നിന്നാണ്. ഇന്ന് ആഗോളതലത്തിൽ തന്നെ നിരവധി സംഘടനകൾ പ്രകൃതി സംരക്ഷണാർത്ഥം പ്രവർത്തിക്കുന്നുണ്ട്. പക്ഷേ അതിനൊന്നും പുതിയ പാരിസ്ഥിതിക പ്രശ്നങ്ങളിൽ കാര്യക്ഷമമായി ഇടപെടാനോ പ്രതിവിധികൾ കണ്ടെത്താനോ സാധിക്കുന്നില്ലെന്ന സത്യം ഭൂമിയിലെ ആവാസ വ്യവസ്ഥകളുടെയും സസ്യ-ജന്തു ജാലങ്ങളുടെയും ഭാവിയെ കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നുണ്ട്.
1997-ൽ 150 ലോക രാഷ്ട്ര തലവന്മാർ ജപ്പാനിലെ "ക്യോട്ടോ പ്രോട്ടോക്കോൾ" എന്നറിയപ്പെടുന്ന കരാറിലെ വ്യവസ്ഥയനുസരിച്ച് ആഗോളതാപനത്തിന് ആക്കം കൂട്ടുന്ന വ്യവസായ സംരംഭങ്ങളിൽ ഏർപ്പെടരുതെന്ന് ലോകരാഷ്ട്രങ്ങളെ കർശനമായി താക്കീത് ചെയ്തിരുന്നു. ശേഷം വീണ്ടും 2009 ഡിസംബറിൽ ഡെൻമാർക്കിന്റെ തലസ്ഥാനമായ കോപ്പൻ ഹേഗനിൽ വെച്ച് 200 ഓളം വരുന്ന രാഷ്ട്ര നേതാക്കൾ ഉച്ചകോടികളും ചർച്ചകളും നടത്തിയിട്ടും പാരിസ്ഥിതിക സംരക്ഷണ പദ്ധതിയിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും തടയാനായി 2018 ഓഗസ്റ്റിൽ സ്വീഡിഷ് പാർലമെന്റിന്റെ മുമ്പിൽ ഗ്രേറ്റ ത്യുൻബർഗ് എന്ന പതിനെട്ടുകാരി നടത്തിയ പ്രതിഷേധത്തിനെ തുടർന്ന് ആഗോള രാഷ്ട്രങ്ങൾക്ക് ഉണർവ് വന്നിട്ടുണ്ടെങ്കിലും പ്രായോഗികമായി പുതിയൊരു പരിഹാര പദ്ധതി ആവിഷ്കരിക്കാൻ സാധിച്ചിട്ടില്ലെന്നതും ഖേദകരം തന്നെ.
തങ്ങൾക്ക് അർഹതപ്പെട്ട പാരിസ്ഥിതിക അവകാശങ്ങളെ സംരക്ഷിക്കാൻ വിമുഖത കാണിച്ച രാഷ്ട്രങ്ങളിലെല്ലാം പിന്നീട് ജനങ്ങൾ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുകയാണ് ചെയ്തത്. 2017-ൽ ഉഗാണ്ടയിൽ കാലാവസ്ഥ, പരിസ്ഥിതി എന്നിവയുടെ അവകാശ സംരക്ഷണത്തിനായി ഹിൽഡ ഫ്ലാവിയ (Hilda Flavia Nakabuye)യുടെ നേതൃത്വത്തിൽ ഫ്രൈഡേയ്സ് ഫോർ ഫ്യൂച്ചർ (Fridays for future) എന്ന പേരിൽ പ്രസ്ഥാനം രൂപീകരിക്കുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്തിരുന്നു. അതിനെ തുടർന്ന് അമേരിക്കയിലും മെക്സിക്കോയിലുമെല്ലാം ഇത്തരം പാരിസ്ഥിതിക അവകാശ സംരക്ഷണ പ്രസ്ഥാനങ്ങൾ ഉയന്നു വന്നു. എന്നിട്ടും കാര്യമായ മാറ്റങ്ങളൊന്നും കൊണ്ടുവരാൻ സാധിച്ചിട്ടില്ലെന്നത് ആധുനിക പാരിസ്ഥിതിക സങ്കല്പത്തിന്റെ വെല്ലുവിളിയായിട്ട് വേണം വിലയിരുത്താൻ.
