വിശുദ്ധ ഖുർആനിൽ അല്ലാഹു ധാരാളം ജീവികളെ പരാമർശിക്കുന്നുണ്ട്. ചില ജീവികളുടെ പേരിൽ അദ്ധ്യായങ്ങൾ തന്നെ അവതരിച്ചിട്ടുണ്ട്. മറ്റു ജീവികളെ അപേക്ഷിച്ച് വ്യത്യസ്തരീതിയിൽ ജീവിത ക്രമങ്ങളുള്ളവയോ അല്ലെങ്കിൽ മനുഷ്യകുലത്തിനു മാതൃകയാകേണ്ട കാര്യങ്ങളുള്ള ജീവികളോ ആണ് ഈ പരാമർശിക്കപ്പെട്ട ജീവികൾ. പശു, ആട്, മാട്,ഒട്ടകം, ചിലന്തി, തേനീച്ച,ഉറുമ്പ്, ആന എന്നിവയാണ് ആ ജീവികൾ. ഇവയെ കുറിച്ചുള്ള പഠനം അഘാതവും സമ്പന്നവുമാണ്. അതുകൊണ്ടു തന്നെ അവയുടെ ജീവിതത്തിലേക്കുള്ള ചെറിയൊരു എത്തിനോട്ടമാണ് ഈ പേപ്പറിൽ അടങ്ങിയിട്ടുള്ളത്.

ഉറുമ്പുകളുടെ ജീവിതം വളരെ വിചിത്രമാണ്. നേതൃത്വ മഹിമയും പരസ്പര സഹകരണവും മനുഷ്യവർഗ്ഗത്തിനു മാതൃകയാണ്. ജീവിതം സ്വന്തത്തിലേക്ക് ചുരുട്ടിക്കെട്ടുന്ന ആധുനിക സമൂഹം ഉറുമ്പുകളെ കുറിച്ച് പഠിക്കൽ അനിവാര്യമാണ്. സംഘത്തിന്റെ നേതാവിനുണ്ടായിരിക്കേണ്ട സവിശേഷതകൾ ഉറുമ്പിനെ കുറിച്ചുള്ള പഠനത്തിലൂടെ നമുക്ക് ലഭിക്കുന്നു.

നിഗൂഡമായ ജീവിതസാഹചര്യങ്ങളാണ് തേനീച്ചക്കുള്ളത്. ഇവയെക്കുറിച്ച് ഖുർആൻ പറയുന്നത് ശാസ്ത്രലോകം വരെ അംഗീകരിച്ചു കൊണ്ടിരിക്കുന്നു. തേനിന്റെ ഗുണവും വർണവും രോഗശമനവും പഠിക്കുമ്പോൾ അഗാധമായ അറിവിൻറെ വാതായനയങ്ങൾ തുറക്കപ്പെടുന്നു അതുപോലെതന്നെ ആനയും ചിലന്തിയും ആട് മാട് ഒട്ടകവുമെല്ലാം വ്യത്യസ്തമായ രീതികളിലൂടെ ജീവിക്കുന്നവയാണ്. ഇവയെ കുറിച്ചുള്ള പഠനത്തിന് ഈ തുച്ചം പേപ്പറുകൾ അപര്യാപ്തമാണെന്ന വിശ്വാസത്തോടെ ചില ജിവികളെ ക്കുറിച്ച് നമുക്ക് പഠിക്കാൻ ശ്രമിക്കാം.

തേനീച്ച


വിശുദ്ധ ഖുർആനിൽ അല്ലാഹു പരാമർശിച്ച ജീവിയാണ് തേനീച്ച. ജീവിതത്തിന്റെ സകല മേഖലകളിലും വ്യത്യസ്തവും വിചിത്രവുമാണ് ഇവയുടെ ജീവിതം. തേൻ ശേഖരിക്കുന്ന തേനീച്ചകളെ കുലീ വസ്ലുകീ എന്ന സ്ത്രീ ലിംഗ പ്രയോഗമാണ് നടത്തിയത്. ഡച്ച് ജൈവ ശാസ്ത്രജ്ഞനായ ജാൻ സമ്മർഡാൻ തന്റെ പഠന ഗവേഷണത്തിലൂടെ തേനീച്ചകളിൽ സ്ത്രീ വർഗമാണ് തേൻ ശേഖരിക്കുന്നതെന്ന് കണ്ടെത്തിയതിലൂടെയാണ് ഈ കാര്യം പുറം ലോകമറിയുന്നത്.

