പരിശുദ്ധ ഖുർആൻ മനുഷ്യസൃഷ്ടിക്കതീതമാണെന്ന് അതിൻ്റെ സംവേദനരീതിയും സാഹിതീയചാരുതിയും ആശയസമൃദ്ധിയും വ്യക്തമാക്കുന്നുണ്ട്. പാവനമായ ദൈവികമാർഗത്തിലൂടെ, വ്യത്യസ്തമായ അനേകം കൈമാറ്റങ്ങളിലൂടെയാണ് ആ അനശ്വര അൽഭുതം മാനവരാശിക്ക് പ്രാപ്യമാകുന്നത്.


വിശുദ്ധ ഖുർആൻ അല്ലാഹുവിൻ്റെ കലാമാണ്. അത് തിരുനബിക്കു അവതീർണമായതാണ്. തിരുനബിയുടെ കാലത്ത് തന്നെ അതിനെ എഴുതി സൂക്ഷിച്ചിട്ടുണ്ട്. സവിശേഷമായ പരിഗണനയും ആദരവും അവയ്ക്ക് ലഭിച്ചു കൊണ്ടിരുന്നു. വിവിധ ഏടുകളിലായിരുന്ന ഖുർആൻ സ്വഹാബികൾ സമാഹരിക്കാൻ തീരുമാനിച്ചു. ഉസ്‌മാൻ (റ) ആയിരുന്നു ഖുർആനിനെ വിവിധ പകർപ്പുകളാക്കി മാറ്റിയത്. അങ്ങനെ മുസ്‌ഹഫുകളിൽ ഖുർആൻ മാത്രമായി. മുസ്ഹഫിലില്ലാത്തത് ഖുർആനായിട്ടുണ്ടെന്നു വാദിച്ചാൽ അതു പൊള്ളവാദമായി പരിഗണിക്കപ്പെട്ടു.

ധാരാളം സാത്വികരിലൂടെയാണ് ഖുർആൻ തലമുറകൾക്കു ലഭിക്കുന്നത്. അപ്പോൾ അതിൽ വ്യാജം കയറിക്കൂടാൻ സാധ്യതയില്ല. ഒരു തലമുറയിലെ അസംഖ്യം ആളുകളാണ് അടുത്ത തലമുറയിലെ അസംഖ്യം ആളുകൾക്കതു കൈമാറുന്നത്. അങ്ങനെ ആ പരമ്പര തിരുനബിയിലെത്തുന്നു. അതുകൊണ്ട് തന്നെ ഖുർആൻ വചനങ്ങൾ അല്ലാഹു തിരുനബിക്ക് അവതരിപ്പിച്ചു നൽകിയതു തന്നെയാണെന്ന് ഓരോരുത്തർക്കും ദൃഢവിശ്വാസവും ബോധ്യവും ഉണ്ടാവുന്നു. ഇത് ഖുർആനിന്റെ മാത്രം സവിശേഷതയാണ്. ഖുർആനിനെപ്പോലെ പൂർവ്വ വേദങ്ങൾ ആരും ഹൃദിസ്ഥമാക്കിയിരുന്നില്ല. യുഗങ്ങളായി വാമൊഴിയായോ വരമൊഴിയായോ അവ സംരക്ഷിക്കപ്പെട്ടിട്ടുമില്ല.

ഖുർആൻ ഹൃദിസ്ഥമാക്കുന്ന ശൈലി അതുല്യവും അത്ഭുതവുമാണ്. അനറബികൾ പോലും വള്ളി പുള്ളി വിടാതെ, ഒരു പദം പോലും ഒഴിവാകാതെ മനഃപാഠമാക്കുന്നു. പാരായണ രീതി പോലും ഗുരുമുഖങ്ങളിൽ നിന്നു ലഭിച്ചത് സസൂക്ഷ്മ‌ം പിൻഗാമികൾക്കു കൈമാറിപ്പോന്നു.

ഖുർആൻ പാരായണത്തിന് പുണ്യം ഏറെയാണ്. ഖുർആൻ വെറുതെ പാരായണം ചെയ്താൽ പോലും വിശ്വാസിക്ക് അല്ലാഹു വിൽ നിന്നു കൂലി ലഭിക്കും. നിയ്യത്തില്ലാതെ ഓതിയാലും കൂലി നഷ്ട‌പ്പെടില്ല. അൽപം ഖുർആനെങ്കിലും ഓതിയില്ലെങ്കിൽ നിസ്കാരം നിഷ്‌ഫലമാകും. ഖുർആൻ ഓത്തിന്റെ ശ്രേഷ്ഠത വെളിപ്പെടുത്തുന്ന ധാരാളം ഹദീസുകളുണ്ട്. ധാരാളം മഹദ് ചരിതങ്ങളുണ്ട്. ധാരാളം ഗ്രന്ഥങ്ങൾ തന്നെ അതു പറയാൻ വിരചിതമായിട്ടുമുണ്ട്.

