സൃഷ്ടികൾക്ക് സ്രഷ്ടാവിനോടുള്ള പൂർണമായ വിധേയത്വ ബാധ്യതയുടെ പ്രതീകമാണ് സക്കാത്ത്. സക്കാത്തിന്റെ പദാർത്ഥം സൂചിപ്പിക്കുന്നതുപോലെ തന്നെ മനുഷ്യമനസ്സിനെയും ശരീരത്തെയും ശുദ്ധീകരിക്കാനുള്ള മാർഗ്ഗമാണിത്. അതുവഴി സ്രഷ്ടാവിലേക്ക് അടുക്കലാണ് പരമമായ ലക്ഷ്യം.

വായിക്കാം:

ഇസ്‌ലാമിക് എക്കോണമിയിൽ പ്രധാനമാണ് സകാത്. ഏറെ പ്രതിഫലാർഹമായ ഒരു ആരാധന കൂടിയാണത്. നിശ്ചിത ഭക്ഷ്യ, കൃഷിവിഭവങ്ങൾ, ആട്, മാട്, ഒട്ടകം, സ്വർണ്ണം, വെള്ളി, കച്ചവടച്ചരക്ക് എന്നിവയിൽ നിശ്ചിത വിഹിതം അവകാശികൾക്ക് വിതരണം ചെയ്യുന്നതാണ് സകാതിൻ്റെ രീതി. സ്വർണ്ണം, വെള്ളി എന്നിവയോട് ഇന്നത്തെ കറൻസിയും ചേർക്കുമെന്നാണ് പണ്ഡിത പക്ഷം. അതിനു പുറമെ, ഈദുൽ ഫിത്വറിന് ഫിത്വർ സകാത് എന്ന പേരിലുള്ള സകാത് സ്കീം കൂടിയുണ്ട്. എട്ട് വിഭാഗമാണ് സകാതിൻ്റെ അവകാശികൾ. അവർക്കാണ് വിതരണം ചെയ്യേണ്ടത്. പല ലക്ഷ്യങ്ങളോടെയാണ് അവകാശികളെ നിർണയിച്ചിരിക്കുന്നത്. പുതിയ കാലത്ത് കൂടുതൽ ലഭ്യതാ സാധ്യത വരുന്നത് സാമ്പത്തികമായി പരാധീനതയനുഭവിക്കുന്നവർക്കാണ്. ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലെ കർമശാസ്ത്ര(Jurisprudence)മാണ് സകാതുമായി ബന്ധപ്പെട്ട നിയമങ്ങൾ കൈകാര്യം ചെയ്യുന്നത്.

സൃഷ്ടിക്ക് സ്രഷ്ടാവിനോടുള്ള പൂർണമായ വിധേയത്വബാധ്യതയുടെ പ്രതീകമാണ് സകാത്. സകാത് എന്ന പദം അറിയിക്കുന്നത് പ്രകാരം മനുഷ്യൻ്റെ മനസിനെയും ശരീരത്തെയും ശുദ്ധീകരിക്കാനുള്ള മാർഗമാണത്. അതുവഴി സ്രഷ്ടാവിലേക്കടുക്കലാണ് സകാതിൻ്റ അത്യന്തികലക്ഷ്യം. അതേ സമയം, ഇസ്‌ലാമിക സാമ്പത്തിക സംവിധാനം അടിസ്ഥാനമാക്കിയുള്ള സമ്പത്തിൻ്റെ പുനർവിതരണ പ്രക്രിയ കൂടിയാണ്. ഇത് സമാനത്വം ഉറപ്പാക്കുകയും ദാരിദ്ര്യ നിവാരണത്തിലൂടെ സമ്പദ്‌വ്യവസ്ഥയിലെ സ്ഥിരതയും സുസ്ഥിര വികസനം (Sustainable Development) പരിപോഷിപ്പിക്കുകയുമാണ് ചെയ്യുന്നത്. തലമുറകളുടെ ഭാവി ആവശ്യങ്ങൾ തകർക്കാതെ ഇപ്പോഴത്തെ സാമ്പത്തിക, സാമൂഹിക, പരിസ്ഥിതിയിലൂന്നിയ വളർച്ച സാധ്യമാക്കുകയാണ് സുസ്ഥിര വികസനമെന്നത് കൊണ്ട് പൊതുവിൽ വിവക്ഷിക്കുന്നത്. സാമ്പത്തിക സിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തിൽ സകാത്തിന്റെ പ്രാധാന്യത്തെ വിലയിരുത്തുന്നതിലൂടെ, അതിന്റെ ദീർഘകാല സാമ്പത്തിക ഗുണഫലങ്ങൾ നമുക്ക് മനസ്സിലാക്കാനാവും. സകാത്തിന്റെ സാമ്പത്തിക ഫലങ്ങൾ മനസ്സിലാക്കുന്നതിനായി, വിവിധ സാമ്പത്തിക സിദ്ധാന്തങ്ങളുമായി ചേർത്തു വായിക്കാം.

