പ്രബുദ്ധ പ്രബോധനത്തിന്റെ പുതുകാല സൗന്ദര്യത്തെ അടയാളപ്പെടുത്തി, അറിവന്വേഷകരെ ഉരുക്കിവാർക്കുകയാണ് സാബിക്. ആഴമുള്ള ആശയങ്ങൾ പകർന്ന സക്രിയമായ സാമൂഹിക നിർമിതിയുടെ മുപ്പത് സംവത്സരങ്ങൾ, പുതിയ പാഥേയങ്ങളിലേക്കുള്ള പ്രകാശസഞ്ചയനമാണ്.


  സാബിക് സ്വാഭിമാനത്തിന്റെ മുപ്പതാണ്ടുകൾ പിന്നിട്ടിരിക്കുന്നു. 1993 ഓഗസ്റ്റ് അഞ്ചിന് ആദരണീയ ശീർഷങ്ങളുടെ സാന്നിധ്യത്തിൽ സാബികിന് വിത്തുപാകി. നേരിന്റെ നാമ്പുകളായി സർഗാത്മക സേവന വഴിയിൽ വളർച്ചയുടെ വേരാഴം തൊട്ടു. തളിർത്ത് തഴച്ച് ശിഖിരങ്ങൾ പടർന്നു പന്തലിച്ചു. ശാഖകളും ഉപശാഖകളും വിദ്യാർത്ഥികൾക്ക് സർഗ്ഗശേഷികളുടെ തണലൊരുക്കി. ജ്ഞാന വഴിയിൽ കൂടൊരുക്കി കരുതലായി. ഉണർവായി ഊർജ്ജമായി. ആ വൃക്ഷത്തിന്റെ തണൽ കൊണ്ടവർ പൂമരമായി പൂത്തു. തലമുറകൾക്ക് ജ്ഞാന സൗരഭ്യം പകർന്നു നൽകി.

  സ്റ്റുഡന്റ്‌സ് അസോസിയേഷൻ ഓഫ് ബുഖാരി ഇസ്‌ലാമിക് ദഅവാ കോളേജ് (SABIC) മൂന്ന് പതിറ്റാണ്ടുകൾ പൂർത്തീകരിക്കുന്നു. മാറുന്ന കാലത്തോട് സംവദിക്കുന്നതിന് ഏറ്റവും ആധുനികമായി ചിന്തിക്കുകയും അവയുടെ പ്രയോഗവത്കരണത്തെ കാലോചിതമായി ആവിഷ്കരിക്കുകയും ചെയ്യുന്നതിലൂടെ ഒരു ദഅവ വിദ്യാർത്ഥിയെ രൂപപ്പെടുത്തുന്ന പ്രക്രിയ സാബിക് മനോഹരമായി നിർവഹിച്ചു കൊണ്ടിരിക്കുന്നു. അധാർമികതയിലേക്കും കേവലം ഭൗതികത മാത്രമായി ജീവിതത്തിന്റെ ദിശതെറ്റി വഴിമാറി സഞ്ചരിക്കേണ്ടിയിരുന്ന യുവത്വത്തിന് നേരിന്റെ പ്രതീക്ഷയും നന്മയുള്ള സ്വപ്നവും ഉൾച്ചേർന്ന തെളിഞ്ഞ ഇസ്‌ലാമിനെ പകര്‍ന്ന് നല്‍കി സാബിക് ബുഖാരി വിദ്യാർഥിയോടൊപ്പം സഞ്ചരിക്കുകയായിരുന്നു.

  ഇസ്‌ലാം സൗന്ദര്യമുള്ള മതമാണ്. മതപ്രബോധനത്തിന് പ്രചാരത്തിലുള്ള നടപ്പുരീതികൾക്കപ്പുറം നന്മയുടെ തിരുത്തുകൾ സാധ്യമാക്കിയ, ജീവനുള്ള മതത്തെ ഉയർത്തിപ്പിടിച്ച, വിദ്യാർത്ഥികളിൽ അറിവാഴം വർധിപ്പിക്കുന്ന, ആധുനികതയോട് ആശയങ്ങൾ കൊണ്ടുള്ള സമരം തീർത്ത, പ്രബുദ്ധ വിദ്യാർത്ഥിത്വം സ്വപ്‌നങ്ങൾ നെയ്യുന്ന കാലങ്ങളിൽ ധൈഷണികമായ പ്രവർത്തന പ്രയാണം സാധ്യമാക്കുകയായിരുന്നു മുപ്പത് സംവത്സരങ്ങൾ കൊണ്ട് സാബിക്.

