സുഖലോലുപത ഉമവി ഭരണത്തിൻ്റെ ശ്വാസമായ കാലത്താണ് സൂഫിയെന്ന സംജ്ഞ പിറവിയെടുക്കുന്നത്. എറ്റിമോളജിസ്റ്റുകളുടെ വിഭിന്ന വീക്ഷണങ്ങൾ സൂഫിസത്തെ അതിവിശാലമായ അർത്ഥതല്ലജങ്ങളുടെ തുറമുഖങ്ങളിലടുപ്പിക്കുന്നു. ശറഇൻ്റെ അതിർവരമ്പുകൾക്കുള്ളിൽ നിന്നുതന്നെ അത് അതിമനോഹരമായ അനുഭവമാകുന്നു.

സകല തിന്മകളിൽ നിന്നും മനുഷ്യനെ തടഞ്ഞുനിർത്തി ഹൃദയത്തിൽ ഇലാഹി സ്മരണ കൊളുത്തിവെച്ച് അവനെ സംസ്കരിച്ചെടുക്കുന്ന ആത്മീയ പ്രക്രിയയാണ് സൂഫിസം. ആദം നബി (അ) മുതൽ അമ്പിയാക്കളിലൂടെ കൈമാറി മുത്ത് നബി(സ)യിൽ നിന്നും അനുചരിലേക്ക് കൈമാറിയ സൂഫിസം അന്ന് പേരില്ലാത്തൊരു യാഥാർത്ഥ്യമായിരുന്നു. സൂഫി എന്ന പേരു തന്നെ ഹിജ്റ 200ന് ശേഷം കേട്ടുപരിചയിച്ച ഒന്നാണെന്നാണ് യൂസുഫുന്നബ്ഹാനി (ജാമിഉ
കറാമത്തിൽ ഔലിയ) പറയുന്നത്. സൂഫി എന്ന പദത്തിന്റെ ഉത്ഭവത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ കാണാവുന്നതാണ്.

രോമം എന്ന അർത്ഥം വരുന്ന സൂഫിൽ നിന്നാണെന്നാണ് ഒരു അഭിപ്രായം. താഴ്മയുടെ അടയാളമായ രോമ വസ്ത്രധാരണം ശീലമാക്കിയവരായിരുന്നു ഇവർ. അണി, നിര എന്നിങ്ങനെ അർത്ഥങ്ങളുള്ള സ്വഫ്ഫിൽ നിന്നാണെന്നാണ് മറ്റൊന്ന്. ഇലാഹീ സാമീപ്യം കൊണ്ട് മറ്റുള്ളവരെക്കാൾ മുമ്പന്തിയിലുള്ളവരാണ് സൂഫികൾ എന്ന് ഇത് സൂചിപ്പിക്കുന്നു. സ്വഫത് (കമ്പിളിക്കഷ്ണം) എന്ന് അർത്ഥം വരുന്ന പദത്തിൽ നിന്നാണ് ഉത്ഭവം എന്നും പറയപ്പെടുന്നു. കീറിയ വസ്ത്രങ്ങൾ കഷ്ണങ്ങൾ വെച്ച് തുന്നി ഐഹിക ജീവിതത്തെ തെല്ലും വിലകൽപ്പിക്കാത്തവരാണവർ എന്ന നിലക്കാണ് ഇങ്ങനെയൊരു ഉൽപ്പത്തി വാദിക്കുന്നത്. ഐഹിക ചിന്തകളെ ഒഴിവാക്കി ശുദ്ധിയാക്കപ്പെട്ട ഹൃദയത്തിന്റെ ഉടമകളാണ് ഇക്കൂട്ടർ എന്ന അർത്ഥത്തിൽ സ്വഫാത്ത് എന്നതിൽനിന്ന് ഉത്ഭവിച്ചതാണെന്നും അല്ല, സ്വുഫത്ത് എന്നതിൽ നിന്നുണ്ടായതാണെന്നും അഭിപ്രായമുണ്ട്.

