സുൽത്വാനുൽ ആരിഫീൻ ശയ്ഖ് രിഫാഈ (റ) ഒരിക്കല്‍ ഉമ്മു അബീദാ ഗ്രാമത്തില്‍ കഠിനമായ രോഗത്താല്‍ ശരീരം മുഴുവന്‍ വ്രണം പൊട്ടിയൊലിക്കുന്ന ഒരു നായയെ കാണാനിടയായി. അസഹ്യമായ ദുര്‍ഗന്ധം മൂലം നാട്ടുകാര്‍ അതിനെ ഗ്രാമത്തിനു പുറത്തേക്കു ആട്ടിപ്പായിച്ചു. ഇതറിഞ്ഞ ശയ്ഖ് രിഫാഈക്ക് വേദന തോന്നി.

അദ്ദേഹം ആവശ്യമായ മരുന്നും ഭക്ഷണവും വെള്ളവും എടുത്തു നായയെ തേടി പുറപ്പെട്ടു. നായയെ കണ്ടെത്തി ഒരു പുഴയിൽ കൊണ്ടുപോയി കുളിപ്പിച്ചു.
പിന്നീട് ഒരു കൂടാരം നിര്‍മിച്ച് അവിടെ താമസിപ്പിച്ചു. ദിവസവും ഭക്ഷണവും മരുന്നും നല്‍കി ശുശ്രൂഷിച്ചു. നാല്‍പത് ദിവസങ്ങള്‍ക്ക് ശേഷം നായ പൂര്‍ണ ആരോഗ്യം പ്രാപിക്കുകയും അതിനെ പഴയ സ്ഥലത്ത് തന്നെ കൊണ്ടുവിടുകയും ചെയ്തു.

ഒരു നായയെ ഇത്രമേല്‍ ശുശ്രൂഷിക്കേണ്ടതുണ്ടോ? എന്ന് അത്ഭുതം കൂറിയ നാട്ടുകാരോട് ശയ്ഖ് പറഞ്ഞു: ‘നാളെ, പാരത്രിക ലോകത്ത് അല്ലാഹുവിന്റെ കോടതിയിൽ ഈ നായ കാരണം ചോദ്യം ചെയ്യപ്പെടുമെന്ന് ഞാന്‍ ഭയക്കുന്നു.’

തീരെ ഉപദ്രവകാരികളല്ലാത്ത, ശല്യമോ അപായമോ വരുത്താത്ത തെരുവു നായ്ക്കളെ എന്തു ചെയ്യണമെന്ന കാര്യത്തിൽ ശൈഖ് രിഫാഈയുടെ ഈ ഇടപെടലിൽ നല്ല മാതൃകയുണ്ട്. മനുഷ്യേതര ജീവികളോട് എത്ര സ്നേഹവായ്പോടെയാണ് പെരുമാറേണ്ടത് എന്ന് പഠിപ്പിക്കുകയായിരുന്നു മഹാൻ.

നായ്ക്കളെ വംശഹത്യ ചെയ്യാൻ നമുക്ക് അനുമതിയില്ല. എങ്കിൽ പിന്നെ പോറ്റി വളർത്താമോ? നോക്കൂ, സ്വഹീഹു മുസ്‌ലിമിലെ ഒരു അധ്യായത്തിന്റെ തലവാചകം ഇങ്ങനെയാണ്:
باب الْأَمْر بِقَتْلِ الْكِلَابِ، وَبَيَانُ نَسْخِهِ، وَبَيَانُ تَحْرِيمِ اقْتِنَائِهَا إِلَّا لِصَيْدٍ، أَوْ زَرْعٍ، أَوْ مَاشِيَةٍ، وَنَحْوِ ذَلِكَ -

നായ്ക്കളെ കൊല്ലാൻ കല്പിച്ചതും ആ നിയമം അസാധുവാക്കിയതിന്റെ വിശദീകരണവും വേട്ടയാടൽ, കൃഷി, നാൽക്കാലികളെ മേയ്ക്കൽ തുടങ്ങിയ പ്രയോജനങ്ങൾക്കു വേണ്ടിയല്ലാതെ നായ്ക്കളെ വളർത്തരുതെന്ന വിശകലനവും തരുന്ന അധ്യായം. അഥവാ, ഇത്തരം പ്രയോജനങ്ങൾക്കു വേണ്ടി അവയെ വളർത്തൽ അനുവദനീയമാണ് എന്നർഥം.

