മുസ്ലിം പിന്തുടർച്ചാ നിയമങ്ങളിൽ സ്ത്രീയുടെ അവകാശങ്ങൾ നീതിയുക്തവും പുരോഗമനപരവുമാണ്. ലിംഗനീതിയുടെ പ്രായോഗികതയോടാണവ സത്യസന്ധത പുലർത്തുന്നത്.
മുസ്ലിം സ്ത്രീകളുടെ പിന്തുടർച്ച നിയമവുമായി ബന്ധപ്പെട്ട് ചർച്ചകൾക്ക് ചൂടുപിടിക്കുകയാണ്. സ്ത്രീകളുടെ സാമ്പത്തിക അവകാശങ്ങളെ തടഞ്ഞുവെക്കുന്ന ഇസ്ലാമിക നിയമങ്ങൾ പരിഷ്കരിക്കണമെന്നാണ് സ്വയം പ്രഖ്യാപിത അവകാശ സംരക്ഷകർ വാദിക്കുന്നത്. വാസ്തവത്തിൽ സാമ്പത്തികമായും സാമൂഹികമായും ഒരു വിധത്തിലുമുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും ഒന്നുമില്ലാത്ത ഒരു സാമൂഹിക പരിതസ്ഥിതിയിൽ നിന്ന് സ്ത്രീകളെ കരകയറ്റിയത് ഇസ്ലാമായിരുന്നു. ആദ്യമായി സ്ത്രീകൾക്ക് അനന്തരാവകാശം വകവച്ചുകൊടുത്ത മതവും ഇസ്‌ലാം തന്നെ. വിശുദ്ധ ഖുർആൻ അവതീർണമാകുന്നതിന് മുമ്പ് സ്ത്രീകൾക്ക് സമൂഹത്തിൽ ഇത്രമാത്രം പ്രാധാന്യമുണ്ടെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു എന്ന് ഉമർ ബിൻ ഖത്താബ് (റ) പറയുന്നത് കാണാം. ഉമർ എന്നത് കേവലം മുസ്ലിങ്ങളുടെ ഒരു മത നേതാവോ മുഹമ്മദ് നബിയുടെ ഒരു അനുചരൻ മാത്രമോ അല്ല. മറിച്ച് ആറാം നൂറ്റാണ്ടിലെ പ്രബലരായ സാമ്രാജ്യങ്ങളെയും നാഗരികതകളെയും കൃത്യമായി തൊട്ടറിഞ്ഞ ഒരു രാഷ്ട്രീയ വിചക്ഷണൻ കൂടിയായിരുന്നു ഖലീഫ ഉമർ. പുരാതന റോമൻ- ബൈസന്റൈൻ നാഗരികതകളിൽ അടിമകളോട് കൂടെയായിരുന്നു സ്ത്രീകളെ പരിഗണിച്ചിരുന്നത്. അക്കാലത്തെ ഭരണ വ്യവഹാരങ്ങളെയും സാംസ്കാരിക കൈമാറ്റങ്ങളെയും വിളിച്ചോതുന്ന കത്തിടപാടുകളിലും എഴുത്തുകുത്തുകളിലുമെല്ലാം സമൂഹത്തിലെ രണ്ടാംകിട വിഭാഗമായി സ്ത്രീകളെ എണ്ണുന്നത് കാണാൻ കഴിയും. ഇത്തരം സാമൂഹികമായി അരിക്കുവൽക്കരിക്കപ്പെട്ട ഒരു വിഭാഗമായിരുന്നു അക്കാലത്ത് സ്ത്രീകൾ. അവരെ സാമ്പത്തികവും സാമൂഹികവുമായ അവകാശങ്ങൾ വകവച്ചുനൽകിക്കൊണ്ട് പുരോഗമനത്തിന്റെ പടവുകൾ താണ്ടിക്കടന്ന ഒരു പ്രത്യയശാസ്ത്രമാണ് വിശുദ്ധ ഇസ്ലാം.
