പ്രവാചകരുടെ അമാനുഷികതയായിരുന്നു ഖുര്‍ആന്‍. എന്തിനായിരുന്നു അമാനുഷികതയായി ഖുര്‍ആന്‍ നല്‍കിയത്? അതിനു പിന്നിലൊരു യാഥാര്‍ത്ഥ്യമുണ്ട്. നാഥന്‍ തന്റെ പന്ഥാവിലേക്ക് ക്ഷണിക്കാന്‍ ദൂതന്മാരെ നിയോഗിച്ചിരുന്നു. ഓരോ കാലത്തും അക്കാലത്തെ സാമൂഹിക വ്യവസ്ഥിതിക്കും അനുയോജ്യമായ നിലയിലായിരുന്നു ഈ നിയോഗം. അതിനു തക്കതായ അമാനുഷികതയും അവര്‍ക്കു നല്‍കി. മാരണം കൊണ്ട് പ്രസിദ്ധമായ കാലത്തേക്കാണ് മൂസാനബി(അ)നെ നാഥന്‍ നിയോഗിക്കുന്നത്. അതിനാല്‍ സകല മാരണങ്ങളെയും വെല്ലുന്ന അമാനുഷികതയുമായി അവരെ അയച്ചു. ഭിഷഗ്വരവേലകളില്‍ പ്രസിദ്ധരായ ജനവിഭാഗങ്ങളിലേക്കാണു ഈസാനബി(അ)നെ നിയോഗിക്കുന്നത്. അതുകൊണ്ടാണ് വൈദ്യമേഖലയില്‍ അമാനുഷികമായ കഴിവുകളുമായാണ് ഈസാ(അ) വരുന്നത്.
       സാഹിത്യസമ്പന്നതക്ക് പേര് കേട്ട സാഹചര്യത്തിലാണ് മുഹമ്മദ് നബി(സ) തങ്ങള്‍ പിറക്കുന്നത്. നിമിഷങ്ങള്‍കൊണ്ട് സാഹിത്യത്തില്‍ മറുപടിപറയുന്ന ജനതക്കു മുമ്പില്‍ അതെ സാഹിത്യംകൊണ്ട് അവരെ അടക്കിയിരുത്തിയാണ് ഖുര്‍ആന്‍ വന്നത്. അതുകൊണ്ടാണ് ഖുര്‍ആന്‍ സാഹിത്യസാമ്രാട്ടുകളെ വെല്ലുവിളിച്ചത്. അധ്യായം ഇസ്‌റാഇലെ 88-ാം വാക്യം ‘നബിയേ അരുളുക, ഈ ഖുര്‍ആനിനു സമാന്തരമായി ഒരു ഗ്രന്ഥം ചമക്കാന്‍ മനുഷ്യരും ജിന്നുകളും ഒന്നിച്ചാല്‍ പോലും അസാധ്യമാണ്’. ഈ വെല്ലുവിളികേട്ട അറബി സാഹിത്യകാരന്മാര്‍ ഖുര്‍ആന്റെ സാഹിത്യത്തിനു മുന്നില്‍ ശിരസ്സ് നമിച്ചു.

അറബിസാഹിത്യം

    അത്ഭുതാവഹവും അതിവിശാലവുമാണ് അറബിസാഹിത്യം. അതിലേക്കു കടന്നു ചെല്ലുന്നിടത്തോളം അത് പ്രവിശാലമാണെന്നു ബോധ്യപ്പെടും. ന്യൂനതകളില്‍ മുക്തമായി അവസരോചിതമായ ഇടപെടലുകള്‍ക്കാണ് അറബിയില്‍ സാഹിത്യം എന്ന വിവക്ഷ. വാക്കുകളും വാക്യങ്ങളും ന്യൂനതകളില്‍നിന്നും മുക്തമാകേണ്ടതാണ്. അക്ഷരോച്ചാരണ പ്രയാസത്തില്‍നിന്നും വാക്കുകളുടെ അപരിചിതത്വത്തില്‍ നിന്നും ഭാഷാപരമായ തെറ്റുകളില്‍നിന്നും മുക്തമാവുമ്പോള്‍ ആ വാക്കുകള്‍ അന്യൂനമാണെന്നു പറയാം. ഒരു വാക്യം ഭാഷാവ്യാകരണത്തെറ്റുകളില്‍ നിന്നും ഉച്ചാരണ പ്രയാസത്തില്‍നിന്നും അര്‍ത്ഥശങ്കകളില്‍ നിന്നും മുക്തമാവുമ്പോള്‍ ആ വാചകം അന്യൂനമാവുന്നു. ഉദ്ധാരകന് അന്യൂനമായി ഇത്തരം വാക്യങ്ങള്‍ കൊണ്ട് സംസാരിക്കാനോ ആശയ സംവേദനം നടത്താനോ ഉള്ള പ്രാപ്തി നേടുകയും വേണം. ഇത്തരം വാക്കുകള്‍ സാന്ദര്‍ഭികവും അവസരോചിതവുമായി ഉപയോഗിക്കുമ്പോഴാണ് പൂര്‍ണതയിലെത്തുന്നത് (മുഖ്തസറുല്‍ മആനി: ഫസാഹത്, ബലാഗത്ത് വിഷദീകരണം നോക്കുക പേജ് 14-25).

