വൈജ്ഞാനിക വിപ്ലവത്തിന്റെ കാഹളം മുഴക്കിയാണ് വിശുദ്ധ ഇസ്‌ലാം അറബികള്‍ക്കിടയില്‍ അവതീര്‍ണമായത്. നിരക്ഷരരായ അറേബ്യന്‍ സമൂഹത്തോട് ‘വായിക്കുക’ എന്നതായിരുന്നു ഖുര്‍ആനിന്റെ ആദ്യ കല്‍പ്പന. തന്റെ അനുചരരെ വൈജ്ഞാനിക സമ്പാദനത്തിന് വേണ്ടി പ്രേരിപ്പിക്കാന്‍ തിരുനബി (സ്വ) മടികാണിച്ചിരുന്നില്ല. അറിവന്വേഷണത്തിന്റെ വാതിലുകള്‍ അവര്‍ക്കു മുമ്പില്‍ നിരന്തരം തുറക്കപ്പെട്ടു. ബദ്‌റില്‍ പിടിക്കപ്പെട്ടപ്പോള്‍ അറുപത് അമുസ്‌ലിംകള്‍ക്ക് മോചനദ്രവ്യമായി നബി (സ്വ) നിര്‍ദ്ദേശിച്ചത് ഓരോരുത്തരും പത്ത് മുസ്‌ലിംകളെ എഴുത്തും വായനയും പഠിപ്പിക്കണമെന്നായിരുന്നു.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വിശുദ്ധ ഖുര്‍ആനിന്റെ രചന ആദ്യകാലത്ത് ക്രോഡീകൃതരൂപത്തില്‍ നടന്നിട്ടില്ല എന്നത് വാസ്തവമാണ്. ജിബ്‌രീല്‍ (അ) വഹ്‌യായി നബി (സ്വ)ക്ക് പഠിപ്പിച്ചു കൊടുത്തിരുന്ന ഖുര്‍ആന്‍ മനഃപാഠമാക്കുന്ന ശൈലിയായിരുന്നു നബി സ്വ.യും സ്വഹാബത്തും സ്വീകരിച്ചിരുന്നത്. മനഃപാഠമാക്കുന്ന ശൈലി സ്വീകരിച്ചുവെങ്കിലും വഹ്‌യ് എഴുതി വെക്കാനും അവ സൂക്ഷിക്കാനുമായി നിര്‍ണിതമായ സ്വഹാബിമാരെ ഏല്‍പ്പിച്ചിരുന്നു. ആദ്യ നാലു ഖലീഫമാര്‍ (റ), അബാനു ബ്‌നു സഈദ് (റ) ഖാലിദ് ബ്‌നു വലീദ് (റ), ഉബയ്യു ബ്‌നു കഅ്ബ് (റ) സൈദു ബ്‌നു സാബിത്ത് (റ), സാബിത്ത് ബ്‌നു ഖൈസ് (റ) എന്നിവര്‍ ഉദാഹരണം. പലകകള്‍, തോല്‍, എന്നിങ്ങനെയുള്ള വസ്തുക്കളിലായിരുന്നു ഖുര്‍ആന്‍ എഴുതിവെച്ചിരുന്നത്’. ഞങ്ങള്‍ നബി (സ്വ)യുടെ സമീപത്തു വെച്ച് ഖുര്‍ആനെ പലകകളില്‍ ക്രോഡീകരിച്ചിരുന്നുവെന്ന് സൈദ്ബ്‌നു സാബിത്ത് (റ) നിവേദനം ചെയ്യുന്ന ഹദീസ് ഹാക്കിം (റ) ‘അല്‍ മുസ്തദ്‌റക്കില്‍ ഉദ്ദരിച്ചിട്ടുണ്ട്.