മുസ്ലിം പിന്തുടർച്ച നിയമത്തിൽ അസമത്വവും ചൂഷണവും അടങ്ങിയിട്ടുണ്ടെന്ന വാദം നിരർത്ഥകമാണ്. തീർത്തും ദൈവികമായ കൽപ്പനകളെ ശിരസാവഹിച്ചുകൊണ്ടാണ് ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങൾ ക്രമപ്പെടുത്തിയിട്ടുള്ളത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ നിയമങ്ങൾ ചൂഷണം ചെയ്യുന്ന വ്യക്തികൾ ഉണ്ടായേക്കാം. പക്ഷേ അതിനു പരിഹാരം ശരീഅത്ത് നിയമങ്ങളെ ഇല്ലായ്മ ചെയ്യലല്ല. മറിച്ച് ചൂഷണം ചെയ്യുന്ന വ്യക്തികളെ ശരീഅത്ത് ആക്ട് പ്രകാരം തന്നെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക എന്നതാണ്. വിമർശകർ ഉന്നയിക്കുന്ന വാദങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ആദ്യമായി മുസ്ലിം വ്യക്തി നിയമത്തിൽ സ്ത്രീകളെ രണ്ടാം കിട പൗരന്മാരായിട്ടാണ് എണ്ണുന്നതെന്നാണ് ഫോറം ഫോർ മുസ്ലിം വിമൻസ് ജസ്റ്റിസ് (Form For Muslim Women's Justice) അടക്കമുള്ള സംഘടനകൾ മുന്നോട്ടുവെക്കുന്ന പ്രധാനകാര്യം. ഒരു കേസിൽ സാക്ഷികളായി ഹാജരാക്കപ്പെടുന്ന വ്യക്തികൾ പുരുഷന്മാർ ആണെങ്കിൽ രണ്ടുപേരും സ്ത്രീകളാണെങ്കിൽ നാലുപേരും ആവശ്യമാണ്. അതിനാൽ സ്ത്രീകളെ ഇസ്ലാം പുരുഷൻറെ ഹാഫ് (പകുതി) മാത്രമായിട്ടാണ് പരിഗണിക്കുന്നതെന്നും അവർ പറയുന്നു. ഇസ്ലാമിക നിയമ ശാസ്ത്രത്തിൽ ഇങ്ങനെ ഒരു നിയമം ഉണ്ടെന്നത് ശരിയാണ്. പക്ഷേ ഇതേ ഇസ്ലാമിൻറെ തന്നെ മറ്റു പല വിഷയങ്ങളും എടുത്തു നോക്കുമ്പോൾ സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ സ്ഥാനം നൽകുന്ന മേഖലകളും ഉണ്ട്. താൻ ഏറ്റവും കൂടുതൽ കടപ്പെട്ടിട്ടുള്ളത് ആരോടാണെന്ന ചോദ്യത്തിന് ഒന്നാമതായും രണ്ടാമതായും മൂന്നാമതായും ഉമ്മയുടെ പേരാണ് പ്രവാചകർ പറഞ്ഞത്. ഭാര്യയായി കൂടെക്കൂട്ടുന്ന ഒരു സ്ത്രീക്ക് ഭക്ഷണവും വസ്ത്രവും പാർപ്പിടവും മാത്രമല്ല വേണമെങ്കിൽ അവർക്ക് സൗകര്യത്തിനു വേണ്ടി അവരുടെ വസ്ത്രം അലക്കാനും മറ്റ് കാര്യങ്ങൾ ചെയ്തു കൊടുക്കാനും ഒരു ജോലിക്കാരനെ നിയമിക്കൽ വരെ ഭർത്താവിൻറെ ബാധ്യതയാണെന്ന് ഇസ്ലാം പറയുന്നുണ്ട്. ഒരു ദിവസത്തെ ഭക്ഷണവും മറ്റ് സൗകര്യങ്ങളും നൽകിയിട്ടില്ലെങ്കിൽ തുടർന്നുള്ള ദിവസങ്ങളിൽ ഭർത്താവിൻറെ മേലിൽ അത് കടമായി അവശേഷിക്കുമെന്നും ഇസ്ലാമിക കർമശാസ്ത്രം പറയുന്നുണ്ട്. അതേസമയം ഭർത്താവിൻറെ പേരിൽ സ്ത്രീയ്ക്ക് ഒരു സാമ്പത്തിക ബാധ്യതയും ഇസ്ലാം ഏർപ്പെടുത്തുന്നില്ല. ഇങ്ങനെ നിരവധി വിഷയങ്ങളിൽ സ്ത്രീകളെ സംരക്ഷിക്കാനും അവരെ പ്രത്യേകം പരിഗണിക്കാനും പലപ്പോഴായി പുരുഷനേക്കാൾ സ്ഥാനം