ശരീരത്തിൻ്റെ ജഡികതാൽപര്യങ്ങളെ, അധമ കാമവിചാരങ്ങളെ പ്രലോഭനങ്ങളുടെ പ്രകോപനങ്ങളുണ്ടാകുമ്പോഴും പരിത്യജിക്കാനുള്ള പാകപ്പെടലാണ് വ്രതാനുഷ്ഠാനം. തിരുനബിയുരത്ത ജിഹാദുൽ അക്ബറെന്ന ഈ സമരസായൂജ്യമത്രേ നോമ്പുകാലത്തിൻ്റെ സ്നേഹസമ്മാനം.
“വിശ്വസിച്ചവരായുള്ളോരേ, നിങ്ങളുടെ പൂർവ്വഗാമികൾക്ക് നിർബന്ധമാക്കപ്പെട്ടതുപോലെ വ്രതാനുഷ്‌ഠാനം നിങ്ങൾക്കും നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ സൂക്ഷ്‌മ-ഭക്തിയുള്ളവർ ആകുന്നതിനത്രെ അത്” (ആശയം: അൽബഖറ)
പൂണ്യങ്ങളുടെ പൂക്കാലം പൂത്തുവിടർന്നിരിക്കുന്നു. വിശ്വാസിയുടെ കണ്ണിലും ഖൽബിലും സുകൃതങ്ങളുടെ വസന്തം പരിമളങ്ങൾ വീശി പരിലസിക്കുന്നു. ഇലാഹീ പ്രീതിയിൽ സ്വയം വിലയം പ്രാപിച്ച് വ്രതാനുസാരിയായി ആ മഹദ് സന്നിധിയിൽ വിജയപക്ഷം ചേരാനാണ് ഓരോ വിശ്വാസിയുടെയും ഹൃദയം വ്യഗ്രപ്പെടുന്നത്. "നാഥാ! റജബിലും ശഅ്ബാനിലും ഞങ്ങൾക്ക് അനുഗ്രഹം വർഷിക്കണമേ, വിശുദ്ധ റമളാനിലേക്കെത്തിക്കുകയും നിസ്‌കാരവ്രതാദികർമ്മങ്ങളും വർധിത ഖുർആൻ പാരായണവും നിർവ്വഹിക്കാൻ സൗഭാഗ്യം ചെയ്യണമേ..." എന്ന ഹൃദയമുരുകിയുള്ള പ്രാർത്ഥനകൾ അന്തരീക്ഷത്തെ ഭക്തിസാന്ദ്രമാക്കിയിരിക്കുന്നു. ഇനി നമുക്ക് ആ വിശുദ്ധ വസന്തത്തെ ഹൃദയത്തിലേറ്റാം. 'അൽ റയ്യാൻ' നമ്മെയാണ് സ്വാഗതം ചെയ്യുന്നത്.
ഐഹിക ജീവിതത്തിൻ്റെ തുടർച്ചയായാണ് പരലോക ജീവിതം സംവിധാനിക്കപ്പെട്ടിരിക്കുന്നത്. അനുസരിക്കുന്നവർക്ക് രക്ഷയും ധിക്കരിക്കുന്നവർക്ക് ശിക്ഷയും നൽകപ്പെടുന്ന വിധിനാളിൻ്റെ സമാപ്തി. കൃഷിയിടമായി ഒരുക്കിത്തന്ന ഭൗമജീവിതത്തിൽ മുള്ളും മുല്ലയും പാകിയവർ വിതച്ചതു കൊയ്യുന്ന ദിനം. വിധിപൂർവ്വകം വിലയിരുത്തി സുവർണ സുന്ദരമായ സ്വർഗത്തിലേക്ക് ആനയിക്കപ്പെടുന്ന വിശ്വാസികളിൽ 'നോമ്പുകാർക്ക് മാത്രം സ്വാഗതമരുളാൻ എന്ന നിലയിൽ ധന്യമായി പ്രഭാസിക്കുന്ന ഗോപുര കവാടമാണ് 'അൽ റയ്യാൻ'. മഹാസുകൃതികൾ പോലും സ്വർഗ പൂങ്കാവനത്തിന്റെ ഇതര കവാടങ്ങളിലൂടെ അകം പ്രവേശിക്കുമ്പോൾ ഇലാഹിൻ്റെ സ്നേഹാശ്ലേഷമായി നോമ്പുകാരനെ പുൽകുകയാണ് 'അൽ റയ്യാൻ'. അവൻ തന്നെ പറഞ്ഞുവല്ലോ: "നോമ്പ് എനിക്കുള്ളതാണ്. അതിനു പ്രതിഫലം നൽകുന്നവനും ഞാൻ തന്നെ!"
