റബീഉൽ അവ്വൽ വരുമ്പോൾ വിശ്വാസിഹൃദയങ്ങളിൽ ആനന്ദത്തിന്റെ പെരുമഴ പെയ്യുന്നു. തിരുഹബീബിന്റെ ജന്മദിനത്തിലും മാസത്തിലും അവർ സന്തോഷം പ്രകടിപ്പിക്കുന്നു. ഖുർആനിന്റെ വെളിച്ചത്തിലാണ് ലോക മുസ്ലിംകൾ നബിദിനം ആഘോഷിക്കുന്നതും സന്തോഷം പ്രകടിപ്പിക്കുന്നതും.
റബീഉൽ അവ്വൽ വസന്തത്തിന്റെ ദിനരാത്രങ്ങളാണ്. വിശ്വാസികളുടെ ഹൃദയത്തിൽ ആനന്ദത്തിന്റെ പെരുമഴയാണ്. പ്രത്യാശയുടെ നിമിഷങ്ങളാണ്. കാരണം റബീഉൽ അവ്വൽ മറ്റു മാസങ്ങളെപ്പോലെയല്ല. അത് ഏറെ ശ്രേഷ്ഠമായ മാസമാണ്. ആ ശ്രേഷ്ഠതയുടെ കാരണം ആരമ്പപ്പൂവായ മുത്ത് നബി തങ്ങളാണ്.
ഒരിക്കൽ മുത്ത് നബിയോട് ഒരു സ്വഹാബി ചോദിച്ചു: "നബിയെ, തങ്ങൾ തിങ്കളാഴ്ച നോമ്പ് എടുക്കുന്നതിന്റെ കാരണം എന്താണ്?" തിരുനബി പറഞ്ഞു: "അന്നാണ് ഞാൻ ജനിച്ചത്..."
താൻ ജനിച്ച ദിവസം മറ്റു ദിവസങ്ങളെപ്പോലെയല്ലെന്നും ഇതര ദിനങ്ങളെക്കാൾ ശ്രേഷ്ഠമാണെന്നും അതിനെ പ്രത്യേകം പരിഗണിക്കണമെന്നും പഠിപ്പിക്കുകയാണ് തിരുനബി. പ്രസ്തുത ശ്രേഷ്ഠതയാണ് റബീഉൽ അവ്വൽ മാസത്തിന്റെയും പ്രത്യേകത. മുത്ത്റസൂൽ ജനിച്ച മാസമാണത്.
അതിനു മറ്റു മാസങ്ങളേക്കാൾ മഹത്വമുണ്ട്. അതു കൊണ്ട് തന്നെയാണ് പ്രസ്തുത മാസം സമാഗതമാവുമ്പോൾ വിശ്വാസി മാനസങ്ങൾ കുളിരണിയുന്നതും ആനന്ദാതിരേകത്താൽ പുളകിതമാകുന്നതും...
മുത്ത് നബി ജനിച്ച ദിവസം പ്രത്യേകം കർമങ്ങൾ കൊണ്ട് ധന്യമാക്കണമെന്നാണ് ഉപരിസൂചിത നബിവചനത്തിൽ നിന്ന് മനസ്സിലായത്. ആ അടിസ്ഥാനത്തിൽ ലോകമുസ്ലിംകൾ റബീഉൽ അവ്വലിന് സ്വാഗതമോതിക്കൊണ്ട് വീടും പരിസരവും പള്ളിയും സ്ഥാപനങ്ങളും മദ്രസകളുമെല്ലാം വൃത്തിയാകുകയും വ്യത്യസ്ത വിധത്തിൽ അലങ്കരിക്കുകയും ചെയ്യുന്നു. റബീഉൽ അവ്വലിന്റെ പൊന്നമ്പിളി മാനത്ത് ദൃശ്യമാകുന്നത്തോടെ തിരുദൂതരുടെ കീർത്തനങ്ങൾ പാടിപ്പറയുന്നു. അതിനു വേണ്ടി ഒരുമിച്ച് കൂടുന്നു. പ്രത്യേകം സംഗമങ്ങളും സമ്മേളനങ്ങളും സംഘടിപ്പിക്കുന്നു. തിരുദൂതരെ കൂടുതൽ വായിക്കുകയും പഠിക്കുകയും എഴുതുകയും ചെയ്യുന്നു. അതിനായി സെമിനാറുകളും സിംബോസിയങ്ങളും സംഘടിപ്പിക്കുന്നു. തിരുനബിയനുരാഗത്തിലേക്ക് മനസ്സ് മോഹിച്ച് സദാസമയം സ്വല്ലാത്തുകളുരുവിടുന്നു.