സൂഫി പ്രസ്ഥാനത്തിന് തസ്വവുഫ് എന്നാണ് പറയുന്നത്. അതിന്റെ ആംഗലേയ വൽക്കരണമാണ് സൂഫിസം.
ദുന്നുറുൽ മിസിരി(റ) തസ്വവുഫിനെ പരിചയപ്പെടുത്തുന്നത് ‘എല്ലാ വസ്തുക്കളെക്കാളും അല്ലാഹുവിന് പ്രാധാന്യം നൽകുക’ എന്നതാണ്. ഖുർആൻ, സുന്നത്ത് അനുസരിച്ച് പ്രവർത്തിച്ചതിനാൽ ഹൃദയത്തിൽ രൂപപ്പെടുന്ന വെളിച്ചമാണ് തസ്വവുഫ് (ത്വബഖാതുൽ ഖുബ്)എന്ന് 
ഇമാം സുഹ്റവർദി അവാരിഫുൽ മആരിഫിൽ പറയുന്നു. തസവുഫിനെപ്പറ്റി ആയിരത്തോളം അഭിപ്രായങ്ങൾ നിലവിലുണ്ട്. അവയുടെയെല്ലാം ആശയതലം ഒന്നു തന്നെയാണ്. ശരീഅത്തിൽ തുടങ്ങി ആത്മീയമായ പരിശീലനങ്ങൾ നേടി ദുനിയാവിന്റെ അലച്ചകളെയും സ്വാർത്ഥതകളെയും ഒഴിവാക്കി പരമമായ സത്യത്തിൽ വിലയം പ്രാപിക്കുന്ന ഒരു മഹത്തായ ജീവിതമാണ് സൂഫിസം.

സൂഫിസം എതിർക്കപ്പെടുന്നു

സൂഫിസത്തിന്റെ ചരിത്രപശ്ചാത്തലം
പരിശോധിക്കുമ്പോൾ സൂഫിസത്തെ നഖശിഖാന്തം എതിർത്ത ഉലമാക്കൾ തന്നെ പിന്നീട് അതിന്റെ ധ്വജവാഹകരായി മാറിയ ചരിത്രം നമുക്ക് ദർശിക്കാനാകും. 
സ്വഹാബത്(റ) മൺമറഞ്ഞതോടെ ഭൗതിക കവാടങ്ങൾ മുസ്ലിങ്ങൾക്ക് മുന്നിൽ തുറക്കപ്പെട്ടു. ജനങ്ങൾ അതിൽ ആകൃഷ്ടരാവുകയും മതജീവിതത്തോടുള്ള പ്രതിപത്തി കുറഞ്ഞു വരികയും ചെയ്തു. എന്നാൽ ഭക്തരായ മതവിശ്വാസികൾ തെല്ലും വഴങ്ങാതെ അപ്പോഴുമുണ്ടായിരുന്നു. അവർ ഭൗതിക ലോകത്തെ പാടെ മാറ്റി നിർത്തി ആരാധനയിൽ മുഴുകി. ഭൗതികതയോടുള്ള അങ്ങേയറ്റം വെറുപ്പ് കാരണത്താൽ പൂർവ്വസൂരികളിൽ കാണാത്ത പല പല ആരാധനകളും സ്വയം അടിച്ചേൽപ്പിച്ചു.

ഇതിനിടയിലാണ് കൂഫയിൽ സൂഫിയ്യ എന്ന പേരിൽ ഒരു അർദ്ധ ശിയയ്യീ വിഭാഗം പ്രത്യക്ഷപ്പെടുന്നത്. നീതിമാനായ ഒരു ഭരണാധികാരിയില്ലെങ്കിൽ ദുനിയാവ് മുഴുവൻ ഹറാമാണ് എന്ന് തുടങ്ങിയ അപകടകരമായ വാദങ്ങളുമായി അവർ മുന്നോട്ട് വന്നു. മാത്രമല്ല പേർഷ്യക്കാരുമായുള്ള ബന്ധവും ഗ്രീക്ക് തത്വചിന്താ സ്വാധീനവും ജൂത-ക്രൈസ്തവ ആരാധനാ സമ്പ്രദായത്തിന്റെ സ്വാധീനവും ക്രമേണ സൂഫി മാർഗ്ഗങ്ങളെ ബാധിക്കുകയുണ്ടായി. അനിസ്ലാമികമായ കാര്യങ്ങളുടെ പ്രവാഹം തന്നെ പ്രകടമായ രീതിലുണ്ടായി.