2001 ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിൽ "നാം സ്വതന്ത്രരാണ്" എന്ന തലക്കെട്ടിൽ സാബിക് സംഘടിപ്പിച്ച സെമിനാർ

 സാബികിന്റെ ചരിത്രം മതഭൗതിക സമന്വയ വിദ്യാഭ്യാസത്തിന്റെ ചരിത്രം കൂടിയാണ്. 1993ൽ കേവലം വിരലിലെണ്ണാവുന്ന അംഗബലം കൊണ്ടാരംഭിച്ച സംഘടന വളർത്തിയെടുത്ത അനുഗ്രഹീത പണ്ഡിതർ ഇന്ന് സംസ്കാരിക, സാമൂഹിക, മത രംഗത്ത് പിന്നോക്കാവസ്ഥയിൽ ജീവിക്കുന്ന അനേകായിരം മനുഷ്യജന്മങ്ങൾക്ക് തണലേകിക്കൊണ്ടിരിക്കുന്നുണ്ട്. ഒരു മത സ്ഥാപനത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥി സംഘടനകൾക്കൊന്നും സാധ്യമാകാത്ത അഭൂതപൂർവമായ വളർച്ചയാണ് ഇക്കാലയളവിനിടയിൽ സാബിക് സാധ്യമാക്കിയത്. മുപ്പത് വർഷങ്ങൾക്ക് മുമ്പ് ബുഖാരി സ്ഥാപനത്തിന്റെ ആരംഭ ഘട്ടത്തിൽ ഉസ്താദുമാരുൾക്കൊള്ളുന്ന മഹനീയ നേതൃത്വം ഏറ്റവും വ്യവസ്ഥാപിതമായി സാബികിനെ നിർമിച്ചതിന്റെ ഉത്തരമാണ് ഈ ജൈത്രയാത്ര.

  ചിട്ടയായ മതാധ്യാപനത്തോടൊപ്പം ബഹുസ്വര സമൂഹത്തിൽ മുസ്‌ലിമിന്റെ ജീവിതം നിർമാണാത്മകമായി പഠിപ്പിക്കപ്പെടുകയും ചെയ്യുകയാണ് ഓരോ സാബിക് പ്രവർത്തകനും. പങ്കുവെക്കലിന്റെയും ഉൾക്കൊള്ളലിന്റെയും പാരസ്പര്യങ്ങളിൽ അകറ്റി നിർത്തേണ്ടവയെ കുറിച്ച് കാര്യകാരണ സഹിതം ബോധിപ്പിക്കാൻ കഴിയുന്നതോടെ പുറംവായനകൾക്കപ്പുറം അകത്തേക്കിറങ്ങി പുതു തലമുറക്ക് മതം പഠിപ്പിക്കാൻ/ പഠിക്കാൻ തയ്യാറാവുന്ന യുവതയെയാണ് സാബിക് അഭിമുഖീകരിച്ചത്.

  ഏത് കാലത്തും പൂർണമായ ഇസ്‌ലാം ജീവിതം സാധ്യമാണെന്ന തിരിച്ചറിവ് പൊതു സമൂഹത്തിന് പകരാൻ നമുക്കായിട്ടുണ്ട്. വിലക്കുകൾക്കപ്പുറം വിളക്കുകൾ തെളിച്ചു നന്മ വറ്റിയ ഇരുൾ നിറഞ്ഞ പ്രദേശങ്ങളിൽ ദീനിസ്‌ലാമിൻ പ്രഭയൊഴുക്കാൻ നമുക്ക് സാധ്യമായിട്ടുണ്ട്. അതിനുള്ള ഉത്തരങ്ങൾ പാലക്കാടിന്റെ അതിർത്തി പ്രദേശങ്ങളിൽ നമുക്ക് കണ്ടെത്താനാകും. കർണാടകയിലും തമിഴ്നാട്ടിലുമുള്ള റിമോട്ട് ഏരിയകളിൽ നിന്നും ആന്ധ്രപ്രദേശിലെ ചേരിപ്രദേശങ്ങളിൽ നിന്നും ലഭ്യമാകും.

