കേരളത്തിലെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലും സാമൂഹികസമുദ്ദാരണത്തിലും മത-വൈജ്ഞാനിക വ്യാപനത്തിലും സയ്യിദന്മാരും പണ്ഡിതരും പങ്കെടുത്ത ഭാഗധേയത്വം അനിഷേധ്യമാണ്. ബ്രിട്ടീഷ് വിരുദ്ധ, മതസാമൂഹിക ഇടപെടലുകളാൽ ചരിത്രത്തിൽ ഇടം നേടിയ മഹൽ വ്യക്തിത്വമാണ് മമ്പുറം സയ്യിദ് അലവി തങ്ങൾ. ആത്മീയ നേതൃത്വം, പ്രഭാഷണം, രചന തുടങ്ങിയ സമൂഹം അനിവാര്യമായി ആവശ്യപ്പെടുന്ന മേഖലകളിലെല്ലാം തങ്ങളുടേതായ ഇടം അടയാളപ്പെടുത്തുകയായിരുന്നു. മമ്പുറം തങ്ങളുടെ ഇത്തരം ഇടപെടലുകളെ കൃത്യമായി അനുധാവനം ചെയ്തവരായിരുന്നു അവിടുത്തെ പുത്രനായ സയ്യിദ് ഫസൽ തങ്ങൾ.

മലബാറിലെ പ്രവർത്തന മണ്ഡലത്തിനപ്പുറം ആഗോളതലത്തിൽ നടത്തിയ ധൈഷണിക രാഷ്ട്രീയ അടയാളപ്പെടുത്തലുകളാണ് ഫസൽ തങ്ങളെ വ്യത്യസ്തമാക്കുന്നത്. വിശാലമായ ഒട്ടോമൻ സാമ്രാജ്യത്തിന്റെ ഉന്നത മന്ത്രിസ്ഥാനമടക്കം മുസ്ലിം ലോകരാഷ്ട്രീയചരിത്രത്തിൽ ഫസൽ തങ്ങളെ പോലെ വിശ്രുതനായ മറ്റൊരു മലയാളിയെ നമുക്ക് കാണാൻ കഴിയില്ല. 'സയ്യിദ് ഫസൽ പാഷ' എന്ന പേരിലാണ് തങ്ങൾ ആഗോളതലത്തിൽ അറിയപ്പെടുന്നത്. ഫസൽ തങ്ങളുടെ മലബാറിലെ ഇടപെടലുകൾ പലപ്പോഴായി ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ജീവിതത്തിന്റെ പകുതിയിലേറെ കാലവും ചിലവഴിച്ച രാഷ്ട്രാതിർത്തിക്കപ്പുറമുള്ള അദ്ദേഹത്തിന്റെ ധൈഷണിക ജീവിതവും പ്രവർത്തനങ്ങളും കാര്യക്ഷമമായി മലയാളികൾ തിരിച്ചറിഞ്ഞിട്ടില്ല എന്നത് ഖേദകരമാണ്.

ഫസൽ തങ്ങളും മലബാറും

 പ്രവാചകൻ മുഹമ്മദ് നബിയുടെ വംശപരമ്പരയിൽ പെട്ട ഹദർമൗത്തിലെ ഹളറമീ സയ്യിദന്മാരാണ് ഫസൽ തങ്ങളുടെ പൂർവ്വികർ. ഈ പരമ്പരയിലൂടെ മലബാറിലെത്തുകയും ഇവിടെ സ്ഥിര താമസമാക്കുകയും ചെയ്ത മമ്പുറം സയ്യിദ് അലവി തങ്ങളുടെ പുത്രനായി 1824ലാണ് ഫസൽ തങ്ങൾ ജനിച്ചത്. പിതാവിന്റെ ശിക്ഷണത്തിൽ തന്നെ പ്രാഥമികവിദ്യാഭ്യാസം കരസ്ഥമാക്കിയ ഫസൽ തങ്ങൾ കേരളത്തിലെ സാമൂഹിക-സമര രംഗങ്ങൾ അനുഭവിച്ചറിഞ്ഞാണ് വളർന്നത്. സയ്യിദ് അലവി തങ്ങളുടെ നേതൃപാടവവും ഇടപെടലുകളും ഫസൽ തങ്ങളുടെ ജീവിതത്തിൽ വലിയ സ്വാധീനമുണ്ടാക്കുകയും പിതാവിന്റെ വഴി തന്നെ പിന്തുടരുകയും ചെയ്തു.

