പ്രതിസന്ധികളുടെ പാരാവാരങ്ങളിലും പ്രത്യാശയും സഹനവുമായിരുന്നു പുണ്യറസൂലിന്റെ മുഖമുദ്ര. ആ തിരുമാതൃകയാണ് വിശ്വാസി അനുധാവനം ചെയ്യേണ്ടത്. വിദ്വേഷ, വൈരാഗ്യങ്ങളെ ക്ഷമയും സഹിഷ്ണുതയും കൊണ്ട് തോല്പിക്കുകയായിരുന്നു സത്യറസൂൽﷺ.
മനുഷ്യന് അനിവാര്യമായതെല്ലാം മേളിച്ച അതുല്യ സൃഷ്ടിയാണ് മുത്ത് നബി. തിരുജീവിതത്തിന്റെ തനി പകർപ്പാകണം സത്യവിശ്വാസിയുടെ ജീവിതം. എങ്ങനെ ഭക്ഷിക്കണം, എങ്ങനെ ആളുകളോട് ഇടപെടണം, സഹോദര മതസ്ഥരെ എങ്ങനെ സമീപിക്കണം തുടങ്ങി എല്ലാ മേഖലകളിലും തിരുജീവിതത്തിൽ മാതൃകയുണ്ട്. പരിശുദ്ധിയുടെ പ്രതീകമായി ചരിത്രം അടയാളപ്പെടുത്തുന്ന തിരുദൂതരെ ഇകഴ്ത്താനും കരിവാരിത്തേക്കാനും ഒരുപറ്റം എക്കാലത്തും സദാ സന്നദ്ധരായിരുന്നു. മറ്റു നാമങ്ങൾ വിളിക്കുന്നത് പോലെ, സമകാലീനരായ മക്കക്കാർ നബിയെ കവിയെന്നും മാന്ത്രികനെന്നും ഭ്രാന്തനെന്നും അടയാളപ്പെടുത്തി. മറ്റനേകം ലേബലുകളിൽ ഇക്കാലത്തും തിരുദൂതർ ക്രൂശിക്കപ്പെടുന്നു. അതിൽ ഏറ്റവും നിന്ദാകരമായ വിമർശനം, അധികാരത്തിന്റെ ഗർവിൽ ശത്രുക്കളെ അടക്കി ഭരിക്കാൻ മുഹമ്മദ് നബി ശ്രമിച്ചു എന്നതാണ്.
നബി പുംഗവരുടെ ജീവിത വിവരണങ്ങൾ അവിടുത്തെ ലക്ഷ്യത്തെ സാധുകരിക്കുന്നതാണ്. വ്യാഖ്യാതാവിനും വിലയിരുത്തപ്പെടുന്ന സന്ദേശത്തിനുമനുസരിച്ചും അത്തരം വിവരണങ്ങളിലൂടെ ഇസ്ലാമിനെ ഒന്നുകിൽ യുദ്ധത്തിന്റെ മതമായും അല്ലെങ്കിൽ സമാധാനത്തിന്റെ മതമായും നോക്കിക്കാണാനാകും. ആധുനികകാലത്തെ സാംസ്കാരിക സംഘട്ടനങ്ങളെ ചൂണ്ടിക്കാണിച്ചു ഇസ്ലാമിക നാഗരികതയെ ചോദ്യം ചെയ്യാനാണ് ഇസ്ലാമോഫോബുകളും തീവ്ര ചിന്താഗതിക്കാരും ശ്രമിക്കുന്നത്. മൈക്കിൾ ബോണർ പറഞ്ഞു വെക്കുന്നു " ഇസ്‌ലാമിക ജിഹാദിന്റെ ഉദയത്തെ സംബന്ധിച്ചും ഇസ്ലാമിന്റെ ആവിർഭാവത്തെക്കുറിച്ചുമുള്ള ആധുനിക ചിന്താഗതികൾക്ക് പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലും കിഴക്കൻ യൂറോപ്പിനെ പഠനവിധേയരാക്കുന്ന ഓറിയന്റലിസ്റ്റുകളാണ് വിത്തിട്ടത്. തിരു നബിയെ ഒട്ടക കള്ളനായും സ്ത്രീലമ്പടനായും കള്ളുകുടിയനായും അവർ ചിത്രീകരിച്ചു. തിരുനബിയെ ക്രൂരനായി വരച്ചു കാണിക്കുന്നതിലൂടെ സ്വാഭാവികമായും അവിടുത്തെ അനുയായികൾക്കും ദുഷ്ടരുടെ പരിവേഷം നൽകപ്പെടും.
