ഖുര്‍ആന്‍ അല്ലാഹുവിന്റെ കലാമാണ്. ലോകാവസാനം വരെയുള്ള ജനതയെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തവും വെല്ലുവിളികളെ അതിജയിച്ചതുമാണ് ഖുര്‍ആന്‍. തിരുനബി (സ) യിലൂടെയാണ് ലോകത്ത് അവതീര്‍ണ്ണമായത്. ഒരുപാടു മതഗ്രന്ഥങ്ങളുണ്ടെങ്കിലും അവയെല്ലാം മാറ്റിതിരുത്തലുകള്‍ക്ക് വിധേയപ്പെട്ടവയാണ്. ഖുര്‍ആന് ഒരു തിരുത്തലുമില്ല.

വിശുദ്ധ ഖുര്‍ആനിന്റെ അവതരണത്തില്‍ ശ്രദ്ധേയമായ ചര്‍ച്ചാവിഷയമാണ് മക്കിയ്യും മദനിയ്യും. ഖുര്‍ആനെ തിരുനബി (സ)യുടെ കേവല വാക്കുകളായി പരിമിതപ്പെടുത്താന്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍ ഒരുപാടു തവണ ശ്രമം നടത്തിയതാണ്. വിശുദ്ധ ഗ്രന്ഥത്തിനെതിരെയുള്ള വിമര്‍ശനങ്ങളില്‍ പ്രധാനമാണ് മക്കിയ്യ്, മദനിയ്യ് എന്നിവയുടെ ആധികാരികതയെ കുറിച്ചുള്ള വ്യത്യസ്ത പരാമര്‍ശങ്ങള്‍.

മക്കിയ്യ് മദനിയ്യുകളെ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനമായും മൂന്ന് അഭിപ്രായങ്ങളാണ് മുഫസ്സിരീങ്ങള്‍ക്കിടയിലുള്ളത്.

1. ഹിജ്‌റക്ക് ശേഷമിറങ്ങിയതായാലും മക്കിയ്യെന്നു പറഞ്ഞാല്‍ മക്കയിലിറങ്ങിയതെന്നാണ്. മദനിയ്യെന്നാല്‍ മദീനയിലിറങ്ങിയതും. ഇതനുസരിച്ച് ഖുര്‍ആനിലെ എല്ലാ ആയത്തുകളെയും മക്കിയ്യ്, മദനിയ്യ് എന്നിവയിലുള്‍ക്കൊള്ളിക്കാന്‍ സാധ്യമല്ല. സൂറത്തുല്‍ തൗബയിലെ നാല്‍പ്പത്തിരണ്ടാം സൂക്തം രണ്ടിലുമുള്‍ക്കൊള്ളില്ല. കാരണം ഇതിറങ്ങിയത് തബൂക്കിലാണ്. സൂറത്തുസ്സുഖ്‌റുഫ് നാല്‍പ്പത്തിയഞ്ചാം ആയത്ത് ഇറങ്ങിയത് ഇസ്‌റാഇന്റെ രാത്രി ബൈത്തുല്‍ മുഖദ്ദസിലാണ്. അപ്പോള്‍ ഇൗ അഭിപ്രായമനുസരിച്ച് മക്കിയ്യ് മദനിയ്യ് നിര്‍ണ്ണയത്തില്‍ അപാകതകള്‍ പ്രകടമാകും.

2. മക്കിയ്യെന്നാല്‍ മക്കക്കാരോട് അഭിസംബോധനമായി ഇറങ്ങിയതും, മദനിയ്യെന്നാല്‍ മദീനക്കാരോട് അഭിസംബോധനയായി ഇറങ്ങിയതുമെന്നാണ്. ഇതിനെ തുടര്‍ന്ന് ഖുര്‍ആനിക സൂക്തങ്ങളില്‍ യാ അയ്യുഹന്നാസ് എന്ന വാക്കിലാണ് തുടങ്ങുന്നതെങ്കില്‍ മക്കിയ്യെന്നും, യാ അയ്യുഹല്ലദീന ആമനൂ എന്നാണെങ്കില്‍ മദനിയ്യുമാണെന്നും നിര്‍ണ്ണയിക്കപ്പെടുന്നു. മദീനയില്‍ കൂടുതലാളുകള്‍ സത്യവിശ്വാസികളും മക്കയില്‍ അവിശ്വാസികളായതുകൊണ്ടുമാണിത്തരം പരാമര്‍ശങ്ങള്‍.