തിരുനബി (സ്വ) യുടെ കാലത്ത് തന്നെ ഖുര്‍ആന്‍ മുഴുവനും എഴുതപ്പെട്ടിരുന്നു. അതേസമയം അത് ഒരിടത്ത് സമാഹരിക്കുകയോ അധ്യായങ്ങള്‍ ക്രമപ്പെടുത്തുകയോ ചെയ്തിരുന്നില്ല. ഖുര്‍ആന്‍ മനഃപാഠമുള്ളവരുടെ സാന്നിദ്ധ്യവും തിരുനബി (സ്വ)യുടെ സാമീപ്യവും അവര്‍ക്ക് കരുത്ത് നല്‍കി. എന്നാല്‍ മുത്ത് നബി (സ്വ)യുടെ വഫാത്തോടുകൂടെ അബൂബക്കര്‍ (റ) വിന്റെ ഭരണം നിലവില്‍ വരികയും ഹിജ്‌റ 12-ാം വര്‍ഷം നടന്ന യമാമ യുദ്ധത്തിലും ബിഅ്‌റ് മഊന യുദ്ധത്തിലുമായി നൂറ്റി നാല്‍പ്പതോളം ഹാഫിളീങ്ങളായ സ്വഹാബികള്‍ വഫാത്താവുകയും ചെയ്തതോടെയാണ് വിശുദ്ധ ഖുര്‍ആനിന്റെ ക്രോഡീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. വളരെ സൂക്ഷമമായ പരിശോധനയുടെ അടിസ്ഥാനത്തില്‍ കൃത്യമായി വിശിദീകരിക്കുന്നുണ്ട്. (ബുഖാരി 4986)
ഉസ്മാന്‍ (റ) വിന്റെ കാലത്താണ് ഖുര്‍ആന്‍ ക്രോഡീകരണത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ ഖുര്‍ആന്‍ പാരായണത്തിന്റെ വ്യത്യസ്ത രൂപങ്ങല്‍ പ്രത്യക്ഷപ്പെടുകയും തങ്ങല്‍ അവലംബിക്കാത്ത ഖിറാഅത്തിനെ പരസ്പരം പഴിചാരലും ആരംഭിച്ചപ്പോഴാണ് ഖുര്‍ആനിനൊരു ഏകീകൃത സ്വഭാവമുണ്ടാകണമെന്ന ആശയം ഉസ്മാന്‍ (റ) വിന്റെ മനസ്സില്‍ രൂപംകൊള്ളുന്നത് അതിന് വേണ്ടി എഴുത്ത് ഒരു ഖിറാഅത്തില്‍ ചുരുക്കുകയും അബൂബക്കര്‍ (റ) വിന്റെ കാലത്ത് ക്രോഡീകരിച്ച മുസ്ഹഫില്‍ നിന്ന് എടുത്ത് ഖുര്‍ആനിന്റെ പകര്‍പ്പ് കോപ്പികള്‍ തയ്യാറാക്കുകയും ആണ് ഉസ്മാന്‍ (റ) ചെയ്തത്. സ്വഹാബിമാരുടെ ഏകാഭിപ്രായം (ഇജ്മാഅ്) ഇവരുടെ ഖുര്‍ആന്‍ ക്രോഡീകരണ ചര്‍ച്ചകള്‍ക്ക് ബലമേകി. സൈദ്ബ്‌നു സാബിത്ത് (റ), അബ്ദുല്ലാഹിബ്‌നു സുബൈര്‍ (റ), സഈദുബ്‌നുല്‍ ആസ് (റ), അബ്ദുറഹ്മാനുബ്‌നു ആസ് (റ) എന്നിവരെയാണ് പകര്‍പ്പ് കോപ്പി തയ്യാറാക്കുന്നതിന് വേണ്ടി ഉസ്മാന്‍ (റ) ഏല്‍പ്പിച്ചത്. ഹിജ്‌റ ഇരുപത്തി നാലാം വര്‍ഷത്തിന്റെ ഒടുക്കത്തിലും ഇരുപത്തഞ്ചാം വര്‍ഷത്തിന്റെ തുടക്കത്തിലുമാണ് ഈ സംഭവങ്ങള്‍ അരങ്ങേറുന്നത്.