ഭീകരവാദം പരിഹാരമല്ല എന്ന പ്രമേയത്തിൽ 2008 നവംബറിൽ കൊണ്ടോട്ടിയിൽ സാബിക് സംഘടിപ്പിച്ച ഭീകര വിരുദ്ധ റാലി.

 ഇസ്‌ലാമിക പ്രബോധനപ്രവർത്തനങ്ങൾക്ക് ആവശ്യമാകുന്ന പരിശീലനക്കളരിയാണ് ബുഖാരിയെന്ന സ്വർഗസൗധം. വിദ്യാർത്ഥികളുടെ അഭിരുചികൾ തിരിച്ചറിയുകയും അവയെ പരിശീലിപ്പിക്കുകയും ചെയ്യുന്നതിൽ നിതാന്ത ജാഗ്രതയാണ് സാബിക് പുലർത്തുന്നത്. സുദീർഘമായ മൂന്ന് പതിറ്റാണ്ടുകളുടെ പ്രവർത്തനവൈപുല്യത കൊണ്ടും ആവിഷ്കാരവൈവിധ്യം കൊണ്ടും സാബിക് മതവിദ്യാർത്ഥികളുടെ ജീവിത ക്രമത്തെ ചിട്ടപ്പെടുത്തുകയായിരുന്നു. സാമൂഹിക തിരിച്ചറിവ്, അവഗാഹമുള്ള അറിവ്, താരതമ്യപഠനങ്ങളിലെ നിപുണത, ആവിഷ്കാരങ്ങളുടെ വൈവിധ്യം, സംവേദനങ്ങളിലെ സൗന്ദര്യം തുടങ്ങി ഒരു പ്രബോധകനെ രൂപപ്പെടുത്തുന്നതിൽ സാബിക് സാധിച്ചെടുക്കുന്ന സാധ്യതകളാണ്.

  മതഭൗതിക സമന്വയ വിദ്യാഭ്യാസരംഗത്ത് അക്കാദമിക് മികവുകളുടെ തിളക്കമുള്ള പ്രതിഭകൾ, സ്വപ്ന തുല്യമായ ജോലികൾ ഒഴിവാക്കി വിശ്വാസനിരക്ഷരത ബാധിച്ച സമൂഹത്തിന് അറിവും അക്ഷരവും പകുത്തു നൽകി ഇസ്‌ലാമിന്റെ വെളിച്ചമൊഴുക്കാൻ സർവം സമർപ്പിച്ചു മുന്നോട്ടിറങ്ങിയ ചരിത്രം കൂടി സാബികിനുണ്ട്. ആ മുൻഗാമികൾക്ക് ഹൃദയാഭിവാദ്യങ്ങൾ.

  ചേരികളിലും അതിർത്തി പ്രദേശങ്ങളിലും മതം എന്താണെന്ന തിരിച്ചറിവ് പോലും നേടാനാകാതെ ഹതാശരായ ആയിരങ്ങൾക്കാണ് വിശ്വാസത്തിന്റെ വെളിച്ചം പകർന്നു കൊണ്ട് സാബികിന്റെ ഉത്പന്നങ്ങൾ പ്രത്യാശയും പ്രതീക്ഷയും പകർന്നത്. ഇസ്‌ലാം വിരുദ്ധതയുടെ വ്യത്യസ്ത രൂപങ്ങളും സ്വാധീനങ്ങളും പ്രത്യക്ഷപ്പെടുന്ന ഉത്തരാധുനിക കാലത്ത് ഇസ്‌ലാമിക പ്രബോധനത്തിന്റെ സൗന്ദര്യമുള്ള പ്രവർത്തനങ്ങളുടെ പരിശീലനമാണ് സാബിക് സാധ്യമാക്കുന്നത്.