ചിലര്‍ യാ ബനീ ആദം എന്നതിനെ യാ അയ്യുഹന്നാസിനോട് സാദൃശ്യപ്പെടുത്തി മക്കിയ്യിലുള്‍പ്പെടുത്തുകയും ചെയ്തു. മഹാനായ അബുഉബൈദ (റ) ഫളാഇലുല്‍ ഖുര്‍ആനെന്ന ഗ്രന്ഥത്തില്‍ മൈമൂനബ്‌നു മഹ്‌റാനെ കുറിച്ചിങ്ങനെ ഉദ്ധരിക്കുന്നുണ്ട്. എന്നാല്‍ ഇതിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നതായി കാണാം. ഇവ രണ്ടുകൊണ്ടും തുടങ്ങാത്ത അഭിസംബോധനകളുണ്ടായതുകൊണ്ട് ഇതിനെ കൃത്യതയും നിര്‍ണ്ണയവുമില്ല. സൂറത്തുല്‍ അസ്ഹാബിലെ ഒന്നാമത്തെ സൂക്തം ഉള്‍പ്പെടുത്താനിടമില്ലാതെ വരും. മറ്റൊരു വിമര്‍ശനം കൃത്യതയില്ലായെന്നതാണ്. അതുകൊണ്ടാണ് ചില ആയത്തുകള്‍ യാ അയ്യുഹന്നാസ് കൊണ്ട് അഭിസംബോധനയുണ്ടായിട്ടും മദനിയ്യില്‍ ഉള്‍പ്പെടുന്നതും യാ അയ്യുഹല്ലദീന ആമനൂ എന്നതുകൊണ്ട് തുടങ്ങിയിട്ടും മക്കിയ്യിലുള്‍പ്പെടുന്നത്.

3. മക്കിയ്യെന്നാല്‍ നബി(സ) തങ്ങളുടെ മദീനയിലേക്കുള്ള പലായനത്തിനു മുമ്പിറങ്ങിയതെന്നും, മദനിയ്യെന്നാല്‍ ശേഷമിറങ്ങിയതുമാണ്. ഇതനുസരിച്ച് ഇറങ്ങിയ കാലത്തെയാണ് പരിഗണനക്ക് വിധേയമാക്കുന്നത്. ഇതിനെ ഒന്നുകൂടെ ശക്തിപ്പെടുത്തുന്നതാണ് സൂറത്തുല്‍ മാഇദയിലെ മൂന്നാമത്തെ അല്‍യൗമ അക്മല്‍തുലകും എന്നുതുടങ്ങുന്ന സൂക്തം. ഹജ്ജത്തുല്‍ വദാഇല്‍ അറഫയില്‍ വെച്ച് വെള്ളിയാഴ്ചയിറങ്ങിയതാണിത്. എന്നിട്ടും മദനിയ്യായി പരിഗണിക്കപ്പെടുന്നുണ്ട്. അതുപോലെ തന്നെയാണ് സൂറത്തുനിസാഇലെ അമ്പത്തിയെട്ടാമത്തെ സൂക്തം. ഫത്ഹ് മക്കയുടെ വര്‍ഷം കഅ്ബയിലെ മക്കയിലാണീ സൂക്തമിറങ്ങിയതെങ്കിലും മദനിയ്യ്. ഈ അഭിപ്രായമാണ് പണ്ഡിതന്മാര്‍ക്കിടയില്‍ സ്വീകാര്യതയുള്ളതും വ്യക്തതയുള്ളതും.

