ഫാത്തിമ(റ), വിശ്വാസികൾക്കിടയിൽ അത്രമേൽ സ്വാധീനം ചെലുത്തിയ മറ്റൊരു വനിതയുണ്ടോ?. സഹനത്തിന്റെയും സഹാനുഭൂതിയുടെയും സ്നേഹത്തിന്റെയും കഥകളിൽ ഫാത്തിമ ബീവിക്ക് തന്നെയാണ് മഹനീയ സ്ഥാനം. മുത്ത് റസൂലിൻ്റെ പ്രിയ പുത്രിയുടെ വഫാത്ത് ദിനമായ റമളാൻ മൂന്ന്, വിശ്വാസികൾക്ക് ആത്മധൈര്യത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും ഓർമദിനം കൂടിയാവുകയാണ്.
വായിക്കാം:
പിതാവിനെ ചേർത്തു പിടിച്ച പിഞ്ചുമോൾ
ഉമ്മഹാത്തുൽ മുഅ്മിനീൻ ഖദീജ(റ) വിൻ്റെയും അശ്റഫുൽ ഖൽക്ക് തിരുനബി(സ) തങ്ങളുടെയും നാലാമത്തെ പെൺകുട്ടിയായാണ് മഹതി ജനിക്കുന്നത്. തിരുനബി(സ)ക്ക് നുബൂവ്വത്ത് ലഭിക്കുന്നതിന്റെ അഞ്ചുവർഷം മുമ്പാണ് ഫാത്തിമ ബീവി ജനിക്കുന്നത്. റസൂലിന് ഫാത്തിമ ബീവിയോടും അവർക്ക് തിരിച്ച് റസൂലിനോടും അതിരറ്റ വാത്സല്യമായിരുന്നു. ഇസ്‌ലാമിൻ്റെ വെളിച്ചം ജനങ്ങളിലേക്ക് എത്തിച്ച തിരുനബിക്ക് മക്കാ മുശ്രിക്കുകളിൽ നിന്നും ഏൽക്കേണ്ടിവന്ന പീഡനങ്ങൾ മഹതിയെ ഏറെ സങ്കടപ്പെടുത്തിയിരുന്നു. നബിയോടുള്ള അവിടുത്തെ സ്നേഹം കണ്ടാണ് നബിയുടെ അനുചരർ അവർക്ക് ‘ഉമ്മു അബീഹ’ എന്ന പേര് നൽകുന്നത്.
ഒരിക്കൽ വിശുദ്ധ കഅ്ബാലയത്തിനരികിൽ റസൂൽ(സ) തങ്ങൾ നിസ്കരിക്കുമ്പോൾ മനസ്സ് മരവിച്ച ഒരു കൂട്ടം ഖുറൈശി കിങ്കരന്മാർ നബി(സ) തങ്ങളുടെ ശിരസ്സിലേക്ക് ഒട്ടക കുടൽമാലയിടുകയും ആർത്ത് അട്ടഹസിക്കുകയും ചെയ്തു. സുജൂദിൽ നിന്നും ഉയരാൻ വിഷമിക്കുന്ന തൻ്റെ പിതാവിൻ്റെ സങ്കടം മനസ്സിലാക്കിക്കൊണ്ട് ഫാത്തിമ(റ) അത് തന്റെ കൈകൊണ്ട് എടുത്തു കളയുകയായിരുന്നു. നബി തിരുമേനി(സ) വഫാത്താകുന്ന സമയത്ത് ജീവിച്ചിരുന്ന ഏക മകളായിരുന്നു ഫാത്തിമ ബീവി. ഇബ്നു അബ്ബാസ് (റ) പറയുന്നു: സൂറത്തുന്നസ്വർ അവതരിച്ചപ്പോൾ നബി (സ) തൻ്റെ പുന്നാര മോളെ വിളിച്ചു പറഞ്ഞു. നിശ്ചയം എനിക്ക് മരണത്തിൻ്റെ സൂചനകൾ കിട്ടിയിരിക്കുന്നു. ഇത് കേൾക്കേണ്ട താമസം ഫാത്തിമ(റ)യുടെ കണ്ണുകൾ ഈറനണിഞ്ഞു. നബി(സ) മഹതിയെ സാന്ത്വനിപ്പിച്ച് പറഞ്ഞു: എൻ്റെ കുടുംബത്തിൽ നിന്ന് എന്നിലേക്ക് ആദ്യമായി ചേരുന്നത് നീയാണ് ഫാത്തിമാ.... ഇത് കേട്ടപ്പോൾ ബീവി സന്തോഷത്താൽ പുഞ്ചിരിച്ചുവെന്ന് മഹത്തുക്കൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുദൂതർക്കും അവിടുത്തെ മകൾ ഫാത്തിമക്കുമിടയിലെ സ്നേഹത്തിൻ്റെ കഥകളെയാണ് ഇവ വരച്ചു കാട്ടുന്നത്.
