തിരുവസന്തം വിരുന്നെത്തിയിരിക്കുന്നു. നാടും വീടും വർണാഭമാക്കിയും മദ്ഹ് കീർത്തനങ്ങൾക്ക് വേദിയൊരുക്കിയും വസന്തത്തെ ധന്യമാക്കുന്ന മഹത്തായ കർമത്തിലാണ് ലോകമുസ്‌ലിം സമൂഹം. വിശ്വാസി ജീവിതം പൂർണമായും ആരാധനയാണ്. സ്രഷ്ടാവ് അനുവദിച്ച ആസ്വാദനങ്ങൾ പോലും പ്രതിഫലാർഹമായ സമയങ്ങളാക്കി പരിവർത്തിപ്പിക്കാനാണ് മതദർശനങ്ങളൊക്കെയും പറയുന്നത്. ഓരോ ദിവസവും കഴിഞ്ഞതിനേക്കാൾ മികവുറ്റതാക്കാനുള്ള ജാഗ്രതയാണ് വിശ്വാസിക്ക് ഉണ്ടാവേണ്ടത്. ജീവിതത്തെ നൈമിഷികമായ ആസ്വാദനങ്ങളുടെ അർത്ഥരാഹിത്യത്തിലേക്ക് ഒഴുക്കിവിടുന്നതിന് പകരം ജീവിതാർത്ഥത്തിലെത്താനുള്ള ജാഗ്രതാ നിർദേശങ്ങൾ പല ഘട്ടങ്ങളിലായി മനുഷ്യനു മുമ്പിലുണ്ട്. മുഹറമിന്റെ പുതുവർഷപ്പുലരിയും അളവറ്റ പ്രതിഫലം കൊണ്ടനുഗൃഹീതമായ റമളാനും ഹജ്ജ് മാസവുമെല്ലാം ജാഗ്രത്താവാനും ശാശ്വതമായ ആസ്വാദനത്തിലേക്ക് വിത്തിറക്കാനുമുള്ള അവസരങ്ങളാണ്. വിശ്വാസി സമൂഹം അവക്കെല്ലാം പ്രാധാന്യം നൽകുകയും ആരാധന നിമഗ്നരായി ലക്ഷ്യപൂർത്തീകരണത്തിന് വേണ്ടി അധ്വാനിക്കുകയും ചെയ്യുന്നു. ഇവിടെയെല്ലാം സ്ഫുടം ചെയ്തെടുത്ത ഹൃദയങ്ങളുമായി പുതുജീവിതം ആരംഭിക്കാനും ഗതകാലത്തെ പോരായ്മകൾ പരിഹരിക്കാനും സ്രഷ്ടാവ് ഓഫറുകൾ നൽകുകയും ചെയ്യുന്നു.
ജീവിതത്തെക്കുറിച്ച് കൂടുതൽ ജാഗരൂകരാകാനുള്ള മറ്റൊരു അവസരമാണ് പരിശുദ്ധമായ റബീഉൽ അവ്വൽ. സർവചരാചരങ്ങളുടെയും ഉണ്മക്ക് മുമ്പ് അല്ലാഹു സൃഷ്ടിച്ച തിരുപ്രകാശത്തിന്റെ പ്രത്യക്ഷമായ ഉദയമായിരുന്നു എഡി 571 ൽ മക്കയിൽ നടന്നത്. സർവചേതന അചേതന വസ്തുക്കളുടെയും ഉണ്മയുടെ യഥാർത്ഥ ഹേതുകമായ തിരുപ്രകാശത്തിന് ചേതന വരികയായിരുന്നു.
