കാരുണ്യത്തിന്റെ പത്തു നാളുകൾ, തുടർന്ന് പാപമോചനത്തിന്റേയും നരകമോക്ഷത്തിന്റേയും ദിനങ്ങൾ.
അടിമക്ക് വാരിക്കോരി കൊടുക്കുന്ന ഉടമയുടെ അമേയമായ അനുകമ്പയുടെ ദിനരാത്രങ്ങളാണ് റമളാൻ പ്രകാശിപ്പിക്കുന്നത്.


   

വിശ്വാസികൾക്ക് അല്ലാഹു കനിഞ്ഞേകിയ അതിമഹത്തായ അനുഗ്രഹമാണ് റമളാൻ.  സുകൃതങ്ങളിൽ മുഴുകാനും അതുവഴി പരലോക വിജയം നേടാനും സൃഷ്ടാവ് നൽകിയ ഏറ്റവും മികച്ച മാസങ്ങളിൽ ഒന്ന്. കാരുണ്യവും പാപ മോചനവും നരകാഗ്നിയിൽ നിന്നുള്ള മോചനവും നേടിഎടുക്കാനുള്ള ആത്മീയ അവസരങ്ങൾ നിറഞ്ഞുനിൽക്കുന്ന മാസം. പൂർവ്വ സമുദായങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ കാലം മാത്രമാണ് ഇഹലോകത്ത് അല്ലാഹുവിനെ ആരാധിക്കാൻ മുഹമ്മദ്‌ നബി (സ)യുടെ സമുദായത്തിന് സൗഭാഗ്യം ലഭിച്ചിട്ടുള്ളത്.  എന്നാൽ ആ സമുദായങ്ങളേക്കാൾ എളുപ്പത്തിൽ പ്രതിഫലങ്ങൾ നേടിയെടുക്കാൻ അല്ലാഹു നിരവധി അവസരങ്ങൾ ഈ സമുദായത്തിന് കനിഞ്ഞ് നൽകിയിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് റമളാൻ മാസം. ഇത്തരം സുവർണ്ണാവസരങ്ങളെ അറിഞ്ഞു ഉപയോഗപ്പെടുത്തി പരലോക വിജയം നേടുന്നവരാണ് വിശ്വാസികൾ. മൂന്ന് പത്തുകളിലായി വിതറപ്പെട്ട ഈ മാസത്തെ ഏതൊരു മുസ്ലിമിനും നന്നായി ഉപയോഗപ്പെടുത്താനാകേണ്ടതുണ്ട്. ഈ അനുഗ്രഹ നിമിഷങ്ങളെ വേണ്ടപോലെ ഉപയോഗപ്പെടുത്താതെ പാഴാക്കിക്കളഞ്ഞവർക്ക്, സ്വീകരിച്ച് വേണ്ടവിധം സൽക്കരിച്ചു തിരിച്ചയക്കാത്തവർക്ക് അല്ലാഹുവേ നീ റഹ് മത്തിന്റെ നോട്ടം നൽകരുതേ എന്ന് ജിബിരീൽ (അ) ദുഅ ചെയ്തപ്പോൾ തിരു നബി (സ)ആമീൻ പറഞ്ഞത് ഇതിന്റെ ഗൗരവം വ്യക്തമാക്കുന്നുണ്ട്.