ആഗ്രിഗേറ്റ് ഡിമാൻഡ് വർധിക്കുന്നു


ആഗ്രിഗേറ്റ് ഡിമാൻഡ് (AD) എന്നത് ഒരു സാമ്പത്തികശാസ്ത്ര സിദ്ധാന്തമാണ്. ഒരു നിശ്ചിത സമയത്ത് ഒരു സമ്പദ്‌വ്യവസ്ഥയിലെ സാധനങ്ങൾക്കും സേവനങ്ങൾക്കുമുള്ള ആകെ ഡിമാൻഡാണ്. ഒരു രാജ്യത്തെ എല്ലാ ഉപഭോക്താക്കളും, വ്യവസായികളും, സർക്കാറും ഒരു പ്രത്യേക സമയത്ത് വിവിധ വിലകളിൽ വാങ്ങാൻ തയ്യാറായ മൊത്തം ഉൽപ്പന്നങ്ങളും സേവനങ്ങളും ഉൾക്കൊള്ളുന്നതാണിത്. ഉപഭോഗ ചെലവ് (Consumption), സ്ഥാപനങ്ങളുടെയും കമ്പനികളുടെയും മൂലധന നിക്ഷേപം (Investment), സർക്കാർ ചെലവ് (Government Spending), കയറ്റുമതിയും (Exports) ഇറക്കുമതിയും (Imports) തമ്മിലുള്ള വ്യത്യാസം തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചാണിത് വിലയിരുത്തുന്നത്.

സകാത് നൽകൽ ബാധ്യതയുള്ളവരിൽ നിന്ന്
നിശ്ചിത സമ്പത്ത് അർഹരായവർക്ക് വിതരണം ചെയ്യുന്നതിലൂടെ  ഉപഭോഗശക്തി വർധനവ്, നിക്ഷേപ സാധ്യത തുടങ്ങിയവ വഴി ആഗ്രിഗേറ്റ് ഡിമാൻഡ് വർധിക്കുകയും ചെയ്യും. ഇത് സാമ്പത്തിക വളർച്ചയ്ക്കും(GDP Growth) തൊഴിൽവാസരങ്ങൾ വർധിക്കാനും സഹായിക്കുന്നു. സകാത്ത് ലഭിച്ചവർ ചെലവഴിക്കുമ്പോൾ വിപണിയിൽ പണം പ്രവഹിക്കുകയും പുതിയ തൊഴിൽ അവസരങ്ങൾ രൂപപ്പെടുകയും സാമ്പത്തികവളർച്ചയുടെ വലിയ സാധ്യതകൾ തെളിയുകയും ചെയ്യും. കാരണം, ജനങ്ങളുടെ ചെലവ് (Consumption) വർധിക്കുമ്പോൾ സമ്പദ്‌വ്യവസ്ഥ ഉണർന്നു വരും.

വെൽഫെയർ എക്കണോമിക്സ് (Welfare Economics)


സാമൂഹ്യ ക്ഷേമത്തിൻ്റെ വലിയ അധ്യായമാണ് സകാതിൻ്റെ വെൽഫെയർ സമീപനം. സമ്പത്തിന്റെ ന്യായമായ പുനർവിതരണം ദാരിദ്ര്യം കുറയ്ക്കും. വെൽഫെയർ എക്കണോമിക്സിലെ Amartya Sen’s Capability Approach അനുസരിച്ച് സമൂഹത്തിലെ ഏറ്റവും ദുർബലരായവർക്ക് സാമ്പത്തിക വിഭവങ്ങൾ (Financial Resources) നൽകുമ്പോൾ അവരുടെ ഉൽപ്പാദനക്ഷമത (Productivity) വർധിക്കും. വെൽഫെയർ എക്കണോമിക് തിയറിയുടെ പ്രകൃത്യാ മൊത്തം സമ്പത്തിൻറെ ഒരു ഭാഗം അവകാശികൾക്ക് നൽകുന്നതിനാൽ ദാരിദ്ര്യത്തെ നേരിട്ട് കുറയ്ക്കുന്നുവെന്ന് പറയാം.