ഇത് പണ്ഡിതന്മാരും സൂഫികളും തമ്മിലുള്ള ബന്ധം വഷളാക്കുന്നതിനും സൂഫിസം ശക്തമായ വിമർശനത്തിന് വേദിയാകുന്നതിനും കാരണമായി. രാവിലെ സൂഫിസം സ്വീകരിച്ചവൻ ഉച്ചക്ക് വിഡ്ഢി ആകുമെന്നും 40 ദിവസം സൂഫികളോട് ബന്ധം സ്ഥാപിച്ചാൽ ബുദ്ധി തിരിച്ചു കിട്ടുകയില്ല എന്നു തുടങ്ങിയുള്ള വാക്കുകൾ ശാഫിഈ(റ)ൽ നിന്ന് വന്നത് ഈ സന്ദർഭത്തിലായിരുന്നുവെന്ന്
ചേർത്ത് വായിക്കേണ്ടതാണ്. ജനങ്ങളെ
അഹസ്സുന്നയിൽ നിന്ന് അകറ്റാൻ ഇസ്ലാമിന്റെ ശത്രുക്കൾ സൂഫിസത്തെ ഒരു മറയായി ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം.

സൂഫിസവും അഹ്ലുസ്സുന്നയും

ഖലീഫമാർക്ക് ശേഷം ഇസ്ലാമിക
ഭരണം രാജഭരണ ശൈലിയിലേക്ക് മാറുകയും നിലവാരമില്ലാത്ത കൈകളിൽ അധികാരം ഇടംപിടിക്കുകയും ചെയ്തു. എന്നാൽ ഇത്തരം അധികാരികൾക്ക് വിധി തീർപ്പിന് പണ്ഡിതന്മാരെ ആവശ്യമായിരുന്നു. ഭയഭക്തിയുള്ള അവർ ഭരണാധികാരികളുടെ ഇംഗിതത്തിനനുസരിച്ച് മതം പറയേണ്ടിവരുമെന്ന ഭയത്താൽ അവരുമായി അകന്നു. മതകീയ ചിട്ട അനുസരിച്ചുള്ള ജീവിതത്തിന് ഇവരുമായുള്ള സഹവാസം വിഘാതം സൃഷ്ടിക്കുമെന്നും മനസ്സിലാക്കി. എന്നാൽ അവരെ വശീകരിക്കാനുള്ള ശ്രമങ്ങൾ ഭരണാധികാരികളിൽ നിന്ന്
യഥേഷ്ടം ഉണ്ടായി. ഈ സമീപനം വളർന്നുവരുന്ന തലമുറയിൽ വലിയ മാറ്റങ്ങൾക്ക് കാരണമായി. സ്ഥാനവും പദവിയും മോഹിച്ചു ധാരാളം ആളുകൾ വൈജ്ഞാനിക മേഖലയിലേക്ക്
കടന്നു വന്നു.

മത ബോധം ഉള്ളവർക്ക് പണ്ഡിതന്മാരെ കുറിച്ചുള്ള മതിപ്പ് നഷ്ടപ്പെടുകയും ഭരണാധികാരികൾക്ക് മുന്നിൽ കീഴടങ്ങുന്ന പണ്ഡിതന്മാരെ വിശ്വാസികളായ ജനങ്ങൾ വെറുക്കുകയും ചെയ്തു. നിസ്വാർത്ഥ പണ്ഡിതന്മാർ ഇതിലൊന്നും ഇടപെടാതെ കർമശാസ്ത്ര വികസനത്തിനുവേണ്ടി മാറിയിരുന്നു. ശരിയായ ഇസ്ലാമിന്റെ ആശയ ആദർശങ്ങൾക്ക് ആത്മീയ വഴിതുറക്കാൻ അവർ മുന്നിട്ടിറങ്ങി. നൂറുദ്ദീൻ, സ്വലാഹുദ്ദീൻ തുടങ്ങിയ ഭരണാധികാരികളുടെ പ്രോത്സാഹനം മദ്രസകൾക്കൊപ്പം ഖാൻഖാഹുകളും വളരാൻ കാരണമായി. അങ്ങനെ സൂഫിസം അഹ്ലുസുന്നയിലേക്ക് കടന്നുവന്നു.

സൂഫിസം ഒരു പ്രസ്ഥാനമായി മാറുന്നത് ഒമ്പതാം നൂറ്റാണ്ടോടു കൂടിയാണ്. ഉമവി ഭരണകാലത്തെ സംഘർഷങ്ങളും മറ്റും ഇസ്ലാമിന്റെ പ്രഭക്ക് മങ്ങലേൽപ്പിച്ചപ്പോഴാണ് സൂഫിസത്തിന് നവോത്ഥാന മുഖം കൈവന്നത്. പന്ത്രണ്ടാം നൂറ്റാണ്ട് വരെ ത്വരീഖത്ത് വൈയക്തികമായിരുന്നു. പതിമൂന്നാം നൂറ്റാണ്ടിലാണ് അതിന് സംഘടിത രൂപം കെവന്നത്. സുഹറ വർദിയ്യ, ഖാദിരിയ്യ, രിഫാഇയ്യ, ചിശ്തിയ്യ, ശാദുലിയ്യ, ബദവിയ്യ തുടങ്ങിയവ അവയിൽ ചിലതാണ്. 
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ സൂഫിസം ചലനാത്മകത വീണ്ടും കൈ കൊണ്ടു.