ഖുർആനിൽ മൂന്ന് സന്ദർഭങ്ങളിൽ നായ പരാമർശിക്കപ്പെടുന്നുണ്ട്. രണ്ടിടങ്ങളിൽ വ്യക്തമായും ഒരിടത്ത് വ്യംഗ്യമായും. ഒരിടത്ത് തന്നെ നാല് വട്ടം നായയുടെ അറബി വാക്കായ 'കൽബ്' പ്രയോഗിക്കപ്പെടുന്നു, അൽ കഹ്ഫ് അധ്യായത്തിൽ. വ്യംഗമായ പരാമർശം ഭക്ഷ്യയോഗ്യമായ വസ്തുക്കളെ വിവരിക്കുന്ന കൂട്ടത്തിലാണ്. അൽമാഇദ അധ്യായം നാലാം വചനത്തിൽ ഇങ്ങനെ വായിക്കാം:
وما عَلَّمْتُمْ مِنَ الجَوارِحِ مُكَلِّبِينَ تُعَلِّمُونَهُنَّ مِمّا عَلَّمَكُمُ اللَّهُ فَكُلُوا مِمّا أمْسَكْنَ عَلَيْكم واذْكُرُوا اسْمَ اللَّهِ عَلَيْهِ.

"… അല്ലാഹു നല്‍കിയ അറിവു പ്രകാരം നിങ്ങൾ പരിശീലിപ്പിച്ചെടുത്ത നായാട്ടു മൃഗങ്ങൾ പിടിച്ചു തരുന്നതും ഭക്ഷിക്കാവുന്നതാണ്. അതിൻമേൽ ബിസ്മി ചൊല്ലുകയും വേണം…."

ഈ വചനത്തിൻ്റെ വ്യാഖ്യാന പ്രകാരം പരിശീലിപ്പിച്ചെടുത്ത നായാട്ടു മൃഗങ്ങളോ പറവകളോ പിടിച്ചു കൊണ്ട് വന്ന ഇരകൾ ഭക്ഷ്യയോഗ്യമാണ്. ആയതിൽ പറഞ്ഞ الجَوارِحُ / നായാട്ടു മൃഗങ്ങൾ എന്നതിൽ കേവലം നായ്ക്കൾ മാത്രമല്ല ഉൾപ്പെടുന്നത്.

والجَوارِحُ يَعْنِي: الكِلابَ، والفُهُودَ، والصُّقُورَ، وأشْباهَها
(الدر المنثور — جلال الدين السيوطي (٩١١ هـ)

പരിശീലനം നൽകപ്പെടുന്ന വേട്ടമൃഗങ്ങളിൽ മുൻപന്തിയിലുള്ളത് നായയാണ് എന്നുമാത്രം. അത് കൊണ്ടാണ് ആ പരിശീലനത്തെ കുറിക്കാൻ 'കല്ലബ' / 'തക്‌ലീബ്' എന്ന അറബി വാക്ക് ഉപയോഗിച്ചത്. അത് നായയെ കുറിക്കുന്ന കൽബ് എന്ന ധാതുവിൽ നിന്നുള്ളതാണ്. നരി, കഴുകൻ, രാജ കിളി പോലുള്ളവയും ഇങ്ങനെ വേട്ടയ്ക്ക് ഉപയോഗിക്കാറുണ്ട് എങ്കിലും സമാന്യവൽക്കരണത്തിൻ്റെ ഭാഗമായി അവയും കല്ലബ എന്ന വാക്കിൻ്റെ വിവക്ഷയിൽ വരികയാണ്. നമ്മുടെ ഭാഷയിൽ പോലും വേട്ടയ്ക്ക് നായാട്ട് എന്ന് പ്രയോഗമുണ്ടല്ലോ. പരിശീലനം നേടുന്ന വിഷയത്തിൽ നായകൾ അത്രയേറെ മുൻപന്തിയിലാണ് എന്ന സൂചന കൂടി ആ പദത്തിൽ ഉണ്ട്.