 

മക്കിയ്യ് മദനിയ്യ് അറിയുന്നതിലെ മാഹാത്മ്യം

ഖുര്‍ആനില്‍ ഒരു വിഷയത്തില്‍ വിഭിന്നാശയങ്ങള്‍ ധ്വനിപ്പിക്കുന്ന രണ്ടായത്തുകള്‍ വന്നാല്‍ ഇതിലൂടെ നാസിഖ് മന്‍സൂഖ് ഏതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. വ്യത്യസ്തമായ സൂക്തങ്ങളിറങ്ങിയ കാലത്തെ പരിഗണിച്ചാണിവ നിര്‍ണ്ണയിക്കുന്നത്. ഒരു വിഷയത്തിലെ രണ്ടു സൂക്തങ്ങളില്‍ മക്കിയ്യും മദനിയ്യുമുണ്ടെങ്കില്‍ മദനിയ്യ് മക്കിയ്യിനെ നസ്ഖ് ചെയ്യുന്നതാണ്. ഇസ്‌ലാമിക ചരിത്രങ്ങളുടെ പശ്ചാത്തലം ഇതിലൂടെ അറിയാനും ഖുര്‍ആനിന്റെ അവതീര്‍ണ്ണതയില്‍ ദൃഢത കൈവരാനുമുദകുന്നതാണ്. ഹിജ്‌റക്ക് മുമ്പോ ശേഷമോ പകലോ രാത്രിയോ ഭൂമിയിലോ ആകാശത്തോ യാത്രയിലോ എന്നിവയെല്ലാം ഇതിന് സഹായകമായതാണ്.

 

മക്കിയ്യ് മദനിയ്യ് അടയാളങ്ങള്‍

മക്കിയ്യ് മദനിയ്യ് തിരിച്ചറിയുന്നതിനായി മുഫസ്സിരീങ്ങള്‍ പറയുന്നത് സ്വഹാബത്തിന്റെയും അവരോട് പിന്തുടരുന്നവരുടെയും വഴികള്‍ പരിശോധിക്കാണ്. കാരണം നബി (സ) മക്കിയ്യ് മദനിയ്യിനെ കുറിച്ച് വിശദീകരണങ്ങള്‍ നല്‍കിയതായി ഉദ്ധരണികള്‍ വന്നിട്ടില്ല. സ്വഹാബത്തിന് വഹ്‌യിനെ കുറിച്ചുള്ള കൃത്യമായ ധാരണകളുള്ളതുകൊണ്ട് അത്തരത്തിലുള്ള ആവിശ്യം ഉയര്‍ന്നു വന്നിട്ടില്ല. എന്താണു സൂക്തങ്ങളിറങ്ങാനുള്ള കാരണം എവിടെയാണിറങ്ങിയതെന്നും, ഏത് കാലത്താണെന്നും അവര്‍ കണ്ണ്‌കൊണ്ട് കാണുന്നതുപോലെ അറിയുന്നവരായിരുന്നു. മഹാനായ സ്വഹാബി അബ്ദുള്ളാഹിബ്‌നു മസ്ഊദ് (റ) പറയുന്നു, അല്ലാഹുവാണ് സത്യം അവന്റെ ഗ്രന്ഥത്തിലവതീര്‍ണ്ണമായ എല്ലാ അദ്ധ്യായങ്ങളും എവിടെയിറങ്ങി എന്നെനിക്കറിയാം, ഓരോ ആയത്തും എവിടെയിറങ്ങുന്നുയെന്നുമെനിക്കറിയാം, ആര്‍ക്കെങ്കിലും അള്ളാഹുവിന്റെ കിതാബിന്റെ അവതീര്‍ണ്ണതകള്‍ എന്നെക്കാള്‍ അറിവുണ്ടെങ്കില്‍ ഞാന്‍ വാഹനത്തിലേറി അങ്ങോട്ട് പോകുമായിരുന്നു. അയ്യൂബ് (റ) പറുന്നു, ഇക്‌രിമ (റ) വിനോട് ഒരാള്‍ ഖുര്‍ആനിക സൂക്തങ്ങളഉടെ അവതരണസ്ഥലത്തെക്കുറിച്ച് ചോദിച്ചു. മഹാന്‍ സിലഅ് വര്‍വ്വത താഴ്‌വാരത്തിലേക്ക് ചൂണ്ടിപ്പറഞ്ഞു അവിടെയാണ്. ഇത്തരം ഹദീസുകള്‍ ഖുര്‍ആനിക സൂക്തങ്ങളുടെ ആധികാരികതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