കുടുംബ ജീവിതത്തിന്റെ മഹത്വം കാട്ടിയവർ
ഫാത്തിമ(റ) പുതുകാലത്തിന് മാതൃകയായ ഭാര്യ കൂടിയായിരുന്നു. ഇസ്‌ലാമിക ഖിലാഫത്തിൻ്റെ നാലാം ഖലീഫ അലിയ്യുബ്നു അബീ ത്വാലിബ്(റ) ആയിരുന്നു മഹതിയുടെ ഭർത്താവ്. മഹതിയെ വിവാഹമന്വേഷിച്ച് ധാരാളം ആളുകൾ റസൂൽ(സ) തങ്ങളെ സമീപിച്ചിരുന്നു. ഒടുവിൽ ഫാത്തിമ(റ)വിനെ വിവാഹം ചെയ്തു തരണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് അലി(റ) നബി(സ) തങ്ങളെ സമീപിച്ചു. അലി(റ)നോട് തിരുദൂതർക്ക് അതിരറ്റ സ്നേഹമായിരുന്നു. ഞാൻ അറിവിൻ്റെ പട്ടണമാണെന്നും അലി അതിലേക്കുള്ള കവാടമാണെന്നും തിരുനബി പറയുന്നതിലൂടെ ഈ ആത്മബന്ധം വിളിച്ചോതുന്നുണ്ട്. അങ്ങനെ ഫാത്തിമ(റ) വിൻ്റെ സമ്മതപ്രകാരം വിവാഹം നടന്നു. വിവാഹം നടക്കുമ്പോൾ ബീവിക്ക് പതിനഞ്ചര വയസ്സും അലി(റ)ന് ഇരുപത്തിയൊന്ന് വയസ്സുമായിരുന്നു പ്രായം. വിവാഹസമയത്ത് അലി(റ) അങ്ങേയറ്റം ദരിദ്രനും പട്ടിണിയിലുമായിരുന്നു. അവിടുന്ന് മഹറായി നൽകിയത് മുത്ത് നബി(സ) സമ്മാനിച്ച ഒരു പടയങ്കി മാത്രമായിരുന്നു.