ഖുർആനിൻ്റെ ചെറിയ അധ്യായത്തിനു തുല്യമായ വചനങ്ങൾ പോലും സൃഷ്‌ടിക്കാൻ സാധ്യമല്ല. അതിനു ഖുർആനിന്റെ ഇഅ്ജാസ് എന്നാണ് പറയുക. ഭാഷാപരവും ആശയപരവുമായ എല്ലാ മൂല്യങ്ങളും അടങ്ങിയതാണ് ഖുർആൻ. സാഹിത്യ മൂല്യത്തിലും ഖുർആനോടു മത്സരിക്കാൻ മറ്റൊന്നിനും സാധ്യമല്ല. സൂറത്തുൽ ഇസ്‌റാഈലിന്റെ 88-ാം വചനം അതു വ്യക്തമാക്കുന്നുണ്ട്. “നബിയേ, തങ്ങൾ പറയുക, ജിന്ന്, ഇൻസ് വർഗങ്ങൾ സംഗമിച്ചാൽ പോലും ഖുർആനിനു തുല്യമായത് കൊണ്ടുവരാൻ സാധ്യമല്ല. അവർ പരസ്‌പരം സഹായിച്ചാൽ പോലും സാധ്യമല്ല."

സൂറതുൽ ബഖറയിലെ 23,24 വചനങ്ങളും ഇതു തന്നെയാണ് ഓർമ്മിപ്പിക്കുന്നത്. അല്ലാഹു പറയുന്നു: "എന്റെ അടിമയായ തിരുനബിക്കു അവതരിച്ച ഖുർആനിന്റെ കാര്യത്തിൽ നിങ്ങൾക്കു വല്ല സംശയവുമുണ്ടെങ്കിൽ അതിനു സാമ്യം വരുന്ന ഒരധ്യായമെങ്കിലും നിങ്ങൾ കൊണ്ടുവരൂ, നിങ്ങൾ സത്യസന്ധരാണെങ്കിൽ, അല്ലാഹുവല്ലാത്ത ആരെയും നിങ്ങൾക്ക് സാക്ഷിയാക്കാം”. ഖുർആൻ അല്ലാഹുവിന്റെ കലാമാണെന്നതിന്റെ വ്യക്തമായ തെളിവാണ് ഇഅ്ജാസ്. അതു വിശ്വസിക്കൽ നിർബന്ധവുമാണ്.

നാമങ്ങൾ

ഖുർആനിന് ധാരാളം പേരുകളുണ്ട്. പ്രശസ്തമായ മൂന്നെണ്ണം താഴെ പറയാം.

(1) അൽ കിതാബ്: വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന സാകല്യം എന്നു വിവക്ഷ. ചരിത്രങ്ങൾ, ദൃഷ്‌ടാന്തങ്ങൾ, വിധികൾ, സംഭവങ്ങൾ തുടങ്ങി സർവ്വ വൈജ്ഞാനിക ശാഖകളും ഖുർആൻ ഉൾക്കൊള്ളുന്നു.

(2). അൽ നൂർ: സൂറത്തുന്നിസാഅ് 174 : "ജനങ്ങളേ, അല്ലാഹുവിൽ നിന്നു നിങ്ങൾക്കു വ്യക്തമായ തെളിവുകൾ ആഗതമായിട്ടുണ്ട്. അതു വ്യക്തമാക്കുന്ന പ്രകാരമാണ് അനുവദനീയവും നിഷിദ്ധവും വിശ്വാസ കാര്യങ്ങളും ശരീഅത്തും. ഖുർആനാണല്ലോ നമ്മുടെ മുന്നിൽ വെളിച്ചം കാണിക്കുന്നത്. നമ്മുടെ ബുദ്ധി ശക്തിക്കു പോലും ഇരുളടഞ്ഞത് ഖുർആൻ പുറത്ത് കാണിക്കുന്നു.

(3) അൽ ഫുർഖാൻ: വേർതിരിക്കുന്നതെന്നാണ് ഇതിനർത്ഥം. സത്യവും അസത്യവും ഖുർആൻ വകതിരിക്കുന്നു. വിശ്വാസവും അവിശ്വാസവും തഥൈവ. ഹലാലും ഹറാമും ഗുണവും ദോഷവും എല്ലാം വിവേചിക്കുന്നു. സർവ്വോപരി വ്യക്തമായ സന്മാർഗം തെളിയിച്ചുതരുന്നു.

വഹ് യ് - വെളിപാട്

അല്ലാഹു തെരഞ്ഞെടുത്ത അവന്റെ അടിമകൾക്കു ഗോപ്യമായും വേഗതയിലും നൽകുന്ന സന്ദേശങ്ങളാണ് വഹ്യ്. അവ വിവിധ രീതിയിലും ഭാവത്തിലുമുണ്ട്.