  1. അലങ്കാരശാസ്ത്രം
  2. സൗന്ദര്യശാസ്ത്രം   

അലങ്കാരശാസ്ത്രം (ഇല്‍മുല്‍ ബയാന്‍)

    ഏതൊരു ഭാഷക്കുമെന്നപോലെ അറബിയിലും ധാരാളം അലങ്കാരങ്ങളുണ്ട്. ആശയങ്ങളെ വ്യത്യസ്തമായ രീതിയില്‍ ആവിഷ്‌കരിക്കുന്നതാണ് അലങ്കാര ശാസ്ത്രത്തിന്റെ ആദ്യപടി. അതിനായി ധാരാളം അലങ്കാരങ്ങള്‍ അറബിയിലുണ്ട്. ഇവകളുടെ സാന്നിധ്യം ആശയത്തെ കൂടുതല്‍ ഉല്‍കൃഷ്ടമാക്കാനുപകരിക്കുകയും വാചകങ്ങള്‍ക്കു അലങ്കാരമേകുകയും ചെയ്യും.

  • ഉപമാലങ്കാരം (തശ്ബീഹ്)

     ഒരു വസ്തുവിനെ പ്രത്യേകമായ വിഷയത്തില്‍ മറ്റൊരു വസ്തുവുമായി താദാത്മ്യപ്പെടുത്തി ഉപയോഗിക്കുന്നതിനാണ് ഉപമാലങ്കാരം എന്നുപറയുന്നത്.

  • രൂപാലങ്കാരം(മജാസ്)

     പദത്തെ അതിനു നിര്‍ണിതമായ അര്‍ത്ഥകല്‍പനയില്‍നിന്നും വ്യതിചലിച്ച് അതുമായി ബന്ധം പുലര്‍ത്തുന്ന മറ്റൊരര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നതാണ് രൂപാലങ്കാരം. നിര്‍ണിതമായ അര്‍ത്ഥത്തിനല്ല ഇതുപയോഗിക്കുന്നത് എന്നതിന് സാഹചര്യത്തെളിവുകളും അനിവാര്യമാണ്.

  • ഉപദാനാലങ്കാരം(കിനായത്)

     ഒരു പദത്തെ അതുമായി ബന്ധപ്പെട്ട മറ്റൊരര്‍ത്ഥത്തില്‍ ഉപയോഗിക്കുക. കൂടെ നിര്‍ണിതമായ അര്‍ത്ഥത്തില്‍ പരിഗണിക്കാന്‍ തടസ്സമില്ലാതിരിക്കുകയും ചെയ്യുക. ഇതാണ് ‘ഉപദാനാലങ്കാരം’. ഈ വിഭാഗത്തില്‍ ധാരാളം അനുവിഭാഗങ്ങളും ഇനങ്ങളുമുണ്ട്. ചുരുക്കത്തില്‍ അറബി സാഹിത്യത്തിലെ അലങ്കാരശാസ്ത്രം പ്രവിശലാണ്.