മക്കയിൽ നിന്നും ഉപരിപഠനം നേടിയശേഷം പിതാവിന്റെ മരണത്തോടെ ഫസൽ തങ്ങൾ സമൂഹത്തിലിറങ്ങി പ്രവർത്തിക്കാനും അവരുടെ ആശ്രയമായി മാറാനും തുടങ്ങി. അധിനിവേശവിരുദ്ധ ബോധവൽക്കരണത്തിനും മതധ്യാപനങ്ങൾ പകർന്നുകൊടുക്കാനും പള്ളികൾക്ക് പുറമെ, ആളുകൾ ഒരുമിച്ചുകൂടുന്ന പൊതു ഇടങ്ങളും ഫസൽ തങ്ങളും തിരഞ്ഞെടുത്തു. ബ്രിട്ടീഷുകാരെ ശക്തമായി എതിർക്കുന്നതോടൊപ്പം തന്നെ അനീതിപൂർണമായ ജന്മ സമ്പ്രദായത്തെയും ഫസൽ തങ്ങൾ വിമർശിച്ചു.1844ലെ മഞ്ചേരിയുദ്ധം,1851ലെ കൊളത്തൂർസമരം,1852ലെ മട്ടന്നൂർ സമരം എന്നിവ മലബാറിൽ ഫസൽ ആശിർവാദത്തോടെ നടന്ന പ്രധാന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളായിരുന്നു.

സാമ്രാജ്യത്വ ശക്തികൾക്കെതിരെ വിശ്വാസി സമൂഹത്തെ സജ്ജമാക്കുന്നതിനായി മഖ്ദൂമുമാർ തുഹ്ഫതുൽ മുജാഹിദീനും തഹ്‌രീലും മമ്പുറം തങ്ങൾ സൈഫുൽ ബത്താറും രചിച്ചത് പോലെ 'ഉദ്ധതുൽ ഉമറാഇ വൽ ഹുക്കാമി ലി ഇഹാനത്തിൽ കഫത്തി വ അബദതിൽ അസ്നാം' എന്ന പേരിൽ ഒരു ലഘുലേഖ ഫസൽ തങ്ങൾ തയ്യാറാക്കിയിരുന്നു. ഇത് മലബാറിലെ വിവിധ പ്രദേശങ്ങളിൽ സ്വാധീനം നേടുകയും വ്യാപകമായി വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് ബ്രിട്ടീഷുകാർ ഇതിന്റെ കോപ്പികൾ കണ്ടെത്തി നശിപ്പിക്കുകയും ചെയ്തു.

 ബ്രിട്ടീഷുകാരുടെ നാടുകടത്തൽ

 മക്കയിൽ നിന്നും ഉപരിപഠനാനന്തരം മടങ്ങിവന്ന ഫസൽ തങ്ങൾ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ വലിയ ജനസമ്മതി നേടി. മലബാറുകാരുടെ സർവ വിഷയങ്ങളിലും കൃത്യമായി ഇടപെടുകയും ബ്രിട്ടീഷുകാർക്കെതിരെ ശക്തമായി പോരാടുകയും ചെയ്ത ഫസൽ തങ്ങൾ വൈകാതെ തന്നെ ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി മാറി. ഫസൽ തങ്ങൾ കൂടുതൽ കാലം മലബാറിൽ സജീവമാകുന്നത് തങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാകുമെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാർ അദ്ദേഹത്തെ നാടുകടത്താനുള്ള കരുക്കൾ നീക്കാൻ തുടങ്ങി. ബ്രിട്ടീഷുകാരോട് എതിർത്ത് പോരാടാൻ തന്നെ തീരുമാനിച്ച ഫസൽ തങ്ങൾ മലബാറിലെ സാധാരണക്കാർക്ക് പിന്നീട് സംഭവിച്ചേക്കാവുന്ന പരിണിത ഫലങ്ങളെക്കുറിച്ച് മനസ്സിലാക്കി നാടുവിടൽ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.

മലബാർ കലക്ടർ എച്ച് വി കനോലിയുടെ നിർദ്ദേശാനുസരണം 1852 ഫെബ്രുവരിയിൽ നിയോഗിച്ച ടി. എൽ സ്‌ട്രെഞ്ച് കമ്മീഷന്റെ ശുപാർശ പ്രകാരം ഫസൽ തങ്ങളും കുടുംബാംഗങ്ങളുമടങ്ങുന്ന 57 പേരെ കടൽമാർഗം അറേബ്യയിലേക്ക് നാടുകടത്തി. തങ്ങളുടെ ആത്മീയ നേതാവിന്റെ പലായനവും അസാന്നിധ്യവും മലബാറുകാർക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. 1852 മാർച്ച് 19ന് തങ്ങളുടെ യാത്രയറിഞ്ഞ് പതിനായിരങ്ങളാണ് തിരൂരങ്ങാടിയിലും കോഴിക്കോടും ഒരുമിച്ചു കൂടിയത്. ഇതോടു കൂടി ആ ധീരപുരുഷന്റെ മലബാറിലെ ജീവിതത്തിനും തിരശീല വീഴുകയായിരുന്നു.