പതിറ്റാണ്ടുകളുടെ പീഡനത്തിനു ശേഷം ഉള്ളംകൈയിൽ വന്നു ചേർന്ന അഭൂതപൂർവ്വമായ അധികാരത്തെ തന്ത്രപൂർവം പ്രയോഗിക്കാൻ മുത്ത് നബിക്ക് സാധിച്ചത് പ്രശംസനീയമാണ് . ചരിത്രത്തിലുടനീളം മാനവരാശിയെ ഏറ്റവും കൂടുതൽ സ്വാധീനിച്ചവരുടെ പട്ടികയിൽ തിരുദൂതരെ ചേർത്തുവച്ച വിശ്രുത എഴുത്തുകാരൻ മൈക്കിൾ എച്ച് ഹാർട്ട് ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി " ലോകത്തെ സ്വാധീനിച്ച അതുല്യ പ്രതിഭകളുടെ ലിസ്റ്റിൽ മുഹമ്മദ് നബിയെ ഒന്നാമനായി അവരോധിച്ചതിൽ പലരും അത്ഭുതം കുറിയേക്കും, ചിലർ ചോദ്യം ചെയ്തേക്കും. മതമേഖലയിലും മതേതര സാഹചര്യങ്ങളിലും ഒരുപോലെ തിളങ്ങിയ മുഹമ്മദ് നബിയെ പോലോത്ത ഒരു വ്യക്തിയെയും ഞാൻ അനുഭവിച്ചിട്ടില്ല ". വകവച്ചു നൽകപ്പെട്ട വിജയം കൈവരിക്കാൻ അടിസ്ഥാന തത്വങ്ങൾ അടിയറ വെച്ചിരുന്നോ ഇല്ലയോ എന്നറിയാൻ തിരുദൂതന്റെ വ്യത്യസ്ത ജീവിത സാഹചര്യങ്ങളെ പരിശോധന വിധേയമാക്കേണ്ടതുണ്ട്.
സ്വഭാവം ഖുർആൻ പോലെയായിരുന്നു
റസൂലിന്റെ സ്വഭാവത്തെക്കുറിച്ച് മഹതിയായ ആയിഷ ബീവി പറഞ്ഞതാണിത്. സംബോധന ചെയ്തിരുന്ന കാര്യങ്ങൾ എല്ലാം തിരുദൂതർ ജീവിതത്തിൽ പുലർത്തിയിരുന്നു. കൃപ, ധാർമികത, സ്നേഹം, വാത്സല്യം, തുടങ്ങി മനുഷ്യരിൽ പ്രതിഫലിക്കുന്ന സർവ്വ നന്മകളും ആ ജീവിതത്തിൽ മുഴച്ചു നിന്നിരുന്നു ." തിന്മയെ നന്മ കൊണ്ട് എതിർക്കുക" എന്ന ദൈവിക വചനം അവിടുത്തെ സ്വഭാവത്തിൽ തെളിഞ്ഞു കാണാമായിരുന്നു . തിന്മ ആപേക്ഷികവും പൊടുന്നനെ സംഭവിക്കുന്നതുമായ വസ്തുതയാണ്. അനാശാസ്യ പ്രവർത്തനങ്ങളെ വർജ്ജിക്കുന്നതിൽ കാണിച്ച ശുഷ്കാന്തി തിരുദൂതരെ മഹിതനാക്കുന്നു. ഇസ്‌ലാംവിരോധികൾ ഖുർആനിന്റെ സൃഷ്ടികർത്താവായി തിരുദൂതരെ ഉയർത്തി കാണിച്ചു. അല്ലാഹുവിന്റെ വചനമായിട്ടാണ് വിശ്വാസികൾ അതിനെ നോക്കിക്കണ്ടിരുന്നത്. തിരുദൂതരുടെ സ്വഭാവം ഖുർആനിന്റെ വരികളോട് താദാത്മ്യപ്പെട്ടിരുന്നു എന്നത് നേരാണ്. തിരുനബി മദീനയിൽ അധികാരത്തിലേറിയ ശേഷമായിരുന്നു യുദ്ധാനുകൂല സൂക്തങ്ങൾ തന്നെ ഖുർആനിൽ പ്രത്യക്ഷപ്പെടുന്നത്. സഹിഷ്ണുതയെ ഉയർത്തിപ്പിടിക്കുന്ന ഒട്ടേറെ മഹത് വാക്യങ്ങളും മദീന വിജയത്തിനുശേഷം വിശുദ്ധ ഗ്രന്ഥത്തിൽ അവതീർണ്ണമായി. അതിൽ പ്രധാനപ്പെട്ടതായിരുന്നു" ഇസ്ലാം മതത്തിൽ ബലാൽക്കാരമില്ല"എന്നുള്ളത്.
