തറാവീഹ് ഇരുപതാണെന്നതിന് മദ്ഹബുകളില്‍ ഏകാഭിപ്രായാമാണുള്ളത്. അഥവാ സ്വാര്‍ത്ഥവ്യാഖ്യാനങ്ങളുടെ മുഴുവന്‍ പഴുതുകളും കൊട്ടിയടച്ച ആരാധനാരീതിയാണിത്.

   


മാനവിക ജീവിതരംഗങ്ങളില്‍ ഒരു മോക്ഷ മാര്‍ഗ്ഗമായാണ് സ്രഷ്ടാവ് റമളാനെ അവതരിപ്പിച്ചത്. വ്യക്തിജീവിതത്തിന്റെ നാനോന്മുഖ രംഗങ്ങളിലും ഗണ്യമായ പരിപ്രേക്ഷ്യവുമായാണ് പ്രതിവര്‍ഷം റമളാന്‍ കടന്നുവരുന്നത്. റമളാന്റെ ഉല്‍കൃഷ്ടമായ പാലനങ്ങളില്‍ തറവീഹിന് നുസ്തുലമായ പങ്കാണുള്ളത്. മാത്രമല്ല അത് റമളാനിന്റെ സ്വന്തം പ്രത്യേകതയാണ്.

 

    പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയം അന്യമായത് മൂലം വിരസമായ മാനസിക ശാരീരിക മണ്ഡലങ്ങളില്‍ ശാന്തിയുടെ പ്രതീകമായാണ് തറാവീഹിനെ നാം വിലയിരുത്തേണ്ടത്. വൈകാരിക സമസ്യകളെ മനസ്സില്‍ നിന്നു പിഴുതെറിഞ്ഞ് ഇലാഹീ സാന്നിധ്യത്തോടെ ആധ്യാത്മീകതയുടെ പാരമ്യതയിലേക്ക് നയിക്കാനാണ് റമളാന്‍ രാവുകളിൽ തറാവീഹ് ധന്യമാകുന്നത്. അബ്ദുറഹ്മാനുബ്‌നു ഔഫി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ (സ) പറഞ്ഞു: പ്രതാപവും മഹത്വവുമുള്ള അല്ലാഹു റമളാനിലെ നോമ്പ് നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കുകയും അതിലെ നിസ്‌കാരം സുന്നത്താക്കുകയും ചെയ്തിരിക്കുന്നു. ആകയാല്‍ ദൃഢ വിശ്വാസത്തോടെ ദൈവീകമായ പ്രതിഫലം ആഗ്രഹിച്ച് ആരെങ്കിലും നോമ്പനുഷ്ടിക്കുകയും നിസ്‌കാരം നിലനിര്‍ത്തുകയും ചെയ്താല്‍ അവന്‍ തന്റെ മാതാവ് പ്രസവിച്ച ദിവസത്തെ പോലെ പാപമുക്തനായി തീരുന്നതാണ് (അഹ്മദ് നസാഈ , ഇബ്‌നുമാജ)

    അല്ലാഹുവില്‍ വിശ്വസിച്ച് കൊണ്ടും അവന്റെ പ്രതിഫലം പ്രതീക്ഷിച്ച് കൊണ്ടും റമളാനില്‍ നിസ്‌കരിക്കുന്നവര്‍ക്ക് മുമ്പ് ചെയ്തു പോയ സകല പാപങ്ങളും പൊറുക്കപ്പെടുതാണ്.(ബുഖാരി, മുസ്ലിം)

       ഇങ്ങനെ അനവധി സവിശേഷതകളുടെ സാകല്യമാണ് തറാവീഹ്. പ്രവാചകര്‍ തറാവീഹിന്റെ ഉല്‍കൃഷ്ടതയെ ജനസമക്ഷം വിളബരം ചെയ്തപ്പോള്‍ സ്വഹാബിവര്യര്‍ ധ്യാന നിമഗ്നനായ മനസ്സോടെ പള്ളിയിലേക്ക് ഒഴുകുകയാണ്. ദൈനംദിനം അനിയന്ത്രിതമായി ഒഴുകിയെത്തുന്ന ജനബാഹൂല്യത്തെ, തറാവീഹ് നിര്‍ബന്ധമാക്കുന്നതിന്റെ ദയാശങ്കയില്‍ പ്രവാചകര്‍ ഒതുക്കിനിര്‍ത്തിയിരുന്നു.

      രണ്ടാം ഖലീഫ ഉമര്‍ (റ) വിന്റെ കാലത്താണ് തറാവീഹ് സംഘടിതമായി പുന:സംയോജനം നടന്നത്. സ്വാഹാബി പ്രമുഖരുടെ സാന്നിധ്യത്തില്‍ നടത്തിയ ഈ അഴിച്ചു പണിയെ അവരാരും വിമര്‍ശിച്ചില്ല. പ്രവാചക നിര്‍ദേശമനുസരിച്ച് സാധ്യമാക്കിയ നല്ല ബിദ്അത്താണതെന്ന് ഉമര്‍(റ) ഉദ്‌ഘോഷിച്ചത്. ഇത് ഇരുപത് റകഅത്തായിരുന്നുവെന്ന് മാലിക്(റ) മുവത്വയില്‍ പറയുന്നുണ്ട്.