ദർഗകളും ഖാൻഗാഹ്കളും ബറക്കത്ത്
ചൂഷണ കേന്ദ്രങ്ങളായി മാറി. സൂഫികളുടെ മൗലിദുകൾ സുലഭമായിരുന്നെങ്കിലും ജീവിത സംസ്കരണം ഇല്ലായിരുന്നു. നജ്ദിൽ രൂപപ്പെട്ട വഹാബി പ്രസ്ഥാനത്തിന്റെ പരിഷ്കരണങ്ങൾ സൂഫിസത്തെ താളം തെറ്റിച്ചു. അവിടെ നിന്നും അഹ്മദ് നീജാനി, അബൂ ഹാമിദ് ഭർഖാവി, അഹ്മദ് ബ്നു ഇദീസ്, അലി സനൂഖി, ശാഹ് വലിയുല്ലാഹി തുടങ്ങിയവരാണ് സൂഫിസത്തിന്റെ പ്രതാപകാലത്തെ വീണ്ടെടുക്കാൻ മുന്നിലുണ്ടായിരുന്നത്.

Questions / Comments:



No comments yet.


PORTRAIT

പുരക്കുള്ളിലോ പള്ളിമൂലകളിലോ ഒതുങ്ങിത്തീർന്ന ജീവിതമായിരുന്നില്ല പഴയകാല പണ്ഡിതന്മാരുടേത്. പലതായി ചിതറിക്കിടന്നിരുന്ന ഓമച്ചപ്പുഴയിലെ ജുമുഅ നിസ്കാരം ഒരൊറ്റ...

PORTRAIT

അക്ഷരങ്ങൾക്ക് ആവിഷ്കരിക്കാനാവാത്ത അനിർവചനീയമായ പ്രതിഭാവിലാസമാണ് മോല്യേരുപാപ്പയെന്നു കേളികേട്ട ഹാഫിളുൽ ഖുർആൻ അബൂബക്കർ കുട്ടി മുസ്‌ലിയാർ(റ). മലബാറിന്റെ...

PORTRAIT

കേരളത്തിൻ്റെ സാംസ്കാരിക പരിസരം സമ്പുഷ്ടമാക്കുന്നതിൽ സച്ചരിതരായ പണ്ഡിതസൂരികളുടെ പങ്ക് നിസ്തുലമാണ്. ധാർമിക മൂല്യച്യുതിയുടെ വേരുകളറുത്ത് സമൂഹത്തെ സംസ്കരിച്ചെടുക്കാൻ...

RELIGION

റമളാൻ പകർന്നു നൽകുന്ന ആത്മചൈതന്യം പൂർണ്ണതപ്രാപിക്കുന്നത് ഫിത്വർ സകാതിന്റെ വിതരണത്തോടുകൂടിയാണ്. സഹ്‌വിൻ്റെ സുജൂദ് നിസ്കാരത്തെ അന്യൂനമാക്കുന്നതുപോലെ സകാതുൽ ഫിത്വർ നോമ്പിന്റെ...

RELIGION

_ശരീരത്തിൻ്റെ ജഡികതാൽപര്യങ്ങളെ, അധമ കാമവിചാരങ്ങളെ പ്രലോഭനങ്ങളുടെ പ്രകോപനങ്ങളുണ്ടാകുമ്പോഴും പരിത്യജിക്കാനുള്ള പാകപ്പെടലാണ് വ്രതാനുഷ്ഠാനം. തിരുനബിയുരത്ത ജിഹാദുൽ അക്ബറെന്ന...

SOCIAL

ഗസ്സ, പിഞ്ചു നിലവിളിയുടെ വിളനിലമാവുന്നു. ഫലസ്തീൻ , പരിക്കുകളുടെ ഭൂപടമാവുന്നു. ഒരിക്കൽ അഭയം പറ്റിയ ജൂത ജനത തന്നെ വേട്ടക്കാരുടെ രംഗം കയ്യാളുന്നു. സയണിസ്റ്റ് ലോബിയും യാങ്കി...