സൈനികാവശ്യത്തിന് കോടിക്കണക്കിന് സമ്പത്ത് ചെലവഴിച്ച് ലോകത്തിലെ മിക്ക രാജ്യങ്ങളും ശക്തമായ ആണവായുധങ്ങൾ കൈവശപ്പെടുത്തിയിട്ടുണ്ടെന്നതാണ് യാഥാർത്ഥ്യം. ഭൂമിയിൽ ജീവജാലങ്ങളുടെ നിലനിൽപ്പ് അപകടത്തിലാക്കും വിധം മാരകമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ഒന്നാണ് ആണവമാലിന്യം. ആണവപരീക്ഷണം, നിലയങ്ങളുടെ ദുരന്തം, യുദ്ധം എന്നിവയുടെ ഫലമായി ഉണ്ടാകുന്ന റേഡിയോ വികിരണ ശേഷിയുള്ള അവശിഷ്ടങ്ങൾ, പ്രകൃതിയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതം അതിഭീകരവും തലമുറകളോളം പ്രതികൂലമായി ബാധിക്കുന്നവയുമാണ്. ഇത് ഉപയോഗിച്ച് ലോകത്തിൻറെ ഏതു കോണിലും നാശത്തിന്റെ ഇടിത്തീ വീഴ്ത്താൻ പ്രാപ്തമായ സ്ഫോടക വസ്തുക്കൾ നിർമിക്കുകയും മറ്റും ചെയ്തുകൊണ്ടിരിക്കുമ്പോൾ ഇസ്ലാമിക സൈനികരോട് തിരുനബി (സ) നൽകിയ സന്ദേശവും യുദ്ധമുഖത്ത് പോലും പാലിക്കേണ്ട പാരിസ്ഥിതിക നിയമങ്ങളും പ്രസക്തിയാർജിക്കുന്നതും ചർച്ചാവിധേയമാക്കേണ്ടതുമാണ്.
ഇസ്ലാമിൻറെ മൗലിക തത്വങ്ങൾ പാലിക്കപ്പെട്ടിരുന്നുവെങ്കിൽ ഇന്ന് നാം കാണുന്ന സൈനിക ആവശ്യത്തിന് വേണ്ടി നിർമിച്ചിരിക്കുന്ന ആണവ നിലയങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല. ദേശരാഷ്ട്രങ്ങളിലെ സൈനിക ആവശ്യത്തിനോ മറ്റോ ഉപയോഗിക്കുന്ന ആണവ നിർമാണ അവശിഷ്ടങ്ങൾ കടലിലേക്കാണ് പലപ്പോഴും ഒഴുക്കിവിടുന്നത്. അത് ജലാശയത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ കാരണമായി ഒട്ടനവധി ജീവികൾ കൂട്ടത്തോടെ നശിക്കുന്നു.
കടലിൽ മാത്രമല്ല കരയിലും ഇത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട്. 1945 ഓഗസ്റ്റിൽ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക വിക്ഷേപിച്ച ആണുബോംബിന്റെ കൊടുതികൾ ഇന്നും തീരാ പ്രശ്നങ്ങളായി അവശേഷിക്കുന്നു. ഓട്ടോമാറ്റിക് ബോംബ് ക്യാഷ്വാലിറ്റി കമ്മീഷൻ (A B C C-Atomic Bomb casuality Commission) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം റേഡിയോ വിഷബാധയേറ്റ നിരവധി പേർ അതിന്റെ പരിസര പ്രദേശങ്ങളിലടക്കം മരണമടയുന്നുണ്ട്. മാത്രമല്ല റേഡിയേഷൻ വിഷബാധയുടെ അനന്തരഫലമായി ക്യാൻസർ രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയും ചെയ്യുന്നുണ്ട്. പ്രസ്തുത പ്രദേശങ്ങളിൽ ജനിക്കുന്ന കുട്ടികൾ ജനന വൈകല്യങ്ങളുടെ ഇരകളായും കാണപ്പെടുന്നു. മസ്തിഷ്ക വൈകല്യങ്ങളും ഈ പ്രദേശങ്ങളിലെ നിത്യരോഗമായി മാറിക്കഴിഞ്ഞു.