കൺസോളിയം സാബിക് ആർട്ട്‌ ഫെസ്റ്റ്

 വിവിധ ഡിപ്പാർട്മെന്റുകളായാണ് സാബിക് പദ്ധതികൾ നടപ്പിലാക്കുന്നത്. വിദ്യാർത്ഥികളുടെ, ഭാഷ, ധിഷണ, ചിന്ത, സർഗാത്മകത, പ്രബോധനം, പരിശീലനം തുടങ്ങി വിദ്യാർത്ഥിയെ മതത്തിനും സമുദായത്തിനും ഉപകാരപ്പെടുന്ന വിധത്തിൽ പ്രയോഗവത്കരിക്കാനുതകുന്ന വിധത്തിലുള്ള മൂല്യവത്തായ ചുവടുവെപ്പുകളാണ് സാബിക് സാധിച്ചത്.പന്ത്രണ്ട് ഡിപ്പാർട്മെന്റുകൾക്ക് കീഴിൽ നാല്പതോളം വരുന്ന സമിതികൾ ഉൾകൊള്ളുന്ന വിപുലമായ സംഘടനാ സംവിധാനമായി സാബിക് വളർച്ച നേടിയിരിക്കുന്നു. വിദ്യാർത്ഥികളുടെ മത, ധൈഷണിക, സാംസ്കാരിക, രചനാ മികവുകൾക്ക് ആഴത്തിലുള്ള പരിശീലനങ്ങൾ സാധ്യമാക്കിയാണ് സാബിക് മുപ്പത് പൂർത്തീകരിക്കുന്നത്. വിവിധങ്ങളായ അക്കാദമിക് സെമിനാറുകളിൽ, മത്സരവേദികളിൽ, മത്സരപരീക്ഷകളിൽ, മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലെല്ലാം നമുക്ക് വിജയങ്ങളുടെ മുദ്ര പതിപ്പിക്കാനായത് നമ്മൾ നേടിയ മികവിന്റെ ഉദാഹരണങ്ങളാണ്.

  മത-ഭൗതിക സമന്വയ വിദ്യാഭ്യാസം സാധ്യമാക്കിയരിൽ ഭൂരിപക്ഷവും സജീവ ദഅവാ പ്രവർത്തനങ്ങളിൽ നിന്നും അകലം പാലിക്കുന്നവരാണ്. എന്നാൽ കമ്പസിനകത്ത് പഠനപ്രവർത്തനങ്ങളിലായാലും സാബികിന്റെയും ബുഖാരിയുടെയും ആത്യന്തിക ലക്ഷ്യം ഒരു സമ്പൂർണ ദഅവയെ പ്രധിനിധീകരിക്കുന്നതിനാലും ദഅവാ ഫീൽഡുകളിൽ സജീവമായി ദൗത്യം നിർവഹിക്കുന്ന ഒരു ദഅവാ വൃന്ദത്തെയാണ് തുടക്കം മുതൽ ഇന്ന് വരെയുള്ള വികാസകാലങ്ങളിൽ സാബിക് നിർമിച്ചത്.

  സാബികിന്റെ ആവിഷ്കാരങ്ങൾ മാതൃകകളായി അവശേഷിക്കാറാണ് പതിവ്. വീണ്ടുമൊരു പുനരാലോചനക്ക് വിധേയമല്ലാത്ത വിധം സമഗ്രമായ ആലോചനകളുടെ ഉത്പന്നങ്ങളാണ് സാബികിന്റെ ഓരോ പദ്ധതിയും. അവയിൽ നിന്നും രൂപപ്പെടുന്ന ജൈവികമായ ഉത്തരങ്ങൾ കൊണ്ട് വിദ്യാർത്ഥികൾ ഭാവികാലത്തെ സുന്ദരമാക്കുന്ന കാഴ്ചകൾ നമ്മിൽ ആനന്ദം പകരുന്നുണ്ട്. ഇടപെടുന്നിടങ്ങളിലെല്ലാം ബുഖാരിയുടെയും സാബികിന്റെയും വിശ്വമുദ്രകൾ പതിപ്പിക്കാൻ നമുക്കായതും ആ ആലോചനകളുടെ ഫലങ്ങളാണ്. നമ്മൾ വിശുദ്ധ ഇസ്‌ലാമിന്റെ പ്രബോധകരാണെന്നും പ്രബോധനം നമ്മുടെ അനിവാര്യദൗത്യവുമാണെന്നും തിരിച്ചറിയുന്നതിലൂടെ വിശ്വാസ സമൂഹവുമായി നമ്മൾ അചഞ്ചലമായ ആത്മീയ സരണയിൽ നിലകൊള്ളുന്നു.

