ഈത്തപ്പഴം ഉഷ്ണപ്രകൃതിയുള്ള ഭക്ഷണമായി കണക്കാക്കപ്പെടുന്നതിനാൽ, അതിനൊടൊപ്പം കക്കിരി പോലുള്ള ജലസമൃദ്ധവും ശീതപ്രകൃതി സ്വഭാവമുള്ളതുമായ ഭക്ഷണം ഉൾപ്പെടുത്തുന്നത് നല്ലതാണ്.
വായിക്കാം:
നോമ്പും ആരോഗ്യവും
മനുഷ്യശരീരത്തിലെ പ്രധാനപ്പെട്ട ഊർജസ്രോതസ്സ് ഗ്ലുക്കോസാണ്. വ്രതമാരംഭിച്ച് പന്ത്രണ്ട് മുതൽ പതിനാറ് വരെ മണിക്കൂറുകൾക്ക് ശേഷം ശരീരം പ്രധാന ഊർജസ്രോതസ്സായ ഗ്ലൂക്കോസ് (glucose ) ഉപയോഗത്തിൽ നിന്നും കൊഴുപ്പ് (fat) ഉപയോഗത്തിലേക്ക് മാറുന്നു. ഈയൊരു വ്യതിചലനത്തെ മെറ്റബോലിക് സ്വിച്ചിങ് (metabolic switching) അല്ലെങ്കിൽ മെറ്റബോലിക് ഷിഫ്റ്റ് (metabolic shift) എന്നാണ് വിളിക്കപ്പെടുന്നത്. കരളിൽ ഗ്ലൈക്കജൻ (glycogen) സംഭരണം കുറയുന്നതോടെ കരൾ കൊഴുപ്പ് പൊളിച്ച് കീറ്റോൺ ബോഡികൾ നിർമിക്കുന്നു. കീറ്റൊജനസീസ് (ketogenesis) എന്ന ഈ പ്രക്രിയ ശരീരത്തിലെ അധിക കൊഴുപ്പ് കുറക്കുന്നു. ഇൻസുലിൻ സെൻസിറ്റിവിറ്റി, അഥവാ ഇൻസുലിൻ എന്ന ഹോർമോണിന്റെ അളവ് കുറയുകയും ഇൻസുലിനോടുള്ള കോശങ്ങളുടെ പ്രതികരണം മെച്ചപ്പെടുകയും ചെയ്യുന്നു. അതോടൊപ്പം ബ്ലഡ് ഷുഗർ കൃത്യമായി നിയന്ത്രണ വിധേയമാക്കുന്നു. ഇത് പ്രമേഹമടക്കമുള്ള രോഗങ്ങൾക്ക് ഗുണകരമായ ഫലം നൽകാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
2016 ൽ ജാപ്പനീസ് കോശ ശാസ്ത്രജ്ഞനായ യോഷിനോറി ഒസുമി (Yoshinori Ohsumi)ക്ക് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടികൊടുത്തത് അദ്ദേഹം കണ്ടെത്തിയ കോശങ്ങളിലെ മാലിന്യങ്ങൾ നശിപ്പിക്കുകയും പുനരുപയോഗം നടത്തുകയും ചെയ്യുന്ന 'autophagy' എന്ന പ്രക്രിയയാണ്. നോമ്പ് ഈ പ്രക്രിയയെ ശരീരത്തിൽ സജീവമാക്കുന്നു. ഇത് പഴയ കോശഘടകങ്ങൾ നീക്കപ്പെടാനും പുതിയ കോശങ്ങൾ രൂപപ്പെടാനും സഹായകമാകുന്നു. നോമ്പിന്റെ പ്രതിഫലനം ഹൃദയാരോഗ്യത്തിലും കാണാം. ശരീരത്തിലെ കൊഴുപ്പ് എരിച്ചുകളയാൻ നോമ്പ് സഹായകമാകുന്നതോടെ 'LDL' (ദുശിച്ച കൊളസ്ട്രോൾ) കുറയ്ക്കാനും 'HDL' (നല്ല കൊളസ്ട്രോൾ) മെച്ചപ്പെടുത്താനും സഹായിക്കുന്നു. മാത്രമല്ല, നോമ്പ് മൂലം രക്തസമ്മർദ്ദം നിയന്ത്രിച്ചു നിർത്താനും സാധിക്കും.