കൊടുക്കാനും ഇസ്ലാമിനേ കഴിഞ്ഞിട്ടുള്ളൂ. ഇങ്ങനെയിരിക്കെ ഏതെങ്കിലും ഒരു വിഷയം മാത്രം എടുത്തിട്ട് കൊണ്ട് ഇസ്ലാം സ്ത്രീവിരുദ്ധമാണെന്ന് വിളിച്ചുപറയുന്നത് ശുദ്ധ ഭോഷ്കാണ്. മുസ്ലിം പിന്തുടർച്ച നിയമപ്രകാരം ഭർത്താവ് മരിച്ചാൽ മക്കളില്ലെങ്കിൽ ഭാര്യക്ക് നാലിൽ ഒന്നും മക്കൾ ഉണ്ടെങ്കിൽ എട്ടിൽ ഒന്നും വിഹിതമായി ലഭിക്കുന്നതാണ്. അതേസമയം ഭാര്യ മരിച്ചാൽ ഭർത്താവിന് മക്കളില്ലെങ്കിൽ നേർപകുതിയും മക്കളുണ്ടെങ്കിൽ അതിൻറെ പകുതി അഥവാ നാലിൽ ഒന്നും വിഹിതമായി ലഭിക്കും. ഈ നിയമത്തിൽ വ്യക്തമായ വിവേചനം ഉണ്ടെന്ന് ഒരുപക്ഷേ തോന്നിയേക്കാം. വാസ്തവത്തിൽ ഒരു കുടുംബം എന്ന നിലയിൽ പുരുഷൻറെ ഉത്തരവാദിത്വങ്ങളും ബാധ്യതകളും ചുമതലകളും എല്ലാം പരിശോധിക്കുമ്പോൾ ഇത് തീർത്തും ന്യായമാണ് എന്ന് കാണാനാവും. കാരണം നാൽപ്പത് വർഷം ഒരു സ്ത്രീ ഭാര്യയായി ജീവിച്ചു എന്ന് സങ്കൽപ്പിക്കുക. ഇവിടെ ആ നാൽപ്പത് വർഷത്തേക്കും അവൾക്കു വേണ്ട മുഴുവൻ സൗകര്യങ്ങളും ഭർത്താവാണ് നൽകിയിട്ടുണ്ടാവുക. പാർപ്പിടവും വസ്ത്രവും ഭക്ഷണവും എന്നുവേണ്ട മറ്റുള്ള എല്ലാ സാമ്പത്തിക ബാധ്യതകളും നിറവേറ്റിക്കൊടുത്ത ഭർത്താവിന് ഭാര്യക്ക് ലഭിക്കുന്നതിന്റെ ഇരട്ടി അല്ല ശരിക്കും ലഭിക്കേണ്ടത്. മറിച്ച് അതിനേക്കാൾ കൂടുതലുള്ള വിഹിതമാണ്. അതേസമയം ഭർത്താവിലുള്ള തൻറെ കുഞ്ഞിനെ പാലൂട്ടുന്നതിന് പ്രതിഫലം ഈടാക്കാൻ വരെ അവകാശമുള്ള, സാമ്പത്തികമായി ഭർത്താവിൻറെ ഒരു ബാധ്യതയും ഏൽക്കേണ്ടി വരാത്ത ഭാര്യക്ക് ഭർത്താവിൻറെ സമ്പത്ത് അതേ അനുപാതത്തിൽ അനന്തരമായി ലഭിക്കാൻ ന്യായമായും അർഹതയില്ല.
അതുപോലെ ഉന്നയിക്കപ്പെടാറുള്ള മറ്റൊരു രൂപമാണ് പിതാമഹൻ ജീവിച്ചിരിക്കെ പിതാവ് മരണപ്പെടുന്ന സാഹചര്യം. ഇവിടെ പിതാമഹന്റെ സ്വത്തിൽ പേരമകൾക്ക് യാതൊരു അവകാശവും ലഭിക്കുന്നില്ല. അവർ തീർത്തും അനാഥരായിത്തീരുന്നു. സ്ത്രീകളെയും പ്രതികൂലമായി ബാധിക്കുന്നു. ഭർത്താവിന്റെ പിതാവ് ജീവിച്ചിരിക്കെ ഭർത്താവ് മരിച്ചാൽ ആ വീട്ടിൽ ഒരു അവകാശവും ഇല്ലാത്ത അന്യയായി അവൾ മാറുന്നു. പലപ്പോഴും ആ വീട്ടിൽ നിന്ന് അവൾ പുറന്തള്ളപ്പെടുന്നു. അനാഥരായ മക്കളും അവളും ഒറ്റപ്പെടുന്നു. ഇതിന്റെ മറുപുറം നോക്കുമ്പോൾ വീണ്ടും അന്യായമായ അവകാശങ്ങൾ കാണാം. പൗത്രൻ മരിച്ചു. അയാൾക്ക് സ്വത്തുണ്ട്. പിതാമഹൻ ജീവിച്ചിരിപ്പുണ്ട്. പിതാവ് നേരത്തെ മരിച്ചിട്ടുണ്ട്. എങ്കിൽ പൗത്രന്റെ സ്വത്തിൽ പിതാമഹന് അവകാശമുണ്ട്. തിരിച്ച് പിതാമഹന്റെ സ്വത്ത് പിതാവില്ലാത്ത അവസ്ഥയിൽ പൗത്രന് ലഭിക്കുകയുമില്ല.
