പൂമുത്ത് റസൂലിന്റെ പാഠശാല വ്യത്യസ്തവും വിസ്മരിക്കാനാവാത്തതുമായ ആവിഷ്കാരമായിരുന്നു. ഹൃദയാന്തരങ്ങളിലേക്കിറങ്ങുന്ന വാഗ്‌വിലാസം, ഉപയുക്തമായ ഉപമാലങ്കരങ്ങൾ, ചിന്തയെ തൊട്ടുണർത്തുന്ന ചോദ്യശരങ്ങൾ അങ്ങനെ അസഖ്യം സവിശേഷതയാലെ വിശ്വഗുരുﷺ അനുചരരുടെ ആഴങ്ങളിലേക്കിറങ്ങി.
ലോകത്തിന് മുഴുവൻ അറിവ് പകർന്ന മാതൃകാധ്യാപകനാണ് തിരുനബിﷺ. ഹൃദയത്തിൽ നിന്ന് ഹൃദയങ്ങളിലേക്കായിരുന്നു അവിടുന്ന് സംവദിച്ചത്. അനുചരവൃന്ദത്തിന് ഏറ്റവും ഉദാത്തമായ ബോധനങ്ങൾ നൽകിയ ജീവിതമായിരുന്നു പ്രവാചകാധ്യാപനങ്ങളിലെ സവിശേഷമായ അധ്യായനം. പഠന സപര്യയിലെ പഠിതാക്കളുടെ നിരീക്ഷണപാടവും ചിന്താശേഷിയും മനസ്സിലാക്കിയുള്ളതായിരുന്നു അവിടുത്തെ രീതി. ഗ്രാഹ്യമാകുന്ന ഉപമകളും പരിചിതമായ ഉദാഹരങ്ങളും ക്ലാസിന്റെ ശൈലിയായിരുന്നു. ശ്രോതാക്കളുടെ അഭിപ്രായങ്ങൾക്ക് കാതോർക്കുകയും അവർക്ക് പ്രോത്സാഹനങ്ങൾ നൽകുകയും അപകർഷതയിൽ ആഴ്ന്നിറങ്ങിയവർക്ക് അഭിമാനബോധത്തിലേക്കുള്ള ഉണർവും വഴിയും കാണിക്കുകയും ചെയ്യും. ആശയങ്ങളെ അനായാസം പ്രസരിപ്പിക്കാനുള്ള അവിടുത്തെ വാക്ചാരുത അസാമാന്യമായിരുന്നു. ജിജ്ഞാസയെ തൊട്ടുണർത്തുന്ന ചോദ്യങ്ങളിലൂടെ വിദ്യാർത്ഥി മനതലങ്ങളെ തൊട്ടുണർത്തുന്ന അധ്യാപനത്തിന്റെ അത്ഭുതരീതി തിരുദൂതർﷺ സൃഷ്ടിച്ചിരുന്നു.
ധാർമിക മുന്നേറ്റത്തിനും സ്വഭാവ ശുദ്ധീകരണത്തിനും വഴിയൊരുക്കാത്ത അറിവ് തീർച്ചയായും മാനസികാഡംബരമാണ്. അത് ഉൽപാദനക്ഷമമല്ല. ഖുർആൻ അഭിസംബോധന ചെയ്യുന്ന വിഷയങ്ങളിൽ പ്രധാന വിഷയം ധാർമ്മിക വിദ്യാഭ്യാസമാണ്. നല്ല സ്വഭാവ രൂപീകണത്തിന് ധാർമ്മികതയുടെ മൂർത്തീഭാവമുണ്ട്. അതിന് അധ്യാപകനും അധ്യാപനത്തിന്റെ രീതി ശാസ്ത്രത്തിനും നിസ്തുലമായ പങ്കുണ്ട്.
നല്ല അധ്യാപകനാവണമെങ്കിൽ മാനവികത, സമർപ്പണം, ആലോചന, നിരന്തരമായ കഠിനാധ്വാനം, കാലികമായ അറിവ്, അഭിനിവേശം, ധാർമ്മികത, ആത്മീയത, ശാന്തമായ മനുഷ്യ സ്വഭാവം തുടങ്ങിയ മൂല്യങ്ങൾ ആവശ്യമാണ്.