2019 ലെ CAA പ്രക്ഷോഭങ്ങളുടെ ഭാഗമായി സാബിക് കൊണ്ടോട്ടിയിൽ നടത്തിയ സ്റ്റുഡന്റം പ്രൊട്ടസ്റ്റിംഗ്

 ഭാഷാ നൈപുണ്യ വികസനത്തിന്‌ നിരന്തരം വിദ്യാർഥികൾക്ക് പരിശീലനം നൽകാൻ നമുക്ക് സാധിക്കുന്നുണ്ട്. സാംസ്കാരിക-ധൈഷണിക വ്യവഹാരങ്ങളിൽ ഇടപെടാൻ പ്രാപ്തമാക്കുന്നതിന് നമുക്കാകുന്നുണ്ട്. ഇസ്‌ലാമിക മതവിധികളെയും നിലപാടുകളെയും വിദ്യാർത്ഥികൾക്ക് അർത്ഥശങ്കയില്ലാത്ത വിധമുള്ള ബോധ്യങ്ങളായി നൽകാൻ സാബികിനാകുന്നുണ്ട്. സർഗ്ഗശേഷിയുടെ പ്രയോഗവത്കരണങ്ങൾക്കുള്ള ഇടമൊരുക്കാൻ നമ്മൾ മുന്നിലുണ്ട്. അങ്ങനെയാണ് സക്രിയനായ സാബിക് പ്രവർത്തകനായ ഒരു പ്രബോധകനെ നമ്മൾ രൂപപ്പെടുത്തുന്നത്.

  കേവലം ചിന്തകൾ പകരുകയും ആലോചനകൾ സൃഷ്ടിക്കുകയും ചെയ്യുന്നതിനപ്പുറം അവയെ ആവിഷ്കരിക്കുന്നിടത്തുള്ള പ്രായോഗിക സാധ്യതകളെ കൂടി സാബിക് ആലോചനക്കെടുക്കുന്നുണ്ട്. അഭിനവ കാലത്ത് നമ്മളുൾപ്പെടുന്ന സാമൂഹികസംവിധാനം നേരിട്ട പ്രത്യയശാസ്ത്രപരമായ പ്രവണതയായ ഫാസിസത്തിനെതിരെ സാധ്യമാകുന്നവിധം തെരുവിൽ നിറയാൻ സാബികിന് സാധിച്ചിട്ടുണ്ട്. കേവലം മുദ്രാവാക്യങ്ങളിൽ അവസാനിക്കുന്ന ഒന്നായിരുന്നില്ല സാബിക് പ്രധിഷേധങ്ങൾ. അഭിമുഖീകരിക്കുന്ന പ്രതിസന്ധികളുടെ ആഴത്തെ വിദ്യാർഥികൾക്ക് ബോധ്യപ്പെടുത്തുംവിധത്തിലുള്ള ധൈഷണിക പ്രവർത്തനവും മുദ്രാവാക്യങ്ങളോടൊപ്പം നമ്മൾ സാധ്യമാക്കുന്നവയാണ്. നമ്മൾ നിർമിച്ച സാധ്യതകൾ, നിർവഹിച്ച ദൗത്യങ്ങൾ മത വിദ്യാർത്ഥികൾക്കപ്പുറം നമ്മെ വീക്ഷിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന അനേകർക്കുള്ള സ്നേഹരാർദ്രമായ ഉത്തരങ്ങളാണ്.

