ബദ്ർ ചരിത്രത്തെയും അഹ്‌ലു ബദ്റിനെയും പ്രകീർത്തിക്കുന്ന അനേകം രചനകൾ ഇസ്‌ലാമിക ലോകത്ത് രചിക്കപ്പെട്ടിട്ടുണ്ട്. അവ ഓരോന്നും മുസ്‌ലിംകളുടെ നിത്യജീവിതത്തിന്റെ ഭാഗമായി രൂപാന്തരപ്പെട്ടിരുന്നു. തിരുനബി(സ) യുടെ കാലം മുതൽ ഈ പ്രകീർത്തനങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. ബദ്റിനെയും അഹ്‌ലു ബദ്റിനെയും കുറിച്ചുള്ള പ്രകീർത്തനങ്ങളിലേക്കും മൗലിദുകളിലേക്കുമുള്ള എത്തിനോട്ടമാണ് ഈ കുറിപ്പ്.

വായിക്കാം:

സത്യം അസത്യത്തെ പരാജയപ്പെടുത്തിയ ചരിത്രമാണ് ബദ്റിനും അഹ്‌ലു ബദ്റിനും പറയാനുള്ളത്. പരിശുദ്ധ ഖുർആൻ പോലും ബദ്ർ യുദ്ധ ദിവസത്തെ ‘ധർമ- അധർമത്തിനിടയിലെ വേർതിരിവിന്റെ ദിനം’ (യൗമുൽ ഫുർഖാൻ) എന്നാണ് വിശേഷിപ്പിച്ചത്. ഇസ്‌ലാമിക ചരിത്രത്തിലെ തികച്ചും ഐതിഹാസികമായ ധർമ പോരാട്ടമായിരുന്നു ബദ്ർ.

ഇസ്‌ലാമിക വ്യാപനത്തിന് ഒരർത്ഥത്തിൽ അടിത്തറ ഒരുക്കിയത് മുത്ത് നബി(സ) യുടെ ഹിജ്റയാണ്. അതേസമയം ഒരിളക്കവും ബാധിക്കാത്ത രൂപത്തിൽ അടിത്തറയെ ഭദ്രമാക്കിയത് ബദ്ർ എന്ന ഐതിഹാസിക സമരമായിരുന്നു.

ഇസ്‌ലാമിൻ്റെ മുന്നോട്ടുള്ള വളർച്ചയിൽ ബദ്റിനും അഹ്‌ലു ബദ്റിനുമുള്ള സ്വാധീനം വലുതാണ്. പിന്നീട് നടന്ന ഓരോ യുദ്ധങ്ങൾക്കും ഊർജ്ജം പകരുന്നതിൽ ബദ്ർ ഹേതുവായി. ധർമസമരങ്ങൾക്ക് മാത്രമല്ല, ഏതൊരു വിശ്വാസിക്കും പരിപൂർണമായൊരു ആത്മവിശ്വാസം കൂടിയാണ് ബദ്ർ. അതിനെ തുടർന്നാണ് മാലകളും മൗലിദുകളും മറ്റു പ്രകീർത്തനങ്ങളും രൂപപ്പെട്ടുവരുന്നത്. ബദ്റിനെയും അഹ്‌ലു ബദ്റിനെയും കുറിച്ചുള്ള പ്രകീർത്തനങ്ങളിലേക്കും മൗലിദുകളിലേക്കുമുള്ള ഒരു ചെറിയ എത്തിനോട്ടമാണ് ഈ എഴുത്ത്.

എന്തുകൊണ്ട് അഹ്‌ലു ബദ്ർ?