സൗന്ദര്യശാസ്ത്രം (ഇല്‍മുല്‍ ബദീഅ്)

      അറബിഭാഷയിലെ പദങ്ങളും വാക്യങ്ങളും അന്യൂനവും അവസരോചിതവുമായി അതില്‍ അലങ്കാരവും ചേര്‍ക്കുമ്പോള്‍ പരിപൂര്‍ണമാകുന്നു. ആ പൂര്‍ണതക്ക് സമ്പൂര്‍ണ സൗന്ദര്യമേകാനുള്ള ശാഖയാണ് സൗന്ദര്യശാസ്ത്രം. വാചികവും അര്‍ത്ഥപരമായും ഇവ ചേര്‍ക്കപ്പെടുന്നു.
ചില പേരുകള്‍ പരിചയപ്പെടാം.
ശബ്ദാവര്‍ത്തനം, സാമ്യാവതരണം, വൈരുദ്ധ്യാത്മകാവതരണം, വിരോധാലങ്കാരം, സ്വരസാമ്യം, താളാത്മകം, വിരുദ്ധഭാവ സന്നിവേശം, പദാവര്‍ത്തനം, ദ്വയാർത്ഥം, വിപരീതാര്‍ത്ഥങ്ങള്‍, അതിശയോക്തി, അനന്വ വാക്യം, അലങ്കാര ചോദ്യങ്ങള്‍, ഇടത്തോട്ടും വലത്തോട്ടും വായിക്കാവുന്നത്. ഇനിയും ധാരാളമുണ്ട്.

എങ്ങനെയാണ് ഖുര്‍ആന്‍ സാഹിത്യകൃതിയാവുന്നത്?

       പരിശുദ്ധ ഖുര്‍ആനിന്റെ ശൈലി ഗദ്യത്തിനും പദ്യത്തിനുമിടയിലുള്ള ഒന്നാണ്. അതിന്റെ വാചകഘടനയും വിവരണരീതിയും അന്യാദൃശവും വിസ്മയാവഹവുമാണ്, ധാര്‍മികാധ്യാപനങ്ങള്‍ ഇങ്ങനെ സാഹിത്യരൂപത്തിലവതരിപ്പിക്കുന്നത് തന്നെ വിസ്മയാവഹമാണ്. പ്രവാചകരുടെ ശത്രുക്കളായിരുന്ന പലരും അതിന്റെ സാഹിത്യഭംഗി അക്കാലത്തുതന്നെ സമ്മതിച്ചിട്ടുണ്ട്.
ഉദാഹരണത്തിന്, ഖുറൈശീ പ്രമുഖ നേതാവ് വലീദു ബ്‌നു മുഗീറ ഖുര്‍ആനിനെ സംബന്ധിച്ച് പറയുകയുണ്ടായി. ‘ഞാനെന്താണ് പറയേണ്ടത്? കവിതയാകട്ടെ, കാവ്യമാകട്ടെ, ജിന്നുകളുടെ പദ്യമാവട്ടെ, അറബി ഭാഷയിലെ ഏതൊരു സാഹിത്യവശവും നിങ്ങളെക്കാള്‍ കൂടുതല്‍ എനിക്കറിയാം. എന്നാല്‍ ഞാന്‍ ദൈവത്തില്‍ ആണയിട്ടു പറയുന്നു; ഈ മനുഷ്യന്‍ സമര്‍പ്പിക്കുന്ന വചനങ്ങള്‍ അവയില്‍ ഒന്നിനോടും സാദൃശ്യമുള്ളതല്ല. ദൈവമാണേ, അവന്റെ വചനങ്ങള്‍ക്ക് വിസ്മയാവഹമായ ഒരു മാധുര്യമുണ്ട്. ഒരു പ്രത്യേകതരം ഭംഗിയുണ്ട്. അതിന്റെ കൊമ്പുകളും ചില്ലകളും ഫലങ്ങള്‍ നിറഞ്ഞിരിക്കുന്നു, അതിന്റെ മുരടാകട്ടെ വളരെയധികം പശിമയാര്‍ന്ന മണ്ണില്‍ ഊന്നിനില്‍ക്കുന്നു. തീര്‍ച്ച, അത് സര്‍വ വചനങ്ങളേക്കാളും ഉന്നതമാണ്. (ബൈഹഖീ, ഹാകിം)