വ്രതത്തിൻ്റെ ശ്രേഷ്‌ഠതയും അകക്കാമ്പും പരാമർശിക്കാൻ ആകുമ്പോഴൊക്കെ തിരുവചനങ്ങൾ ഉല്ലേഖനം ചെയ്യപ്പെട്ടിരിക്കുന്ന വിശുദ്ധ ഗ്രന്ഥങ്ങൾ വാചാലമാവുന്നതും ആവേശപ്പെടുന്നതും കാണാനാവും. “ജനങ്ങളേ! നിങ്ങൾക്കിതാ റമളാൻ സമാഗതമായിരിക്കുന്നു. ദിവ്യാനുഗ്രഹീത മാസമാണത്. ആയിരം മാസങ്ങളേക്കാൾ പുണ്യമുറ്റ ഒരു രാവുണ്ടതിൽ. അതിന്റെ പുണ്യം ആർക്ക് തടയപ്പെട്ടുവോ അയാൾ സർവ്വ നന്മകളും തടയപ്പെട്ടവനെപ്പോലെയായി. ആരാധനകളിൽ താത്പര്യമില്ലാത്ത നിർഭാഗ്യവാന്മാർക്കല്ലാതെ അത് തടയപ്പെടുകയില്ല. റമളാനിൻ്റെ പകലിൽ നിങ്ങൾക്ക് അല്ലാഹു വ്രതം നിർബന്ധ മാക്കിയിരിക്കുന്നു. അതിലെ രാത്രി നമസ്കാരം (തറാവീഹ്)സുന്നത്തുമത്രെ. അതിൽ ഒരു ഐഛിക നന്മ അനുഷ്‌ഠിക്കുന്നവന് ഇതര മാസങ്ങളിൽ ഒരു നിർബന്ധ കർമം അനുഷ്‌ഠിച്ചതുപോലെയുള്ള പ്രതിഫലം നൽകപ്പെടും. നിർബന്ധകർമത്തിനാകട്ടെ, ഇതര മാസങ്ങളിലെ എഴുപത് നിർബന്ധകർമത്തിന്റെ പ്രതിഫലമാണ് നൽകപ്പെടുന്നത്.” (ബുഖാരി).
നോമ്പുകാരന്റെ ശ്വാസഗന്ധമാണ് കസ്തൂരിയുടെ പരിമളത്തേക്കാൾ അല്ലാഹുവിനു ഹൃദ്യം എന്നുകൂടിയുണ്ട് വിശുദ്ധാധ്യാപനത്തിൽ. മുന്തിയ അന്നപാനീയങ്ങളുടെയോ വിശിഷ്ട ഭോജ്യങ്ങളുടെയോ മോഹിപ്പിക്കുന്ന ഗന്ധമല്ല ആ ശ്വാസധാരയെ ഇഷ്‌ടപ്പെടുത്തുന്നത്. പ്രത്യുത, അവനിൽ മേളിതമായ വ്യക്തിവിശുദ്ധിയുടെ മഹത്ശിഖരങ്ങൾ-പ്രതികാരവാഞ്ജ വറ്റിയ മനസ്സും, അപരാധം കാണിക്കാത്ത കയ്യും, അസത്യമുരയാത്ത അധരങ്ങളുമാണ് സൃഷ്ടി സാകല്യത്തിൽ അവനെ വേറിട്ടു അടയാളപ്പെടുത്തിയത്. സകലമാന തിന്മകളിൽ നിന്നും അകന്നു ജീവിക്കുകയും സദാചാരനിഷ്ഠമായ ആരാധനകളിലവ സ്ഥാനം ചെയ്യുകയും ചെയ്യുന്ന ഒരു സുകൃതമാനസൻ്റെ വ്രതനിശ്വാസത്തിന് അനിതരസാധാരണമായ സൗരഭ്യം ഉണ്ടെന്നു പറയുന്നതിൽ അതിശയോക്തിയൊന്നുമില്ല.