ഇവിടെ അനാഥരായിത്തീർന്ന പേരമക്കളുടെ വിഷയം ഇസ്ലാമിക കർമശാസ്ത്ര പ്രകാരം ഒരു പ്രശ്നമാകുന്നേയില്ല. കാരണം മക്കൾ അനാഥരായി പോകുന്ന ഘട്ടത്തിൽ കൃത്യമായി സംരക്ഷണ ചുമതലകൾ കുടുംബത്തിലെ ബന്ധപ്പെട്ടവരിലേക്ക് ഏൽപ്പിക്കുന്ന രീതിയാണ് ഇസ്ലാമിന്റേത്. പിതാമഹന്റെ സ്വത്തിന്റെ അവകാശികളായിത്തീർന്ന പിതൃ സഹോദരന്മാർക്കാണ് ഈ ഘട്ടത്തിൽ അനാഥരായ മക്കളുടെ സംരക്ഷണ ചുമതല. ഇനി ഭാര്യക്ക് മക്കളുള്ള സ്ഥിതിക്ക് എട്ടിൽ ഒരു ഭാഗം അവകാശമായി ലഭിക്കുകയും ചെയ്യും. അതുകൊണ്ട് അവളുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പ്രയാസമാണെങ്കിൽ പുനർവിവാഹം ആലോചിക്കാവുന്നതാണ്. അതോടുകൂടി അവളുടെ മുഴുവൻ സാമ്പത്തിക ബാധ്യതകളും പുതുതായി ജീവിതത്തിലേക്ക് കടന്നുവന്ന ജീവിതപങ്കാളി ഏറ്റെടുക്കുകയും ചെയ്യുന്നതാണ്. ഇനി എന്തുകൊണ്ട് ഇങ്ങനെ അസമത്വം വരുന്നു എന്നതിനെക്കുറിച്ച് പറയുകയാണെങ്കിൽ ഇസ്ലാമിക പിന്തുടർച്ചാവകാശത്തിന്റെ മാനദണ്ഡങ്ങൾ കൃത്യമായും പാലിക്കുന്നത് കൊണ്ടാണ് എന്നതാണ് മറുപടി. ഒരു നിയമവ്യവസ്ഥയാകുമ്പോൾ സ്വാഭാവികമായും കൃത്യമായ അടുക്കും ചിട്ടയും അത്യാവശ്യമാണ്. ഇന്ത്യൻ പീനൽ കോഡ് പ്രകാരം വധശിക്ഷക്ക് വിധേയനാകുന്ന ഒരു വ്യക്തി കുറ്റകൃത്യത്തിൽ ഏർപ്പെടുന്നത് പതിനെട്ട് വയസ്സ് തികയുന്നതിന് ഒരു നിമിഷം മുമ്പാണെന്ന് സങ്കൽപ്പിക്കുക. അയാൾക്ക് വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ കഴിയും. മറിച്ചാണ് എങ്കിൽ അദ്ദേഹം നിയമപ്രകാരം തൂക്കുമരത്തിലേറുകയും ചെയ്യും. ഇവിടെ ഒരു നിമിഷത്തിന്റെ മാറ്റത്തിൽ ഒരു വ്യക്തിയിൽ സംഭവിക്കുന്ന പൂർണതയെക്കുറിച്ച് ആരും വിമർശനം ഉന്നയിക്കുന്നില്ല. അതുപോലെ പിതാവ് മരണപ്പെട്ട തിനുശേഷം തൊട്ടടുത്ത നിമിഷത്തിലാണ് പിതാമഹൻ മരണപ്പെടുന്നത് എങ്കിൽ ഈ പേരമക്കൾക്ക് അനന്തരാവകാശം ലഭിക്കുകയും ചെയ്യും. ഇതുപോലെ ഏത് നിയമവ്യവസ്ഥയ്ക്കും കൃത്യമായ മാനദണ്ഡങ്ങൾ അനിവാര്യമാണ് എന്ന കാര്യം കൂടി ഇവിടെ ചേർത്തു വായിക്കേണ്ടതാണ്.