നിലവില്‍ മുസ്‌ലിം ലോകം പൊതുവേ അംഗീകരിച്ചുപോരുകയും പാരായണം ചെയ്യുകയും ചെയ്ത് പോരുന്നത് ഉസ്മാന്‍ (റ) ആവിഷ്‌ക്കരിച്ച ലിപിയും പാരായണശൈലിയുമാണ്. ‘റസ്മുല്‍ ഉസ്മാന്‍’ എന്നറിയപ്പെടുന്ന ഖുര്‍ആന്‍ ലിപിയില്‍ നിന്ന് അനിവാര്യമായ ഘട്ടത്തില്‍ മാറിച്ചിന്തിക്കാമോ അതോ കാലകാലം, ഈയൊരു രീതിശാസ്ത്രം തന്നെ പിന്തുടരണോ എന്നതെല്ലാം ഇന്ന് സംവാദ വിഷയങ്ങളാണ്.
റസ്മുല്‍ ഉസ്മാനി:
വിശുദ്ധ ഖുര്‍ആനിന്റെ ലിപിയായി പൊതുവെ അംഗീകരിച്ച് പോരാറുള്ളത് ഉസ്മാന്‍ (റ), അബൂബക്കര്‍ (റ) വില്‍ നിന്ന് സ്വീകരിച്ച എഴുത്തുരൂപമാണ്. എഴുത്തിലും ലിപിയിലും ഉസ്മാനി മുസ്ഹഫ് ചില പ്രത്യേകതകള്‍ സൂക്ഷിക്കുന്നുണ്ട്. പണ്ഡിതന്മാര്‍ ആറ് നിയമങ്ങളിലായി (ഖാഇദ) അതിനെ ക്ലിപ്തമാക്കിയിരിക്കുന്നു.
ഹദ്ഫ്(കളയല്‍)
ചില അക്ഷരങ്ങള്‍ കളയപ്പെടുന്നു. അതവിടെ വേണമെന്ന് തോന്നുമെങ്കിലും ചില ഹിക്മത്തുകള്‍ക്കു വേണ്ടി കളയപ്പെടുന്നു.
1) നിദാഇന്റെ [വിളി] യാഇല്‍ നിന്ന് അലിഫ് കളയപ്പെടും
2) തന്‍ബീഹിന്റെ (ഉണര്‍ത്തല്‍) ഹാഇല്‍ നിന്നും അലിഫ് കളയപ്പെടും
3) ശേഷം ളമീര്‍ വരികയാണെങ്കില്‍ നായുടെ അലിഫ് കളയും
4) രണ്ട് വാവ് വരികയാണെങ്കില്‍ ഒന്ന് കളയപ്പെടും
സിയാദത് (അധികരിപ്പിക്കല്‍)
1) ബഹുവജനത്തിന്റെ അവസാനം വാവിന്റെ ശേഷം അലിഫ് വര്‍ദ്ധിപ്പിക്കുക.
2) വാവ് ആയി എഴുതപ്പെട്ട ഹംസക്ക് ശേഷം അലിഫ് അധികരിപ്പിക്കും.
ഹംസ
1) ഹംസ പദത്തിന്റെ നടുവിലാണ് വരുന്നതെങ്കില്‍ അവിടെ പ്രയോഗിക്കേണ്ട ഹര്‍കത്തിന്റെ ജിന്‍സിന്റെ അക്ഷരം അവിടെ പ്രയോഗിക്കും
ബദല്‍(പകരമാക്കല്‍)
1)തഫ്ഖീമിന് വേണ്ടി അലിഫിനെ വാവ് ആയി എഴുതപ്പെടും.
വസ്‌ല് ഫസ്‌ല്
1) അന്‍ എന്ന് ലാ നോട് ചേര്‍ത്ത് പറയും
ഉസ്മാനിയ്യ ലിപിയില്‍ അനുവദിക്കുന്ന വ്യത്യസ്ത തരം ഖിറാഅത്തുകള്‍ അനവധി ഗുണങ്ങല്‍ സമര്‍പ്പിക്കുന്നുണ്ട്.
