ചൈനയിലെ ഉയ്ഗൂർ മുസ്ലിംകൾ വിവിധ മതനിയന്ത്രണങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. നോമ്പ് കാലത്ത് സ്കൂളുകളിൽ കുട്ടികളെ ഭക്ഷണം കഴിക്കാൻ നിർബന്ധിപ്പിക്കുന്ന ചൈനീസ് ഭരണകൂടത്തെക്കുറിച്ച് ഓർത്തെടുക്കുകയാണ് വിദേശത്തുള്ള അവരുടെ കുടുംബാംഗങ്ങൾ.


റമളാനിന്റെ സന്തോഷങ്ങൾ നഷ്ടപ്പെട്ട് ലോകമെമ്പാടുമുള്ള മുസ്ലിംകൾ ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ ദുഃഖിതരായിരിക്കുമ്പോൾ, മറ്റൊരു മുസ്ലിം സമൂഹം, അഥവാ ചൈനയിലെ ഉയ്ഗൂർ തുർക്കികൾ, വർഷങ്ങളായി നിരന്തരമായ അടിച്ചമർത്തലുകളും അക്രമങ്ങളും നേരിടുന്നു. അവരുടെ ശബ്ദം പുറത്തേക്ക് വേണ്ട രീതിയിൽ എത്തുന്നില്ല.

സിൻജിയാങ് ഉയ്ഗൂർ സ്വയംഭരണ പ്രദേശത്തെ മുസ്ലിംകൾക്ക് പുറം ലോകവുമായി സകല ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ട മറ്റൊരു റമളാൻ ദിനങ്ങൾ കൂടി വന്നിരിക്കുന്നു. ജോർജ് ഓർവൽ സൂചിപ്പിച്ചതു പോലെയുള്ള ഹൈ-ടെക് നിരീക്ഷണ സംവിധാനങ്ങളുള്ള, എങ്ങും പരിഭ്രമം നിറഞ്ഞ, ഒരു അരാജകനരകത്തിൽ (dystopian hellscape) അകപ്പെട്ടിരിക്കുകയാണവർ.

ഈ പ്രദേശത്തെ നിയന്ത്രണങ്ങൾ നിരവധി മനുഷ്യാവകാശ സംഘടനകൾ "മനുഷ്യത്വത്തിനെതിരായ അതിക്രമങ്ങളെന്ന്" അപലപിച്ചിരുന്നു. സർക്കാരിന്റെ മറ്റു പ്രാദേശിക അടിയന്തര നടപടികളുമായി ചേർത്ത്, വർഷം തോറും റമളാനിൽ ഈ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കപ്പെടുന്നു. 

ചൈനയുടെ മൊത്തം പ്രദേശത്തിന്റെ ആറിലൊന്ന് ഭാഗം വലിപ്പവും 25 ദശലക്ഷം ജനസംഖ്യയുമുള്ള പ്രദേശമാണ് സിൻജിയാങ്ങ്. ഈ മാസത്തിൽ, കേവലം ചൈനയിലെ ഏറ്റവും വലിയ പ്രദേശമായ സിൻജിയാങ്ങിൽ വസിക്കുന്ന ഏകദേശം 10 ദശലക്ഷം ഉയ്ഗൂറുകാർക്കും മറ്റ് നിരവധി മുസ്ലീം വിഭാഗങ്ങൾക്കുമിടയിൽ മാത്രമല്ല, വർഷങ്ങളായി അവരുടെ കുടുംബങ്ങളിൽ നിന്ന് വിച്ഛേദിക്കപ്പെട്ട ലോകമെമ്പാടുമുള്ള ഉയ്ഗൂർ പ്രവാസികൾക്കുമിടയിൽ കൂടെയാണ് സന്തോഷവും സമാധാനവും കൊണ്ടുവരാൻ സാധിക്കാതെ വരുന്നത്.

ഇസ്ലാമിന്റെ 'ചൈനീസ് വൽക്കരണം' (Sinicisation)

"സിൻജിയാങ്ങിലെ ഇസ്ലാം മതം ചൈനീസ് സംസ്കാരങ്ങൾക്കനുസരിച്ച് മാറ്റപ്പെടേണ്ടതുണ്ടെന്ന് എല്ലാവർക്കും അറിയാം, ഇതൊരു അനിവാര്യമായ ട്രെന്റാണ്," ഈ വർഷത്തെ റമളാൻ ആരംഭിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ്, മാർച്ച് 7-ന്, സിൻജിയാങ് ഉയിഗൂർ സ്വയംഭരണ പ്രദേശത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി മാ സിൻഗ്രൂയി മാധ്യമപ്രവർത്തകരോട് പറഞ്ഞതാണിത്.