നോമ്പും മാനസികാരോഗ്യവും
മസ്തിഷ്കത്തിൻ്റെ പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ ഉണ്ടാക്കുക വഴി നോമ്പിന് മാനസികമായ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ സാധിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്. നോമ്പിൻ്റെ സമയങ്ങളിൽ മസ്തിഷ്കത്തിൽ 'ബി ഡി എൻ എഫ്' (BDNF=Brain-Derived Neurotrophic Factor) എന്ന പ്രോട്ടീൻ വർദ്ധിക്കുന്നു. ഇത് മസ്തിഷ്ക കോശങ്ങളുടെ പുനരുജ്ജീവനത്തിനും പഠനക്ഷമത വർധിപ്പിക്കുന്നതിനും സഹായകമാകുന്നു. തലച്ചോറിലെ പിറ്റ്യൂട്ടറി ഗ്രന്ഥിയിൽ ഉൽപാദിപ്പിക്കപ്പെടുന്ന ശരീരത്തിൻ്റെ സ്വാഭാവിക വേദനസംഹാരികളും സമ്മർദ്ദം കുറച്ച് സന്തോഷം നൽകുന്ന ഹോർമോണുകളുമാണ് എൻഡോർഫിനുകൾ (Endorphins). നോമ്പുകാലത്ത് ഇവകളുടെ തോത് വർദ്ധിക്കുകയും മനസ്സിന് സന്തോഷവും ഉന്മേഷവും നൽകുകയും ചെയ്യുന്നു. ശരീരത്തിലെ സെറോടോണിന്റെ (serotonin) തൊണ്ണൂറ് ശതമാനവും നിർമിക്കപ്പെടുന്നത് ദഹനവ്യൂഹത്തിലാണ് (Gut). നോമ്പ് വയറിലെ മൈക്രോബയോമിനെ (Microbiome) മെച്ചപ്പെടുത്തുകയും അതുവഴി സെറോടോണിൻ ഉൽപാദനത്തെ സ്വാധീനിക്കുകയും ചെയ്യുന്നു.
അത്താഴം മുടങ്ങാതെ നോക്കാം
അത്താഴത്തിൽ നിന്നാണ് പകൽ സമയത്തേക്കാവശ്യമായ ഊർജം നാം സമ്പാദിക്കുന്നത്. അത്താഴം ഒഴിവാക്കുന്ന പ്രവണത തീർത്തും ശരിയല്ല. ഇത് പകലിൽ കൂടുതൽ ക്ഷീണമുണ്ടാക്കും.
ചില പ്രത്യേക രാസ ഗുണങ്ങളടങ്ങിയ ഭക്ഷണങ്ങൾ നോമ്പുകാലത്ത് നമുക്ക് ക്രമീകരിക്കാനാകണം. അവയിൽ ചിലത് ഇവിടെ വിശദീകരിക്കുന്നു.
1. കോംപ്ലക്സ് കാർബോ ഹൈഡ്രയ്റ്റ്സ്:
ഇവ വിഘടിപ്പിക്കാൻ ശരീരം കൂടുതൽ സമയമെടുക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിക്കുന്നില്ല. മാത്രവുമല്ല ദീർഘനേരത്തേക്ക് ആവശ്യമായ ഊർജ്ജം നൽകാനും വിശപ്പ് കുറയ്ക്കാനും ഇവ സഹായിക്കുന്നു. തവിട് കളയാത്ത അരി, ഗോതമ്പ്, റാഗി, ഓട്സ്, കടല, പരിപ്പ്, ചെറുപയർ, സോയാബീൻ, ഉരുളക്കിഴങ്ങ്, ചീര, കാരറ്റ്, മധുരക്കിഴങ്ങ് എന്നിവ ഉദാഹരണങ്ങളാണ്.