അങ്ങനെ റസൂലിന്റെ പുത്രിയുടെ മംഗല്യം നടന്നു. ഹംസ(റ) തൻ്റെ ആടിനെയറുത്ത് വിവാഹത്തിനുള്ള സദ്യയൊരുക്കി. ഇരുവരും സമൂഹത്തിന് മാതൃക ദമ്പതികളായി തങ്ങളുടെ ദാമ്പത്യ ജീവിതത്തെ നയിച്ചു. അലി(റ) വീട്ടുകാര്യങ്ങളെ തൻ്റെ മാതാവിൻ്റെയും ഭാര്യയുടെയും ഇടയിൽ വിഭജിച്ചു. ഒട്ടും സുഖകരമായിരുന്നില്ല അവരുടെ ജീവിതം. ദാരിദ്ര്യം വരിഞ്ഞു മുറുകി. ഭക്ഷണമില്ലാത്ത ധാരാളം ദിവസങ്ങൾ പോലും അവർക്ക് അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. ജോലിഭാരം കൊണ്ട് ക്ഷീണിച്ചിരുന്നു മഹതി. പക്ഷേ ജോലിക്കാരിയെ വെക്കാനുള്ള പണം അലി(റ)വിൻ്റെ കയ്യിൽ ഉണ്ടായിരുന്നില്ല. അങ്ങനെ ഫാത്തിമ ബീവി(റ) തിരുദൂതരെ കാണാൻ ചെന്നു. തൻ്റെ പ്രിയ പിതാവിനോട് കാര്യങ്ങൾ പറഞ്ഞു. ഇത് കേട്ടപ്പോൾ 'റസൂൽ(സ) പറഞ്ഞു അതിനേക്കാൾ നല്ലൊരു കർമം നിനക്ക് ഞാൻ പറഞ്ഞു തരാം: സുബ്ഹാനള്ളാ‚ അൽഹംദുലില്ലാ‚ അല്ലാഹു അക്ബർ എന്നിങ്ങനെയുള്ള ദിക്റുകൾ അവരോട് പതിവാക്കാൻ പറയുകയുണ്ടായി. പാരസ്പര്യ സ്നേഹത്തിന്റെയും കരുണയുടെയും മാതൃകയായ ആ ദാമ്പത്യജീവിതം ഏകദേശം പത്ത് വർഷം നീണ്ടുനിന്നു.
സ്നേഹ സമ്പന്നയായ മാതാവായിരുന്നു ഫാത്തിമ(റ). ബീവി മക്കളെ വാത്സല്യത്തോടെ തലോടുമായിരുന്നു. പലപ്പോഴും ഭക്ഷണം ലഭിക്കാതെ പിഞ്ചുമക്കൾ കരയുന്നത് കണ്ട് അവിടുന്ന് വേദനിച്ചിരുന്നു. ഒരിക്കൽ ഫാത്തിമ ബീവിയും ഭർത്താവ് അലി(റ)വും മക്കളായ ഹസ്സൻ, ഹുസൈൻ(റ) എന്നിവർ ഒരിടത്തിരിക്കുമ്പോൾ റസൂൽ(സ) അവിടേക്ക് വരികയും സൂറത്തുൽ അഹ്സാബിലെ മുപ്പത്തിമൂന്നാം സൂക്തം ഉരുവിട്ടുകൊണ്ട് ഇത് എൻ്റെ അഹ്‌ലുബൈത്താണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. നോക്കൂ, അവരുടെ മേൽ സ്വലാത്ത് ചൊല്ലാത്ത ഒരാളുടെ നിസ്കാരം ശരിയാവുകയില്ലെന്ന് പറയുന്നതിലൂടെ അല്ലാഹു ആ കുടുംബത്തിൻ്റെ സ്ഥാനം മാലോകർക്ക് കാണിച്ചു കൊടുക്കുകയാണ്.
നിരാലംബരെ ചേർത്തുനിർത്തിയവർ
കുടുംബ ജീവിതത്തിന്റെ തിരക്കിനിടയിലും നിരവധി സേവനങ്ങൾ കൊണ്ട് വ്യാപൃതരായിരുന്നു ഫാത്തിമ(റ). ഉഹ്ദ് യുദ്ധവേളയിൽ ഖുറൈശികളുടെ ആക്രമണം കാരണം റസൂൽ(സ) തങ്ങളുടെ മുൻപല്ല് പൊട്ടിപ്പോകുന്ന സമയത്ത് തങ്ങളെ സേവിച്ചത് ബീവിയായിരുന്നു. തൻ്റെ കയ്യിലുള്ളതെല്ലാം പാവങ്ങൾക്ക് സ്വദഖയായി മഹതി നൽകുമായിരുന്നു. ഒരിക്കൽ അവിടുന്ന് പുതിയ വസ്ത്രം ധരിച്ചു. അപ്പോൾ അവിടെയുണ്ടായിരുന്ന അൻസാറുകളിൽ പെട്ട ഒരു സ്ത്രീക്ക് വസ്ത്രമില്ലെന്ന് മനസിലായി. ഉടനെ തൻ്റെ വിവാഹ വസ്ത്രം അവർ സ്നേഹപൂർവ്വം ആ അൻസാരി സ്ത്രീക്ക് നൽകുകയുണ്ടായി. താൻ ഭക്ഷണത്തിനുവേണ്ടി മാറ്റിവച്ച ബാർലിയും ഗോതമ്പും അവർ തന്റെ അയൽക്കാർക്കും നൽകുമായിരുന്നു. വെള്ളമില്ലാത്തവർക്ക് ബീവി വെള്ളം കൊടുക്കുമായിരുന്നു. ഇത്തരത്തിൽ തൻ്റെ ജീവിതംകൊണ്ട് ബിവി മറ്റുള്ളവർക്കും പ്രകാശമായിത്തീർന്നു.