മുത്ത് നബിﷺയുടെ അധ്യാപന പാഠങ്ങൾ ഈ ഉൾച്ചേരലിലേക്കാണ് വഴി കാണിക്കുന്നത്. പുഞ്ചിരി നിറഞ്ഞ മുഖഭാവത്തിൽ മറ്റുള്ളവരോട് ഇടപഴകുന്നവർക്ക് കഠിന സ്വഭാവമുള്ളവരേക്കാൾ ആയുസ്സ് കൂടുതലായിരിക്കുമെന്നും അധ്യാപകന്റെ മുഖത്തുള്ള പുഞ്ചിരിക്ക് കുട്ടികളിൽ വലിയ സ്വാധീനമുണ്ടാക്കാൻ സാധിക്കുമെന്നുമുള്ള ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകൾ അക്ഷരാർത്ഥത്തിൽ പ്രായോഗവത്കരിച്ച നേതാവാണ് മുഹമ്മദ് നബിﷺ.
വിവിധയിനം പഠനോപകരണങ്ങൾ ഉപയോഗിച്ചുള്ള ശൈലിയായിരുന്നു മുത്ത്നബിﷺയുടേത്. പ്രബോധന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതിനും അണികളിൽ തന്റെ ആശയങ്ങൾ സന്നിവേശിപ്പിക്കുന്നതിനും വ്യത്യസ്തമായ രീതികൾ അവലംബിച്ചിരുന്നു. ഡയഗ്രം വരച്ച് കൊണ്ട് പഠിപ്പിക്കുക, മണലിൽ രേഖകൾ വരച്ച് കാണിക്കുക എന്നിവ അവയിൽ ചിലതാണ്. പഠിതാക്കളുടെ പൂർണശ്രദ്ധ പതിയാനും വിശ്വാസ സംഹിത അവരുടെ ഹൃദയങ്ങളിൽ ഊട്ടിയുറപ്പിക്കാനും കഥാഖ്യാന രീതി മുത്ത് ഹബീബ്ﷺ തങ്ങൾ പ്രയോഗിച്ചതായും കാണാം.
ഉദാഹരണങ്ങൾ പറയുന്നിടത്ത് നല്ല വാക്കുകൾ, വ്യക്തികൾ, പറയുന്ന സാരാംശങ്ങൾ എന്നിവ സൂക്ഷമമായി ഉപയോഗിക്കാൻ പഠിപ്പിക്കുന്നുണ്ട് തിരുനബിﷺ. അശ്ലീലമായതോ മോശമായതോ ആയവയുമായി ഉദാഹരിക്കരുത്. പഠിതാക്കളെ ആലോചനയിലേക്കെത്തിച്ച ശേഷം കാര്യങ്ങൾ വെളിപ്പെടുത്തുകയെന്നത് അവിടുത്തെ പ്രകാശന രീതിയായിരുന്നു.
ഒരിക്കൽ തിരുനബിﷺ ഇങ്ങനെ ചോദിച്ചു: " ഏറ്റവും മഹത്തരമായ കാര്യമേതാണ്?"
"അറിയല്ല നബിയേ.." ശ്രോതാക്കൾ പറഞ്ഞു.
''ഒന്നുകൂടി ആലോചിച്ചു നോക്കൂ.." തിരുമേനി പ്രതിവചിച്ചു.
"ആയതുൽ ഖുർസിയ്യ്."
അവർ മറുപടി പറഞ്ഞു. ആലോചനകൾ ഉണ്ടാക്കാനും ചിന്താശേഷിയെ ഉദ്ദീപിപ്പിക്കാനുമാണ് ചോദ്യത്തിനുമേൽ തുടരെയുള്ള ചോദ്യങ്ങളെ പരിശുദ്ധ റസൂൽﷺ പ്രയോഗിച്ചത്.
തങ്ങളോരുടെ ക്ലാസുകളെ സംബന്ധിച്ച് അവിടുത്തെ ശിഷ്യൻ ഇബ്നുമസ്ഊദ് (റ) പറയുന്നത് നോക്കുക: “ ഉപദേശങ്ങൾ നൽകാൻ നബിﷺ വിവിധ ദിവസങ്ങൾ പരിഗണിക്കാറുണ്ടായിരുന്നു. ഞങ്ങൾക്ക് മടുപ്പനുഭവപ്പെടാതിരിക്കാൻ വേണ്ടിയായിരുന്നു അത്"(ബുഖാരി). അത് കൊണ്ട് തന്നെ ഏറെ ശ്രദ്ധയോടെയായിരുന്നു ശിഷ്യന്മാരെല്ലാം അവിടുത്തെ ക്ലാസിൽ ഇരുന്നിരുന്നത്. തിരുനബിﷺയുടെ ക്ലാസുകളിൽ ജാഗ്രതയോടിരുന്ന ശിഷ്യരെ ചരിത്രം പരിചയപ്പെടുത്തിയത് "തലയിൽ പക്ഷിയിരിക്കുന്നതു പോലെ" എന്നാണ്.