വലിയ മഹാമനസ്കതയോടെ ആയിരുന്നു തിരുദൂതർ ശത്രുക്കളെ അഭിമുഖീകരിച്ചിരുന്നത്. നൂറ്റാണ്ടുകൾ നീണ്ടുനിന്ന സമരങ്ങളെ അളവറ്റ ദയയോടെ ആയിരുന്നു അവിടുന്ന് എതിരേറ്റത്. വിമർശങ്ങളെയും അപമാനങ്ങളെയും നേരിടുന്നതിലും തിരുദൂതർക്ക് പ്രത്യേക രീതിയുണ്ടായിരുന്നു. തിരുജീവിതത്തിലെ ഓരോ അടരുകളിലും നമുക്ക് വലിയ പാഠങ്ങൾ ഉണ്ട്. യഥാർത്ഥത്തിൽ തിരുദൂതരുടെ വിശുദ്ധ ജീവിതത്തിന് കളങ്കം ഏൽപ്പിക്കാനുള്ള ഇസ്ലാം വിരോധികളുടെ വൃഥാ ശ്രമങ്ങൾ അവിശ്വാസികൾക്ക് അവിടുത്തെ കൂടുതൽ മനസ്സിലാക്കാനും പഠിക്കാനും വഴിയൊരുക്കി .
തിരുനബിയെ അടുത്തറിയാൻ വെമ്പൽ കൊള്ളുന്ന നിഷ്പക്ഷമതിയായ വായനക്കാരന് , തങ്ങളുടെ പ്രത്യയശാസ്ത്രത്തിന് അനുഗുണമായ ഒട്ടേറെ ഘടകങ്ങളെ നബിജീവിതത്തിൽ നിന്നും അനായാസം അടർത്തിയെടുക്കാനും സ്വന്തം പെരുമാറ്റത്തിൽ പകർത്താനും സാധിക്കും. അവിടുന്ന് വെറുപ്പിന്റെ കണ്ണോടെ കണ്ട അനല്പം യാഥാർത്ഥ്യങ്ങളെയും പരിചയപ്പെടാനാകും. തിരുനബി അനിഷ്ടം കാണിച്ച കാര്യങ്ങളെ കൂടുതൽ സൂക്ഷ്മമായി അപഗ്രഥിക്കുമ്പോൾ, അവകളെ തിരുദൂതരുടെ ഉദാത്തമായ സ്വഭാവത്തിന്റെ മറ്റൊരു മാനമായി മാത്രമേ കാണാനൊക്കൂ.
മാലോകർക്കു മുഴുക്കെ അനുഗ്രഹമായിട്ടാണ് തിരുദൂതരെ അല്ലാഹു ഭൂമിയിലേക്ക് അയച്ചത്. അപമാനിക്കുന്നവരോടും ശത്രുക്കളോടും തിരുദൂതർ മാന്യമായി പെരുമാറി . അതിന് അനവധി ഉദാഹരണങ്ങൾ ചരിത്രം പരതിയാൽ നമുക്ക് കാണാൻ സാധിക്കും. തക്കം പാർത്തിരിക്കുന്ന അക്രമിയായി മുത്ത് നബിയെ നിറം പിടിപ്പിക്കാൻ ചില താൽപര്യ കക്ഷികൾ മുന്നിട്ടിരുന്നു എന്നത് ഈ സന്ദർഭത്തിൽ സ്മരണീയമാണ്. നിരന്തരം വേട്ടയാടപ്പെടുന്ന സമയത്തും സമചിത്തത പുലർത്താൻ തിരുദൂതൻ കാണിച്ച വലിയ മനസ്സ് ചരിത്ര താളുകളിൽ തിളങ്ങി നിൽക്കുന്നു . ഇത്തരത്തിലുള്ള തിരുനബി പഠനങ്ങൾ കൊണ്ട് ഉന്നമിടുന്നത്, ആപത് ഘട്ടങ്ങളിൽ സംയമനം പാലിക്കാൻ നമ്മുടെ മനസ്സുകളെ പരുവപ്പെടുത്തുക എന്നതാണ്. ഇന്ന് മുസ്ലിമീങ്ങൾ അനുഭവിക്കുന്ന പീഡനങ്ങളും ക്രൂരതകളും തിരുദൂതരിലേക്ക് ചേർത്ത് വായിക്കുമ്പോൾ എത്രയോ നിസ്സാരമാണ്. തിരുദൂതർ അപമാനിക്കപ്പെട്ട സംഭവം വായിക്കുമ്പോൾ നമുക്ക് മനോവ്യഥ അനുഭവപ്പെടുന്നു. അവിടുന്ന് മുന്നോട്ടുവെച്ച പൈതൃകത്തെ അനുയായികൾ തിരസ്കരിക്കുമ്പോൾ സമാനവ്യഥ തിരുദൂതർക്കും അനുഭവപ്പെടും.