      അല്ലാഹു അവന്റെ അനുഗ്രഹങ്ങൾ അടിമകൾക്ക് വിശാലമായി നൽകുന്ന കാരുണ്യത്തിന്റെ പത്ത് ദിനങ്ങളാണ് റമളാനിന്റെ ആദ്യ ഭാഗം. അല്ലാഹുവിന്റെ കാരുണ്യം ലഭിക്കാതെ ഒരിക്കലും വിജയത്തിലെത്താന് സാധിക്കില്ല. അബൂഹുറൈറ(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ കാണാം. നബി(സ) പറഞ്ഞു:ഒരാളും അവരുടെ പ്രവർത്തനങ്ങൾ കൊണ്ട് സ്വർഗത്തിൽ പ്രവേശിക്കുകയില്ല. അപ്പോൾ സ്വാഹബത്ത് ചോദിച്ചു : അങ്ങേക്കും അത് സാധിക്കില്ലേ റസൂലെ? അവിടുന്ന് പറഞ്ഞു : ഞാനും പ്രവേശിക്കുകയില്ല. അല്ലാഹു അവന്റെ കാരുണ്യവും ഔദാര്യവും കൊണ്ട് എന്നെ പൊതിഞ്ഞാലല്ലാതെ... (ബുഖാരി). ഇഹപര ലോകത്തെ എല്ലാ സൗഭാഗ്യങ്ങളും അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് ലഭിക്കുന്നതാണ്. ബനു ഇസ്‌റാഈൽ സന്തതികളെ അല്ലാഹു ഓർമിപ്പിക്കുന്നത് കാണുക. അല്ലാഹുവിന്റെ ഔദാര്യവും അവന്റെ റഹ് മത്തും ഇല്ലായിരുന്നുവെങ്കിൽ നിങ്ങൾ പരാജിതരിൽ ഉൾപ്പെടുമായിരുന്നു (സൂറത്തുൽ ബഖറ 64)ഇരുലോകത്തും അല്ലാഹുവിന്റെ റഹ് മത് ലഭിച്ച് രക്ഷപ്രാപിക്കേണ്ട ഒരുപാട് ഇടങ്ങൾ വരാനുണ്ട്. അവിടങ്ങളിലെല്ലാം അല്ലാഹുവിന്റെ കാരുണ്യം മാത്ര മാണ് രക്ഷമാർഗം.

         ഒരിക്കൽ ഒരു കുട്ടി അലഞ്ഞുതിരിഞ്ഞു നടക്കുന്നത് നബി(സ) തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. നബി(സ) ഉമർ (റ)നോട്‌ പറഞ്ഞു : ആ കുട്ടിയെ ചേർത്തുപിടിക്കൂ... നിശ്ചയം അവൻ തന്റെ മാതാപിതാക്കളിൽ നിന്ന് നഷ്ടപ്പെട്ടു പോയിരിക്കുന്നു. ഉമർ (റ)കുട്ടിയെ ചേർത്തുപിടിച്ചുകൊണ്ടിരിക്കെ ഒരു സ്ത്രീ കടന്നു വരികയും അത് ആ കുട്ടിയുടെ മാതാവ് ആണെന്ന് മനസ്സിലാക്കി ഉമർ (റ) കുട്ടിയെ വിട്ടുനൽകു കയും ചെയ്തു. കുട്ടിയെ വാരിപ്പുണർന്നുകൊണ്ട് ആ സ്ത്രീ കടന്നുപോയി. ഈ സന്ദർഭത്തിൽ നബി(സ) തങ്ങൾ പറഞ്ഞു : ഈ മാതാവിന് തന്റെ കുട്ടിയോടുള്ളതിനേക്കാൾ പതിന്മടങ്ങാണ് നിങ്ങളുടെ രക്ഷിതാവിന് നിങ്ങളോടുള്ള കാരുണ്യം. അല്ലാഹു അടിമകളോട് വിശാലമായി കരുണ ചെയ്യുന്നവനാണ്. റമളാനിലെ ആദ്യപത്ത് ദിനങ്ങളുടെ പ്രത്യേകത അല്ലാഹുവിന്റെഅപാരമായ കാരുണ്യം ചൊരിയപ്പെടും എന്നതാണ്. അതിനാൽ ഒരു സത്യവിശ്വാസി അല്ലാഹുവിന്റെ അപാരമായ കാരുണ്യത്തിന് വേണ്ടി ഈ ദിനരാത്രികളിൽ നിരന്തരം പ്രാർത്ഥിച്ചു കൊണ്ടിരിക്കണം.