വഫാത്ത്
തിരുനബിയുടെ വഫാത്തിന് ശേഷം ഏകദേശം അഞ്ചുമാസം കഴിഞ്ഞു.
ഒരു ദിവസം അലി(റ) വീട്ടിലേക്ക് ചെന്നപ്പോൾ ബീവി തകൃതിയായി വീട്ടുജോലികൾ ചെയ്യുന്നുണ്ട്. ഭക്ഷണം ഉണ്ടാക്കുകയും അതിനോടൊപ്പം ഹസൻ ഹുസൈൻ(റ)വിനെ പരിപാലിക്കുന്നു. അലി(റ) സംഭവം അന്വേഷിച്ചപ്പോൾ ബീവി പറഞ്ഞു : പ്രിയനേ, ഖിയാമത്ത് നാളിൽ മാത്രം കണ്ടുമുട്ടാൻ പോകുന്ന ഒരു അനശ്വരമായ യാത്രക്ക് പോകാൻ ഞാൻ ഉദ്ദേശിക്കുന്നു. കാര്യം മനസ്സിലാക്കിയ അലി(റ) പൊട്ടി കരഞ്ഞു. തനിക്ക് മക്കളെ സമ്മാനിച്ചവൾ, കൊടും ദാരിദ്ര്യത്തിലും തന്നെ തള്ളി പറയാത്തവൾ. അലി (റ) അവിടുന്ന് പരിഭവപ്പെട്ടു. കവിൾ നനഞ്ഞുകൊണ്ട് അലി(റ) പറഞ്ഞു:
ഫാത്തിമ, നീ പോവുകയാണല്ലേ. നാളെ നിന്റെ ഉപ്പയെ കണ്ടു മുട്ടുമ്പോൾ എനിക്കും തങ്ങളെ അടുത്തേക്ക് എത്രയും പെട്ടെന്ന് വരാൻ ആഗ്രഹമുണ്ടെന്നും തങ്ങൾ ഇഷ്ടപ്പെടാത്ത എന്തെങ്കിലും എന്റെ ജീവിതത്തിൽ വന്നു പോയിട്ടുണ്ടെങ്കിൽ വിഷമിക്കരുതെന്നും പറയണം. ഇത് കേട്ട് ഫാത്തിമ(റ)വും വേദനിച്ചു. ഞാൻ മരിച്ചാൽ എന്നെ കുളിപ്പിക്കുന്നതും കഫൻ ചെയ്യുന്നതും നിങ്ങൾ തന്നെയായിരിക്കണമെന്നും എന്നെ രാത്രിയിൽ മറമാടണമെന്നും അവിടുന്ന് പ്രിയപ്പെട്ട ഭർത്താവിനോട് വസ്വിയ്യത്ത് ചെയ്തു. ഹിജ്റ പതിനൊന്നാം വർഷം റമളാൻ മൂന്നിന് ഇബാദത്തിലായിരിക്കെ മഹതി ഇഹലോക വാസം വെടിഞ്ഞു.
6 March, 2025 03:02 am
Laila
Super5 March, 2025 03:31 am
Excel shamsu
Well done my dear5 March, 2025 03:22 am
Muhammed Ajmal
അവസാന ഭാഗം കരയിപ്പിക്കും