       മറ്റൊരു ഖുറൈശീ നേതാവായ ഉത്ബത് ബ്‌നുറബീഅ പറയുന്നു. ദൈവമാണ് സത്യം, അവന്‍ സമര്‍പ്പിക്കുന്ന ഈ വചനം വശീകരണ വിദ്യയല്ല, കവിതയല്ല, ജോത്സ്യന്മാരുടെ സംസാരവുമല്ല. (ബൈഹഖി)
       ഖുര്‍ആന്റെ അജയ്യമായ വശ്യശക്തി പലരുടെയും മനം മാറ്റത്തിനു കാരണമായിട്ടുണ്ട്. അതില്‍ ആകൃഷ്ടരാവാതിരിക്കാന്‍ ശത്രുക്കള്‍ കേള്‍ക്കുന്നതിനെ വിലക്കിയതും പാരായണം ചെയ്യുമ്പോള്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കിയതും ഖുര്‍ആന്‍തന്നെ പറയുന്നുണ്ട്. (41:26). ഇസ്‌ലാമിന്റെ ശത്രുവായിരിക്കേ നബിയുടെ തലയറുക്കാന്‍ വാളുമായി പുറപ്പെട്ട ഉമര്‍ വഴിമധ്യേ തന്റെ സഹോദരിയുടെ വീട്ടില്‍ നിന്നു ഖുര്‍ആന്‍ പാരായണം ശ്രവിച്ചതിനാല്‍ മനം മാറ്റം വന്നയാളാണ്. ഇരുപതാം അധ്യായത്തിലെ ആദ്യവചനങ്ങള്‍, "ത്വാഹാ- നീ ക്ലേശപ്പെടുന്നതിനുവേണ്ടി നാം നിനക്കു ഖുര്‍ആന്‍ ഇറക്കിയിട്ടില്ല- എന്നാല്‍ ദൈവഭയമുള്ളവര്‍ക്കു ഒരനുസ്മരണം മാത്രമാണത്. ഉന്നതാകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ഒരുവനില്‍നിന്ന് ഇറക്കപ്പെട്ട വെളിപാട്.” ആണ് ഉമര്‍(റ)വിനെ മനസിനെ പരുവപ്പെടുത്തിയെടുത്തത്. ചരിത്രത്തില്‍ ഇത്തരം സംഭവങ്ങള്‍ ധാരാളമുണ്ട്.
       ഖുര്‍ആനിന്റെ പ്രതിപാദ്യ വിഷയത്തിലെ അതുല്യതപോലെ അതിന്റെ ശൈലിയിലെ അതുല്യതയും വെളിവാക്കുന്നതാണ് തതുല്യമായൊന്ന് കൊണ്ടുവരാനുള്ള അതിന്റെ വെല്ലുവിളി. 2/33, 10/38, 11/13, 28/49, 52/34, 17/88 എന്നീ സൂക്തങ്ങളില്‍ പ്രസ്തുത വെല്ലുവിളി കാണാം.
17/88ല്‍ പറയുന്നു. "(നബിയേ) അരുളുക, ഈ ഖുര്‍ആന്‍ പോലൊന്ന് കൊണ്ടുവരുന്നതിനായി മനുഷ്യരും ജിന്നുകളും ഒന്നിച്ചു ചേര്‍ന്നാലും അസാധ്യമാണ്. അവര്‍ പരസ്പരം സഹായസന്നദ്ധരായാല്‍ പോലും” പ്രവാചകര്‍(സ) തങ്ങളുടെ കാലം മുതല്‍ അറബി സാഹിത്യകുലപതികള്‍ ശ്രമിച്ച് പരാജയപ്പെട്ട ചരിത്രമേയുള്ളൂ.
നബിയുടെ ജനനത്തിനുമുമ്പ് കഅ്ബ ആക്രമിക്കാന്‍ ആനപ്പടയുമായി വന്ന സംഭവം വളരെ ലളിതമായി ചുരുങ്ങിയ വാക്കുകളില്‍ ഖുര്‍ആന്‍ അവതരിപ്പിക്കുന്നു.
"ആനപ്പടയെ നിന്റെ നാഥന്‍ എന്തുചെയ്തുവെന്ന് നീ കണ്ടില്ലേ- അവരുടെ കുതന്ത്രം താറുമാറാക്കിയില്ലേ- അവര്‍ക്കെതിരെ പക്ഷിക്കൂട്ടങ്ങളെ അവന്‍ അയച്ചു- അവ ചുട്ടുപഴുത്ത കല്ലുകള്‍കൊണ്ട് അവരെ എറിയുന്നു- അങ്ങനെ അവരെ ചവച്ചരച്ച വൈക്കോല്‍ പോലെയാക്കി.” (105/1-5)