2. പ്രോടീൻ: കടല, പരിപ്പ്, ചെറുപയർ, സോയ, നട്സ്(ബദാം, കശുവണ്ടി), പനീർ, തൈര് എന്നിവയിൽ പ്രോട്ടീൻ അടങ്ങിയിരിക്കും. ഇവ വിശപ്പിനെ നിയന്ത്രിക്കുകയും പേശികളെ സംരക്ഷിക്കുകയും ചെയ്യും. നട്സുകൾ ഉൾപെടുത്തുന്നത് വളരെയേറെ ഗുണം ചെയ്യും. നട്സിലെ 'ഒമേഗ-3 ഫാറ്റി ആസിഡുകൾ' നോമ്പ് സമയത്തെ ഏകാഗ്രത നിലനിർത്താൻ സഹായകമാകും. ബദാം, വാൾനട്ട്, കശുവണ്ടി പോലുള്ള നട്സിൽ കാണപ്പെടുന്ന കൊഴുപ്പുകൾ ഹൃദയാരോഗ്യത്തിന് ഗുണകരമാണ്. സകല കൊഴുപ്പുകളും ഒരേ സ്വഭാവമുള്ളവയല്ല. ഭക്ഷണത്തിൽ കാണുന്ന കൊഴുപ്പുകൾ പ്രധാനമായും സാച്ചുറേറ്റഡ് (Saturated),അൺസാച്ചുറേറ്റഡ് (Unsaturated) എന്നിങ്ങനെ രണ്ടിനമായി തിരിക്കാം.സാച്ചുറേറ്റഡ് കൊഴുപ്പ് അധികമായി ഉപയോഗിക്കുമ്പോൾ രക്തത്തിലെ കൊളസ്‌ട്രോൾ ഉയർന്ന് ഹൃദ്രോഗ സാധ്യത വർധിക്കാനിടയുണ്ട്. എന്നാൽ അൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ, പ്രത്യേകിച്ച് മോനോ അൺസാച്ചുറേറ്റഡ് (MUFA ), പോളി അൺസാച്ചുറേറ്റഡ് (PUFA) എന്നിവ ഗുണകരമായ കൊഴുപ്പാണ്. ഇത്തരത്തിലുള്ള അൺസാച്ചുറേറ്റഡ് ഫാറ്റാണ് നട്‌സുകളിൽ അടങ്ങിയിട്ടുള്ളത്.
3. ഫൈബർ: ഇലക്കറികൾ, പഴങ്ങൾ തുടങ്ങി നാരുകളടങ്ങിയ ആഹാരങ്ങൾ ദഹനത്തെ നിയന്ത്രിക്കുന്നു.
രക്തത്തിലേക്ക് പഞ്ചസാര സാവകാശം മാത്രം കടത്തിവിടുന്നതിനാൽ, പെട്ടെന്നുള്ള ക്ഷീണം ഒഴിവാക്കി വൈകുന്നേരം വരെ ഉന്മേഷം നിലനിർത്താൻ സഹായിക്കുന്നു. നോമ്പ് സമയത്ത് ഭക്ഷണരീതി മാറുന്നത് മൂലം സാധാരണയായി ഉണ്ടാകാറുള്ള മലബന്ധം (Constipation) ഒഴിവാക്കാൻ നാരുകൾ അത്യാവശ്യമാണ്. നാരുള്ള ഭക്ഷണങ്ങളിൽ ജലാംശം കൂടുതലായതിനാൽ ശരീരത്തിൽ നിർജ്ജലീകരണം (Dehydration) തടയുവാനും സഹായകമാകും. അത്താഴ സമയത്ത് നന്നായി വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.