മുകളിൽ പറഞ്ഞ ആയത്തിൽ 'നിങ്ങൾ പരിശീലനം നൽകി പഠിപ്പിച്ചെടുത്തവ' 'നായാടി കൊണ്ടുവന്നത് 'എന്ന അടിസ്ഥാന ആശയത്തിന് പുറമേ സന്ദർഭോചിതം ചേർത്തിട്ടുള്ള ഒരു അധിക വാചകം അവിടെയുണ്ട്

تُعَلِّمُونَهُنَّ مِمّا عَلَّمَكُمُ اللَّهُ -

അല്ലാഹു നിങ്ങൾക്ക് പഠിപ്പിച്ചു തന്നിട്ടുള്ള അറിവ് പ്രകാരമാണ് നിങ്ങൾ അവയെ പഠിപ്പിക്കുന്നത് എന്ന്! തീർച്ചയായും മൃഗങ്ങളെ വേട്ടയാടാൻ പഠിപ്പിക്കുന്നതും മറ്റു ആവശ്യങ്ങൾക്ക് വേണ്ടി പരിശീലിപ്പിക്കുന്നതും അല്ലാഹു തആല നമുക്ക് തന്നിട്ടുള്ള സവിശേഷ സിദ്ധിയുടെ ഭാഗം തന്നെ.

നായക്കാവട്ടെ, മറ്റേതു ജീവിക്കും ആവട്ടെ - പരിശീലനം ലഭിക്കണമെങ്കിൽ നാം ബോധപൂർവ്വം പരിശീലിപ്പിക്കണമല്ലോ. അതാണ് നേരത്തെ പറഞ്ഞ തക്‌ലീബ്. കേവലം വിനോദത്തിനും ആസ്വാദനത്തിനും വേണ്ടി നായകളെ വളർത്തുവാൻ പാടില്ല. അതേസമയം നടേ സൂചിപ്പിച്ചതു പോലെയുള്ള മനുഷ്യോപകാരപ്രദമായ പല കാര്യങ്ങൾക്കും തക്‌ലീബിലൂടെ ആവശ്യമായ വിഭവശേഷി ഉണ്ടാക്കിയെടുക്കാൻ സാധിക്കും. അതും മതം വിലക്കിയിട്ടില്ലാത്ത കാര്യമാണ്. കൃത്യമായ പരിശീലനം നൽകുന്ന Dog Training Centre കൾ ഇക്കാലത്ത് ധാരാളം ഉണ്ട്. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈനായും ഓഫ്‌ലൈനായും ഡോഗ് ട്രെയിനിങ് കോഴ്സുകൾ നടത്തുന്നുണ്ട്. കേരളത്തിലെ പോലീസ് ഫോഴ്സിന്റെ ഭാഗമായി ഈ തരത്തിലുള്ള ട്രെയിനിങ് നടക്കുന്നുണ്ട്. പല തരത്തിലുള്ള ഗാർഹിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനും പലയിടങ്ങളിലും ഡോഗ് ഫോഴ്സിനെ പ്രയോജനപ്പെടുത്തുന്നുണ്ട്. അത്തരം പരിശീലനം നേടിയ നായകളെ കൊല ചെയ്യാൻ പാടില്ല എന്ന് ഇസ്‌ലാമിൽ നിയമമുണ്ട് എന്നുകൂടി ഓർക്കുക.