  പല കോണുകളിൽ നിന്നുള്ള അംഗീകാരങ്ങൾ നമ്മൾ നടത്തിയ പ്രവർത്തന മികവിന്റെ ജീവസ്സുറ്റ തെളിവുകളാണ്. സംസ്ഥാന തല സംവാദ മത്സരങ്ങൾ, പുസ്തക രചനാ മത്സരങ്ങൾ തുടങ്ങി വിവിധ വേദികളിൽ നമ്മുടെ നാമം ഉയരത്തിൽ പ്രഖ്യാപിക്കപ്പെട്ടത് നമ്മൾ സംവിധാനിച്ച വ്യവസ്ഥാപിതമായ പരിശീലനങ്ങളുടെ ഫലമാണ്. കഴിഞ്ഞ ലോക്ഡൌൺ സമയങ്ങളിൽ സർവരും നിഷ്‌ക്രിയമായിരുന്ന സമയത്ത് നമ്മൾ ജയപാതകൾ തെളിക്കുകയായിരുന്നു. അരീക്കോട് മജ്മഅ വിദ്യാർത്ഥി സംഘടന അഖിലകേരള തലത്തിൽ ലോക് ഡൗൺ കാലയളവിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ സിഗ്‌നയർ എക്സലൻസ് അവാർഡിന് സാബികിനെ തിരഞ്ഞെടുത്തതും നമ്മുടെ മികവുകൾക്ക് സമൂഹം നൽകിയ അംഗീകാരങ്ങൾക്കുള്ള സുവർണ മുദ്രകളാണ്.

എം.എസ്.എ(അരീക്കോട് മജ്മഅ് സിദ്ദിഖിയ്യ ദഅവാ കോളേജ് സ്റ്റുഡന്റ്സ് അസോസിയേഷൻ) ലോക്ഡൗൺ കാലത്തെ സർഗാത്മക പ്രവർത്തനങ്ങളുടെ മികവിന് സാബികിന് നൽകിയ സിയർ എക്സലൻസ് അവാർഡ്.

 ബുഖാരി വിദ്യാർത്ഥികളുടെ സാംസ്കാരിക-ധൈഷണിക പരിശീലന കളരിയായ കൺസോളിയം മികച്ച മാതൃകയാണ്.അതിലുപരി സൗന്ദര്യമുള്ള ഉത്തരമാണ്. കേവലം പാട്ടിലും മുട്ടിലുമവസാനിക്കുന്നവയല്ല ഓരോ കൺസോളിയവും . പ്രതിഭകളെ ധൈഷണികമായി രൂപപ്പെടുത്തുന്ന, മികച്ച സംഘാടകരെ നിർമിക്കുന്ന, മത-സാംസ്കാരിക വിചാരങ്ങളിലേക്ക് ചിന്തകളെ തുറന്നു വിടുന്ന സർഗ്ഗപരിശ്രമാലയമാണ് കൺസോളിയം. സാബിക് പ്രവർത്തനങ്ങളുടെ മൂർത്തമായ രൂപങ്ങളെ കൺസോളിയം നിർമ്മിക്കുന്നതും നമുക്ക് കാണാവുന്നതാണ്.

  മുസ്‌ലിംയുവതക്ക് ദിശനിർണയിച്ച വിദ്യാഭ്യാസ വിപ്ലവമായിരുന്നു ദഅവാ കോളേജുകൾ. ആ വിപ്ലവങ്ങളുടെ ഭാഗമാകുന്നതോടൊപ്പം ധൈഷണിക മൂല്യബോധങ്ങളെ ഇസ്‌ലാമിക ജാഗരണ പ്രവർത്തനങ്ങൾക്കുള്ള ഇന്ധനമായി പരിവർത്തിപ്പിക്കുന്ന സംവിധാനമാണ് സാബിക്. ഇസ്‌ലാമിക പ്രബോധന പ്രവർത്തനങ്ങൾക്ക് വൈവിധ്യം നിറഞ്ഞ ആശയങ്ങൾ കൊണ്ട് വിപ്ലവം രചിച്ച കാലമായിരുന്നു സാബികിന്റെ കഴിഞ്ഞ മുപ്പതാണ്ടുകൾ. അങ്ങനെ ഒരു മത വിദ്യാർത്ഥിയെ ഏറ്റവും നിർമാണാത്മകമായി ചലിപ്പിച്ച പ്രവർത്തനങ്ങൾ സാധ്യമാക്കിയ മുപ്പത് കാലങ്ങൾ. മൂർച്ചയുള്ള പ്രമേയങ്ങൾ, തീർച്ചയുള്ള നിലപാടുകൾ, മികവും സൗന്ദര്യവും നിറഞ്ഞ വിചാരങ്ങൾ, തഫ്സീറും, ഹദീസും, ഫിഖ്ഹും ആധുനിക വ്യവസ്ഥിതികൾക്കുള്ള പരിഹാരങ്ങളാണെന്ന ബൗദ്ധിക മികവും അക്കാദമിക നിലവാരവുമുള്ള ആശയങ്ങളോടെ മുസ്‌ലിം പൊതു മണ്ഡലത്തിൽ ശോഭിതമായ ഇന്നലെകൾ. സാബിക് ഇസ്‌ലാമിക ദഅവാ ചരിത്രത്തിന്റെ ഭാഗമായതങ്ങനെയാണ്.
ആ വിശാലമായ ബോധ്യം നമ്മളിൽ അന്തർലീനമായി കിടക്കുമ്പോഴാണ് നമ്മുടെ സാബികിന്റെ പ്രവർത്തനങ്ങൾ ബുഖാരിയിലെ വിദ്യാർഥികൾക്ക് മാത്രമല്ല ഇസ്‌ലാം ആഗ്രഹിക്കുന്ന അനേകരിലേക്ക് കൂടിയുള്ളതാണെന്ന തിരിച്ചറിവിലേക്ക് നമ്മളെത്തുന്നത്. അത് കൊണ്ടാണ് സാബിക് പ്രവർത്തകർ പ്രവർത്തന മണ്ഡലങ്ങളിൽ സജീവമായി ഗോഥയിലുണ്ടാകുക എന്നത് കാലത്തിന്റെ ഒരാവശ്യമായി പരിണമിക്കുന്നത്.