ഫസൽതങ്ങൾ ലോകശ്രദ്ധ നേടുന്നു

 മലബാറിൽ നിന്ന് ബ്രിട്ടീഷുകാർ ഒരു പണ്ഡിതനായ സയ്യിദിനെ അറേബ്യയിലേക്ക് നാടുകടത്തിയെന്ന വിവരം ലോകമെങ്ങും വ്യാപിച്ചു. ബ്രിട്ടനു കീഴിലുള്ള പ്രദേശങ്ങളിലും അന്നത്തെ വലിയ ലോകശക്തിയായ ഓട്ടോമൻ സാമ്രാജ്യത്തിനകത്തും ഈ വാർത്ത പരന്നതോടെ ഫസൽ തങ്ങൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. നാടുകടത്തി മക്കയിലെത്തിയ അദ്ദേഹം പിന്നീട് ഈജിപ്തിലേക്ക് പോവുകയും, അവിടത്തെ ഓട്ടോമൻ ഗവർണർ കെദേവി അബ്ബാസ് പാഷ ഫസൽ തങ്ങൾക്ക് രാജകീയ വരവേൽപ്പുകൾ നൽകുകയും ചെയ്തു. ഇവിടെനിന്ന് ഇസ്താംബൂളിലെത്തിയ അദ്ദേഹത്തെ അന്നത്തെ ഓട്ടോമാൻ ഖലീഫയായിരുന്നു സുൽത്താൻ അബ്ദുൾ അസീസ് വസ്ത്രം ബഹുമതികളോടെ സ്വീകരിച്ചത്. 'ശ്രദ്ധേയനായ അറബ് വ്യക്തിത്വം' എന്ന ബഹുമതി ആദ്യ ഭരണത്തിൽ നിന്ന് തന്റെ ഒട്ടോമൻ ഭരണത്തിൽ നിന്ന് കരസ്ഥമാക്കിയ ഫസൽ തങ്ങൾക്ക് തന്റെ പ്രതിഭത്വത്തിനുള്ള ആദരസൂചകമായി പ്രതിമാസ വേതനവും 'പാഷ'സ്ഥാനവും നൽകി. പിന്നീടുള്ള നീണ്ട പതിനഞ്ചു വർഷക്കാലം മക്കയിലെ ഹറം ശരീഫിൽ താമസിക്കുകയും അവിടെയുള്ള വൈജ്ഞാനിക-ആത്മീയ രംഗങ്ങളിൽ സജീവമാകുകയും ചെയ്തു. മക്കയിലെ അക്കാലത്തെ പ്രമുഖ പണ്ഡിതനായ സയ്യിദ് ശാഫി ഹബ്ഷിയുടെ മകളെ വിവാഹം കഴിക്കുകയും അഹമ്മദ്, ശരീഫനൂർ തുടങ്ങിയ മക്കൾക്ക് ജന്മം നൽകുകയും ചെയ്തു.

ദോഫാറിലെ ഗവർണറാവുന്നു

 ഒമാനിന്റെ തെക്കൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന ദോഫാർ ഓട്ടോമൻ ഭരണത്തിൻ കീഴിലുള്ള പ്രദേശമായിരുന്നു. ഒരു വ്യവസ്ഥാപിത ഭരണത്തിന്റെ അഭാവം നിലനിന്നിരുന്ന ദോഫാറിൽ ഫസൽ തങ്ങളെ പോലെയുള്ള പ്രതിഭാധനരായ ഒരുനേതൃത്വം അനിവാര്യമായിരുന്നു. ഗോത്രങ്ങൾ തമ്മിൽ ആഭ്യന്തര കലഹങ്ങൾ ഉണ്ടായിരുന്ന കാലത്ത് 1871 ൽ ഹജ്ജിനെത്തിയ ദോഫാറിലെ പ്രബല വിഭാഗമായ 'അൽ കസീർ' ഗോത്രക്കാർ ഫസൽ തങ്ങളോട് ദോഫാറിലെ ഭരണം ഏറ്റെടുക്കാൻ അഭ്യർത്ഥിച്ചു. എന്നാൽ, ഈ ആവശ്യനിർവഹണത്തിന് രാഷ്ട്രീയപരമായ ഒരുപാട് പ്രതിബന്ധങ്ങളുണ്ടായിരുന്നു. കഠിനപരിശ്രമങ്ങൾക്കൊടുവിൽ 1876ൽ ഫസൽ തങ്ങൾ കുടുംബത്തോടൊപ്പം ദോഫാറിൽ എത്തുകയും ഓട്ടോമൻ ഭരണകൂടത്തിന്റെ പിന്തുണയുള്ള ഗവർണറായി പ്രഖ്യാപനം നടത്തുകയും ചെയ്തു