പാരറ്റോ കാര്യക്ഷമത (Pareto Efficiency)


വിൽഫ്രെഡോ പാരറ്റോ (Vilfredo Pareto) ആവിഷ്കരിച്ച Pareto Efficiency സിദ്ധാന്തമനുസരിച്ച്, ഒരു വ്യക്തിയുടെ ക്ഷേമം വർധിപ്പിക്കുമ്പോൾ മറ്റൊരാളെ ദോഷകരമായി ബാധിക്കാതിരിക്കാൻ സാധിക്കണം. സകാതിലൂടെ സമ്പത്ത് സമതുലിതമാക്കുന്നതിനാൽ, സമ്പത്തിന്റെ അമിത ശേഖരണം കുറയുകയും ദാരിദ്ര്യ നിരക്ക് കുറയ്ക്കുകയും ചെയ്യുന്നു. Pareto Optimality അനുസരിച്ച്, സമ്പത്ത് ആവശ്യമില്ലാത്തവരിൽ നിന്ന് ആവശ്യമുള്ളവർക്കു മാറുമ്പോൾ സമ്പത്ത് ഉപയോഗത്തിലായിരിക്കും. സകാത്ത് ദരിദ്രർക്കായി വിനിയോഗിക്കുന്നത് സമ്പത്ത് ഉപയോഗം (Resource Allocation) മെച്ചപ്പെടുത്തുകയും സമ്പദ്‌വ്യവസ്ഥയെ ഉണർത്തുകയും ചെയ്യും.

ഗിനി ഇൻഡക്സ് (Gini Index)& വരുമാന വിഭജന സിദ്ധാന്തം


വരുമാന വ്യത്യാസം അളക്കുന്നതിനുള്ള ഒരു പ്രധാന സൂചികയാണ് ഗിനി ഇൻഡക്സ് (Gini Coefficient). ഒരു രാജ്യത്ത് സമ്പത്തും വരുമാനവും ചില വ്യക്തികളിൽ മാത്രം കേന്ദ്രീകരിക്കുമ്പോൾ ഗിനി ഇൻഡക്സ് ഉയരും, സാമ്പത്തിക സന്തുലിതത്വം കുറയും. സകാത്ത് സമ്പത്ത് വീണ്ടും കീഴ്തട്ടിലുള്ള വരുമാനഗ്രൂപ്പുകളിലേക്ക് പ്രവഹിക്കുന്നതിലൂടെ ഗിനി ഇൻഡക്സ് കുറയ്ക്കാൻ സഹായിക്കുന്നു. 

സകാത്ത് സാമ്പത്തിക സ്ഥിരതയ്ക്ക് സഹായകമാകുന്ന സാധ്യതകൾ പരിചയപ്പെടാം:

ആട്ടോമാറ്റിക് സ്റ്റബിലൈസർ (Automatic Stabilizer)

സകാത്ത് Keynesian Automatic Stabilizer തത്വ പ്രകാരം വിനിയോഗം, ഉപഭോഗം, സമ്പദ്‌വ്യവസ്ഥയിലേർപ്പെടുന്ന രീതി തുടങ്ങിയവ നിയന്ത്രിക്കാനായി സ്വാഭാവികമായി പ്രവർത്തിക്കുന്നു. സാമ്പത്തിക മാന്ദ്യകാലത്ത് സകാത്ത് പണമിടപാട് വർധിപ്പിക്കുകയും, വിപണിയിൽ ലിക്വിഡിറ്റി (liquidity) നിലനിർത്തുകയും ചെയ്യുന്നു. കാരണം, കൃത്യമായ വിതരണം നടക്കുന്നതിലൂടെ സാമ്പത്തിക ഇലാസ്തികത വർധിക്കും.

മോണിറ്ററിസ്റ്റ് തത്ത്വം (Monetarist Theory)

മിൽട്ടൺ ഫ്രൈഡ്മാൻ (Milton Friedman) ആവിഷ്കരിച്ച Monetarist Theory അനുസരിച്ച്, സാമ്പത്തിക വളർച്ചയ്ക്കായി പണപ്പെരുപ്പം നിയന്ത്രിക്കേണ്ടതുണ്ട്. Quantity Theory of Money (MV = PQ) എന്നത് പണത്തിന്റെ സഞ്ചാരവും വിപണിയിൽ ഉല്പാദിപ്പിക്കുന്ന ഉൽപ്പന്ന-സേവനങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നു. സകാത്ത് പണം ശേഖരിച്ച് വിപണിയിലേക്കും നിക്ഷേപത്തിലേക്കും ഒഴുക്കുന്നതിനാൽ, ഇത് സാമ്പത്തിക ഉണർവ്വ് സാധ്യമാക്കുന്നു. അതോടൊപ്പം, ഫിത്വർ സകാതൊഴിച്ച് ബാക്കിയെല്ലാം നിർബന്ധമാവുന്നത് പലസമയങ്ങളിലാവും. കാരണം ഓരോരുത്തരുടെയും സമ്പത്ത് ഒരു വർഷം തികയുമ്പോഴാണ് സകാത് നിർബന്ധമാവുന്നത്. ഇത് പണപ്പെരുപ്പം പോലോത്ത പ്രശ്നങ്ങൾ വരാതെ സമതുലിതത്വം സംരക്ഷിക്കുകയും ജനങ്ങളുടെ പർച്ചേഴ്സിംഗ് പവർ ഉയർത്തുകയും ചെയ്യും