  ഈ മഹനീയവും പവിത്രവുമായ സുദിനത്തിൽ, കഴിഞ്ഞ കാല ജൈത്രയാത്രയിൽ സാബികിന്റെ വളർച്ചക്കും വിജയത്തിനും പിന്തുണ നൽകിയ അനേകരുണ്ട്. അവർക്ക് സാബികിന്റെ ഹൃദയംഗമായ കൃതജ്ഞതകൾ.

ജനാധിപത്യ സംവാദങ്ങളെ കേൾക്കാം എക്സിറ്റ്പോൾ, രാഷ്ട്രീയ സായാഹ്നം.

 പ്രവർത്തനപഥത്തിൽ മുപ്പത് വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ പുതിയ ദൗത്യനിർവഹണത്തിനുള്ള ഒരുക്കത്തിലാണ് സാബിക്. വരുംകാലങ്ങളിൽ നമുക്ക് ചെയ്ത് തീർക്കാനുള്ള ദൗത്യത്തിന്റെ വ്യാപ്തി വലുതാണ്. പുതിയ ശ്രമങ്ങൾ ആരംഭിക്കുമ്പോൾ അഭിമുഖീകരിക്കുന്ന പ്രതിബന്ധങ്ങളെ തരണം ചെയ്യാനും നമുക്ക് സാധിക്കേണ്ടതുണ്ട്. അക്കാലങ്ങളിലെല്ലാം നമ്മെ ഇത്രത്തോളം എത്തിച്ച അടിസ്ഥാന തത്വങ്ങളെ എപ്പോഴും ഓർക്കേണ്ടതുണ്ട്. ഓർമകളിൽ എന്നും സൂക്ഷിക്കേണ്ടതുണ്ട്. നമ്മുടെ ഹൃദയങ്ങളിൽ നിശ്ചയദാർഢ്യവും ആത്മാവിൽ തെളിമയും സന്നിവേശിപ്പിക്കുന്നതിലൂടെ പരീക്ഷണപർവങ്ങളിൽ നമുക്ക് സുരക്ഷിതത്വവും ആവോളം താങ്ങും തണലും പകർന്നവരാണ് നമ്മുടെ അഭിവന്ദ്യ ഗുരുശ്രേഷ്ടർ. ശൈഖുനാ തെന്നല ഉസ്താദിന്റെ കാഴ്ചപ്പാടുകളും ധൈഷണിക മികവും ആലോചനാപാടവവും പാണ്ഡിത്യനിറവും സാബികിന്റെ ഉയർച്ചയുടെയും വളർച്ചയുടെയും കാരണമാണെന്ന് നിസ്സംശയം നമുക്ക് പറയാനാകും. ആ മഹനീയ നേതൃത്വമുൾകൊള്ളുന്ന വിശുദ്ധരായ ഉസ്താദുമാരാണ് സാബികിന്റെ ഊർജം. ആ തണലാണ് നമ്മുടെ മുന്നോട്ടുള്ള ഗമനത്തിന് പ്രതീക്ഷയായി വർത്തിക്കുന്നതും. ഈ സംവിധാനത്തിന്റെ വളർച്ചാ-വികാസ ഘട്ടങ്ങളിലെല്ലാം ആവശ്യമായ ഉപദേശങ്ങളും അനിവാര്യമായ നിർദേശങ്ങളും നൽകി എപ്പോഴും കൂടെയുണ്ടായിരുന്ന അഭിവന്ദ്യ ഗുരുവര്യരിൽ നിന്നും മൺമറഞ്ഞു പോയവരുണ്ട്. സി എ ഉസ്താദ്, തരുവറ ഉസ്താദ്, പി എം കെ ഉസ്താദ് ഉൾകൊള്ളുന്ന അഗ്രേസരരായ വിശുദ്ധ ജീവിതങ്ങൾ. മർഹൂം അൻസാറും, ഫാഇസും, ഹാഷിം ഹിബതുല്ലയും സാബികിനെ ഹൃദയത്തിൽ തുന്നിചേർത്ത് ഇടക്കാലങ്ങളിൽ നമ്മിൽ നിന്നും പറന്നകന്നവരാണ്.