ഇനി, ഒരാൾ മരണപ്പെടുമ്പോൾ അയാൾക്കുള്ളത് പെൺമക്കൾ മാത്രമാണെങ്കിൽ ആ പെൺമക്കൾക്ക് അയാളുടെ സ്വത്ത് മുഴുവൻ അവകാശപ്പെടുത്താനുള്ള അധികാരം ഇല്ല. മറിച്ച് വെറും മൂന്നിൽ രണ്ടു ഭാഗം മാത്രം അവർക്ക് എടുത്ത് ബാക്കി അതുവരെ അദ്ദേഹത്തോട് ഒരു ബന്ധവും പുലർത്താത്ത ചിലപ്പോൾ മരണപ്പെടുമ്പോൾ മാത്രം വീട്ടിൽ എത്തിയിട്ടുള്ള സഹോദരന്മാർ കൈവശപ്പെടുത്തുകയും ചെയ്യും. ഈ മരണപ്പെട്ട വ്യക്തിയോട് ഇത്രയും കാലം അകന്ന് നിന്ന സഹോദരൻ സ്വന്തം മക്കൾക്ക് അവകാശപ്പെട്ട വിഹിതം കൈവശപ്പെടുത്തുന്നത് തീർത്തും അന്യായമല്ലേ എന്നാണ് വിമർശകർ ചോദിക്കുന്നത്. വാസ്തവത്തിൽ ഇവിടെ ഒരാൾ മരണപ്പെടുമ്പോൾ അയാളുടെ സമ്പത്തിൽ പെൺമക്കൾക്കുള്ള അവകാശം അത് മുസ്ലിം വ്യക്തിനിയമത്തിൽ കൃത്യമായും രേഖപ്പെടുത്തിയിട്ടുള്ളത് മൂന്നിൽ രണ്ടു ഭാഗം എന്നാണ്. ബാക്കി അയാളുടെ മറ്റ് അവകാശികൾക്ക് നൽകുകയും വേണം. ഇനി ഇതേ രൂപത്തിൽ തന്നെ മക്കൾ മരണപ്പെട്ട വ്യക്തിയുമായി യാതൊരു ബന്ധവും പുലർത്താതെ അകന്നു ജീവിക്കുകയും അതേസമയം ഇദ്ദേഹത്തിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തത് അദ്ദേഹത്തിൻറെ സഹോദരന്മാരാണ് എന്നും സങ്കൽപ്പിക്കുക. പലപ്പോഴും പിതാവിനെ വിട്ട്, നൊന്ത് പ്രസവിച്ച മാതാവിനെ വിട്ട് അന്യരായ കാമുകനോടൊപ്പം ഒളിച്ചോടുന്ന പല സംഭവങ്ങളും ദിനേന പത്രങ്ങളിൽ നാം വായിക്കാറുണ്ടല്ലോ. ഇതേസമയം ഇദ്ദേഹത്തോട് പൂർണമായും സ്നേഹത്തോടെയും സൗഹാർദത്തോടെയും കഴിഞ്ഞ സഹോദരന് ലഭിക്കുന്നത് പെൺമക്കൾക്കും മറ്റു അവകാശികൾക്കും കഴിച്ച് ബാക്കിയുളളത് മാത്രമാണ്. ഇവിടെ മാതാപിതാക്കളെ അവഗണിച്ചു പോയ മക്കൾ പിതാവിൻറെ സമ്പത്ത് അവകാശപ്പെടുത്തുന്നതും അനീതിയല്ലേ? അതുകൊണ്ട് മുസ്ലിം പിന്തുടർച്ച നിയമം എന്നു പറയുന്നത് ബന്ധുക്കൾ പരസ്പരം എത്രമാത്രം സ്നേഹത്തോടെയും സഹവർത്തിത്വത്തോടെയും ജീവിച്ചു എന്നതിനെ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല. മറിച്ച് അവർ തമ്മിൽ നിലനിൽക്കുന്ന രക്തബന്ധത്തിന്റെ കൂടി അടിസ്ഥാനത്തിലാണ്. ഒരുപക്ഷേ അടുത്ത ബന്ധം പുലർത്തുന്ന ഒരു ബന്ധു ഇദ്ദേഹവുമായി അകൽച്ചയിൽ ആയിരിക്കാം. ഈ അകൽച്ചയും അടുപ്പവും പിന്തുടർച്ച അവകാശത്തിൽ മാനദണ്ഡമാക്കുകയാണെങ്കിൽ നിയമം കൂടുതൽ സങ്കീർണമാകും. കൂടുതൽ ചൂഷണങ്ങൾക്ക് കാരണമാവുകയും