റമളാനിന്റെ സവിശേഷമായ പ്രത്യേകതയാണ് ഖുർആൻ അവതീർണ്ണം. വിശുദ്ധ ഗ്രന്ഥത്തിന്റെ പാരായണത്തിനു വേണ്ടി മാത്രമായി വിശ്വാസികൾ ധാരാളം സമയം ഒഴിഞ്ഞിരിക്കുന്നു.

 


  

സർവ്വലോക രക്ഷിതാവായ അല്ലാഹുവിൻറെ അടിമയാണ് മനുഷ്യൻ. ഉടമയായ സൃഷ്ടാവിന്റെ കൽപ്പനകളും വിരോധനകളും അനുസരിക്കുന്ന അടിമയാകുമ്പോൾ മാത്രമേ ആ സൃഷ്ടിപ്പിന്റെ യാഥാർത്ഥ്യത്തെ നിറവേറ്റാനാകൂ. അനശ്വരമായ പരലോകത്തേക്കുള്ള വിളവെടുപ്പിന് ആവശ്യമായ സൽകർമ്മങ്ങളെ ക്രിയാത്മകമായി ചിട്ടപ്പെടുത്താനാണ് ഒരു വിശ്വാസി നശ്വരമായ ഈ പരലോകത്തെ ഉപയോഗപ്പെടുത്തേണ്ടത്. എന്നാൽ പ്രതിഫലാർഹമായ സൽപ്രവർത്തികൾ ചെയ്യാനും ആത്മാവ് ശുദ്ധീകരിക്കാൻ സൃഷ്ടാവ് തന്നെ അടിമകൾക്കായി നിരവധി അവസരങ്ങൾ ഒരുക്കിയിട്ടുണ്ട്. അതിൽ മഹത്തായ ഒരു അവസരമാണ് പരിശുദ്ധമായ റമളാൻ മാസം.

    പരിശുദ്ധ റമളാൻ മാസം മുഴുവൻ നോമ്പെടുക്കൽ അതിന് ആവതുള്ള എല്ലാ വിശ്വാസിയുടെ മേലും നിർബന്ധമാണ്. എന്നാൽ റമളാൻ മാസം നോമ്പിന്റെയും തറാവീഹിന്റെയും മാസം മാത്രമല്ല, പരിശുദ്ധ ഖുർആനിന്റെ മാസം കൂടിയാണ്. പരിശുദ്ധ ഖുർആനും റമളാനും തമ്മിൽ വലിയ ബന്ധമുണ്ട്. അല്ലാഹു ഖുർആനിലൂടെ തന്നെ വ്യക്തമാക്കുന്നു "ജനങ്ങൾക്ക് മാർഗദർശനമായിക്കൊണ്ടും നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ച് കാണിക്കുന്നതുമായ തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാൻ"(സൂറത്തുൽ ബഖറ : 185) അതെ, പരിശുദ്ധനായ ഖുർആൻ അവതരിപ്പിക്കപ്പെട്ട, ഇറക്കപ്പെട്ട മാസമാണ് റമളാൻ. എന്നാൽ ഖുർആനിൽ തന്നെ മറ്റൊരു സ്ഥലത്ത് കാണാം "തീർച്ചയായും നാം ഇതിനെ (ഖുർആനിനെ) ലൈലത്തുൽ ഖദറിൽ (നിർണയത്തിന്റെ രാത്രിയിൽ) അവതരിപ്പിച്ചിരിക്കുന്നു"(സൂറത്തുൽ ഖദർ: 01) അപ്പോൾ ഖുർആൻ ഇറക്കപ്പെട്ടത് റമളാനിൽ ആണെന്നും പരിശുദ്ധമാക്കപ്പെട്ട രാത്രിയിൽ ആണെന്നും അത് ലൈലത്തുൽ ഖദർ ആണെന്നും പരിശുദ്ധ ഖുർആനിൽ നിന്ന് തന്നെ മനസ്സിലായി.

