"അത് എന്റെനേരെ വന്നു. അതിനെ ഞാൻ ഭയന്നു. അത് ഒരു മനുഷ്യനാണെന്ന് ഞാൻ മനസ്സിലാക്കിയില്ല."

2020 മേയ് 25 ന് അമേരിക്കയിലെ മിനിയാപോളിസിൽ ജോർജ്ജ് ഫ്ലോയിഡിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഡെറിക് ചൗവ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വിചാരണ വേളയിലെ വാക്കുകളാണിത്. കറുത്ത വംശജനെ കേവലം മനുഷ്യനായിപ്പോലും കാണാനാവാത്തവിധം വംശവെറി ഈ വാക്കുകളിൽ പ്രകടമാണ്. മാനവരാശിയെ കണ്ണീരിലാഴ്ത്തിയ ഇത്തരം നിരവധി ക്രൂരതകളും നൃശംസതകളുമാണ് വംശവെറി ലോക ചരിത്രത്തിൽ ബാക്കി വെച്ചിട്ടുള്ളത്. എന്നാൽ ഈ വെറുപ്പിന്റെ പ്രത്യയത്തെ സൈദ്ധാന്തിക ആവരണമണിയിക്കുകയായിരുന്നു സോഷ്യൽ ഡാർവിനിസം (Social Darwinism) ചെയ്തത്.

   ഭൗമാന്തരീക്ഷത്തിൽ കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിക്ഷോഭങ്ങളുമടക്കമുള്ള അവസ്ഥാന്തരങ്ങൾ സംഭവിക്കുമ്പോൾ അതിജീവനശേഷി കൈവരിച്ച ജീവജാലങ്ങൾക്കു മാത്രമേ നിലനിൽക്കാൻ കഴിയുകയുള്ളൂവെന്നാണ് ചാൾസ് ഡാർവിൻ തന്റെ സർവൈവൽ ഓഫ് ദി ഫിറ്റസ്റ് (Survival of the fittest) ലൂടെ വ്യക്തമാക്കുന്നത്. 1859 ൽ പ്രസിദ്ധീകരിച്ച ഒറിജിൻ ഓഫ് സ്പീഷീസ് എന്ന ഗ്രന്ഥത്തിലാണ് ഇക്കാര്യം ആദ്യമായി അദ്ദേഹം മുന്നോട്ടുവെക്കുന്നത്. കോടിക്കണക്കിന് വർഷം മുമ്പ് ജീവിച്ച പല സ്പീഷീസുകളും വംശനാശം സംഭവിക്കുകയും മറ്റു പല ജീവിവർഗങ്ങൾ അനിവാര്യമായ ശാരീരിക മാറ്റങ്ങൾക്കു വിധേയമാവുകയും ചെയ്തത് ഇതിന്റെ ഭാഗമായാണെന്നാണ് ഡാർവിന്റെ പരിണാമ സിദ്ധാന്തം പറയുന്നത്. തീർത്തും പ്രകൃതിപരമായ ഈ വീക്ഷണത്തെ സമൂഹവത്കരിക്കുകയായിരുന്നു സോഷ്യൽ ഡാർവിനിസം ചെയ്തത്. ഹെർബർട്ട് സ്പെൻസർ (Herbert Spencer-1820-1903) എന്ന ബ്രിട്ടീഷ് ചിന്തകനാണ് മനുഷ്യത്വ വിരുദ്ധമായ ഈ ആശയത്തെ ആദ്യമായി എഴുന്നള്ളിച്ചത്. സമൂഹത്തിൽ അടിച്ചമർത്തപ്പെട്ടവരും അധഃസ്ഥിതരുമായ ജനവിഭാഗങ്ങൾ സ്വാഭാവികമായും അനിവാര്യമായും രൂപപ്പെട്ടതാണെന്നും മേധാവിത്തമുള്ള പ്രബലവിഭാഗങ്ങൾ തങ്ങളുടെ ജൈവികവും പ്രകൃതിപരവുമായ മേൽക്കോയ്മയാണ് അനുഭവിക്കുന്നതെന്നും അവർ സിദ്ധാന്തിച്ചു. ചാൾസ് ഡാർവിന്റെ ഒറിജിൻ ഓഫ് സ്പീഷീസ് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തന്നെ സ്പെൻസർ ഈ ആശയം മുന്നോട്ടുവെക്കുന്നുണ്ട്.