മക്കയിൽ മുളച്ച വിത്ത് പ്രതിബന്ധങ്ങളെല്ലാം വകഞ്ഞുമാറ്റി വളർന്നു, തളിർത്തു, പൂത്തു. ആ പരിമളം സത്യദീനിന്റെ ചെരാതുമേന്തി അതിരുകളില്ലാത്ത വിധം പടർന്നുകയറി. അവരോതിയ വചനങ്ങൾ സംശയലേശമന്യേയും അല്ലാതെയും വിശ്വസിച്ചവരും, നിരുപാധികം നിഷേധിച്ചവരും, അന്ധകാരത്തിന്റെ പടുകുഴിയിൽ നിന്ന് ഇനിയൊന്നും കാണാത്ത വിധം സത്യത്തെ തൊട്ട് തിമിരം ബാധിച്ചവരുമെല്ലാം അവരിൽ ഉണ്ടായി. ലോകത്താകമാനം മുഹമ്മദീയ സമാജം രൂപപ്പെട്ടു. ആ പ്രവാചകരുടെ വാക്കും പ്രവർത്തിയും മൗനവുമെല്ലാം അണുവിടവില്ലാതെ ഒപ്പിയെടുത്ത അനുചരർ സമഗ്രമായ മനുഷ്യവ്യവസ്ഥിതി ലോകത്തിന് സമ്മാനിച്ചു. പ്രസ്തുത വ്യവസ്ഥിതിയെ മുറതെറ്റാതെ അനുധാവനം ചെയ്യാൻ മുസ്‌ലിം സമൂഹം ജാഗ്രത കാണിച്ചു.
മനുഷ്യജീവിതത്തിന്റെ മുഴുമേഖലകളിലേക്കുമുള്ള ദൈവിക നിയമവ്യവസ്ഥയാണ് മതം. സ്രഷ്ടാവ് തൻറെ ദൂതന്മാരിലൂടെയാണ് മനുഷ്യ സമൂഹത്തിന് അത് സമർപ്പിച്ചത്. നരവംശത്തിന് മാർഗനിർദ്ദേശം നൽകാൻ ഒരു ലക്ഷത്തിലേറെ ദൈവദൂതന്മാർ നിയോഗിതരായിട്ടുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തെവരാണ് മുഹമ്മദ് (സ്വ).
എപ്പോഴാണ് ഒരാളിൽ മതം പൂർണമാകുന്നത്? മതം ജൈവികമായി സമ്പൂർണവും സമഗ്രവും വിമർശനാതീതവുമാണ്. വ്യക്തികളിൽ അതിൻറെ സമഗ്രമായ ഭാവം പ്രാവർത്തികമാകുമ്പോഴാണ് വ്യക്തിയിൽ മതം പൂർണമാകുന്നത്. അപ്പോഴാണ് അവൻ പൂർണനാകുന്നത്. ഇസ്‌ലാം നിഷ്കർഷിക്കുന്ന ദർശനങ്ങൾ ജീവിതത്തിൽ ആവിഷ്കരിക്കുകയാണ് അതിൻറെ മാർഗം.
മുസ്‌ലിമിന് ആവിഷ്കരിക്കാനുള്ള ജീവിതത്തിൻറെ സമ്പൂർണ മാതൃക തിരുനബിയുടെ ജീവിതമാണ്. ഇസ്‌ലാം എന്ന ദൈവികാധ്യാപനങ്ങൾ അവതരിപ്പിക്കപ്പെട്ടതും വിശദീകരണത്തിന് നിയോഗിക്കപ്പെട്ടതും തിരുനബിയാണ്. ഇലാഹി വചനങ്ങൾ വിശദീകരണമില്ലാതെ മനസ്സിലാക്കാനുള്ള ധൈഷണികത മനുഷ്യനില്ല. സ്വാഭാവികമായും അവയുടെ ഗ്രാഹ്യക്ഷമതക്ക് കൂടുതൽ വിശദീകരണങ്ങൾ അനിവാര്യമാണ്. അതാണ് തിരുനബി (സ) നിർവഹിച്ചത്. പരിമിതികൾ ഇല്ലാത്ത വിധം ഇസ്‌ലാമിന്റെ സർവതലങ്ങളെയും തിരുനബി ജീവിതം കൊണ്ട് വിശദീകരിച്ചുതന്നു. മനുഷ്യൻ ജീവിതത്തിൽ പുലർത്തേണ്ട കടമകളും ഐച്ഛികവും അനൈച്ഛികവും നിർബന്ധവുമായ ബാധ്യതകളും ഉത്തരവാദിത്വങ്ങളും , നടത്തത്തിലും ഇരുത്തത്തിലും കിടത്തത്തിലും ഭാര്യയോട്, മക്കളോട്, മാതാപിതാക്കളോട്, അയൽവാസിയോട്, കുടുംബത്തോട്, ഗുരുനാഥരോട്, മുതിർന്നവരോട്, കുട്ടികളോട്, സമൂഹത്തോട്, ഇതര മതസ്ഥരോട് അങ്ങിനെയങ്ങനെ ഇടപെടുന്നേടങ്ങളിൽ സർവ്വരോടുമുള്ള പെരുമാറ്റത്തിലും സർവ്വ ജീവിത വ്യവഹാരങ്ങളിലും പുലർത്തേണ്ട മര്യാദകളെ കുറിച്ചും തിരുനബി വ്യക്തമാക്കിയിട്ടുണ്ട്.