പണ്ഡിതന്മാര്‍ മക്കിയ്യ് മദനിയ്യ് വേര്‍തിരിച്ചറിയുന്നതിന് വിശദീകരണങ്ങള്‍ നല്‍കുന്നുണ്ട്. അവയില്‍ ചിലത് താഴെ പറയുന്നവയാണ്.

1. ഏതൊരു സൂക്തത്തിലും കുല്ല് [സര്‍വം] എന്ന വാക്കുണ്ടെങ്കില്‍ മക്കിയ്യായിരിക്കും. ഇത് മുപ്പത്തിരണ്ട് തവണയായിട്ടാണ് ഖുര്‍ആനിലുള്ളത്.

2. സജദയുടെ സൂക്തമുള്ള എല്ലാ ആയത്തുകളും മക്കിയ്യാണ്.

3. ഹിജാഇയായ അക്ഷരങ്ങള്‍ അധ്യായങ്ങളുടെ തുടക്കത്തിലുണ്ടെങ്കില്‍ മക്കിയ്യായിരിക്കും. സൂറത്തുല്‍ ബക്കറയും സൂറത്തു ആലിംറാനും ഇതില്‍ പെടുന്നതല്ല. എന്നാല്‍ സൂറത്തുറഅ്ദില്‍ അഭിപ്രായ വ്യത്യാസമുണ്ട്.

4. നബിമാരുടെയും കഴിഞ്ഞകാല സമൂഹത്തിന്റെയും ചരിത്രം പറയുന്ന സൂറത്തുകള്‍ മക്കിയ്യാണ്. എന്നാല്‍ സൂറത്തുല്‍ ബഖറയില്‍ വ്യത്യസ്തത കാണാം.

5. ആദം നബിയുടെ വര്‍ത്തമാനം പറയുന്നവയെല്ലാം മക്കിയ്യാണ്. ഇതിലും സൂറത്തുല്‍ ബകറയില്‍ വ്യത്യസ്തതയുണ്ട്.

6. ഒരു സൂറത്തില്‍ യാ അയ്യുഹന്നാസ് ഉണ്ടാവുകയും യാ അയ്യുഹല്ലദീന ആമനൂ ഉണ്ടാവാതിരിക്കുകയും ചെയ്താല്‍ മക്കിയ്യ് ആകും. സൂറത്തുല്‍ ഹജ്ജില്‍ ഇതു ബാധകമല്ല.

7. ഹദ്ദിനെയും ഫറാഇളിനെയും ഉള്‍ക്കൊള്ളുന്നവയെല്ലാം മദനിയ്യാണ്.

8. യുദ്ധത്തിന് സമ്മതം കൊടുക്കുന്ന സൂറത്തുകളും അവയുടെ വിശദീകരണങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായതും ഈ ഗണത്തില്‍പെടുന്നു.

9. കപടവിശ്വാസികളെ പ്രതിപാദിക്കുന്ന സൂറത്തുകള്‍ മദനിയ്യ് ആണ്. സൂറത്തുല്‍ അന്‍കബൂത്ത് ഇതില്‍പെടുന്നില്ല.

 

മക്കിയ്യ് മദനിയ്യ് സൂറത്തുകളും വ്യത്യാസങ്ങളും

മഹാനായ ഇമാം സുയൂതി ഇത്ഖാനില്‍ മക്കിയ്യ് മദനിയ്യ് നിര്‍ണ്ണയത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഇത് അബുഹസനുല്‍ ഹസ്സാരി പറഞ്ഞതിന് സമാനമാണ്. അഭിപ്രായ വ്യത്യാസമില്ലാതെ മദനിയ്യ് ഇരുപത് അധ്യായങ്ങളും വ്യത്യസ്ത അഭിപ്രായങ്ങളുള്ളത് പന്ത്രണ്ടും. ബാക്കിയുള്ളവ മക്കിയ്യുമാണ്.