1880-ലാണ് സോഷ്യൽ ഡാർവിനിസം എന്ന പദം ആദ്യമായി യൂറോപ്പിൽ പ്രത്യക്ഷപ്പെടുന്നത്. 1877-ൽ ബെർലിനിൽ നടന്ന ഒരു ആരോഗ്യ സമ്മേളനത്തെ പരാമർശിച്ച് പത്രപ്രവർത്തകയായ എമിലി ഗൗട്ടിയർ (Emilie Gautier)ഈ പദം ഉപയോഗിക്കുന്നുണ്ട്. പിന്നീട് 1900-കളിൽ ഇത് സാമൂഹ്യശാസ്ത്രത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ഒരു കാലത്ത് പാശ്ചാത്യൻ നാടുകളിൽ ഏറെ പ്രചാരം നേടുകയും വ്യവസായ വിപ്ലവത്തെ തുടർന്ന് രൂപപ്പെട്ടുവന്ന കൊളോണിയൽ അധിനിവേശത്തെയും വംശീയ മുൻവിധികളെയും ഏറെ താത്വികവത്കരിക്കുകയും ചെയ്ത ഈ ആശയം പലതരത്തിൽ ബൗദ്ധിക സംവാദങ്ങൾക്ക് വിഷയീഭവിച്ചു. ബ്രിട്ടീഷ് കോളനിയായിരുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ജനങ്ങളെ സംസ്കാരം പഠിപ്പിക്കുക എന്നത് തങ്ങളുടെ ദൗത്യമാണെന്ന് കൊട്ടിഘോഷിച്ചു കൊണ്ടാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യക്കാരുടെ തദ്ദേശീയമായ സാംസ്കാരിക മൂല്യങ്ങളെ നാടു കടത്തിയതും പാശ്ചാത്യൻ ശീലങ്ങൾ ഇറക്കുമതി ചെയ്തതും. സാമ്രാജ്യത്വ ശക്തികൾക്ക് സൈദ്ധാന്തിക അടിത്തറ പാകുന്നതിൽ സോഷ്യൽ ഡാർവിനിസം മുഖ്യപങ്കുവഹിച്ചു എന്നു വേണമെങ്കിൽ പറയാം.

തൊഴിലാളിവർഗത്തെയും ദരിദ്രജനവിഭാഗങ്ങളെയും സംരക്ഷിക്കുന്നതിനുള്ള നിയമ സംവിധാനങ്ങൾക്കെതിരെ റോബർട്ട് സ്പെൻസർ രംഗത്തുവരുന്നുണ്ട്. സാമൂഹിക ഡാർവനിസത്തിന്റെ വാക്താവായിരുന്ന അമേരിക്കൻ സാമ്പത്തിക വിദഗ്ധൻ വില്യം ഗ്രഹാം സംനർ (William Graham Sumner) ക്ഷേമ രാഷ്ട്രമെന്ന സങ്കൽപ്പത്തെതന്നെ തള്ളിപ്പറയുന്നുണ്ട്. സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും രാഷ്ട്രീയവുമായ സമത്വവും സ്വാതന്ത്ര്യവും നീതിയും ഓരോ വ്യക്തിക്കും ഉറപ്പു വരുത്തണമെന്നതാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിൽ രൂപം കൊണ്ട ക്ഷേമ രാഷ്ട്രം (Welfare State) കൊണ്ട് അർത്ഥമാക്കുന്നത്. തോമസ് കാർലൈൻ , ജോൺ റസ്കിൻ , വില്യം മോറിസ് , മാത്യൂ ആർനോൾഡ് തുടങ്ങിയവർ രൂപംകൊടുത്ത ഈ ആശയത്തിന് ലോകതലത്തിൽ വൻ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. എന്നാൽ സോഷ്യൽ ഡാർവിനിസ്റ്റുകൾ ഈ നല്ല രാഷ്ടീയ കാഴ്ചപ്പാടിനെ തമസ്കരിക്കുകയായിരുന്നു.
സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം നേടുന്നതിന് വ്യക്തികൾ സ്വതന്ത്രമായി മത്സരത്തിലേർപ്പെടണമെന്നും വ്യവസ്ഥാപിതമായി ഒരാനുകൂല്യവും അധഃസ്ഥിത വിഭാഗം അർഹിക്കുന്നില്ലെന്നും ഗ്രഹാം സംനർ അഭിപ്രായപ്പെട്ടു.