1) ഒരു പദത്തിന് വ്യത്യസ്ത ഖിറാഅത്തുകള്‍ ഉണ്ട് എന്നു വരുമ്പോള്‍ ഒരു രൂപത്തില്‍ എഴുതുകയും വ്യത്യസ്ത രൂപത്തില്‍ പാരായണം ചെയ്യുകയും ചെയ്യാം (ഉസ്മാനി ലിപിയില്‍ നുഖ്ത വിവിധഹര്‍കതുകള്‍ എന്നിവയൊന്നും ഉണ്ടാകില്ല)
2) വ്യത്യസ്ത അര്‍ത്ഥ തലങ്ങളിലേക്ക് നമ്മെ നയിക്കുന്നു
ഉദാ:- അം എന്നതിനെ ചിലയിടത്ത് നിര്‍ത്തി ഓതുന്നു. മറ്റു ചിലയിടങ്ങളില്‍ ചേര്‍ത്തിയോതുന്നു. മുറിച്ച് ഓതുന്നിടത്തെ അം ന് ബല്‍ ന്റെ അര്‍ത്ഥ ഉണ്ടാകുന്നുവെങ്കില്‍ മറ്റിടത്ത് അതില്ല
3) ഒരു അക്ഷരത്തിന്റെ വര്‍ദ്ധനവ് സൂക്ഷ്മമായ അര്‍ത്ഥത്തിന്റെ മേല്‍ അറിയിക്കുന്നു.
ഐദ് എന്നിടത്ത് യാഇന്റെ വര്‍ദ്ധനവ് നാഥന്റെ അപാരമായ കഴിവിന്റെ (ആകാശഭൂമികള്‍ സൃഷ്ടിക്കാനും അവയെ നിയന്ത്രിക്കാനുമുള്ള കഴിവ്) മേല്‍ സൂചിപ്പിക്കുന്നു. യദിഊ എന്നിടത്ത് വാവിനെ കളയലിലൂടെ ഇവിടെ സൂചിപ്പിച്ച ദുആ മനുഷ്യര്‍ക്ക് വളരെ എളുപ്പമുള്ളതാണെന്നും ജനങ്ങള്‍ അതിലേക്ക് ഉളരണമെന്നും സൂചിപ്പിക്കുന്നു.
4) റസ്മുല്‍ ഉസ്മാനി നേരിട്ട് അവലംബമാക്കുമ്പോള്‍ യഥാര്‍ത്ഥ ഉച്ചാരണം സാധാരണക്കാരന് മനസ്സിലായിക്കൊള്ളണമെന്നില്ല. റസ്മുല്‍ ഉസ്മാനിയെ ഖുര്‍ആന്‍ പഠനത്തിന് പൂര്‍ണമായി അവലംബിക്കുന്നതിന് പകരം അഗ്രേസ്യരായ പണ്ഡിതന്മാരെ അവലംബിക്കുക. ചുരുക്കത്തില്‍ റസ്മുല്‍ ഉസ്മാനി വിശുദ്ധ ഖുര്‍ആനിന്റെ ലിപിയായി നിലനിര്‍ത്തുന്നതില്‍ അനവധി പ്രത്യേകതകളും നിരവധി ഗുണങ്ങളും ലഭ്യമാണ്. അതില്‍ വളരെ ചുരുക്കം മാത്രമാണ് ഇവിടെ വ്യക്തമാക്കിയത്.
ഖുര്‍ആനിന്റെ ലിപി ദൈവികമോ ?
ഖുര്‍ആനിന്റെ ലിപി സംബന്ധമായി പണ്ഡിതന്മാര്‍ക്കിടയില്‍ പ്രധാനമായും മൂന്ന് അഭിപ്രായങ്ങളാണ് നിലവിലുള്ളത്. ഖുര്‍ആനിന്റെ ലിപി ദൈവികമാണ് എന്നാണ് പ്രബലാഭിപ്രായം. ഇതില്‍ ഒരു മാറ്റത്തിരുത്തലുകളും അനുവദനീയമല്ല. അതിന് പണ്ഡിതന്മാര്‍ അനേകം തെളിവുകളും അനുവാചക ലോകത്തിന് മുന്നില്‍ നിരത്തുന്നുണ്ട്.
1) നബി (സ്വ) ക്ക് വഹ്‌യ് എവുതിക്കൊടുക്കാന്‍ തെരെഞ്ഞെടുക്കപ്പെട്ട എഴുത്തുകാര്‍ ഉണ്ടായിരുന്നു.