സാമ്പത്തിക വളർച്ച & ഉൽപ്പാദനക്ഷമത
 
സപ്ലൈ-സൈഡ് എക്കണോമിക്സ് (Supply-Side Economics) അനുസരിച്ച് സകാതിലൂടെ ദരിദ്രർക്കുള്ള ധന സഹായം നൽകാനും  തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും മൈക്രോഫിനാൻസ് (Microfinance) പ്രോത്സാഹിപ്പിക്കാനും സകാത് സഹായിക്കുന്നു. സപ്ലൈ-സൈഡ് തത്ത്വം അനുസരിച്ച്, നിക്ഷേപ സാധ്യതകൾ വർദ്ധിപ്പിക്കുമ്പോൾ വിപണിയിൽ ഉൽപ്പാദനം വർദ്ധിക്കുകയും, തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയുംചെയ്യും.  

ജോസഫ് ഷമ്പീറ്ററിന്റെ നവീകരണ സിദ്ധാന്തം (Schumpeter’s Innovation Theory)

Joseph Schumpeter ൻ്റെ അഭിപ്രായപ്രകാരം, നവീകരണം (Innovation) & സംരംഭകത്വം (Entrepreneurship) എന്നിവ സാമ്പത്തിക വളർച്ചയുടെ മുഖ്യ ഘടകങ്ങളാണ്. സകാത്ത് അടിസ്ഥാനമാക്കി ചെറുകിട സംരംഭങ്ങൾക്കും (Small Enterprises) സ്റ്റാർട്ടപ്പുകൾക്കും (Startups) സാധ്യത വർധിക്കുമ്പോൾ ആർത്ഥിക ഉണർവിനും സംരംഭകത്വത്തിനും തുടക്കമാകുന്നു.  

സുസ്ഥിര വികസന ലക്ഷ്യങ്ങളും (SDGs) സകാത്തും

SDG (Sustainable Development Goals) അഥവാ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (Sustainable Development Goals - SDGs) എന്നത് 2015-ൽ UN (United Nations) മുന്നോട്ട് വെച്ച 17 ആഗോള വികസന ലക്ഷ്യങ്ങളുടെ ഒരു സെറ്റാണ്. 2030 ഓടെ ദാരിദ്ര്യവും, ആസൂത്രിത സാമ്പത്തിക വളർച്ചയും, സാമൂഹിക നീതിയും, പരിസ്ഥിതി സംരക്ഷണവും എന്നിവ കൈവരിക്കുകയാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം. 

അഞ്ച് അടിസ്ഥാന തത്വങ്ങളി(5 Ps of Sustainable Development)ലൂന്നിയാണിതിൻ്റെ പ്രവർത്തനം:
1. People (മനുഷ്യർ) – ദാരിദ്ര്യവും വിശപ്പും ഇല്ലാതാക്കുക, ആരോഗ്യവും വിദ്യാഭ്യാസവും വർദ്ധിപ്പിക്കുക.
2. Planet (ഭൂമി) – പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുക.
3. Prosperity (സമ്പദ്‌വ്യവസ്ഥ) – സമ്പദ്‌വ്യവസ്ഥയെയും തൊഴിലവസരങ്ങളെയും മെച്ചപ്പെടുത്തുക.
4. Peace (ശാന്തി) – സമാധാനപരമായ, നീതിയുള്ള സമൂഹങ്ങൾ ഉണ്ടാക്കുക.
5. Partnership (ശ്രേണീബദ്ധ സഹകരണം) – ആഗോള തലത്തിൽ രാജ്യങ്ങൾ തമ്മിൽ സഹകരിച്ച് പ്രവർത്തിക്കുക.