കഠിനമായി ജോലി ചെയ്യുന്ന വേലക്കാരി തേനീച്ചകളും പെൺ വർഗമാണ്. കൂട് പൂന്തേനും പൂമ്പൊടിയും ശേഖരിക്കൽ, റാണിയെയും അവയുടെ മുട്ടയെയും സംരക്ഷിക്കൽ, കൂട് വൃത്തിയാക്കൽ തുടങ്ങിയ ധർമ്മമാണ് വേലക്കാരികളുടേത്. അവയുടെ ശരീര ഘടന ഇത്തരം കഠിന ജോലികൾക്കനുയോജ്യമായ രീതിയിലാണ് അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്. ശക്തിയുള്ള താടി, പൂമ്പൊടി ശേഖരിക്കാൻ പാകത്തിലുള്ള കാൽ, ഉദരത്തിന്റെ പിൻഭാഗത്ത് വിഷ സൂചി ഉൾപ്പെടുന്ന മെഴുക് ഗ്രന്ഥികൾ എന്നിവ അടങ്ങിയതാണിവരുടെ ശരീരഘടന.

ശത്രുക്കളെ നേരിടാൻ പ്രത്യേക രീതിയിലുള്ള വിഷ സുചിയാണുള്ളത്. വേലക്കാരികൾക്ക് ജോലി ചെയ്യുക എന്ന ധർമം മാത്രമേയുള്ളൂ. ആൺ തേനീച്ചകളുമായി ഇണ ചേരാനുള്ള അവസരം പോലും ഇവകൾക്കില്ല. അത് കൊണ്ട് തന്നെ ഇവ മുട്ടയിടുന്നുമില്ല. എന്നാൽ വേലക്കാരികൾക്ക് പ്രത്യുൽപാദന ശേഷി ഇല്ലാത്തതാണ് ഇവയെ ഇണ ചേരലിൽ നിന്ന് തടയപ്പെടുന്നത്.


റാണി

സാധാരണ തേനീച്ചകളെക്കാൾ വലിപ്പവും നീളവുമുള്ളവരാണ് റാണി തേനീച്ചകൾ. ഇവയുടെ ധർമ്മം ഇണ ചേരലും മുട്ടയിടലുമാണ്. വേലക്കാരികൾ റാണിയെ പരിചരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ജനിച്ച് ഏഴ് നാൾ ആകുമ്പോൾ റാണികൾ പുറത്ത് കടക്കും. മടിയനീച്ചകളിൽ (ആണീച്ച) ഒരാൾക്കെ റാണിയുമായി ഇണ ചേരാൻ സാധിക്കൂ. അതാണ് റാണിയുടെ ആദ്യത്തെയും അവസാനത്തെയും ഇണ ചേരൽ.

 

തേനിന്റെ വർണ്ണ വൈവിധ്യം

തേനിനെക്കുറിച്ച് വിശുദ്ധ ഖുർആനിൽ “മുഖ്തലിഫൻ അൽവാനുഹാ” എന്നാണ് പരാമർശിച്ചിട്ടുള്ളത്. അതായത്. വൈവിധ്യമാർന്ന നിറത്തിലുള്ള തേനുകൾ. ആധുനിക ശാസ്ത്രം തേനിന്റെ വ്യത്യസ്ത നിറങ്ങളെക്കുറിച്ച് പഠന ഗവേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. മുന്നൂറിലധികം വർണങ്ങളുണ്ടെന്നാണ് ശാസ്ത്രാഭിപ്രായം.

 

തേൻ ശേഖരണം

തേൻ ശേഖരിക്കാൻ വേണ്ടി തേനീച്ചയെടുക്കുന്ന അധ്വാനത്തിന്റെ ആഴം മനസിലാക്കാൻ ചെറിയ പഠനം കൊണ്ട് സാധ്യമല്ല. എങ്കിലും ചെറിയ രീതിയിൽ മനസിലാക്കാൻ ഇതിലൂടെ സാധിക്കും. ഖുർആനിലൂടെ അല്ലാഹു തേനീച്ചക്ക് കാടും മേടും കയറിയിറങ്ങി തേൻ ശേഖരിക്കാൻ ഉൽബോധനം നൽകി. വളരെ കൗതുകമാണ് ഇവയുടെ തേൻ ശേഖരണം. നമ്മുടെ ചിന്തകൾക്കും സങ്കൽപങ്ങൾക്കും അപ്പുറത്താണ് തേനീച്ചയുടെ തേൻ ശേഖരണത്തിനുള്ള അധ്വാനം.