ചെയ്തേക്കാം. അല്ലെങ്കിലും ബന്ധുക്കൾ തമ്മിൽ പുലർത്തുന്ന സ്നേഹവും സൗഹാർദവും ഏത് അളവുകോൽ വെച്ചാണ് തിട്ടപ്പെടുത്താൻ കഴിയുക? അതിൻറെ അടിസ്ഥാനത്തിൽ പിന്തുടർച്ച നിയമം വിശദീകരിക്കുന്ന ഏത് പ്രത്യയമാണ് ഇന്ന് ലോകത്ത് നിലനിൽക്കുന്നത്? ഇനി അനന്തര സ്വത്ത് വീതംവയ്ക്കുന്നിടത്ത് മരണപ്പെട്ട ആളുമായി അത്ര കാലം കൂടുതലായി ബന്ധം പുലർത്തിയ അവകാശിക്ക് കൂടുതൽ ലീഗൽ ലയേഴ്സ് (നിശ്ചിത വിഹിതം) കൊടുത്താൽ സ്വത്ത് കൈവശപ്പെടുത്തിയതിനു ശേഷം അദ്ദേഹം ഈ മരണപ്പെട്ട വ്യക്തിയുടെ കുടുംബവുമായി എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചാൽ എന്തു ചെയ്യും? അതുകൊണ്ട് നിയമത്തിലെ സുതാര്യതയ്ക്കും ഭദ്രതയ്ക്കും വേണ്ടി എന്നെന്നും നിലനിൽക്കുന്ന രക്തബന്ധത്തെ മാത്രം പിന്തുടർച്ചവകാശ നിയമത്തിൽ അടിസ്ഥാനമാക്കുക എന്ന ഏറ്റവും യുക്തിസഹമായ രീതിയാണ് ഇസ്ലാം പിന്തുടർന്ന് പോരുന്നത്.
ഒരാൾ മരണപ്പെടുമ്പോൾ മകനും മകളുമാണ് അനന്തരാവകാശികളായി ഉള്ളതെങ്കിൽ അവിടെ 2:1 എന്ന അനുപാതത്തിലാണ് അവർക്കിടയിൽ സ്വത്ത് ഭാഗിക്കുന്നത്. ഇത് അനീതിയല്ലേ എന്ന് ചോദിക്കുന്നവരുണ്ട്. പ്രഥമ ദൃഷ്ട്യാ ഒരു വ്യക്തിയുടെ മക്കൾക്കിടയിൽ സ്വത്താവകാശത്തിൽ ഇങ്ങനെ ചെയ്യുന്നത് വിവേചനമാണെന്ന് തോന്നിയേക്കാം. പക്ഷേ ഇസ്ലാം മുന്നോട്ടുവെക്കുന്ന ബാക്കിയുള്ള ജീവിതക്രമത്തിലെല്ലാം സ്ത്രീയുടെയും പുരുഷനെയും സാമ്പത്തികവും സാമൂഹികവുമായ ബാധ്യതകൾ കൂടി കണക്കിലെടുക്കുമ്പോൾ ഇത് തീർത്തും നീതിയുക്തമായ അനുപാതമാണെന്ന് മനസ്സിലാക്കാൻ കഴിയും. കാരണം ഒരു പെൺകുട്ടി അവളുടെ വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോൾ അവളുടെ മുഴുവൻ ബാധ്യതകളും അവളുടെ ഭർത്താവ് ഏറ്റെടുക്കും. അതേസമയം ആൺകുട്ടി അവൻ വലുതായി വിവാഹം കഴിച്ചാൽ മറ്റൊരു സ്ത്രീയുടെ മുഴുവൻ സാമ്പത്തിക ബാധ്യതകളും ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കേണ്ട ഒരാളായി മാറുകയാണ് ചെയ്യുന്നത്. അതുകൊണ്ട് കൂടുതൽ ബാധ്യത ഏൽക്കേണ്ടി വരുന്ന ആൾക്ക് കൂടുതൽ സമ്പത്ത് കൊടുക്കുക എന്നത് തന്നെയാണ് ഏറ്റവും നീതിയുക്തമായ രീതി. തങ്ങൾ ഭാര്യയായി സ്വീകരിക്കുന്ന സ്ത്രീയുടെ മുഴുവൻ ബാധ്യതകളും ഉള്ള പുരുഷ സമൂഹം ഭാര്യമാർ ഞങ്ങളുടെ ചെലവുകൾ വഹിക്കണമെന്ന് ശാഠ്യം പിടിച്ചാൽ അത് നിവർത്തിച്ചു കൊടുക്കാൻ കഴിയുമോ?