തറാവീഹും റക്അത്തും

    നബി പുംഗവരും അവിടുത്തെ പിന്‍ഗാമികളും തറാവീഹ് ഇരുപതാണ് നിസ്‌കരിച്ചത്. എന്നാല്‍ പില്‍ക്കാലത്ത് കടന്നുവന്ന അവാന്തര വൃന്ദങ്ങള്‍ മതത്തെ തിരുത്തിയെഴുതി. തറാവീഹ് വെട്ടിമുറിച്ചു. ഈ മഹാ പാതകം പ്രഥമമായി കൊണ്ടുവന്നത് പഞ്ചാബിലെ മൗലവി അബ്ദുല്‍ വഫാസനാഉല്ലയിലൂടെയാണ്. പ്രചണ്ഡമായ പ്രചാരവേലകളിലൂടെ അദ്ദേഹം പടച്ചുവിട്ട ദുര്‍ന്യായങ്ങള്‍ പാരമ്പര്യവാദികളില്‍ തെല്ലുമേശിയില്ല. എന്നാല്‍ യുഗങ്ങളുടെ ഗതിമാറ്റത്തില്‍ ചില നികൃഷ്ടജന്മങ്ങളിലൂടെ ഈ വാദം പുനവതരിപ്പിച്ചു. ബലഹീനമായ ഹദീസ് ശകലവും പകുതികട്ട വാറോല കാണ്ഡങ്ങളും അവര്‍ മുറപ്രകാരം വെച്ചുവിളമ്പി. ഈ ശബ്ദകോലാഹങ്ങള്‍ക്കിടയില്‍ പൊറുതിമുട്ടിയവര്‍ അവരെ മാറോട് ചേര്‍ത്തു. എന്നാല്‍ യാഥാര്‍ത്ഥ്യങ്ങളോട് കൂറുപുലര്‍ത്തുന്ന ഹദീസോ ചരിത്ര സംഭവങ്ങളോ അവര്‍ക്ക് തുണയായില്ല.

       സഈദാബ്‌നു യസീദില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഉമര്‍ (റ) വിന്റെ കാലത്ത് ജനങ്ങള്‍ തറാവീഹ് ഇരുപത് റകഅത്ത് നിസ്‌കരിച്ചിരുന്നു. ഉസ്മാൻ(റ) വിന്റെ കാലത്ത് അവര്‍ നൂറുകണക്കായ ആയത്തുകള്‍ ഓതിയിരുന്നു. നിറുത്തതിന്റെ ദൈര്‍ഘ്യംകാരണം അവര്‍ തങ്ങളുടെ പടികളില്‍ ഊന്നി നില്‍ക്കുകയും ചെയ്യുമായിരുന്നു. (അബ്‌നാനുല്‍ കുബ്‌റാ)

       എന്നാല്‍, ആയിശാ ബീവിയില്‍ നിന്ന് ഉദ്ദരിക്കുന്ന ഒരു ഹദീസ് ഭാഗമാണ് ഇവര്‍ തുരുപ്പ് ശീട്ടായി വിനിയോഗിക്കുന്നത്. റമളാനില്‍ തിരുനബി(സ) തങ്ങളുടെ നിസ്‌ക്കാരമെങ്ങിനെയായിരുന്നുവെന്ന് അനുചരര്‍ ചോദിച്ചപ്പോള്‍ പതിനൊന്നാണെന്ന് പറഞ്ഞ ആഇശ(റ) യെയാണ് ഇവര്‍ ചൂണ്ട് പലകയാക്കുന്നത്. യഥാര്‍ത്ഥത്തില്‍ സാമൂഹിക വഞ്ചനയുടെ ഒരു നേര്‍ചിത്രമാണിത്. വിത്റിന്റെ പരാമര്‍ഷങ്ങളെ വളച്ചൊടിച്ച്, സന്ദര്‍ഭ സാധുകതക്കായി കൃത്രിമത്വം മേമ്പൊടി ചേര്‍ത്താണീ കൂഞ്ഞാടുകള്‍ വിലസുന്നത്.

       തറാവീഹ് ഇരുപതാണെന്നതിന് മദ്ഹബുകളില്‍ ഏകാഭിപ്രായാമാണുള്ളത്. അഥവാ സ്വാര്‍ത്ഥ വ്യാഖ്യാനളുടെ മുഴുവന്‍ പഴുതുകളും ക്കൊട്ടിയടച്ച ഒരുആരാധനാരീതിയാണിത്.

Questions / Comments:



No comments yet.