അന്നത്തെ സ്വീകരണത്തിന്റെ ഓർമ പുതുക്കലായി തുടങ്ങിയ ഫാനൂസുകൾ ഇന്ന് ഈജിപ്തിനപ്പുറം ലോകമെമ്പാടുമുള്ള മുസ്‌ലിം രാജ്യങ്ങളിലേക്ക് പടർന്നിരിക്കുന്നു. "റമളാൻ ഫീ മിസ്ർ ഹാഗ താനിയ" (ഈജിപ്തിലെ റമളാൻ വേറെ തന്നെയാണ്) എന്ന പാട്ടുമായി കുട്ടികൾ ഈ പ്രകാശഗോപുരങ്ങളുമായി നിരത്തിലിറങ്ങുന്നതോടെ അന്തരീക്ഷം ഒരാഘോഷമായി മാറും.

വായിക്കാം:

വിശുദ്ധിയും സൂക്ഷ്മതയും ഹൃദയങ്ങളിലേക്ക് വിരുന്നെത്തുന്ന മാസമാണ് റമളാൻ. പ്രപഞ്ചനാഥന്റെ അളവറ്റ അനുഗ്രഹങ്ങൾ പെയ്തിറങ്ങുന്ന പുണ്യകാലം. പുരാതന സംസ്കൃതിയും പ്രൗഢമായ ഇസ്‌ലാമിക പൈതൃകവും സംഗമിക്കുന്ന ഈജിപ്തിന്റെ മണ്ണിൽ എൻ്റെ മൂന്നാമത്തെ റമളാനാണ്. പത്ത് കോടിയിലധികം വരുന്ന വിശ്വാസികളുടെ ആത്മീയ സ്പന്ദനമായ ഈ മണ്ണ്, അംറുബ്നുൽ ആസ്(റ)ന്റെ കരങ്ങളിലൂടെ ഇസ്‌ലാമിന്റെ വെളിച്ചത്തിലേക്ക് പിച്ചവെച്ച നാൾ മുതൽക്കേ മതകീയ ചിഹ്നങ്ങളെ ജീവവായു പോലെ നെഞ്ചേറ്റിയിട്ടുണ്ട്.
ഈജിപ്തിൽ റമളാൻ എന്നത് കലണ്ടറിൽ പൊടുന്നനെ വന്നുദിക്കുന്ന ഒന്നല്ല, മറിച്ച് മാസങ്ങൾ നീണ്ട ആത്മീയ കാത്തിരിപ്പാണ്. റജബ് മാസം മുതൽക്കേ വിശ്വാസികളുടെ പ്രാർത്ഥനകളിൽ റമളാൻ തുടിപ്പുകൾ തുടങ്ങും. തെരുവോരങ്ങളിൽ റമളാൻ ഗീതങ്ങൾ അലയടിക്കുകയും റേഡിയോകളിൽ ഉദ്ബോധന ക്ലാസുകൾ സജീവമാവുകയും ചെയ്യും. പുണ്യങ്ങളുടെ ഈ പൂക്കാലത്തിനായി ജനം അക്ഷമരായി കാത്തുനിൽക്കും.