മതവിഭാഗങ്ങൾ അവരുടെ സിദ്ധാന്തങ്ങളും ആചാരങ്ങളും ചൈനീസ് സംസ്കാരവുമായി യോജിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രസ്ഥാനമായി ചൈന പലപ്പോഴും "ചൈനീസ് വൽക്കരണത്തെ" (Sinicisation) കാണുന്നു. ഇസ്ലാം, ബുദ്ധമതം, ക്രിസ്തുമതം എന്നിവയുൾപ്പെടെയുള്ള മതങ്ങളിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഈ സമ്പ്രദായം നടപ്പിലാക്കി. ഇത്, മറ്റെല്ലാ കാര്യങ്ങൾക്കും ഉപരി കമ്മ്യൂണിസ്റ്റ് പാർട്ടിയോടുള്ള കൂറിന് മുൻഗണന നൽകാൻ അനുയായികളെ പ്രേരിപ്പിക്കാനായിരുന്നു. 2015 ലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു അസംബ്ലിയിലാണ് ചൈനീസ് നേതാവ് ഷി ജിൻപിംഗ് ഈ ആശയം ആദ്യമായി അവതരിപ്പിച്ചത്.

2014 മെയ് മാസത്തിന് ശേഷം, തീവ്രവാദ ഭീഷണികളെ നേരിടാൻ ഗവൺമെന്റ് ഒരു "സ്ട്രൈക്ക് ഹാർഡ്" ക്യാമ്പയിൻ പ്രഖ്യാപിച്ചതോടെയാണ് സ്ഥിതി കൂടുതൽ വഷളായത്. സിൻജിയാങ്ങിലെ മത തീവ്രതയോടും വിഘടനവാദത്തോടും ഇതിന് ബന്ധമുണ്ടായിരുന്നു.  ഉയ്ഗൂറുകാരുടെയും മറ്റ് മുസ്ലീം ന്യൂനപക്ഷങ്ങളുടെയും പാസ്പോർട്ടുകൾ കണ്ടുകെട്ടൽ, ഫാങ്ഹുയിജു പദ്ധതി പ്രഖ്യാപനം പോലുള്ള മറ്റ് ശ്രദ്ധേയമായ നിയന്ത്രണ പ്രക്രിയകൾ അതേ വർഷം തന്നെ ആരംഭിച്ചു. മുസ്ലീം വീടുകൾ പതിവായി സന്ദർശിക്കുകയും, സാമൂഹിക വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്ന (എന്ന് പറയപ്പെടുന്ന) ലക്ഷക്കണക്കിന് സൈനിക കേഡർമാരെ വിന്യസിക്കുന്ന മൂന്ന് വർഷത്തെ കാമ്പയിനാണ്  ഫാങ്ഹുയിജു പദ്ധതി.

2024 ജനുവരിയിൽ, യു എൻ  മനുഷ്യാവകാശ കൗൺസിലിന്റെ മേൽനോട്ടത്തിലുള്ള യൂണിവേഴ്സൽ പീരിയോടിക്ക് റിവ്യൂവിന് (UPR) ചൈനയുടെ ഊഴമായിരുന്നു. 2022-ലെ റിപ്പോർട്ടിന് ശേഷം യു എന്നിനുള്ളിൽ ചൈനയുടെ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ആദ്യത്തെ ചർച്ചയായിരുന്നു ഇത്. പ്രശംസകളും കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ട പോയിന്റുകളും ഉണർത്തി സമയം പെട്ടെന്ന് തീർക്കാൻ, ചൈന പാശ്ചാത്യേതര രാജ്യങ്ങളെ മുൻകൂട്ടി സ്വാധീനിച്ചതായി റിപ്പോർട്ടുണ്ട്.