ഇമാം ബുഖാരി (റ)ഉദ്ധരിക്കുന്ന ഹദീസിൽ വഹ്‌യിന്റെ ഏകദേശ ചിത്രം ലഭ്യമാവും. ഉറക്കത്തിലുള്ള നല്ല സ്വപ്നങ്ങളായിട്ടായിരുന്നു തിരുനബിയുടെ വഹ്യാരംഭം, പ്രഭാതം വിടരും പോലെ ആ സ്വപനങ്ങളെല്ലാം യാഥാർഥ്യമായി. തുടർന്ന് മുത്ത്നബി ഏകാന്തത ഇഷ്ടപ്പെട്ടു. ഹിറാ ഗുഹയിലായിരുന്നു അവിടുത്തെ ഏകാന്ത വാസം. അവിടെ ആരാധനാ നിമഗ്‌നനായി. അതിനിടെ ജിബ്‌രീൽ( അ) അവിടെയെത്തി. 'ഇഖ്റഅ്' വായിക്കുക എന്നു പറഞ്ഞു. തിരുനബി പറഞ്ഞു: “ഞാൻ വായന പഠിച്ചിട്ടില്ല". ജിബ്‌രീൽ പിടിച്ചു ഞെരുക്കി. കടുത്ത പ്രയാസമായപ്പോൾ പിടുത്തം വിട്ടു. വീണ്ടും ഇഖ്റഅ് പറഞ്ഞു. "മാ അന ബി ഖാരിഇൻ". തിരുനബി പിന്നെയും പറഞ്ഞു. പിന്നെയും പിടിച്ചു ഞെരുക്കി. പ്രയാസം ശക്തമായപ്പോൾ പിടുത്തം അയച്ചു. മൂന്നാമതും " ഇഖ്റഅ്" എന്നു പറഞ്ഞു." മാ അന ബി ഖാരിഇൻ" നബിതങ്ങൾ ആവർത്തിച്ചു. അപ്പോഴും വാരിപ്പിടിച്ചു ഞെരുക്കി, അയച്ചുവിട്ടു. സൂറത്തുൽ ഇഖ്റഇലെ 5 വചനങ്ങൾ പാരായണം ചെയ്തു. തിരുനബി പത്നി ഖദീജ (റ)യുടെ സവിധത്തിലെത്തി." സമ്മിലൂനീ, സമ്മിലൂനീ.. എന്നെ പുതപ്പിക്കൂ "എന്നു കേണു പറഞ്ഞു. കാര്യങ്ങളെല്ലാം പത്നിയോട് വിശദീകരിച്ചു. ഭയക്കുന്നുവെന്നും പറഞ്ഞു. ഭയം പോകും വരെ പുതച്ചുകിടന്നു. പിന്നീട് ഖദീജ ബീവി തിരുനബിയെ സമാധാനിപ്പിച്ചത് ഇങ്ങനെയായിരുന്നു: "നിശ്ചയം, അല്ലാഹുവാണ് സത്യം, ഒരിക്കലും അല്ലാഹു താങ്കളെ കൈവെടിയുകയില്ല. നിങ്ങൾ കുടുംബ ബന്ധം പുലർത്തുന്നവരാണ്. താങ്കൾ അശരണരുടെ അഭയമാണ്. ദരിദ്രരുടെ അത്താണിയാണ്. അതിഥികളെ ആദരിക്കുന്നവരാണ്. സത്യവഴിയിലെ സഹായിയാണ്." പിന്നീട് വറഖതുബ്നു നൗഫൽ എന്ന മഹാൻ്റെ സമീപം തിരുനബിയെ കൊണ്ടുപോയി. അദ്ദേഹം അബ്റാനി ഭാഷ അറിയുന്നവരായിരുന്നു. ഇഞ്ചീൽ അബ്റാനി ഭാഷയിൽ എഴുതാനുള്ള ശേഷി അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം വയോവൃദ്ധനും അന്ധനുമായിരുന്നു. ഖദിജ (റ) പ്രശ്നം പറഞ്ഞപ്പോൾ അദ്ദേഹം തിരുനബിയോട് കാര്യങ്ങളന്വേഷിച്ചു. തിരുനബി സംഭവം വിവരിച്ചു. വറഖത് പറഞ്ഞു: മൂസാ നബിയുടെ അടുത്ത് വന്ന നാമൂസാണത്. നിങ്ങളെ സമൂഹം പുറത്താക്കുമ്പോൾ ഞാനവരിൽ ഉണ്ടായിരുന്നെങ്കിൽ എന്നാശിക്കുന്നു.

വഹ്‌യിന്റെ ശൈലി മൂന്നു വിധം

1. ഒരു മാധ്യമവുമില്ലാതെ ഗോപ്യമായ വഴിയിലൂടെ അല്ലാഹു അവന്റെ ദൂതർക്കു വെളിപാട് നൽകുക.

2. അല്ലാഹു നബിയോട് സംസാരിക്കുക; ആ സംസാരം പ്രത്യക്ഷമായിരിക്കില്ല.

3. അല്ലാഹു മലക്കു മുഖേന സന്ദേശങ്ങൾ നബിമാരിലെത്തിക്കുക.

വിശദവിശകലനത്തിന് വഹ്‌യിനെ ഏഴ് ഇനമായി വിഭജിക്കാം.

1. സത്യസന്ധമായ സ്വ‌പ്നം; മലക്ക് വഴിയോ അല്ലാഹു നേരിട്ടോ വെളിപാട് അറിയിക്കുന്നതാവാം ആ സ്വപ്നം.

2. മലക്ക് ആഗതനാവും. നബിയുടെ ഹൃദയവുമായി സംവദിക്കും. പക്ഷേ, മലക്കിനെ കാണാൻ സാധ്യമല്ല.