 

മദനിയ്യായ സൂറത്തുകള്‍

ബഖറ, ആലുഇംറാന്‍, നിസാഅ്, മാഇദ, അന്‍ഫാല്‍, തൗബ, നൂറ്, അഹ്‌സാബ്, മുഹമ്മദ്, ഫത്ഹ്, ഹുജ്‌റാത്, ഹദീദ്, മുജാദല, ഹശ്‌റ്, മുംതഹന, ജുമുഅ, മുനാഫിഖൂന്‍, ത്വലാഖ്, തഹ്‌രീം, ലസ്വ്‌റ്

 

അഭിപ്രായ വ്യത്യാസങ്ങളുള്ള സൂറത്തുകള്‍

ഫാതിഹ, റഅ്ദ്, റഹ്മാന്‍, സ്വഫ്, തഗാബുന്‍, തഫ്ഫീന്‍, ഖദ്‌റ്, ലം യകുന്‍, ഇദാസുല്‍സിലാ, ഇഖ്‌ലാസ്, ഫലഖ്, നാസ്

 

മക്കിയ്യ് മദനിയ്യ് സൂറത്തുകളുടെ ഇനങ്ങള്‍

നാല് ഇനം അധ്യായങ്ങളാണ് പരിശുദ്ധ ഖുര്‍ആനിലുള്ളത്.

1 – എല്ലാ ആയത്തും മക്കിയ്യ് ആയത്

2 – എല്ലാ ആയത്തും മദനിയ്യ് ആയത്

3 – ചില ആയത്തുകള്‍ മാത്രം മക്കിയ്യായത്

4 – ചില ആയത്തുകള്‍ മദനിയ്യ് ആയത്

എല്ലാ ആയത്തും മക്കിയ്യായതിനുദാഹരണമാണ് സൂറത്തുല്‍ മുദ്ദസിര്‍, സൂറത്തുല്‍ ആലിംറാന്‍ എല്ലാസൂക്തവും മദനിയ്യായതിനും. സൂറത്തുല്‍ അഅ്‌റാഫ് ഒരു ആയത്തൊഴികെ എല്ലാം മക്കിയ്യും സൂറത്തുല്‍ ഹജ്ജ് ഒരു ആയത്തൊഴികെ എല്ലാം മദനിയ്യായതിനും ഉദാഹരണങ്ങളാണ്.

ഖുര്‍ആനിന്റെ വിസ്മയത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ശത്രുക്കള്‍ക്ക് സാധ്യമാകാത്തപ്പോഴാണ് വിമര്‍ശനങ്ങളുമായി കടന്നുവരുന്നത്. അവരെ പ്രതിരോധിക്കേണ്ടത് അനിവാര്യമാണ്. മക്കിയ്യ് മദനിയ്യിനെക്കുറിച്ച് വിമര്‍ശനമുന്നയിക്കുന്നവര്‍ അവതീര്‍ണ്ണതയിലെ ആധികാരകത ഒരാവൃത്തി വായിക്കേണ്ടതുണ്ട്.

Questions / Comments:



1 January, 2025   01:16 pm

Shahida

ഫാത്തിഹ, ഇഹ്‌ലാസ്, bayyina, കാഫിറൂൻ ഇതിൽ മക്കയിലും മദീനയിലും ഇറങ്ങിയ സൂറത്തുകൾ

15 December, 2024   12:14 am

ANWAR K A

മക്കയിലും മദീനയിലും ആവർത്തിച്ച ഇറങ്ങിയ സൂറത്ത്?

27 September, 2024   09:42 pm

Mashitha badriyya

മക്കയിൽ വെച്ച് അവസാനം ഇറങ്ങിയ സൂറത്ത് ഏത്