മാസപ്പിറവി സ്ഥിരീകരിക്കുന്നതോടെ ഈജിപ്ഷ്യൻ നഗരങ്ങൾ ഉത്സവലഹരിയിലാകും. ഈ ആഘോഷത്തിന്റെ ഏറ്റവും വലിയ അടയാളമാണ് കെയ്‌റോയുടെ തെരുവുകളെ പ്രകാശഭരിതമാക്കുന്ന 'ഫാനൂസ്' വിളക്കുകൾ.
ഈജിപ്തിൽ ഫാനൂസ് ഇല്ലാത്ത തെരുവ് കണ്ടെത്തുക അസാധ്യമാണ്. ഇതിന്റെ ഉത്ഭവത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. മധ്യകാല ഈജിപ്തിലെ ഫാത്തിമിയ്യ ഭരണകാലത്താണ് ഈ ആചാരം തുടങ്ങിയതെന്നു കരുതപ്പെടുന്നു. ഫാത്തിമിയ്യ ഖലീഫ അൽ-മുയിസ് റമളാൻ മാസത്തിൽ കെയ്‌റോയിൽ എത്തിയപ്പോൾ, അദ്ദേഹത്തെ സ്വീകരിക്കാൻ ജനക്കൂട്ടം തെരുവോരങ്ങളിൽ വിളക്കുകൾ കത്തിച്ച് അണിനിരന്നു. അന്നത്തെ സ്വീകരണത്തിന്റെ ഓർമ പുതുക്കലായി തുടങ്ങിയ ഫാനൂസുകൾ ഇന്ന് ഈജിപ്തിനപ്പുറം ലോകമെമ്പാടുമുള്ള മുസ്‌ലിം രാജ്യങ്ങളിലേക്ക് പടർന്നിരിക്കുന്നു. "റമളാൻ ഫീ മിസ്ർ ഹാഗ താനിയ" (ഈജിപ്തിലെ റമളാൻ വേറെ തന്നെയാണ്) എന്ന പാട്ടുമായി കുട്ടികൾ ഈ പ്രകാശഗോപുരങ്ങളുമായി നിരത്തിലിറങ്ങുന്നതോടെ അന്തരീക്ഷം ഒരാഘോഷമായി മാറും.

ഈജിപ്തിൽ റമളാൻ മാസത്തിൽ ഒരാളും പട്ടിണി കിടക്കില്ല എന്ന് എൻ്റെ പ്രിയ മിസ്രി സുഹൃത്ത് പറഞ്ഞത് ഞാൻ അനുഭവിച്ചറിഞ്ഞു. അത്രമേൽ വിശാലമാണ് ഇവിടത്തെ ജനതയുടെ ഹൃദയം. വൈകുന്നേരമാകുന്നതോടെ നഗരം ദയാനിർഭരമാകും. വഴിയോരങ്ങളിൽ ചെറിയ ടെന്റുകൾ കെട്ടി നോമ്പുകാരെ അവർ മത്സരിച്ചു മാടിവിളിക്കും. 'മാഇദതു റഹ്മാൻ' (അല്ലാഹുവിൻ്റെ സൽക്കാരം) എന്നാണ് ഈജിപ്തുകാർ ഈ സൽക്കാരങ്ങളെ വിളിക്കുന്നത്. അപരിചിതരെ പോലും കൈകാട്ടി വിളിച്ച് സ്നേഹത്തോടെ ഭക്ഷണം നൽകുന്ന ഈ കാഴ്ച മാനവികതയുടെ വലിയൊരു പാഠമാണ്. യാത്രയിലാണെങ്കിൽ പോലും ബാങ്ക് വിളിച്ചാൽ ട്രാഫിക്കിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഈത്തപ്പഴവും വെള്ളവുമായി യുവാക്കൾ നിൽക്കുന്നുണ്ടാവും. "തിരക്കില്ലെങ്കിൽ ഇവിടെ വരൂ, ഭക്ഷണം കഴിച്ചു പോവാം" എന്ന് സ്നേഹത്തോടെ അവർ വിളിച്ചുകൊണ്ടിരിക്കും. അവരുടെ വാക്കുകളിലെ ആർദ്രതയും ആതിഥ്യമര്യാദയും ഏതൊരാളുടെയും കണ്ണും മനസ്സും നിറയ്ക്കുന്നതാണ്.

അൽ-അസ്ഹർ ഗ്രാൻഡ് മസ്ജിദിലെ ഇഫ്താർ അനുഭവം വാക്കുകൾക്കപ്പുറമാണ്. ലോകത്തിന്റെ നാനാഭാഗത്തുനിന്നും അറിവ് തേടിയെത്തിയ വിദ്യാർത്ഥികളുടെ ഒരു സംഗമഭൂമിയാണത്. പുറം രാജ്യക്കാരായ വിദ്യാർത്ഥികൾക്ക് പ്രത്യേക പാസ് ഉണ്ടെങ്കിൽ മാത്രമേ ഇവിടുത്തെ വിഭവസമൃദ്ധമായ ഇഫ്താർ വിരുന്നിൽ പങ്കെടുക്കാൻ കഴിയൂ. ദിവസവും അയ്യായിരത്തോളം വിദ്യാർത്ഥികളാണ് അസ്ഹറിന്റെ പ്രൗഢമായ അങ്കണത്തിൽ ഒരേ നിരയിൽ ഇരുന്ന് നോമ്പ് തുറക്കുന്നത്. വിവിധ ഭാഷക്കാരും വേഷക്കാരും ഒരുമിച്ചിരുന്ന് വിഭവങ്ങൾ പങ്കിടുമ്പോൾ ഇസ്‌ലാമിക സാഹോദര്യത്തിന്റെ ഉത്തമോദാഹരണമായി മാറുന്നു.