അവതരണ രൂപം

    എന്നാൽ ഈ ഇറക്കൽ എങ്ങനെയായിരുന്നു എന്നതിൽ പണ്ഡിതന്മാർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഒരഭിപ്രായം ഇങ്ങനെയാണ്, ലൗഹുൽ മഹ്ഫൂളിൽ നിന്നും ഒന്നാനാകാശത്തെ ബൈത്തുൽ ഇസ എന്നറിയപ്പെടുന്ന സ്ഥലത്തേക്ക് ഖുർആനിനെ ഇറക്കിയത് പ്രസ്തുത രാവിൽ ആണ്. പിന്നീട് സന്ദർഭങ്ങൾക്ക് അനുസരിച്ച് ഖുർആനിനെ പ്രവാചകർ മുഹമ്മദ് നബി(സ്വ)യിലേക്ക് ജിബ്‌രീൽ മുഖേന അവതരിച്ചു. ഖുർആനിന്റെ അവതരണം ആരംഭിച്ചത് റമളാനിലെ ലൈലത്തുൽ ഖദ്റിലാണെന്നത് മറ്റൊരു അഭിപ്രായമാണ്. എന്നതിനാലൊക്കെ തന്നെ പരിശുദ്ധ ഖുർആനുമായി ബന്ധപ്പെട്ട നിരവധി പ്രത്യേകതകൾ റമളാനിനുണ്ട്. അബ്ദുല്ലാഹിബിന് അബ്ബാസിൽ (റ) നിന്നും നിവേദനം ചെയ്ത ഒരു ഹദീസിൽ കാണാം "റമളാനിലെ എല്ലാ രാത്രിയിലും അല്ലാഹുവിൻറെ തിരുദൂതർ(സ്വ) ജിബിരീലിന് (അ) ഖുർആൻ ഓതി കേൾപ്പിക്കാറുണ്ടായിരുന്നു" (ബുഖാരി, മുസ്‌ലിം) എന്തുകൊണ്ടായിരിക്കും കേൾപ്പിക്കലിന് പരിശുദ്ധ റമളാൻ തന്നെ തിരഞ്ഞെടുത്തത് റമളാനും ഖുർആനും തമ്മിലുള്ള ബന്ധത്തെ തുറന്നുകാട്ടുന്നു.

മഹാന്മാരുടെ റമളാൻ

    റമളാനും ഖുർആനും തമ്മിലുള്ള ബന്ധവും റമളാൻ മാസത്തിൽ ഖുർആൻ പാരായണം വർദ്ധിപ്പിക്കുന്നതിൻ്റെ അനിവാര്യതയും മഹാന്മാരുടെ ജീവിതം വിശകലനം ചെയ്താൽ തന്നെ മനസ്സിലാക്കാനാവും. റമളാൻ പ്രവേശിച്ചാൽ പിന്നെ മഹാനായ ഇമാം മാലിക് (റ) അറിവിന്റെയും ഹദീസിന്റെയും സദസ്സുകൾ എല്ലാം നിർത്തിവെക്കുകയും ഒഴിവാക്കുകയും ചെയ്യും എന്നിട്ട് സദാസമയവും ഖുർആൻ പാരായണത്തിൽ മുഴുകിയിരിക്കും. മഹാനായ ഇമാം ഷാഫിഈ (റ) നിസ്കാരത്തിൽ അല്ലാതെ തന്നെ റമളാനിൽ അറുപത് ഖത്മ് ഓതിയിരുന്നു. മഹാനായ സുഫിയാനു സ്സൗരി (റ) പറയുന്നതായി കാണാം "ഈ പരിശുദ്ധമാക്കപ്പെട്ട മാസം ഖുർആൻ അറിയാവുന്നവർ അറിയാത്തവർക്ക് അത് പഠിപ്പിച്ചു കൊടുക്കേണ്ടതുണ്ട്"

    മറ്റു മുൻഗാമികളായ പണ്ഡിത മഹത്തുക്കളുടെ ജീവിതം പരിശോധിച്ചാലും ഇക്കാര്യം കാണാനാകും. മുൻകാല മഹാന്മാരിൽ ചില റമളാനിലെ ഓരോ പത്ത് ദിവസം കൂടുമ്പോഴും ഖുർആൻ ഖത്മ് ചെയ്തിരുന്നു. ചിലർ ഏഴ് ദിവസം കൂടുമ്പോഴും മറ്റുചിലർ ഓരോ മൂന്നുദിവസം കൂടുമ്പോഴും പരിശുദ്ധ ഖുർആൻ ഖത്മ് ചെയ്തിരുന്നു. ഏറ്റവും കുറഞ്ഞത് മൂന്നു തവണയെങ്കിലും ഓരോ റമളാനിലും ഖുർആൻ ഖത്മ് ചെയ്യണമെന്ന നിലപാടിലാണ് ഒരുപറ്റം പണ്ഡിതന്മാർ.