2) അവര്‍ എഴുതുന്ന ലിപിക്ക് നബി (സ്വ) യുടെ പ്രത്യേകം അംഗീകാരം ലഭിച്ചിരുന്നു.
3) നബി (സ്വ)യുടെ കാലത്തിന് ശേഷവും അതില്‍ മാറ്റത്തിരുത്തലുകള്‍ വന്നിട്ടില്ല.
4) നബി (സ്വ)യുടെ എഴുത്തുകാര്‍ക്ക് പ്രത്യേകം യോഗ്യത അനിവാര്യമായിരുന്നു.
5) അബൂബക്കര്‍ (റ) ഖുര്‍ആന്‍ ക്രോഡീകരണ സമയത്ത് ഈ ലിപി തന്നെയാണ് ഉപയോഗിച്ചത്.
6) വിവിധ ദേശങ്ങളിലേക്ക് കൊടുത്തയക്കാന്‍ വേണ്ടി ഉസ്മാന്‍ (റ) ഖുര്‍ആനിന്റെ പ്രതികള്‍
തയ്യാറാക്കിയപ്പോഴും അബൂബക്കര്‍ (റ) വിന്റെ ലിപി തന്നെയാണ് അവംലംബമാക്കിയത്.
7) ഇവ രണ്ടിനും സ്വഹാബത്തിന്റെ ഇജ്മാഅ് (ഏകാഭിപ്രായം) ശക്തമാണ്.
8) അറബി ലിപി കാലാന്തരത്തില്‍ വികസിച്ചപ്പോള്‍ താബിഉകളോ, തബഉത്താബിഈങ്ങളോ റസ്മുല്‍ ഉസ്മാനിയില്‍ പരിഷ്‌കാരങ്ങളൊന്നും നടത്തിയിരുന്നില്ല.
9) അനസ് (റ) വിനെ തൊട്ട് ഉദ്ദരിക്കുന്നു : ഉസ്മാന്‍ (റ) ഖുര്‍ആന്റെ കോപി വിവിധ രാഷ്ട്രങ്ങളില്‍ സേവനം ചെയ്യുന്ന സ്വഹാബത്തിന്റെ അടുക്കലേക്ക് അയക്കുകയും റസ്മുല്‍ ഉസ്മാനിയില്‍ നിന്ന് വ്യത്യസ്ത ലിപി സ്വീകരിച്ചവയെ കരിച്ചു കളയാനും കല്‍പ്പിച്ചു.
10) ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍ (റ) പറയുന്നു: ഉസ്മാന്‍ (റ) വിന്റെ മുസ്ഹഫില്‍ അലിഫ്. യാഅ്, വാവ് തുടങ്ങി ഏതെങ്കിലും അക്ഷരത്തില്‍ മാറ്റം വരുത്തുന്നത് വരെ നിശിദ്ധമാണ്.
11) നിളാമുദ്ധീന്‍ നൈസാബൂരി (റ) പറയുന്നു : ഖുര്‍ആനിനെ എഴുതുന്നവര്‍, ഓതുന്നവര്‍, പഠിക്കുന്നവര്‍ തുടങ്ങി എല്ലാവരും അവലംബമാക്കേണ്ടത് റസ്മുല്‍ ഉസ്മാനി ആണ്. കാരണം, അതാണ് സൈദുബ്‌നു സാബിത്ത് (റ) വിന്റെ ലിപി. മഹാന്‍ നബി (സ്വ)യുടെ വിശ്വസ്തരില്‍ പെട്ട ആളും വഹ്‌യിനെ എഴുതിയെടുക്കുന്നയാളുമായിരുന്നു.
പണ്ഡിതന്മാരുടെ ഏകാഭിപ്രായം റസ്മുല്‍ ഉസ്മാനിയുടെ ശ്രേഷ്ഠതയിലേക്കും അതിന്റെ പ്രാധാന്യത്തിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട്. അനിവാര്യമാകുന്ന അവസ്ഥയില്‍ അര്‍ത്ഥത്തിന് വ്യത്യാസം വരാത്ത രീതിയില്‍ ലിപി പരിഷ്‌ക്കാരങ്ങളാകാം.