ഒരു മണിക്കൂറിൽ ശരാശരി 13 മുതൽ 15 മൈൽ വേഗത്തിൽ പറക്കുന്നു. ഒരു ഔൺസ് (6 ടീ സ്പൂൺ) തേൻ ശേഖരണത്തിന് ഒരു തേനീച്ച 1600 യാത്രകൾ നടത്തുന്നു. അപ്പോൾ 2 പൗണ്ട് ( 900 ഗ്രാം) തേൻ ശേഖരിക്കാൻ ഭൂമിയെ നാല് തവണ വലയം വെക്കുന്ന ദൂരം സഞ്ചരിക്കുന്നു. ഒരു പൗണ്ട് തേൻ ലഭിക്കണ മെങ്കിൽ 2 മില്യൺ പൂക്കൾ സന്ദർശിക്കണം. ഇതിനായി ഒരു കാട്ടിലെ തേനീച്ചകൾ 55000 മൈൽ സഞ്ചരിക്കുന്നു. എന്നാൽ ഒരു ക്കൂട്ടിലെ തേനീച്ചകൾ പ്രതിദിനം 225000 പൂക്കൾ സന്ദർശിക്കുന്നു. അങ്ങനെ വരുമ്പോൾ ഒരു തേനീച്ച പ്രതിദിനം 50 മുതൽ 1000 വരെ പൂക്കൾ സന്ദർശിക്കുന്നു. ജീവിതം മുഴുവൻ തേൻ ശേഖരണത്തിനും ഉൽപാദനത്തിനും വേണ്ടി ഉഴിഞ്ഞ് വെക്കുന്ന തേനീച്ചകൾ ഏകദേശം 8 പൗണ്ട് ( 3.6 kg) തേൻ കഴിച്ചാലേ 1 പൗണ്ട് തേൻ മെഴുക് നിർമ്മിക്കാൻ സാധിക്കുകയുള്ളൂ.


തേൻ ഉൽപാദനം

കാതങ്ങൾ സഞ്ചരിച്ച് പൂമ്പൊടിയും പൂന്തേനുമായി വരുന്ന തേനീച്ചകൾ എങ്ങനെയാണ് തേനുൽപാദനം നടത്തുന്ന തെന്ന് നോക്കാം. ശേഖരിച്ച തേൻ ഈച്ചയുടെ ഉമിനീരുമായി കലർത്തി വയറിനുള്ളിലാക്കി കൂട്ടിലേക്ക് വരുന്നു. അങ്ങനെ വയറ്റിൽ വെച്ച് ലെവ്ളേസ്, ഫ്രക്ടോസ് എന്നീ പഞ്ചസാരയായി രൂപം പ്രാപിക്കുന്നു. ഇത് കൂട്ടിലെ ജോലിക്കാരികളായ വേലക്കാരികളിലേക്ക് കൈമാറ്റം നടത്തുന്നു. 150 മുതൽ 250 തവണ തേൻ വയറിലേക്ക് വലിച്ചെടുക്കുകയും തികട്ടുകയും ചെയ്യുന്നതിലൂടെ ദഹിപ്പിച്ച് പാചകം ചെയ്ത തേൻ അറകളിലാക്കുന്നു. ഈ തേനുകളിൽ ജലാംശം ഇല്ലാതാക്കാൻ തന്റെ ചിറകുകൾ കൊണ്ട് വീശി ഉണക്കുന്നു. ഇത്തരത്തിൽ വിളക്കി കാച്ചി എടുത്ത തേൻ വർഷങ്ങളോളം കേട് വരാതെ നിലനിൽക്കുന്നു. ഇങ്ങനെയാണ് തേനുൽപാദനം നടത്തുന്നത്.