തന്റെ ശിഷ്യഗണങ്ങളുടെ കഴിവുകളും സാധ്യതകളും തിരിച്ചറിയുകയും അവയെ പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുകയെന്നത് കഴിവുള്ള അധ്യാപകന്റെ രീതിയാണ്. ശിഷ്യന്മാരെല്ലാം ഒരേ നിലവാരത്തിലുള്ളവരായിരിക്കില്ല. സിദ്ധമായ കഴിവുകളിലും പ്രതിഭാ വിലാസങ്ങളിലും വ്യത്യാസം പുലർത്തുന്നവരായിരിക്കും. ഈ വൈവിധ്യമാണ് ലോക ത്തിന്റെ നിലനില്പിനും മുന്നോട്ടുള്ള പോക്കിനും സഹായകമായി മാറുന്നത്. ശിഷ്യന്മാരോരോരുത്തരുടെയും സർഗസിദ്ധി തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുമ്പോൾ ഭാവിയിലേക്ക് വലിയ സംഭാവനയാണ് അധ്യാപകൻ നല്കുന്നത്. ഇങ്ങനെ തിരിച്ചറിയാൻ കഴിയണമെങ്കിൽ അധ്യാപകൻ തന്റെ വിദ്യാർഥികളുമായി അടുത്ത് ഇടപഴകുകയും അവരിലെ കഴിവുകളെ തിരിച്ചറിയാൻ ശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്.
ഈ വിഷയത്തിൽ റസൂലിന്റെﷺ നിലപാടു നോക്കുക. അനസ്(റ) പറയുന്നു: ഒരിക്കൽ തിരുദൂതർ പറഞ്ഞു: "എന്റെ സമുദായത്തിൽ സമുദായത്തോട് കൂടുതൽ കാരുണ്യമുള്ളവൻ അബൂബക്കർ (റ) ആണ്. അല്ലാഹുവിന്റെ കല്പനകളുടെ കാര്യത്തിൽ കർശന നിലപാട് പുലർത്തുന്നവൻ ഉമർ (റ) ആണ്. കൂടുതൽ ലജ്ജാലു ഉസ്മാൻ ബിൻ അഫ്ഫാനാണ്. വിധി വിലക്കുകളെക്കുറിച്ച് കൂടുതൽ അറിയുന്നവൻ മുആദുബ്ൻ ജബലാണ്. ശിഷ്യരെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയിരുന്നു തിരുനബി.
അല്ലാഹുവിന്റെ സന്ദേശവാഹകനായ നബിﷺ പോലും തന്നോടുന്നയിച്ച ചോദ്യങ്ങൾക്ക് എനിക്കറിയില്ല എന്ന് മറുപടി നല്കുകയോ മൗനം ദീക്ഷിക്കുകയോ ചെയ്തതായി കാണാം. ഇത് അവിടുത്തെ മഹത്വത്തിന് എന്തെങ്കിലും കുറവു വരുത്തിയിട്ടില്ല. എന്നല്ല, ഇത്തരം വിനയമുള്ള സ്വഭാവമാണ് പാണ്ഡിത്യത്തിന്റെ ലക്ഷണം. ഒരിക്കൽ നബിﷺയുടെ അരികിലൂടെ കടന്നുപോവുകയായിരുന്ന ജൂതന്മാർ അവിടുത്തെ കണ്ടപ്പോൾ ഒരു ചോദ്യമുന്നയിക്കാൻ തീരുമാനിച്ചു. റൂഹിനെക്കുറിച്ചായിരുന്നു അവരുടെ ചോദ്യം. അതിനെക്കുറിച്ച് ഒന്നും പറയാനില്ലാത്തതു കൊണ്ട് മൗനമവലംബിക്കുകയാണ് തിരുനബി ചെയ്തത്. പിന്നീട്, ഇസ്റാഅ് അധ്യായത്തിലെ 85-ാം സൂക്തം അവതരിച്ചപ്പോൾ പ്രസ്തുത ചോദ്യത്തിന് മറുപടി പറയുകയും ചെയ്തു(ബുഖാരി).