ശാഫിഈ കർമ ശാസ്ത്രത്തിലെ പ്രശസ്തമായ ബുശ്റൽ കരീം രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ് :

ويحرم قتل الكلب المعلم اتفاقا، وكذا ما لا نفع فيه ولا ضرر على الأصح.

പരിശീലനം നേടിയ നായകളെ കൊല്ലുന്നത് നിഷിദ്ധമാണ്. ഇക്കാര്യത്തിൽ അഭിപ്രായ ഭിന്നതയില്ല. അതുപോലെ, പ്രയോജന രഹിതവും എന്നാൽ ഉപദ്രവ രഹിതവുമായവയെ കൊല്ലുന്നതും ഏറ്റവും ശരിയായ അഭിപ്രായം അനുസരിച്ച് നിഷിദ്ധം തന്നെ (بشرى الكريم بشرح مسائل التعليم ١/‏١٣٨).

തെരുവിൽ അലയുന്ന നായകളെ - ഉപദ്രവകാരികൾ അല്ലെങ്കിൽ - ഭയപ്പെടുത്താതിരിക്കുക, ഉപദ്രവിക്കാതിരിക്കുക. സാധ്യമാകുമെങ്കിൽ തക്‌ലീബ് സെന്ററുകൾ ആരംഭിക്കുകയും ആവശ്യമായ പരിശീലനങ്ങൾ നൽകി വീടിന് പുറത്തുള്ള ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്തുകയും ചെയ്യുക. വീടിനകത്ത് നായ കയറിയാൽ അനുഗ്രഹത്തിന്റെ മാലാഖമാർ വരില്ലെന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്. തക്‌ലീബ് സെന്ററുകൾക്ക് സർക്കാറിനോ സന്നദ്ധ സംഘടനകൾക്കോ നേതൃത്വം നൽകാവുന്നതാണ്. പരിശീലന മുറക്ക് ചെലവാകുന്ന തുക മാത്രം ഈടാക്കി സംരക്ഷിക്കാൻ സാധ്യമാകുന്നവർക്ക് വിട്ടു കൊടുക്കണം. തെരുവിൽ അലയുന്ന മനുഷ്യരെ നാം സംരക്ഷിക്കാറില്ലേ, അതുപോലെ ഇവയെ കൂടി സംരക്ഷിക്കാനും പ്രായോഗികമായി നമ്മുടെ വിഭവശേഷിയുടെ ഭാഗമാക്കി മാറ്റാനും സാധിക്കും.

ശ്രദ്ധിക്കുക, നായ നനഞ്ഞ നിലയിലാേ അല്ലെങ്കിൽ നനഞ്ഞ വസ്തുവിനെയോ സ്പർശിച്ചാൽ ഏഴു തവണ കഴുകണമെന്നും അതിലൊന്ന് മണ്ണ് കലക്കിയ വെള്ളം കൊണ്ട് ആകണമെന്നും മതം അനുശാസിക്കുന്നുണ്ട്. നായയെ സംരക്ഷിക്കാനും പ്രയോജനപ്പെടുത്താനും മുതിരുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം. കൃഷിക്കോ കാവലിനോ ഡിറ്റക്ടീവ് വർക്കുകൾക്കോ നായകളെ വളർത്തുന്നവർ മറ്റുള്ളവർക്ക് ഉപദ്രവം ആകുന്നില്ലെന്ന് ഉറപ്പുവരുത്താൻ ശ്രദ്ധിക്കണം. മനുഷ്യരുടെ സ്വതന്ത്രവും സ്വൈര്യവുമായ ജീവിത സാഹചര്യങ്ങളാണ് പ്രഥമ പരിഗണന അർഹിക്കുന്നത് എന്ന കാര്യം വിട്ടു പോകരുത്.

Questions / Comments:



No comments yet.