മക്കയിലെ ദുരിതപൂർണ്ണമായ കാലഘട്ടം
ഒരു ഘട്ടത്തിൽ പരസ്യമായി ഇസ്ലാം പ്രചരിപ്പിക്കാൻ മുഹമ്മദ് നബി മുതിർന്നിരുന്നു. അതിലൂടെ ഒരുപാട് പേരെ സത്യത്തിന്റെ മാർഗത്തിലേക്ക് അടുപ്പിക്കാൻ സാധിച്ചു. മുസ്ലിം ആകുന്നതോടെ കൊടിയ പീഡനം അനുഭവിക്കേണ്ടിവരുമെന്ന് ഭയന്നവർ തിരുദൂതനിൽ നിന്നും അകന്നു നിന്നു. മരുഭൂമിയുടെ കൊടുംചൂടിൽ വിലങ്ങുകളിൽ ബന്ധനസ്ഥരായി ബിലാൽ (റ ) വും സുഹൈബ് (റ )വും അനുഭവിച്ച ത്യാഗങ്ങൾ വിവരണാതീതമാണ്. ബോധം നഷ്ടപ്പെടുന്നതുവരെ ശത്രുക്കളുടെ ക്രൂര മർദ്ദനങ്ങൾക്കിരായായ അബൂബക്കർ (റ ) വിനും നേരിനെ ചേർത്ത് പിടിച്ചതിന് അനിതര സാധാരണയായ ഘട്ടങ്ങളിലൂടെ കടന്നു പോകേണ്ടി വന്നു. ഇസ്ലാമിലെ ആദ്യ രക്തസാക്ഷിയായിരുന്നു സുമയ്യ ബീവി. ഇടുപ്പിലൂടെ കുന്തം പ്രവേശിപ്പിച്ചായിരുന്നു ശത്രുക്കൾ മഹതിയെ വധിച്ചത്. സ്വന്തം വിശ്വാസം അടിയറ വെക്കാത്ത പക്ഷം ബീവിയുടെ മകൻ അമ്മാർ (റ ) ന് പീഡകൾ സഹിക്കേണ്ടി വന്നു. ഖബ്ബാബ് (റ ) കത്തുന്ന കനലിൽ പാകം ചെയ്യുന്ന സ്വന്തം മാംസം മണക്കാൻ നിർബന്ധിതനായി. ഇത്ര മേൽ ദാരുണമായ ദശകത്തിലൂടെ മക്കയിലെ വിശ്വാസികൾ കടന്നുപോയിട്ടില്ല.