ഇവിടെ, അറിയാത്ത കാര്യത്തെപ്പറ്റി മൗനം ദീക്ഷിക്കുകയാണ് നബി ﷺ പോലും ചെയ്തത്. ഏറ്റവും മോശമായ നാടേതാണെന്ന് ചോദിച്ച ആളോട് എനിക്കറിയില്ല എന്ന് നബി തിരുമേനി പറഞ്ഞതായി നമുക്ക് കാണാം. മറ്റൊരവസരത്തിൽ കുങ്കുമച്ചായം മുക്കിയ വസ്ത്രം ധരിച്ച് ഇഹ്റാം ചെയ്ത ഒരാൾ തിരുദൂതരുടെ അരികെ വന്ന് ഞാനെന്തു ചെയ്യണമെന്നന്വേഷിച്ചപ്പോൾ മറുപടിയൊന്നും പറയാതെ മൗനമവലംബിക്കുകയാണ് അവിടുന്ന് ചെയ്തത്. പിന്നീട് അല്ലാഹുവിന്റെ നിർദ്ദേശം ലഭിച്ചപ്പോൾ ചോദ്യകർത്താവിനെ അന്വേഷിക്കുകയും “നിന്റെ ജുബ്ബ അഴിച്ചെടുത്ത് അതിലെ കുങ്കുമച്ചായം കഴുകിക്കളയുക. ഹജ്ജിൽ ചെയ്യുന്ന കാര്യങ്ങളെല്ലാം നിന്റെ ഉംറയിലും ചെയ്യുക” എന്ന് പറയുകയും ചെയ്തു(സ്വഹീഹ് മുസ്ലിം). ഇതുപോലെ ധാരാളം സംഭവങ്ങൾ വേറെയും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയുന്നത് തെറ്റായ വിവരങ്ങളുടെ കൈമാറ്റത്തിലേക്കാണ് നയിക്കുക. അതുകൊണ്ട് തന്നെ നമുക്ക് ധാരണയില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നവരോട് അറിയില്ലെന്ന് പറയാനും പഠിച്ചതിന് ശേഷം പറയാനുമുള്ള വിശാല മാനസികാവസ്ഥയിലേക്ക് നാം വളരേണ്ടതുണ്ട്.
ചോദ്യങ്ങൾക്ക് നല്ല ഉത്തരങ്ങൾ വിദ്യാർഥികളിൽ നിന്ന് ലഭിക്കുമ്പോൾ അവരെ പുകഴ്ത്തുകയും പ്രശംസിക്കുകയും ചെയ്യേണ്ടതുണ്ട്. അത് കൂടുതൽ പഠിക്കാനും മനസ്സിലാക്കാനും പ്രേരിപ്പിക്കും. ഉബയ്യുബ്നു കഅ്ബ്(റ) എന്ന ശിഷ്യനെ നബി(സ) അദ്ദേഹത്തിന്റെ സ്ഥാനപ്പേര് വിളിച്ചു കൊണ്ട് ചോദിച്ചു: ഓ, അബൂമുൻദിർ, അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ നിന്ന് താങ്കൾ പഠിച്ചതിൽ ഏറ്റവും മഹത്തായ സൂക്തം ഏതാണെന്ന് താങ്കൾക്കറിയുമോ? അദ്ദേഹം പറഞ്ഞു: അല്ലാഹുവിനും അവന്റെ ദൂതർക്കുമാണ് കൂടുതൽ അറിയുന്നത്. തിരുദൂതർ വീണ്ടും ചോദിച്ചു: ഓ, അബൂമുൻദിർ, അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ നിന്ന് താങ്കൾ പഠിച്ച ഏറ്റവും മഹത്തായ സൂക്തം ഏതാണ്? ഉടനെ ഉബയ്യ്(റ) പറഞ്ഞു: അല്ലാഹുവല്ലാതെ ഒരാരാധ്യനുമില്ല... എന്ന സൂക്തം (ആയത്തുൽ കുർസിയ്യ്). ഉടനെ അദ്ദേഹത്തിന്റെ നെഞ്ചിൽ തട്ടിക്കൊണ്ട് റസൂൽﷺപറഞ്ഞു: അബൂമുൻദിർ, അല്ലാഹു സത്യം, വിജ്ഞാനം താങ്കൾക്ക് സന്തോഷം നൽകട്ടെ(സ്വഹീഹ് മുസ്ലിം).