3. മലക്ക് മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ടു വെളിപാടറിയിക്കും.

4. മലക്ക് യഥാർത്ഥ രൂപത്തിൽ ആഗതനാവും. സന്ദേശമറിയിക്കും. മണി മുഴങ്ങുന്നതുപോലെയായിരിക്കും ഈ സന്ദർഭത്തിലെ വഹ് യ്, ഇത് തിരുനബിക്ക് അസഹ്യമായ രൂപമായിരുന്നു.

5. ജിബരീൽ(അ) ആഗതനാവും. മലക്കിന്റെ രൂപത്തിൽ തന്നെ. അദ്ദേഹത്തിന്റെ പൂർണരൂപം പ്രകടിപ്പിച്ചു കൊണ്ടായിരിക്കും അത്. ഇങ്ങനെ രണ്ടു തവണ തിരുനബിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. ഒന്ന് ഭൂമിയിൽ വെച്ചു തന്നെ, രണ്ടാമത്തേത് ആകാശത്ത് ഇസ്റാഅ് മിഅ്റാജിന്റെ രാവിൽ.

6. പ്രത്യക്ഷമല്ലാതെ അല്ലാഹു നബിയോട് സംസാരിക്കുക.

7. നേരിട്ട്, ഒരു മറയുമില്ലാതെ അല്ലാഹു തിരുനബിയോട് സംസാരിക്കുക.

വഹ്‌യ് പ്രകടമാവുമ്പോൾ

ഇലാഹീ സന്ദേശമായ വഹ്‌യ് സ്വീകരിക്കുന്നതിനും അത് സ്വീകരിക്കുന്ന വ്യക്തിക്കും നിരവധി ഗുണങ്ങൾ ഒത്തുചേരേണ്ടതുണ്ട്. ധാരാളം പ്രയാസങ്ങൾ സഹിക്കേണ്ടതുമുണ്ട്. സാധാരണ ഭൗതിക പ്രകൃതിയിലുള്ള ഒരാൾക്ക് വഹ്‌യ് സ്വീകരിക്കാൻ സാധ്യമല്ല. പദാർത്ഥ ഗുണങ്ങളുടെ അതിരുകൾ ഭേദിച്ച് മലക്കിന്റെ പ്രകൃതി ലഭ്യമാവൽ അനിവാര്യമാണ്. അല്ലാഹു അത്തരം ശേഷി അവൻ്റെ ദൂതന്മാർക്കു നൽകിയിട്ടുണ്ട്. സൃഷ്‌ടികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സച്ചരിതരായിരിക്കും അവർ. വഹ്‌യ് അവതരിക്കുമ്പോൾ തിരുനബിയിൽ പ്രകടമാവുന്ന മാറ്റങ്ങൾ ഹദീസുകളിൽ വന്നിട്ടുണ്ട്.

(1) വഹ് യ് ൻ്റെ കാഠിന്യം ശരീരത്തിൽ പ്രകടമാവും ആഇശാ(റ) ഉദ്ധരിക്കുന്നു: ഹാരിസുബ്നു ഹിശാം തിരുനബിയോട് ചോദിച്ചു: എങ്ങനെയാണ് വഹ‌് യ് ആഗതമാവുന്നത്? തിരുനബി : ചിലപ്പോൾ മണിയടി ശബ്ദത്തിൽ വരും. അതു വളരെ അസഹ്യമായിട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്. വേഗത കൂടുതലായത് കൊണ്ട് ഹൃദിസ്ഥമാക്കാൻ പണിപ്പെടേണ്ടിവരും. (2) ചിലപ്പോൾ മലകിന്റെ രൂപത്തിൽ വരും. അതു വളരെ വേഗം ഹൃദിസ്ഥമാകും. ആഇശ(റ) തുടരുന്നു: തണുപ്പ് കഠിനമായ ഒരു ദിവസം വഹ്‌യ് വന്നു. അപ്പോൾ കിടിലം കൊള്ളുന്നതും അവിടുത്തെ നെറ്റിത്തടം വിയർക്കുന്നതും കാണാമായിരുന്നു.

ക്രോഡീകരണം

തിരുനബിയുടെ കാലത്തും അബൂബക്ർ(റ)വിന്റെ ഭരണകാലത്തും, ഉസ്മാൻ റ)ൻ്റെ കാലത്തും, ഖുർആൻ   ക്രോഡീകരണം നടന്നിട്ടുണ്ട്. വിഭിന്നാർത്ഥത്തിലാണ് മൂന്ന് ക്രോഡീകരണങ്ങളും. ഹൃദിസ്ഥമാക്കിയത് ഒരുമിച്ചു കൂട്ടിയതാണ് തിരുനബിയുടെ കാലത്ത്. വിവിധ സ്ഥലങ്ങളിലും വസ്‌തുക്കളിലുമാണ് അന്ന് അവ രേഖപ്പെടുത്തിയത്. സിദ്ദീഖ്(റ)ന്റെ കാലത്ത് ആയത്തുകളുടെയും സൂറത്തുകളുടെയും ഘടനയും ക്രമവും അനുസരിച്ച് ഏടുകളിലേക്ക് പകർത്തി എഴുതി. ഉസ്മാൻ(റ)ൻ്റെ കാലത്ത് നേരത്തെ വിഭിന്ന ഗ്രന്ഥങ്ങളായിരുന്നത് ഒറ്റ പുറം ചട്ടയിലുള്ള ഗ്രന്ഥമാക്കി മാറ്റി, വിവിധ പകർപ്പുകൾ നിർമ്മിച്ചു.