യൂജെനിക്സും 
സ്വീകാര്യതയും

1883 ൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ സർ ഫ്രാൻസിസ് ഗാർട്ടൺ (Sir Francis Galton) രൂപം കൊടുത്ത സോഷ്യൽ ഡാർവിനിസത്തിന്റെ മറ്റൊരു പതിപ്പാണ് യൂജെനിക്സ് (Eugenics).
വംശം, വർണം, ജാതി തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള വർഗീകരണം സാമൂഹികവും പ്രകൃതിപരവുമാണെന്നിരിക്കെ അടിസ്ഥാന വർഗത്തെയും 'കഴിവുകെട്ടവരെ'യും സംരക്ഷിക്കുന്നതിന് പകരം അവരുടെ വിധിക്കു വിട്ടുകൊടുക്കണമെന്നും യൂജെനിക്സുകൾ വാദിച്ചു. സോഷ്യൽ ഡാർവിനിസ്റ്റകളുടെ സമാന ചിന്താഗതിയാണ് ഇവരും മുന്നോട്ടുവെച്ചതെങ്കിലും ഈ 'കഴിവുകെട്ടവരെ' ഉന്മൂലനം ചെയ്യാൻ വേണ്ടി വന്ധീകരണം ഉൾപ്പെടെയുള്ള ക്രൂരവും മാരകവുമായ പരിഹാരങ്ങൾ ഇവർ നിർദേശിച്ചു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭകാലത്ത് പാശ്ചാത്യൻ രാജ്യങ്ങളിൽ സർക്കാർ ചെലവിൽ തന്നെ ഇവരുടെ ആശയങ്ങൾ പ്രയോഗത്തിൽ വരികയുണ്ടായി. ഗാൽട്ടന്റെ ചിന്താപദ്ധതി അദ്ദേഹത്തിന്റെ സ്വന്തം രാജ്യമായ ബ്രിട്ടണിൽ വേണ്ടത്ര‌ വേരുപിടിച്ചില്ലെങ്കിലും അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങളിൽ 1920-30 കാലത്ത് ഇതിന് വ്യാപകമായ തോതിൽ പ്രചാരണം ലഭിച്ചു. യൂജെനിക്സ് സിദ്ധാന്തത്തെ അനുകൂലിച്ചു കൊണ്ട് സിനിമകളും പുസ്തകങ്ങളും വരെ പുറത്തിറങ്ങി. മാത്രമല്ല ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ അമേരിക്കയിലെ മുപ്പത്തിരണ്ട് സംസ്ഥാനങ്ങൾ പ്രത്യേക നിയമങ്ങൾ പാസ്സാക്കുകയും ചെയ്തു. ഇതേതുടർന്ന് കുടിയേറ്റക്കാർ, കറുത്ത വർഗക്കാർ, മാനസിക രോഗികൾ, തുടങ്ങിയ 64000 പേരെ നിർബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കി.