തന്റെ വിദ്യാർഥി പ്രകടിപ്പിച്ച സാമർഥ്യം പ്രശംസാർഹമാണെന്ന് മനസ്സിലാക്കി അഭിനന്ദിക്കുന്ന മാതൃകാധ്യാപകനെയാണ് നമുക്ക് ഇവിടെ കാണാൻ കഴിയുന്നത്.
വിഷയത്തിന്റെ ഗൗരവം സദസ്സിനെ ബോധ്യപ്പെടുത്താനും വിഷയത്തിലേക്ക് ശ്രദ്ധ തിരിക്കാനും ഉപയുക്തമാകുന്ന വിധത്തിൽ ചോദ്യങ്ങളും തിരുദൂതർﷺ ചോദിക്കാറുണ്ടായിരുന്നു. ഈ രീതി സംബോധനയിൽ സ്വീകാര്യമായ ശൈലിയാണ്. ബലിയറുക്കുന്ന ദിവസം അവിടുന്ന് ഒരിക്കൽ തന്റെ ശിഷ്യന്മാരോടു ചോദിച്ചു: ഈ ദിവസമേതാണെന്ന് നിങ്ങൾക്കറിയുമോ? അല്ലാഹുവും റസൂലുമാണ് കൂടുതൽ അറിയുന്നവർ എന്ന് പറഞ്ഞുകൊണ്ട് അവർ മൗനം ദീക്ഷിച്ചു. നബി ﷺ പുതിയ പേര് പറയുമെന്നാണ് അവർ ധരിച്ചത്. അപ്പോൾ അവിടുന്ന് പറഞ്ഞു: ഇത് ബലി ദിവസമല്ലേ? അവർ പറഞ്ഞു: അതേ. പിന്നീട് അവിടുന്ന് ചോദിച്ചു: ഇത് ഏത് മാസമാണെന്നറിയുമോ? അല്ലാഹുവും റസൂ ലുമാണ് കൂടുതൽ അറിയുന്നവൻ എന്ന് പറഞ്ഞ് അവർ മൗനമവലംബിച്ചു. പുതിയ വല്ല പേരും അവിടുന്ന് പറയുമെന്നവർ ധരിച്ചു. അവിടുന്ന് ചോദിച്ചു. ഇത് ദുൽഹിജ്ജ മാസമല്ലേ? അവർ പറഞ്ഞു: അതേ. തുടർന്ന് ഇതേത് നാടാണെന്ന് ചോദിച്ചു. അവസാനം ബൽദത്തുൽ ഹറാം (വിശുദ്ധനാട്-മക്ക) അല്ലേ എന്ന് പറഞ്ഞു. ഈ ചോദ്യങ്ങൾക്ക് ശേഷം ഈ ദിവസത്തിന്റെയും മാസത്തിന്റെയും നാടിന്റെയും വിശുദ്ധിപോലെ തീർച്ചയായും നിങ്ങളുടെ രക്തവും നിങ്ങളുടെ സമ്പത്തും നിങ്ങളുടെ അഭിമാനവുമെല്ലാം വിശുദ്ധമാണ് ” എന്ന വലിയ തത്വം തിരുനബി ലോകത്തെ പഠിപ്പിച്ചു (ബുഖാരി, മുസ്ലിം).
പഠിപ്പിക്കാനുള്ള വിഷയത്തിന്റെ ഗൗരവത്തിലേക്ക് സദസ്സിന്റെ ശ്രദ്ധ പതിപ്പിക്കലായിരുന്നു തുടക്കത്തിലെ ചോദ്യങ്ങൾ കൊണ്ട് ലക്ഷ്യമാക്കിയത്.
ചോദ്യം തൊടുത്തുവിടുന്നതിനു പുറമെ വിദ്യാർഥികൾക്ക് പുതിയ വ്യാഖ്യാനവും പാഠഭേദവും നല്കുന്ന സംഭവങ്ങളും തിരുദൂതരുടെ ചര്യയിൽ കാണാം. ഒരിക്കൽ തിരുദൂതർ സദസ്സിനോടു ചോദിച്ചു: മുഫ്ലിസ് അഥവാ പൊളിഞ്ഞു പാപ്പരായവൻ ആരാണെന്ന് നിങ്ങൾക്കറിയുമോ?