ജീവിതത്തിൻറെ സർവവ്യവഹാരങ്ങളിലും ഇസ്‌ലാമിനെ ആവിഷ്കരിക്കുന്നതിലൂടെ റബ്ബിന്റെ പ്രീതി കരസ്ഥമാക്കലാണ് വിശ്വാസി ജീവിതത്തിൻറെ അടിസ്ഥാനപരമായ ലക്ഷ്യം. മനുഷ്യ സൃഷ്ടിപ്പിന്റെ മർമവും സർവലോക രക്ഷിതാവിനുള്ള ആരാധനയാണല്ലോ. ആരാധനയെന്നാൽ നിസ്കാരം, നോമ്പ്, ദാനധർമങ്ങൾ തുടങ്ങി പരിമിതമായ സമയത്ത് മാത്രം ചെയ്യാനുള്ള അൽപ്പമാത്ര കർമങ്ങളാണെന്ന് കരുതുന്നത് തെറ്റാണ്. ജീവിതത്തിലെ ഏത് ഘട്ടത്തിലും സംസാരവും പ്രവർത്തിയും, ആലോചനകൾ വരെ ആരാധനയാണെന്നതാണ് ഇസ്‌ലാമിന്റെ വഴി. ശ്വാസ-നിശ്വാസം വരെ ശ്രേഷ്ഠമായ ആരാധനയാക്കി വികസിപ്പിക്കുവാനുള്ള വിശാലതയാണ് ഇസ്‌ലാം. മനുഷ്യൻറെ പരിമിതമായ ബുദ്ധിയുടെ ഗ്രാഹ്യ ശേഷിക്ക് പുറമേ അതിനുമപ്പുറത്തേക്ക് മതത്തിന്റെ സൗന്ദര്യം വികസിക്കുന്നുണ്ട്. അത് മനസ്സിലാക്കുമ്പോൾ മാത്രമാണ് ജീവിതത്തെ ഏറ്റവും സൗന്ദര്യാത്മകമാക്കാൻ സാധിക്കുകയുള്ളൂ .
ജീവിതത്തിൽ ആസ്വാദനങ്ങൾക്കുള്ള വ്യത്യസ്തമായ വഴികളാണ് മനുഷ്യൻ അന്വേഷിക്കുന്നത്. പലപ്പോഴും നൈമിഷികമായ ആസ്വാദനങ്ങൾക്ക് പിറകെ പോയി ലക്ഷ്യത്തിലെത്താതെ നിരാശരാകേണ്ടിവരുന്നതാണ് ഫലമധികവും. ജീവിതത്തിൻറെ ലക്ഷ്യവും അർത്ഥവും മനസ്സിലാക്കാതെ ആസ്വാദനാമാർഗങ്ങൾ അന്വേഷിക്കുന്നിടത്താണ് മനുഷ്യൻ പരാജിതനാകുന്നത്. അപ്പോൾ പിന്നെ ശാശ്വതമായ ജീവിതാസ്വാദനങ്ങൾക്കുള്ള വഴിയാണ് തിരഞ്ഞെടുക്കേണ്ടത്. അതിന് ജീവിതത്തെക്കുറിച്ച് ബോധ്യപ്പെടണം. ആസ്വാദനങ്ങളെക്കുറിച്ച് അറിയണം. അവയുടെ ഉറവിടങ്ങൾ മനസ്സിലാക്കണം. ആസ്വാദനങ്ങളോടിടപെടേണ്ടതിന്റെ രൂപങ്ങളെ കുറിച്ച് ജാഗ്രത വേണം. അനുവദനീയമായതും വിരോധിക്കപ്പെട്ടതും വേറിട്ടു മനസ്സിലാക്കാൻ കഴിയണം തുടങ്ങി ജീവിതത്തിന് ഏറ്റവും മനോഹരമായ നിറം പകരാൻ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആലോചനകൾ പ്രധാനമാണ്.