മുആദ് ബിൻ രിഫാഅ(റ) അഹ്‌ലു ബദ്റിൽ പെട്ട തന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ കാണാം. ഒരിക്കൽ ജിബ്‌രീൽ(അ) മുത്ത് നബി(സ) യുടെ അരികിലേക്ക് വന്നു ചോദിച്ചു: "നിങ്ങളുടെ കൂട്ടത്തിലെ അഹ്‌ലു ബദ്റിനെ കുറിച്ച് അങ്ങയുടെ അഭിപ്രായമെന്താണ് നബിയേ?". തിരുനബി(സ) മറുപടി നൽകി: "അവർ മുസ്‌ലിംകളിലെ അതിശ്രേഷ്ഠരാണ്”. ഉടനെ ജിബ്‌രീൽ(അ) പറഞ്ഞു: "മലക്കുകളിൽ നിന്നും ബദ്റിൽ പങ്കെടുത്തവരും അപ്രകാരം തന്നെ" (സ്വഹീഹുൽ ബുഖാരി). ചുരുക്കത്തിൽ ഈ ഉമ്മത്തിൽ, എന്നല്ല സർവ മുസ്‌ലിംകൾക്കിടയിലും ഏറ്റവും ശ്രേഷ്ഠർ അഹ്‌ലു ബദ്റാണ്. ബദ്റിന്റെയും അഹ്‌ലു ബദ്റിന്റെയും മഹത്വം വിളിച്ചോതുന്ന ധാരാളം ഹദീസുകളും ആയത്തുകളും കാണാനാകും.

ബദ്ർ പ്രകീർത്തനങ്ങൾ 

ബദ്ർ ചരിത്രത്തെയും അഹ്‌ലു ബദ്റിനെയും പ്രകീർത്തിക്കുന്ന അനേകം രചനകൾ ഇസ്‌ലാമിക ലോകത്ത് രചിക്കപ്പെട്ടിട്ടുണ്ട്. അവ ഓരോന്നും മുസ്‌ലിം സമൂഹത്തിന് നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരുന്നു. മുത്ത് നബി(സ)യുടെ കാലഘട്ടത്തിലും അഹ്‌ലു ബദ്റിനെ പ്രകീർത്തിക്കപ്പെട്ടിട്ടുണ്ട്. റൂബയ്യിഅ് ബിൻത് മുഅവ്വിദ്(റ) എന്ന സ്വഹാബി വനിത പറയുന്നു: "എൻ്റെ വിവാഹ ദിവസം രാവിലെ മുത്ത് നബി(സ) വീട്ടിൽ വന്നു. ശേഷം എൻ്റെ വിരിപ്പിൽ ഇരുന്നു. അവിടെ ചെറിയ പെൺകുട്ടികൾ ദഫ് മുട്ടി ബദ്ർ പോരാട്ടത്തിൽ രക്തസാക്ഷികളായവരെ കുറിച്ച് പാടുന്നുണ്ടായിരുന്നു. അതിലൊരു പെൺകുട്ടി പാട്ട് മാറ്റി, ഭാവി അറിയുന്ന നബി ഞങ്ങളിലുണ്ട് എന്നർത്ഥം വരുന്ന വരികൾ പാടി. ഉടനെ മുത്ത് നബി പ്രതികരിച്ചു: "നിങ്ങൾ ഇങ്ങനെ ആലപിക്കേണ്ട, നിങ്ങൾ പാടിക്കൊണ്ടിരിക്കുന്നത് തന്നെ പാടൂ" (സ്വാഹീഹുൽ ബുഖാരി). ഇങ്ങനെ നിരവധി ചരിത്രസംഭവങ്ങൾ അഹ്‌ലു ബദ്റിന്റെ കീർത്തിക്ക് സാക്ഷിയാണ്. 

ബദ്ർ മൗലിദ് 

മൗലിദ് എന്ന അറബി പദത്തിൻ്റെ അർത്ഥം ജന്മസമയം, ജന്മസ്ഥലം എന്നൊക്കെയാണ്. എന്നാൽ മുസ്‌ലിംകൾക്കിടയിൽ മൗലിദ് എന്നാൽ ശ്രേഷ്ഠരായ മഹാന്മാരെ സ്മരിച്ചും പ്രകീർത്തിച്ചും മദദ് തേടിയും പദ്യരൂപത്തിലോ ഗദ്യരൂപത്തിലോ സമ്മിശ്രമായോ ആലപിക്കപ്പെടുന്ന രചനകളാണ്. മുത്ത് നബി(സ)യുടെ മദ്ഹ് പറയുന്ന എണ്ണമറ്റ മൗലിദുകളുണ്ട്. അതുപോലെ അഹ്‌ലു ബദ്ർ, ശൈഖ് ജീലാനി(റ), ശൈഖ് രിഫാഇ(റ), ഖ്വാജ മുഈനുദ്ദീൻ അജ്മീരി(റ) തുടങ്ങി നിരവധി മഹാരഥരെ സ്മരിക്കുന്ന മൗലിദുകൾ മുസ്‌ലിം സമൂഹത്തിൽ പ്രചാരത്തിലുണ്ട്. 