ഇതര നിർബന്ധ കർമ്മങ്ങളിൽ നിന്നു ഏറെ വ്യത്യസ്‌തമാണ് നോമ്പ്. നിസ്കാരമോ, സക്കാത്തോ, ഹജ്ജോ ആവട്ടെ, ആചരിക്കുന്നത് മറ്റുള്ളവരുടെ നേത്രവട്ടത്തിൽ നിന്നും ഒളിച്ചു പിടിക്കാനാവില്ല. എന്നാൽ, വ്രതം സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള നിഗൂഢമായ വ്യവഹാരമത്രെ. ശരിയായി വ്രതമനുഷ്ഠിക്കുന്നവനെ ഗ്രഹിക്കുന്നവനും നിയാമകനും നിയന്താവുമായ ഉടയവൻ മാത്രം. അതു കൊണ്ടു കൂടിയത്രെ അവൻ അരുൾ ചെയ്തത്; “നോമ്പ് എനിക്കുള്ളത ത്രെ. അതിനു ഫലദായകം ചെയ്യുന്നതും ഞാൻ തന്നെ!".
എന്നാൽ, ഇന്ന് കാര്യങ്ങളുടെ സ്ഥിതി നേരെ മറിച്ചായിരിക്കുന്നു. വ്രതാനുഷ്ഠാനം പോലും പ്രകടന പരതയിൽ വഴിമുട്ടിപ്പോവുന്നു. മറ്റുള്ളവർക്കു മുമ്പിൽ ആഹാര-പാനങ്ങൾ ഉപേക്ഷിക്കുമ്പോൾ മാത്രം കിട്ടുന്നതാണോ നോമ്പ്? നോമ്പിന്റെ സംപൂർത്തിക്കു ഒരുവൻ നിർബന്ധബുദ്ധ്യാ അനുസരിച്ചിരിക്കേണ്ട അനേകം നിയാമക തത്വങ്ങളും നിർദ്ദേശകങ്ങളും മതം മുന്നോട്ടുവെക്കുന്നു. അവയത്രയും വ്യക്തി ജീവിതത്തിൽ അക്ഷരം പ്രതി ആവിഷ്കൃതമാവുന്നില്ലെങ്കിൽ പ്രകടനപരതയുടെ മലവെള്ളപ്പാച്ചിലിൽ നമ്മുടെ വ്രതവും കൂലം കുത്തി ഒഴുകിപ്പോവും. കാമ്പ് കളഞ്ഞ് തൊലിയിൽ സായൂജ്യമടഞ്ഞ വിഡ്ഢിയായ വെള്ളക്കാരന്റെ ജ്ഞാനശൂന്യ നിർവൃതിയായിരിക്കും നമുക്കും കിട്ടുക. ദോഷബാധയ്ക്കെതിരെ പ്രതികരണങ്ങൾ കൊണ്ടും ആത്മനിയന്ത്രണം കൊണ്ടും ശക്തമായ പ്രതിരോധമുയർത്തിയാവണം വ്രതാനുസാരി ചരിക്കേണ്ടത്. നിങ്ങൾ 'സൂക്ഷ്‌മ-ഭക്തി' യുള്ളവരാകാൻ വേണ്ടിയാണല്ലോ നോമ്പു നിർബന്ധമാക്കപ്പെട്ടത്. പൊളിവാക്കുരയുകയും തെറ്റു പ്രവർത്തിക്കുകയും ചെയ്യുന്നത് 'കപടഭക്തി'യാണ്. അതിനെതിരെ തിരുപ്രവാചകർ ഏറെ രോഷപ്പെട്ടിട്ടുണ്ട്. “ഒരുവൻ വ്യാജം മൊഴിയുന്നതും