അഭൗമികലോകത്ത്

എൺപതാം അധ്യായം അബസയിൽ 13 മുതൽ 16 വരെയുള്ള സൂക്തങ്ങളുടെ ആശയം ഇങ്ങനെയാണ്: അഭൗമിക ലോകത്ത് ആദരണീയ ഏടുകളിൽ രേഖപ്പെടുത്തപ്പെട്ടതാണ്. ആ ഏടുകൾ ശുദ്ധവും സമുന്നതവുമാണ്. മാന്യരും പുണ്യവാന്മാരുമായ എഴുത്തുകാർക്കതു വശമാണത്. 56-ാം അധ്യായം 75-80 സൂക്തങ്ങളിൽ ഇങ്ങനെ വിവരിക്കുന്നതുണ്ട്. “നക്ഷത്രങ്ങളുടെ അസ്‌തമന സ്ഥാനങ്ങളെ മുൻനിർത്തി ഞാൻ സത്യം ചെയ്തു പറയുന്നു. തീർച്ച, നിങ്ങളറിയുകയാണെങ്കിൽ വമ്പിച്ച സത്യം തന്നെയാണെന്ന് ബോധ്യമാവും. നിശ്ചയം ഖുർആൻ ആദരണീയ ഗ്രന്ഥമാണ്. ഭദ്രമായി സൂക്ഷിക്കപ്പെട്ട ഗ്രന്ഥമാണത്. പരിശുദ്ധിയുള്ളവരല്ലാതെ അത് തൊടുകയില്ല." ഇത്തരം വചനങ്ങൾക്ക് വ്യാഖ്യാതാക്കൾ നൽകുന്ന വിശദീകരണം ഇങ്ങനെ: അഭൗമിക ലോകത്ത് ലൗഹുൽ മഹ്‌ഫൂളിലാണ് ഖുർആൻ രേഖീയമായിരിക്കുന്നത്. സാധാരണ കാഴ്‌ചകൾ അതു ദർശിക്കൽ അസാധ്യമാണ്. അല്ലാഹുവിന്റെ വിശിഷ്ടരായ മലക്കുകൾക്ക് അത് കാണാൻ സാധിക്കും. വിശുദ്ധരായ അവരല്ലാതെ അതിനെ സ്പർശിക്കില്ല. പിശാചിനു അവ പ്രാപ്യമല്ല, പിശാച് അത് തൊടുകയുമില്ല. മലാഇകത് ആ ഗ്രന്ഥത്തെ വലയം ചെയ്യുന്നു.

ഭൂമിയിൽ അഭൗമിക, ഭൗമിക ലോകങ്ങളിൽ ഖുർആൻ സുരക്ഷിതമാണ്. അതിനെ ഇല്ലാതാക്കാനോ മാറ്റിമറിക്കാനോ ഒരാൾക്കും സാധ്യമല്ല. ജിബ് രീൽ(അ) ശ്രദ്ധയോടെ അത് തിരുനബിക്കു കൈമാറി. വിവിധ സന്ദർഭങ്ങളിലായി ജിബ്രീൽ തിരുനബിക്ക് ഖുർആൻ എത്തിച്ചുകൊടുത്തു. നഷ്ടപ്പെടുമെന്ന ഭയത്തോടെ, അല്ലെങ്കിൽ അവയോടുള്ള അതിയായ സ്നേഹത്താൽ, അല്ലെങ്കിൽ കൂടുതൽ ഓർത്തുവെക്കാൻ തിരുനബി ഓരോ വഹ് യിൻ്റെ അവസരത്തിലും ധൃതി പിടിച്ച് ആവർത്തിച്ചു പാരായണം ചെയ്യുമായിരുന്നു. അപ്പോഴാണ് അല്ലാഹു നിർദ്ദേശിക്കുന്നത്. “നബിയേ, താങ്കൾ വേഗം സ്വായത്തമാക്കാൻ നാവു ധൃതിയിൽ ചലിപ്പിക്കേണ്ടതില്ല. നാം തന്നെ അതിനെ നിങ്ങളുടെ മനസ്സിൽ ക്രോഡീകരിക്കും. തുടർന്നു അതിനെ പാരായണം ചെയ്യിപ്പിക്കും. ജിബ്രീൽ ഓതുന്നതിനെ പിന്തുടരുക. പാരായണം ചെയ്യുക, പിന്നീട് നാം തന്നെ അതു വിശദീകരിച്ചുതരും." തീർത്തും തിരുനബിയുടെ വചനങ്ങളാണെന്നു ചിന്തിക്കാൻ സാധ്യമല്ലാത്ത വിധമാണ് ഖുർആൻ അവതരിച്ചത്. അല്ലാഹുവിന്റെ അദൃശ്യ നിയന്ത്രണങ്ങൾ വ്യക്തമാവുന്ന രീതിയിലും സാഹചര്യത്തിലുമായിരുന്നു അത്.