ഖുറൈശികളിൽ നിന്നുള്ള നിരന്തര പ്രകോപനങ്ങൾക്കെതിരെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ ഒരു വേള പോലും തിരുദൂതർ നിനച്ചിരുന്നില്ല. മറിച്ച് സ്വയം പ്രതിരോധത്തിന്റെയും അഹിംസയുടെയും വഴികളായിരുന്നു തിരുദൂതർ ആയുധമാക്കിയത്. അതുകൊണ്ടൊന്നും നബിയുടെ പ്രബോധനത്തിന് തടയിടാൻ കഴിയാതെ വന്നപ്പോൾ, ഖുറൈശികൾ ആക്രമണത്തിന്റെ മൂർച്ച കൂട്ടി. ഭയപ്പെടുത്താൻ നിരന്തരം ശ്രമിച്ചിട്ടും, ഇഷ്ടക്കാരുടെ എണ്ണത്തിൽ ഒട്ടും കുറവുണ്ടായില്ല. ദിനേന ഇസ്ലാമിലേക്ക് ജനങ്ങൾ ഒഴുകി. കഅ്ബക്ക് അരികെയുള്ള സഫ മലയിലെ നിവാസികളെ സത്യ ദീനിലേക്ക് തിരുദൂതർ മാടിവിളിച്ചു. പിതൃ സഹോദരന്മാരിൽ ഒരാളായ അബൂലഹബിനെ ഇതു വല്ലാതെ ചൊടിപ്പിക്കുകയും തിരുദൂതർക്കെതിരെ ക്രൂരമർദ്ദനങ്ങൾ അഴിച്ചുവിടുകയും ചെയ്തു. ഇതുവഴി മക്കയിലെ പൊതു ഇടങ്ങളിൽ മുസ്ലീങ്ങൾ ആക്ഷേപതന്തുക്കളായി മാറി.
പൂർവികരുടെ പാത വെടിഞ്ഞ കൊടും കുറ്റിവാളികളാണ് മുസ്ലിംകൾ എന്ന അപശ്രുതിനിർമിച്ച് നിരവധി കുതന്ത്രങ്ങൾ മെനഞ്ഞു ഖുറൈശികൾ. മുഹമ്മദ് നബിയെ ശ്രവിക്കുന്നതിൽ നിന്നും അവരെ തടഞ്ഞു. ആരാധനയ്ക്കായി അറേബ്യൻ ഉപദ്വീപിലെ ജന സാഗരം മക്കയെ ലക്ഷ്യമാക്കിയപ്പോൾ, ശത്രു സംഘം മക്കകത്തും പുറത്തും ശക്തമായ സംവിധാനങ്ങൾ വിന്യസിച്ചു. തിരുദൂതരുടെ സാമീപ്യത്തിൽ നിന്നും അവരെ അകറ്റാനായി കണ്ണിൽ എണ്ണ ഒഴിച്ച് ഖുറൈഷികൾ അന്ന് കാവൽനിന്നു. മക്കയിലെ പ്രമുഖ പ്രമാണിയായ വലീദ് ബ്നു മുഗീറ ഗോത്രതലവമ്മാരുടെ സമ്മതത്തോടെ മുഹമ്മദ് നബിക്കെതിരെ പരദൂഷണ ക്യാമ്പയിൻ പ്രഖ്യാപിച്ചു. ശരവേഗത്തിൽ ജന മനസ്സുകളെ കവരുന്ന തിരുദൂത വചനങ്ങളിൽ നിന്നും സന്ദർശകരുടെ ശ്രദ്ധ തിരിക്കാനായി മുഹമ്മദ് നബിയെ മായാജാലക്കാരാനായി അവർ ഉയർത്തിക്കാണിച്ചു. തിരുദൂതരുടെ വ്യക്തിത്വം തകർക്കാനുള്ള അവരുടെ ശ്രമങ്ങളൊന്നും ലക്ഷ്യം കണ്ടിരുന്നില്ല.
ആക്രമികൾ ആണെങ്കിലും തന്റെ സമുദായത്തിലെ ഒരു വിഭാഗം വഴി തെറ്റിയതിൽ തിരുദൂതന് അതിയായ വിഷമമുണ്ടായിരുന്നു. പ്രതികൂല സാഹചര്യങ്ങളിലും പ്രബോധനത്തിന് സുതാര്യമാർഗമായിരുന്നു അവിടുന്ന് സ്വീകരിച്ചത്. വിനാശകരമായ അക്രമ മുറകൾക്ക് പകരം നിരന്തര ഉൽബോധനമായിരുന്നു മുത്ത് നബിയുടെ രീതി. തന്ത്രം കൊണ്ട് പരുഷ സ്വഭാവക്കാരനെ മയപ്പെടുത്തിയവർ. സ്നേഹം കൊണ്ട് വെറുപ്പിനെ മായ്ച്ചുകളഞ്ഞവർ. ഹൃദ്യമായിരുന്നു, നയനമായിരുന്നു, അവിടുത്തെ ജീവിതവും വ്യവഹാരങ്ങളും.