എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന സംഹാര രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഇരയാണ് രാഹുൽ. ജനാധിപത്യം വിരട്ടലല്ല, ഉൾക്കൊള്ളലാണ്. രാഹുൽ പുറത്താവുകയല്ല, ഉയിർത്തെഴുന്നേൽക്കുകയാണ്.
എതിർശബ്ദങ്ങളെ അമർച്ച ചെയ്യുന്ന ഫാസിസ്റ്റ് സംഹാര രാഷ്ട്രീയത്തിൻ്റെ ഒടുവിലത്തെ ഇരയാണ് രാഹുൽ. തലവേദന സൃഷ്ടിക്കുന്ന പ്രതിപക്ഷ നേതാക്കളെ സഭയ്ക്ക് പുറത്തു നിർത്തുന്നത് രാജ്യം ഭരിക്കുന്നവരുടെ യോഗ്യതയെയല്ല, ഭയാശങ്കകളെയാണ് വെളിപ്പെടുത്തുന്നത്. അപകീർത്തി പരാമർശമാണ് രാഹുലിന്റെ ലോക്സഭാ അംഗത്വം നഷ്ടപ്പെടുത്താൻ മാത്രം വലിയ ക്രിമിനൽ കുറ്റകൃത്യമെങ്കിൽ അവ്വിഷയത്തിൽ രാഹുലിനേക്കാൾ അസാമാന്യമായ കഴിവ് തെളിയിച്ചവരല്ലാത്ത ആരും തന്നെ ബിജെപിയുടെ ജനപ്രതിനിധികളിൽ ഇല്ലയെന്നതാണ് സത്യം. 2002 ൽ ഗുജറാത്ത് വംശഹത്യാനന്തരം ബീച്ചാരാജി ക്ഷേത്രത്തിന്റെ അങ്കണത്തിൽ വച്ചുകൊണ്ട് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി നടത്തിയ വിഷലിപ്തമായ പ്രസംഗം ഇന്നും ഇന്ത്യൻ ജനത മറന്നിട്ടില്ല. "നാം അഞ്ച് നമുക്ക് ഇരുപത്തിയഞ്ച് എന്ന ചിന്താഗതിയുള്ളവരെ കൊണ്ട് നാട് നന്നാവുമോ ? മനുഷ്യരെ ഉത്പാദിപ്പിക്കുന്ന മാനുഫാക്ചറിംഗ് യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുകയാണോ നാം ചെയ്യേണ്ടിയിരുന്നത് ?" രണ്ടായിരത്തിലേറെ വരുന്ന മുസ്ലിം ന്യൂനപക്ഷത്തെ കൂട്ടക്കൊല ചെയ്തതിനുശേഷം തൻറെ അനുയായികളെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗമായിരുന്നു അത്. ഒരു മതവിഭാഗത്തെ അതിക്രൂരമായി തീവെച്ചും അരിഞ്ഞും കൊലപ്പെടുത്തുക. രക്ഷതേടി സർക്കാർ സ്ഥാപനങ്ങൾക്ക് മുമ്പിലേക്ക് ഓടിവരുന്ന നിരപരാധികളെ നോക്കി We have no order to save you എന്ന് ഉച്ചത്തിൽ വിളിച്ചു പറയാൻ മാത്രം ധിക്കാരികളായ ഉദ്യോഗ വർഗത്തെ ആജ്ഞയുടെ കടിഞ്ഞാൺ കൊണ്ട് പിടിച്ചുനിർത്തുക. ഇങ്ങനെയെല്ലാം ചെയ്ത് രാജ്യത്തിൻറെ ചരിത്രത്തിൽ ഏറ്റവും വലിയ വെറുപ്പുൽപ്പാദനത്തിന്റെ അദ്ധ്യായം സൃഷ്ടിച്ച ഒരു പ്രധാനമന്ത്രിയാണ് രാഹുലിന്റെ വിവാദ പരാമർശത്തിന് ഇരയായതെന്ന് നാം ഓർക്കണം!
2019 ഏപ്രിലിൽ അഥവാ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കർണാടകയിലെ കോലാറിൽ രാഹുൽ നടത്തിയ പ്രസംഗമാണ് സൂറത്ത് കോടതി രണ്ടു വർഷത്തേക്ക് തടവുശിക്ഷ വിധിക്കാൻ കാരണമായ കുറ്റകൃത്യം. "നീരവ് മോദിയോ ലളിത് മോദിയോ നരേന്ദ്രമോദിയോ ആകട്ടെ എന്ത് കൊണ്ടാണ് എല്ലാ കള്ളന്മാരുടെയും പേരിൽ മോദി ഉള്ളത് ? ഇനിയും തിരഞ്ഞാൽ കൂടുതൽ മോദിമാർ പുറത്തുവരും."