വിവിധ ഘട്ടങ്ങളിലവതരിച്ച വചനങ്ങൾ വർഷത്തിൽ ഒരു തവണ ജിബ്‌രീൽ അവതരിച്ച ക്രമപ്രകാരം പാരായണം ചെയ്തു‌ തിരുനബിയെ ശീലിക്കും. തിരുനബിയുടെ അന്ത്യകാലത്ത് അത് വർഷത്തിൽ രണ്ട് തവണ ചെയ്തു. നിസ്‌കാരത്തിലും അല്ലാതെയും തിരുനബി ഖുർആൻ പാരായണം ചെയ്‌തു കൊണ്ടേയിരുന്നു. അതു സ്വഹാബത്ത് ഏറ്റുചൊല്ലി. അവർ ഹൃദിസ്ഥമാക്കി തിരുനബിയെ കേൾപ്പിച്ചു. അങ്ങനെ ധാരാളപേർ ഖുർആൻ ഹൃദിസ്ഥരുണ്ടായി. ബിഅ്റ് മഊനയിൽ 70 ഹാഫിളുകളാണ് കൊല്ലപ്പെട്ടത്. ഇതു ഹാഫിളുകളുടെ എണ്ണപ്പെരുപ്പത്തെ സാക്ഷ്യപ്പെടുത്തുന്നതാണ്.

തിരുനബി ഖുർആൻ ഓതുന്നത് ശ്രദ്ധേയമായിരുന്നു. കേൾക്കുന്നവർക്കു ഹൃദിസ്ഥമാക്കുവാൻ പാകത്തിലായിരുന്നു അവിടുത്തെ പാരായണം. അർത്ഥം ചിന്തിച്ചും ചിന്തിപ്പിച്ചും ശരീര ഭാഷയിൽ പോലും അതു പ്രകടമാക്കി. ഖുർആൻ പാരായണം ചെയ്ത് രാവിനെ പകലാക്കി മാറ്റി. നിസ്‌കാരത്തിലായിരുന്നു തിരുനബിയുടെ ഖുർആൻ പാരായണമധികവും. ചില ദിനങ്ങളിൽ നിർത്തത്തിന്റെ ദൈർഘ്യത്താൽ തിരുനബിയുടെ കാലുകൾ നീരു കെട്ടി വണ്ണം വെച്ചിരുന്നതായി ഹദീസുകളിൽ നിന്നും വ്യക്തമാകുന്നതാണ്.

ഹാഫിളുകൾ അതു മറ്റുള്ളവരിലേക്കു പ്രസരിപ്പിച്ചു. മക്കൾക്കതു പഠിപ്പിച്ചു കൊടുത്തു. ഓരോ പുതിയ മുസ്ലിമിനും ഖുർആൻ മനഃ പാഠമാക്കിയവരെ നിയോഗിച്ചു ഖുർആൻ പഠിപ്പിച്ചു. അങ്ങനെ ധാരാളം ഹാഫിളുകളായ സ്ത്രീകളും പുരുഷന്മാരും ഉണ്ടായി. എന്തിനേറെ പറയണം. വിവാഹ മൂല്യമായ മഹ്റ് പോലും ഖുർആൻ പഠിക്കലായി നിശ്ചയിച്ചു. ജീവിതത്തിൽ ഖുർആൻ പാരായണത്തിനു മുഖ്യ പ്രാധാന്യം നൽകി. ഇതെല്ലാം ഒരു വ്യത്യാസവുമില്ലാതെ യഥാർത്ഥ ഖുർആനെ സംരക്ഷിക്കാൻ കാരണമായി.

ഖുർആനെഴുത്ത് തിരുനബിയുടെ കാലത്ത്
ഖുർആൻ ഹൃദിസ്ഥമാക്കുക മാത്രമല്ല അത് എഴുതിവെക്കുന്ന രീതി കൂടി വളരെ പ്രാധാന്യത്തോടെ പരിഗണിച്ചിരുന്നു. തിരുനബിയുടെ വചനങ്ങളൊന്നും തന്നെ എഴുതൽ അനുവദനീയമായിരുന്നില്ല. അക്കാലത്ത് ഖുർആനും മറ്റുള്ളതും ഇടകലർന്നാൽ തിരിച്ചറിയാതെ വരികയും ഖുർആനല്ലാത്തത് ഖുർആനായി ഗണിക്കുകയും ചെയ്തേക്കാമെന്നു ഭയന്നായിരുന്നു ഇത്. ഖുർആൻ എഴുതിയ വസ്‌തുക്കളുമായി സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലേക്ക് യാത്ര പോകുന്നത് തിരുനബി തടഞ്ഞിരുന്നു. മാത്രമല്ല, വിശുദ്ധിയോടെ മാത്രമേ അതു സ്‌പർശിക്കാൻ അനുവദിച്ചിരുന്നുള്ളൂ.