എല്ലാവരും കൂടി പറഞ്ഞു: 'സമ്പത്തും സാധനങ്ങളുമൊന്നുമില്ലാത്തവൻ'.
ഇത് കേട്ട മുത്തുനബിﷺ പറഞ്ഞു: "എന്റെ സമുദായത്തിലെ മുഫ്ലിസ്, പരലോകത്ത് ഒരു വിഭാഗം വരും. അവർ ജീവിതത്തിൽ ധാരാളം നമസ്കാരവും നോമ്പും സകാത്തും നിർവ്വഹിച്ചവരാണ്. അതോടൊപ്പം ആളുകളെ ചീത്തവിളിക്കുകയും അപവാദം പറയുകയും അപരന്റെ ധനം തിന്നുകയും രക്തം ചിന്തുകയും അടിക്കുകയും ചെയ്തിട്ടുണ്ട്. പരലോകത്തെ വിചാരണക്കൊടുവിൽ അവൻ ചെയ്ത തെറ്റുകൾക്ക് പകരമായി ഓരോരുത്തർക്കും അവന്റെ നന്മകളിൽ നിന്ന് കൊടുക്കുന്നു. ഒടുവിൽ നന്മയായൊന്നുമില്ലാതെ അവൻ ദരിദ്രനാകുന്നു. ഇവനാണ് എന്റെ സമുദായത്തിലെ മുഫ്ലിസ്".
ക്ലാസ്റൂമിൽ ചോദിക്കാനും അവരുടെ സംശയങ്ങൾ ദൂരീകരിക്കാനും വിദ്യാർഥികൾക്ക് അവസരം ലഭിക്കേണ്ടതുണ്ട്. ഈ ചോദ്യവും ഉത്തരവും വിദ്യാഭ്യാസത്തെ സംബന്ധിച്ച് വിലപ്പെട്ടതാണ്. അധ്യാപകൻ പറയുന്നതിലപ്പുറം കാര്യങ്ങൾ മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ നിരന്തരം ചോദിച്ചുകൊണ്ടിരിക്കും. അതിന് ശരിയായ ഉത്തരം ലഭിക്കുമ്പോഴാണ് അവരുടെ ജിജ്ഞാസ ശമിക്കുന്നത്. ഇത്തരം വിദ്യാർഥികളെ അർഹമായ രൂപത്തിൽ പ്രോത്സാഹിപ്പിക്കുകയും അവർക്കാവശ്യമായ പാഠങ്ങൾ നൽകുകയും ചെയ്താൽ അവർ സന്തുഷ്ടരാവുകയും അവർ സ്വന്തത്തിനും അന്യർക്കും വലിയൊരു നേട്ടമായി മാറുകയും ചെയ്യും. നബിﷺ ഈ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചിരുന്നു.
പഠിതാക്കളുടെ മുന്നിലേക്ക് ചോദ്യങ്ങൾ നല്കുന്നത് പല വിധത്തിലാകാം. കേവല ചോദ്യത്തിലൂടെയും വിഷയങ്ങൾ അവതരിപ്പിച്ച് അതിൽ നിന്ന് ചോദ്യങ്ങൾ ഉന്നയിച്ചുമെല്ലാം ഇത് നിർവഹിക്കാം. ചോദ്യങ്ങൾ തൊടുത്തു വിടുന്നതിലൂടെ പലകാര്യങ്ങളും അധ്യാപകന് സാധിച്ചെടുക്കുകയും ചെയ്യാം. തന്റെ വിദ്യാർഥികൾക്ക് വിഷയത്തെ പറ്റിയുള്ള പരിജ്ഞാനമെന്തെന്ന് അളക്കാനും അവരുടെ ശ്രദ്ധ വിഷയത്തിലേക്ക് തിരിക്കാനും ചിന്ത ഉണർത്താനും അന്വേഷണതൃഷ്ണ വളർത്താനും സ്ഥിരപരിചിതമല്ലാത്ത ആശയങ്ങളും വ്യാഖ്യാനങ്ങളും നൽകാനും പുതിയ പാഠഭേദങ്ങൾ നല്കാനും കഴിഞ്ഞേക്കാം. ഇതെല്ലാം തിരുദൂതർ അവിടുത്തെ വിദ്യാഭ്യാസ രീതിശാസ്ത്രത്തിൽ ഉപയോഗിച്ചിരുന്നു.