ഹിജ്റ രണ്ടാം വർഷം റമളാൻ 17നായിരുന്നു ബദ്ർ യുദ്ധം. ആ ബദ്ർ യുദ്ധത്തെയും അതിൽ പങ്കെടുത്ത അഹ്‌ലു ബദ്‌റിനെയും പ്രകീർത്തിക്കുന്ന, അവരെ മുൻനിർത്തി നാഥനോട് സഹായം തേടുന്ന പദ്യ-ഗദ്യ സമ്മിശ്രമായ ഒന്നാണ് ബദ്ർ മൗലിദ്. ഇതുവരെ എഴുപതിലധികം ബദ്ർ പ്രകീർത്തന രചനകളും മൗലിദുകളും കേരള മണ്ണിലെ പണ്ഡിതരിൽ നിന്ന് തന്നെ വിരചിതമായിട്ടുണ്ട്. 

ബദർ പ്രകീർത്തനങ്ങളിൽ ഏറ്റവും വിഖ്യാതമായതാണ് മഹാനായ വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ രചിച്ച ബദ്ർ മൗലിദ്. ഇതല്ലാതെയും അനവധി ബദ്ർ മൗലിദുകളുണ്ട്. കാരാട്ടിൽ കുഞ്ഞിപ്പരി മുസ്‌ലിയാർ, കോട്ടൂർ തോരപ്പ മുസ്‌ലിയാർ, പഴയകത്ത് മമ്മികുട്ടി മുസ്‌ലിയാർ, കിടങ്ങയം ഇബ്രാഹിം മുസ്‌ലിയാർ തുടങ്ങി അനവധി മഹാരഥർ ബദ്ർ മൗലിദുകൾ രചിച്ചിട്ടുണ്ട്. എങ്കിലും കേരള സമൂഹത്തിൽ പ്രചുര പ്രചാരം നേടിയത് മഹാനായ വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ രചിച്ച ബദ്ർ മൗലിദായിരുന്നു. രചന ഭംഗി, ആശയ സമ്പുഷ്ടത, സ്ഫുടമായ ശൈലി തുടങ്ങിയ ഗുണങ്ങൾ ഈ രചന മറ്റുള്ളവയെക്കാൾ സ്വീകാര്യത നൽകി.

വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ

കേരളത്തിൻ്റെ മക്ക എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പൊന്നാനി എന്ന വൈജ്ഞാനിക മണ്ണിലാണ് ഹി.1269 ൽ ബദ്ർ മൗലിദിന്റെ രചയിതാവ് വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ ഭൂജാതനാകുന്നത്. അഹ്മദ് കോയ ശാലിയാത്തി, ശംസുൽ ഉലമ ഖുതുബി, മുഹമ്മദ് മുസ്‌ലിയാർ, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, പുതിയാപ്ല അബ്ദുറഹ്മാൻ മുസ്‌ലിയാർ തുടങ്ങിയവർ അടുത്തകാലത്ത് കേരളം കണ്ട മികച്ച പണ്ഡിതരും കർമശാസ്ത്രത്തിൽ ആഴത്തിലുള്ള അറിവുള്ളവരുമാണ്. ഇവരെയൊക്കെ മുസ്‌ലിം സമൂഹത്തിന് നൽകിയ ഗുരുവര്യരാണ് വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ. 

മഹാന്മാരുമായി ആത്മീയ ബന്ധം ഉണ്ടാക്കാൻ അവരെക്കുറിച്ചുള്ള പ്രകീർത്തനങ്ങൾ രചിക്കുക എന്നത് ഒരു മാർഗമായി സ്വീകരിച്ചവരാണ് വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ. ഇമാം അഹ്മദുൽ ബദവി(റ), ഹംസ(റ), മമ്പുറം തങ്ങൾ(ഖ.സി.) തുടങ്ങിയവരെ പ്രകീർത്തിച്ചുള്ള രചനകൾ ഉദാഹരണങ്ങൾ. 