        മറ്റൊരു അധ്യായത്തിലൂടെ ലോകാവസാനത്തെയും പരലോകശിക്ഷയെക്കുറിച്ചുമവതരിപ്പിക്കുന്നത് കാണുക. അതിന്റെ എല്ലാ ഭീമാകാരവും അവതരിപ്പിക്കുന്നതോടൊപ്പം പ്രതീക്ഷയും പ്രത്യാശയും കൈമാറുന്നതാണ് അവതരണശൈലി.
“ആ അത്യാഹിതം- എന്താണാ അത്യാഹിതം- നിനക്കറിയുമോ ആ അത്യാഹിതമെന്തെന്ന്?- ജനങ്ങള്‍ ചിതറിയ ശലഭങ്ങളെപ്പോലെയും പര്‍വ്വതങ്ങള്‍ കടയപ്പെട്ട കമ്പിളി രോമം പോലെയും ആയിത്തീരുന്ന ദിവസം- അന്ന് ആരുടെ ത്രാസുകള്‍ (നന്മകളാല്‍) മുന്‍തൂക്കം നില്‍ക്കുന്നുവോ അവന്‍ സംതൃപ്ത ജീവിതത്തിലാണ്- ആരുടെ ത്രാസുകള്‍ (നന്മകളാല്‍) തൂക്കം കുറഞ്ഞുവോ അവന്റെ അവലംബസ്ഥാനം അഗാധഗര്‍ത്തമാണ്- അതെന്തെന്ന് നിനക്കറിയുമോ- കത്തിയാളുന്ന അഗ്നി.”
       ഉപമകളും അലങ്കാരങ്ങളുംകൊണ്ട് ഭയപരമായതിനെ അതിഭയമായ് അവതരിപ്പിക്കാനും അര്‍ത്ഥവത്തായ അത്യാഹിതത്തെപ്പറ്റി അവതരിപ്പിക്കാനുമുതകുന്നു.
ഈ അധ്യായത്തെ അനുകരിച്ച് ശത്രുക്കള്‍ എഴുതിയുണ്ടാക്കി. "ആന- എന്താണ് ആന- നിനക്കറിയുമോ? ആനയെന്താണ്- അതിനു നീണ്ട ഒരു തുമ്പിക്കൈയുണ്ട്.” നിരര്‍ത്ഥകമായ ഈ വരികള്‍ പുറത്തുപറയാതെ അവര്‍ സ്വയം പിന്മാറുകയാണ് ചെയ്യുന്നത്. ഒരു സാഹിത്യ സൃഷ്ടിയുടേയും മൂല്യം അനുകരണങ്ങള്‍കൊണ്ട് കണക്കാക്കാനാവില്ല. മാത്രമല്ല, ആനയെപറ്റിയുള്ള ഈ വരികള്‍ നിരര്‍ത്ഥകമാണ്. അത്യാഹിതത്തെപറ്റിയുള്ള വരികള്‍ പരലോക ശിക്ഷയെ കുറിച്ച് താക്കീത് നല്‍കുന്ന ചുരുക്കം വാക്കുകളില്‍ ആശയഗാംഭീര്യം നിറഞ്ഞ ഒരു പ്രതിപാദ്യവുമാണ്.
        സബ്ഉല്‍ മുഅല്ലഖയുടെ കര്‍ത്താക്കളില്‍ ഒരുവനായ ലബീദ് പ്രസിദ്ധനായ കവിയാണ്. ഒരിക്കല്‍ അദ്ദേഹം ഖുര്‍ആനെതിരെ ഒരു കവിതയെഴുതി കഅ്ബയില്‍ കെട്ടിത്തൂക്കി. അതിനു മറുപടിയെന്നോണം ഒരാള്‍ ഖുര്‍ആനിലെ ഒരധ്യായം എഴുതി അതിനടുത്ത് തൂക്കിയിട്ടു. ലബീദ് കഅ്ബയില്‍ പോയി വായന തുടങ്ങി. പൂര്‍ത്തിയാകും മുമ്പ് ഉറക്കെ പ്രഖ്യാപിച്ചു. "തീര്‍ച്ചയായും ഇത് മനുഷ്യവചനമല്ല; മഹോന്നതമായ ദൈവത്തിന്റേതാണ്. ഞാന്‍ അതില്‍ വിശ്വസിക്കുന്നു.”
ഉമര്‍(റ)വിന്റെ കാലഘട്ടത്തില്‍ മുസ്‌ലിമായിരുന്ന ലബീദിനോട് തന്റെ ഏറ്റവും മികച്ച കവിത ഹാജരാക്കാനാവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം സൂറതുല്‍ബഖറ എഴുതി കൊണ്ടുവരികയാണ് ചെയ്തത്.