United Nations Sustainable Development Goals (SDGs)ലഭ്യമാക്കുന്നതിൽ സകാത്ത് നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. ചിലത് പരിശോധിക്കാം:

SDG 1: ദാരിദ്ര്യ നിവാരണത്തിനുള്ള സകാത്തിന്റെ പങ്ക്

യുണൈറ്റഡ് നേഷൻസിന്റെ (UN) സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (Sustainable Development Goals - SDGs) ഒന്നാമത്തെ ലക്ഷ്യം (SDG 1) ലോകത്ത് ദാരിദ്ര്യം ഇല്ലാതാക്കുകയാണ്. 2030ഓടെ അത്യന്തം ദാരിദ്ര്യം (Extreme Poverty) ഇല്ലാതാക്കുക ($2.15/day-ൽ താഴെയുള്ള വരുമാനം ഉള്ളവർ), ആർഥിക, സാമൂഹിക, സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുക, ദാരിദ്ര്യവിമുക്തതയ്ക്കായി നിക്ഷേപം, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ എന്നിവ വളർത്തുക, സമ്പത്തിന്റെ പുനർവിതരണം (Redistribution of Wealth) & സാമ്പത്തിക അവസരങ്ങൾ വർദ്ധിപ്പിക്കുക എന്നിവയാണ്. സകാതിലൂടെ ദാരിദ്ര നിർമാർജനം സാധ്യമായ ചരിത്രം ഇസ്‌ലാമിക ചരിത്രത്തിലെമ്പാടുമുണ്ട്.

SDG 8: സാമ്പത്തിക വളർച്ചയ്ക്കുള്ള സകാത്തിന്റെ പങ്ക്

സുസ്ഥിര വികസന ലക്ഷ്യം 8 (Sustainable Development Goal 8 - SDG 8) മാന്യമായ തൊഴിൽ (Decent Work) & ദീർഘകാല സമ്പദ്‌വ്യവസ്ഥാ വളർച്ച (Sustained Economic Growth) എന്നിവ ഉറപ്പാക്കൽ ലക്ഷ്യമാക്കുന്നതാണ്. സന്തുലിതവും ദീർഘകാലവുമായ സാമ്പത്തിക വളർച്ച (Sustained & Inclusive GDP Growth)
ഉൽപ്പാദനക്ഷമത (Productivity) & സാമ്പത്തിക വൈവിധ്യം (Economic Diversification), ഉയർന്ന തൊഴിൽ നിരക്ക് (Higher Employment Rate) & ശുഭകരമായ തൊഴിൽ സാഹചര്യങ്ങൾ (Safe & Secure Jobs), ചെറുകിട വ്യവസായങ്ങൾ (SMEs) & സംരംഭകത്വം (Entrepreneurship) പ്രോത്സാഹിപ്പിക്കൽ, പൊതുസംരംഭങ്ങൾ (Public-Private Partnerships), നിക്ഷേപം (Investment) & സാമ്പത്തിക ഉൾപ്പെടുത്തൽ (Financial Inclusion) വികസിപ്പിക്കൽ എന്നിവയാണ് SDG8 ൻ്റെ ലക്ഷ്യത്തിലേക്കുള്ള പ്രധാന മാർഗങ്ങൾ. സകാത് സിസ്റ്റത്തിലെ വിതരണ, ആവശ്യ, നിക്ഷേപ സാധ്യതകൾ അതിന് വഴിയൊരിക്കുന്നു.

SDG 10: സാമ്പത്തിക സമത്വവും സമ്പത്ത് പുനർവിതരണവും

സുസ്ഥിര വികസന ലക്ഷ്യം 10 (Sustainable Development Goal 10 - SDG 10) ആന്തരികവും അന്തർദേശീയവുമായ സാമ്പത്തിക, സാമൂഹിക അസമത്വം (Inequality) കുറയ്ക്കലാണ്. 2023ഓടെ വരുമാന അസമത്വം (Income Inequality) കുറയ്ക്കുക, സാമ്പത്തിക അവസരങ്ങൾ (Economic Opportunities) എല്ലാവർക്കും ലഭ്യമാക്കുക,
പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് (Marginalized Groups) സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക അവകാശങ്ങൾ ഉറപ്പാക്കുക, സമ്പത്തിന്റെ ന്യായമായ പുനർവിതരണം (Redistribution of Wealth) ഉറപ്പാക്കുക, അന്തർദേശീയ സാമ്പത്തിക വ്യവസ്ഥയിലുള്ള അസമത്വങ്ങൾ പരിഹരിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങളായി പരിചയപ്പെടുത്തിയിരുന്നത്. നടേ വിശദീകരിച്ചതനുസരിച്ച്, സകാത് കൃത്യമായി കൈകാര്യം ചെയ്യുന്നതിലൂടെ ഇത് സാധ്യമാവുമെന്നാണ് മനസ്സിലാവുന്നത്.

Tags

Questions / Comments:



No comments yet.