ബദ്ർ മൗലിദും കേരള മുസ്‌ലിംകളും

ബദ്ർ മൗലിദും കേരള മുസ്‌ലിം സമൂഹവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ബദ്ർ മൗലിദ് കേരള മുസ്‌ലിംകളുടെ ജീവിതത്തിൻ്റെ ഭാഗമാണ്. മഹാമാരി, പ്രയാസങ്ങൾ, അസുഖങ്ങൾ തുടങ്ങിയ വിപത്തുകളിൽ നിന്നും രക്ഷനേടാൻ വേണ്ടി ബദ്ർ മൗലിദുകൾ നേർച്ചയാക്കുകയും ആലപിക്കുകയും ചെയ്യുന്ന പതിവ് കേരള മുസ്‌ലിങ്ങൾക്കുണ്ട്. ‘ബി അഹ്‌ലിൽ ബദ് രി യാ അല്ലാഹ്’ എന്നത് മുസ്‌ലിം സംസാരങ്ങളിലും താരാട്ടു പാട്ടായും ജീവിതശൈലിയുടെ ഭാഗവുമായിട്ടുണ്ട്.

ബദ്ർ ദിനമായ റമളാൻ 17നും മറ്റു വിശേഷ ദിനങ്ങളിലും ബദ്ർ മൗലിദ് പാരായണം ചെയ്യുന്നു. ഇതിൽ തന്നെ അഹ്‌ലു ബദ്റിലെ ഓരോരുത്തരുടെയും പേര് വിളിച്ച് അവരെ മുൻനിർത്തി അല്ലാഹുവിനോട് സഹായം തേടുന്ന ‘തവസ്സൽനാ ബി ബിസ്മില്ലാഹ്’ എന്ന് തുടങ്ങുന്ന വരികൾക്ക് പ്രചാരമേറെയാണ്. ബദ്ർ ദിനത്തിൽ എല്ലാ പള്ളികളിലും ബദ്ർ മൗലിദ് സദസ്സുകൾ സംഘടിപ്പിക്കുകയും ഭക്ഷണവിതരണം നടത്തുകയും ചെയ്യും.

മാഞ്ഞുപോകുന്ന പൈതൃകം

പഴയകാലത്ത് കേരള മുസ്‌ലിം വീടുകളൊക്കെ മാല- മൗലിദുകളാൽ സമ്പന്നമായിരുന്നു. എന്തു പ്രശ്നമുണ്ടെങ്കിലും ബദ്ർ മൗലിദ് പാരായണം ചെയ്യുക പതിവായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ ഇന്നത് ബദ്ർ ദിനത്തിലേക്കും അരങ്ങുകളിലേക്കും ചുരുങ്ങിപ്പോകുന്നു എന്നതാണ് വസ്തുത. ഇസ്‌ലാമിക വിശ്വാസം ഊട്ടിയുറപ്പിക്കുന്നതും നാഥൻ നമ്മെ കൈവിടില്ല എന്ന ആത്മവിശ്വാസവും നൽകുന്നതുമാണ് ബദ്ർ മൗലിദ് പോലുള്ള പ്രകീർത്തന സദസ്സുകൾ. അതിന്റെയൊക്കെ കുറവ് സമൂഹത്തിൽ ചെറുതല്ലാത്ത രൂപത്തിൽ പ്രതിഫലിക്കുന്നുണ്ട്. വീടുകളിൽ ഒന്നിച്ചിരുന്ന് കുടുംബസമേതം മൗലിദുകൾ ആലപിക്കുന്നത് കുടുംബാംഗങ്ങൾക്കിടയിൽ സ്നേഹവും ഒരുമയും വർധിപ്പിക്കുമെന്നതും കുടുംബത്തിന് പ്രയാസങ്ങളിൽ നിന്നും കാവൽ നൽകുമെന്നതും തീർച്ചയാണ്.

Tags

Questions / Comments:



No comments yet.