മുൻ മാതൃകകൾ സ്വീകരിക്കുകയെന്നത് എല്ലാകാലത്തും മനുഷ്യരും ഇതര ജീവികളും തുടർന്നു വരുന്ന കാര്യമാണ്. ആരെയാണ് നാം മാതൃകയാക്കേണ്ടത്? മാതൃകക്കായുള്ള തിരഞ്ഞെടുപ്പ് അത്രമേൽ പ്രധാനമാണ്. നാം മുകളിൽ പറഞ്ഞതും അല്ലാത്തതുമായ സർവ്വ പോരായ്മകളിൽ നിന്നും മുക്തമായ വ്യക്തിയെയാണ് നാം മാതൃകയാക്കേണ്ടത്. അപ്പോൾ മാത്രമേ ശരിയായ ജീവിതം നയിക്കാൻ കഴിയുകയുള്ളൂ. വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവൻറെ ചര്യകളുടെയും വ്യവഹാരങ്ങളുടെയും ഏറ്റവും അർത്ഥപൂർണമായ മാതൃക അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. അത് നേരത്തെപ്പറഞ്ഞ പരിമിതികളൊന്നും ഇല്ലാത്തതാണ്. സമഗ്രമാണ്. അത് തിരുനബിയാണ്.
മനുഷ്യന് സർവ്വലോക രക്ഷിതാവിലേക്കുള്ള വിജയത്തിൻറെ വഴി തുറന്നുതന്ന പ്രവാചകർ. മനുഷ്യനെന്നാൽ ചേതനയുള്ള കളിമൺ രൂപമല്ലെന്ന് പഠിപ്പിച്ച പ്രവാചകർ. ഇലാഹിധാരയിൽ അനുവർത്തിക്കേണ്ട സർവ്വ നിലപാടുകളും ജീവിച്ചു കാണിച്ചുതന്ന പ്രവാചകർ. പരിപൂർണരെന്ന് സ്രഷ്ടാവ് സുവിശേഷം നൽകിയ പ്രവാചകർ. അനുധാവനത്തിന്റെ വഴിയിൽ തിരുനബിയോളം നമ്മളെവിടെ നിന്ന് ആനന്ദം കണ്ടെത്തും? അസാധ്യമാണ്. അനുകരിക്കാൻ മുന്നിലൊരു സമ്പൂർണ ജീവിതം ഉണ്ടെന്നത് മുഹമ്മദിയ സാമാജത്തിന്റെ ഏറ്റവും സവിശേഷമായ സൗഭാഗ്യമാണ്.
മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം അല്ലാഹുവിലുള്ള സമ്പൂർണ വിധേയത്വത്തിലൂടെ ഇഷ്ടം സമ്പാദിക്കലാണെന്ന് നാം പറഞ്ഞു. മനുഷ്യൻ ചേതനയുള്ള മൺരൂപമല്ലെന്നും പറഞ്ഞു. മനുഷ്യ ശരീരം ആത്മാവെന്ന യാഥാർത്ഥ്യത്തിന് സഞ്ചരിക്കാനുള്ള മാധ്യമം മാത്രമാണ്. വിശ്വാസിയുടെ കർമ്മവും പ്രതിഫലവുമെല്ലാം ബന്ധിക്കുന്നത് ആത്മാവിനോടാണ്. മരണത്തോടെ മനുഷ്യശരീരം മണ്ണിൽ അലിഞ്ഞുചേരുന്നു. അപ്പോഴും ആത്മാവ് ബാക്കിയാവുന്നു. ശരീരം ദ്രവിച്ചില്ലാതാകുമ്പോഴും പുനരുത്ഥാന നാളിലേക്ക് ആത്മാവ് ബാക്കിയാവുന്നു. റബ്ബിന്റെ കൽപ്പന പ്രകാരം ആത്മാക്കളുടെ ലോകത്ത് അവ നിലനിൽക്കുന്നു. ജീവിതകാലത്തെ സുകൃത-വൈകൃതങ്ങൾനുസരിച്ച് ആത്മാവ് സുഖ-ദുഃഖങ്ങൾ അനുഭവിക്കുന്നു. ഒന്നും അവസാനിക്കുന്നില്ലെന്നും ഇന്നത്തെ ജീവിതം നൈമിഷികമെന്നും യഥാർത്ഥ ജീവിതം മരണത്തോടെ തുടങ്ങുന്നേയുള്ളൂ എന്നുമുള്ള ശരിയായ വിശ്വാസത്തിലധിഷ്ഠിതമായി സുഖ ദുഃഖങ്ങളുടെ അനന്തമായ ലോകത്തെ സന്തോഷത്തിനുവേണ്ടി ജീവിതത്തെ ക്രമപ്പെടുത്തുന്ന വിശ്വാസിക്ക് ആരാധനാ നിമഗ്നനായല്ലാതെ ഒരു നിമിഷം പോലും സാധ്യമല്ല. അതുകൊണ്ടുതന്നെ ആത്മാവിനെ പരിചരിക്കാനുള്ള മാർഗങ്ങളാണ് ഏറ്റവും പ്രധാനം.
ആത്മത്തെ പരിചരിക്കാനുള്ള ഏറ്റവും ശരിയായ മാർഗമാണ് പ്രസ്തുത ഉത്തരവാദിത്വത്തെ സമ്പൂർണ അർത്ഥത്തിൽ നിർവഹിച്ച മുത്ത് റസൂലിന്റെ ജീവിതത്തെ അനുധാവനം ചെയ്യൽ ഇസ്‌ലാമിനെ അതിൻറെ ഏറ്റവും മർമത്തിൽ നിന്നുകൊണ്ട് തിരുനബി ആവിഷ്കരിച്ചു. ആ ആവിഷ്കാരത്തെ നമ്മുടെ ജീവിതത്തിലേക്ക് പകർത്തുമ്പോൾ പിഴവുകളില്ലാത്ത ജീവിതത്തെ ക്രമപ്പെടുത്താൻ നമുക്കാവുന്നു. തിരുനബിയുടെ ജീവിതത്തിന്റെ സർവതലങ്ങളെയും ഏറ്റവും സൂക്ഷ്മമായി പഠിക്കൽ അനിവാര്യമാകുന്നത് ഇവിടെയാണ്. നമുക്ക് ആവിഷ്കരിക്കാനുള്ള അധ്യായത്തെ മനസ്സിലാക്കാതെ ആവിഷ്കാരമൊരിക്കലും സാധ്യമല്ല. പൂർണനായ മുസ്‌ലിമാവുകയെന്നാൽ തിരു പ്രവാചകർ ജീവിച്ച വഴിയെ ഒരു ചാൺ പോലും വ്യത്യാസമില്ലാതെ പിന്തുടരലാണ്. അതുകൊണ്ടുതന്നെയാണ് വിശ്വാസിയുമായി ഏറ്റവും ആത്മബന്ധമുള്ളത് തിരുദൂതർക്കാണെന്ന് ഖുർആൻ പഠിപ്പിച്ചത്. (സൂറ: അഹ്സാബ്) സ്വന്തം മാതാപിതാക്കളെക്കാളും സന്താനങ്ങളെക്കാളും അത്രമേൽ പ്രിയപ്പെട്ടവരേക്കാളും ആരമ്പ റസൂൽ നിങ്ങളുടെ പ്രേമഭാജനമാകുമ്പോൾ മാത്രമേ വിശ്വാസം പൂർണമാവുകയുള്ളൂ എന്ന പ്രവാചക വചനം ഓർക്കുക.
തിരുനബിക്ക് ഖുർആൻ നൽകിയ മഹാത്മ്യങ്ങളെയെല്ലാം പാടെ തള്ളുകയും അവിടുത്തെ അനുചരവൃന്ദത്തെ അപഹസിക്കുകയും പാരമ്പര്യ വിശ്വാസത്തിൽ നിന്ന് വിശ്വാസി സമൂഹത്തെ അകറ്റിനിർത്തുകയും ചെയ്യുന്ന പുരോഗമനത്തിന്റെ മുഖംമൂടിയണിഞ്ഞ വികലവാദ പ്രസ്ഥാനങ്ങൾ എത്ര വലിയ അപരാധമാണെന്ന് ചെയ്യുന്നതെന്ന് ആലോചിച്ച് നോക്കുക. ഹൃദയത്തിൽ വിശ്വാസം പുലർത്തുന്ന, ആരമ്പ റസൂലിനോട് സ്നേഹവും ആത്മബന്ധവുമുള്ള ഒരാൾക്ക് എങ്ങനെയാണ് ഇത് കണ്ടുനിൽക്കാനാവുക. തിരു ഹദീസുകളെ ദുർവ്യാഖ്യാനിച്ചും അർഹതയില്ലാതെ പരിശുദ്ധ ഖുർആനും ഹദീസും വ്യാഖ്യാനിച്ച് തെറ്റായ ദിശയിലേക്ക് ഇസ്‌ലാമിനെ എത്തിക്കുകയും ചെയ്യുന്ന പുത്തനാശയക്കാരുടെ കുതന്ത്രങ്ങളെ തൊട്ട് മുസ്‌ലിം സമൂഹത്തിന് എപ്പോഴും ജാഗ്രതയുണ്ടാവണം.