തദനുസാരം കപടം പ്രവർത്തിക്കുന്നതും വർജിക്കുന്നില്ലെങ്കിൽ അവൻ അന്ന-പാനങ്ങളെ വെടിയണമെന്നു അല്ലാഹുവിനു തീരെ താൽപര്യമില്ല.” മറ്റൊരിക്കൽ അവിടുന്നു ഇപ്രകാരം അരുൾ ചെയ്യുകയുണ്ടായി: “എത്രയെത്ര നോമ്പുകാർ, തങ്ങളുടെ വ്രതം കൊണ്ടു വിശപ്പും ദാഹവുമല്ലാതെ മറ്റൊന്നും നേടാനാവാത്തവർ! എത്രയെത്ര രാത്രി നിസ്കാരക്കാർ, രാത്രി മുഴുവൻ നിന്നു നിസ്‌കരിക്കുന്നതിനായി ഏറെ ഉറക്കമിളച്ചെന്നല്ലാതെ മറ്റൊന്നും കിട്ടാത്തവർ!!"
ഉദ്ധ്യത വചനങ്ങൾ നിങ്ങളെ തെര്യപ്പെടുത്തുന്നത് എന്താണ്? ഏറെ ഉറക്കമൊഴിവാക്കുന്നതോ, അന്നപാനീയങ്ങളെ ഉപേക്ഷിക്കുന്നതോ അല്ല ഇബാദത്ത്. അത് ലോകരുടെ അഭയവും ശരണസ്ഥനുമായ അല്ലാഹുവിനു മുന്നിൽ പൂർവ്വാധികം എളിമയോടും വിധേയത്വത്തോടുമുള്ള സർവ്വാംഗ സമർപ്പണമാണ്. വിദ്വേഷങ്ങളുടെ അപശ്രുതികളും ദുശ്‌ചെയ്തികളുടെ അസ്വാരസ്യങ്ങളും മാത്രം നിറഞ്ഞ ജീവിതപരിസരത്തോട് സമരസപ്പെടാനല്ല, സമരം ചെയ്യാനാണ് നോമ്പ് നിങ്ങളെ ക്ഷണിക്കുന്നത്. അടങ്ങാത്ത ഇച്ഛാശക്തിയുടെയും അണയാത്ത ആത്മപ്രചോദനത്തിൻ്റെയും പിൻബലമില്ലെങ്കിൽ 'ശാരീരികമായ' വ്രതാനുഷ്‌ഠാനം കൊണ്ട് ഫലമൊന്നുമില്ല. അത് ആന്തരികമായ ഉപവാസത്തിന്റെ യഥാരൂപത്തിലുള്ള ബാഹ്യാവിഷ്കരണമായിരിക്കണം. സത്യം പ്രകാശിപ്പിക്കുന്നതിനുള്ള, സത്യമല്ലാത്ത മറ്റൊന്നും പ്രകാശിപ്പിക്കാതിരിക്കാനുള്ള അദമ്യമായ അഭിലാഷമാണ് വ്രതം സമ്മാനിക്കുന്നത്. അതിനാൽ സത്യത്തിനുവേണ്ടി നിലകൊള്ളുന്നവർക്കും, എതിരാളികളെ കുറിച്ചു പോലും സ്നേഹം വച്ചുപുലർത്തുന്നവർക്കും മൃഗീയ വികാരങ്ങളിൽ നിന്നു മുക്തി നേടിയവർക്കും മാത്രമേ ഭൗതിക സമ്പത്തുക്കളും അഭിലാഷങ്ങളും വർജ്ജിച്ച് വ്രതം നൽകുന്ന ആത്മവിശുദ്ധിയുടെ അന്തരധാരയെ പുൽകാൻ സാധിക്കു.