ഇത്രയും ഭീകരമായ വിപത്തുകൾ സംഭവിക്കുന്നത് പ്രകൃതിക്കുമേൽ ആധുനികതയുടെ അധീശത്വം അതിരുകടന്നതിനാലാണ്. ഇസ്ലാമിക് സങ്കല്പങ്ങളിൽ പ്രകൃതിയോടുള്ള സമീപനം പരിസ്ഥിതിക്ക് ക്ഷതമേൽപ്പിക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും മാറിനിൽക്കാൻ പ്രചോദനമേകുന്നതാണ്. ഇസ്ലാമിലെ സ്വർഗീയ സങ്കല്പങ്ങൾ പോലും പരിസ്ഥിതിയെ പ്രതിനിധാനം ചെയ്യുന്നവയാണ്. തോട്ടങ്ങളും അരുവികളും നദികളും സംബന്ധിച്ച പരാമർശങ്ങൾ ഖുർആൻ പ്രതിപാദിക്കുന്നത് കാണാം. ഭൂമിലോകത്തുള്ള എല്ലാ ജന്തുക്കളെയും ഖുർആൻ 'ഉമ്മത്ത്'എന്നാണ് പ്രയോഗിച്ചത്. അഥവാ അസ്ഥിത്വമുള്ള ജനത. ഖുർആൻ പറയുന്നു:ഭൂമിയിലുള്ള ഏതൊരു ജന്തു വർഗവും ഇരു ചിറകുകൾ കൊണ്ട് പറക്കുന്ന ഏത് ഒരു പറവ വർഗവും നിങ്ങളെ പോലെയുള്ള സമുദായം തന്നെയാണ്(ഹൂദ്/6). ഇസ്ലാം വിഭാവനം ചെയ്യുന്ന നാഗരിക-പ്രകൃതി വ്യവസ്ഥിതിയിൽ മനുഷ്യേതര ജന്തു സസ്യലതാദികൾക്ക് വകവെച്ചു നൽകുന്ന അവകാശങ്ങളും ആവശ്യങ്ങളും അനുഭാവപൂർവം പരിഗണിക്കുകയാണിവിടെ. ഒരു ഹദീസിൽ ഇങ്ങനെ കാണാം : "നായകൾ ജനതകളിൽ പെട്ട ഒരു ജനതയായിരുന്നില്ലെങ്കിൽ അവരെ കൊല്ലാൻ ഞാൻ കൽപ്പിക്കുമായിരുന്നു " (അബൂദാവൂദ്, തിർമുദി). മനുഷ്യവർഗത്തിന് ഖുർആൻ അനുവദിച്ചു കൊടുത്ത പലതും പ്രകൃതിപരവും ജൈവികവുമായ വൈകല്യങ്ങൾ നിമിത്തം ഇതര ജന്തുക്കൾക്ക് ആവാഹിച്ചെടുക്കാനാവില്ലെങ്കിലും സാധ്യമായ വിധേനയെല്ലാം നമ്മെ പോലെതന്നെ പരിഗണന നൽകിയേ മതിയാവൂ എന്ന് ഈ വചനങ്ങൾ വിളംബരം ചെയ്യുന്നു.
പ്രകൃതിയിലെ വസ്തുക്കളെ മാന്യമായി വിനിയോഗിക്കലാണ് പാരിസ്ഥിതിക ലക്ഷ്യമെന്നും ഖുർആൻ ഉണർത്തുന്നു. "ഭൂമിയിലുള്ള സകലതും നിങ്ങൾക്ക് വേണ്ടി സൃഷ്ടിച്ചതാണ്"(അൽ ബഖറ/29).അഥവാ നിങ്ങളുടെ പ്രയോജനത്തിനു വേണ്ടിയെന്ന്. ഹൃസ്വമായി പറഞ്ഞാൽ ഖുർആൻ ഭൂമിലോകത്തെ മുഴുവൻ പദാർത്ഥങ്ങളെയും ഒറ്റസമൂഹമായെടുത്ത് അവയെല്ലാം മനുഷ്യന് പ്രയോജനപ്രദമാണെന്നും മാന്യമായി ഉപയോഗിക്കണമെന്നും നിർദേശിക്കുന്നു.
ഇസ്ലാം പ്രകാരം ഒരാളുടെ വിശ്വാസം സമ്പൂർണമാകണമെങ്കിൽ സഹജീവികളോടും പ്രകൃതിയോടും മാന്യമായി പെരുമാറൽ അനിവാര്യമാണ്. അല്ലാഹു മനുഷ്യനെ അവന്റെ പ്രതിനിധിയായിട്ടാണ് ഭൂമിയിൽ നിയോഗിച്ചിട്ടുള്ളത്. ഈ പ്രാതിനിധ്യം നിറവേറ്റപ്പെടുന്നത് അവൻറെ മനുഷ്യേതര സൃഷ്ടികളെക്കൂടെ പരിപാലിക്കുമ്പോഴാണ്. പ്രകൃതിയുടെ പരിപാലനമാണ് പ്രതിനിധാനത്തിന്റെ പൊരുളെന്ന് പറയാം. പ്രതിനിധിയായി വന്ന് അവൻറെ ചരാചരങ്ങളെ നശിപ്പിക്കുന്നത് ധിക്കാരമാണ്.