ഇസ്‌ലാം സ്നേഹമാണ്. കാരുണ്യമാണ്. സാഹോദര്യമാണ്. അതിനേക്കാളുപരി മറ്റൊന്നിനും മറികടക്കാനാവാത്ത വിധം സുന്ദരവുമാണ്. ഇസ്‌ലാമിന്റെ യഥാർത്ഥമായ ഉറവിടങ്ങളിൽ നിന്ന് പഠിക്കുമ്പോഴാണ് അതിന്റെ സൗന്ദര്യം നമുക്ക് ബോധ്യപ്പെടുകയുള്ളൂ. മതത്തെ വികലമായി അവതരിപ്പിക്കുന്നവരെ കേൾക്കാതിരിക്കുക എന്നത് ജാഗ്രതയുടെ ഭാഗമാണ്. ഇസ്‌ലാമിനെ ഏറ്റവും കൃത്യമായി അവതരിപ്പിച്ച തിരുദൂതരെ ശരിയായ സ്രോതസ്സിൽ നിന്ന് പഠിക്കാനും അത് ജീവിതത്തിൽ പുലർത്താനും ഓരോ വിശ്വാസിക്കും കഴിയണം. അതിനുള്ള ശ്രമങ്ങളാണ് തിരുദൂതരുടെ ജന്മം കൊണ്ടനുഗ്രഹീതമായ റബീഉൽ അവ്വലിൽ നമ്മിൽ നിന്നുണ്ടാവേണ്ടത്. തിരു നബിയുടെ മാസം കഴിയുന്നതിനു മുമ്പ് അൽപ്പമെങ്കിലും ആ മഹത്തായ ജീവിതത്തെ ഞാൻ പഠിക്കുമെന്ന് പ്രതിജ്ഞ ചെയ്യണം. ഏറ്റവും ശരിയായ ഉറവിടങ്ങൾ കണ്ടെത്തുകയും വേണം. അത്തരം പഠനങ്ങൾ നടന്നാൽ തിരുനബിയുടെ വചനങ്ങളും പ്രവർത്തികളും തെറ്റായ രൂപത്തിൽ അവതരിപ്പിച്ച് സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മതത്തെ സങ്കുചിതപ്പെടുത്തുന്നവരുടെ കെണിവലയിൽ നാം പെട്ടുപോവുകയില്ല.
ഓർക്കുക, ഏറ്റവും സമാധാനപൂർണമായാണ് തിരുനബി ജീവിച്ചത്. അതിനെ അണുവിട തെറ്റാതെയാണ് അനുചരരും പിൻഗാമികളും അനുധാവനം ചെയ്തത്. അവരുടെ ജീവിതം കണ്ടാണ് ഇസ്‌ലാമിലേക്ക് മറ്റുള്ളവർ കടന്നുവന്നത്. നമുക്കും അനുകരിക്കാനുള്ളത് ഇതേ പാതയാണ്. ആവിഷ്കാരത്തിനേക്കാൾ മുമ്പ് സാധ്യമാകേണ്ടത് പഠനമാണ്. തിരുനബിയെ മികച്ച രൂപത്തിൽ അവതരിപ്പിച്ച നിരവധി രചനകൾ വ്യത്യസ്ത ഭാഷകളിലായി നമുക്ക് ലഭ്യമാണ്. എന്നിട്ടും ഇസ്‌ലാമിനെയും പ്രവാചക ജീവിതത്തെയും പഠിക്കാതിരിക്കുന്നത് വലിയ അപരാധമാണ്. അവസരങ്ങൾ ഉപയോഗപ്പെടുത്തി ആരമ്പ റസൂലിനെ കൂടുതൽ പഠിക്കുവാനുള്ള വേദിയാകട്ടെ ഈ പുണ്യമാസം.