നോമ്പ് നിർബന്ധമാക്കിയത് "നിങ്ങൾ 'തഖ്‌വ' ഉള്ളവരാകാൻ വേണ്ടി"യാണെന്നാണ് ഖുർആൻ പറഞ്ഞത്. 'തഖ്‌വ'ക്ക് നൽകിയ 'സൂക്ഷ്‌മ-ഭക്തിയുള്ളവരാകാൻ വേണ്ടി' എന്ന അർത്ഥം അപൂർണമാണ്. ശരിയായ അർഥം “അല്ലാഹുവിൻ്റെ കൽപനകളെ പൂർണമായും നിർബന്ധബുദ്ധ്യാ അനുസരി ക്കുകയും നിരോധനങ്ങളെല്ലാം കർശന ബുദ്ധ്യാ വെടിയുകയും ചെയ്യുക" എന്നാണ്. പരിശുദ്ധിയുടെയും സമ്പൂർണതയുടെയും ആത്മാർപ്പണത്തിൻറെയും നിത്യഭാസുരമായ സത്യത്തിന്റെ രാജവീഥിയാണത്. അച്ചടക്കവും അനുധ്യാനവും തുടുത്തു നിൽക്കുന്ന കഠിനമായ ആത്മീയ സാധനയാണ് വ്രതത്തെ ശ്രേഷ്‌ഠമാക്കുന്നത്. അതിനാലത്രെ വ്രതത്തിൻ്റെ അവിഭാജ്യഘടകമായി 'പ്രാർഥന' പരാമർശിക്കപ്പെട്ടതും.
മനുഷ്യജീവിതം അനുവദിക്കപ്പെട്ടതു തന്നെ അല്ലാഹുവിനെ ഉപാസിക്കാനും ആരാധിക്കാനുമാണ് എന്നാണല്ലോ ഖുർആനികാധ്യാപനം. ജീവിതത്തോണിയുടെ പങ്കായമാണ് പ്രാർഥന. പ്രാർഥനയെന്നാൽ സമയക്രമങ്ങളും ചിട്ടവട്ടങ്ങളുമൊപ്പിച്ച് നിർവഹിക്കുന്ന ഒരു പ്രത്യേക ഉപാസനയായാണല്ലോ പ്രഥമദൃഷ്ട്യാ ഗ്രഹിക്കാറ്. എന്നാൽ, അതിനേക്കാളേറെ വിശാലമായ അർഥതലങ്ങളുണ്ട് 'പ്രാർഥന'ക്ക്. “പ്രാർഥന തന്നെയാണ് ആരാധന", "പ്രാർഥന ആരാധനയുടെ സത്തയത്രെ!" തുടങ്ങിയ പ്രവാചകമൊഴികൾ പ്രാർഥനയുടെ അർഥവിശാലതയെ സ്ഥാനപ്പെടുത്തുന്നുണ്ട്. പ്രാർഥനയെ കുറിച്ച് ഖുർആൻ നടത്തിയ ഏറ്റവും ശ്രദ്ധേയമായ പരാമർശം വ്രതത്തെ സംബന്ധിച്ചുള്ള വിവരണങ്ങൾക്കിടയിലാണ്. "എൻ്റെ ദാസന്മാർ എന്നെ കുറിച്ച് അവിടത്തോട് ആരാഞ്ഞാൽ (അങ്ങ് പറയുക) നിശ്ചയം, ഞാനവരുടെ സമീപസ്ഥനത്രെ. പ്രാർഥിക്കുന്നവൻ എന്നോടു അർഥിച്ചാൽ ഞാനവനു ഉത്തരം ചെയ്യും. അതിനാൽ അവർ എൻ്റെ വിളിക്കുത്തരം ചെയ്യുകയും എന്നിൽ വിശ്വസിക്കുകയും ചെയ്‌തുകൊള്ളട്ടെ.” പ്രാർഥനയും വ്രതവും അഭേദ്യമാണ് എന്നു സാക്ഷ്യപ്പെടുത്തുകയാണ് ഈ വചനം. വ്രതം ഒരു ആരാധനയാണ്. ആരാധനകളുടെ സത്തയാണ് പ്രാർഥന. വ്രതം എന്ന ശരീരത്തിൻന്റെ ആത്മാവാണ് പ്രാർഥന. ചേർത്തുവെച്ചു വായിക്കുമ്പോൾ ഒന്നു ഗ്രഹിക്കാം. വ്രതം ഒരു സാധനയാവണം. നിത്യവ്യവഹാരത്തിൽ ഉദ്ദേശിക്കപ്പെടാറുള്ളപോലെ ഏകാഗ്രമായ ഒരു ആത്മീയ പ്രക്രിയ ആയിരിക്കണമത്. ശരീരവും മനസും ത്രസിക്കുന്ന ആത്മീയാനുഭൂതിയായി നോമ്പു മാറണം. വിരസമായ ഒരു പൂജാമുറയല്ല അത്. മാനുഷിക ധർമത്തിന്റെ തെളിമയും ചൈതന്യവുമത്രെ. ആത്മീയൗന്നത്യത്തിലേക്കുള്ള പടിപടിയായ വളർച്ചയുടെ അനുഭൂതിദായകമായ പ്രചോദകമാണ് വ്രതം.
മനുഷ്യനിലെ ഏറ്റവും മൗലികമായ രണ്ടു വികാരങ്ങളാണ് വിശപ്പും കാമവും. മനഃശാസ്ത്രപരമായ ഒരു വസ്‌തുതയുണ്ട്. മനുഷ്യനിലെ മൗലിക വികാരങ്ങളിൽ ഒന്നിനെ പോലും ആമൂലാഗ്രം പിഴുതെറിയാനാവില്ല എന്ന്. പ്രത്യുത, അവയെ വിമലീകരിക്കുകയാണ് വേണ്ടത്. തദ്വാരാ, അപരിഷ്കൃതനായ 'ഒരു ജീവി', മാലാഖയേക്കാൾ ഉയർന്ന വിതാനത്തിലേക്ക് ഉയർത്തപ്പെടുന്നു. ഈ യഥാർഥത്തിൽ വ്രതം ഒരു അഗ്നിപരീക്ഷയാണ്. വികാരങ്ങളെ വിവേകപൂർണമായി അതിജയിക്കാനുള്ള ഇച്ഛാശക്തിയും ആത്മബലവും നൽകുന്ന അനുപമസാധന. അതു നേടിയെടുക്കേണ്ടത് അഭംഗുരം തുടരുന്ന ആത്മനിയന്ത്രണവും ധ്യാനവും അനുശീലിക്കുന്നതിലൂടെയാണ്. ജീവിതത്തെ വീട്ടുമുറ്റത്ത് അഴിച്ചെറിഞ്ഞ് കാനനമേറിയല്ല ഈ ധ്യാനം നടത്തേണ്ടത്. പ്രത്യുത, നഗ്നയാഥാർത്ഥ്യങ്ങളുടെ പകൽവെളിച്ചത്ത് ജീവിച്ചു കൊണ്ട്, ശാരീരികമായ ദുർമേദസ്സുകളെ അഴിച്ചുമാറ്റാനും മനോവൈകല്യങ്ങളെയും അന്തരാത്മാവിലെ മാലിന്യങ്ങളെയും കഴുകിക്കളഞ്ഞും