നരേന്ദ്രമോദിയെയും മറ്റു ചില വ്യക്തികളെയും മാത്രം ലക്ഷ്യം വെച്ചുള്ള ഈ പരാമർശം ഒരു സമൂഹത്തെ അപകീർത്തിപ്പെടുത്താൻ വേണ്ടിയല്ല എന്നത് പകൽ പോലെ വ്യക്തമാണ്. അല്ലെങ്കിലും അദാനി-നരേന്ദ്ര മോദി ബന്ധത്തെക്കുറിച്ച് പാർലമെന്റിൽ പ്രതിപക്ഷം നിരന്തരം ചോദ്യമുന്നയിച്ച സാഹചര്യത്തിൽ പെട്ടെന്നുള്ള ഈയൊരു നിയമനടപടിക്കകത്തെ രാഷ്ട്രീയം സംശയാസ്പദമാണ്. ഐ പി സി സെക്ഷൻ 419ലെ വ്യവസ്ഥകൾ പരിശോധിക്കുമ്പോൾ പരമാവധി ശിക്ഷ കൊടുക്കാൻ മാത്രമുള്ള കുറ്റകൃത്യം ഒന്നുമല്ല രാഹുലിന്റെ പ്രസംഗം എന്ന് പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെടും. കാരണം ഒരു വിഭാഗത്തെ അപകീർത്തിപ്പെടുത്തുക എന്ന വ്യവസ്ഥയെക്കുറിച്ച് സുപ്രീംകോടതി കൃത്യമായ വിശദീകരണം നൽകിയിട്ടുണ്ട്. ഓരോ വ്യക്തിയുടെയും ഐഡന്റിറ്റി തിരിച്ചറിയാൻ കഴിയുന്ന വ്യതിരിക്തമായ ഒരു വിഭാഗം ആയിരിക്കണം അപകീർത്തിപ്പെടുത്തലിന് വിധേയരായരാവേണ്ടത്. മോദി എന്ന് പേരുള്ള ആളുകൾ എന്നത് ഈ ഗണത്തിൽ പെടുന്നില്ല. ഇനി പരമാവധി ശിക്ഷ തന്നെ വിധിക്കേണ്ടിയിരുന്നോ എന്ന ചോദ്യം രോഗാതുരമായ ഇന്ത്യൻ ജുഡീഷ്യൽ ആക്ടിവിസത്തിലെ പൊരുത്തക്കേടുകളെ പുറത്തുകൊണ്ടുവരാൻ പ്രാപ്തമായ ഒന്നാണ്. ലോകസഭാംഗത്വം റദ്ദാക്കണമെങ്കിൽ രണ്ടുവർഷം തടവുശിക്ഷ വിധിക്കാവുന്ന കുറ്റകൃത്യത്തിൽ ജനപ്രതിനിധി അകപ്പെടണം എന്നതാണ് വ്യവസ്ഥ. ഏതെങ്കിലും എം പി ക്കോ എം എൽ എക്കോ എം എൽ സിക്കോ ഏതെങ്കിലും കുറ്റകൃത്യത്തിന് രണ്ടു വർഷത്തിൽ കുറയാത്ത തടവ് ശിക്ഷ വിധിച്ചാൽ അവരുടെ സഭാംഗത്വം ഉടൻ നഷ്ടമാകുമെന്ന് 2013ലെ ലില്ലി തോമസും കേന്ദ്രസർക്കാരും തമ്മിലുള്ള കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുമുണ്ട്.
റാഫേൽ, പെഗാസസ്, വോട്ടിംഗ് മെഷീൻ തിരിമറികൾ, വിവാദകാർഷിക ബില്ല് തുടങ്ങിയവയിലെല്ലാം കേന്ദ്ര സർക്കാരിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച രാഹുൽ ഗാന്ധി ഭാരത് ജോഡോക്കുശേഷം വലിയ ജനപിന്തുണയുള്ള രാഷ്ട്രീയ നേതാവായി വളർന്നു കഴിഞ്ഞു എന്ന 'ഭീതിതമായ' ഒരു സാഹചര്യമാണ് ഇപ്പോഴത്തെ പ്രതികാര നടപടിക്ക് കാരണം. ബിജെപി ഇതര സംസ്ഥാനങ്ങളില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നടത്തുന്ന രാഷ്ട്രീയ ഇടപെടലുകളിലും മനീഷ് സിസോദിയ, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കെതിരായ കേസുകളിലും പ്രതികരിച്ച പ്രതിപക്ഷ എം.പിമാരെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തതും ഇത്തരം അധികാര നഷ്ടത്തിലുള്ള ഭയം കൊണ്ടുതന്നെയാണ്. അപ്പീൽ നൽകാൻ സാവകാശം നൽകാതെ തന്നെ സ്ഥാനത്തു നിന്നും അയോഗ്യനാക്കിയത് വെറുതെയല്ലെന്ന് ചുരുക്കം.