ഈ രാജ്യങ്ങളിൽ പലതും ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുള്ള ചൈനയുടെ ശ്രമങ്ങളെ പ്രശംസിച്ചപ്പോൾ, കുറഞ്ഞത് 50 രാജ്യങ്ങളെങ്കിലും ചൈനയെ ചില പ്രധാന കാര്യങ്ങൾ ഓർമ്മപ്പെടുത്തി. ഏകപക്ഷീയമായ തടങ്കലുകൾ, നിർബന്ധിത തിരോധാനങ്ങൾ  എന്നിങ്ങനെ ചില വിവാദ സംഭവങ്ങളുടെ അവസാനമുണ്ടാകണമെന്ന ശുപാർശകൾ നൽകി.

സിൻജിയാങ് ഉയ്ഗൂർ സ്വയംഭരണ പ്രദേശമായ ഹോട്ടാനിലെ ജിയാമാൻ പള്ളിയിലെ നോമ്പുതുറ, 2021 ഏപ്രിലിലെ ദൃശ്യങ്ങൾ.

സിൻജിയാങ്ങിലെ റമളാൻ

2014 വരെ, സർക്കാർ ഉദ്യോഗസ്ഥരല്ലാത്തവർക്ക് നോമ്പ് നിരോധിക്കപ്പെട്ടിരുന്നില്ല.  കുട്ടികളും സർക്കാർ ജീവനക്കാരും മാത്രമാണ് നോമ്പ് വിലക്കപ്പെട്ടിരുന്നവർ എന്ന് ഈസ്റ്റ് തുർക്കിസ്ഥാൻ ഓർഗനൈസേഷൻസ് ഇന്റർനാഷണൽ യൂണിയൻ സെക്രട്ടറി ജനറൽ അബ്ദുറശീദ് എമിൻഹാസി പറയുന്നു.

“റമളാനിൽ, ഗ്രാമത്തലവന്മാർ പലപ്പോഴും വൈകുന്നേരം തെരുവുകളിൽ പരിശോധന നടത്തുകയും അത്താഴ (സുഹൂർ) സമയത്ത്, അഥവാ നേരം പുലരുന്നതിന് മുമ്പ്, ആളുകളുടെ ജനലുകളിലെ ലൈറ്റുകൾ  അണഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യും.  എന്റെ അമ്മായിയും അമ്മാവനും ടീച്ചർമാരായിരുന്നു. നോമ്പിൽ നിന്ന് വിലക്കപ്പെട്ടവരായിരുന്നു.  ഇരുട്ടിൽ വിളക്കണച്ച്  അവർ പതുക്കെ ശാന്തമായി അത്താഴം കഴിക്കുന്നത് ഞാൻ ഓർക്കുന്നു.  അവർ രഹസ്യമായി നോമ്പെടുക്കുമായിരുന്നു,” അദ്ദേഹം TRT വേൾഡിനോട് പറഞ്ഞു.

പല ഉയ്ഗൂറുകാരും "കിഴക്കൻ തുർക്കിസ്ഥാൻ" എന്ന് വിളിക്കാൻ ഇഷ്ടപ്പെടുന്ന തന്റെ ജന്മനാട്ടിൽ നിന്നുള്ള റമളാൻ ഓർമ്മകൾ അനുസ്മരിച്ചുകൊണ്ട് എമിൻഹാസി പറയുന്നു: “സർക്കാർ ജീവനക്കാരെപ്പോലെ തന്നെ പ്രായപൂർത്തിയാകാത്തവർക്കും പള്ളികളിൽ പോകുന്നതും, മതപരമായ ആരാധനകളിൽ പങ്കെടുക്കുന്നതും, റമളാനിലെ തറാവീഹ് നിസ്കാരങ്ങളിൽ പങ്കെടുക്കുന്നതും വിലക്കപ്പെട്ടിരുന്നു. 18 വയസ്സിന് താഴെയുള്ളവരും സർക്കാർ ജീവനക്കാരും പള്ളികളിൽ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പോലീസ് ഉദ്യോഗസ്ഥർ പള്ളികളിൽ നിരീക്ഷണം നടത്തും.” “കുട്ടികളെന്ന നിലയിൽ ഞങ്ങൾ രഹസ്യമായി പള്ളിയിൽ കയറുമായിരുന്നു,” അദ്ദേഹം പറയുന്നു.

2014 ൽ, റമളാനിൽ സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നൊരു പുതിയ രീതിയും നിലവിൽ വന്നതായി അദ്ദേഹം പറഞ്ഞു.