ധ്യാനധന്യരാവണം. അതിനാണ് വ്രതാനുഷ്‌ഠാനം നമ്മെ സജ്ജപ്പെടുത്തുന്നത്. അത് മൗലിക മൂല്യങ്ങളെ പിഴുതെറിയുകയല്ല, വിമലീകരിക്കുകയാണ്. നിയന്ത്രണമില്ലാതെ ലക്ഷ്യം തെറ്റിയോടുന്ന മനസ്സിനു കടിഞ്ഞാണിടുകയാണ് കഠിനമായ ആത്മനിയന്ത്രണത്തിലൂടെ വ്രതാനുസാരി ചെയ്യുന്നത്. ശരീരത്തിൻ്റെ ഇച്ഛകൾക്കെതിരെ ആർജ്ജിച്ചെടുക്കുന്ന ഈ വിജയമാണ് ഏറ്റവും പ്രധാനമാവുന്നത്. ശത്രുക്കൾക്കെതിരെ യുദ്ധം ജയിച്ചുവരുന്ന തൻ്റെ സഖാക്കളോട് പ്രവാചകർ നടത്തിയ 'നിങ്ങൾ യുദ്ധം ജയിച്ചുവരികയാണല്ലേ, എങ്കിൽ ഏറ്റവും വലിയ യുദ്ധം (ജിഹാദുൽ അക്‌ബർ) ഇപ്പോഴും ശേഷിക്കുന്നു." എന്ന പ്രവാചകവചസ്സ് നമുക്ക് പാഠമാണ്. ശരീരത്തിൻ്റെ ഇച്ഛകൾക്കെതിരെ അധമമായ കാമവിചാരങ്ങൾക്കെതിരെയുള്ള പോരാട്ടമാണ് തിരുദൂതർ ഉദ്ദേശിച്ച ജിഹാദുൽ അക്‌ബർ. ഈ ജിഹാദുൽ അക്ബറിൻ്റെ നിർവ്വഹണ വേദിയത്രെ ശഹ്റുറമളാൻ. ഏറ്റവും മുന്തിയ വിഭവസമൃദ്ധമായ ഭക്ഷണങ്ങൾ മുന്നിലുണ്ടാവുമ്പോഴും കണ്ണിറുക്കിയടച്ച് വിശപ്പിനെ ഉപാസിക്കുക, മധുര പാനീയങ്ങൾ യഥേഷ്‌ടം പാനം ചെയ്യാനുള്ള അവസരമുണ്ടായിട്ടും ദാഹമൂർച്ചയെ വരിക്കാൻ സർവ്വാത്മനാ തയ്യാറാവുക, അതിശക്തമായ പ്രലോഭനങ്ങളുടെ പ്രകോപനങ്ങളുണ്ടായിട്ടും ഒരു വിരാഗിയെപ്പോലെ പ്രണയിനിയിൽ നിന്ന് അകന്നു നിൽക്കുക, ഏറെ സാഹചര്യങ്ങൾ പ്രേരിപ്പിച്ചിട്ടും പൊളിവാക്കുരയുകയോ വ്യാജം ചെയ്യുകയോ ചെയ്യാതിരിക്കുക, വ്രതത്തിലൂടെ ഒരാൾ ആർജിക്കുന്ന, ഈ ആത്മസംസ്‌കരണമല്ലാതെ മറ്റെന്താണ് 'ജിഹാദുൽ അക്ബർ'. അതെ, ശഹ്റുറമ ളാനിൽ ജയിക്കുന്നവർ ജിഹാദുൽ അക്‌ബർ ജയിച്ചവർ മാത്രം.
9 April, 2024 04:13 pm
Swalih
Nalla basha❤️19 March, 2024 03:21 am
MUHAMMED AJMAL OLAMATHIL
അർഥവത്തായ ലേഖനം