അറുപത് ലക്ഷത്തോളം വരുന്ന ജൂതന്മാരെ കൂട്ടക്കൊല ചെയ്ത ഹിറ്റ്ലർക്കും സോഷ്യൽ ഡാർവിനിസം പ്രചോദനമായിട്ടുണ്ട്. കാലിഫോർണിയയിൽ നടന്ന നിർബന്ധിത വന്ധ്യംകരണം അദ്ദേഹത്തെ ഈ ആശയത്തിൽ ആകൃഷ്ടനാക്കി. 1924 ലെ ബിയർ ഹാൾ ബുഷ് (Beer Hall Push) എന്നറിയപ്പെട്ട അട്ടിമറി ശ്രമത്തെത്തുടർന്ന് തടവുശിക്ഷയനുഭവിക്കുമ്പോഴാണ് ഹിറ്റ്ലർ സോഷ്യൽ ഡാർവിനിസത്തെക്കുറിച്ച് ആദ്യമായി വായിച്ചറിയുന്നത്. യഹൂദർ, റോമക്കാർ, പോളണ്ടുകാർ, കമ്യൂണിസ്റ്റുകൾ, വികലാംഗർ, സ്വവർഗാനുരാഗികൾ ഇവരെ ഉന്മൂലനം ചെയ്യുന്നതിന് സൈദ്ധാന്തിക പിന്തുണ നൽകിയത് ഈ ആശയമായിരുന്നുവെന്ന് ചുരുക്കം. എന്നാൽ രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതോടെ ആഗോള തലത്തിൽ ജർമനിയുടെ സ്വാധീനം കുറയുകയും ഈ വംശീയ സിദ്ധാന്തത്തിന് അമേരിക്കയിലും യൂറോപ്പിലും സ്വീകാര്യത നഷ്ടപ്പെടുകയും ചെയ്തു.

  പുതിയകാല രാഷ്ട്രീയ സംവാദങ്ങളിൽ വേണ്ടത്ര ചർച്ച ചെയ്യപ്പെടാതെ പോയതും വംശീയമായ അസമത്വങ്ങളെ ന്യായീകരിക്കുകയും ചെയ്ത സോഷ്യൽ ഡാർവിനിസത്തിനും യൂജെനിക്സിനും ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തവുമായി യാതൊരു ബന്ധവുമില്ല. ജീവികളുടെ പരിണാമ വഴികൾ വിശദീകരിക്കുന്നതിന് ഡാർവിൻ കൊണ്ടുവന്ന പ്രകൃതി നിർധാരണ നിയമത്തെ (Low of Natural Mutation) രാഷ്ട്രീയവും വംശീയവുമായി ദുരുപയോഗം ചെയ്യുകയായിരുന്നു അവർ. വില്യം ജെന്നിംഗ്സ് (William Jennings Brayan) സ്റ്റീവൻ പിങ്കർ (Steven Pinker) തുടങ്ങിയ പാശ്ചാത്യൻ ചിന്തകർ സോഷ്യൽ ഡാർവനിസത്തിന്റെ പ്രത്യയശാസ്ത്ര നിഗൂഢതക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. സ്റ്റീവൻ പിങ്കർ സോഷ്യൽ ഡാർവനിസത്തെക്കുറിച്ചെഴുതുന്നത് ഇങ്ങനെയാണ്. "this is a fallacy of appeal to nature as natural selection is a description of a biological phenomenon and does not imply that this phenomenon is morally desirable in human society. " തീർത്തും പ്രകൃതിപരമായ നാച്ചറൽ സെലക്ഷനെന്ന പ്രതിഭാസത്തെ സമൂഹത്തിലെ ധാർമികതയെ നിർണയിക്കാൻ വേണ്ടി വലിച്ചിഴക്കുന്നത് പരമാബദ്ധമാണ്." ഇന്നും വംശീയതയുടെ പേരിൽ ക്രൂരമായ ആക്രമണങ്ങൾ നടക്കുകയും വംശീയ മേൽക്കോയ്മ ഭരണകക്ഷിയെ തെരഞ്ഞടുക്കുന്നതിൽ മുഖ്യപങ്കു വഹിക്കുകയും ചെയ്യുന്ന കാലത്ത് സോഷ്യൽ ഡാർവനിസം കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. പശ്ചിമേഷ്യയിൽ നിന്നും വടക്കേ ആഫ്രിക്കയിൽ നിന്നുമുള്ള അഭയാർത്ഥികളെ സ്വീകരിക്കാൻ മടിച്ചിരുന്ന പോളണ്ട്, യുക്രൈൻ അഭയാർത്ഥികളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതിന് പിന്നിലെ രാഷ്ട്രീയവും വംശീയമാണ്. കെല്ലി കോബിയെല്ല എന്ന എൻ.ബി.സി ന്യൂസ് ലേഖകന്റെ പ്രതികരണം ഇത് വ്യക്തമാക്കുന്നുണ്ട്. "വ്യക്തമായി പറഞ്ഞാല്‍, അവര്‍ സിറിയയില്‍നിന്നുള്ള അഭയാർഥികളല്ല, യുക്രെയ്നില്‍നിന്നുള്ള അഭയാർഥികളാണ്. അവര്‍ ക്രിസ്ത്യാനികളാണ്, വെളുത്തവരാണ്. അവര്‍ നമ്മോട് വളരെ സാമ്യമുള്ളവരാണ്". മനുഷ്യ സമൂഹത്തെ വിഭജിക്കുന്ന ഈ വെറുപ്പിന്റെ സിദ്ധാന്തത്തോടൊപ്പമായിരുന്നു സോഷ്യൽ ഡാർവിനിസ്റ്റുകളുടെ സഞ്ചാരം. ഇസലാമോ ഫോബിയയും വർണവെറിയും യൂറോകേന്ദ്രീകൃത സാംസ്കാരിക അധിനിവേശവും ചർച്ച ചെയ്യുന്നിടത്തെല്ലാം സാമൂഹ്യ ഡാർവിനിസവും വിമർശനവിധേയമാവേണ്ടതുണ്ട്. കാരണം വംശീയത പ്രയോഗപരമാണെങ്കിൽ അതിന്റെ സൈദ്ധാന്തികന്യായീകരണമായിരുന്നു സോഷ്യൽ ഡാർവിനിസം.