നോമ്പ് തുറക്കുന്ന സമയത്ത് അസിഡിറ്റി മൂലമുണ്ടാകുന്ന നെഞ്ചിരിച്ചിൽ, പുളിച്ചുതികട്ടൽ തുടങ്ങിയ ബുദ്ധിമുട്ടുള്ളവർ നോമ്പുതുറ സമയത്ത് നാരങ്ങ വെള്ളം പോലോത്ത അസിഡിറ്റി ഉണ്ടാക്കുന്ന പാനീയങ്ങൾ വെറും വയറ്റിൽ കുടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഈത്തപ്പഴം ഉഷ്ണപ്രകൃതിയുള്ള ഭക്ഷണമായി കണക്കാക്കപ്പെടുന്നതിനാൽ, അതിനൊടൊപ്പം കക്കിരി പോലുള്ള ജലസമൃദ്ധവും ശീതപ്രകൃതി സ്വഭാവമുള്ളതുമായ ഭക്ഷണം ഉൾപ്പെടുത്തുന്നത് നല്ലതാണ്. നോമ്പുതുറ സമയത്ത് എണ്ണക്കടികൾ (Fried foods) അമിതമായി കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ദിവസം മുഴുവൻ വിശന്നിരിക്കുന്ന വയറ്റിലേക്ക് പെട്ടെന്ന് എണ്ണമയമുള്ള ഭക്ഷണം എത്തുന്നത് അസിഡിറ്റി, നെഞ്ചെരിച്ചിൽ, ദഹനക്കേട് എന്നിവയുണ്ടാക്കും.
നോമ്പുകാലത്ത് ധാരാളം വെള്ളം കുടിക്കൽ അനിവാര്യമാണ്. വെള്ളം കുറച്ച് കുടിക്കുന്നശീലം മൂത്രസംബന്ധ അണുബാധകൾക്കും (Urinary Tract Infections) വൃക്കക്കല്ലിനും കാരണമാവാനിടയുണ്ട്. ശരീരത്തിൽ ആവശ്യമായത്ര ദ്രാവകം ലഭിക്കാതിരുന്നാൽ മൂത്രത്തിന്റെ അളവ് കുറയും. അതുവഴി ബാക്ടീരിയകൾ മൂത്രപഥത്തിൽ കൂടുതൽ നേരം തങ്ങുകയും അണുബാധയ്ക്ക് അനുകൂല സാഹചര്യം ഒരുക്കുകയും ചെയ്യും.
കരുതൽ അനിവാര്യം
പ്രമേഹ രോഗികള്‍, പ്രത്യേകിച്ച് ഇന്‍സുലിന്‍ എടുക്കുന്നവര്‍ നോമ്പെടുക്കുകയാണെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇന്‍സുലിന്‍ പുനഃക്രമീകരിക്കണം.
ഹൈപോഗ്ലൈസീമിയ (രക്തത്തിൽ ഗ്ലുക്കോസിന്റെ അളവ് സാധാരണത്തേക്കാൾ കുറയുന്ന അവസ്ഥ)യുടെ ലക്ഷണങ്ങളായ
വിറയൽ, വിയർപ്പ്, ഹൃദയമിടിപ്പ് കൂടുക, വിശപ്പ്, തലകറക്കം പ്രകടമായാൽ പെട്ടെന്ന് തന്നെ ഷുഗർ പരിശോധിക്കുകയും ചികിത്സ ഉറപ്പ് വരുത്തുകയും ചെയ്യുക. ഉച്ചക്ക് നിർബന്ധമായും മരുന്ന് കഴിക്കേണ്ടവരുണ്ടെങ്കിൽ അത് ഡോക്ടറോട് ചോദിച്ച ശേഷം ഫലപ്രദമായ രീതിയിൽ മറ്റൊരു സമയത്തേക്ക് മാറ്റാൻ ശ്രമിക്കാം.
നോമ്പിലൂടെ ആത്മീയ നിർവൃതി കരസ്ഥമാവുന്നതോടൊപ്പം കൃത്യമായ ചിട്ടയിൽ ആഹാര ക്രമീകരണം നടത്തിയാൽ ആരോഗ്യമേന്മയുള്ള സമ്പത്തും നമുക്ക് നേടിയെടുക്കാം.
9 March, 2026 03:23 pm
Swalih Randathani
❤️????????