സന്തുലിതമായാണ് പ്രകൃതിയെ അല്ലാഹു സംവിധാനിച്ചതെന്ന് ഖുർആൻ പലയിടത്തും വ്യക്തമാക്കിയിട്ടുണ്ട്. "എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചത് നിശ്ചിത തോതിലാണ് " (ഖമർ|49). "പ്രപഞ്ചത്തെ സന്തുലിതമായി സ്ഥാപിച്ചു" (റഹ്മാൻ|15).ഈ സന്തുലിതയെ മറികടക്കുന്ന എല്ലാ പ്രവണതകളെയും ഇസ്ലാം നിരോധിച്ചു. അതിലെല്ലാം മിതവ്യയത്തെയാണ് ഇസ്ലാം പ്രോത്സാഹിപ്പിച്ചത്. തീവ്രതയെയും പിശുക്കിനെയും നിരുത്സാഹപ്പെടുത്തി. പ്രകൃതിവിഭവങ്ങളുടെ ചൂഷണങ്ങൾ വർധിച്ച പുതിയ കാലത്ത് തീർച്ചയായും തിരുനബിയുടെ നിലപാടും പ്രകൃതിയോടുള്ള സമീപനങ്ങളും പ്രസക്തിയാർജിക്കുന്നുണ്ട്. ഖുർആൻ പറയുന്നു: "നിങ്ങൾ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുക, പക്ഷേ ഒരിക്കലും അമിതവ്യയം നടത്തരുത് " (അഅ്റാഫ്|31).
പ്രകൃതിയോടുളള പ്രവാചക വ്യവഹാരങ്ങൾ ഇന്ന് ജനങ്ങൾ അനുഭവിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളുടെ പരിഹാര മാർഗങ്ങളാണ്. മരങ്ങളും കാടുകളും ദിനംപ്രതി വെട്ടിമാറ്റുമ്പോൾ അതിനോട് സമാനമായ പരിസ്ഥിതി സംവിധാനത്തെ പുന:സ്ഥാപിക്കാൻ ആരും സന്നദ്ധരാവുന്നില്ല. നബി (സ) ഉണർത്തി : "ഏതെങ്കിലും ഒരു വിശ്വാസി ഒരു മരം നടുകയോ കൃഷി സ്ഥാപിക്കുകയോ ചെയ്തു, അതിൽനിന്ന് പക്ഷി മൃഗങ്ങൾ ഭക്ഷിക്കുകയും ചെയ്താൽ അതവന് പ്രതിഫലദായകമാണ്".മറ്റൊരു ഹദീസ് വചനം ഇങ്ങനെ: "നാളെ അന്ത്യനാൾ ആണെന്ന് അറിഞ്ഞിരിക്കെ നിങ്ങളുടെ കയ്യിൽ ഒരു ചെടിയുണ്ടെങ്കിൽ അത് നട്ടുപിടിപ്പിക്കണം " പ്രകൃതിയുടെ ശാശ്വതവും ഉചിതവുമായ ഇത്തരം തിരുവചനങ്ങൾ നവലോക പരിസ്ഥിതി നശീകരണത്തെ ശക്തമായി എതിർക്കുന്നു.
ജലമലിനീകരണത്തെയും നബി (സ) വിരോധിക്കുന്നതായി കാണാം. ഒഴുകുന്ന നദിയിൽ നിന്ന് അംഗസ്നാനം നടത്തുന്നുവെങ്കിലും മൂന്നിൽ കവിയാതിരിക്കണം എന്ന് തുടങ്ങി നിരവധി മുൻനിർദേശങ്ങൾ നബി (സ) നടത്തിയിട്ടുണ്ട്. ഇന്ന് പ്രകൃതിക്ക് ഭീഷണിയായി നാം കാണുന്ന മരുഭൂവൽക്കരണം (Desertification), ആഗോളതാപനം (Global warming), കാലാവസ്ഥ വ്യതിയാനം (Climate change), മണ്ണൊലിപ്പ് (Erosion) തുടങ്ങിയ എല്ലാ പ്രത്യാഘാതങ്ങൾക്കും പര്യാപ്തമാകുന്ന പ്രതിവിധികൾ തിരുനബി മാതൃകയിലുണ്ട്. വരുംകാലത്ത് പ്രകൃതി ദുരന്തങ്ങളും പ്രതിസന്ധികളും പ്രവചനാതീതവും സങ്കൽപ്പങ്ങൾക്കപ്പുറവുമായിരിക്കും. അതിനെ മറികടക്കാൻ തിരു അധ്യാപനങ്ങളെക്കാൾ പര്യാപ്തമായ മറ്റൊരു പരിഹാര മാർഗവും ലഭ്യമല്ല.