പരാമർശിക്കുന്ന കാര്യങ്ങൾ സംബോധിതർക്ക് വ്യക്തമാകണം. റസൂലത് ﷺഅങ്ങേയറ്റം ശ്രദ്ധിച്ചിരുന്നു. എന്നാൽ, ചില കാര്യങ്ങൾ ചില സന്ദർഭങ്ങളിലും ചില വ്യക്തികളോടും തുറന്നുപറയാൻ പ്രയാസമുണ്ടായേക്കാം. അത്തരം അവസരങ്ങളിൽ അവ വ്യംഗ്യമായോ ഗോപ്യമായോ പരാമർശിക്കേണ്ടിവരും. മനുഷ്യന്റെ സ്വകാര്യതകളുമായി ബന്ധപ്പെട്ടതാകുമ്പോൾ പ്രത്യേകിച്ചും വ്യംഗ്യമായി പരാമർശിക്കാനേ കഴിയുകയുള്ളൂ. ലജ്ജ മികച്ച ഒരു ഗുണമായി പഠിപ്പിച്ച തിരു നൂറിന് പ്രത്യേകിച്ചും. പ്രവാചകൻ വൃത്തികേടുകൾ പറയുകയോ പ്രവർത്തിക്കുകയോ ചെയ്യാറില്ലായിരുന്നുവെന്നും അകത്തളത്തിൽ അടങ്ങിയൊതുങ്ങിക്കഴിയുന്ന കന്യകയെക്കാൾ ലജ്ജാലുവായിരുന്നുവെന്നും തന്റെ ശിഷ്യന്മാർ ധാരാളമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഒരിക്കൽ ഒരു വനിത, ഋതുമതിയായാൽ ശുദ്ധിയാകേണ്ടത് എങ്ങനെയെന്ന് റസൂൽﷺയോട് ചോദിച്ചു. കുളിച്ചശേഷം ഒരു കഷ്ണം തുണിയിൽ സുഗന്ധമെടുത്ത് അതുകൊണ്ട് ശുദ്ധിയാക്കുക എന്ന് അവിടുന്ന് പറഞ്ഞു. അപ്പോൾ അവൾ ചോദിച്ചു: ഞാനെങ്ങനെയാണ് അതുകൊണ്ട് ശുദ്ധിയാക്കുന്നത്? നബിﷺ “അതുകൊണ്ട് ശുദ്ധിയാക്കുക, സുബ്ഹാനല്ലാഹ്!” എന്ന് പറഞ്ഞുകൊണ്ട് മുഖം കൈകൊണ്ട് മറച്ചു. ഉടനെ ആഇശ(റ) അവരെ തന്റെ അടുത്തേക്ക് പിടിച്ചുവലിച്ചു കൊണ്ട് പറഞ്ഞു: ആ സുഗന്ധം കൊണ്ട് രക്തപ്പാടുകളൊക്കെ തടവുക. (ബുഖാരി, മുസ്ലിം).
ആശയങ്ങൾ കൂടുതൽ വ്യക്തവും സ്പഷ്ടവുമാകാൻ റസൂൽ ﷺ ചിത്രങ്ങളുടെ സഹായവും തേടിയിട്ടുണ്ട്. അല്ലാഹുവിന്റെ നേർമാർഗവും പിശാചിന്റെ ഭിന്ന വഴികളും മനസ്സിലാക്കാൻ അവിടുന്ന് ചിത്രം വരച്ചു പഠിപ്പിക്കുകയുണ്ടായി. ഒരു നേർരേഖ വരച്ചുകൊണ്ട് പറഞ്ഞു: ഇത് അല്ലാഹുവിന്റെ വഴിയാകുന്നു. പിന്നീട് അതിന്റെ വലതും ഇടതും വശങ്ങളിൽ വ്യത്യസ്ത വരകൾ വരച്ച് അവിടുന്ന് പറഞ്ഞു: ഇത് വിഭിന്ന വഴികളാകുന്നു. ഓരോ വഴിയിലും അതിലേക്ക് ക്ഷണിക്കുന്ന പിശാചുക്കളായിരിക്കും. തുടർന്ന് അവിടുന്ന് ഈ ഖുർആൻ സൂക്തം ഓതി. “ഇത് എന്റെ നേരായ പാത. നിങ്ങൾ അത് പിന്തുടരുക. മറ്റു മാർഗങ്ങൾ പിന്തുടരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാർഗത്തിൽ നിന്ന് നിങ്ങളെ ചിതറിച്ചുകളയും” (6:153) (അഹ്മദ്). ഖുർആനിക വചനങ്ങൾ ചിത്രം വരച്ചു വിശദീകരിച്ചു എന്നും ഇതിനെപ്പറ്റി പറയാവുന്നതാണ്.