ദോഫാറിലെ തങ്ങളുടെ ഇടപെടലുകളും ഭരണക്രമങ്ങളും മാതൃകാപരമായിരുന്നു. സലാലയെ തലസ്ഥാനമാക്കി തിരഞ്ഞെടുത്തവർ ഭരണരംഗത്ത് കൃത്യമായ മാറ്റങ്ങൾ കൊണ്ടുവരികയും പുതിയ സമുദ്ധാരണങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. പ്രദേശത്തിന്റെ രാഷ്ട്രീയ മുന്നേറ്റത്തോടൊപ്പം സാമ്പത്തിക- സാമൂഹിക രംഗങ്ങളിൽ പുതിയ ചുവടുവെപ്പുകൾ നടത്തി. റബ്ബർ, നാളികേര ഉൽപാദന വിപുലീകരണം, കൈത്തറി വിഭവങ്ങളുടെ വ്യാപനം, വ്യാപാരബന്ധങ്ങൾ ശക്തമാക്കൽ എന്നിവ ഇതിൽ പ്രധാനപ്പെട്ടതായിരുന്നു. ഗ്രാമങ്ങളിൽ നികുതി പിരിക്കാൻ മാത്രം അറുപതോളം ഉദ്യോഗസ്ഥരെ നിയമിക്കുകയും സകാത്ത് സംവിധാനം കാര്യക്ഷമമാക്കുകയും ഗോത്രകലഹങ്ങൾ, ഗോത്രങ്ങളിൽ നിലനിന്നിരുന്ന സിഹ്ർ എന്നിവ നിർത്തലാക്കുകയും ചെയ്തു. ഇതിനുപുറമേ, മതപ്രബോധന, ആത്മീയ രംഗങ്ങളിൽ മഹാൻ കൃത്യമായി ഇടപെടുകയും മത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്തു.

ഒട്ടോമൻ മന്ത്രിസഭയിൽ അംഗമാവുന്നു

ദോഫാറിലെ ഭരണരംഗത്ത് വലിയ വെല്ലുവിളികളും പ്രതിസന്ധികളും ഫസൽ തങ്ങൾ നേരിടേണ്ടി വന്നു. ബ്രിട്ടീഷുകാരുടെ സഹായത്തോടെ രംഗത്തുവന്ന വിമതർ തങ്ങൾക്കെതിരെ ശക്തമാവുകയും തങ്ങളുടെ ദോഫാർ ഭരണത്തിന്റെ പര്യവസാനത്തിലേക്ക് ഇത് നയിക്കുകയും ചെയ്തു. ദോഫാറിൽ നിന്ന് സ്ഥാനഭ്രഷ്ടനായ ശേഷം ഓട്ടോമൻ സാമ്രാജ്യം നേരിടുന്ന തന്ത്രപരമായ വെല്ലുവിളികളെ കുറിച്ചും ജനങ്ങൾ നേരിട്ടേക്കാവുന്ന പ്രശ്നങ്ങളെ കുറിച്ചും വ്യക്തമായ വിശകലനങ്ങൾ ഫസൽ തങ്ങൾ നടത്തിയിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രതിഭത്വം തിരിച്ചറിഞ്ഞ സുൽത്താൻ അബ്ദുൾ ഹമീദ് രണ്ടാമൻ 1880 ഓഗസ്റ്റ് മാസത്തിൽ ഇസ്താംബൂളിൽവച്ച് വലിയ ആദരവ് നൽകി സ്വീകരിച്ചു.