എല്ലായിടത്തും മദ്ഹിന്റെ, മൗലിദിന്റെ, അപദാനങ്ങളുടെ സംഗമങ്ങൾ ഒരുക്കുകയും ഭക്ഷണം വിതരണം ചെയ്യുകയും ചെയ്യുന്നു. അങ്ങനെ തുടങ്ങി തന്റെ നേതാവിന്റെ ജന്മദിനത്തിൽ കഴിവിന്റെ പരമാവധി ലോകമുസ്ലിംകൾ സന്തോഷം പ്രകടിപ്പിക്കുന്നു. ഹബീബിനെ ഓർക്കുകയും മദ്ഹുകൾ പാടുകയും പറയുകയും ചെയ്യുകയെന്ന അടിസ്ഥാനത്തിൽ നിന്ന് കൊണ്ട് ഓരോ കാലത്തും പരിപാടികളിൽ നൂതനമായ മാർഗങ്ങൾ സ്വീകരിക്കുകയും വിപുലീകരിക്കുകയും ചെയ്യുന്നു.
ഇത് സന്തോഷപ്രകടനമാണ്. മുത്തായ തങ്ങളുടെ ജന്മത്തിലുള്ള സന്തോഷം. റബീഉൽ അവ്വൽ ആഗതമാകുമ്പോൾ വിശ്വാസികൾക്ക് സന്തോഷിക്കാതിരിക്കാനാവില്ലല്ലോ ?.
കാരണമുണ്ട്, ഒരിക്കൽ ജാബിർ (റ) വുമായുള്ള സംഭാഷണത്തിൽ അല്ലാഹുവിൻറെ പ്രഥമമായ സൃഷ്ടി തന്റെ തിരുപ്രകാശമാണെന്ന് തിരുദൂതർ പരിചയപ്പെടുത്തുന്നുണ്ട്. ആ നൂറാണ് ചേതനവും അചേതനവും ഗോചരവും ഗോചരേതരവുമായ സർവ്വത്തിന്റെയും ഉണ്മയുടെ ഹേതുകമെന്നും മുത്ത് നബി നമ്മെ പഠിപ്പിക്കുന്നുണ്ട്. അതായത് ആരമ്പ റസൂലിന്റെ തിരുപ്രകാശത്തിന്റെ സൃഷ്ടിപ്പില്ലായിരുന്നുവെങ്കിൽ മറ്റൊന്നും ലോകത്തുണ്ടാകുമായിരുന്നില്ല എന്നർത്ഥം.
അപ്പോൾ നമ്മുടെയും നാമനുഭവിക്കുന്ന സർവ്വ അനുഗ്രഹങ്ങളുടെയും കാരണക്കാരൻ പുന്നാര നബിയാണ്. അതുതന്നെയാണ് പരിശുദ്ധ ഖുർആനിനിലെ സൂറത്തുൽ അമ്പിയാഇലെ
وَمَا أَرْسَلْنَاكَ إِلا رَحْمَةً لِلْعَالَمِينَ
"നബിയെ, ഈ ലോകത്തിനും ലോകർക്കുമെല്ലാം അനുഗ്രഹമാണ് തങ്ങൾ" എന്ന സൂക്തത്തിലൂടെ അല്ലാഹു നമ്മെ പഠിപ്പിക്കുന്നത്. നമുക്ക് ചെറിയ ചെറിയ സന്തോഷങ്ങൾ ഉണ്ടാകുമ്പോൾ പോലും നമ്മൾ എത്രമാത്രം സന്തോഷിക്കുകയും അത് പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്.. അപ്പോൾ പിന്നെ നമ്മളനുഭവിക്കുന്ന എല്ലാ സന്തോഷങ്ങളുടെയും കാരണമായതിന്റെ ലബ്ധിയിൽ എത്ര പതിന്മടങ്ങ് സന്തോഷം പ്രകടിപ്പിക്കണം...
അതുകൊണ്ട് തന്നെയാണ് മറ്റുള്ള സമയത്തോ മറ്റു കാര്യങ്ങൾക്കോ ആവേശം കാണിക്കുന്നതിനേക്കാൾ കൂടുതലായി മുത്തുനബി തങ്ങളെ പറയാനും പാടാനും അതിനു വേണ്ടി സമ്മേളനങ്ങളും പരിപാടികളും നടത്താനും അവിടുത്തെ പേരിൽ ഭക്ഷണം കൊടുക്കാനുമെല്ലാം വിശ്വാസികൾ കൂടുതൽ ആവേശഭരിതരാകുന്നതും അതിനായി സമ്പത്ത് ചെലവഴിക്കുന്നതും...