  സാബികിനെ സജീവമായി നിലനിർത്തേണ്ടതിന്റെ ഉത്തരവാദിത്തം ഇപ്പോഴത്തെ സാബിക് പ്രവർത്തകരുടെ മാത്രം ആവശ്യമല്ല. ഏതെങ്കിലുമൊരു കാലത്ത് ഈ സംവിധാനത്തിന്റെ ഭാഗമാവുകയും ഭാഗധേയത്വം നിർവഹിക്കുകയും ചെയ്തവരുടേത് കൂടിയാണ്.കേരളത്തിലെ മത വിദ്യാർഥികൾക്ക് സാബികിനെ പോലെയുള്ള ഒരു വിദ്യാർത്ഥി സംഘടന അനിവാര്യമായ ഒരു സമയം കൂടിയാണിപ്പോൾ. ആ തിരിച്ചറിവിൽ നിന്നാണ് മുപ്പത് പൂർത്തിയാക്കുന്ന ചരിത്രഘട്ടത്തിൽ സാബിക് മുന്നോട്ടുള്ള യാത്രകൾക്ക് ദിശാസൂചിക ചലിപ്പിക്കുകയും ആർജ്ജവമുള്ള നിലപാടുകൾ രൂപപ്പെടുത്തുകയും ചെയ്യുന്നത്. ആ നിലപാടുകൾ നമ്മുടെ സ്വപ്നങ്ങളുടെ പൂർത്തീകരണത്തിനുള്ള ഇന്ധനമാകുമ്പോഴാണ് നമ്മുടെ മുപ്പത് ഓരോ ദഅവാ വിദ്യാർഥിയുടെയും ആഗ്രഹങ്ങളും സ്വപ്നങ്ങളുമാകുന്നത്.

'സാബിക് സലാസൂൻ'- മുപ്പതാം വാർഷികാഘോഷത്തിന്റെ ലോഗോ പ്രകാശനം

 'സാബിക് സലാസൂൻ' എന്ന നാമധേയത്തിലാണ് നമ്മൾ ഈ മുപ്പതാം വർഷത്തെ ആഘോഷിക്കുന്നത്. ഇന്നലെകളിൽ നിന്നും ഊർജം സംഭരിച്ച് നാളെകളെ ജൈവികമായ പരിശീലനക്കളരിയാക്കാനുള്ള തീവ്ര പരിശീലന കാലയളവ്. മുപ്പത് തികയുന്ന, മുപ്പത് ആഘോഷിക്കുന്ന, 'സലാസൂൻ'ന്റെ ഭാഗമായ മുഴുവൻ സാബിക് പ്രവർത്തകർക്കും വിപ്ലവാഭിവാദ്യങ്ങൾ.

Questions / Comments:



No comments yet.