 സുൽത്താൻ ഫസൽ തങ്ങളെ തന്റെ പ്രധാന ഉപദേശകനാക്കുകയും മന്ത്രി പദവി നൽകുകയും ചെയ്തു. ഒട്ടോമൻ ഭരണകൂടത്തിലെ ഉന്നത സ്ഥാനത്ത് അവരോധിക്കപ്പെട്ട ആദ്യ ഇന്ത്യൻക്കാരൻ കൂടിയായി ചരിത്രത്തിൽ ഫസൽ തങ്ങൾ അടയാളപ്പെടുത്തപ്പെട്ടു. ഒട്ടോമൻ ക്യാബിനറ്റിൽ ധനകാര്യ വകുപ്പിന്റെ പൂർണ ചുമതലയുള്ള മന്ത്രിയാക്കി ഫസൽ പാഷയെന്ന ഫസൽ തങ്ങളെ നിയമിക്കുകയായിരുന്നു.

 ഒട്ടോമൻ ഭരണത്തിന്റെ നിലനിൽപ്പിനും പുരോഗതിക്കും അനിവാര്യമായ ഒട്ടനവധി പരിഷ്‌കരണ പദ്ധതികൾക്കും ഫസൽ തങ്ങൾ നേതൃത്വം നൽകി. ഓട്ടോമൻ സാമ്രാജ്യത്തിന്റെ പ്രസിദ്ധമായ ഹിജാസ് റയിൽ-റോഡ് പദ്ധതിയിൽ ഫസൽ തങ്ങളുടെ ഭാഗധേയത്വം ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഓട്ടോമൻഭരണകൂടത്തിലുള്ള ഫസൽ തങ്ങളുടെ ശക്തമായ സ്വാധീനം ബ്രിട്ടീഷുകാർക്കിടയിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു. ബ്രിട്ടീഷുകാരുടെ സർവവിധ എതിർപ്പുകളും ഉപരോധങ്ങൾക്കുമിടയിലും 1880 മുതൽ മരണം വരെ ഫസൽ തങ്ങൾ തന്റെ രാഷ്ട്രീയ ധൈഷണിക വ്യവഹാരങ്ങളിൽ വ്യാപൃതനായി. ഇസ്ലാമിക നാഗരികതയുടെയും ഭരണവ്യവസ്ഥയുടെയും കേന്ദ്രമായിരുന്ന ഇസ്താംബൂളിൽ തന്റെ ക്രിയാത്മകമായ ഇടപെടലുകളിലൂടെ ശ്രദ്ധ നേടാൻ ഇക്കാലയളവിൽ ഫസൽ തങ്ങൾക്ക് കഴിഞ്ഞു. 

മലബാറിൽ നിന്ന് നാടുകടത്തിയതിനുശേഷം 48 വർഷത്തോളം ആഗോളതലത്തിൽ, പ്രത്യേകിച്ച് ഓട്ടോമൻ സാമ്രാജ്യത്തിന്റെ മുഖ്യധാരയിൽ പ്രവർത്തിച്ച സയ്യിദ് ഫസൽ തങ്ങൾ 1900 ഒക്ടോബർ 25ന് ഹിജ്റ 1318 റജബ് 6ന് തന്റെ എഴുപത്തിയാറാം വയസ്സിലാണ് ഈ ലോകത്തോട് വിടപറഞ്ഞത്. മരണാനന്തര കർമ്മങ്ങളിൽ ഓട്ടോമൻ ഖലീഫ സുൽത്താൻ അബ്ദുൾ ഹമീദ് രണ്ടാമനടക്കം ഉന്നതരാഷ്ട്ര നേതാക്കളും മതപണ്ഡിതരുമാണ് നേതൃത്വം നൽകിയത്. ഓട്ടോമൻ സാമ്രാജ്യത്തിലെ ചക്രവർത്തിമാരെയും കുടുംബങ്ങളെയും നേതാക്കളെയും മറവുചെയ്ത ഇസ്താബൂളിലെ അയാസോഫിയ മസ്ജിദിനു സമീപത്തുള്ള സുൽത്താൻ മഹ്മൂദ് ഖാൻ മ്യൂസിയത്തിലാണ് ഫസൽ തങ്ങളുടെ ഖബർ സ്ഥിതി ചെയ്യുന്നത്.

 നാടുകടത്തലിലൂടെ മലബാറുകാർക്ക് വലിയൊരു ആശ്രയം നഷ്ടപ്പെട്ടെങ്കിലും ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട, ചരിത്രം അടയാളപ്പെടുത്തിയ അതുല്യപ്രഭാവമായി സയ്യിദ് ഫസൽ തങ്ങൾ മാറിയിരുന്നു.

 

 

 

 

 

 

 

 

 

 

 

Questions / Comments:No comments yet.