“സാധാരണയായി, ഞങ്ങളുടെ സ്കൂളുകളിൽ ഭക്ഷണം നൽകിയിരുന്നില്ല, കഫറ്റീരിയകളും ഇല്ലായിരുന്നു. എന്നിരുന്നാലും, റമളാനിൽ, വിദ്യാർത്ഥികളെ നോമ്പിൽ നിന്ന് പിന്തിരിപ്പിക്കാൻ ഭക്ഷണം വിതരണം ചെയ്യാൻ തുടങ്ങി.  അന്ന് ഞാൻ മിഡിൽ സ്കൂളിലായിരുന്നു. ഒരു ടീച്ചർ സ്കൂളിൽ തണ്ണിമത്തൻ വിതരണം ചെയ്യുന്നതും വിദ്യാർത്ഥികൾ കഴിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതും ഞാൻ ഓർക്കുന്നു.  ഭക്ഷണം കഴിക്കാത്ത ഏതെങ്കിലും വിദ്യാർത്ഥികളുണ്ടെങ്കിൽ അവർക്ക് താക്കീത് നൽകപ്പെടും.

ഇതായിരുന്നു 2016ന് മുമ്പുള്ള അദ്ദേഹത്തിന്റെ ഓർമ്മകൾ.  2017ന് ശേഷം "തീവ്രവാദം" (extremism) എന്നതിന്റെ നിർവചനം ഒന്നുകൂടെ വിശാലമാക്കുന്ന തരത്തിലുള്ള നിയമവ്യവസ്ഥകൾ പാസാക്കപ്പെട്ടതോടെ പ്രസ്തുത മേഖലയിലെ മുസ്ലിംകളുടെ കാര്യം കൂടുതൽ വഷളായി.

"2017 ൽ, റമളാനിൽ റെസ്റ്റോറന്റുകൾ അടച്ചവരെ ലക്ഷ്യമിട്ടുള്ള അറസ്റ്റുകളുടെയും, വ്യക്തികളെ പെട്ടെന്ന് തെരുവിൽ നിർത്തി ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുന്ന സംഭവങ്ങളുടെയും, സാധാരണക്കാർക്ക്  (സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമല്ല) അത്താഴ സമയത്ത് അവരുടെ ലൈറ്റുകൾ ഓണാണെങ്കിൽ പിഴ ചുമത്തിയതിന്റെയുമൊക്കെ റിപ്പോർട്ടുകൾ ഞങ്ങൾ കേൾക്കാൻ തുടങ്ങി." എമിൻഹാസി പറയുന്നു.

സിൻജിയാങ്ങിൽ ജനിച്ചു വളർന്ന 30 കാരനായ ഈ ഉയ്ഗൂർ സഹോദരൻ 2016-ൽ തുർക്കിയിലേക്ക് പോയതാണ്. അപകടസാധ്യതകൾ തിരിച്ചറിഞ്ഞ് 2017-ലെ റമളാൻ മുതൽ കുടുംബം ആശയവിനിമയം നിർത്തി. കഴിഞ്ഞ 7 വർഷമായി പ്രദേശത്തെ കുടുംബവുമായോ ബന്ധുക്കളുമായോ അദ്ദേഹത്തിന് ആശയവിനിമയം നടത്താൻ കഴിഞ്ഞിട്ടില്ല.

"ഞങ്ങൾ സാധാരണയായി വാട്ട്സ്ആപ്പിന്റെ ചൈനീസ് പതിപ്പായ 'വീ ചാറ്റ്' ആണ് ഉപയോഗിച്ചിരുന്നത്. എന്റെ ഉമ്മ ഉൾപ്പെടെ എന്റെ എല്ലാ ബന്ധുക്കളും ആ ആപ്പിൽ  ഞാനുമായുള്ള കണക്ഷൻ വിച്ഛേദിച്ചു. അവർ ആശങ്ക പ്രകടിപ്പിച്ചു, 'നമുക്ക് ആശയവിനിമയം ഒഴിവാക്കാം; അത് ഞങ്ങൾക്ക് അപകടകരമാണ്.'  ഞാൻ നിർബന്ധിച്ചില്ല. ഒരു വർഷത്തിന് ശേഷം, വിദേശത്തുള്ള ഉയ്ഗൂറുകാരുടെ എല്ലാ വീചാറ്റ് അക്കൗണ്ടുകളും അടച്ചു പൂട്ടി. അവരെ ഇനി ബന്ധപ്പെടാൻ കഴിയില്ല. എനിക്ക് അവരുമായുള്ള ബന്ധം പൂർണ്ണമായും നഷ്ടപ്പെട്ടു.