 

രോഗ ശമനം

”അവയുടെ ഉദരങ്ങളിൽ നിന്ന് വ്യത്യസ്ത വർണങ്ങളിലുള്ള പാനീയം പുറത്ത് വരുന്നു. അതിൽ മനുഷ്യർക്ക് രോഗ ശമനമുണ്ട് ” (വി.ഖു അന്നഹ്ൽ 68,69)

തേനീച്ചയുടെ ഉദരത്തിൽ നിന്നും വരുന്ന തേനിൽ ശമനമുണ്ടെന്ന് അല്ലാഹു ഖുർആനിലൂടെ പറയുന്നു. അതിനായി അല്ലാഹു ശിഫാഅ എന്ന പദമാണ് ഉപയോഗിച്ചിട്ടുള്ളത്. ഈ പദം എല്ലാ തരം ശമനങ്ങളിലേക്കും സൂചിപ്പിക്കുന്നു. നബി (സ്വ) പറഞ്ഞു: “എന്റെ സമുദായത്തിന് മൂന്ന് കാര്യങ്ങളിൽ ശമനമുണ്ട്. തേൻ കുടിക്കൽ, ചൂട് വെക്കൽ, കൊമ്പ് വെക്കൽ എന്നിവയാണവ.” (ബുഖാരി, ഇബ്നുമാജ)

ആദ്യകാലത്ത് തേനിനെ ക്കുറിച്ചുള്ള ശാസ്ത്ര വിലയിരുത്തലുകൾ വൈരുദ്ധ്യമായിരുന്നു. പാലുപോലെ രോഗം പരത്തുന്ന ഒന്നാണ് തേൻ എന്ന കണ്ടെത്തലായിരുന്നു ആദ്യകാല ശാസ്ത്രത്തിന്റേത്. ഇത് തെളിയിക്കാനായി അമേരിക്കൻ ഡോക്ടർ ബാക്കറ്റ് പലരീതിയിൽ പരീക്ഷണങ്ങൾ നടത്തി. അതിനായി അദ്ദേഹം തേൻകളിൽ പലതരം മൈക്രോണുകൾ കടത്തി പാലിലെ പോലെതന്നെ തേനിലും അത് വളർന്നു വർദ്ധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. പക്ഷേ ഫലം മറിച്ചായിരുന്നു. മൈക്രോണുകൾ എല്ലാം കുറഞ്ഞ സമയത്തിനുള്ളിൽ ചത്തൊടുങ്ങി. അങ്ങനെ തേൻ സ്വയം ബീജ നാശിനിയാണന്ന് തെളിയിക്കപ്പെട്ടു.

മനുഷ്യശരീരത്തിന് ആവശ്യമായ മിക്ക മൂലകങ്ങളും അടങ്ങിയ തേൻ വൻതോതിൽ ഊർജ്ജം നൽകുന്നു. കുട്ടികൾക്കും വൃദ്ധർക്കും ഏത് സമയത്തും തേൻ ഉപയോഗിക്കാം. ഇതിന്റെ ഔഷധഗുണങ്ങളെ കുറിച്ച് പ്രാചീന വൈദ്യ ഗ്രന്ഥങ്ങളായ ചരകസംഹിത, ശത്രുത സംഹിത ,അഷ്ടാംഗഹൃദയം തുടങ്ങിയവയിൽ പറയുന്നുണ്ട്.

വള്ളി സുബ്രഹ്മണ്യന് തേനും കായ്കനികളും നൽകിയതായി പുരാണങ്ങളിൽ പറയുന്നു. സ്നാപകയോഹന്നാൻ തേനും വെട്ടുക്കിളിയും ഭക്ഷിച്ചതായി ബൈബിളിൽ പറയുന്നു. കാളിദാസ് തേനിനെ സ്വർഗ്ഗീയ മധു എന്ന് വിശേഷിപ്പിക്കുന്നു. ഇങ്ങനെ എല്ലാ മതത്തിലും തേനിനെ രോഗശമനമായി കണക്കാക്കുന്നു. യൂനാനി, നാടൻ മരുന്നുകളിലെ പ്രധാന ചേരുവയാണ് തേൻ. കൃത്രിമ പഞ്ചസാരയുടെ യാതൊരുവിധ കേടുകളും തേനിനില്ല. ഇതിലൂടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂടുകയും രക്തശുദ്ധീകരണം നടത്തുകയും ചെയ്യുന്നു.