ഖുർആനും സത്യവിശ്വാസിയും

    ഒരു സത്യവിശ്വാസിയുടെ ജീവിതത്തിലെ ഏറ്റവും വിലയേറിയ നിമിഷം അത് അവന്റെ രക്ഷിതാവിൻറെ കലാമായ ഖുർആനുമായി ബന്ധപ്പെടുന്ന സമയങ്ങളാണ്. അവൻ അതിനെ കൈകളിൽ വഹിക്കുന്ന സമയം, അവൻ അതിലേക്ക് നോക്കുന്ന സമയം, അതിലെ സൂക്തങ്ങൾ അവൻ പാരായണം ചെയ്യുന്ന സമയം, അതിലെ ആശയതലയങ്ങൾ ചിന്തിക്കുന്ന സമയം, അങ്ങനെ തുടങ്ങി ഖുർആനുമായി ബന്ധപ്പെടുന്ന സമയങ്ങളാണ് ഒരു സത്യവിശ്വാസിയുടെ ജീവിതത്തിലെ ഏറ്റവും വിലയേറിയ നിമിഷങ്ങൾ. അപ്പോൾ ഖുർആനുമായി ബന്ധപ്പെട്ട റമളാൻ മാസത്തിൽ ഖുർആനുമായി സത്യവിശ്വാസി കൂടുതൽ ഇടപഴകുന്നതിന് കൂടുതൽ പകിട്ടേറും.

ഖുർആൻ പാരായണത്തിന്റെ പ്രതിഫലങ്ങൾ

    പരിശുദ്ധ ഖുർആനിൻ്റെയും അത് പാരായണം ചെയ്യുന്നതിന്റെയും ശ്രേഷ്ഠതകളും മഹത്വങ്ങളും തൂലികകൾക്കതീതമാണ്. അല്ലാഹുവിൻറെ തിരുദൂതർ (സ്വ) പറയുന്നു "ആരെങ്കിലും ഖുർആനിൽ നിന്നും ഒരു അക്ഷരം പാരായണം ചെയ്താൽ അവൻ ഒരു ഗുണം ലഭിക്കും ഓരോ ഗുണത്തിനും പ്രതിഫലം പത്തിരട്ടിയാണ്. അലിഫ് ലാം മീം എന്നത് ഒരക്ഷരം അല്ല. അലിഫ് ഒരക്ഷം ലാം മറ്റൊരക്ഷരം മീം മറ്റൊരക്ഷരം" (തുർമുദി) എപ്പോഴൊക്കെ ഒരു മുസ്‌ലിം അവൻറെ രക്ഷിതാവിൻറെ ഗ്രന്ഥം പാരായണം ചെയ്യുന്നുവോ, അതിലെ അക്ഷരങ്ങൾ വർദ്ധിക്കുന്നുവോ അവന്റെ ഗുണത്തിലും പ്രതിഫലത്തിലും വർദ്ധനവ് ഉണ്ടായിക്കൊണ്ടേയിരിക്കും. അപ്പോൾ ഒരോ ഗുണത്തിനും എഴുപത് ഇരട്ടി വരെ പ്രതിഫലം ലഭിക്കുന്ന ഖുർആനിൻറെ മാസമായ റമളാനിൽ നടത്തുന്ന ഖുർആൻ പാരായണത്തിന് എത്രത്തോളം പ്രതിഫലം ഉണ്ടാകും.

ഒരിക്കൽ അബൂ ദറ്ർ (റ) നോട് തിരുദൂതർ (സ്വ) പറഞ്ഞു " നീ ഖുർആൻ പാരായണം ചെയ്യണം കാരണം നിശ്ചയമായും അത് ഭൂമിയിൽ നിനക്ക് പ്രകാശവും ആകാശത്ത് രക്ഷയുമാണ്."(ഇബ്നു ഹിബ്ബാൻ). മറ്റൊരു അവസരത്തിൽ പ്രവാചകൻ (സ്വ) പറഞ്ഞു "നിങ്ങൾ ഖുർആൻ പാരായണം ചെയ്യണം കാരണം അത് അതിൻറെ അഹ് ലു കാർക്ക് അന്ത്യനാളിൽ ശുപാർശകനായി വരും (മുസ്‌ലിം).

Questions / Comments:



No comments yet.