ഇപ്പോൾ ഒരു മകളുടെ പിതാവായ അബ്ദുറശീദിന്റെ നാല് സഹോദരങ്ങളും മാതാപിതാക്കളും സിൻജിയാങ്ങിൽ താമസിക്കുന്നുണ്ട്. അദ്ദേഹത്തിന് ആകെ അറിയാവുന്നത് കുറച്ച് റമളാൻ മാസങ്ങൾക്ക് മുമ്പ് തന്റെ പിതാവ് അറസ്റ്റിലായി എന്നതു മാത്രമാണ്.

തീവ്രതയുടെ ആവിഷ്കാരങ്ങൾ

2022 ഓഗസ്റ്റിൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് (OHCHR) നൽകിയ സമഗ്രമായ റിപ്പോർട്ട് പ്രകാരം, വിദേശത്തുള്ള വ്യക്തികളുമായി സമ്പർക്കം സ്ഥാപിക്കുന്നത്, അവരെ "തൊഴിൽ വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളിലേക്ക്" (VETC)  നിർദ്ദേശിക്കപ്പെടാൻ കാരണമാകുന്ന ഒരു ഘടകമാണെത്രേ. "ഡി-റാഡിക്കലൈസേഷൻ"(deradicalisation), (അഥവാ, തീവ്രമായ വീക്ഷണങ്ങളുള്ളൊരു വ്യക്തിയെ കൂടുതൽ മിതമായ നിലപാടുകൾ സ്വീകരിക്കാൻ പഠിപ്പിക്കുന്ന പ്രക്രിയ), റീ- എഡ്യുകേഷൻ (re-education), (അഥവാ, ഒരാളുടെ വിശ്വാസങ്ങൾ അല്ലെങ്കിൽ പെരുമാറ്റം മാറ്റുന്നതിനുള്ള വിദ്യാഭ്യാസം /പരിശീലനം) എന്നിവയാണ് ചൈനീസ് സർക്കാർ സ്ഥാപിച്ച VETC ഒരുക്കുന്ന സൗകര്യങ്ങൾ.

ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് കഠിനമായ ശിക്ഷ നൽകപെടുന്നു. എന്നാൽ, ഈ ശിക്ഷയെ "അനുകമ്പ, ദയ, വിദ്യാഭ്യാസം, ചെറിയ കേസുകളിൽ നിന്നുള്ള പുനരധിവാസം" തുടങ്ങിയവയിലൂടെ സന്തുലിതമാക്കാനാണ് ഈ സംവിധാനം ലക്ഷ്യമിടുന്നതെന്ന് സർക്കാർ വിശദീകരിക്കുന്നു. എങ്കിലും OHCHR പറഞ്ഞതനുസരിച്ച്, ഗുരുതര ഭീകരപ്രവർത്തനങ്ങളും ചെറിയ ഭീകരപ്രവർത്തനങ്ങളും തമ്മിലുള്ള വ്യത്യാസമെന്തെന്ന് വ്യക്തമല്ല.

മാത്രമല്ല, നിർവചിക്കപ്പെടാത്ത മാനദണ്ഡങ്ങളും വിശാലമായ പദപ്രയോഗങ്ങളും "നിയമത്തിന്റെ കഠിനനിഷ്ഠവും, കാര്യബന്ധമില്ലാത്തതും ഏകപക്ഷീയവുമായ  പ്രയോഗസാധ്യതകൾ" ഉണ്ടാക്കി തീർക്കുന്നു.

VETC സൗകര്യങ്ങളിൽ കഴിയുന്ന വ്യക്തികൾക്കെതിരെ ലൈംഗിക അതിക്രമം, പീഡനം, നിർബന്ധിത ചികിത്സ, പ്രതികൂല തടങ്കൽ സാഹചര്യങ്ങൾ, എന്നിവ ഉൾപ്പെടെയുള്ള വിശ്വസനീയമായ ആരോപണങ്ങൾ യു എൻ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ "വിദ്യാഭ്യാസ പരിവർത്തനം നടത്തുന്ന കേന്ദ്രങ്ങൾ" ജയിലുകളിൽ തടവിലാക്കപ്പെട്ടിരുന്ന ആളുകളടക്കം പത്ത് ലക്ഷത്തോളം പേരെ ബന്ധികളാക്കി വെച്ചിരിക്കുന്നു എന്നതാണ്  ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.