രാഹുലിനെ വേട്ടയാടാൻ നിർബന്ധിപ്പിക്കുന്ന ഏറ്റവും പുതിയ സംഭവങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഗൗതം അദാനിയുടെ കീഴിലുള്ള വ്യവസായ സ്ഥാപനങ്ങള്‍ ഓഹരി മേഖലയില്‍ നടത്തുന്ന തിരിമറികളെ സംബന്ധിച്ച ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് പുറത്തിറങ്ങിയിട്ട് രണ്ടുമാസം പൂര്‍ത്തിയാകുകയാണ്. ഈ കാലയളവില്‍ അദാനി വ്യവസായ കൂട്ടുകെട്ടിനുവേണ്ടി നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തിയ വഴിവിട്ട ബന്ധങ്ങളെക്കുറിച്ച് വലിയ തോതില്‍ ചര്‍ച്ച ഉയരുകയും ചെയ്തു. ഗൗതം അദാനിയുടെ ഓഹരി വിപണിയിലെ കൃത്രിമത്വങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഫലനം സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോഴും ഇന്ത്യയില്‍ ഇ.ഡി അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ സമ്പൂര്‍ണ മൗനത്തിലാണ്. പാര്‍ലമെന്റില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാതിരിക്കാന്‍ ഭരണകക്ഷികള്‍ ആസൂത്രിതമായി ഇടപെടുകയും ചെയ്യുന്നു.
രാഹുലിന്റെ വിവാദ പരാമർശത്തിൽ നേരിട്ട് ബന്ധമൊന്നുമില്ലാത്ത സൂറത്ത് വെസ്റ്റ് എം എൽ എ പൂർണേഷ് മോദിയുടെ പരാതിയിലാണ് കോടതി കേസ് എടുത്തിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്. കേന്ദ്രത്തിന്റെ വഴിവിട്ട കോർപ്പറേറ്റ് ബന്ധങ്ങളെ വെളിച്ചത്തുകൊണ്ടുവരും വിധത്തിലുള്ള പാർലമെന്റിലെ ഇടപെടലിനു ശേഷം തകൃതിയായി വർഷങ്ങൾക്കു മുൻപത്തെ ഒരു കേസ് കുത്തിപ്പൊക്കിയെടുത്ത് പാർലമെന്റിനു പുറത്താക്കാനുള്ള ശ്രമം തീർത്തും പകപോക്കലല്ലാതെ പിന്നെ മറ്റെന്താണ്? ഗുജറാത്തിലെ വംശഹത്യാ ഗൂഡാലോചനയ്ക്ക് പിന്നിലെ മോദിയുടെ പങ്ക് പുറത്തുകൊണ്ടുവരാൻ നിയമപോരാട്ടം നടത്തിയ ആർ ബി ശ്രീകുമാറിനും ടീസ്റ്റ സെതൽവാദിനും കുറച്ചുമുമ്പ് സഞ്ജീവ് ഭട്ടിനും അനുഭവിക്കേണ്ടിവന്ന ദുര്യോഗമാണ് രാഹുലിനെയും തേടിയെത്തിയിരിക്കുന്നത്.
അപകീർത്തിപരാമർശമാണ് പ്രശ്നമെങ്കിൽ രാഹുൽഗാന്ധിക്കെതിരെയും ഇന്ദിരാഗാന്ധി, സോണിയ ഗാന്ധി എന്ന് വേണ്ട മഹാത്മാഗാന്ധിക്കെതിരെയും ജവഹർലാൽ നെഹ്റുവിനെതിരെയും വിദ്വേഷ പ്രചാരണങ്ങൾ കുലത്തൊഴിലാക്കി മാറ്റിയ ആർഎസ്എസ് ബിജെപി നേതാക്കൾ ഏതു നിയമത്തിന്റെ സംരക്ഷണത്തിലാണ് ജനങ്ങൾക്കിടയിൽ വിലസുന്നത് ?.
സവർക്കറെ വീരപുരുഷനായി ആനയിക്കുകയും ഗോഡ്സെയെ പൂജിക്കുകയും മാത്രമല്ല മഹത്മഗാന്ധിയുടെ പ്രതിമയിലേക്ക് വെടിയുതിർക്കുകയും ചെയ്യും വിധം രാഷ്ട്രവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ പ്രജ്ഞാ സിംഗ് ഠാക്കൂറിനെപ്പോലുള്ളവർ നമ്മുടെ രാജ്യത്ത് കളങ്കരഹിതരാവുന്നത് എന്തുകൊണ്ടാണ് ?. രാഹുലിനെ തന്നെ അപകീർത്തിപ്പെടുത്തി സംസാരിക്കാത്തവരാണോ നമ്മുടെ രാജ്യത്തെ ബിജെപിയുടെ ജനപ്രതിനിധികൾ ? ബിജെപി ദേശീയ വക്താവ് സംബിത് പത്ര രാഹുലിനെ അധികാരത്തിന് വേണ്ടി യുദ്ധത്തിൽ കാലുമാറിയ മിർ ജാഫറിനോട് ഉപമിച്ച് അധിക്ഷേപിച്ചതിന്റെ പേരിൽ ഒരു ജഡ്ജിയും ബിജെപി നേതാവിനെ അയോഗ്യനാക്കിയില്ല.