ഈജിപ്ഷ്യൻ ജനതയുടെ ഖുർആൻ ബന്ധം ഏറെ അത്ഭുതപ്പെടുത്തുന്നതാണ്. യാത്രയിലും ജോലിസ്ഥലത്തുമെല്ലാം അവർ ഖുർആനോടൊപ്പം സഞ്ചരിക്കുന്നു. മെട്രോ ട്രെയിനുകളിലും ബസുകളിലും ഇരിക്കുമ്പോൾ എല്ലാവരും സദാ സമയം ഖുർആൻ പാരായണത്തിലായിരിക്കും. ഒന്നുകിൽ കൈയിലുള്ള ചെറിയ മുസ്ഹഫിൽ നോക്കി, അല്ലെങ്കിൽ മൊബൈലിൽ. ലോകപ്രശസ്ത ഈജിപ്ഷ്യൻ ഖാരിഉകളുടെ സുന്ദര ശബ്ദം എല്ലാ കടകളിൽ നിന്നും ഒഴുകിപ്പരക്കും. തെരുവുകളിൽ അലയടിക്കുന്ന ഖുർആൻ സൂക്തങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു കുളിർമ അനുഭവപ്പെടും.

രാത്രികളിൽ പള്ളികൾ ജനസാഗരമാകും. തറാവീഹ്, തഹജ്ജുദ് നമസ്കാരങ്ങളിൽ പടച്ചവനെ ഓർത്ത് പൊട്ടിക്കരയുന്ന ഈജിപ്തുകാരെ കാണുന്നത് സാധാരണയാണ്. യുവാക്കളുടെ ആവേശം എടുത്തു പറയേണ്ടതാണ്. പ്രായമായവരേക്കാൾ ഉന്മേഷത്തോടെ രാത്രി മുഴുവൻ ആരാധനാകർമങ്ങളിൽ മുഴുകുന്ന യുവാക്കൾ ഈജിപ്തിലെ തിളക്കമുള്ള കാഴ്ചയാണ്. അന്ത്യയാമങ്ങളിൽ അത്താഴത്തിനായി വിശ്വാസികളെ വിളിച്ചുണർത്താൻ 'മുസഹിറാത്തുകൾ' ചെറിയ കൊട്ടിന്റെ അകമ്പടിയോടെ തെരുവിലിറങ്ങുമ്പോൾ ഈജിപ്ത് വീണ്ടും സജീവമാകുന്നു.
ആയിരം മാസങ്ങളേക്കാൾ പുണ്യമുള്ള രാവിനെ കാത്തിരിക്കുന്ന, നന്മയുടെ പൂക്കാലത്തെ ഹൃദയപൂർവം പുൽകുന്ന ഈ ജനതയ്ക്കൊപ്പം മൂന്നാം വർഷവും റമളാൻ പങ്കിടാൻ കഴിയുന്നത് വലിയ നിയോഗമാണ്. ഓരോ തെരുവിലെയും ഫാനൂസ് വിളക്കുകൾ പോലെ, ഓരോ ഈജിപ്തുകാരന്റെയും ഹൃദയത്തിലെ സ്നേഹവും വിശ്വാസവും അവിടെ ശോഭയോടെ പ്രകാശിച്ചുകൊണ്ടിരിക്കുന്നു. ഈ മണ്ണിലെ നോമ്പുകാലം ഒരു വിശ്വാസിക്ക് നൽകുന്നത് വെറും വിശപ്പല്ല, മറിച്ച് പങ്കുവെക്കലിന്റെയും പ്രത്യാശയുടെയും വലിയൊരു ആത്മീയ പാഠമാണ്.  