ഉയിഗൂർകാരെ ജയിലുകളിലേക്കോ ഇത്തരം കേന്ദ്രങ്ങളിലേക്കോ എത്തിച്ച ചില പ്രവൃത്തികളുടെ പട്ടിക യുഎൻ തരം തിരിച്ചിരുന്നു. "പ്രാഥമിക തീവ്രവാദ പ്രകടനങ്ങളുടെ" ഒരു നീണ്ട പട്ടിക...

അവയിലെ ചില ഉദാഹരണങ്ങൾ കേൾക്കാം: റേഡിയോയും ടെലിവിഷനും  നിരസിക്കുക;  വലിയ താടിയുള്ള യുവാക്കളോ മധ്യവയസ്കരോ ആവുക;  പെട്ടെന്ന് മദ്യപാനവും പുകവലിയും ഉപേക്ഷിക്കുക, മറ്റുള്ളവരുമായി ഇടപഴകാതിരിക്കുക;  ഫുട്ബോൾ, ആലാപന മത്സരങ്ങൾ പോലുള്ള സാധാരണ സാംസ്കാരിക കായിക പ്രവർത്തനങ്ങളെ ചെറുക്കുക;  പഠനാനുഭവങ്ങൾ കൈമാറാൻ മൊബൈൽ ഫോൺ ടെക്സ്റ്റ് സന്ദേശങ്ങളും സോഷ്യൽ ചാറ്റ് സോഫ്റ്റ് വെയറും ഉപയോഗിക്കുക;  നിയമവിരുദ്ധമായ രാഷ്ട്രീയവും മതപരവുമായ പുസ്തകങ്ങളും ദൃശ്യ-ശ്രാവ്യ ഉൽപന്നങ്ങളും കൊണ്ടുനടക്കുകയോ വീട്ടിൽ  ഉപയോഗിക്കുകയോ ചെയ്യുക;  വിദേശ മത റേഡിയോ, ടെലിവിഷൻ പ്രോഗ്രാമുകൾ നിയമവിരുദ്ധമായി കേൾക്കാനും കാണാനും പ്രചരിപ്പിക്കാനും സാറ്റലൈറ്റ് റിസീവറുകൾ, ഇന്റർനെറ്റ്, റേഡിയോ, മറ്റ് ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുക.

പടിഞ്ഞാറൻ സിൻജിയാങ്ങിലെ കാഷ്ഗറിൽ, 2017-ൽ അധികാരികൾ അടച്ച ഒരു പ്രാദേശിക പള്ളിക്ക് മുകളിൽ ചൈനീസ് പതാക പറക്കുന്നു. സിൻജിയാങ്ങിൽ ഉടനീളമുള്ള പള്ളികളിൽ ദേശീയ പതാക പ്രദർശിപ്പിക്കാനും ചൈനീസ് ഭരണഘടനയുടെ പകർപ്പ്, നിയമങ്ങൾ, എന്നിവ പരസ്യമാക്കാനും സർക്കാർ ഉത്തരവുണ്ട്.

ജന്മനാട്ടിൽ നിന്നകലെ പുതിയൊരു കുടുംബം

തങ്ങളുടെ സിൻജിയാങ് അനുഭവങ്ങൾ പങ്കുവെക്കുന്ന ഉയ്ഗൂർ പ്രവാസികൾ ഒരുപാട് ഭീഷണികൾ നേരിടുന്നുവെന്ന് യുഎൻ ജാഗ്രതാ മുന്നറിയിപ്പ് നൽകുന്നു. എങ്കിലും, ലോകമെമ്പാടുമുള്ള ഉയ്ഗൂർ പ്രവാസികൾ തങ്ങളുടെ പ്രിയപ്പെട്ടവർക്കായി കേവലം ആശങ്കകൾ പ്രകടിപ്പിക്കുന്നതിന് പകരം, ഈ റമളാനിൽ തങ്ങളുടെ വംശത്തിന്റെ  ഐക്യം നിലനിർത്തുന്നതിനായുള്ള ശ്രമങ്ങളിലാണ്.