അതായത് നമ്മുടെ രാജ്യത്ത് ഭരണ തലപ്പത്തിരിക്കാൻ വേണ്ട യോഗ്യത ആർ എസ് എസിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തോട് നിരുപാധിക വിധേയത്വം കാണിക്കുക എന്നതായി മാറിയിട്ടുണ്ട്. ബാബരി മസ്ജിദ് നിലനിൽക്കുന്ന ഭൂമിതർക്കവുമായി ബന്ധപ്പെട്ട കേസിൽ ബിജെപിക്ക് അനുകൂല വിധി പുറപ്പെടുവിച്ച ജസ്റ്റിസ് രഞ്ജൻ ഗഗോയി വിരമിച്ചയുടനെ പാർലമെൻറ് രാജ്യസഭാംഗമായി തെരഞ്ഞെടുത്തത് നാം ഓർക്കുന്നുണ്ടാവും. 2005 ൽ നടന്ന ഗുജറാത്തിലെ തുളസി റാം പ്രജാപതി വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായുടെ പേരിലുള്ള എഫ്ഐആർ റദ്ദാക്കിയ സുപ്രീംകോടതി രണ്ടംഗ ബെഞ്ചിലെ അംഗമായിരുന്ന ജസ്റ്റിസ് സദാശിവം പിന്നീട് ചീഫ് ജസ്റ്റിസായും വിരമിച്ച ശേഷം കേരള ഗവർണറായും നിയമിതനാവുന്നുണ്ട്. അന്താരാഷ്ട്ര ജുഡീഷ്യൽ കോൺഫറൻസിൽ മോദിയെ സ്തുതിച്ചു പ്രസംഗിച്ചതിന് ജസ്റ്റിസ് അരുൺ മിശ്രക്ക് കിട്ടിയ സമ്മാനം ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അധ്യക്ഷസ്ഥാനമായിരുന്നു.
പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് കൃത്യമായ മറുപടി ഉണ്ടാവണമെങ്കിൽ ഭരിക്കുന്നവർ ഭരണഘടനയോടും ജനങ്ങളോടും സത്യസന്ധതയുള്ളവരായിരിക്കണം. വിമർശനങ്ങളെ അധികാരബലം കൊണ്ട് നേരിടുന്ന കയ്യൂക്ക് രാഷ്ട്രീയം രാജ്യത്തിൻറെ ജനാധിപത്യ സംസ്കാരത്തോട് യോജിച്ചതല്ല. കോർപ്പറേറ്റ് മാടമ്പികളെ പ്രീണിപ്പിക്കുന്നതിന് പകരം രാജ്യത്തെ പരകോടികളായ പട്ടിണി പാവങ്ങളോട് ദയ ഉണ്ടാവണം. പാരവെപ്പിനും ജനദ്രോഹത്തിനും വേണ്ടിയാണെങ്കിൽ ഇവിടെ ഒരു ഭരണകൂടത്തിന്റെ ആവശ്യമില്ല. ആരോഗ്യപരമായ ചർച്ചകൾക്കും വിമർശനങ്ങൾക്കും ഇടം നൽകാത്ത പാർലമെൻറ് രാഷ്ട്രീയം ഹിറ്റ്ലറുടെ ന്യൂറംബർഗിൽ നിന്നും കടമെടുത്തതാണ്. ഓർക്കുക നിങ്ങൾ പുറത്താക്കിയത് രാഹുലിനെയല്ല, ജനാധിപത്യത്തെയാണ്. കക്ഷിരാഷ്ട്രീയ ഭേദമന്യേ രാജ്യത്തെ പൗരസമൂഹം രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത് കോൺഗ്രസിന് വേണ്ടിയല്ല രാജ്യത്തിൻറെ ആത്മാവിനെ സംരക്ഷിക്കാൻ വേണ്ടിയാണ്.
4 August, 2023 08:37 pm
MUHAMMED AJMAL OLAMATHIL
രാഹുൽ യോഗ്യൻ25 March, 2023 03:14 pm
Mmmh
Hggh25 March, 2023 03:46 pm
Jwkwkks
Kskeksk