മനുഷ്യന്റെ ആയുസ്സും അതിനപ്പുറം നീണ്ടുനില്ക്കുന്ന ആഗ്രഹാഭിലാഷങ്ങളും ആയുസ്സിനിടക്ക് ബാധിക്കുന്ന വിപത്തുകളുമെല്ലാം മനസ്സിലാക്കിക്കൊടുക്കാൻ തിരുദൂതർ ചിത്രം വരച്ചു വിശദീകരിക്കുകയുണ്ടായി. ഇബ്നു മസ്ഊദ്(റ) അത് ഇങ്ങനെ വിശദീകരിക്കുന്നു. ഒരിക്കൽ തിരുദൂതർ ഒരു സമചതുരം വരച്ചു. അതിന്റെ പുറത്തേക്ക് നീണ്ടു നില്ക്കുന്ന വിധം അതിന്റെ നടുവിലൂടെ ഒരു വര വരച്ചു. തുടർന്ന്, നടുവിലെവര യിലേക്കെത്തും വിധം ചതുരത്തിനുള്ളിൽ തന്നെ ചെറിയ ഏതാനും വരകൾ വരച്ചു. എന്നിട്ടവിടുന്ന് പറഞ്ഞു. ഈ നടുവിലുള്ള വര മനുഷ്യൻ. പുറത്തേക്ക് നീണ്ടുനില്ക്കുന്നത് അവന്റെ ആഗ്രഹങ്ങൾ ചുറ്റും കാണുന്ന വര അവന്റെ ആയുസ്സും. മറ്റു ചെറിയ വരകൾ അവനെ ബാധിക്കുന്ന വിപത്തുകളും. വിപത്തുകളിലൊന്നു പിഴച്ചാൽ മറ്റൊന്ന് അവനെ ബാധിക്കുന്നു (ബുഖാരി).
വിദ്യാർഥിയെ അവന്റെ പേരോ സ്ഥാനപ്പേരോ അവനിഷ്ടപ്പെടുന്ന മറ്റു വിശേഷണങ്ങളോ വിളിച്ച് സംബോധന ചെയ്യുന്നത് അധ്യാപനരംഗത്ത് ഏറെ ഫലപ്രദമായ രീതിയാണ്. അധ്യാപകൻ പേര് വിളിക്കുന്നതോടെ അധ്യാപകന്റെ മനസ്സിൽ തനിക്കുള്ള സ്ഥാനം വിദ്യാർഥിക്ക് മനസ്സിലാവുകയും അധ്യാപകനും വിദ്യാർഥിയും തമ്മിൽ നല്ല മാനസിക ബന്ധം നിലനിൽക്കുകയും ചെയ്യും. കൂടാതെ വിദ്യാർഥിയുടെ ശ്രദ്ധ പൂർണമായും അധ്യാപകനിലേക്ക് തിരിയുകയും ചെയ്യും. ഇതും അധ്യാപനരംഗത്ത് മികച്ച ആവിഷ്കാരമാണ്. നബിﷺ ഇത്തരം മാർഗങ്ങൾ ധാരാളമായി സ്വീകരിച്ചത് കാണാം. അബൂദർറിൽ ഗിഫാരി(റ) എന്ന ശിഷ്യനെ അവിടുന്ന് വിളിച്ചുപദേശിച്ചത് നോക്കുക: “ ഓ അബൂദർറ്, നീ കറി പാകം ചെയ്താൽ, അതിൽ വെള്ളം ചേർത്തു നീട്ടിയെങ്കിലും അയൽക്കാരനുമായി ബന്ധം ചേർക്കുക".
ജീവിതമഖിലവും സമഗ്രമായ മാതൃകയാണ് തിരുനബി. അധ്യാപന രംഗത്തെ ഏറ്റവും ഫലപ്രദമായ ശൈലികൾ തിരുനബിയുടെ ജീവിതത്തിൽ ഏറെ കാണാൻ കഴിയും. മികവുറ്റ അധ്യാപകനായി പരിവർത്തിതനാവാൻ തിരുനബി വായന ഏറ്റവും പ്രസന്നമായ മാർഗമാണ്.