കേരളത്തിൽ ഈയടുത്ത് ഒരു വീട്ടമ്മയുടെ വിഷയത്തിൽ ഉണ്ടായ സ്വത്തുതർക്കുമായി ബന്ധപ്പെട്ട കേസ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഭർത്താവ് മരണപ്പെട്ട ശേഷം ഭർത്താവിന്റെ അനന്തരസ്വത്തു കൊണ്ട് തൻറെ കടബാധ്യത തീർക്കാൻ ശ്രമിച്ച ഭാര്യയെ ഭർത്താവിൻറെ സഹോദരന്മാർ വിലക്കിയതാണ് പ്രശ്നം. വാസ്തവത്തിൽ ഭർത്താവിൻറെ അനന്തര സ്വത്ത് ഭാര്യക്ക് മാത്രമാവകാശപ്പെട്ടതല്ല. അദ്ദേഹത്തോട് രക്തബന്ധം പുലർത്തുന്ന സഹോദരന്മാർക്ക് കൂടി അതിൽ അവകാശമുണ്ട്. ഇന്ത്യൻ നിയമപ്രകാരം വിവാഹം കഴിക്കുകയാണെങ്കിൽ പതിനെട്ടാം വയസ്സിൽ മാത്രമാണ് ഭാര്യ ആ വ്യക്തിയുടെ ജീവിതത്തിൻറെ ഭാഗമാകുന്നത്. അതേസമയം ജനിച്ചത് മുതൽ മരണം വരെ ഒപ്പം സൗഹാർദത്തോടെ ജീവിക്കേണ്ട സഹോദരന്മാർ അവർക്ക് ഇദ്ദേഹത്തിൻറെ സമ്പത്തിൽ അവകാശമില്ല എന്ന് പറയുന്നത് ന്യായമല്ല. മാത്രവുമല്ല ഭാര്യക്കും മറ്റു അനന്തരാവകാശികൾക്കുമുള്ള വിഹിതം കൊടുത്തതിന് ശേഷം ബാക്കിയുണ്ടെങ്കിൽ മാത്രമേ സഹോദരന്മാർക്ക് ലഭിക്കുകയുമുള്ളൂ.
സ്ത്രീകളെ കൂടുതൽ പരിഗണിക്കുന്ന വേറെയും വകുപ്പുകൾ ഇസ്ലാമിക അനന്തരാവകാശ നിയമത്തിൽ കാണാൻ കഴിയും. മരണപ്പെട്ട വ്യക്തികളുടെ മൊത്തം അവകാശികളായുള്ളത് പുരുഷന്മാരിൽ നിന്നും പതിനഞ്ചും സ്ത്രീകളിൽ നിന്നും പത്തുമാണ്. പക്ഷേ ഇവർക്ക് എല്ലാവർക്കും ഒരേസമയം അനന്തരാവകാശം ലഭിക്കുകയില്ല. ചില ആളുകൾ കാരണമായി മറ്റുചിലർക്ക് സമ്പത്ത് ലഭിക്കാതെ വരും. ഉദാഹരണത്തിന് മകൻ ഉണ്ടെങ്കിൽ മകൻറെ മകന് അനന്തരാവകശം ലഭിക്കില്ല. ഈ അടിസ്ഥാനത്തിൽ പുരുഷന്മാരിൽ നിന്നുമുള്ള മുഴുവൻ അവകാശികളും ഒരുമിച്ച് കൂടിയാൽ അവരിൽ നിന്ന് പിതാവ്, മകൻ, ഭർത്താവ് എന്നീ മൂന്ന് പേർക്ക് മാത്രമാണ് അനന്തരാവകാശം ലഭിക്കുക. അതേസമയം സ്ത്രീകളിൽ നിന്നുള്ള അവകാശികൾ പത്ത് പേരും ഒരുമിച്ചു കൂടിയാൽ അതിൽ പുരുഷന്മാരെ അപേക്ഷിച്ച് കൂടുതൽ പേർക്ക് അനന്തര സ്വത്ത് ലഭിക്കും. മകൾ, മകൻറെ മകൾ, മാതാവ്, സഹോദരി, ഭാര്യ ഇങ്ങനെ അഞ്ചുപേർക്ക് പിന്തുടർച്ചാവകാശമുണ്ട്. ചുരുക്കത്തിൽ മൊത്തം അവകാശികൾ ഒരുമിച്ചു കൂടുന്ന അവസരത്തിൽ 20% ആളുകളെ മാത്രമേ പുരുഷന്മാരിൽ നിന്ന് പരിഗണിക്കുന്നുള്ളൂ. അതേസമയം സ്ത്രീകളിൽ നിന്ന് 50% ത്തെയും അവകാശികളായി പരിഗണിക്കുന്നു.