         പാപമോചനം തേടി റബ്ബിലേക്ക് അടുക്കാനുള്ള രണ്ടാമത്തെ പത്ത് ദിനങ്ങളാണ് റമളാനിന്റെ രണ്ടാം ഭാഗം.പാപക്കറ പുരളാതെയാണ് വിശ്വാസി ജീവിക്കേണ്ടത്.എന്നിരുന്നാലും സാധാരണ വിശ്വാസികൾ തെറ്റുകളിലേക്ക് എത്തിപ്പെടാനുള്ള സാധ്യതകളുണ്ട്. അബിയാക്കൾ പാപ സുരക്ഷിതരാണ്. അവരിൽ നിന്നും തെറ്റുകൾ ഉണ്ടാകില്ല. അവരല്ലാത്തവരിൽ നിന്ന് പിശാചിന്റെ പ്രലോഭനങ്ങളിലകപ്പെട്ട് തെറ്റുകളുണ്ടാകാൻ ഇടയുണ്ട്. അങ്ങനെയുണ്ടാകുന്നവയിൽ നിന്നുള്ള പാപമോചനത്തിനുള്ള മാർഗമാണ് തൗബ (പശ്ചാതാപം).വന്നുപോയ തെറ്റുകളിൽ നിന്ന് മനമുരുകി പശ്ചാതപിച്ച് മടങ്ങിയാൽ അല്ലാഹുവിൽ നിന്നും പാപമോചനം ലഭിക്കുമെന്നത് തീർച്ചയാണ്. ഖുർആനിലൂടെ അല്ലാഹു പറയുന്നതായി കാണാം. അല്ലാഹുവിനോട് പാപമോചനം തേടുക തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണയുള്ളവനും ആകുന്നു (അന്നിസാഅ 106). അല്ലാഹു തന്റെ അടിമകളുടെ പശ്ചാതാപത്തിൽ സന്തോഷിക്കുന്നവനാ ണെന്ന് ഹദീസുകളിൽ കാണാം. പശ്ചാതാപത്തിന് നിശ്ചിത സമയങ്ങളില്ലെങ്കിലും കൂടുതൽ ഫലപ്രാപ്തിയുള്ള ചില സമയങ്ങൾ അവൻ നിശ്ചയിച്ചിട്ടുണ്ട്. പരിശുദ്ധ റമളാനാണ് അതിൽ ഏറ്റവും പ്രധാനമായത്. റമളാനിൽ പശ്ചാതാപത്തിലൂടെ ആത്മവിശുദ്ധി നേടിയെടുക്കാനാവണം.

        റമളാനിലെ അവസാന പത്ത് ദിനങ്ങൾ നരകമോചനത്തിന്റെ ദിനങ്ങളാണ്. സ്വർഗ്ഗവും നരകവും നേരത്തെ തന്നെ സൃഷ്ടിക്കപ്പെട്ടതാണ്. അല്ലാഹുവിനെ വഴിപ്പെട്ടവർക്കുള്ള സുഖസൗകര്യങ്ങളാണ് സ്വർഗ്ഗത്തിലെങ്കിൽ ധിക്കരിച്ചവർക്കുള്ള മാരകമായ ശിക്ഷകളാണ് നരകത്തിലുള്ളത്.അത് കൊണ്ട് തന്നെ നരക മോചനം പരലോക വിജയത്തിന് അനിവാര്യമായതാണ്.

    പ്രവാചകരുടെയും സദ് വൃത്തരുടെയും റമളാനിന്റെയും ശിപാർശ കാരണം നിരവധിപേർ നരക മോചിതരാകുമെന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്.വിശുദ്ധ റമളാനിൽ കോടിക്കണക്കിന് ആളുകൾക്ക് നരഗമോചനം ലഭിക്കും. റമളാനിലെ ആദ്യദിനം മുതൽ അവസാന ദിനം വരെ മോചനം ലഭിക്കുന്ന ആളുകളുടെ അത്രയും അവസാന രാത്രിയിൽ മാത്രം നരക മോചനം സാധ്യമാകും. അനുഷ്ഠിച്ച ആരാധനകൾ സ്വീകരിക്കാനും പോരായ്മകൾ പരിഹരിക്കാനും പാപമോചനവും നരകമോചനവും ലഭിക്കാനും വേണ്ടി വിതുമ്പുന്ന ഹൃദയത്തോടെ പ്രാർത്ഥന നിരതരാകേണ്ട വിലപ്പെട്ട സമയമാണ് റമളാനിന്റെ അവസാന ദിനങ്ങൾ. റമളാൻ സ്വീകരിക്കപ്പെട്ടുവെന്നതിന്റെ അടയാളം റമളാനിന് ശേഷവും അതിന്റെ ഗുണഗണങ്ങൾ ബാക്കിയാക്കാൻ കഴിയലാണെന്ന് മഹാരഥന്മാർ പറഞ്ഞു വെച്ചതായി കാണാം. റമളാനിലൂടെ നേടിയെടുത്ത ആത്മ സംസ്കരണവും സുകൃതങ്ങളും റമളാനിനു ശേഷവും തുടർന്നുകൊണ്ട് പോകാനും സാധിക്കേണ്ടതുണ്ട്.​​​​

Questions / Comments:



No comments yet.