ഖുർആനെഴുതിയ ശിഷ്യർ

ഇവർ ഖുർആൻ മാത്രമാണെഴുതിയത്. വഹ് യ് വരുമ്പോൾ തിരുനബിയുടെ കല്പന പ്രകാരമായിരുന്നു എഴുതിയിരുന്നത്

1. അബ്‌ദുല്ലാഹിബ്‌നു അബു സ്സറഹിൽ ഖുറയ്ശിൽ ആമിരി. അദ്ദേഹമായിരുന്നു ആദ്യം ഖുർആൻ എഴുതിയിരുന്നത്. ഹിജ്റ 36ൽ അദ്ദേഹം വഫാത്തായി.

2. ഉസ്മ‌ാനുബ്നു അഫ്‌ഫാൻ( റ).

3. അലിയ്യുബ്നു അബീത്വാലിബ്: കൂടുതൽ ഖുർആൻ എഴുതിയത് അലി(റ) ആയിരുന്നു.

4. ഉബയ്യുബ്നു കഅ്ബ്: മദീനയിലെ ആദ്യ ഖുർആൻ എഴുത്തുകാരൻ.

5. സൈദുബ്നു സാബിത് - തിരുനബിയുടെ എഴുത്തുകാരൻ എന്ന നാമത്തിൽ അദ്ദേഹം അറിയപ്പെട്ടു. സർവ്വ സമയവും തിരുനബിയോടൊപ്പം സഞ്ചരിച്ച് അദ്ദേഹം ഖുർആൻ പകർത്തി. ഹിജ്റ 45ൽ അദ്ദേഹം വഫാതായി.

6. മുആവിയതുബ്‌നു അബീ സുഫ്‌യാൻ-തിരുനബിയുടെ മുമ്പിൽ വെച്ചായിരുന്നു അവർ എഴുതിയിരുന്നത്. തിരുനബി നിർദ്ദേശിക്കുന്ന ലിപിയിലായിരുന്നു എഴുത്ത്. എഴുതിയ വസ്തുക്കൾ തിരുനബിയുടെ ഭവനത്തിൽ തന്നെ സൂക്ഷിക്കപ്പെട്ടു. മറ്റു പലരും ഖുർആൻ എഴുതിയിരുന്നു. പക്ഷേ, അത് തിരുനബിയുടെ പ്രത്യേക നിർദ്ദേശ പ്രകാരമായിരുന്നില്ല.

ഖുർആൻ എഴുതപ്പെട്ട വസ്തുക്കൾ

1. തോൽക്കഷ്ണങ്ങൾ.

2. എല്ലുകൾ.

3. ഈത്തപ്പന മട്ടൽ.

4. കല്ലുകൾ.

5. മരപ്പലക.

6. ഒട്ടകത്തിന്റെ ജീനി.

തിരുനബിയുടെ കാലത്ത് തന്നെ ഖുർആൻ ഒരൊറ്റ ഗ്രന്ഥമായി ക്രോഡീകരിക്കാതിരുന്നതിന് ധാരാളം കാരണങ്ങൾ പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് തിരുനബിയുള്ളതു കൊണ്ട് തന്നെ ഖുർആൻ സുരക്ഷിതമായിരുന്നു. എഴുത്തിനേക്കാൾ ഹൃദിസ്ഥമാക്കുന്നതിനു പ്രാധാന്യം നൽകി. പല സമയങ്ങളിലായി അവതരിച്ച ഖുർആൻ സൂക്തങ്ങളും അധ്യായങ്ങളും അതിൻ്റെ യഥാർത്ഥ ക്രമത്തിലായിരുന്നില്ല അവതരിച്ചിരുന്നത്. തിരുനബിയുടെ കാലത്ത് തന്നെ ക്രോഡീകരിച്ചാൽ വീണ്ടും വീണ്ടും ക്രമം മാറ്റേണ്ടി വരുമായിരുന്നു. ഖുർആനിന്റെ ക്രമം ജിബ്രീൽ തന്നെ തിരുനബിക്കു അറിയിച്ചിരുന്നു. അവതരിച്ച സമയത്തിനും കാലത്തിനും ഇടയിലെ ദൈർഘ്യം ചിലപ്പോൾ വർദ്ധിച്ചിരുന്നു. തിരുനബിയുടെ വഫാത്തിന്റെ മുമ്പ് വരെ ഖുർആൻ ഇറങ്ങിക്കൊണ്ടിരുന്നു. എല്ലാറ്റിനും പുറമെ ഹൃദയത്തിൽ നിന്നെടുത്തു ഖുർആൻ പാരായണം ചെയ്യുന്ന ധാരാളം പേർ അന്ന് ധാരാളമുണ്ടായിരുന്നു.

Questions / Comments:



6 April, 2024   04:40 pm

കുഞ്ഞാൻ

വളരെ നല്ലൊരു വായന????????????????


SOCIAL

ശാസ്ത്രത്തെ മൂല്യാനുസൃതമായി സമീപിക്കാതിരുന്നതോടുകൂടെ സാങ്കേതിക വിദ്യ പ്രകൃതിവിരുദ്ധമായി തുടങ്ങി. ശാസ്ത്ര-സാങ്കേതിക രംഗങ്ങൾ പ്രഫുല്ലമായിരുന്ന മുസ്‌ലിം...