മുസ്ലിം പിന്തുടർച്ച നിയമം കൊണ്ട് ഏറ്റവും കൂടുതൽ ചൂഷണത്തിന് വിധേയമാകുന്നത് മുസ്ലിം സ്ത്രീകൾ തന്നെയാണെന്ന് വിമർശകർ ഉന്നയിക്കുന്നു. മാത്രമല്ല മുസ്ലിം വ്യക്തി നിയമം എടുത്തുമാറ്റണമെന്ന് അഭിപ്രായപ്പെടുന്ന മുസ്ലിം വനിതകൾ തന്നെയുണ്ടെന്ന് അവർ വാദിക്കുന്നു. എന്നാൽ ഇസ്ലാമിക കർമശാസ്ത്ര നിയമങ്ങൾ കൃത്യമായി അനുധാവനം ചെയ്യാൻ ആഗ്രഹിക്കുന്ന പരകോടി മുസ്ലിങ്ങൾ ഇന്ന് രാജ്യത്തുണ്ട്. തീർത്തും ന്യൂനപക്ഷം മാത്രമാണ് മുസ്ലിം പിന്തുടർച്ച നിയമവും മറ്റും ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുവരുന്നത്. ഒരു ജനാധിപത്യ സമൂഹത്തിൽ കേവലം തെറ്റിദ്ധാരണകൾ കൊണ്ടും അറിവില്ലായ്മ കൊണ്ടും വിമർശനങ്ങൾ ഉന്നയിക്കുന്നവർക്കുവേണ്ടി നിയമ സംവിധാനങ്ങൾ ഭേദഗതി വരുത്തുന്നത് അന്യായമാണ്. ഖുർആനിൽ തന്നെ ഭേദഗതി വരുത്താനുള്ള വകുപ്പുകൾ ഉണ്ടെന്ന വാദങ്ങൾ കേവലം ഉപരിപ്ലവമായ ഖുർആൻ പഠനം മാത്രം നടത്തിയതിന്റെ ഫലമാണ്. വാസ്തവത്തിൽ ഇസ്ലാമിക ശരീഅത്ത് നിയമങ്ങൾ നേരിട്ട് ഖുർആനിൽ നിന്ന് കണ്ടെത്തുന്നത് ഈ കാലഘട്ടത്തിൽ തീർത്തും അബദ്ധമാണ്. കർമശാസ്ത്ര നിയമങ്ങൾ വ്യക്തമായി പ്രതിപാദിക്കുന്ന ആധികാരിക ഗ്രന്ഥങ്ങൾ നോക്കി മാത്രമേ ഇസ്ലാമിൻറെ തീർപ്പുകൾ മനസ്സിലാക്കാൻ കഴിയുകയുള്ളൂ. അതിന് പ്രഗൽഭരായ പണ്ഡിതരെ സമീപിക്കുക തന്നെവേണം. അല്ലാതെ പരിഷ്കരണ വാദമുന്നയിക്കുന്ന അൽപജ്ഞാനികളായ ആളുകളിൽ നിന്ന് ഇസ്‌ലാമിന്റെ കർമശാസ്ത്ര വീക്ഷണങ്ങളെ വായിക്കുകയും അത് അപൂർണവും വിവേചനപരവും ആണെന്ന് വിധിയെഴുതുകയും ചെയ്യുന്നത് ശരിയല്ല.