2019-ൽ, തുർക്കിയിൽ ജോലി ചെയ്തിരുന്ന 35 കാരനായ സമർജൻ സയ്യിദി, തന്റെ സിവിൽ എഞ്ചിനീയറിംഗ് തൊഴിലുപേക്ഷിച്ച് ഇസ്താംബൂളിലെ സെഫാക്കോയ് ജില്ലയിൽ ഉയ്ഗൂർ പ്രവാസികളായ യുവാക്കൾക്കായി ഒരു കമ്മ്യൂണിറ്റി സെന്റർ സ്ഥാപിച്ചു.

ഈ യൂത്ത് സെന്റർ ഇംഗ്ലീഷ് കോഴ്സുകൾ, ഗണിത ക്ലാസുകൾ, ആർട്ട് ക്ലാസുകൾ, ഉയ്ഗൂർ പരമ്പരാഗത സംഗീത വർക്ക്ഷോപ്പുകൾ, ഫാഷൻ ഡിസൈൻ വർക്ക്ഷോപ്പുകൾ തുടങ്ങിയ ഒരുപാട് കാര്യങ്ങൾ പ്രദാനം ചെയ്യുന്നു. എന്നിരുന്നാലും, സയ്യിദി ഊന്നിപ്പറയുന്നതുപോലെ, ഉയ്ഗൂർ യുവാക്കളുടെ ആവശ്യങ്ങൾ നിറവേറ്റുകയെന്നതാണ് ഈ സംരംഭത്തിൻ്റെ പ്രാഥമിക ലക്ഷ്യം. അത് എന്തുതന്നെയായാലും ശരി.  ചിലപ്പോൾ, ആ ആവശ്യം ഒരു ഇഫ്താർ ടേബിളിന് ചുറ്റും ഒത്തുകൂടുകയും അവരുടെ പരമ്പരാഗത ഭക്ഷണം ഉപയോഗിച്ച് നോമ്പ് തുറക്കുകയും ചെയ്യുന്നതാകാം.

“പ്രവാസലോകത്തെ പല യുവാക്കളും അവരുടെ സഹോദരങ്ങളിൽ നിന്നും കുടുംബങ്ങളിൽ നിന്നും വേർപിരിഞ്ഞ് ജീവിക്കുന്നവരാണ്. ഞങ്ങളുടെ സാഹചര്യത്തിൽ, യുവാക്കൾക്ക് കണ്ടുമുട്ടാനും പരസ്പരം പരിചയപ്പെടാനും വിശ്വാസവും ബന്ധങ്ങളും വളർത്താനും കുടുംബാന്തരീക്ഷം കെട്ടിപ്പടുക്കാനും ഒരു വേദി സ്ഥാപിക്കേണ്ടത് അനിവാര്യമാണ്.  ഇത്തരം ഇഫ്താർ ഒത്തുകൂടലുകൾ സംഘടിപ്പിക്കുന്നതിന്റെ പ്രാഥമിക ലക്ഷ്യം യുവാക്കൾക്ക് ഗൃഹസമാനമായ അന്തരീക്ഷം പ്രദാനം ചെയ്യുക എന്നതാണ്,” അദ്ദേഹം TRT വേൾഡിനോട് പറഞ്ഞു.

സിൻജിയാംങിലുള്ളവർക്ക് കർശന യാത്രാ നിയന്ത്രണങ്ങൾ ഉള്ളതിനാൽ
അവർ നാട്ടിൽ തന്നെ തളച്ചിടപ്പെട്ടു. കുടുംബങ്ങളുമായി വീണ്ടും ഒന്നിക്കുമെന്ന് അവർക്ക് വലിയ പ്രതീക്ഷയില്ല. റോഡ് ബ്ലോക്കുകളിലും വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള ചെക്ക്പോസ്റ്റുകളിലും വംശീയമായി ഇത്തരം കമ്മ്യൂണിറ്റികളിൽപെട്ട അംഗങ്ങളെ നിരന്തര പരിശോധനക്ക് വിധേയമാക്കുന്നു. ഉയ്ഗൂർകാരുടെയും മറ്റ് മുസ്ലീം ന്യൂനപക്ഷങ്ങളുടെയും പാസ്പോർട്ടുകൾ കണ്ടുകെട്ടുന്നു.