റഫറൻസ്
1"എ തിയറി ഓഫ് പോപ്പുലേഷൻ, ഡിഡ്യൂസ്ഡ് ദി ജനറൽ ലോ ഓഫ് ഹ്യൂമൻ ഫെർട്ടിലിറ്റി".
___ഹെർബർട്ട് സ്പെൻസർ

2. ആധുനിക ചൈനയ്ക്കുള്ള തിരയൽ. 
___ജൊനാഥൻ ഡി. സ്പെൻസ്.

3 "യൂറോപ്യൻ, അമേരിക്കൻ ചിന്തകളിൽ സാമൂഹ്യ ഡാർവിനിസം,
___ക്രൂക്ക് പോൾ (1999)

4. "ആംഗ്ലോഫോൺ അക്കാദമിക് ജേർണലുകളിലെ സോഷ്യൽ ഡാർവിനിസം: ടേമിന്റെ ചരിത്രത്തിലേക്കുള്ള ഒരു സംഭാവന"
___ഹോഡ്‌സൺ ജെഫ്രി എം

5. അമേരിക്കൻ ചിന്തയിലെ സോഷ്യൽ ഡാർവിനിസം
___Hofstadter Richard

6"സോഷ്യൽ ഡാർവിനിസം പുനഃപരിശോധിച്ചു", ഹിസ്റ്ററി ടുഡേ
__ജോൺസ് ലെസ്ലി

7. സോഷ്യൽ ഡാർവിനിസത്തിനായുള്ള യൂജെനിക്‌സിനെ തെറ്റിദ്ധരിപ്പിക്കുന്നു: അമേരിക്കൻ സാമ്പത്തിക ശാസ്ത്രത്തിന്റെ ചരിത്രത്തിൽ നിന്ന് യുജെനിക്‌സ് എന്തുകൊണ്ട്
കാണുന്നില്ല __ ലിയോനാർഡ് തോമസ്

Questions / Comments:



No comments yet.


PORTRAIT

പടച്ചവനോടുള്ള സ്നേഹം സഹജീവികളിലേക്കങ്ങനെ ഒഴുകുമ്പോൾ, അത്രമേൽ സൂക്ഷ്മതയോടെ ആരാധനകളിലും ഓരോ ചലന നിശ്ചലനതയിലും മുഴുകുമ്പോൾ, ജീവിതം വിനയമാകുമ്പോൾ, അവർ ഇലാഹീ പ്രണയത്തിലലിഞ്ഞിരിക്കുകയാണ്....

SOCIAL

ശാസ്ത്രത്തെ മൂല്യാനുസൃതമായി സമീപിക്കാതിരുന്നതോടുകൂടെ സാങ്കേതിക വിദ്യ പ്രകൃതിവിരുദ്ധമായി തുടങ്ങി. ശാസ്ത്ര-സാങ്കേതിക രംഗങ്ങൾ പ്രഫുല്ലമായിരുന്ന മുസ്‌ലിം...