ഈജിപ്തിലെ ഇഫ്താർ വിഭവങ്ങൾ കേവലം ഭക്ഷണമല്ല, മറിച്ച് നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന രുചിക്കൂട്ടുകളാണ്. നോമ്പ് തുറക്കുന്ന വേളയിൽ മേശപ്പുറത്ത് നിരക്കുന്ന വിഭവങ്ങളുടെ വൈവിധ്യം ഏതൊരു സഞ്ചാരിയെയും അത്ഭുതപ്പെടുത്തും. സുഗന്ധവ്യഞ്ജനങ്ങൾ പാകത്തിന് ചേർത്ത കബാബും കുഫ്തയും, ഈജിപ്ഷ്യൻ അടുക്കളകളുടെ അഭിമാനമായ 'മലൂഖിയ'യും ഇഫ്താറിലെ പ്രധാന താരങ്ങളാണ്. ഡ്രൈ ഫ്രൂട്ട്സും നട്‌സും ചേർത്തുണ്ടാക്കുന്ന 'ഖശ്ശാഫ്' എന്ന പാനീയം നോമ്പുകാരന്റെ ദാഹവും തളർച്ചയും ഒരുപോലെ മാറ്റുന്നു.
മധുരപലഹാരങ്ങളുടെ കാര്യത്തിൽ ഈജിപ്തിനെ വെല്ലാൻ മറ്റൊരു നാടില്ലെന്നുതന്നെ പറയാം. ക്രീമും തേനും ചേർത്ത കുനാഫ', അകം നിറയെ നട്സുകളുമായി മൊരിഞ്ഞുനിൽക്കുന്ന 'ഖതാഇഫ്', അടുക്കിവെച്ച 'ബക്ലാവ' എന്നിവ റമളാൻ രാവുകളെ കൂടുതൽ മധുരമുള്ളതാക്കുന്നു. എന്നാൽ ഇവയ്ക്കെല്ലാം പുറമെ, ഈജിപ്ഷ്യൻ റമളാനിന്റെ തനതായ അടയാളമാണ് 'അറഖുസ്സൂസ്' എന്ന പാനീയം. ഇരട്ടിമധുരം കൊണ്ടുണ്ടാക്കിയ ഈ കറുത്ത പാനീയം കുടിക്കാതെ ഈജിപ്തുകാരന് ഒരു നോമ്പുതുറയും പൂർണമാകില്ല. പ്രത്യേക വേഷമണിഞ്ഞ് പാത്രങ്ങൾ കൂട്ടിമുട്ടിച്ച് ശബ്ദമുണ്ടാക്കി തെരുവോരങ്ങളിൽ ഇത് വിൽക്കുന്ന കച്ചവടക്കാർ റമളാനിലെ ഒരു സ്ഥിരം കാഴ്ചയാണ്.
നോമ്പ് തുറയ്ക്ക് ശേഷമുള്ള മണിക്കൂറുകൾ ഈജിപ്തുകാർക്ക് ഒത്തുചേരലിന്റേതാണ്. അവിടുത്തെ 'മക്ഹ'കൾ (പരമ്പരാഗത ചായക്കടകൾ) ഈ സമയങ്ങളിൽ സജീവമാകും. പ്രസിദ്ധമായ ഈജിപ്ഷ്യൻ ചായയും നുകർന്ന് മണിക്കൂറുകളോളം സൗഹൃദം പങ്കിട്ടിരിക്കുന്ന മനുഷ്യർ അവിടുത്തെ സാമൂഹിക ജീവിതത്തിന്റെ സൗന്ദര്യമാണ്. ഗൾഫ് നാടുകളിൽ പോലും പ്രശസ്തിയാർജ്ജിച്ചതാണ് ഈജിപ്തിലെ ചായക്കടകളിലെ ഈ സംസാരക്കൂട്ടങ്ങൾ.

Questions / Comments:



No comments yet.