ഒരുപക്ഷേ, പുറത്തുനിന്നുള്ളവരോടൊപ്പം അവരുടെ കുടുംബങ്ങൾ ഇഫ്താർ വിരുന്നിൽ പങ്കെടുക്കുന്നുണ്ടാകാം. ചില സൈനിക കേഡർമാരും അവരോടൊപ്പം ഉണ്ടായിരിക്കാം.

2016-ൽ, ചൈനീസ് അധികാരികൾ "ഒരു കുടുംബമായി മാറുക" (becoming family) എന്ന ക്യാമ്പെയ്ൻ ആരംഭിച്ചു. നിരന്തര സന്ദർശനങ്ങളിലൂടെ വിവിധ വംശീയ വിഭാഗങ്ങളിൽ നിന്നുള്ള സർക്കാർ ജീവനക്കാരേയും സൈനിക കേഡർമാരേയും  ജോടികളാക്കുന്നതായിരുന്നു പദ്ധതി.  ഈ "ഹോം സ്റ്റേ" സംരംഭം 2018 ൻ്റെ തുടക്കത്തിൽ തുടർന്നു. കേഡർമാർ ഓരോ രണ്ട് മാസത്തിലും കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും ഈ പുതിയ കുടുംബങ്ങളുടെ വീടുകളിൽ ചെലവഴിക്കുന്നു. ഗവൺമെൻന്റ് പറഞ്ഞതനുസരിച്ച്, 2016 മുതൽ, ഏകദേശം 1.1 ദശലക്ഷം ഉദ്യോഗസ്ഥർ 1.6 ദശലക്ഷം പ്രാദേശിക ആളുകളുമായി ജോടിയാക്കപ്പെട്ടിട്ടുണ്ട്. അടുത്തിടപഴകുന്നതിലൂടെ "ഒരേ കുടുംബത്തിലെ" അംഗങ്ങളെ പോലെ ബന്ധം സ്ഥാപിക്കാനിത് കാരണമായിട്ടുമുണ്ട്.

എന്നിരുന്നാലും,  അനുഭവസ്ഥർ വ്യക്തമാക്കുന്നത്  "ബന്ധുക്കൾ" സന്ദർശിക്കുമ്പോഴുള്ള ചില പ്രതിബന്ധങ്ങളാണ്. അഥവാ പ്രാർത്ഥനകൾ നടത്തുന്നതിനെ നിരോധിക്കുകയും, അവരുടെ സ്വന്തം ഭാഷ സംസാരിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും  ചെയ്യുക പോലയുള്ള വ്യക്തിസ്വാതന്ത്രത്തെ ഹനിക്കുന്ന പ്രവർത്തനങ്ങളും നേരിടേണ്ടി വരുന്നുണ്ട്.

മൊഴിമാറ്റം: അഫ്സൽ ചിറയിൽ
courtesy: www.trtworld.com

Questions / Comments:



No comments yet.


RELIGION

താതാർസ്ഥാൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമാണ് കാസാൻ. ഈ യൂറോപ്യൻ പട്ടണത്തിലെ റമളാനുകൾ അതിമനോഹരമാണ്. നീണ്ടകാലത്തെ സാംസ്കാരിക അടിച്ചമർത്തലുകൾക്കു ശേഷം ആത്മീയാനുഭവങ്ങളിലേക്ക്...

RELIGION

പരിശുദ്ധ ഖുർആൻ മനുഷ്യസൃഷ്ടിക്കതീതമാണെന്ന് അതിൻ്റെ സംവേദനരീതിയും സാഹിതീയചാരുതിയും ആശയസമൃദ്ധിയും വ്യക്തമാക്കുന്നുണ്ട്. പാവനമായ ദൈവികമാർഗത്തിലൂടെ,...

RELIGION

_ശരീരത്തിൻ്റെ ജഡികതാൽപര്യങ്ങളെ, അധമ കാമവിചാരങ്ങളെ പ്രലോഭനങ്ങളുടെ പ്രകോപനങ്ങളുണ്ടാകുമ്പോഴും പരിത്യജിക്കാനുള്ള പാകപ്പെടലാണ് വ്രതാനുഷ്ഠാനം. തിരുനബിയുരത്ത ജിഹാദുൽ അക്ബറെന്ന...