Questions / Comments:No comments yet.


SOCIAL

ശാസ്ത്രത്തെ മൂല്യാനുസൃതമായി സമീപിക്കാതിരുന്നതോടുകൂടെ സാങ്കേതിക വിദ്യ പ്രകൃതിവിരുദ്ധമായി തുടങ്ങി. ശാസ്ത്ര-സാങ്കേതിക രംഗങ്ങൾ പ്രഫുല്ലമായിരുന്ന മുസ്‌ലിം...

RELIGION

പവിത്രമായ ആമോദപ്പുടവയണിഞ്ഞ് പെരുന്നാൾ സുദിനം അണവായിരിക്കുന്നു. പാരിതോഷികങ്ങളുടെ വിരുന്നുസൽക്കാരമായ ഈദുൽ ഫിത്വർ. റമളാനിൽ നുകർന്ന നന്മകളുടെ നനവുകൊണ്ട് നമുക്കീ...

RELIGION

പരിശുദ്ധ ഖുർആൻ മനുഷ്യസൃഷ്ടിക്കതീതമാണെന്ന് അതിൻ്റെ സംവേദനരീതിയും സാഹിതീയചാരുതിയും ആശയസമൃദ്ധിയും വ്യക്തമാക്കുന്നുണ്ട്. പാവനമായ ദൈവികമാർഗത്തിലൂടെ,...

RELIGION

അമിതാഹാരമുണ്ടാക്കുന്ന ആലസ്യം മനുഷ്യന്റെ കര്‍മകുശലതയെ ഭഞ്ജിക്കുകയും അതിവേഗ വാർദ്ധക്യം സമ്മാനിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ, മുസ്‌ലിമിൻ്റെ നോമ്പനുഷ്ഠാനം...

BOOKHIVE

സർവചലനനിശ്ചലതയിലും അതിശയരായ അമ്പിയരാജരെ പകർത്തെഴുതുന്നതിലൂടെ സുഗന്ധകുസുമങ്ങളായി പുതുങ്ങുകയാണ് നാമോരോരുത്തരും. തിരുനബിയനുചരരുടെ മേൽവിലാസം തന്നെ അവിടുത്തെ...

RELIGION

സമസ്ത സൗന്ദര്യസങ്കൽപ്പങ്ങളുടെയും സമഗ്രസമ്മേളനമായിരുന്നു ആറ്റലോരുടെ തിരുശരീരാവയവങ്ങൾ. അവിടുത്തെ ആകാര സൗഷ്ടവം ഉപമാലങ്കാരങ്ങൾ അസാധ്യമാം വിധം...

RELIGION

വിശാലമായ തിളക്കമുള്ള നെറ്റിത്തടം, വടിവൊത്ത് ദ്വയങ്ങൾ പരസ്പരം ചേരാത്ത രോമനിബിഢമായ പുരികങ്ങൾ, മൃദുലമായ പരന്ന കവിളുകൾ, ചുവപ്പു കലർന്ന തൂവെള്ള കണ്ണുകൾ, കറുത്ത കൃഷ്ണമണികൾ. ഇങ്ങനെ നീളുന്നു...

RELIGION

ഉപമിക്കാനാവാത്ത വിധം സൗന്ദര്യനിദർശനമായ പ്രവാചകരുടെ അവയവാകാര സൗഷ്ഠവത്തിൽ വിശുദ്ധ വക്ത്രം, ദശനങ്ങൾ, നാസിക, ശ്രവണേന്ദ്രിയം, അധരങ്ങൾ, ഉമിനീർ എന്നിവയുമായി ബന്ധപ്പെട്ട ചർച്ച...

RELIGION

തിരുനബിയെ വർണിക്കാൻ ഏറ്റവും അഭികാമ്യമായ ഭാഷയോ വാക്കുകളോ അവർക്കില്ലായിരുന്നു. റസൂലിന്റെ സൗന്ദര്യത്തിന്റെ പരിപൂർണത ഭാഷക്കില്ലായിരുന്നു. ആ സൗന്ദര്യത്തെ പൂർണമായി മനസ്സിലാക്കാനും...

RELIGION

തിരുനബിയുടെ സൗന്ദര്യത്തെയും ശരീരപ്രകൃതത്തെയും സസൂക്ഷമം വിശകലനം ചെയ്യുന്ന പഠനശാഖയാണ് ശമാഇലുന്നബി. ഗഹനവും വശ്യവുമായ തിരുസൃഷ്ടിപ്പിന്റെ അഗാധതയാണതിന്റെ ആധാരം....