ഉപര്യുക്ത സന്തോഷപ്രകടനം സ്വാഭാവികവും മാനുഷികവുമാണ്. വിശുദ്ധ ഖുർആനിന്റെ നിർദ്ദേശവുമാണ്. വിശുദ്ധ ഖുർആനിലെ സൂറത്തു യൂനുസിൽ അല്ലാഹു പറയുന്നു:
قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُوا
"നബിയെ നിങ്ങളവരോട് പറയുക. അല്ലാഹുവിന്റെ ഔദാര്യവും അവന്റെ കാരുണ്യവും കൊണ്ട് അവർ സന്തോഷിക്കട്ടെ". തനിക്ക് ലഭ്യമായ റഹ്മത്ത്(അനുഗ്രഹം) കൊണ്ട് സന്തോഷിക്കാമെന്നാണ് ഖുർആനിന്റെ അധ്യാപനം.
തിരുനബി ലോകത്തിനാകമാനം അനുഗ്രഹമാണെന്നും ഖുർആൻ തന്നെ പറയുന്നത് നാം നേരത്തെ കണ്ടു. മാത്രമല്ല, നമുക്കുള്ള ഇതര അനുഗ്രഹങ്ങളെപ്പോലെയല്ല തിരുനബിയെന്നും സർവ്വതിന്റെയും ഉണ്മയുടെ ഹേതുകമായ തിരുറസൂലാണ് ഏറ്റവും വലിയ അനുഗ്രഹമെന്നും നമുക്ക് ബോധ്യപ്പെട്ടു.
മാത്രവുമല്ല, സൂറത്തുയൂനുസിലെ റഹ്മത്ത് കൊണ്ടുള്ള ഉദ്ദേശ്യം തിരുനബിയാണെന്ന് തഫ്സീറു റൂഹുൽ ബയാനിൽ ഇമാം ആലൂസി (റ) വിശദീകരിക്കുന്നുണ്ട്. (6/141). ഏറ്റവും വലിയ അനുഗ്രഹത്തിന്മേൽ ഏറ്റവും കൂടുതലായി സന്തോഷിക്കുകയെന്നത് സ്വാഭാവികതയാണ്.
റബീഉൽ അവ്വൽ വരുമ്പോൾ വിശ്വാസികളുടെ മനസ്സ് കുളിരണിയുന്നതും ഉപോൽപലകമായി പ്രവാചക അനുരാഗം വരയായും വരിയായും ഒഴുകുന്നതും അതിനുവേണ്ടി സംവിധാനങ്ങൾ ഒരുക്കുന്നതുമെല്ലാം പ്രസ്തുത അടിസ്ഥാനത്തിൻമേലാണ്. ആ സന്തോഷ പ്രകടനം വിശ്വാസത്തിന്റെ ഭാഗമാണ്. ആ പ്രകടനത്തിന്റെ ശൈലി ആപേക്ഷികവുമാണ്. ഓരോ നാടിനും വ്യക്തികൾക്കും അനുസരിച്ച് മാറ്റങ്ങൾ ഉണ്ടാകാം. ഇസ്ലാമേതരമാകാത്തിടത്തോളം കാലം എല്ലാം സ്വീകാര്യയോഗ്യമാണ്. വിശ്വാസികൾ റബീഉൽ അവ്വലിൽ മൊത്തമായും തിരുനബിയുടെ ജന്മദിനത്തിന്റെ അന്ന് സവിശേഷമായും സന്തോഷം പ്രകടിപ്പിക്കുകയും ആഘോഷമാക്കുകയും ചെയ്യുന്നതിന്റെ ലക്ഷ്യം ഇഷ്ടം കരസ്ഥമാക്കലുമാണ്.
മനസ്സിൽ ഇഷ്ടമുള്ള ആർക്കും മുത്ത് നബിയുടെ ജന്മദിനത്തിൽ സന്തോഷിക്കാതിരിക്കാനാകില്ല. കഴിവിന്റെ പരമാവധി സന്തോഷിക്കാനും സന്തോഷപ്രകടനങ്ങൾ നടത്താനുമുള്ള ശ്രമമാണ് വിശ്വാസിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.