RELIGION

പവിത്രമായ ആമോദപ്പുടവയണിഞ്ഞ് പെരുന്നാൾ സുദിനം അണവായിരിക്കുന്നു. പാരിതോഷികങ്ങളുടെ വിരുന്നുസൽക്കാരമായ ഈദുൽ ഫിത്വർ. റമളാനിൽ നുകർന്ന നന്മകളുടെ നനവുകൊണ്ട് നമുക്കീ...

RELIGION

താതാർസ്ഥാൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമാണ് കാസാൻ. ഈ യൂറോപ്യൻ പട്ടണത്തിലെ റമളാനുകൾ അതിമനോഹരമാണ്. നീണ്ടകാലത്തെ സാംസ്കാരിക അടിച്ചമർത്തലുകൾക്കു ശേഷം ആത്മീയാനുഭവങ്ങളിലേക്ക്...

RELIGION

ചൈനയിലെ ഉയ്ഗൂർ മുസ്ലിംകൾ വിവിധ മതനിയന്ത്രണങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. നോമ്പ് കാലത്ത് സ്കൂളുകളിൽ കുട്ടികളെ ഭക്ഷണം കഴിക്കാൻ നിർബന്ധിപ്പിക്കുന്ന ചൈനീസ്...

RELIGION

അമിതാഹാരമുണ്ടാക്കുന്ന ആലസ്യം മനുഷ്യന്റെ കര്‍മകുശലതയെ ഭഞ്ജിക്കുകയും അതിവേഗ വാർദ്ധക്യം സമ്മാനിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ, മുസ്‌ലിമിൻ്റെ നോമ്പനുഷ്ഠാനം...

BOOKHIVE

സർവചലനനിശ്ചലതയിലും അതിശയരായ അമ്പിയരാജരെ പകർത്തെഴുതുന്നതിലൂടെ സുഗന്ധകുസുമങ്ങളായി പുതുങ്ങുകയാണ് നാമോരോരുത്തരും. തിരുനബിയനുചരരുടെ മേൽവിലാസം തന്നെ അവിടുത്തെ...

RELIGION

_ശരീരത്തിൻ്റെ ജഡികതാൽപര്യങ്ങളെ, അധമ കാമവിചാരങ്ങളെ പ്രലോഭനങ്ങളുടെ പ്രകോപനങ്ങളുണ്ടാകുമ്പോഴും പരിത്യജിക്കാനുള്ള പാകപ്പെടലാണ് വ്രതാനുഷ്ഠാനം. തിരുനബിയുരത്ത ജിഹാദുൽ അക്ബറെന്ന...

RELIGION

സമസ്ത സൗന്ദര്യസങ്കൽപ്പങ്ങളുടെയും സമഗ്രസമ്മേളനമായിരുന്നു ആറ്റലോരുടെ തിരുശരീരാവയവങ്ങൾ. അവിടുത്തെ ആകാര സൗഷ്ടവം ഉപമാലങ്കാരങ്ങൾ അസാധ്യമാം വിധം...

RELIGION

വിശാലമായ തിളക്കമുള്ള നെറ്റിത്തടം, വടിവൊത്ത് ദ്വയങ്ങൾ പരസ്പരം ചേരാത്ത രോമനിബിഢമായ പുരികങ്ങൾ, മൃദുലമായ പരന്ന കവിളുകൾ, ചുവപ്പു കലർന്ന തൂവെള്ള കണ്ണുകൾ, കറുത്ത കൃഷ്ണമണികൾ. ഇങ്ങനെ നീളുന്നു...

RELIGION

ഉപമിക്കാനാവാത്ത വിധം സൗന്ദര്യനിദർശനമായ പ്രവാചകരുടെ അവയവാകാര സൗഷ്ഠവത്തിൽ വിശുദ്ധ വക്ത്രം, ദശനങ്ങൾ, നാസിക, ശ്രവണേന്ദ്രിയം, അധരങ്ങൾ, ഉമിനീർ എന്നിവയുമായി ബന്ധപ്പെട്ട ചർച്ച...

RELIGION

തിരുനബിയെ വർണിക്കാൻ ഏറ്റവും അഭികാമ്യമായ ഭാഷയോ വാക്കുകളോ അവർക്കില്ലായിരുന്നു. റസൂലിന്റെ സൗന്ദര്യത്തിന്റെ പരിപൂർണത ഭാഷക്കില്ലായിരുന്നു. ആ സൗന്ദര്യത്തെ പൂർണമായി മനസ്സിലാക്കാനും...

RELIGION

തിരുനബിയുടെ സൗന്ദര്യത്തെയും ശരീരപ്രകൃതത്തെയും സസൂക്ഷമം വിശകലനം ചെയ്യുന്ന പഠനശാഖയാണ് ശമാഇലുന്നബി. ഗഹനവും വശ്യവുമായ തിരുസൃഷ്ടിപ്പിന്റെ അഗാധതയാണതിന്റെ ആധാരം....