RELIGION

പവിത്രമായ ആമോദപ്പുടവയണിഞ്ഞ് പെരുന്നാൾ സുദിനം അണവായിരിക്കുന്നു. പാരിതോഷികങ്ങളുടെ വിരുന്നുസൽക്കാരമായ ഈദുൽ ഫിത്വർ. റമളാനിൽ നുകർന്ന നന്മകളുടെ നനവുകൊണ്ട് നമുക്കീ...

RELIGION

പരിശുദ്ധ ഖുർആൻ മനുഷ്യസൃഷ്ടിക്കതീതമാണെന്ന് അതിൻ്റെ സംവേദനരീതിയും സാഹിതീയചാരുതിയും ആശയസമൃദ്ധിയും വ്യക്തമാക്കുന്നുണ്ട്. പാവനമായ ദൈവികമാർഗത്തിലൂടെ,...

RELIGION

അമിതാഹാരമുണ്ടാക്കുന്ന ആലസ്യം മനുഷ്യന്റെ കര്‍മകുശലതയെ ഭഞ്ജിക്കുകയും അതിവേഗ വാർദ്ധക്യം സമ്മാനിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ, മുസ്‌ലിമിൻ്റെ നോമ്പനുഷ്ഠാനം...

BOOKHIVE

സർവചലനനിശ്ചലതയിലും അതിശയരായ അമ്പിയരാജരെ പകർത്തെഴുതുന്നതിലൂടെ സുഗന്ധകുസുമങ്ങളായി പുതുങ്ങുകയാണ് നാമോരോരുത്തരും. തിരുനബിയനുചരരുടെ മേൽവിലാസം തന്നെ അവിടുത്തെ...

RELIGION

സമസ്ത സൗന്ദര്യസങ്കൽപ്പങ്ങളുടെയും സമഗ്രസമ്മേളനമായിരുന്നു ആറ്റലോരുടെ തിരുശരീരാവയവങ്ങൾ. അവിടുത്തെ ആകാര സൗഷ്ടവം ഉപമാലങ്കാരങ്ങൾ അസാധ്യമാം വിധം...

RELIGION

വിശാലമായ തിളക്കമുള്ള നെറ്റിത്തടം, വടിവൊത്ത് ദ്വയങ്ങൾ പരസ്പരം ചേരാത്ത രോമനിബിഢമായ പുരികങ്ങൾ, മൃദുലമായ പരന്ന കവിളുകൾ, ചുവപ്പു കലർന്ന തൂവെള്ള കണ്ണുകൾ, കറുത്ത കൃഷ്ണമണികൾ. ഇങ്ങനെ നീളുന്നു...

RELIGION

ഉപമിക്കാനാവാത്ത വിധം സൗന്ദര്യനിദർശനമായ പ്രവാചകരുടെ അവയവാകാര സൗഷ്ഠവത്തിൽ വിശുദ്ധ വക്ത്രം, ദശനങ്ങൾ, നാസിക, ശ്രവണേന്ദ്രിയം, അധരങ്ങൾ, ഉമിനീർ എന്നിവയുമായി ബന്ധപ്പെട്ട ചർച്ച...

RELIGION

തിരുനബിയെ വർണിക്കാൻ ഏറ്റവും അഭികാമ്യമായ ഭാഷയോ വാക്കുകളോ അവർക്കില്ലായിരുന്നു. റസൂലിന്റെ സൗന്ദര്യത്തിന്റെ പരിപൂർണത ഭാഷക്കില്ലായിരുന്നു. ആ സൗന്ദര്യത്തെ പൂർണമായി മനസ്സിലാക്കാനും...

RELIGION

തിരുനബിയുടെ സൗന്ദര്യത്തെയും ശരീരപ്രകൃതത്തെയും സസൂക്ഷമം വിശകലനം ചെയ്യുന്ന പഠനശാഖയാണ് ശമാഇലുന്നബി. ഗഹനവും വശ്യവുമായ തിരുസൃഷ്ടിപ്പിന്റെ അഗാധതയാണതിന്റെ ആധാരം....