ഹൃദയപേശികൾക്ക് ആവശ്യമായ ഊർജം ലഭിക്കുന്നതിനാൽ ഹൃദയ പ്രവർത്തനവും രക്തപ്രവാഹവും സുഗമമാക്കുന്നു. രസം മുതൽ ശുക്ലം വരെയുള്ള സപ്തധാതുക്കളുടെ പോഷണത്തിന് അനുശാസിക്കുന്ന വയാണ് രസായനങ്ങൾ . ഇവയെല്ലാം തേനിൽ നിന്നാണ് ലഭിക്കുന്നത്. തേനിൽ 31.3 ശതമാനം ഗ്ലൂക്കോസ് ,38.2 ഫ്രാക്ക്ടോസ് ,7.1 ശതമാനം മാൾട്ടോസ് ,

1.3 ശതമാനം സൂക്രോസ് എന്നിവയും വൈറ്റമിൻ ,അമിനോആസിഡ് എന്നിവയും അടങ്ങിയിരിക്കുന്നു.

ധാന്യക വിഭാഗത്തിലെ ഭക്ഷണമാണ് തേൻ. ഇതിലെ പ്രധാന ഘടകങ്ങൾ സെക്സ് ട്രോസ്, ലെവ്ലോസ് എന്നീ വിഭാഗത്തിൽപ്പെട്ട പഞ്ചസാരയാണ്. കൂടാതെ സിലിക്ക, ഇരുമ്പ്, വാൻഗനീസ്, ചെമ്പ് ,ക്ലോറിൻ,പ്പൊട്ടാസ്യം, കാൽസ്യം, സോഡിയം, ഫോസ്ഫറസ്, സൾഫർ ,അലൂമിനിയം ,മഗ്നീഷ്യം എന്നീ മൂലകങ്ങളും സന്തോഫിൻ തുടങ്ങിയ വർണ്ണ വസ്തുക്കളും ഇൻവെർട്ടേയ്സ്, കാറ്റലോഡ് തുടങ്ങിയ എൻസൈമുകളും തേനിൽ അടങ്ങിയിരിക്കുന്നു.

 

തേനറകൾ

തേനീച്ചയുടെ വയറിനെ ഖുർആനിൽ ബത്വൂൻ എന്നാണ് പരാമർശിച്ചിട്ടുള്ളത്. ഇത് ഭാഷാശാസ്ത്രപരമായി ബഹുവചനമാണ്. ഇതിലൂടെ വിവിധ അറകളാണ് വയറ്റിൽ എന്ന് മനസ്സിലാക്കാം. കാലങ്ങൾക്കുശേഷം ശാസ്ത്രലോകവും ഇത് അംഗീകരിക്കുകയുണ്ടായി.

 

കൂട് നിർമ്മാണം

കൂടു നിർമ്മാണം നടത്തുന്നത് വേലക്കാരികളാണെന്ന് നാം പറഞ്ഞു വെച്ചു. അതിനായി ഉദരത്തിൻ അകത്ത് മെഴുക് ഉല്പാദിപ്പിക്കുന്ന ചില ഗ്രന്ഥികളുണ്ട്. ആറു വഷങ്ങൾ ഉള്ള ഹെക്സാജനൽ ആകൃതിയിലാണ് കൂടു നിർമ്മിക്കുന്നത്. തേൻ സംരക്ഷിക്കാൻ ഏറ്റവും അനുയോജ്യമായ രീതികളിലൊന്നാണിത്.

 

ആശയ വിനിമയം

ഡാൻസിലൂടെയാണ് തേനീച്ചകൾ ആശയവിനിമയം നടത്തുന്നത്. പൂക്കളുടെ സ്ഥാനം ദിശ എന്നിവയെക്കുറിച്ച് മനസ്സിലാക്കാൻ ഇതിലൂടെ സാധിക്കും.

ഇത്തരത്തിൽ വളരെയധികം വിചിത്രമായ രീതികൾ ആണ് തേനീച്ചയ്ക്ക് അല്ലാഹു നൽകിയിട്ടുള്ളത്. ശാസ്ത്രലോകം ഇതെല്ലാം കണ്ടെത്തുന്നതിന്റെ ധാരാളം വർഷങ്ങൾക്കുമുമ്പ് ഖുർആനിലൂടെ അല്ലാഹു പറഞ്ഞു തന്നു. അതുകൊണ്ടുതന്നെ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങളുണ്ടെന്ന വചനം മഹത്വ പൂർണ്ണമാണ്

Questions / Comments:



4 May, 2024   05:39 pm

Shamsudheen

Please correct hexagonal means as " 6 vasangal"sides!